നാം എന്തുകൊണ്ട് ആത്മീയതയെ വെറുക്കുന്നു?

ചെറുപ്പക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോ ഇസത്തെ അന്ധമായി പിന്തുടരുന്നു. അവര്‍ സാഹിത്യ കൃതികള്‍, പ്രത്യേകിച്ച് അമേരിക്കക്കാരായ പേരുകേട്ട എഴുത്തുകാരുടെ best sellers വായിക്കാനും അറിവുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ വിളമ്പാനും ഇഷ്ടപ്പെടുന്നു. ഭഗവത്ഗീത, രാമായണം, വേദം, ഉപനിഷത്ത് എന്നൊക്കെ കേട്ടാല്‍ പുച്ഛിച്ചുതള്ളുന്നു. അതൊക്കെ അറുപഴഞ്ചന്‍ സാധനങ്ങള്‍, ആക്രികാര്‍ക്ക് കൊടുക്കൂ!

ഇനിയും കുറച്ചുപേര്‍, പേരുകേട്ട ആത്മീയാചാര്യന്‍മാരായ അമൃതാനന്ദമയി, രവിശങ്കര്‍, സായിബാബാ തുടങ്ങിയവരുടെ ഭക്തരാണ് എന്ന് പറയുന്നതിനും അഭിമാനം കാണുന്നു. “അഹന്ത ഉപേക്ഷിക്കൂ”, “അഭിമാനം ഉപേക്ഷിക്കൂ” തുടങ്ങിയ നല്ലവാക്കുകള്‍ പറഞ്ഞു കൊടുക്കുന്ന (കൊടുക്കേണ്ടുന്ന) ഈ ആചാര്യന്മാരുടെ ഭക്തരാണ് എന്ന് പറയുന്നതു തന്നെ ഇത്തരക്കാര്‍ക്ക് സോഷ്യല്‍ സ്റ്റാറ്റസ്സിന് ഉപയോഗിക്കുന്ന ഒരു നയിംപ്ലേറ്റ് പോലെയാണ്! അല്ലാതെ അതൊന്നും പ്രാവര്‍ത്തികമാക്കുകയോ ആഴത്തില്‍ പഠിക്കുകയോ അല്ല കൂടുതല്‍ പേരുടേയും ലക്ഷ്യം.

അമ്പലത്തില്‍ പോകുമോ എന്ന് ചോദിച്ചാല്‍ ചിലര്‍ പോകുന്നുണ്ട്. അടുത്തുള്ള ‘ചെറിയ’ അമ്പലങ്ങളില്‍ ആരും പോകാറില്ല. അതൊന്നും നമ്മുടെ കോര്‍പ്പറേറ്റ് ഭക്തിക്കു ചേര്‍ന്നതല്ല, ഓഫീസ്സില്‍ പോയി ആരോടും പറയാനും ഒരു രസമില്ല. വല്ലപ്പോഴും ഒരു പിക്നിക് പോലെ ഒരു ഡ്രൈവിനു ഗുരുവായൂരോ മൂക‍ാംബികയിലോ പദ്മനാഭസ്വാമി ക്ഷേത്രത്തിലോ കന്യാകുമാരിയിലോ പളനിയിലോ ഒക്കെ പോകും. അങ്കവും കാണ‍ാം താളിയും ഓടിക്ക‍ാം!

എന്തിനാണ് അമ്പലത്തില്‍ പോകുന്നത്? അവരുടെ കുടുംബത്തിനു എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ ‘ദൈവത്തിനു’ കൈക്കൂലികൊടുക്ക‍ാം എന്ന് നേരുന്നു. എന്തെങ്കിലും കാരണത്താല്‍ അവരുടെ ആഗ്രഹം നടപ്പായാല്‍ അവര്‍ കൈക്കൂലിക്കാര്യം തന്നെ മറന്നുപോകും! പിന്നീട് അടുത്ത പ്രശ്നം വരുമ്പോള്‍ ഓര്‍ക്കും, ഓ, പണ്ട് പറഞ്ഞുറപ്പിച്ച കൈക്കൂലി കൊടുത്തില്ലല്ലോ. അത് ഒരു ഭയമായി മാറുന്നു. ഇനി എത്രയും പെട്ടെന്നുതന്നെ ഒരു കാറുപിടിച്ചു ഒരു ഭക്തി പിക്നിക്കിനു പോകുകതന്നെ! അവിടെ ചെന്ന് കുറച്ചുമാത്രം രൂപ കാണിക്ക, അര്‍ച്ചന, വഴിപാട്‌, പൂജ എന്നൊക്കെ പറഞ്ഞു ചെലവാക്കി, അതിന്റെ അമ്പതുമടങ്ങ് രൂപ വഴിക്ക് ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കാനും ആഹാരം കഴിക്കാനും കാറില്‍ എ സി ഇടാനും ഒക്കെ ചെലവാക്കി മനസ്സമാധാനത്തോടെ തിരിച്ചു വരുന്നു! ഹോ എന്തൊരു ആശ്വാസം!

ഇതൊക്കെയാണോ നിങ്ങളുടെയും ഭക്തി?

നിങ്ങള്‍ക്ക് ദൈവസ്നേഹമാണോ (god loving) ദൈവഭയമാണോ (god fearing)? നിങ്ങള്‍ ദൈവത്തെ ഭയക്കാന്‍ ദൈവം എന്താ അത്ര ഉപദ്രവകാരിയാണോ! അതോ നിങ്ങള്‍ നിരീശ്വരവാദിയാണോ?

ഉന്നതവിദ്യാഭ്യാസം നേടിയ പലരും പാശ്ചാത്യ മൂല്യങ്ങളില്‍ അമിതമായി വിശ്വസിക്കുമ്പോള്‍ ആര്‍ഷഭാരത സ‍ാംസ്‌കാരിക പൈതൃകത്തെ തീര്‍ത്തും പഴഞ്ചനായി മുദ്രകുത്തുന്നു. നമ്മുടെ പൈതൃകത്തെക്കുറിച്ച് ഒരു വരിപോലും വായിക്കാനോ ചര്‍ച്ച ചെയ്യാനോ മനസ്സിലാക്കാനോ ഒരു ചെറിയ ശ്രമംപോലും നടത്താതെയാണ് ഇങ്ങനെ താറടിച്ചു കാണിക്കുന്നത്. അറിയാന്‍ ശ്രമിക്കാത്ത ഒരു കാര്യത്തെ തള്ളിപ്പറയുന്നത്‌ ഏറ്റവും വലിയ വിവരക്കേടല്ലേ? ഒന്ന് ചിന്തിക്കൂ.

ഒരു ഉദാഹരണത്തിന്, മാതൃഭൂമി പത്രത്തില്‍ ദിവസേന ‘മതപ്രഭാഷണങ്ങളിലൂടെ’, ‘ഗീതാദര്‍ശനം’, തുടങ്ങിയ പംക്തികള്‍ ഉണ്ട്. അറുപതു വയസ്സ് കഴിയാത്ത ആരെങ്കിലും അത് വായിക്കുമോ? കാണേണ്ടാത്തത് കണ്ടതുപോലെ നമ്മുടെ കണ്ണുകള്‍ അറിയാതെ ആ ഹെഡ് ലൈനില്‍ നിന്നും പെട്ടെന്ന് മാറ്റും, സത്യമല്ലേ?

അതുപോലെ, ദൂരദര്‍ശനില്‍ എന്നും രാത്രി 9:30-ന് (IST) സ്വാമി സന്ദീപ് ചൈതന്യയുടെ ഭഗവത്ഗീത വ്യാഖ്യാനം ഉണ്ട്. കീറിമുറിച്ച്‌ ആഴത്തില്‍ എന്നാല്‍ ലളിതമായി അദ്ദേഹം പറഞ്ഞു തരുന്നു. പക്ഷെ നമ്മള്‍ ആര്‍ക്കെങ്കിലും അതൊന്നു ചെവിയോര്‍ക്കാന്‍ തോന്നുമോ? അദ്ദേഹത്തിന്റെ കാവി നിറമുള്ള ആ വസ്ത്രം കാണുമ്പോള്‍ തന്നെ അറിയാതെ ടി വി റിമോട്ട് അമര്‍ത്തി അടുത്ത ചാനലിലേക്ക് മാറി അശ്ലീലച്ചുവയുള്ള തമാശകള്‍ ആസ്വദിക്കുന്നു!

എന്തുകൊണ്ടാണ് അങ്ങനെ? ഒന്ന് ഇരുത്തി ചിന്തിച്ചു നോക്കൂ.

നമ്മുടെ മുന്‍‌വിധികളോടെയുള്ള ചിന്തകള്‍ അല്ലേ അതിനു കാരണം?

നമ്മള്‍ പറയും, എന്തിനാ കല്ലിനെ പൂജിക്കുന്നത്, ദൈവം ഉണ്ടോ, ദൈവം കല്ലാണോ, എന്നൊക്കെ. ശരിയാണ്, നല്ല ചോദ്യം. പക്ഷെ, അതിനുള്ള ഉത്തരം കണ്ടുപിടിക്കാന്‍ ന‍ാം ശ്രമിച്ചോ? അത് അറിയാന്‍ ചോദിക്കേണ്ടുന്നവരോട് ചോദിക്കണം, അല്ലെങ്കില്‍ വായിക്കേണ്ടുന്നത്‌ വായിക്കണം. അതിനൊന്നും ന‍ാം ശ്രമിക്കാതെ മുന്‍‌വിധിയോടെ ന‍ാം വിലയിരുത്തുന്നത് ശരിയാണോ?

നമുക്ക് ധാരാളം കള്ള രാഷ്ട്രീയക്കാര്‍ ഉണ്ടല്ലോ, അതുപോലെ വളരെ നല്ലവരായ രാഷ്ട്രീയക്കാരും ഉണ്ട്. അതുപോലെ തന്നെയല്ലേ ഈ കാവി വസ്ത്രവും? അതുപോലെ തന്നെയല്ലേ ബിഷപ്പുമാരും മറ്റും?

നാട്ടില്‍ സന്യാസിവേഷം കെട്ടിയ വളരെയേറെ ആള്‍ക്കാര്‍ ഉണ്ട്. എന്നാല്‍ യതാര്‍ത്ഥ സന്യാസിക്കു വേഷംകെട്ടലുകള്‍ ആവശ്യമില്ല. ഇത്തരം കള്ളസന്യാസിമാരും കള്ളഭക്തരും പണ്ട് ശ്രീ ശങ്കരാചാര്യരുടെ കാലത്തും ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭജഗോവിന്ദം എന്ന കൃതിയില്‍ പറഞ്ഞിരിക്കുന്നു. കള്ള നാണയങ്ങള്‍ ആത്മീയ വഴികളില്‍ മാത്രമല്ല, എല്ലാ തുറകളിലും ഉണ്ടല്ലോ. കള്ള നോട്ടുകള്‍ ഇറങ്ങുമ്പോള്‍ നമ്മള്‍ രൂപയുടെ ഉപയോഗം നിര്‍ത്തി വയ്ക്കാറില്ലല്ലോ. അപ്പോള്‍ കള്ളനാണയങ്ങളെ ദൂരെ വലിച്ചെറിഞ്ഞു നല്ല നാണയങ്ങളെ സ്വീകരിക്കാമല്ലോ.ലിങ്ക്: http://sreyas.in/why-do-we-hate-spirituality#ixzz3Sv5S7dk3 
[ ശ്രേയസ് ആദ്ധ്യാത്മിക വെബ്സൈറ്റ്: http://www.sreyas.in ഫേസ്ബുക്ക്: http://www.fb.com/sreyasin

ഇനി കളിയാട്ടത്തിന്റെ കേളികൊട്ട്…..

ഇനി കളിയാട്ടത്തിന്റെ കേളികൊട്ട്…..

കാവുകളുണരുകയായി..കളിയാട്ടത്തിന്റെ ആരവങ്ങളാണിനി..സമാനതകളില്ലാത്ത കലാവൈഭവത്തിന്റെ മാറ്റൊലി മുഴങ്ങുന്ന ചുവട്‌വയ്പ്പുകള്‍…ചെണ്ടമേളങ്ങളാലും ആര്‍പ്പ് വിളികളികളാലും മുകരിതമാകുന്ന കാലം. തോറ്റം പാട്ടിന്റെ അലയൊലികള്‍ കൊണ്ട് ഉത്തര മലബാറിലെ തെയ്യാട്ട ഗ്രാമങ്ങള്‍ ഇനി ഭക്തി സാന്ദ്രമാകും.തുലാ പത്ത് പിറക്കുന്നതോടെ തെയ്യങ്ങള്‍ ഉറക്കെ വിളിച്ച് പറയും..'ഉപ്പ് ചിരട്ട പോലും കമിച്ച് വച്ച കാലം കഴിഞ്ഞില്ലേ,സഹചാരീ..' സംക്രമം കഴിയുമ്പോള്‍ തന്നെ കാവുകളില്‍ വിളക്ക് തെളിഞ്ഞ് തുടങ്ങും.പയ്യന്നൂര്‍ മാവിച്ചേരി തൈക്കടവന്‍ തറവാട്ടിലടക്കം പലയിടങ്ങളിലും തുലാപത്തിന് മുമ്പ് തന്നെ തെയ്യങ്ങള്‍ അരങ്ങിലെത്തി.തുലാപത്ത് പിറന്നാല്‍ ആദ്യ തെയ്യ്‌മെന്ന വിശേഷണം നീലേശ്വരം അഞ്ഞൂറ്റമ്പലം വീരാര്‍ കാവിലിലേതാണ്. എടവപ്പാതിയില്‍ വളപട്ടണം കളരിവാതുക്കലിലും നീലേശ്വരം മന്നംപുറത്ത് കാവിലും തിരുമുടി നിവരുന്നത് വരെ നീളും തെയ്യാട്ടങ്ങളുടെ ചിലമ്പൊലികള്‍…

കളിയാട്ട ഗ്രമാങ്ങളെ കോലത്ത് നാടെന്നും അള്ളട സ്വരൂപമെന്നും വേര്‍തിരിച്ച് വിളിക്കും.കണ്ണൂര്‍കാര്‍ക്ക് കോലത്ത് നാടാണ്.കളിയാട്ട ഗ്രമാങ്ങളില്‍ അള്ളട സ്വരൂപമായി പറയുന്നത് കാസര്‍കോടന്‍ ഗ്രാമങ്ങളെയാണ്.തെയ്യങ്ങള്‍ക്ക് രൂപവും ഭാവവും നല്കിയത് കരിവെള്ളൂര്‍ മണക്കാടന്‍ ഗുരിക്കളാണ്.കോലത്തിരി രാജാവിന്റെ നിര്‍ദ്ദേശപ്രകാരം മണക്കാടന്‍ ഗുരിക്കള്‍ ഒന്ന് കുറവ് നാല്പ്പത് തെയ്യങ്ങളെ ഒറ്റ രാത്രി കൊണ്ട് കെട്ടിയാടിയെന്നാണ് പറയപ്പെടുന്നത്.കാഞ്ഞങ്ങാടിനടുത്ത് ചിത്താരിപ്പുഴ മുതല്‍ ഒളവറ പുഴ വരെയുള്ള കാസര്‍കോടന്‍ തെയ്യാട്ട ഗ്രാമങ്ങള്‍ നീലേശ്വരം രാജവംശത്തിന് കീഴിലാണ്.ഇതില്‍ കാര്യങ്കോട് പുഴക്ക് തെക്ക് മഡിയന്‍ കോവിലകവും കാര്യങ്കോടിന് വടക്ക് ഉദിനൂര്‍ കോവിലകവുമാണ് ആസ്ഥാനകേന്ദ്രങ്ങള്‍.

വളപട്ടണം ദേശത്തിന് തെക്ക് തെയ്യങ്ങളെ തിറയെന്നും വിളിക്കും.കര്‍ണാടക അതിര്‍ത്തി ഗ്രമാങ്ങളില്‍ തെയ്യങ്ങളുടെ വിളിപ്പേര് ഭൂതമെന്നാണ്. ചമയം,മുഖത്തെഴുത്ത്,തോറ്റം,ആട്ടം,താളം,അനുഷ്ഠാനം എന്നിവയുടെ സംഗമമാണ് തെയ്യങ്ങള്‍.വെള്ളാട്ടം,കുളിച്ച് തോറ്റം,അന്തിക്കോലം മോന്തിക്കോലം എന്നിങ്ങനെ വേര്‍തിരച്ചുള്ള ഇളംങ്കോലങ്ങളാണ് തെയ്യത്തിന്റെ കഥയും ഐതിഹ്യവും ചൊല്ലിയറിയിക്കുന്നത്.നീലേശ്വരം കക്കാട്ട് കോവിലകത്തെ ഉമ്മച്ചിതെയ്യം,ചിറ്റാരിക്കാല്‍ കമ്പല്ലൂര്‍ക്കോട്ടയിലെ മുക്രിപോക്കര്‍,കുമ്പള ആരിക്കാടിയിലെ ആലിചാമുണ്ഡി,മഞ്ചേശ്വരം ഉദ്ധ്യാവറിലെ ബപ്പിരിയന്‍ എന്നീ തെയ്യങ്ങള്‍ ഈ അനുഷ്ഠാന കലയുടെ മത മൈത്രീകളാണ്.വണ്ണാന്‍,മലയന്‍,കോപ്പാള സമുദായക്കാരാണ് പ്രധനമായും തെയ്യം കെട്ടുന്നത്.വണ്ണാന്‍ സ്ഥാനക്കാരില്‍ ചിങ്കം സ്ഥാനം കിട്ടിയവരാണ് ക്ഷേത്രപാലകനെ പോലുള്ള പ്രധാന തെയ്യങ്ങളെ കെട്ടിയാടുന്നത്.വിഷ്ണുമൂര്‍ത്തി,രക്തചാമുണ്ഡി,തീചാമുണ്ഡി തെയ്യങ്ങള്‍ കെട്ടുന്നത് മലയ സമുദായക്കാരാണ്.കുറത്തി,കുണ്ടോര്‍ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങള്‍ കെട്ടാനുള്ള അവകാശം കോപ്പാള വിഭാഗക്കാര്‍ക്കാണ്.

തുലാപത്തിനെ പത്താമുദയമെന്നും വിളിക്കുന്നു.ഈ ദിവസം കാവുകളിലും തറവാട് സ്ഥാനങ്ങളിലും പ്രിത്രേ്യക പൂജകളും അനുഷ്ഠാനങ്ങളും നടക്കും.നിറനാഴിയും നിലവിളക്കും വച്ച് മൂന്ന് വട്ടം സൂര്യനെ ധ്യാനിച്ച് തര്‍പ്പണം ചെയ്യും.തറവാടുകളില്‍ കിണ്ടിയില്‍ വെള്ളം നിറച്ച് പൂജിക്കും ഈ തീര്‍ഥ ജലം പടിഞ്ഞാറ്റയില്‍ കൊണ്ട് വയ്ക്കും.പത്താമുദയത്തില്‍ പുലയ സമുദായക്കാര്‍ കാലിച്ചേകോന്‍ തെയ്യം കെട്ടി വീടുകള്‍ തോറും കയറിയിറങ്ങും.ഗോക്കളെ മേയ്ക്കുന്ന ശ്രീകൃഷ്ണ സങ്കല്പമാണ് കാലിചേകോന്‍ തെയ്യത്തിന്റേത്.

കോലധാരികള്‍ തെയ്യങ്ങളായി മാറുന്നത് ആടയാഭരണങ്ങള്‍ അണിയുമ്പോഴാണ്.ഈ ആടയാഭരണങ്ങളെ അണിയലങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ചെറുതും വലുതുമായി 90-ലേറെ അണിയലങ്ങളുണ്ട്.അരയുടുപ്പും കൈകാലുകളിലെ ആഭരണങ്ങളും ഓലക്കാതും തിരുമുടിയും ചേര്‍ന്നതാണ് അണിയലങ്ങള്‍.ഓലചമയങ്ങള്‍,തുണിചമയങ്ങള്‍ എന്നിങ്ങനെ അണിയലങ്ങളെ ചമയ വിശേഷങ്ങളായി വിഭജിക്കുന്നു.നെറ്റിക്ക് തൊട്ട് മുകളിലുള്ള ചമയം തലപ്പാളിയാണ്.21 കൊലുസുകളുള്ള ഈ ആഭരണം വെള്ളി നിര്‍മ്മിതമാണ്.തലപ്പാളിക്ക് താഴെയായി ചെത്തിപ്പൂ കൊണ്ടുള്ള അണിയലവും ഉണ്ടാകും.

തെയ്യങ്ങള്‍ക്ക് 30-ലധികം തിരുമുടികളുണ്ട്.നീളമുടി,വട്ടമുടി,പീലിമുടി,പൊതച്ചമുടി,ചട്ടമുടി,ഓലമുടി,പാളമുടി തുടങ്ങി വിവിധങ്ങളായ പേരുകളിലാണ് തിരുമുടികളെ വേര്‍തിരിച്ചിട്ടുള്ളത്. ഉഗ്രരൂപവും ശാന്ത സ്വരൂപവും തുടങ്ങി സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ് തെയ്യങ്ങളുടെ തിരുമുടിയെയും വേര്‍തിരിച്ചിട്ടുള്ളത്. തിരുവര്‍ക്കാട്ട് ഭഗവതി അണിയുന്നത് നീളമുടിയാണ്.ഭൈരവന് ഓംകാര മുടിയും വൈരജാതന് പൊതച്ചമുടിയും പുതിയ ഭഗവതിക്ക് വട്ടമുടിയും മടിയില്‍ ചാമുണ്ഡിക്ക് പുറപ്പെട്ട മുടിയുമാണുള്ളത്. ഒളിമ്പന്‍,ചെറ്,ചെണ്ട്‌വളയന്‍,കണ്ണിവളയന്‍,ചൊറ,കോലങ്ങി,ഒട്ടിയാണി,എന്നിങ്ങനെ വിളിക്കുന്ന അരച്ചമയങ്ങള്‍ അണയല വിശേഷങ്ങലില്‍ മുന്‍ നിരയിലാണ്.

കതിവനൂര്‍വീരന്‍,ഗുരുക്കള്‍തെയ്യം,വേട്ടക്കൊരുമകന്‍,വയനാട്ട്കുലവന്‍,ഊര്‍പഴശ്ശി,ബാലി എന്നീ തെയ്യങ്ങള്‍ കൊയ്ത്തം എന്ന അണിയലം ഉപയോഗിക്കുന്നു.ഭദ്രകാളി സങ്കല്പത്തിലുള്ള തെയ്യങ്ങള്‍ക്ക് കവിളില്‍ ഇരുപുറത്തേക്കും നീളുന്ന വെള്ളിത്തേറ്റയും ഉണ്ടാകും.അരചമയങ്ങളില്‍ ഓലചമയങ്ങള്‍ക്കാണ് പ്രാധാന്യം.വാഴത്തട യില്‍ കുരുത്തോലയും ഈര്‍ക്കലിയും ചേര്‍ത്താണ് അരയോട നിര്‍മ്മിക്കുന്നത്. കൈകളില്‍ ഹാസ്തകാടകം ,ചൂടകം, എന്നിങ്ങനെയുള്ള വളകളാണ് അണിയുന്നത്.വളകള്‍ക്കിടയില്‍ ചെത്തിപ്പൂ തുന്നിച്ചേര്‍ത്തുള്ള കെട്ടുവളയും ഉണ്ടാകും.

അണിയലത്തെപോലെ തന്നെ തെയ്യത്തിന്റെ ദിവ്യത്വം കൂട്ടുന്നതാണ് മുഖത്തെഴുത്ത്. കരിഞ്ചാന്ത്, മഞ്ഞള്‍പൊടി എന്നിവയാണ് ഛായങ്ങളില്‍ പ്രധാനം. മനയോല, ചായില്ല്യം, പൊന്‍കരം എന്നിവയാണ് മുഖത്തെഴുത്തിന്റെ മറ്റ് നിറക്കൂട്ടുകള്‍.

തെയ്യത്തിന്റെ സ്വന്തം നാടായ കാസര്‍ഗോഡ് ജില്ലയിലെ പാലായിദേശത്തെ അമ്പലങ്ങളില്‍ കെട്ടിയാടിയ ചില തെയ്യംകാഴ്ചകള്‍ . ജി.കെ.പാലായി എന്ന ഫോട്ടോഗ്രാഫറുടെ ക്യാമറക്കണ്ണിലൂടെ…

പൈതങ്ങള്‍ക്കിടയിലേക്ക് ഭഗവതിയായിറങ്ങും മുമ്പ് ഒരു മുന്നൊരുക്കം..
ഇരുട്ട് ഭക്തിയില്‍ എരിഞ്ഞുണരുകയായ്…പുതിയ ഭഗവതി.
മഴ പെയ്യുമ്പോള്‍ കുടയായും
വെയില്‍ പെയ്യുമ്പോള്‍ തണലായും ഞാനുണ്ട്
പൈതങ്ങളേ.. ദൈവം പറയുന്നു.
അറുക്കുന്നത് കോഴിയെയല്ല, കാലത്തിന്റെ ചേട്ടകളെയാണ്…
കോഴിയറുക്കല്‍ വിഷ്ണുമൂര്‍ത്തിത്തെയ്യം. നരംസിംഹാവതാരത്തിന്റെ തെയ്യപ്പകര്‍ച്ചയാണ് വിഷ്ണുമൂര്‍ത്തി. പാലന്തായി കണ്ണന്റെ ജീവിതത്തിലും വിഷ്ണമൂര്‍ത്തിയുണ്ട്… തെയ്യങ്ങളില്‍ ഏറ്റവും സുന്ദരം.
കുരുതിയൊഴിക്കല്‍ . ഒഴിക്കലും ഒഴിപ്പിക്കലും..
കുറത്തിയമ്മ. പാര്‍വ്വതി കുറത്തിയായി ഭൂമിയില്‍ വന്നതിന്റെ ഐതിഹ്യരൂപമാണ് കുറത്തിയമ്മ.
കുളിയന്‍ മരത്തിലേക്ക് പോകുന്ന ഗുളികന്‍ തെയ്യവും പുലയചാമുണ്ഡിയമ്മത്തെയ്യവും. നീണ്ടപ്രായമുണ്ട് പാലായിയിലെ ഈ കുളിയന്‍ മരത്തിന്. അങ്ങപ്പുറം ടവര്‍ ഉയര്‍ന്നുവന്നിട്ടും വിട്ടുകൊടുക്കില്ല പ്രാക്തനമായ ആചാരത്തിന്റെ സൗന്ദര്യം…
വിഷ്ണമൂര്‍ത്തിയുടെ ഉറയല്‍ .ഹിരണ്യകശിപുവധം. പരദേവത എന്ന പേരിലും തെയ്യം വിളിക്കപ്പെടുന്നു.
കലശമെടുപ്പ്. വിഷ്ണമൂര്‍ത്തി, പുലയച്ചാമുണ്ഡിയമ്മ, ഗുളികന്‍ തെയ്യം.
ഞങ്ങളുണ്ട് പൈതങ്ങളേ….വിഷ്ണമൂര്‍ത്തി, പുലയച്ചാമുണ്ഡിയമ്മ, ഗുളികന്‍ തെയ്യം.
മുന്നിലെരിയുന്ന പന്തങ്ങളില്‍ ഒരു തെയ്യംകലാകരന്റെ ജീവിതം തന്നെയാണ്. കാണുന്നവരുടെ ആവേശത്തിന് മുന്നില്‍ കൈമെയ്യ് മറന്ന് തുള്ളിയാടുമ്പോള്‍ അകന്ന് നടക്കുന്ന തെയ്യക്കാരന്റെ ജീവിതം കാണുന്നവര്‍ ചുരുക്കം. തീ നെഞ്ചിന് ബാധിച്ച് മരിച്ച് പോയ ഒട്ടേറെപ്പേര്‍ …
കലശം. നിറങ്ങളുടെ നൃത്തം…
കലശം….
കുളിച്ചുതോറ്റം കഴിഞ്ഞു. ഇനിയൊരുങ്ങാം. അരുളപ്പാടുകള്‍ തീര്‍ക്കാം. മേലേരിയിലേക്ക് പാഞ്ഞുകയറാം.. അന്ത്രിശ്ശാ.. എന്നലറിവിളിക്കാം…
തെയ്യത്തെ മൊബൈലിലേക്ക് പകര്‍ത്തുന്ന കുട്ടി
ഗുണം വരണം..
ഗുണം വരണം…
തെയ്യക്കാലത്തേത് ഒരു വല്ലാത്ത കാഴ്ചയാണ്. യുക്തിക്കുമപ്പുറത്തേക്ക് നമ്മുടെ ചിന്തയെ കൊണ്ടുചെന്നെത്തിക്കുമത്.
തെയ്യം സീസണില്‍ മാത്രമാണ്, ഡിസംബര്‍ മുതല്‍ ഫിബ്രവരി വരെ. ഈ മാസങ്ങളില്‍ ഞങ്ങള്‍ ജോലി വിട്ട് തെയ്യമാട്ടക്കാരാകും. അപ്പോള്‍ ഇറച്ചിയും മീനും തിന്നില്ല, ഭാര്യമാരുടെകൂടെ ഉറങ്ങാനും പാടില്ല. ഞങ്ങള്‍ നാടിനും നാട്ടുകാര്‍ക്കും അനുഗ്രഹങ്ങള്‍ കൊണ്ടുവരും, ദുഷ്ടശക്തികളെ ഒഴിപ്പിക്കും. ആളുകള്‍ക്ക് കിട്ടിയ അനുഗ്രഹങ്ങള്‍ക്കും സാധിച്ച പ്രാര്‍ഥനകള്‍ക്കും ദൈവങ്ങളോട് നന്ദിപറയാന്‍ കഴിയുന്നത് ഞങ്ങളിലൂടെയാണ്. ഞങ്ങള്‍ ദളിതുകളാണെങ്കിലും ഏറ്റവുമധികം ജാതിചിന്ത വെക്കുന്ന നമ്പൂതിരിബ്രാഹ്മണര്‍പോലും ഞങ്ങളെ ആരാധിക്കുകയും ഞങ്ങളുടെ കാല്‍ക്കല്‍ വീഴാന്‍ വരിനില്ക്കുകയും ചെയ്യുന്നു- ഹരിദാസ് ,തെയ്യം കലാകാരന്‍ (ഒമ്പത് ജീവിതങ്ങള്‍/ വില്യം ഡാല്‍റിമ്പിള്‍ )
ജാതിവ്യത്യാസങ്ങളുടെ ഉര്‍വരമായ മണ്ണില്‍നിന്നാണ് തെയ്യം വളര്‍ന്നത്, കേരളജീവിതത്തിന്റെ എല്ലാ ഘടനകളെയും ഈ നൃത്തരൂപം കീഴ്‌മേല്‍മറിക്കുന്നുണ്ട്: അതിശുദ്ധരായ ബ്രാഹ്മണരുടെ മേലല്ല ദൈവം കുടിയിരിക്കാന്‍ തീരുമാനിക്കുന്നത്; അടിച്ചമര്‍ത്തപ്പെട്ട, അവഹേളിതരായ ദളിതുകളുടെ മേലാണ്. ഈ സമ്പ്രദായം മുഴുവന്‍ ബ്രാഹ്മണികനിയന്ത്രണത്തിന്റെ വെളിയിലാണ് നടക്കുന്നത്.
ജാതിപ്രശ്‌നങ്ങളോടും മേല്‍ജാതികളുടെയും അധികാരവര്‍ഗത്തിന്റെയും പീഡനങ്ങളോടും ദൈവത്വത്തോടും പ്രതിഷേധത്തിനോടും അധികാര്രേശണികളെ പുനഃക്രമീകരിക്കുന്നതിനോടും മറ്റുമുള്ള ബന്ധമാണ് തെയ്യത്തിന്റെ കാതല്‍ … ഒരു സംസ്‌കാരത്തിന്റെ ചരിത്രപ്രത്യക്ഷതയാണ് തെയ്യാട്ടത്തിന്റെ ധന്യത..
ഉറയല്‍ . തീപന്തങ്ങള്‍ സ്വര്‍ണ്ണവളയങ്ങളാകുമ്പോള്‍ ചെണ്ടക്കൊട്ടും മനസ്സും മുറുകുന്നു….
ഒന്നുകുറ നാല്‍പ്പതിനെയും തോറ്റിച്ചമച്ചാന്‍
ശ്രീമഹാദേവന്‍ തിരുവടിനല്ലച്ചന്‍ ….(കുണ്ഡോറച്ചാമുണ്ഡിത്തോറ്റം)
വാഴ്ക വാഴ്ക ദൈവമേ…
ദേവം വാഴ്ക ദൈവമേ…

വിഷ്ണുമൂര്‍ത്തിത്തെയ്യം
എഴുന്നെള്ളിപ്പ്‌
വിഷ്ണുമൂര്‍ത്തിയെ പുലിപ്പുറത്ത് എഴുന്നെള്ളിക്കുന്നു.
ദര്‍പ്പണത്തില്‍ മുഖം കാണുമ്പോഴാണ് തെയ്യം ആവേശിക്കുന്നതെന്ന് പറയപ്പെടുന്നു.
അഞ്ചടങ്ങാന്‍ ഭൂതവും കാലിച്ചാന്‍ തെയ്യവും

പൂമാരുതന്‍
സന്തതമടിയന്‍ നിന്റെ
ചിന്തിതമായ തോറ്റം
ചിന്തിച്ചു ചൊല്ലീടുന്നേന്‍
എന്തിതില്‍ പിഴവന്നീടില്‍
ചിന്തിതമഖിലം വിട്ടു
സന്തതം കാത്തുകൊള്‍ക- (പൂമാരുതന്‍ തോറ്റം)
പൂമാരുതന്‍

മടക്കം…
ഭക്തജനത്തിനു മുക്തി നല്‍കീടുന്ന
ശക്തി ഹസ്‌തോപമനായ ദൈവത്തിനെ
അര്‍ച്ചിച്ചു ഹസ്തപത്മം പിടിച്ചെത്രയും
ഭക്ത്യാകിഴിച്ചുകൊള്‍ തണ്ടയാന്‍മാര്‍കളെ…


പറയിപെറ്റ പന്തിരുകുലം

പറയിപെറ്റ പന്തിരുകുലം

ചരിത്രപ്രസിദ്ധനായ ഗോവിന്ദസ്വാമിയുടെ പുത്രനും മലയാളത്തില്‍ നടപ്പുള്ള വാക്യം, പരല്‌പേരു മുതലായ ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളുടെ നിര്‍മാതാവെന്നു പറയപ്പെടുന്ന ആളുമായ വരരുചി എന്ന ബ്രാഹ്മണോത്തമനെക്കുറിച്ചു കേട്ടിട്ടില്ലാത്തവര്‍ അധികമുണ്ടെന്നു തോന്നുന്നില്ല. ഇദ്ദേഹം വിക്രമാദിത്യരാജാവിന്റെ സേവകനായിട്ടു താമസിച്ചിരുന്നു. വരരുചി സകലശാസ്ത്രപാരംഗതനും നല്ല പൗരാണികനും ആയിരുന്നതിനാല്‍ രാജാവിനു ശാസ്ത്രം സംബന്ധമായോ പുരാണ സംബന്ധമായോ വല്ല സംശയവും നേരിട്ടാല്‍ ഇദ്ദേഹത്തോടു ചോദിച്ചാണ് അതു തീര്‍ക്കുക പതിവ്.

 അങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം രാജാവ് 'രാമായണത്തില്‍ പ്രധാനമായ വാക്യമേതാണ്?' എന്ന് ഈ ബ്രാഹ്മണനോടു ചോദിച്ചു. ഈ ചോദ്യത്തിനു തക്കതായ ഉത്തരം പറയാന്‍ തോന്നായ്കയാല്‍ വരരുചി വളരെ വിഷണ്ണനായിത്തീര്‍ന്നു. ഉടനെ രാജാവ് 'എന്നാല്‍ എവിടെയെങ്കിലും പോയി, ആരോടെങ്കിലും ചോദിച്ചറിഞ്ഞു നാല്പത്തൊന്നുദിവസം കഴിയുന്നതിനു മുമ്പ് ഇവിടെ വന്നു പറയണം. അങ്ങനെ ചെയ്തില്ലെങ്കില്‍ പിന്നെ താന്‍ ഇവിടെ വരണമെന്നില്ല. എനിക്കു തന്നെ കാണുകയും വേണ്ട' എന്നു പറഞ്ഞു. രാജാവിന്റെ ഈ കല്പന കേട്ടപ്പോള്‍ വരരുചിയുടെ ഹൃദയം വിഷാദവും വിചാരവും കൊണ്ടു നിറഞ്ഞു. ഉടനെ അദ്ദേഹം അവിടെനിന്നു പുറപ്പെട്ടുപോവുകയും ചെയ്തു.

തദനന്തരം വരരുചി പല സ്ഥലങ്ങളിലും സഞ്ചരിച്ച്, പല യോഗ്യന്മാരെയും കണ്ടു ചോദിച്ചു. എങ്കിലും രാമായണത്തിലെ എല്ലാ ശ്ലോകങ്ങളും വാക്യങ്ങളും പ്രാധാന്യം തന്നെ. അല്ലാതെ അതിനുണ്ടോ വ്യത്യാസം 'നഹി ഗുള ഗുളികയാഃ ക്വാപി മാധുര്യ ഭേദഃ' എന്നും മറ്റും പലരും പലവിധം പറഞ്ഞതല്ലാതെ ശരിയായ മറുപടി ആരില്‍നിന്നും കിട്ടിയില്ല. അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു. ബ്രാഹ്മണനു വ്യസനം സഹിക്കവഹിയാതെയും ആയിത്തീര്‍ന്നു. രാജാവിന്റെ അടുക്കലുള്ള സേവ പോകുമെന്നു തന്നെയുമല്ല, സര്‍വജ്ഞനെന്നു സര്‍വരാലും സമ്മതിക്കപ്പെട്ടിരിക്കുന്ന തനിക്ക് ഇതറിഞ്ഞുകൂടെന്നു വരുന്നത് ഏറ്റവും അവമാനകരവും ആണല്ലോ. ഈ അവമാനം സഹിച്ചുകൊണ്ടു സ്വദേശത്തു താമസിക്കുന്നതില്‍ ഭേദം മരിക്കതന്നെയാണ് എന്നിങ്ങനെയൊക്കെ വിചാരിച്ചുംകൊണ്ടു ഭക്ഷണവും കൂടാതെ ആ സാധു ബ്രാഹ്മണന്‍ പകല്‍ മുഴുവനും അലഞ്ഞു നടന്നു. രാത്രിയായപ്പോള്‍ ഒരു വനാന്തരത്തില്‍ ഒരാല്‍ത്തറയുടെ അടുക്കല്‍ ചെന്നുചേര്‍ന്നു. വിശപ്പും ദാഹവും ക്ഷീണവും വ്യസനവും സഹിക്കവയ്യാതെ ആ ആല്‍ത്തറയില്‍ കയറിക്കിടന്നു. ഉടനെ ക്ഷീണംകൊണ്ടു മയക്കവുമായി. അദ്ദേഹം കിടന്ന സമയം 'വനദേവതമാര്‍ എന്നെ രക്ഷിക്കട്ടെ' എന്നു പറഞ്ഞും കൊണ്ടാണ് കിടന്നത്.

നേരം ഏകദേശം പാതിരയായപ്പോഴേക്ക് ചില ആകാശസഞ്ചാരികളായ ദേവതമാര്‍ ആ ആലിന്മേല്‍ വന്നുകൂടി. ആ ആലിന്മേല്‍ സ്ഥിരവാസിനികളായ ദേവതമാരെ വിളിച്ച് 'നിങ്ങള്‍ വരുന്നില്ലേ' ഇപ്പോള്‍ ഒരു സ്ഥലത്ത് ഒരു പ്രസവമുണ്ട്. ഞങ്ങള്‍ അവിടെ പോവുകയാണ്. ചോരയും നീരും കുടിക്കണമെങ്കില്‍ വരുവിന്‍' എന്നു പറഞ്ഞു. അപ്പോള്‍ ആ ആലിന്മേലിരുന്ന ദേവതമാര്‍ 'ഞങ്ങള്‍ക്കു വരാന്‍ നിവൃത്തിയില്ല. ഇവിടെ ഒരു വിശിഷ്ടനായ ബ്രാഹ്മണന്‍ വന്നു കിടക്കുന്നു. ഇദ്ദേഹം സ്വരക്ഷാര്‍ത്ഥം ഞങ്ങളെ പ്രാര്‍ഥിച്ചുകൊണ്ടാണ് കിടന്നത്. അതിനാല്‍ നിങ്ങള്‍ പോയി തിരിച്ചുവരുമ്പോള്‍ ഇതിലേ വന്നു വിവരം പറഞ്ഞു വേണം പോകാന്‍' എന്നു പറഞ്ഞു. എന്നാലങ്ങനെയാവട്ടെ എന്നു പറഞ്ഞ് ആ വനദേവതമാര്‍ പോവുകയും ചെയ്തു.

അന്ത്യയാമമായപ്പോള്‍ വരരുചി ഉണര്‍ന്നുവെങ്കിലും വ്യസനത്തോടുകൂടി ഓരോന്നുമോര്‍ത്തു കണ്ണുമടച്ചു കിടന്നതല്ലാതെ എണീറ്റില്ല. അപ്പോള്‍ മുമ്പേ പോയ ദേവതമാര്‍ വീണ്ടും അവിടെ വന്നുചേര്‍ന്നു. ഉടനെ ആലിന്മേല്‍ ഉണ്ടായിരുന്ന ദേവതമാര്‍ 'പ്രസവമെവിടെയായിരുന്നു? കുട്ടിയെന്താണ്?' എന്നു ചോദിച്ചു. അപ്പോള്‍ ദേവതമാര്‍ 'ഒരു പറയന്റെ അവിടെയായിരുന്നു പ്രസവം. കുട്ടി പെണ്ണാണ്' എന്നു പറഞ്ഞു. 'അവളെ വിവാഹം ചെയ്യുന്നത് ആരായിരിക്കും?' എന്ന് ആലിന്മേലുണ്ടായിരുന്നവര്‍ വീണ്ടും ചോദിച്ചപ്പോള്‍ വന്നവര്‍ 'അത് 'മാം വിദ്ധി' എന്നറിഞ്ഞുകൂടാത്ത ഈ വരരുചിയാണ്. നേരം വെളുക്കാറായി. ഞങ്ങള്‍ ഇനി താമസിക്കുന്നില്ല. ശേഷമൊക്കെ പിന്നെപ്പറയാം' എന്നു പറഞ്ഞ് ഉടനെ പോവുകയും ചെയ്തു.

ഏറ്റവും ബുദ്ധിശാലിയായ വരരുചിക്കു ദേവതമാരുടെ ഈ വാക്കു കേട്ടപ്പോള്‍ തന്റെ കാര്യം സാധിച്ചതിലുള്ള സന്തോഷവും ഭാവിയായ അധഃപതനത്തെക്കുറിച്ചു വിചാരിച്ചുള്ള വിഷാദവും ഒന്നുപോലെ ഹൃദയത്തില്‍ തിങ്ങിവശായി. അധഃപതനം കൂടാതെ കഴിക്കുന്നതിനു തക്കതായ ഒരുപായം ആലോചിച്ചു നിശ്ചയിച്ചുംകൊണ്ടു സന്തോഷത്തോടുകൂടി എണീറ്റു. അപ്പോഴേക്കും നേരവും വെളുക്കയാല്‍ ഉടനെ അവിടെനിന്നു പുറപ്പെട്ടു.

നാല്പത്തൊന്നാം ദിവസമായിട്ടും വരരുചിയെ കാണാഞ്ഞിട്ട് രാജാവിനു വിഷാദമായിത്തീര്‍ന്നു എങ്കിലും സഭാവാസികളായ വിദ്വാന്‍മാര്‍ക്കെല്ലാം വളരെ സന്തോഷമാണുണ്ടായത്. വരരുചി അവിടെ ഉണ്ടായിട്ടാണ് രാജാവ് അവരെ വേണ്ടവണ്ണം ആദരിക്കാത്തതും അവരുടെ ഖ്യാതി പൊങ്ങാത്തതും എന്നും മറ്റും വിചാരിച്ച് അവര്‍ക്കെല്ലാവര്‍ക്കും വരരുചിയെക്കുറിച്ച് അത്യന്തം അസൂയയുണ്ടായിരുന്നു. രാജസഭ കൂടിയപ്പോള്‍ രാജാവ്, 'കഷ്ടം നമ്മുടെ വരരുചിയെ കണ്ടില്ലല്ലോ? അദ്ദേഹം അവമാനം വിചാരിച്ച് പ്രാണത്യാഗം ചെയ്തതോ, രാജ്യം വിട്ടുപോയതോ എന്തോ? അതില്ല, സര്‍വശാസ്ത്രതത്ത്വജ്ഞനും വിശിഷ്ടനുമായ അദ്ദേഹം ഏതു വിധവും നമ്മുടെ ചോദ്യത്തിനു തക്കതായ മറുപടി മനസ്സിലാക്കിക്കൊണ്ടു വരാതെയിരിക്കുകയില്ല' എന്നും മറ്റും വിചാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സന്തോഷസമേതം വരരുചിയും അവിടെ എത്തി. അദ്ദേഹത്തിന്റെ മുഖപ്രസന്നത കണ്ടപ്പോള്‍ത്തന്നെ കാര്യം സാധിച്ചു എന്നു രാജാവിനും സഭാവാസികളായ എല്ലാവര്‍ക്കും മനസ്സിലായി. ഉടനെ രാജാവ് 'എന്തായി, മനസ്സിലായോ?' എന്നു ചോദിച്ചു.

വരരുചി: ദൈവകാരുണ്യത്താലും ഗുരുകടാക്ഷംകൊണ്ടും മാന്യന്മാരായ നിങ്ങളുടെയൊക്കെ അനുഗ്രഹമാഹാത്മ്യത്താലും ഒരു വിധം മനസ്സിലായി എന്നു തന്നെ പറയാം.
രാജാവ്: ഏതു ശ്ലോകമാണ്, ഏതു വാക്യമാണ്? കേള്‍ക്കട്ടെ.
വരരുചി: രാമായണത്തില്‍ പ്രധാനമായ ശ്ലോകം.
രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
അയോധ്യാമടവീം വിദ്ധി ഗച്ഛ താത യഥാസുഖം
എന്നുള്ളതാണ്. ഇതില്‍ പ്രധാനമായിട്ടുള്ള വാക്യം 'മാം വിദ്ധി ജനകാത്മജാം' എന്നുള്ളതാണ്.
ഇതു കേട്ടപ്പോള്‍ സഭയിലുണ്ടായിരുന്നവരെല്ലാം ശരി ശരി എന്ന് ഐകകണ്‌ഠ്യേന സമ്മതിച്ചു. രാജാവ് സന്തോഷസമന്വിതം എണീറ്റു വരരുചിയുടെ കൈയ്ക്കു പിടിച്ച് അര്‍ധാസനം കൊടുത്തിരുത്തി. പിന്നെ വില തീരാതെ കണ്ടുള്ള ആഭരണങ്ങളും അനവധി സുവര്‍ണരത്‌നങ്ങളും അദ്ദേഹത്തിനു സമ്മാനം കൊടുത്തു സന്തോഷിപ്പിക്കുകയും തന്നോടുകൂടി യഥാപൂര്‍വം താമസിച്ചുകൊള്ളുന്നതിനനുവദിക്കുകയും ചെയ്തു.

തദനന്തരം വരരുചി മേല്പറഞ്ഞ ശ്ലോകത്തിന്റെ അര്‍ഥം പത്തുവിധത്തില്‍ വ്യാഖ്യാനിച്ചു രാജാവിനെ കേള്‍പ്പിച്ചു. അവയില്‍ രണ്ടുവിധം അര്‍ഥം താഴെച്ചേര്‍ക്കുന്നു. ഈ ശ്ലോകം ശ്രീരാമനും സീതയും ലക്ഷ്മണനുംകൂടി വനവാസത്തിനായി പുറപ്പെട്ടപ്പോള്‍ മാതൃപാദങ്ങളെ വന്ദിച്ചു യാത്ര പറഞ്ഞ ലക്ഷ്മണനോടു സുമിത്ര പറഞ്ഞതാണ്.

അല്ലയോ താത (വത്സ) രാമം ദശരഥം വിദ്ധി (രാമനെ ദശരഥനെന്ന് അറിഞ്ഞാലും) നിന്റെ ജ്യേഷ്ഠനായ രാമനെ അച്ഛനായ ദശരഥനെപ്പോലെ വിചാരിച്ചുകൊള്ളണം എന്നു താല്‍പ്പര്യം. ജനകാത്മജാം മാം വിദ്ധി. ജനകാത്മജയെ (സീതയെ) എന്നെപ്പോലെ വിചാരിച്ചുകൊള്ളണം. അടവീം അയോധ്യാം വിദ്ധി. അടവിയെ (വനത്തെ) അയോധ്യയെപ്പോലെ വിചാരിച്ചുകൊള്ളണം. യഥാ സുഖം ഗച്ഛ. സുഖമാകുംവണ്ണം ഗമിച്ചാലും എന്ന് ഒരര്‍ഥം. പിന്നെ-രാമം ദശരഥം വിദ്ധി. രാമനെ ദശരഥന്‍ (പക്ഷിവാഹനനായിരിക്കുന്ന മഹാവിഷ്ണു) എന്നറിഞ്ഞാലും. ജനകാത്മജാം മാം വിദ്ധി. ജനകാത്മജയെ (സീതയെ) മാ (മഹാലക്ഷ്മി) എന്നറിഞ്ഞാലും. അയോധ്യാം അടവീം വിദ്ധി. അയോധ്യയെ (രാമന്‍ പോയാല്‍ പിന്നെ) അടവി (കാട്) എന്നറിഞ്ഞാലും. (അതിനാല്‍) അല്ലയോ വത്സാ! നീ സുഖമാകുംവണ്ണം പോയാലും എന്നു രണ്ടാമത്തെ അര്‍ഥം.

ഇപ്രകാരം യഥാക്രമം പത്തുവിധത്തില്‍ വരരുചിയുടെ വ്യാഖ്യാനം കേട്ടപ്പോള്‍ രാജാവ് പൂര്‍വാധികം സന്തോഷിക്കയും വരരുചിയെ ബഹുമാനിക്കയും ചെയ്തു. പിന്നെ എല്ലാവരും കൂടി ഓരോ രാജ്യവര്‍ത്തമാനം പറഞ്ഞ് അങ്ങനെയിരിക്കുമ്പോള്‍ വരരുചി, 'അല്ലയോ മഹാരാജാവേ! ഇന്നലെ രാത്രിയില്‍ ഒരു പറയന്റെ മാടത്തില്‍ ഒരു പറയി പ്രസവിച്ച് ഒരു പെണ്‍കുട്ടിയുണ്ടായിട്ടുണ്ട്.

അതിന്റെ ജാതകഫലം നോക്കിയതില്‍ ആ കുട്ടിക്കു മൂന്നു വയസ്സു തികയുമ്പോഴേക്കും ഈ രാജ്യം നശിക്കും എന്നു കണ്ടിരിക്കുന്നു. ഇന്നു മുതല്‍ തന്നെ ഓരോ നാശകാരണങ്ങള്‍ തുടങ്ങും. അല്ലെങ്കില്‍ ആ പ്രജയെ ഉടനെ കൊല്ലിക്കണം' എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ ജ്യോതിശ്ശാസ്ത്രതത്ത്വജ്ഞനും വിശിഷ്ടനുമായ ഈ ബ്രാഹ്മണോത്തമന്റെ വചനം ഒരിക്കലും മിഥ്യയാകുന്നതല്ലെന്നുള്ള വിശ്വാസത്താല്‍ രാജാവിനും സഭാവാസികള്‍ക്കും വളരെ വ്യസനമായിത്തീര്‍ന്നു. ബാലനിഗ്രഹം കഷ്ടം. വിശേഷിച്ചും പെണ്‍കുട്ടിയായിരിക്കുന്ന സ്ഥിതിക്ക് അതൊരിക്കലും വിഹിതമല്ല. അതിനാല്‍ എന്തു വേണ്ടൂ എന്ന് എല്ലാവരും കൂടി ആലോചിച്ച് ഒരു കൗശലം നിശ്ചയിച്ചു. എങ്ങനെയെന്നാല്‍, വാഴപ്പിണ്ടികൊണ്ട് ഒരു ചെറിയ ചങ്ങാടമുണ്ടാക്കി, ഈ കുട്ടിയുടെ തലയില്‍ ഒരു ചെറിയ പന്തവും കൊളുത്തിക്കുത്തി അതില്‍ കിടത്തി നദിയിലൊഴുക്കുക. ഈ നിശ്ചയത്തെ രാജാവും സമ്മതിച്ചു. ഉടനെ രണ്ടു ഭടന്മാരെ വിളിച്ച് അപ്രകാരം ചെയ്‌വാന്‍ കല്പനയും കൊടുത്തു. കുട്ടിയുണ്ടായിരിക്കുന്ന സ്ഥലം ഏകദേശം ഇന്ന ദിക്കിലാണെന്നു വരരുചി പറഞ്ഞുകൊടുത്തു. രാജഭടന്മാര്‍ അന്വേഷിച്ചുചെന്നു. കുട്ടിയെ എടുത്തു കല്പനപ്രകാരം ചെയ്കയും ഉടനെ വിവരം രാജസന്നിധിയില്‍ അറിയിക്കയും ചെയ്തു. തനിക്കു വരുവാന്‍ ഭാവിച്ച അധഃപതനം കൂടാതെ കഴിഞ്ഞുവല്ലോ എന്നു വിചാരിച്ചു വരരുചിക്ക് വളരെ സന്തോഷമായി. പിന്നെയും അദ്ദേഹം രാജാവിന്റെ അടുക്കല്‍ത്തന്നെ സേവകനായി താമസിച്ചു. അങ്ങനെ കുറഞ്ഞൊരു കാലം കഴിഞ്ഞതിന്റെ ശേഷം വരരുചി സ്ഥിരതാമസം സ്വഗൃഹത്തില്‍ത്തന്നെ ആക്കി.

അങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം വരരുചി ഒരു വഴിയാത്രയില്‍ ഭക്ഷണം കഴിക്കാനായി ഒരു ബ്രാഹ്മണന്റെ ഗൃഹത്തില്‍ ചെന്നു. ഉടനെ ബ്രാഹ്മണന്‍ 'വേഗത്തില്‍ കുളി കഴിച്ചു വരാം. ഇവിടെ ഊണു കാലമായിരിക്കുന്നു.' എന്നു പറഞ്ഞു. അപ്പോള്‍ വരരുചി ഈ ബ്രാഹ്മണന്റെ ബുദ്ധിശക്തിയെ പരീക്ഷിക്കാനായിട്ടു 'ഞാന്‍ ഊണു കഴിക്കണമെങ്കില്‍ ചില ദുര്‍ഘടങ്ങളുണ്ട്. അതൊക്കെ ഇവിടെ സാധിക്കുമോ എന്നറിഞ്ഞിട്ടുവേണം കുളിക്കാന്‍ പോകാന്‍' എന്നു പറഞ്ഞു.
ബ്രാഹ്മണന്‍: 'ദുര്‍ഘടങ്ങള്‍ എന്തെല്ലാമാണാവോ? ഇവിടെ നിവൃത്തിയുള്ളവയാണെങ്കില്‍ സാധിക്കാം. എന്തെങ്കിലും കേള്‍ക്കട്ടെ.'

വരരുചി: 'മറ്റൊന്നുമല്ല, കുളി കഴിഞ്ഞാല്‍ ഉടുക്കാന്‍ വീരാളിപ്പട്ടു വേണം. നൂറുപേര്‍ക്കു ഭക്ഷണം കൊടുത്തിട്ടു വേണം എനിക്ക് ഊണു കഴിക്കാന്‍. എന്നു മാത്രമല്ല എന്റെ ഊണിനു നൂറ്റെട്ടു കൂട്ടം കൂട്ടാന്‍ വേണം. ഊണു കഴിഞ്ഞാല്‍ പിന്നെ എനിക്കു മൂന്നുപേരെ തിന്നണം. നാലുപേരെന്നെ ചുമക്കുകയും വേണം. ഇത്രേ ഉള്ളൂ.'
ഇതു കേട്ടപ്പോള്‍ ബ്രാഹ്മണന്‍ വല്ലാതെ അന്ധാളിച്ച് ഒന്നും മിണ്ടാതെ നിന്നു. ഉടനെ ഒരു കന്യക അകത്തിരുന്നുകൊണ്ട് 'അച്ഛനൊട്ടും അന്ധാളിക്കയും പരിഭ്രമിക്കയും വേണ്ട. ഇതെല്ലാം ഇവിടെ തയ്യാറുണ്ടെന്നു പറഞ്ഞേക്കൂ' എന്നു പറഞ്ഞു. ബ്രാഹ്മണന്‍ അപ്രകാരം പറയുകയും വരരുചി കുളിക്കാന്‍ പോവുകയും ചെയ്തു. ഉടനെ ബ്രാഹ്മണന്‍ കന്യകയെ വിളിച്ച് ഇതെല്ലാമിവിടെ സാധിക്കുമോ എന്നു ചോദിച്ചു. അപ്പോള്‍ കന്യക 'എല്ലാം സാധിക്കും. ഇതൊന്നും അത്ര പ്രയാസമില്ല. അദ്ദേഹം പറഞ്ഞതിന്റെ സാരം അച്ഛനു മനസ്സിലാകാഞ്ഞിട്ടാണ് പരിഭ്രമിക്കുന്നത്. വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തല്‍ കോണകം വേണമെന്നാണ്. നൂറു പേര്‍ക്കു ഭക്ഷണം കൊടുക്കണമെന്നു പറഞ്ഞതിന്റെ സാരം അദ്ദേഹത്തിനു വൈശ്വദേവം (വൈശ്യം) കഴിക്കണമെന്നാണ്. വൈശ്യം കൊണ്ട് നൂറു ദേവതമാരുടെ പ്രീതിയുണ്ടാകുന്നതിനാലാണ് ഇങ്ങനെ പറഞ്ഞത്. പിന്നെ നൂറ്റെട്ടുകൂട്ടം കൂട്ടാന്‍ പറഞ്ഞതിന്റെ സാരം ഇഞ്ചിക്കറി വേണമെന്നാണ്. ഇഞ്ചിക്കറി ഉണ്ടായാല്‍ നൂറ്റെട്ടുകൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണു വെച്ചിരിക്കുന്നത്. പിന്നെ അദ്ദേഹത്തിനു മൂന്നുപേരെ തിന്നണമെന്നു പറഞ്ഞതിന്റെ സാരം വെറ്റിലയും അടയ്ക്കയും നൂറും കൂട്ടി മുറുക്കണമെന്നാണ്. (പുകയില അക്കാലത്ത് ഇല്ലായിരിക്കും.) പിന്നെ അദ്ദേഹത്തെ നാലുപേരു ചുമക്കണമെന്നു പറഞ്ഞതിന്റെ സാരം ഊണു കഴിഞ്ഞാല്‍ കുറച്ചു കിടക്കണം. അതിനൊരു കട്ടിലു വേണമെന്നാണ്. കട്ടിലില്‍ കിടക്കുമ്പോള്‍ കട്ടില്‍ക്കാലുകള്‍ നാലുംകൂടിയാണല്ലോ ചുമക്കുന്നത്. ഇത്രയൊക്കേ ഉള്ളൂ. ഇതിനിവിടെ എന്താ വിഷമം?' എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ ബ്രാഹ്മണന്‍ വളരെ സന്തോഷിക്കുകയും, കന്യകയുടെ ബുദ്ധിവിശേഷത്തെക്കുറിച്ച് അത്യന്തം അത്ഭുതപ്പെടുകയും ചെയ്തു. 'എന്നാല്‍ എന്റെ മകള്‍ പോയി എല്ലാം വേഗം തയ്യാറാക്കൂ'എന്നുപറഞ്ഞ് കന്യകയെ അയച്ചു. വരരുചി കുളിയും മറ്റും കഴിഞ്ഞു വന്നപ്പോഴേക്കും ഒരു ചീന്തല്‍ കോണകം, വൈശ്യത്തിനു വേണ്ടുന്ന ഹവിസ്സ്, ചന്ദനം, പൂവ് മുതലായവും തയ്യാറാക്കിയിരുന്നു. ഊണിന് ഇഞ്ചിക്കറിയും ഉണ്ടായിരുന്നു. ഊണു കഴിഞ്ഞപ്പോഴേക്കും പുറത്തളത്തില്‍ മുറുക്കാനുള്ള സാമാനങ്ങളും ഒരു കട്ടിലില്‍ പായും തലയിണയും എല്ലാം തയ്യാറാക്കിയിരുന്നു. വരരുചി വൈശ്യവും, ഊണും കഴിച്ചു പുറത്തളത്തില്‍ ചെന്നു മുറുക്കി കട്ടിലില്‍ കയറിക്കിടന്നു. താന്‍ പറഞ്ഞതിന്റെ സാരം മനസ്സിലാക്കി, ഇപ്രകാരമെല്ലാം തയ്യാറാക്കിയത് ഈ കന്യകയുടെ ബുദ്ധിസാമര്‍ഥ്യം കൊണ്ടാണെന്ന് മനസ്സിലാവുകയാല്‍ ഏതു വിധവും ഈ കന്യകയെ വിവാഹം കഴിക്കണമെന്ന് അദ്ദേഹം മനസ്സുകൊണ്ടാലോചിച്ചുറച്ചു. എന്തിനു വളരെപ്പറയുന്നു? വരരുചി തന്റെ ആഗ്രഹം ആ കന്യകയുടെ അച്ഛനെ ഗ്രഹിപ്പിക്കുകയും അദ്ദേഹം സമ്മതിക്കുകയും കാലതാമസം കൂടാതെ സുമുഹൂര്‍ത്തത്തിങ്കല്‍ ആ കന്യകയെ വിവാഹം കഴിക്കുകയും സ്വഗൃഹത്തില്‍ കൊണ്ടുപോരികയും ചെയ്തു.

അങ്ങനെ ആ ദമ്പതിമാര്‍ യഥാസുഖം സ്വഗൃഹത്തില്‍ താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം ഭക്ഷണവും മറ്റും കഴിഞ്ഞ് രണ്ടുപേരുംകൂടി സൈ്വര്യസല്ലാപവും ചെയ്തു സന്തോഷിച്ചിരിക്കുന്ന സമയത്തിങ്കല്‍ വരരുചി തന്റെ പ്രേമഭാജനമായ ധര്‍മദാരങ്ങളുടെ തലമുടി ഭംഗിയാകുംവണ്ണം ചീകിക്കെട്ടി. അപ്പോള്‍ തലയുടെ മധ്യത്തില്‍ വലിയതായ ഒരു വ്രണകിണം കാണുകയാല്‍ അതെന്താണെന്നു ചോദിച്ചു. അപ്പോള്‍ ആ സാധ്വി 'അതൊരു പന്തം തറച്ച പാടാണെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. അമ്മ കുളിച്ചുകൊണ്ടുനിന്നപ്പോള്‍ പിണ്ടിച്ചങ്ങാടത്തിന്മേല്‍ ആറ്റില്‍ക്കൂടി ഒഴുകിവരുന്നതു കണ്ടപ്പോള്‍ എന്നെ പിടിച്ചുകേറ്റി വളര്‍ത്തിയതാണെന്നും, അല്ലാതെ പ്രസവിച്ചതല്ലെന്നും ഒരിക്കല്‍ അമ്മ എന്നോടു പറഞ്ഞിട്ടുണ്ട്. അന്ന് എന്റെ തലയില്‍ പന്തവും തറച്ചിരുന്നുവത്രേ' എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ ബുദ്ധിശാലിയായ വരരുചിക്കു തന്റെ ഈ ധര്‍മദാരങ്ങള്‍ ആ പറയന്റെ അപത്യംതന്നെയാണെന്നു നിശ്ചയമായി. തല്‍ക്കാലം മനസ്സില്‍ കുറച്ചു വിഷാദം ഉണ്ടായി എങ്കിലും 'ലിഖിതമപി ലലാടേ പ്രോജ്ഝിതും കഃ സമര്‍ഥഃ' (തലയിലെഴുത്ത് മായ്ക്കാന്‍ എത്ര സമര്‍ഥനായിരുന്നാലും സാധിക്കയില്ല.) എന്നു വിചാരിച്ചു സമാധാനപ്പെട്ടുകൊണ്ടു വിവരമെല്ലാം തന്റെ ധര്‍മപത്‌നിയെയും ധരിപ്പിച്ചു. 'ഇനി നമുക്കേതായാലും ഇവിടെയിങ്ങനെ താമസിക്കേണ്ട. ആയുശ്ശേഷത്തെ ദേശസഞ്ചാരംകൊണ്ടുതന്നെ നയിക്കണം' എന്നു പറഞ്ഞു വരരുചി ഭാര്യാസമേതം ഉടനെ അവിടെനിന്നു പുറപ്പെടുകയും ചെയ്തു. പിന്നെ അവരുടെ സഞ്ചാരം മലയാള ദേശങ്ങളിലായിരുന്നു എന്നു പറഞ്ഞാല്‍ അവര്‍ പാരദേശികന്മാരായിരുന്നു എന്നും മേല്പറഞ്ഞ കഥകളെല്ലാം പരദേശത്തുവെച്ചു നടന്നതാണെന്നും വിശേഷിച്ചു പറയണമെന്നില്ലല്ലോ.

അങ്ങനെ അവര്‍ ഓരോരോ ദിക്കുകളില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ഭാര്യ ഗര്‍ഭം ധരിച്ചു. ഗര്‍ഭം പൂര്‍ണമായി; പ്രസവവേദനയുടെ ആരംഭമായപ്പോള്‍ ഒരു കാട്ടിലേക്കു കയറി പ്രസവിച്ചുകൊള്ളാന്‍ പറഞ്ഞുംവെച്ചു ഭര്‍ത്താവു വഴിയില്‍ ഇരുന്നു. ഭാര്യ അപ്രകാരം ഒരു വനാന്തരത്തില്‍ പ്രവേശിക്കയും ഉടനെ പ്രസവിക്കയും ചെയ്തു. പിള്ള വാങ്ങാനും മറ്റും ആരുമുണ്ടായിരുന്നില്ലെന്നു പറയണമെന്നില്ലല്ലോ. 'ആരുമില്ലാത്തവര്‍ക്കു ദൈവം തുണ' എന്നുണ്ടല്ലോ. പ്രസവം കഴിഞ്ഞപ്പോള്‍ 'കുട്ടിക്കു വായുണ്ടോ?' എന്നു വരരുചി ചോദിച്ചു. 'ഉണ്ട്' എന്ന് ഭാര്യ മറുപടിയും പറഞ്ഞു. 'വായുള്ള പിള്ളയ്ക്കു ദൈവം ഇരയും കല്പിച്ചിട്ടുണ്ട്. അതിനാല്‍ കുട്ടിയെ എടുക്കണമെന്നില്ല' എന്നു പറഞ്ഞു കുട്ടിയെ അവിടെത്തന്നെ ഇട്ടുംവെച്ചു ഭാര്യയോടുകൂടി വരരുചി അപ്പോള്‍ത്തന്നെ അവിടെനിന്നു പുറപ്പെടുകയും ചെയ്തു. പെറ്റു കിടക്കുക എന്നൊരു ഞായം ആ സ്ത്രീക്കുണ്ടായിരുന്നില്ല, പ്രസവരക്ഷയ്ക്കുള്ള മരുന്നുകളും. കാട്ടാറുകളിലെ പച്ചവെള്ളവും കാട്ടിലെ കായ്കനികളും ഭിക്ഷയെടുത്തു കിട്ടുന്ന സ്വല്പമായ അന്നവും മറ്റുമല്ലാതെ വിശേഷിച്ചു യാതൊന്നുമില്ലായിരുന്നു. എങ്കിലും ആ പതിവ്രതയ്ക്കു യാതൊരു തരക്കേടുമുണ്ടായില്ല.
ഇങ്ങനെതന്നെ പല സ്ഥലങ്ങളിലായി പതിനൊന്നു പ്രസവം കഴിഞ്ഞു. കുട്ടികളെയെല്ലാം കാട്ടിലിട്ടും വെച്ചുതന്നെ പോവുകയും ചെയ്തു.ആ പതിനൊന്നു കുട്ടികളെയും ബ്രാഹ്മണന്‍ മുതല്‍ പതിനൊന്നു ജാതിക്കാര്‍ക്കു കിട്ടുകയും അവര്‍ എടുത്തുകൊണ്ടുപോയി വളര്‍ത്തുകയും ചെയ്തു.

പന്ത്രണ്ടാമത്തെ ഗര്‍ഭമുണ്ടായപ്പോള്‍ ആ സാധ്വി, കഷ്ടം! ഞാന്‍ പതിനൊന്നു പ്രസവിച്ചിട്ടും ഒരു കുട്ടിയും എനിക്കില്ലല്ലോ. ഈ പ്രാവശ്യം പ്രസവിക്കുമ്പോള്‍ 'കുട്ടിക്കു വായുണ്ടോ?' എന്നു ഭര്‍ത്താവു ചോദിച്ചാല്‍ ഇല്ലെന്നു പറയണം, എന്നാല്‍ ആ കുട്ടിയെയെങ്കിലും എടുത്തുകൊള്‍വാന്‍ ഇദ്ദേഹം അനുവദിക്കുമായിരിക്കും. പിന്നീടു പരമാര്‍ഥം പറഞ്ഞ് ഇദ്ദേഹത്തെ സമ്മതിപ്പിക്കയും ചെയ്യാം.' എന്നു നിശ്ചയിച്ചു. ഗര്‍ഭം പൂര്‍ണമായപ്പോള്‍ പതിവുപോലെ പ്രസവിക്കയും, 'കുട്ടിക്കു വായുണ്ടോ?' എന്നു ഭര്‍ത്താവു ചോദിക്കുകയും 'ഇല്ല' എന്നു ഭാര്യ പറയുകയും, ആ കുട്ടിയെ എടുത്തുകൊള്ളുന്നതിനു ഭര്‍ത്താവനുവദിക്കുകയും ചെയ്തു. ഉടനെ കുട്ടിയെയുമെടുത്തു രണ്ടുപേരുംകൂടി പുറപ്പെട്ടു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വാസ്തവമായിട്ടു കുട്ടിക്കു വായില്ലാതെയായിത്തീര്‍ന്നു. വിശിഷ്ടകളായ സാധ്വികളുടെ വാക്കു മിഥ്യയായി ഭവിക്കുന്നതല്ലല്ലോ. വരരുചി ആ കുട്ടിയെ ഒരു കുന്നിന്റെ മുകളില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചു. അതാണ് 'വായില്ലാക്കുന്നിലപ്പന്‍' എന്നു പ്രസിദ്ധപ്പെട്ട ദേവന്‍. ഈ വായില്ലാക്കുന്നിലപ്പന്‍ ഉള്‍പ്പെടെയാണ് 'പറയിപെറ്റു പന്തിരുകുലം' എന്നു പറയുന്നത്. ഈ പന്ത്രണ്ടുപേരുടെയും പേരുകള്‍ പറയുന്നതായ ഒരു ശ്ലോകം കേട്ടിട്ടുള്ളതു താഴെ ചേര്‍ക്കുന്നു:
മേഴ(ള)ത്തോളഗ്നിഹോത്രീ രജകനുളിയനൂര്‍-
ത്തച്ചനും പിന്നെ വള്ളോന്‍
വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും
നായര്‍ കാരയ്ക്കല്‍ മാതാ
ചേമ്മേ കേളുപ്പുകൂറ്റന്‍ പെരിയ തിരുവര-
ങ്കത്തെഴും പാണനാരും
നേരേ നാരായണഭ്രാന്തനുമുടനകവൂര്‍-
ചാത്തനും പാക്കനാരും.
ഇവര്‍ പല ദിക്കുകളിലായാണ് താമസിച്ചുവന്നത്. എങ്കിലും എല്ലാവര്‍ക്കും ബാല്യം കഴിഞ്ഞപ്പോഴേക്കും അവര്‍ പരസ്​പരം സഹോദരന്മാരാണെന്ന് അറിയുകയും തമ്മില്‍ത്തമ്മില്‍ സ്‌നേഹത്തോടുകൂടി പാര്‍ത്തുവരികയും ചെയ്തു. ഇവരുടെ ദിവ്യത്വങ്ങളും അത്ഭുതകര്‍മങ്ങളും അവസാനമില്ലാതെയുണ്ട്. വരരുചിയും ഭാര്യയും പിന്നെ അവരുടെ ജീവിതശേഷത്തെ സഞ്ചാരം കൊണ്ടുതന്നെ കഴിച്ചുകൂട്ടി. ആ മാതാപിതാക്കന്മാരുടെ ശ്രാദ്ധത്തിനു മേല്‍പ്പറഞ്ഞ പന്ത്രണ്ടുപേരില്‍ വായില്ലാക്കുന്നിലപ്പന്‍ ഒഴിച്ചു ശേഷമെല്ലാവരും ഒരുമിച്ചു കൂടുകയും ഒരു പുല്ലിന്മേല്‍ത്തന്നെ ബലിയിടുകയുമാണ് പതിവ്. അത് മേളത്തോളഗ്നിഹോത്രിയുടെ ഇല്ലത്തുമാണ്. അഗ്നിഹോത്രി ബ്രാഹ്മണനായിരുന്നതിനാല്‍ ചാത്തത്തിനും ബ്രാഹ്മണര്‍തന്നെയാണ് പതിവ്. പറയന്‍ വരെയുള്ള നാനാജാതികളുംകൂടി ചാത്തമൂട്ടുകയാല്‍ ചാത്തത്തിനു ക്ഷണിച്ചാല്‍ വരുന്നതിനു ബ്രാഹ്മണര്‍ക്കെല്ലാം മടിയായിത്തുടങ്ങി. അഗ്നിഹോത്രികളുടെ ഭാര്യയായ അന്തര്‍ജനത്തിനും ഈ സഹോദരന്മാരുടെ മേളനം വളരെ കഷ്ടമെന്നു തോന്നിത്തുടങ്ങി. എന്നു മാത്രമല്ല, ഈ വിവരം അന്തര്‍ജനം ഒരുദിവസം ഭര്‍ത്താവിനോടു പറയുകയും ചെയ്തു. 'ആട്ടെ, അതിനു സമാധാനമുണ്ടാക്കാം' എന്ന് അഗ്നിഹോത്രി മറുപടിയും പറഞ്ഞു.

അങ്ങനെയിരിക്കുമ്പോള്‍ അവരുടെ അച്ഛന്റെ ശ്രാദ്ധമായി. ശ്രാദ്ധത്തിന്റെ തലേദിവസം വൈകുന്നേരമായപ്പോഴേക്കും ശേഷമുള്ള സഹോദരന്മാര്‍ പത്തു പേരും ചാത്തക്കാരായ ബ്രാഹ്മണനും അഗ്നിഹോത്രികളുടെ ഇല്ലത്തു വന്നുചേര്‍ന്നു. ഈ സഹോദരന്മാര്‍ വന്നാല്‍ രാത്രിയില്‍ കിടക്കുന്നതിനായി അഗ്നിഹോത്രികള്‍ പ്രത്യേകം പത്തു പുരമുറികള്‍ അവിടെ മുമ്പേതന്നെ ഉണ്ടാക്കീട്ടുണ്ടായിരുന്നു. എല്ലാവരും അവരവരുടെ നിയമാനുഷ്ഠാനങ്ങളും മറ്റും കഴിച്ച് അവരവര്‍ക്കുള്ള ശയനഗൃഹങ്ങളില്‍ പോയി കിടക്കുകയും ചെയ്തു. എല്ലാവരും ഉറക്കമായപ്പോള്‍ അഗ്നിഹോത്രികള്‍ അന്തര്‍ജനത്തിനെയും ചാത്തത്തിനു വന്നിരിക്കുന്ന ബ്രാഹ്മണനേയും വിളിച്ച് ഒരു വിളക്കുമായി പത്തുപേര്‍ കിടക്കുന്ന സ്ഥലത്തു കൊണ്ടുപോയി 'എന്നെ തൊട്ടുകൊണ്ടു നോക്കുവിന്‍' എന്നു പറഞ്ഞു. അന്തര്‍ജനവും ചാത്തക്കാരനും അഗ്നിഹോത്രികളെ തൊട്ടുകൊണ്ടുനോക്കിയപ്പോള്‍ പത്തു പേരും ഒന്നുപോലെ ശംഖചക്രഗദാപത്മാദികളായ ആയുധങ്ങളോടുകൂടി ചതുര്‍ബാഹുക്കളായി അനന്തന്റെമേല്‍ കിടന്നുറങ്ങുന്നതായി കണ്ടു. രണ്ടുപേരും ഏറ്റവും ഭയവിസ്മയാകുലരായിട്ടു പെട്ടെന്നു വീണു നമസ്‌കരിച്ചു. അങ്ങനെ അന്തര്‍ജനത്തിനും മറ്റുള്ള ബ്രാഹ്മണര്‍ക്കും ഉണ്ടായിരുന്ന ദുശ്ശങ്കയും സംശയവും തീരുകയും ഇവര്‍ എല്ലാവരും സാക്ഷാല്‍ മഹാവിഷ്ണുവിന്റെ അവതാരമൂര്‍ത്തികളാണെന്നു മനസ്സിലാവുകയും ചെയ്തു.

മേഴത്തോളഗ്നിഹോത്രിയുടെ ഭവനം പൊന്നാനിത്താലൂക്കില്‍ മേഴത്തൂരംശത്തിലാണത്രേ. വള്ളുവനാടുതാലൂക്കില്‍ ഒറ്റപ്പാലത്തിനു സമീപമുള്ള കടമ്പൂരു മനയ്ക്കല്‍ നമ്പൂതിരിമാര്‍ ഈ അഗ്നിഹോത്രിയുടെ പുലക്കാരുമത്രേ. അഗ്നിഹോത്രികളുടെ ഭാര്യയായ അന്തര്‍ജനം ഒരിക്കല്‍ അടുക്കലുള്ള പുഴയില്‍ കുളിക്കാന്‍പോയപ്പോള്‍ ഒരു താലംകൂടി കൊണ്ടുപോയിരുന്നു. ആ താലം തേച്ചു മുക്കി വെള്ളത്തിലിട്ട് ഒഴുകിപ്പോകാതിരിക്കാന്‍ അതില്‍ കുറെ മണലും വാരിയിട്ടു കുളിച്ചുകേറി. പോകാന്‍ നേരത്തു താലമെടുത്തപ്പോള്‍ അത് അവിടെ ഉറച്ചുപോയി. അങ്ങനെ ഉണ്ടായതാണ് 'തൃത്താലപ്പന്‍' എന്നു ലോകപ്രസിദ്ധനായ ദേവന്‍. തൃത്താലപ്പന്റെ വിഗ്രഹം ഇന്നും മണല്‍ കൂട്ടിയതുപോലെ തന്നെയാണിരിക്കുന്നത്. ശിലപോലെ ഉറപ്പുണ്ടുതാനും.

നാറാണത്തു ഭ്രാന്തന്റെ ദിവ്യത്വങ്ങള്‍ പറഞ്ഞാല്‍ വളരെയുണ്ട്. അദ്ദേഹത്തിന്റെ പതിവായിട്ടുള്ള പ്രവൃത്തി വലിയ കല്ലുകള്‍ ഉരുട്ടി മലയുടെ മുകളില്‍ കൊണ്ടുചെല്ലുകയും മുകളിലാകുമ്പോള്‍ കൈവിടുകയും കല്ലു സ്വയമേവ കീഴ്‌പോട്ട് ഉരുണ്ടു പോകുന്നതു കണ്ടു കൈകൊട്ടിച്ചിരിക്കയുമാണ്. ഇതു കണ്ടാല്‍-
ഇത്രയും കനത്തോരു കല്ലുകളുരുട്ടിക്കൊ-
ണ്ടദ്രിതന്‍ മുകള്‍പ്പാട്ടിലേറ്റുവാന്‍ പാരം ദണ്ഡം
ആയതു കീഴ്‌പോട്ടേക്കു ചാടിപ്പാനെളുപ്പമാ-
മായാസം ചെറ്റും വേണ്ടാ താഴത്തു വന്നേ നില്‍ക്കൂ.
എന്നുള്ള സാരോപദേശത്തെ ദൃഷ്ടാന്തപ്പെടുത്തി മനുഷ്യസ്ഥിതി ഇതിനോടു സദൃശമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താനാണോ എന്നു തോന്നും. 'ആര്‍ക്കറിയാവൂ മഹാന്മാരുടെ മനോഗതം!'

ഇദ്ദേഹത്തിന്റെ ഉപജീവനം ഭിക്ഷയെടുത്തു തന്നെയായിരുന്നു. കൈയില്‍ ഒരു ചെമ്പുപാത്രമുണ്ട്. ഭിക്ഷ യാചിച്ച് അന്നന്നു കിട്ടുന്ന അരി മുഴുവനും വൈകുന്നേരമാകുമ്പോള്‍ എവിടെ എത്തുന്നുവോ അവിടെ വച്ചു സ്വയം പാകം ചെയ്തു ഭക്ഷിക്കും. സ്വയംപാകഭക്ഷണമല്ലാതെ പതിവില്ല. അത് ഒരു നേരമേ ഉള്ളുതാനും. ഊണുകഴിഞ്ഞാല്‍ അവിടത്തന്നെ കിടക്കും. നേരം വെളുത്താല്‍ പുറപ്പെടും. ഉച്ചവരെ കല്ല് മലയില്‍ ഉരുട്ടിക്കേറ്റുകയായി. പിന്നെ ഭിക്ഷയാചിക്കയും. ഇങ്ങനെയൊക്കെയാണ് അദ്ദേഹത്തിന്റെ ദിനചര്യ. അങ്ങനെ ഇരിക്കുമ്പോള്‍ ഒരുദിവസം വൈകുന്നേരമായപ്പോള്‍ ഇദ്ദേഹം ഒരു ശ്മശാനത്തില്‍ ചെന്നുചേര്‍ന്നു. അത് ഒരു ശവദാഹം കഴിഞ്ഞ് ജനങ്ങളെല്ലാം പോയ ഉടനെ ആയിരുന്നതിനാല്‍ അവിടെ ധാരാളം തീയും മുറിക്കൊള്ളിയും ഉണ്ടായിരുന്നു. ഇതുകണ്ടു നാറാണത്തുഭ്രാന്തന്‍ സ്വയംപാകത്തിന് ഇവിടെത്തന്നെ തരം എന്നു നിശ്ചയിച്ചു മൂന്നു കല്ലെടുത്ത് ആ പട്ടടയുടെ ഒരറ്റത്തു തന്നെ അടുപ്പു കൂട്ടി. അടുക്കലുള്ള നദിയില്‍നിന്ന് വെള്ളവും കൊണ്ടുവന്ന് അരിയും വെള്ളവും ഒരുമിച്ചുതന്നെ ആ ചെമ്പുപാത്രത്തില്‍ അടുപ്പത്തുവെച്ചു കുറേ തീക്കനലും നീക്കിക്കൂട്ടി. മുറിക്കൊള്ളികളും പെറുക്കി അടുപ്പിലിട്ടു. ഇടതു കാലിന്മേല്‍ കുറച്ചു മന്തുള്ളതിനാല്‍ ആ കാലു വലിച്ച് അടുപ്പു കല്ലിന്മേല്‍ വെച്ചു തീയും കാഞ്ഞു മൂളിപ്പാട്ടും പാടി കുറേശ്ശ ഉറക്കവും തൂക്കി ആടി അങ്ങനെ അവിടെ ഇരുന്നു. മഞ്ഞുകാലമായതിനാല്‍ തീ കായാന്‍ നല്ല രസമുണ്ടായിരുന്നു. അങ്ങനെയിരുന്നു നേരം ഒരു യാമം കഴിഞ്ഞപ്പോഴേക്കും ഭൂതപ്രേതപിശാചുക്കളോടുകൂടി ആര്‍ത്തു തിമര്‍ത്തു ചുടലഭദ്രകാളിയുടെ വരവായി. അവരുടെ അട്ടഹാസങ്ങളും അലര്‍ച്ചകളുമൊക്കെക്കേട്ടിട്ടും നാറാണത്തുഭ്രാന്തന് ഒരു കുലുക്കവുമുണ്ടായില്ല. അവരെല്ലാവരും അടുത്തു വന്നപ്പോള്‍ പണ്ടെങ്ങുമില്ലാത്ത വിധം അവിടെ ഒരു മനുഷ്യനിരിക്കുന്നത് കണ്ടിട്ട് 'ആരാണവിടെ വന്നിരിക്കുന്നത്? വേഗത്തില്‍ എണീറ്റു പോണം' എന്നു പറഞ്ഞു.

നാറാണത്തു ഭ്രാന്തന്‍: 'നിങ്ങള്‍ക്കു കണ്ണില്ലേ? ഇവിടെയിരിക്കുന്നത് ആരാണെന്നു കണ്ടുകൂടെന്നുണ്ടോ? ഞാനൊരു മനുഷ്യനാണ്. ഇപ്പോള്‍ പോകാന്‍ ഭാവവുമില്ല.'
ഭദ്രകാളി: 'അതില്ലേ? എന്നാല്‍ ഞങ്ങള്‍ നിന്നെ പേടിപ്പിക്കും.'
ഭ്രാന്തന്‍: 'നിങ്ങള്‍ പേടിപ്പിച്ചാല്‍ ഞാന്‍ പേടിച്ചില്ലെങ്കിലോ?'
ഭദ്രകാളി: 'ഞങ്ങള്‍ പേടിപ്പിച്ചാല്‍ പേടിക്കാതെ അങ്ങനെ ആരെങ്കിലുമുണ്ടോ?'
ഭ്രാന്തന്‍: 'ആവോ? ഒന്നു പരീക്ഷിച്ചു നോക്കുവിന്‍. എന്നാലറിയാമല്ലോ '
ഇതു കേട്ടപ്പോള്‍ അവര്‍ക്കു കോപം സഹിക്കവയ്യാതായിട്ട് എല്ലാവരുംകൂടി തീക്കട്ടപോലെയിരിക്കുന്ന ആ കണ്ണുകള്‍ തുറിച്ചുമിഴിച്ചും രക്തവര്‍ണങ്ങളായി ആയതങ്ങളായിരിക്കുന്ന നാവുകളെ വളച്ചുകടിച്ചും ചന്ദ്രക്കലപോലെ വളഞ്ഞ വലിയ ദംഷ്ട്രങ്ങളെയും പല്ലുകളെയും പുറത്തേക്കു തള്ളിച്ചും വലിയ അട്ടഹാസത്തോടുകൂടിയും നാറാണത്തുഭ്രാന്തനെ പേടിപ്പിക്കാനായിട്ട് അദ്ദേഹത്തിന്റെ നേരെ പാഞ്ഞുചെന്നു. അദ്ദേഹം ഇതു കണ്ടിട്ട് യാതൊരു കൂസലും കൂടാതെ ചിരിച്ചുംകൊണ്ട് അവിടെ ഇരുന്നു. ലവലേശം പേടിച്ചില്ല. അപ്പോള്‍ ചുടലഭദ്രകാളിയും ഭൂതങ്ങളുമെല്ലാം ലജ്ജ സഹിക്കവയ്യാതെ മുഖം താഴ്ത്തിക്കൊണ്ടു നിന്നു.
ഭ്രാന്തന്‍: 'എന്താ പേടിപ്പിച്ചുകഴിഞ്ഞുവോ?'

ഭദ്രകാളി: 'അല്ലയോ മഹാനുഭാവാ! അങ്ങ് ഒരു സാധാരണ മനുഷ്യനാണെന്നു വിചാരിച്ച് ഇങ്ങനെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തതാണ്. അവിടുന്ന് സാമാന്യനല്ലെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി. അതിനാല്‍ ഇതാ ഞങ്ങളപേക്ഷിക്കുന്നു, അവിടുന്ന് കൃപയുണ്ടായി ഇവിടെനിന്നു മാറിത്തരണം. ഞങ്ങള്‍ ഈ ചുടലയില്‍ നൃത്തം ചെയ്‌വാനായി വന്നിരിക്കയാണ്.'

ഭ്രാന്തന്‍: 'നിങ്ങളവിടെ ഒരറ്റത്തു നൃത്തം വെച്ചോളിന്‍, അതിനു ഞാന്‍ പോകണമെന്നുണ്ടോ?'
ഭദ്രകാളി: 'മനുഷ്യര്‍ കാണ്‍കെ ഞങ്ങള്‍ക്ക് നൃത്തം ചെയ്ക വിഹിതമല്ല. അതിനാലാണ് ഇങ്ങനെ അപേക്ഷിക്കുന്നത്.'
ഭ്രാന്തന്‍: 'എന്നാല്‍ നൃത്തം നാളെ മതി. എത്ര അപേക്ഷിച്ചാലും ഇന്നു ഞാന്‍ ഇവിടെനിന്നു പോവുകയില്ല.'
ഭദ്രകാളി: 'നൃത്തം നാളെയായാല്‍ പോരാ, ഇന്നാണ് പതിവ്.'

ഭ്രാന്തന്‍: 'എന്നാല്‍ പതിവുപോലെയാകട്ടെ. ഞാന്‍ പോയിട്ടുണ്ടാവുകയില്ല. എനിക്കും ചില പതിവുകളുണ്ട്. തീയും വെള്ളവും കിട്ടുന്ന ദിക്കില്‍ അരി വെക്കുക, അരി വെയ്ക്കുന്ന ദിക്കില്‍ ഉണ്ണുക, ഉണ്ണുന്ന ദിക്കില്‍ കിടക്കുക ഇങ്ങനെയാണ് നമ്മുടെ പതിവ്. അതും വ്യത്യാസപ്പെടുത്തുകയില്ല.'
ഒരുവിധത്തിലും ഇദ്ദേഹം ഒഴിഞ്ഞുപോവുകയില്ലെന്ന് തീര്‍ച്ചയായപ്പോള്‍ ഭദ്രകാളി 'അല്ലയോ മഹാനുഭാവാ! അവിടുന്ന് ഒരുവിധത്തിലും സമ്മതിക്കായ്കയാല്‍ ഞങ്ങള്‍തന്നെ ഒഴിഞ്ഞുപോയ്ക്കളയാമെന്നു നിശ്ചയിച്ചു. എന്നാല്‍ മനുഷ്യരെ നേരിട്ടു കണ്ടുമുട്ടിപ്പോയാല്‍ അവരെ ശപിക്കയോ അനുഗ്രഹിക്കയോ ഒന്നും ചെയ്യാതെ പോകാന്‍ പാടില്ല. ദിവ്യനായിരിക്കുന്ന അങ്ങേ ഞങ്ങള്‍ ശപിക്കണമെന്നു വിചാരിക്കുന്നില്ല. അനുഗ്രഹിക്കണമെന്നാണ് ഞങ്ങളുടെ വിചാരം. അതിനാല്‍ അവിടേക്ക് ആഗ്രഹമുള്ളതെന്താണെന്ന് പറഞ്ഞാലും' എന്നു പറഞ്ഞു.

ഭ്രാന്തന്‍: 'എനിക്കു നിങ്ങളുടെ അനുഗ്രഹമൊന്നും വേണ്ട. നിങ്ങള്‍ പോയ്‌ക്കോളിന്‍. എനിക്കു ചോറു കാലമായിരിക്കുന്നു. ഞാനുണ്ണട്ടെ.'
ഭദ്രകാളി: 'അയ്യോ! അവിടുന്നങ്ങനെ പറയരുത്. ദയയുണ്ടായി എന്തെങ്കിലും ഒരു വരം ഞങ്ങളോടു വാങ്ങണം. അല്ലാതെ ഞങ്ങള്‍ക്കിവിടെനിന്നു പോകാന്‍ നിവൃത്തിയില്ല.'
ഭ്രാന്തന്‍: 'നാശം! ഉപദ്രവമായിട്ടു തീര്‍ന്നല്ലോ. ആട്ടെ എന്നാല്‍ വല്ലതുമൊരു വരം വാങ്ങിച്ചേക്കാം. ഞാനെന്നു മരിക്കുമെന്നു നിങ്ങള്‍ക്കറിയാമോ?'
ഭദ്രകാളി: 'ഓഹോ! ഇനി മുപ്പത്താറു സംവത്സരവും, ആറു മാസവും, പന്ത്രണ്ടു ദിവസവും, അഞ്ചു നാഴികയും, മൂന്നു വിനാഴികയും കഴിയുമ്പോള്‍ മരിക്കും.'
ഭ്രാന്തന്‍: 'എന്നാല്‍ അതു കൂടാതെ ഒരു ദിവസം കൂടി എനിക്കു ജീവിച്ചിരുന്നാല്‍ കൊള്ളാമെന്നാഗ്രഹമുണ്ട്. അങ്ങനെ അനുഗ്രഹിക്കണം.'
ഭദ്രകാളി: 'അതു ഞങ്ങള്‍ വിചാരിച്ചാല്‍ കഴികയില്ല. ഒരു ദിവസമെന്നല്ല, ഒരു മാത്രസമയംകൂടി ആയുസ്സു തരാന്‍ ഞങ്ങള്‍ക്ക് ശക്തിയില്ല.'
ഭ്രാന്തന്‍: 'എന്നാല്‍ അതു വേണ്ട. നിങ്ങള്‍ പറഞ്ഞതിന്റെ തലേദിവസം ഞാന്‍ മരിച്ചാലും മതി. അങ്ങനെ അനുഗ്രഹിക്കുവിന്‍.'
ഭദ്രകാളി: 'അതും ഞങ്ങള്‍ക്കു നിവൃത്തിയില്ല.'
ഭ്രാന്തന്‍: 'എന്നാല്‍ നിങ്ങളുടെ അനുഗ്രഹം എനിക്കെന്തിനാണ്? നിങ്ങള്‍ വിചാരിച്ചാല്‍ ഒന്നും ചെയ്‌വാന്‍ കഴികയില്ലെന്ന് എനിക്കറിയാം. അതാണ് ആദ്യമേ എനിക്കു നിങ്ങളുടെ അനുഗ്രഹമൊന്നും വേണ്ടെന്നു ഞാന്‍ പറഞ്ഞത്.'
ഭദ്രകാളി: 'അവിടുന്നു കൃപയുണ്ടായി ഞങ്ങള്‍ വിചാരിച്ചാല്‍ കഴിയുന്നതായ ഒരു വരത്തെ വരിക്കണം.'
ഭ്രാന്തന്‍: 'എന്നാലാവട്ടെ. ഈ ശനികളിവിടെനിന്നു ഒഴിഞ്ഞുപോകണമല്ലോ. എന്റെ ഈ ഇടത്തുകാലിന്മേലുള്ള മന്തു വലത്തു കാലിന്മേലാകാന്‍ അനുഗ്രഹിച്ചിട്ടു പോയ്‌ക്കൊള്‍വിന്‍. ഇതു നിങ്ങള്‍ വിചാരിച്ചാല്‍ കഴിയും.'

ഇതു കേട്ടു ചുടലഭദ്രകാളിയും മറ്റും സന്തോഷിച്ച് അപ്രകാരം അനുഗ്രഹിച്ചിട്ടു മറഞ്ഞുപോയി. അനുഗ്രഹപ്രകാരം മന്തു വലത്തു കാലിന്മേലാവുകയും ചെയ്തു. നാറാണത്തുഭ്രാന്തന്‍ ഊണും കഴിച്ച് അവിടെത്തന്നെ കിടന്നുറങ്ങി. അരുണോദയമായപ്പോള്‍ എണീറ്റു കല്ലുപിടിക്കാന്‍ പോവുകയും ചെയ്തു. ഈ കഥയില്‍നിന്ന് ഈശ്വരകല്‍പ്പിതത്തെ നീക്കാന്‍ ആരു വിചാരിച്ചാലും കഴിയുന്നതല്ലെന്നു സ്​പഷ്ടമാകുന്നു.

ഒരിക്കല്‍ നാറാണത്തുഭ്രാന്തന്‍ ഒരു നീചജാതിക്കാരന്റെ ചാത്തമുണ്ണാന്‍ പോകുന്നതറിഞ്ഞ് മറ്റൊരാള്‍കൂടെ ഒരുമിച്ചുചെന്നു. രണ്ടുപേരും മൂക്കുമുട്ടെ ഊണുകഴിച്ചു. ഉടനെ രണ്ടുപേരും ഒരുമിച്ചുതന്നെ അവിടെനിന്നു പുറപ്പെട്ടു. വഴിക്കു നാറാണത്തുഭ്രാന്തന്‍ 'എനിക്കു ദാഹിക്കുന്നു' എന്നു പറഞ്ഞു. 'എനിക്കും ദാഹം സഹിക്കവഹിയാതെയായിരിക്കുന്നു' എന്നു മറ്റേ ആളും പറഞ്ഞു. അപ്പോള്‍ നാറാണത്തുഭ്രാന്തന്‍ 'ആട്ടെ നിവൃത്തിയുണ്ടാക്കാം' എന്നു പറഞ്ഞു. പിന്നെയും രണ്ടുപേരുംകൂടി കുറച്ചു ചെന്നപ്പോള്‍ ഒരു മൂശാരിയുടെ ആലയില്‍ ഒരു വലിയ വാര്‍പ്പു വാര്‍ക്കാനായി ഓടു ചൂളയില്‍വെച്ചു ഉരുക്കുന്നതു കണ്ടു. നാറാണത്തുഭ്രാന്തന്‍ അവിടെ കേറിച്ചെന്ന് ഉരുകിത്തിളച്ചുമറിയുന്ന ഓടു കുറെ കൈകൊണ്ടു കോരിക്കുടിച്ചു. മറ്റേ ആളോടും കുടിക്കാന്‍ പറഞ്ഞു. 'അയ്യോ! പൊള്ളിച്ചത്തുപോകും! എനിക്കു പ്രയാസമുണ്ട്' എന്നു മറ്റേയാള്‍ പറഞ്ഞപ്പോള്‍ 'എന്നാല്‍ തനിക്കു ഭ്രഷ്ടുണ്ട്. ഞാനുണ്ണുന്നേടത്തൊക്കെയുണ്ടാല്‍ ഞാന്‍ കുടിക്കുന്നതൊക്കെ കുടിക്കയും വേണം' എന്നു പറഞ്ഞു നാറാണത്തുഭ്രാന്തന്‍ പോവുകയും ചെയ്തു.
മുറ്റുമൊരുത്തന്‍ പ്രവര്‍ത്തിച്ചതിനെന്തു
മൂലമെന്നുള്ള വിചാരവും കൂടാതെ
മറ്റവന്‍കൂടെ പ്രവര്‍ത്തിക്കിലിങ്ങനെ
കുറ്റം ഭവിക്കുമെന്നോര്‍ത്തുകൊണ്ടീടുവിന്‍
എന്നുള്ള സാരോപദേശത്തിന് ഈ കഥ ഒരു ദൃഷ്ടാന്തമാകുന്നു.
നാറാണത്തുഭ്രാന്തന്‍ ചിലപ്പോള്‍ കട്ടുറുമ്പുകള്‍ കൂട്ടംകൂടി വരിവരിയായി പോകുമ്പോള്‍ അവയെയെല്ലാം എണ്ണിക്കൊണ്ടിരിക്കും. അങ്ങനെയും ഒരു പതിവുണ്ട്. അങ്ങനെ ഒരു ദിവസം നാറാണത്തുഭ്രാന്തന്‍ ഉറുമ്പുകളെ എണ്ണിക്കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ അടുക്കെച്ചെന്ന് 'എത്രയായി?' എന്നു ചോദിച്ചു. ഉടനെ നാറാണത്തുഭ്രാന്തന്‍ 'പതിനായിരം പോയി. പതിനായിരമുണ്ട്. അതുകൂടെ പോകണം. എന്നാല്‍ സുഖമായി' എന്നു മറുപടി പറഞ്ഞു. ഈ ചെന്നു ചോദിച്ച ആള്‍ക്ക് വളരെക്കാലമായി വയറ്റില്‍ ഒരു വേദനയുണ്ടായിരുന്നു. അതിനു ചികിത്സയ്ക്കും മറ്റുമായി പതിനായിരം രൂപ ചെലവായിട്ടുണ്ടായിരുന്നു. പിന്നെ അയാള്‍ പതിനായിരം രൂപ കെട്ടിവെച്ചിട്ടുമുണ്ടായിരുന്നു. നാറാണത്തുഭ്രാന്തന്‍ പറഞ്ഞതിന്റെ സാരം ആ പതിനായിരം കൂടി ചെലവായാല്‍ ഇയാള്‍ക്കു വയറ്റില്‍ വേദന ഭേദമായി സുഖമാകുമെന്നായിരുന്നു. ആ സാരം ഈ മനുഷ്യന്‍ മനസ്സിലാക്കി. ശേഷമുണ്ടായിരുന്ന പതിനായിരം കൂടി ചികിത്സയ്ക്കും സത്കര്‍മങ്ങള്‍ക്കുമായി ചെലവാക്കുകയും വയറ്റില്‍വേദന ഭേദമാവുകയും ചെയ്തു.

അകവൂര്‍ ചാത്തനും ഇതുപോലെതന്നെ ഒരു ദിവ്യനായിരുന്നു. അദ്ദേഹം അകവൂര്‍ നമ്പൂരിപ്പാട്ടിലെ ഭൃത്യനായി ആ മനയ്ക്കലാണ് താമസിച്ചിരുന്നത്. അന്നത്തെ അച്ഛന്‍ നമ്പൂരിപ്പാട്ടിലേക്ക് അനര്‍ഹയായ ഒരു സ്ത്രീയില്‍ മനസ്സു പ്രവര്‍ത്തിക്കയാല്‍ തത്പാപപരിഹാരാര്‍ഥം ഗംഗാസ്‌നാനം ചെയ്യണമെന്നു തീര്‍ച്ചയാക്കി. നമ്പൂരിപ്പാട്ടീന്നു പോയപ്പോള്‍ ഭൃത്യനായ ചാത്തനെയും കൊണ്ടുപോയി. ചാത്തന്‍ ഒരു ചുരയ്ക്കായും എടുത്തിട്ടുണ്ടായിരുന്നു. നമ്പൂരിപ്പാട്ടിന്നു സ്‌നാനം കഴിച്ച പുണ്യതീര്‍ഥങ്ങളിലെല്ലാം ചാത്തന്‍ ഈ ചുരയ്ക്കായും മുക്കി, ചാത്തന്‍ എങ്ങും സ്‌നാനം കഴിച്ചുമില്ല. നമ്പൂരിപ്പാട്ടിന്നു തിരിയെ സ്വഭവനത്തില്‍ എത്തി, കാലഭൈരവപ്രീതിയും മറ്റും കേമമായിക്കഴിച്ചു പാപമോചനം വന്നു എന്നു വിചാരിച്ച് ഇരിപ്പുമായി. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം ചാത്തന്‍ ഈ ചുരയ്ക്കായെടുത്തു കറിക്കു നുറുക്കിക്കൊടുത്തു.

അതൊരു കയ്പന്‍ ചുരയ്ക്കായായിരുന്നതിനാല്‍ കൂട്ടാന്‍ കയ്പുകൊണ്ട് കൂട്ടാന്‍ പാടില്ലായിരുന്നു. കൂട്ടാന്‍ കയ്ചതിനാല്‍ നമ്പൂരിപ്പാട്ടീന്ന് അന്തര്‍ജനത്തിനെ ദേഷ്യപ്പെട്ടു. 'ചാത്തന്‍ നുറുക്കിത്തന്നതാണ് ഞാന്‍ വെച്ചത്. കഷണമെന്താണെന്നറിഞ്ഞില്ല. ആ കഷണത്തിന്റെ കയ്പായിരിക്കണം. അല്ലാതെയൊന്നുമല്ല' എന്നന്തര്‍ജനം പറഞ്ഞു. നമ്പൂരിപ്പാട്ടിന്ന് ഊണു കഴിഞ്ഞ് പുറത്തു വന്നയുടനെ ചാത്തനെ വിളിച്ച് 'കൂട്ടാനിനു നുറുക്കിക്കൊടുത്ത കഷണമെന്തായിരുന്നു' എന്നും 'അതു കയ്ക്കുന്നതിന്റെ കാരണമെന്തെ'ന്നും ചോദിച്ചു.അപ്പോള്‍ ചാത്തന്‍ 'കൂട്ടാന്റെ കഷണം കയ്ക്കുന്നുണ്ടെങ്കില്‍ തിരുമനസ്സിലെ പാപവും തീര്‍ന്നിട്ടില്ല. തിരുമേനി സ്‌നാനം കഴിച്ച പുണ്യതീര്‍ഥങ്ങളിലെല്ലാം അടിയന്‍ ആ കയ്പന്‍ ചുരയ്ക്കായും മുക്കിയല്ലോ. ആ ചുരയ്ക്കയാണ് കൂട്ടാനിന്നു നുറുക്കിക്കൊടുത്തത്' എന്നു പറഞ്ഞു.

ഇതു കേട്ടപ്പോള്‍ ചാത്തന്‍ തന്നെ പരിഹസിക്കാനായിട്ടാണ് ചുരയ്ക്കാ മുക്കിക്കൊണ്ടുവന്നതെന്ന് മനസ്സിലാകയാല്‍ നമ്പൂരിപ്പാട്ടിലെ കോപം അശേഷം പോയി എന്നു തന്നെയല്ല, വളരെ ലജ്ജയുമുണ്ടായി. തന്റെ പാപം തീര്‍ന്നിട്ടില്ലെന്നു സ്വയമേവ നമ്പൂരിപ്പാട്ടിന്നു സമ്മതിച്ചു. 'ഇനി പാപം തീരാന്‍ എന്തു വേണമെന്നു നീ തന്നെ പറഞ്ഞുതരണ'മെന്നു നമ്പൂരിപ്പാട്ടീന്നു പറയുകയാല്‍ ചാത്തന്‍, 'തിരുമേനി യാതൊരു സാധനത്തെ ആഗ്രഹിച്ചുവോ അതിന്റെ പ്രതിമ ഇരുമ്പുകൊണ്ടുണ്ടാക്കിച്ച് അതു തീയിലിട്ടു നല്ലപോലെ പഴുപ്പിച്ചെടുത്തു നാട്ടി, അനേകം ജനങ്ങള്‍ കൂടിനില്‍ക്കുമ്പോള്‍ ഇന്ന സംഗതിയുടെ പാപം തീരാനാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് അതിനെ ആലിംഗനം ചെയ്യണം. അല്ലാതെ ഈ പാപം ഒരിക്കലും തീരുന്നതല്ല' എന്നു പറഞ്ഞു. നമ്പൂരിപ്പാട്ടിന്ന് ഇതു കേട്ട് അങ്ങനെതന്നെ ചെയ്യാമെന്നു തീര്‍ച്ചപ്പെടുത്തി. പിന്നെ ഇരുമ്പുകൊണ്ട് ഒരാളോളം വലിപ്പത്തില്‍ ഒരു സ്ത്രീപ്രതിമയുണ്ടാക്കിച്ചു. ഈ പ്രതിവിധി ഇന്നദിവസം ചെയ്കയെന്നു നിശ്ചയിച്ചു മലയാള രാജ്യമൊട്ടുക്ക് ഒരു പരസ്യവും പ്രസിദ്ധപ്പെടുത്തി. സമയമായപ്പോഴേക്കും അസംഖ്യം ജനങ്ങള്‍ അവിടെ വന്നുകൂടി. പ്രതിമയും പഴുപ്പിച്ചു വലിയ കൊടിലുകള്‍കൊണ്ടും മറ്റും പിടിച്ചു സഭയില്‍ നാട്ടിവച്ചു. നമ്പൂരിപ്പാട്ടീന്നു തനിക്കു പാപം സംഭവിക്കാനുള്ള കാരണവും ഇത് അതിന്റെ പരിഹാരമാണെന്നും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് തീക്കട്ടപോലെ ജ്വലിച്ചുകൊണ്ടിരിക്കുന്ന പ്രതിമയെ കെട്ടിപ്പിടിക്കാനായി ഓടിച്ചെന്നു. തൊട്ടുതൊട്ടില്ലെന്നായപ്പോള്‍ അടുത്തു നിന്നിരുന്ന ചാത്തന്‍ നമ്പൂരിപ്പാട്ടിനെ തടഞ്ഞുനിറുത്തിക്കൊണ്ട് 'ഇത്രയും മതി. ഇപ്പോള്‍ അവിടുത്തെ പാപമെല്ലാം തീര്‍ന്നിരിക്കുന്നു' എന്നു പറഞ്ഞു. അതിനെ അവിടെ കൂടിയിരുന്ന സകലജനങ്ങളും ഐകകണ്‌ഠ്യേന സമ്മതിക്കുകയും ചെയ്തു. ഇതിനാല്‍ പാപമോചനത്തിനു പശ്ചാത്താപവും മനഃശുദ്ധിയുമാണ് വേണ്ടതെന്നും അതുകൂടാതെ ഗംഗാസ്‌നാനം മുതലായവ ചെയ്താല്‍ മതിയാകുന്നതല്ലെന്നും സ്​പഷ്ടമാകുന്നുവല്ലോ. നമ്പൂതിരിപ്പാട്ടീന്നു പതിവായി ഏഴര നാഴിക വെളുപ്പാനുള്ളപ്പോള്‍ കുളിച്ചു ഉച്ചയാകുന്നതുവരെ തേവാരം കഴിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണെന്ന് ഒരു ദിവസം ചാത്തന്‍ ചോദിച്ചു. 'ഞാന്‍ പരബ്രഹ്മത്തെ സേവിക്കയാണെ'ന്നു നമ്പൂതിരിപ്പാട്ടീന്നു പറഞ്ഞു. 'അപ്പോള്‍ പരബ്രഹ്മം എങ്ങനെയിരിക്കും' എന്നു ചാത്തന്‍ ചോദിക്കയാല്‍ നമ്പൂരിപ്പാട്ടീന്നു പരിഹാസമായിട്ടു 'നമ്മുടെ മാടന്‍പോത്തിനെപ്പോലിരിക്കും' എന്നു പറഞ്ഞു. പിന്നെ നമ്പൂതിരിപ്പാട്ടീന്നു കുളിക്കുമ്പോള്‍ ചാത്തനും പതിവായി കുളിച്ചു പരബ്രഹ്മത്തെ സേവിച്ചു തുടങ്ങി. അങ്ങനെ നാല്‍പ്പതു ദിവസം കഴിഞ്ഞപ്പോള്‍ ചാത്തന്റെ ധ്യാനപ്രകാരം മാടന്‍പോത്തിന്റെ സ്വരൂപത്തില്‍ പരബ്രഹ്മം അയാള്‍ക്കു പ്രത്യക്ഷമായി. പിന്നെ സദാ പരബ്രഹ്മം ചാത്തന്റെ കൂടെ നടക്കുകയും അയാള്‍ പറയുന്ന വേലകള്‍ ചെയ്കയും തുടങ്ങി. നമ്പൂതിരിപ്പാട്ടീന്ന് ഈ വിവരമൊന്നും അറിഞ്ഞുമില്ല. അദ്ദേഹത്തിന് ഈ മാടന്‍പോത്ത് അപ്രത്യക്ഷമായിട്ടാണ് ഇരുന്നതും.

അങ്ങനെയിരിക്കുമ്പോള്‍ നമ്പൂതിരിപ്പാട്ടീന്നു തെക്കേ ദിക്കിലേക്ക് ഒരു യാത്രയുണ്ടായി. ഭാണ്ഡമെടുക്കുന്നതിനു ചാത്തനേയും കൊണ്ടുപോയി. ചാത്തന്‍ ഭാണ്ഡം മാടന്‍പോത്തിന്റെ പുറത്തു കെട്ടിയിട്ടു ചുമപ്പിച്ചുംകൊണ്ടു നമ്പൂതിരിപ്പാട്ടിലെ കൂടെപ്പോയി. ഓച്ചിറപ്പടനിലം എന്നു പ്രസിദ്ധമായ സ്ഥലത്തു ചെന്നപ്പോള്‍ അവിടെ ഒരു വിസ്താരം കുറഞ്ഞ വാതുക്കലൂടെ കടന്നുപോകേണ്ടിയിരുന്നു. നമ്പൂതിരിപ്പാട്ടീന്നു മുന്‍പേ കടന്നു. പിന്നാലെ ചാത്തനും കടന്നു. മാടന്‍പോത്തിന്റെ കൊമ്പുകള്‍ അവിടെ തടഞ്ഞതിനാല്‍ അതിനു കടക്കാന്‍ പാടില്ലാതെ അവിടെ നിന്നു. അപ്പോള്‍ ചാത്തന്‍ തിരിഞ്ഞുനിന്നു 'ചരിച്ചു കടത്തൂ' എന്നു പറഞ്ഞു. നമ്പൂതിരിപ്പാട്ടീന്ന് ഇതു കേട്ടു തിരിഞ്ഞുനോക്കിയപ്പോള്‍ മാടന്‍പോത്തിനെ അദ്ദേഹത്തിനു കാണ്‍മാന്‍ പാടില്ലായിരുന്നതിനാല്‍ 'നീ ആരോടാണ് പറയുന്നത്?' എന്നു ചോദിച്ചു. 'നമ്മുടെ മാടന്‍പോത്തിനോട്' എന്നു ചാത്തന്‍ മറുപടി പറഞ്ഞു.

നമ്പൂതിരിപ്പാട്: 'മാടന്‍പോത്തെവിടെ? ഏതു മാടന്‍പോത്ത്?'
ചാത്തന്‍: 'ഇതാ നില്‍ക്കുന്നു. അവിടുന്നു കാണുന്നില്ലേ? തിരുമനസ്സിലെ കല്‍പ്പനപ്രകാരം അടിയന്‍ സേവിച്ചു പ്രത്യക്ഷമാക്കിയ മാടന്‍പോത്താണിത്.'
ഇതു കേട്ടു നമ്പൂതിരിപ്പാട്ടീന്നു ചാത്തനെ തൊട്ടുംകൊണ്ടു നോക്കിയപ്പോള്‍ മാടന്‍പോത്തിന്റെ ആകൃതിയില്‍ പ്രത്യക്ഷമായിരിക്കുന്ന പരബ്രഹ്മത്തെ കണ്ടു. നമ്പൂതിരിപ്പാട്ടീന്ന് 'എന്നെക്കാള്‍ ഭക്തി നിനക്കു തന്നെയാണ്. അതിനാല്‍ ഞാന്‍ നിന്നെയും വന്ദിക്കുന്നു' എന്നു പറഞ്ഞു ചാത്തനെ നമസ്‌കരിച്ചു. ഉടനെ മാടന്‍പോത്ത് അവിടെത്തന്നെ ഭൂമിയില്‍ താണുപോയി. 'അടിയന്റെ മാടന്‍പോത്തില്ലാതെ അടിയന്‍ വരികയില്ല' എന്നു പറഞ്ഞു ചാത്തനും അവിടെ ഇരിപ്പായി. 'എനിക്കിനി എന്താണ് ഗതി' എന്നു നമ്പൂതിരിപ്പാട്ടീന്നു ചോദിച്ചു. അപ്പോള്‍ ചാത്തന്‍ 'മേല്‍പ്പോട്ടു കേറാന്‍ നൂലുണ്ടല്ലോ. അതു പിടിച്ചു കേറിക്കൊള്ളണം' എന്നു പറഞ്ഞു. അതിന്റെ സാരം വേദംകൊണ്ടു മോക്ഷത്തെ പ്രാപിച്ചുകൊള്ളണമെന്നാണെന്നു മനസ്സിലാക്കി നമ്പൂതിരിപ്പാട്ടീന്നു ചാത്തനെ വിട്ടു വിഷാദത്തോടുകൂടി പോവുകയും ചെയ്തു. ചാത്തന്‍ പിന്നെയും കുറഞ്ഞൊരുകാലം പരബ്രഹ്മത്തെയും ധ്യാനിച്ചുകൊണ്ട് അവിടെയിരുന്നു. ഒടുക്കം ആണ്ടുതോറും പതിവുള്ള പടയില്‍ച്ചേര്‍ന്നു മരിച്ചു സായൂജ്യം പ്രാപിക്കയും ചെയ്തു.

ഉളിയന്നൂര്‍ പെരുന്തച്ചനും അനേകം അത്ഭുതകര്‍മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വദേശത്തുതന്നെ ഒരു ക്ഷേത്രത്തിലെ ഉപയോഗത്തിലേക്കായി അവിടുത്തെ ഊരാണ്‍മക്കാര്‍ പറഞ്ഞിട്ട് ഒരു കുളം പെരുന്തച്ചന്‍ ഉണ്ടാക്കീട്ടുണ്ട്. കുളം കുഴിച്ചു കല്ലു കെട്ടിത്തുടങ്ങിയപ്പോള്‍ ഊരാണ്‍മക്കാരില്‍ ചിലര്‍ കുളം നീളത്തിലിരിക്കണമെന്നും ചിലര്‍ ചതുരത്തില്‍ വേണമെന്നും മറ്റു ചിലര്‍ വട്ടത്തില്‍ വേണമെന്നും മറ്റും തര്‍ക്കമായി. അപ്പോള്‍ പെരുന്തച്ചന്‍ 'നിങ്ങളാരും വഴക്കു പിടിക്കേണ്ട. എല്ലാവരുടെയും ഇഷ്ടപ്രകാരം കുളം വട്ടത്തില്‍ നീളത്തില്‍ സമചതുരമായി ത്രികോണായിട്ടു കോഴിമുട്ടഭാഷയിലുണ്ടാക്കിയേക്കാം. എന്നാല്‍ പോരേ? എന്നു പറഞ്ഞ് അങ്ങനെ ഒരു കുളവും കെട്ടിത്തീര്‍ത്തു. ആ കുളത്തിന്റെ ഓരോരോ ഭാഗത്തുനിന്നു നോക്കിയാല്‍ പെരുന്തച്ചന്‍ പറഞ്ഞതുപോലെ ഒക്കെയും തോന്നും. കുളത്തിലിറങ്ങിയാല്‍ ഇപ്പോഴും ആര്‍ക്കും കിഴക്കു പടിഞ്ഞാറ് അറിയാന്‍ പാടില്ലാതെയാണിരിക്കുന്നത്. അതിനാല്‍ ബ്രാഹ്മണര്‍ ആ കുളത്തില്‍ കുളിച്ചു നിത്യകര്‍മം കഴിക്കാറില്ല. പെരുന്തച്ചന് അതിദിവ്യനായ ഒരു പുത്രനും ഉണ്ടായിരുന്നു. ഈ കുളം പെരുന്തച്ചന്‍ കുഴിച്ചപ്പോള്‍, മകന്‍, 'പുഴ കടന്ന് ഈ കുളത്തിലേക്ക് വല്ലവരും പോകുമോ' എന്നു ചോദിച്ചു. അന്നു കുളം ക്ഷേത്രത്തിനടുത്തും പുഴ വളരെ അകന്നും ആയതിനാല്‍ 'ഇതെന്താടാ ഈ ഭ്രാന്ത് പറയുന്നത്? പുഴ എത്ര ദൂരെ കിടക്കുന്നു' എന്നു പെരുന്തച്ചന്‍ പറഞ്ഞു. 'ആട്ടെ കാണാം' എന്നു മകനും പറഞ്ഞു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ദൂരേക്കൂടി ഒഴുകിക്കൊണ്ടിരുന്ന നദി കുത്തിപ്പാഞ്ഞ് അമ്പലത്തിന്റെയും കുളത്തിന്റെയും മധ്യേ ഒഴുകിത്തുടങ്ങി. അപ്പോള്‍ അമ്പലമിക്കരെയും കുളമക്കരെയുമായിത്തീര്‍ന്നു. ആറു കടന്ന് ആരും കുളത്തിലേക്കു പോകാതെയുമായി. ഇപ്പോഴും ആ സ്ഥിതിയില്‍ത്തന്നെ ഇരിക്കുന്നു.

പിന്നെ പെരുന്തച്ചന്‍ ഒരു നദിയില്‍ ഒരു പാലം പണിതു. അതിനും കുറെ ദിവ്യത്വമുണ്ട്. പാലത്തിന്റെ ഒരറ്റത്ത് ഒരു പാവയുണ്ട്. മറ്റേ അറ്റത്ത് ആള്‍ കേറുമ്പോള്‍ പാവ കീഴ്‌പോട്ടു താണുതുടങ്ങും. ആള്‍ പാലത്തിന്റെ മധ്യത്തിലാകുമ്പോള്‍ പാവ വെള്ളത്തില്‍ മുങ്ങും. അങ്ങേ അറ്റത്തു ചെല്ലുമ്പോഴേക്കും പാവ വായില്‍ നിറച്ചു വെള്ളവുംകൊണ്ട് പൂര്‍വസ്ഥിതിയില്‍ മുകളില്‍ വന്നു നില്‍ക്കും. ആള്‍ അടുത്തു ചെല്ലുമ്പോള്‍ ചെല്ലുന്ന ആളുടെ മുഖത്ത് ഒരു തുപ്പും കൊടുക്കും. ഇങ്ങനെയാണ് അതിന്റെ സൂത്രം. ഇതു പെരുന്തച്ചന്റെ മകന്‍ കണ്ടിട്ടു വേറൊരു പാവയെ ഉണ്ടാക്കി പാലത്തിന്റെ ഇങ്ങേ അറ്റത്തുവെച്ചു. ആ പാവ പാലത്തിന്മേല്‍ ആളു കയറുമ്പോള്‍ മുമ്പേ നടന്നുതുടങ്ങും. ആളുകള്‍ അങ്ങേ അറ്റത്തു ചെല്ലുന്നതിനു മുമ്പേ അവിടെ എത്തും. മറ്റേപ്പാവ തുപ്പുന്നതിനു മുമ്പേ അതിന്റെ ചെകിട്ടത്ത് ഈ പാവ ഒരടി വെച്ചുകൊടുക്കും.അപ്പോള്‍ ആ തുപ്പുന്ന പാവയുടെ മുഖം തിരിഞ്ഞുപോകുന്നതിനാല്‍ ആരുടെയും മുഖത്തു തുപ്പാന്‍ ഒക്കാതെയുമായി.

പെരുന്തച്ചന്‍ ഒരിക്കല്‍ ഒരു വഴിയാത്ര പോകുമ്പോള്‍ ഒരു ദിക്കില്‍ ചില ആശാരിമാര്‍കൂടി ഒരമ്പലം പണിയുന്നതു കണ്ട് അവിടെച്ചെന്ന് നോക്കിക്കൊണ്ടിരുന്നു. ആശാരിമാരാരും പെരുന്തച്ചനെ ബഹുമാനിക്കയും കണ്ടതായി നടിക്കപോലും ചെയ്തില്ല. അവര്‍ക്ക് ഊണുകാലമായപ്പോള്‍ പെരുന്തച്ചനെ വിളിക്കാതെ പോവുകയും ചെയ്തു. ഉടനെ ശ്രീകോവിലിനുള്ള കഴുക്കോലിന്റെ അറ്റത്തൊക്കെ ഓരോ വര കൂടി വരച്ചുംവെച്ചു പെരുന്തച്ചനും പോയി. ആശാരിമാര്‍ ഊണുകഴിഞ്ഞു വന്നു പണി തുടങ്ങി. പെരുന്തച്ചന്‍ വരച്ച വര അവിടത്തെക്കണക്കാശാരി വരച്ചതാണെന്നു വിചാരിച്ച് അവിടെ വെച്ചു മുറിച്ചു കഴുക്കോലെല്ലാം പണിതീര്‍ത്തു കൂട്ടുകേറ്റിയപ്പോള്‍ കഴുക്കോലിന് നീളം പോരായ്കയാല്‍ കൂടം പിടിക്കയില്ല. കണക്കനും പണിക്കാരനുംകൂടി പഠിച്ച വിദ്യയെല്ലാമെടുത്തിട്ടും കൂടം പിടിച്ചില്ല. ഈ അബദ്ധം എങ്ങനെ വന്നു എന്നറിയാതെ എല്ലാവരും വളരെ വ്യസനിച്ചു. ഒടുക്കം കഴുക്കോലുകള്‍ മാറ്റണമെന്നുതന്നെ തീര്‍ച്ചപ്പെടുത്തി. ശ്രീകോവിലിന്റെ കൂട്ടുകേറ്റിയ വിധത്തില്‍ത്തന്നെ കൂടംപിടിക്കാതെ ആ നിലയില്‍ വെച്ചും വെച്ചുതന്നെ വേറെ പണികള്‍ തുടങ്ങി.

പെരുന്തച്ചന്‍ പോയി ആരുമറിയാതെ കുറെ കടുന്തുടികള്‍ ഉണ്ടാക്കിക്കൊണ്ടു പുറപ്പെട്ടു. യാത്രയായപ്പോള്‍ 'എങ്ങോട്ടാ യാത്ര?' എന്നു മകന്‍ ചോദിച്ചു. ഒന്നും മിണ്ടാതെ പെരുന്തച്ചന്‍ പോയി. പിന്നാലെ മകനും പുറപ്പെട്ടു. ഒരു ദിവസം ഉച്ചയായപ്പോള്‍ ഈ അമ്പലം പണിയുന്ന സ്ഥലത്തുവന്നു. അപ്പോള്‍ ആശാരിമാരെല്ലാം ഉണ്ണാന്‍ പോയിരിക്കയായിരുന്നു. അവിടെ ആരുമില്ലെന്ന് മനസ്സിലായപ്പോള്‍ പെരുന്തച്ചന്‍ ശ്രീകോവിലിന് മുകളില്‍ കയറി ഈ കടുന്തുടികളെല്ലാം വെച്ചിണക്കി
ഒരടി കൊടുത്തു. പെട്ടെന്ന് കൂടം പിടിക്കയും ചെയ്തു. അപ്പോഴേക്കും മകനും അവിടെ എത്തി. ഉടനെ പെരുന്തച്ചന്‍ 'കണ്ടോടാ, മകനേ കൂടം പിടിച്ചത്' എന്നു ചോദിച്ചു. 'ഓഹോ കാണുകയും ചെയ്തു പഠിക്കയും ചെയ്തു' എന്നു മകന്‍ ഉത്തരം പറഞ്ഞു.

ഇങ്ങനെ പലവിധത്തിലും മകന്‍ അസാമാന്യനാണെന്ന് അറിഞ്ഞപ്പോള്‍ തന്റെ ആദ്യപുത്രനാണെങ്കിലും പെരുന്തച്ചന് അവനെക്കുറിച്ച് സഹിക്കവയ്യാതെയുള്ള അസൂയയും വൈരവുമുണ്ടായി. ഇവന്‍ ജീവിച്ചിരുന്നാല്‍ തന്റെ യശസ്സിന് ഹാനി ഭവിക്കുമെന്നും അതിനാല്‍ ഏതുവിധവും ഇവന്റെ കഥ കഴിക്കണമെന്നും പെരുന്തച്ചന്‍ തീര്‍ച്ചയായി മനസ്സില്‍ ഉറച്ചു.

കൂടം പിടിച്ച ശബ്ദം കേട്ട് ആശാരിമാരെല്ലാം ഓടിവന്നു നോക്കിയപ്പോള്‍ കൂടം പിടിച്ചിരിക്കുന്നതായി കണ്ടു. അപ്പോള്‍ ഇതെല്ലാം പെരുന്തച്ചന്റെ കൗശലങ്ങളാണെന്നു മനസ്സിലാവുകയാല്‍ ആശാരിമാരെല്ലാം പെരുന്തച്ചനെയും മകനെയും വന്ദിച്ചു ബഹുമാനിച്ചു. അന്നു മുതല്‍ പെരുന്തച്ചനെയും മകനെയുംകൂടി പണിക്കു പ്രധാനന്മാരായി ചേര്‍ക്കുകയും അവര്‍ കൂടി പണി തുടങ്ങുകയും ചെയ്തു. അക്കാലം മുതല്‍ ആശാരിമാര്‍ പണിതുകൊണ്ടിരിക്കുന്ന സ്ഥലത്ത് മറ്റാശാരിമാര്‍ വന്നാല്‍ അവര്‍ക്കുകൂടി ചോറ് കൊടുക്കാതെ ഇവര്‍ ഉണ്ണുകയില്ലെന്ന് ഒരേര്‍പ്പാടും വെച്ചു.

പിന്നെ അവിടെപ്പണിതുകൊണ്ടിരിക്കുന്ന കാലത്ത് പെരുന്തച്ചന്‍ അമ്പലത്തിന്റെ മുകളിലിരുന്നുകൊണ്ട് താഴെക്കുനിഞ്ഞിരുന്നു പണിയുന്ന മകന്റെ കഴുത്തിലേക്ക് ഒരു വലിയ ഉളി കൈമോശം വന്നുപോയി എന്ന ഭാവത്തില്‍ ഇട്ടു. ഉളി വന്നുവീണ് കഴുത്ത് രണ്ടായി മുറിഞ്ഞ് മകന്‍ മരിക്കയും ചെയ്തു. ഈ സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത് തിരുവല്ലായില്‍ വെച്ചാണെന്നാണ് കേട്ടിരിക്കുന്നത്.

പെരുന്തച്ചന്‍ സ്വദേശത്തുള്ള നമ്പൂരിമാരുടെ ആവശ്യപ്രകാരം അവിടെയും ഒരമ്പലം പണിതിട്ടുണ്ട്. അവിടെ സോപാനത്തിങ്കല്‍നിന്നും ശ്രീകോവിലകത്തേക്ക് കേറുമ്പോള്‍ ഇടയ്ക്കിടയ്ക്ക് തലമുട്ടുമെന്നു തോന്നും കണ്ടാല്‍. സാധാരണയായി കേറുകയും ഇറങ്ങുകയും ചെയ്താല്‍ തല മുട്ടുകയില്ല. തല മുട്ടിയേക്കുമെന്ന് സംശയിച്ചു നില്ക്കുകയോ കുനിയുകയോ ചെയ്താല്‍ തല മുട്ടുകയും ചെയ്യും. അങ്ങനെ ഒരു വിദ്യയുണ്ട്. അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ബിംബവും പെരുന്തച്ചനുണ്ടാക്കിയതാണ്. നമ്പൂരിമാരെല്ലാംകൂടി ഒരു ബിംബമുണ്ടാക്കിക്കൊടുക്കണമെന്ന് പെരുന്തച്ചനോട് പറഞ്ഞു. അങ്ങനെയാവാമെന്ന് പെരുന്തച്ചനും സമ്മതിച്ചു. ഏതു മൂര്‍ത്തിയുടെ വിഗ്രഹമാണ് വേണ്ടതെന്ന് നമ്പൂരിമാര്‍ പറഞ്ഞുമില്ല. പെരുന്തച്ചന്‍ ചോദിച്ചുമില്ല. തമ്മില്‍ പിരിഞ്ഞു കഴിഞ്ഞപ്പോഴാണ് പെരുന്തച്ചന്‍ അതിനെക്കുറിച്ച് വിചാരിച്ചത്. എല്ലാവരും അത്താഴം കഴിഞ്ഞ് കിടക്കുന്ന സമയം അവരവരുടെ ഇഷ്ടദേവതമാരുടെ പേര് പറഞ്ഞ് പ്രാര്‍ഥിക്കുമല്ലോ. അതിനാല്‍ നമ്പൂരിമാര്‍ കിടക്കുന്ന സമയം എന്തു പറയുന്നു എന്നറിയണം. അതറിഞ്ഞാല്‍ അവരുടെ ഇഷ്ടദേവതയുടെ വിഗ്രഹം ഉണ്ടാക്കിക്കൊടുക്കാമല്ലോ. എന്നിങ്ങനെ വിചാരിച്ചു. പെരുന്തച്ചന്‍ പല ദിവസമായി നമ്പൂരിമാര്‍ കിടക്കുന്ന സമയത്ത് അവിടെയൊക്കെപ്പോയി ഒളിച്ചുനിന്നു. അവരെല്ലാം കിടക്കുന്ന സമയത്ത് 'അവിടെക്കിട' എന്നും പറഞ്ഞുകൊണ്ടാണ് കിടക്കുക പതിവ്. അല്ലാതെ ഈശ്വരനാമം ഒന്നും പറയുക പതിവില്ല. ഒടുക്കം പെരുന്തച്ചന്‍ 'എന്നാലിവിടെക്കിട' എന്നും പറഞ്ഞ് ഒരു ബിംബം ഉണ്ടാക്കിക്കൊടുത്തു. അങ്ങനെ ഒരു ബിംബം ഇപ്പോഴും അവിടെ കിടക്കുന്നുണ്ട്. മൂര്‍ത്തിയെന്താണെന്ന് ആര്‍ക്കും നിശ്ചയവുമില്ല.

പെരുന്തച്ചന്‍ ഒരുദിവസം രാവിലെ അഗ്നിഹോത്രിയെ കാണാനായി അദ്ദേഹത്തിന്റെ ഇല്ലത്തു ചെന്നിരുന്നു. പെരുന്തച്ചനും മറ്റും അഗ്നിഹോത്രിയുടെ ഇല്ലത്തു ചെന്നാല്‍ ശ്രാദ്ധമൂട്ടേണ്ടുന്ന ദിവസങ്ങളിലല്ലാതെ അകത്തു കടക്കാറില്ല. മറ്റുള്ള ദിവസങ്ങളില്‍ അവിടെച്ചെന്നാല്‍ യഥാക്രമം പുറത്തു നില്‍ക്കുകയേ പതിവുള്ളൂ. അതിനാല്‍ പെരുന്തച്ചന്‍ അന്നു ചെന്നിട്ടു പടിക്കുപുറത്താണു നിന്നത്. അവിടെ നിന്നുകൊണ്ട് അഗ്നിഹോത്രി അപ്പോള്‍ എന്തുചെയ്യുകയാണെന്ന് അന്വേഷിച്ചു. അപ്പോള്‍ അദ്ദേഹം സഹസ്രാവൃത്തി കഴിക്കുകയാണെന്നു ഭൃത്യന്മാര്‍ പറഞ്ഞു. ഉടനെ പെരുന്തച്ചന്‍ അവിടെയിരുന്നു നിലത്ത് ചെറുതായിട്ട് ഒരു കുഴി കുഴിച്ചു. പെരുന്തച്ചന്‍ പിന്നെ അന്വേഷിച്ചപ്പോള്‍ അഗ്നിഹോത്രി ആദിത്യനമസ്‌കാരത്തിലായിരുന്നു. അപ്പോഴും പെരുന്തച്ചന്‍ ഒരു കുഴി കുഴിച്ചു. പിന്നെ അന്വേഷിച്ചപ്പോള്‍ അഗ്നിഹോത്രി കഴിച്ചുകൊണ്ടിരുന്നത് ഗണപതിഹോമമായിരുന്നു. പെരുന്തച്ചന്‍ അപ്പോഴും ഒരു കുഴി കുഴിച്ചു. ഇങ്ങനെ പെരുന്തച്ചന്‍ അന്വേഷിച്ചപ്പോഴൊക്കെ അഗ്നിഹോത്രി വിഷ്ണുപൂജ, ശിവപൂജ, സാളഗ്രാമപുഷ്പാഞ്ജലി, വൈശ്യം മുതലായി ഓരോന്നു കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴെല്ലാം പെരുന്തച്ചന്‍ ഓരോ കുഴി കുഴിക്കുകയും ചെയ്തു. നേരം ഉച്ചയായപ്പോഴേക്കും അഗ്നിഹോത്രി പുറത്തുവന്നു. അപ്പോള്‍ പെരുന്തച്ചന്‍ 'തേവാരമെല്ലാം കഴിഞ്ഞോ?' എന്നു ചോദിച്ചു.
അഗ്നിഹോത്രി: 'ഓ! ഏകദേശമെല്ലാം കഴിഞ്ഞു. പെരുന്തച്ചന്‍ വന്നിട്ടു വളരെ നേരമായി, അല്ലേ? ഇരുന്നു മുഷിഞ്ഞായിരിക്കും.'

പെരുന്തച്ചന്‍: 'ഒട്ടും മുഷിഞ്ഞില്ല. എനിക്കും ഇവിടെ മിനക്കേടുണ്ടായില്ല. ഇവിടെ ഞാന്‍ അനേകം കുഴികള്‍ കുഴിച്ചു. പക്ഷേ, ഒന്നിലും വെള്ളം കണ്ടില്ല. ഇത്രയും നേരം കൊണ്ട് അനേകം കുഴികള്‍ കുഴിക്കാതെ ഒരു കുഴി കുഴിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ വെള്ളം കാണുമായിരുന്നു.'

ഇതു കേട്ടപ്പോള്‍ പെരുന്തച്ചന്‍ തന്നെ ആക്ഷേപിക്കുകയാണ് ചെയ്തതെന്നും പെരുന്തച്ചന്‍ പറഞ്ഞതിന്റെ സാരം അനേകമീശ്വരന്മാരെ കുറേശ്ശ സേവിക്കുന്നതു വെറുതെയാണെന്നും ഒരീശ്വരനെ സേവിച്ചാല്‍ മതിയെന്നും അതു നല്ലതുപോലെയായാല്‍ ഫലസിദ്ധിയുണ്ടാകുമെന്നാണെന്നും ഇതു തന്റെ തേവാരത്തെ സംബന്ധിച്ചു പറഞ്ഞതാണെന്നും അഗ്നിഹോത്രിക്കു മനസ്സിലാവുകയാല്‍ അദ്ദേഹം, 'പല കുഴികളായാലും അവ പതിവായി കുറേശ്ശ കുഴിച്ചുകൊണ്ടിരുന്നാല്‍ കുറച്ചുകാലം കഴിയുമ്പോള്‍ എല്ലാത്തിലും വെള്ളം കാണുമെന്നാണ് തോന്നിയത്. എന്നാല്‍ അവയുടെ അടിയിലുള്ള ഉറവകള്‍ക്കു പരസ്​പരബന്ധമുണ്ടായിരിക്കുന്നതുകൊണ്ട് എല്ലാത്തിന്റെയും ചുവട് ഒന്നുതന്നെയാണെന്നു വിചാരിക്കാവുന്നതുമാണ്' എന്നു മറുപടി പറഞ്ഞു.

പെരുന്തച്ചന്‍: 'ചുവടെല്ലാത്തിനും ഒന്നാണെന്നുള്ള ഓര്‍മ വിട്ടുപോകാതെയിരുന്നാല്‍ മതി. പിന്നെ എത്ര വേണമെങ്കിലും കുഴിക്കാം. എല്ലാത്തിലും വെള്ളവും കാണും.'

ഇങ്ങനെ ഒടുക്കം പെരുന്തച്ചന്‍ അഗ്നിഹോത്രിയുടെ യുക്തി ശരിയാണെന്നു സമ്മതിക്കുകയും പിന്നെ വന്ന കാര്യം പറഞ്ഞു പോവുകയും ചെയ്തു.
ഇനി പ്രസിദ്ധനായ പാക്കനാരുടെ ചില കഥകള്‍ കൂടി പറയാതെ ഉപന്യാസം സമാപിപ്പിക്കുന്നതു ശരിയല്ലെന്നു തോന്നുന്നതിനാല്‍ അതു ചിലതു പറയാം. പറയനായ പാക്കനാരുടെ ഉപജീവനവും മറ്റും മുറം വിറ്റാണെന്നാണു വെച്ചിരിക്കുന്നത്.കുലാചാരപ്രകാരമുള്ള പ്രവൃത്തികൊണ്ട് ഉപജീവിക്കുന്നതാണ് ശ്രേഷ്ഠമെന്നു കാണിക്കാനായിരിക്കും അങ്ങനെ വെച്ചിരിക്കുന്നത്.

മാതാപിതാക്കളുടെ ചാത്തമൂട്ടാനായി അഗ്നിഹോത്രികളുടെ ഭവനത്തില്‍ ചെല്ലുമ്പോള്‍ പത്തുപേരും ഓരോ വിശിഷ്ട പദാര്‍ഥങ്ങള്‍ കൊണ്ടുചെല്ലുക പതിവുണ്ട്. പാക്കനാര്‍ മാംസമാണ് കൊണ്ടുചെല്ലുക പതിവ്. അത് അഗ്നിഹോത്രികളുടെ അന്തര്‍ജനത്തിനും ചാത്തക്കാര്‍ക്കും വളരെ വ്യസനമാണ്. എങ്കിലും പാക്കനാരുടെ ദിവ്യത്വം വിചാരിച്ച് ആരുമൊന്നും പറയുകയുമില്ല. കൊണ്ടുചെല്ലുന്നതെല്ലാം അന്തര്‍ജനം പാകംചെയ്കയും ചാത്തക്കാര്‍ ഭക്ഷിക്കയുമാണു പതിവ്.

ഒരിക്കല്‍ പാക്കനാര്‍ ചെന്നപ്പോള്‍ ഒരു പശുവിന്റെ മുല ചെത്തിയെടുത്ത് ഒരിലയില്‍ പൊതിഞ്ഞുകെട്ടി കൊണ്ടുവന്നു. വെലിക്കു വേണ്ടുന്ന സാധനങ്ങള്‍ വെയ്പുതുടങ്ങിയപ്പോള്‍ അന്തര്‍ജനം ഈ പൊതിയഴിച്ചുനോക്കി. പശുവിന്റെ മുലയാണെന്നറിഞ്ഞപ്പോള്‍ എന്തായാലും ഇത് പാകം ചെയ്‌വാന്‍ കഴികയില്ലെന്നു നിശ്ചയിച്ച് അത് അങ്ങനെതന്നെ പൊതിഞ്ഞുകെട്ടി നടുമുറ്റത്തു കൊണ്ടുപോയി കുഴിച്ചിട്ടു. ചാത്തക്കാരനെ ഇരുത്തി വെലിയും തുടങ്ങി. ചാത്തക്കാരന് ഓരോ സാധനങ്ങള്‍ വിളമ്പിത്തുടങ്ങിയപ്പോള്‍ പാക്കനാരു കൊണ്ടുവന്ന സാമാനം കൊണ്ടുള്ള കറിയൊന്നും കാണായ്കയാല്‍ 'ഞാന്‍ കൊണ്ടുവന്നതെവിടെ?' എന്നു പാക്കനാരു ചോദിച്ചു. അന്തര്‍ജനം ഒന്നും പറയാതെ നിന്നതിനാല്‍ സത്യം പറയാനായി അഗ്നിഹോത്രികള്‍ നിര്‍ബന്ധിക്കുകയും അന്തര്‍ജനം പരമാര്‍ഥമൊക്കെ പറയുകയും ചെയ്തു.
അപ്പോള്‍ പാക്കനാര്‍ 'എന്നാല്‍ അതു കിളിര്‍ത്തോ എന്നു നോക്കൂ' എന്നു പറഞ്ഞു. അന്തര്‍ജനം ചെന്നുനോക്കിയപ്പോള്‍ അതു കിളിര്‍ത്ത് അവിടെയൊക്കെപ്പടര്‍ന്നു നിറച്ചു കായുമായി കിടക്കുന്നതു കണ്ടു. വിവരം പറഞ്ഞപ്പോള്‍ 'അതിന്റെ കായ് പറിച്ച് ഒരുപ്പേരിയെങ്കിലും ഉണ്ടാക്കിക്കൊണ്ടുവരൂ' എന്നു പാക്കനാര്‍ പറഞ്ഞു. ചാത്തക്കാരന്റെ ഊണ് കഴിയുന്നതിനു മുമ്പേ അതിന്റെ കായ്കള്‍ കൊണ്ട് ഉപ്പേരി ഉണ്ടാക്കിക്കൊണ്ടുവന്നു വിളമ്പി. അങ്ങനെ ഉണ്ടായതാണ് കോവല്. കോവല്‍ക്കാ ഇപ്പോഴും വെലിക്കു പ്രധാനമാണല്ലോ. 'കോവലും കോഴിയുമുള്ള സ്ഥലത്ത് വെലിയിടണമെന്നില്ല' എന്നൊരു വാക്കും പ്രസിദ്ധമാണ്. കോവലുള്ള ദിക്കില്‍ വെലിയിട്ടില്ലെങ്കിലും പിതൃക്കള്‍ പ്രസാദിച്ചുകൊള്ളുമെന്നും കോഴിയുള്ള ദിക്കില്‍ ശുദ്ധമായിട്ടു വെലിയിടാന്‍ പ്രയാസമാകയാല്‍ വെലിയിട്ടതു കൊണ്ടും വിശേഷമില്ലെന്നുമാണ് ഇതിന്റെ സാരം. ഇതില്‍നിന്നു പാക്കനാരുടെയും കോവലിന്റെയും മാഹാത്മ്യം എത്രയുണ്ടെന്നു സ്​പഷ്ടമാകുന്നുണ്ടല്ലോ.

ഒരുദിവസം പാക്കനാരും ഭാര്യയുംകൂടി കാട്ടില്‍ വിറകൊടിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ അതിനടുത്തുള്ള വഴിയിലൂടെ ഒരു നമ്പൂരി വന്നു. അദ്ദേഹം ഇവരെക്കണ്ടു വഴിമാറാന്‍ പറഞ്ഞു. അപ്പോള്‍ പറക്കള്ളി നമ്പൂരി കേള്‍ക്കാതെ പതുക്കെ 'മകളെ ഭാര്യയാക്കി വെച്ചുകൊണ്ടിരിക്കുന്ന ഇയാള്‍ക്കെന്തിനാണ് വഴിമാറിക്കൊടുക്കുന്നത്' എന്ന് പറഞ്ഞു. അപ്പോള്‍ പാക്കനാര് 'ഛീ! അങ്ങനെ പറയരുത്, ഒരട്ട ശേഷിച്ചിട്ടുണ്ടായിരുന്നു; അത് നിനക്കുമായി' എന്നു പറഞ്ഞു. രണ്ടുപേരും വഴിമാറിക്കൊടുക്കുകയും നമ്പൂരി കടന്നുപോവുകയും ചെയ്തതിന്റെ ശേഷം പറക്കള്ളി 'ഒരട്ടയുണ്ടെന്നു പറഞ്ഞതിന്റെ സാരമെന്താണ്? അതെനിക്കു മനസ്സിലായില്ല' എന്നു പറഞ്ഞു. ഉടനെ പാക്കനാര്‍ 'അതു പറയാം, കേട്ടോളൂ' എന്നു പറഞ്ഞു താഴെ വരുന്ന പ്രകാരം പറഞ്ഞു:

'ഈ നമ്പൂരിയുടെ അന്തര്‍ജനം ഒരുദിവസം അത്താഴത്തിന് അരിവെച്ചതില്‍ ഒരു അട്ട വീണു. ഉടനെ ആ വിവരം അന്തര്‍ജനം നമ്പൂരിയോടു പറഞ്ഞു. ഇദ്ദേഹം ആ ചോറ് ഭൃത്യന്മാര്‍ക്കു കൊടുക്കുന്നതിന് ശട്ടംകെട്ടി. അന്തര്‍ജനം അപ്രകാരം ചെയ്കയും ചെയ്തു. ആ അട്ട വീണ ചോറ് ഭൃത്യന്മാര്‍ക്ക് കൊടുപ്പിച്ചതിനാലുള്ള പാപഫലത്തെ ഇദ്ദേഹത്തെ അനുഭവിപ്പിക്കുന്നതിനായി പരലോകത്തില്‍ ഒരു കുന്നട്ടയെ കൂട്ടീട്ടുണ്ടായിരുന്നു. ഇദ്ദേഹം മരിച്ച് അവിടെ ചെല്ലുമ്പോള്‍ ആ അട്ടയെ മുഴുവനും ഇദ്ദേഹത്തെ തീറ്റണമെന്നാണ് യമധര്‍മരാജാവ് നിശ്ചയിച്ചിരുന്നത്. ആ വിവരം ചിത്രഗുപ്തന് മനസ്സിലായി. ഈ നമ്പൂരി ദിവസംതോറും അത്താഴം കഴിഞ്ഞു കിടക്കുന്ന സമയം 'ചിത്രഗുപ്തായ നമഃ' എന്നു പറഞ്ഞുംകൊണ്ടാണ് കിടക്കുക പതിവ്. അതിനാല്‍ ചിത്രഗുപ്തന്‍ ഈ നമ്പൂരി ദിവസംതോറും എന്നെ പ്രാര്‍ഥിച്ചുകൊണ്ടാണല്ലോ കിടക്കുന്നത്. അദ്ദേഹത്തിനു ഞാന്‍ എന്തെങ്കിലും ഒരു സഹായം ചെയ്തുകൊടുക്കാതിരുന്നാല്‍ കഷ്ടമാണ്. അദ്ദേഹം മരിച്ചിവിടെ വരുമ്പോള്‍ ഈ അട്ടകളെയൊക്കെ തിന്നേണ്ടതായും വന്നിരിക്കുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്ന് ഈ വിവരം ധരിപ്പിക്കയും ഇതിനൊരു പ്രതിവിധി പറഞ്ഞുകൊടുക്കുകയും ചെയ്യണം എന്നു വിചാരിച്ചു നിശ്ചയിച്ചു. ഉടനെ ചിത്രഗുപ്തന്‍ പ്രത്യക്ഷമായി നമ്പൂരിയുടെ അടുക്കല്‍ ചെന്നു. ചിത്രഗുപ്തനെ കണ്ടപ്പോള്‍ ഒരു സാധാരണ മനുഷ്യനല്ലെന്നു തോന്നുകയാല്‍ നമ്പൂരി എണീറ്റു വന്ദിച്ച് 'അല്ലയോ സ്വാമിന്‍, അവിടുന്ന് ആരാണെന്നും ഇവിടെ വന്നതെന്തിനായിട്ടാണെന്നും ഞാനറിയുന്നില്ല. അതിനാല്‍ അവിടുന്നരുളിച്ചെയ്താലും' എന്നു പറഞ്ഞു.

ചിത്രഗുപ്തന്‍: 'ഞാന്‍ ചിത്രഗുപ്തനാണ്. അങ്ങ് പ്രതിദിനം കിടക്കുന്ന സമയം എന്നെ പ്രാര്‍ഥിക്കുന്നുണ്ടല്ലോ. അങ്ങേക്കു വലിയതായിരിക്കുന്ന ഒരു കഷ്ടസംഭവം വരാനിരിക്കുന്നു. അതറിയിക്കാനായിട്ടാണ് ഇപ്പോള്‍ ഞാനിവിടെ വന്നത്.'

നമ്പൂരി: (വീണ്ടും വന്ദിച്ചിട്ട്) 'അയ്യോ! എന്താണാവോ? അവിടുന്നരുളിച്ചെയ്തു കേള്‍പ്പാന്‍ ഞാനാഗ്രഹിക്കുന്നു.'
ചിത്രഗുപ്തന്‍: 'അങ്ങ് ഒരുദിവസം അട്ട വീണ ചോറ് ഭൃത്യന്മാര്‍ക്കു കൊടുപ്പിച്ചല്ലോ. അതിനാല്‍ അങ്ങു മരിച്ചു പരലോകത്തു വരുമ്പോള്‍ തീറ്റാനായിട്ട് അവിടെ ഒരു കുന്നട്ടയെ കൂട്ടീട്ടുണ്ട്. തക്കതായ പ്രതിവിധി എന്തെങ്കിലും ചെയ്യാത്തപക്ഷം ആ അട്ടയെ എല്ലാം അങ്ങു തിന്നേണ്ടിവരും. അവരവര്‍ ചെയ്യുന്ന പാപത്തിന്റെ ഫലം അവരവര്‍ അനുഭവിക്കാതെ നിവൃത്തിയില്ല. ഈ സംഗതിയില്‍ ഞാന്‍ വിചാരിച്ചാലും അപ്പോള്‍ ഒരു സഹായവും ചെയ്യാന്‍ കഴിയുന്നതല്ല. അതിനാലാണ് മുന്‍കൂട്ടി അറിയിച്ചത്.'

നമ്പൂരി: 'അയ്യോ സ്വാമിന്‍, ഞാനെന്തു വേണ്ടൂ? എന്റെ അറിവില്ലായ്മ കൊണ്ട് അങ്ങനെ ചെയ്തുപോയി. ഇനി അതിനെന്തു പ്രതിവിധിയാണ് ചെയ്യേണ്ടത്? അതും അവിടുന്നുതന്നെ പറഞ്ഞുതരണം. അല്ലാതെ എനിക്കൊന്നും അറിഞ്ഞുകൂടാ.'

ചിത്രഗുപ്തന്‍: 'ആട്ടെ, ഞാനൊരു കാര്യം പറയാം. അപ്രകാരം ചെയ്താല്‍ മതി. അങ്ങയുടെ പുത്രിയും യൗവനയുക്തയുമായ ഒരു കന്യക ഇവിടെയുണ്ടല്ലോ. ഇനി കുറച്ചുകാലം കൂടി കഴിഞ്ഞിട്ടേ ആ കന്യകയെ വിവാഹം കഴിച്ചുകൊടുക്കാവൂ. നാളെ മുതല്‍ അങ്ങയുടെ ശുശ്രൂഷകളെല്ലാം ആ കന്യകയെക്കൊണ്ടു ചെയ്യിക്കണം. എന്നാല്‍ മതി. ഈ സംഗതിയൊന്നും ആരോടും പറയുകയുമരുത്.'

എന്നിങ്ങനെ പറഞ്ഞ ഉടനെ ചിത്രഗുപ്തന്‍ മറയുകയും ചെയ്തു. ഈ പറഞ്ഞതുപോലെ പിറ്റേദിവസം മുതല്‍ പല്ലു തേയ്ക്കാനുള്ളതുണ്ടാക്കിക്കൊടുക്കുക, മുറുക്കാനുണ്ടാക്കിക്കൊടുക്കുക, ചോറു വിളമ്പിക്കൊടുക്കുക, കിടക്കാന്‍ വിരിച്ചുകൊടുക്കുക മുതലായ സകല പ്രവൃത്തികളും നമ്പൂരി തന്റെ പുത്രിയെക്കൊണ്ടു ചെയ്യിച്ചുതുടങ്ങി. ഈവക പ്രവൃത്തികള്‍ മറ്റാരും ചെയ്‌വാന്‍ നമ്പൂരി സമ്മതിക്കയില്ല. പുത്രിയെക്കുറിച്ച് പതിവിലധികം സ്‌നേഹവും ഭാവിച്ചുതുടങ്ങി. ഇങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും ജനങ്ങള്‍ക്ക് കുറേശ്ശ ദുഃശങ്ക തുടങ്ങി. ആളുകള്‍ അങ്ങുമിങ്ങും കുറേശ്ശ കുശുകുശുത്തും തുടങ്ങി. 'എന്തിനു വളരെപ്പറയുന്നു? കുറഞ്ഞോരു ദിവസം കൊണ്ട് നീ പറഞ്ഞതുപോലെ പരക്കെ എല്ലാവരും പറഞ്ഞുതുടങ്ങി. തന്റെ പുത്രിയെക്കുറിച്ച് ക്രമവിരോധമായ യാതൊരു വിചാരവും ആഗ്രഹവും നമ്പൂരിയുടെ മനസ്സില്‍ ഉണ്ടായിട്ടുമില്ല. വെറുതെ ഈ ശുദ്ധബ്രാഹ്മണനെക്കുറിച്ച് ദോഷാരോപണം ചെയ്യുന്നവര്‍ക്കായി പരലോകത്തില്‍ കൂട്ടിയിരുന്ന അട്ടകളെ അവിടെ വീതിച്ചുതുടങ്ങി. അങ്ങനെ ഓരോരുത്തര്‍ക്കു വീതിച്ചു വീതിച്ച് ഒരട്ട അവിടെ ശേഷിച്ചിട്ടുണ്ടായിരുന്നു. അതിപ്പോള്‍ നിനക്കുമായി എന്നാണ് ഞാന്‍ പറഞ്ഞതിന്റെ സാരം.'
ഇങ്ങനെ പാക്കനാര് പറഞ്ഞുകേട്ടപ്പോള്‍ പറക്കള്ളിക്ക് പരമാര്‍ഥം മനസ്സിലാവുകയും വെറുതെ നമ്പൂരിയെ ദുഷിച്ചു പാപം സമ്പാദിച്ചതിനെക്കുറിച്ച് പശ്ചാത്താപം ഉണ്ടാവുകയും ചെയ്തു. ഇതുകൊണ്ട് പാക്കനാര്‍ക്ക് പരലോകകാര്യങ്ങള്‍ കൂടി അറിയാമെന്ന് സ്​പഷ്ടമാകുന്നു.

പിന്നെ ഒരു ദിവസം പാക്കനാര്‍ തന്റെ മാടത്തിലിരിക്കുമ്പോള്‍ അതിനടുത്തുള്ള വഴിയിലൂടെ ചില ബ്രാഹ്മണര്‍ പോകുന്നതു കണ്ടു. പാക്കനാര്‍ എണീറ്റുചെന്നു വന്ദിച്ച്, 'തമ്പുരാക്കന്മാര്‍ എങ്ങോട്ടാണ് എഴുന്നള്ളത്ത്?' എന്നു ചോദിച്ചു.

ബ്രാഹ്മണര്‍: 'ഞങ്ങള്‍ കാശിയില്‍ ഗംഗാസ്‌നാനത്തിന് പോവുകയാണ്.'
പാക്കനാര്‍: 'എന്നാല്‍ അടിയന്‍ ഒരു വടി കൂടി തന്നയയ്ക്കാം.അതുകൂടി ആ ഗംഗാനദിയില്‍ ഒന്നു മുക്കിക്കൊണ്ടുവന്ന് തരാമെങ്കില്‍ വലിയ ഉപകാരമായിരുന്നു.'
ബ്രാഹ്മണര്‍: 'ഓഹോ! അതിനെന്തു വിരോധം? എന്നാല്‍ ഇതെന്തിനായിട്ടാണെന്നുകൂടി അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.'
പാക്കനാര്‍: 'അതൊക്കെ തിരിയെ എഴുന്നള്ളുമ്പോള്‍ അറിയിക്കാം.'

'ഓഹോ! എന്നാലതുമതി' എന്നുപറഞ്ഞ് ബ്രാഹ്മണര്‍ പാക്കനാരോട് ഒരു വടിയും വാങ്ങിക്കൊണ്ടുപോയി. അവര്‍ കാശിയിലെത്തി ഗംഗയില്‍ സ്‌നാനത്തിനായി ചെന്ന സമയം പറഞ്ഞിരുന്നതുപോലെ ആ വടി ഗംഗയില്‍ മുക്കി. അപ്പോള്‍ വെള്ളത്തിനടിയില്‍ നിന്നുകൊണ്ട് ഒരാള്‍ പിടിച്ചുവലിച്ചാലത്തെപ്പോലെ വടി വെള്ളത്തിനടിയിലേക്ക് താണുപോയി. അപ്പോള്‍ ബ്രാഹ്മണര്‍ക്ക് വളരെ വിഷാദമായി. 'കഷ്ടം! പാക്കനാരുടെ വടി പോയല്ലോ. ഇനി തിരിച്ചുചെല്ലുമ്പോള്‍ അവനോടെന്തു പറയുന്നു? ഉണ്ടായ പരമാര്‍ഥം പറയാം. അല്ലാതെ നിവൃത്തിയില്ലല്ലോ' എന്നൊക്കെപ്പറഞ്ഞുകൊണ്ട് എല്ലാവരും സ്‌നാനം കഴിച്ചു കേറി. പിന്നെ വിശ്വനാഥ ദര്‍ശനം മുതലായവയെല്ലാം കഴിച്ചു. അവര്‍ പിന്നെയും പല പുണ്യസ്ഥലങ്ങളില്‍ സഞ്ചരിക്കയും തീര്‍ഥങ്ങളില്‍ സ്‌നാനം ചെയ്യുകയും പല ദേവാലയങ്ങളില്‍ ദര്‍ശനം കഴിക്കയും മറ്റും ചെയ്തു തിരിച്ചു പാക്കനാരുടെ പടിക്കല്‍ വന്നു. ഉടനെ പാക്കനാര്‍ എണീറ്റുചെന്നു വന്ദിച്ചിട്ട്, 'അടിയന്റെ വടിയെവിടെ?' എന്നു ചോദിച്ചു.

ബ്രാഹ്മണര്‍: 'വടി പൊയ്‌പ്പോയല്ലോ, പാക്കനാരേ! പാക്കനാര്‍ക്ക് മുഷിച്ചില്‍ തോന്നരുത്. ഞങ്ങള്‍ക്ക് കൈമോശം വന്നുപോയതാണ്.'
പാക്കനാര്‍: 'ആട്ടെ, എവിടെയാണതു പോയത്?'
ബ്രാഹ്മണര്‍: 'ഞങ്ങള്‍ കാശിയിലോളം ഭദ്രമായി സൂക്ഷിച്ചു കൊണ്ടുപോയി. അവിടെ കൊണ്ടുചെന്ന് ഗംഗയില്‍ മുക്കിയപ്പോള്‍ വെള്ളത്തില്‍ താണുപോവുകയാണു ചെയ്തത്.'
ഉടനെ പാക്കനാര്‍, 'ഗംഗയിലാണോ പോയത്? എന്നാല്‍ നിവൃത്തിയുണ്ട്' എന്നു പറഞ്ഞ്, പാക്കനാരുടെ പടിക്കലുള്ള കുളത്തിന്റെ വക്കത്തുചെന്ന്, 'എന്റെ വടി ഇങ്ങോട്ടു കാണട്ടെ' എന്നു പറഞ്ഞു. ഉടനെ ആ കുളത്തിലെ വെള്ളത്തില്‍നിന്ന് വടി പൊങ്ങിവരികയും പാക്കനാരെടുക്കുകയും ചെയ്തു. ഇതു കണ്ടപ്പോള്‍ ലോകത്തില്‍ വെള്ളമായിക്കാണുന്നതെല്ലാം ഗംഗയാണെന്നും ഭക്തിയുള്ളവര്‍ക്ക് ഗംഗാസ്‌നാനത്തിന് കാശിയില്‍ പോകണമെന്നില്ലെന്നു തങ്ങളെ ബോധ്യപ്പെടുത്താനായിട്ടാണ് പാക്കനാര്‍ വടി തന്നയച്ചതെന്നും ബ്രാഹ്മണര്‍ക്കു മനസ്സിലായി. പിന്നെ പാക്കനാരുടെ മനശ്ശുദ്ധിയെയും ഭക്തിവിശ്വാസങ്ങളെയും ദിവ്യത്വത്തെയും കുറിച്ചു ശ്ലാഘിക്കയും വിസ്മയിക്കയും തങ്ങളുടെ അന്ധതയെക്കുറിച്ചു ലജ്ജിക്കയും തന്നെത്താന്‍ നിന്ദിക്കയും ചെയ്തുകൊണ്ട് ബ്രാഹ്മണര്‍ പോവുകയും ചെയ്തു.
ബ്രാഹ്മണകുലാഗ്രേസരനായ ആഴുവാഞ്ചേരി തമ്പ്രാക്കള്‍ക്ക് 'തമ്പ്രാക്കള്‍' എന്നുള്ള പേര് സിദ്ധിച്ചത് ഈ പാക്കനാരില്‍നിന്നാണെന്ന് കേട്ടിട്ടുണ്ട്. തമ്പ്രാക്കള്‍ എവിടെയോ ഒരു രാജാവിന്റെ ഹിരണ്യഗര്‍ഭം കഴിഞ്ഞു കിട്ടിയ സ്വര്‍ണം കൊണ്ടുള്ള ഒരു പശുവിനെ ഭൃത്യന്മാരെക്കൊണ്ട് കെട്ടിയെടുപ്പിച്ചു കൊണ്ടുപോവുമ്പോള്‍ പാക്കനാര്‍ കണ്ടു. ഉടനെ വഴിയില്‍ച്ചെന്നു തടുത്തുകൊണ്ട് 'ചത്ത പശുവിന്റെ അവകാശം അടിയനാണ്. അതിനാല്‍ ഇതിനെ തന്നയയ്ക്കില്ല' എന്നു പറഞ്ഞു.
തമ്പ്രാക്കള്‍: 'ചത്തതല്ല. അതു ജീവനുള്ളതാണ്.'

പാക്കനാര്‍: 'എന്നാല്‍ കെട്ടിയെടുക്കണമെന്നില്ലല്ലോ. ജീവനുള്ളതാണെങ്കില്‍ നടത്തിക്കൊണ്ടു പോകണം.'
ഉടനെ തമ്പ്രാക്കള്‍ പശുവിനെ അവിടെ നിറുത്താന്‍ പറഞ്ഞു. ഭൃത്യന്മാര്‍ താഴെ നിറുത്തി, തണ്ടും കയറും അഴിച്ചെടുത്തു മാറിനിന്നു. തമ്പ്രാക്കള്‍ കുറച്ചു പുല്ല് പറിച്ചെടുത്തു കാട്ടി പശുവിനെ വിളിച്ചുകൊണ്ടു മുമ്പേ നടന്നു. അദ്ദേഹത്തിന്റെ തപശ്ശക്തി കൊണ്ട് ആ പശു അചേതനവസ്തുവായ സ്വര്‍ണമാണെങ്കിലും പിന്നാലെ നടന്നുചെന്നു. അതു കണ്ടപ്പോള്‍ പാക്കനാര്‍ ദൂരെ മാറിനിന്നു തൊഴുതുകൊണ്ട് 'എല്ലാത്തമ്പ്രാക്കളും തമ്പ്രാക്കള്‍. ആഴുവാഞ്ചേരി തമ്പ്രാക്കള്‍ തമ്പ്രാക്കള്‍' എന്നു പറഞ്ഞു. അന്നുമുതല്‍ക്കാണ് തമ്പ്രാക്കളെന്ന് പേരു നടപ്പായത്. ഇപ്പോഴും എല്ലാവരും അങ്ങനെയാണല്ലോ പറഞ്ഞുവരുന്നത്. തമ്പുരാക്കള്‍ എന്നു പേരുള്ളതു പറയന്‍ പറഞ്ഞപ്പോള്‍ തമ്പ്രാക്കള്‍ എന്നായതായിരിക്കാം. പാക്കനാരു പറഞ്ഞ ആ വാക്കിനെ എല്ലാവരും സ്വീകരിക്കയും എതത്കാലപര്യന്തം അങ്ങനെതന്നെ പറഞ്ഞുവരികയും ചെയ്യുന്നതുകൊണ്ടുതന്നെ പാക്കനാര്‍ സാമാന്യനല്ലെന്ന് തെളിവാകുന്നു.

ഇങ്ങനെ ഈ മഹാന്മാരുടെ കഥകള്‍ അവസാനമില്ലാതെയുണ്ട്. മേല്പറഞ്ഞ അഗ്നിഹോത്രി, നാറാണത്തുഭ്രാന്തന്‍, അകവൂര്‍ ചാത്തന്‍, പെരുന്തച്ചന്‍, പാക്കനാര്‍ എന്നിവരെപ്പോലെത്തന്നെ ശേഷമുള്ള വടുതല നായര്‍, കാരയ്ക്കലമ്മ, ഉപ്പുകൂറ്റന്‍, തിരുവരങ്കത്തു പാണനാര്‍, വള്ളോന്‍, രജകന്‍ എന്നിവരും ദിവ്യന്മാരാകയാല്‍ പല അത്ഭുതകര്‍മങ്ങളും ചെയ്തിട്ടുണ്ടായിരിക്കണം. എങ്കിലും ഒടുവില്‍ പറഞ്ഞ ആറുപേരുടെയും കഥകള്‍ അത്ര പ്രസിദ്ധമായി ഒന്നും കേട്ടിട്ടില്ല. അഗ്നിഹോത്രി, രജകന്‍, പെരുന്തച്ചന്‍, വള്ളോന്‍, പാണനാര്‍, പാക്കനാര്‍ ഇവര്‍ ഇന്നിന്ന ജാതിക്കാരാണെന്ന് അവരുടെ പേരുകള്‍ കൊണ്ടും ചരിത്രങ്ങള്‍ കൊണ്ടും സ്​പഷ്ടമാകുന്നു. എന്നാല്‍ ശേഷമുള്ളവര്‍ ഏതേതു ജാതിക്കാരാണെന്നറിയുന്നതിന് തക്കതായ ലക്ഷ്യമൊന്നും കാണുന്നില്ല. കാരയ്ക്കലമ്മ ക്ഷത്രിയസ്ത്രീയും നാറാണത്തുഭ്രാന്തന്‍ ഇളയതും അകവൂര്‍ ചാത്തന്‍ വൈശ്യനും വടുതല നായര്‍ ശൂദ്രനും ഉപ്പുകൂറ്റന്‍ മാപ്പിളയും ആണെന്നു ചിലര്‍ പറയുന്നു. ഇതൊരടിസ്ഥാനമില്ലാത്ത വാക്കായതിനാല്‍ വിശ്വസിക്കാമെന്നു തോന്നുന്നില്ല.

ഇപ്രകാരംതന്നെ വരരുചിയുടെ ചരിത്രത്തിലും ചില സംശയങ്ങളുണ്ട്. മലയാളത്തില്‍ നടപ്പുള്ള വാക്യം, പരല്‌പേരു മുതലായവയുടെ കര്‍ത്താവ് വരരുചിയല്ലെന്നും ഇദ്ദേഹം ഉണ്ടാക്കീട്ടുള്ള സൂത്രവാര്‍ത്തികങ്ങള്‍ക്കു വാക്യങ്ങളെന്നു പറയാറുള്ളതിനാല്‍ ഇങ്ങനെ ഒരു സംസാരം നടപ്പാകാനിടയായതാണെന്നും ചില വിദ്വാന്മാര്‍ക്കഭിപ്രായമുണ്ട്. ഭാഷാചരിത്രകര്‍ത്താവ് ഈ അഭിപ്രായം അറിഞ്ഞിട്ടുണ്ടെന്നുതന്നെ തോന്നുന്നില്ല.

പിന്നെ വരരുചി പറയിയായ ആ കന്യകയെ വിവാഹം ചെയ്തിരുന്നുവോ, ചെയ്തിരുന്നില്ലെങ്കില്‍ വൈശ്യം കഴിക്കാനാവശ്യപ്പെട്ടത് എന്തുകൊണ്ട്, വിവാഹം കഴിഞ്ഞിട്ടില്ലാത്തവര്‍ക്ക് വൈശ്യം പതിവുണ്ടോ, മുമ്പ് വിവാഹം കഴിച്ചിരുന്നു എങ്കില്‍ പരദേശ ബ്രാഹ്മണര്‍ക്ക് രണ്ടാമത് ഒരു വിവാഹം കൂടി കഴിക്ക വിഹിതമാണോ, അങ്ങനെ നടപ്പുണ്ടോ എന്നിങ്ങനെ ചില സംശയങ്ങളുമുണ്ട്. ഇവയെക്കുറിച്ചെല്ലാം നിശ്ചയവും അറിവുമുള്ള മഹാന്മാര്‍ യുക്തിയുക്തമായി പ്രസ്താവിക്കുന്നതായാല്‍ അതൊരു പരോപകാരമായിത്തീരുന്നതാണ്.

(ഐതിഹ്യമാലയില്‍ നിന്ന്)

ഐതിഹ്യങ്ങളിലെ അയ്യപ്പന്‍

ശബരിമല തീര്‍ഥാടനത്തിനു പഴക്കമെത്രയാണ്? അയ്യപ്പനും ശാസ്താവുമായി ബന്ധപ്പെട്ട കഥകള്‍ക്കുള്ള ചരിത്രപശ്ചാത്തലമെന്ത്?

ഗതകാല ചരിത്രരേഖകളിലൊന്നും ശബരിമലയുടെ ആവിര്‍ഭാവകാലത്തേയ്ക്കു വെളിച്ചം വീശുന്ന മാര്‍ഗങ്ങള്‍ കാണുന്നില്ല. ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ, അതിലുപരി തലമുറകളായി പകര്‍ന്നുപോരുന്ന വിശ്വാസധാരയില്‍, ശബരിമലയുമായി ബന്ധപ്പെട്ട തിളക്കമേറിയ കഥകള്‍ ഏറെയാണ്.

ശബരിമല ധര്‍മശാസ്താവ്, അയ്യപ്പന്‍ , വാവര്‍, എരുമേലി പേട്ടതുള്ളല്‍ തുടങ്ങിയ ഓരോന്നിനും ചരിത്രപരവും ഐതിഹ്യപരവുമായി വ്യത്യസ്ത കാഴ്ചപ്പാടുകളാണുള്ളത്. ഇവയ്‌ക്കെല്ലാമിടയില്‍ ഐകരൂപ്യമുള്ള ചില വസ്തുതകള്‍ ഉണ്ടെന്നുള്ളതും യാഥാര്‍ഥ്യം.

ശബരിമല ശ്രീ അയ്യപ്പന്‍ ശ്രീധര്‍മശാസ്താവിന്റെ അവതാരം എന്ന നിലയിലോ, അക്കാലത്തു നാടിനെ നടുക്കിയിരുന്ന മറവപ്പടയെ ആട്ടിപ്പായിക്കാന്‍ ധീര നേതൃത്വം നല്‍കിയിരുന്ന പന്തളരാജ്യത്തെ വീരനായകന്‍ എന്ന നിലയിലോ ആയാലും ശരി ലക്ഷോപലക്ഷം ഭക്തജന ഹൃദയങ്ങളില്‍ രൂഢമൂലമായ വിശ്വാസവും അകളങ്കമായ ഭക്തിയും ഏറ്റുവാങ്ങുന്ന കഥാപാത്രമാണ്.

കര്‍മ, ഭക്തി, ജ്ഞാനയോഗങ്ങള്‍ സമ്മിശ്രമായി സമന്വയിപ്പിച്ചുള്ള ഒരു സാധനയാണ് ശബരിമല തീര്‍ഥാടനം. ഇവിടെ എത്തുന്ന നാനാജാതി മതസ്ഥരായ ലക്ഷോപലക്ഷം തീര്‍ഥാടകരും ഏകമനസ്‌കരായി നാടിന്റെ രക്ഷാപുരുഷന്‍ എന്ന നിലയിലാണ് ധര്‍മശാസ്താവിനെ വണങ്ങുന്നത്.

ജാതി വ്യത്യാസമറിയാത്ത ഏക ദൈവത്തിന്റെ അധിവാസകേന്ദ്രമാണ് ശബരിമല. ജാതിചിന്തയും അയിത്തവും കൊടികുത്തി വാണിരുന്ന കാലത്ത്, അവര്‍ക്കു ക്ഷേത്രപ്രവേശനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനുംവേണ്ടി രാഷ്ട്രപിതാവിനെപ്പോലെയുള്ളവര്‍ വാദിച്ചുതുടങ്ങുന്നതിനും എത്രയോ നാള്‍ മുമ്പു മുതലേ ലോകത്തിനാകമാനം മാര്‍ഗദര്‍ശനം നല്‍കുന്നവിധം ശബരിമല ഉയര്‍ന്നുനിന്നിരുന്നു.

1818ല്‍ ശബരിമലയും പ്രാന്തപ്രദേശങ്ങളും ചുറ്റിക്കറങ്ങി വിശദ പഠനം നടത്തിയ ലഫ്. ബി.എസ്. വാര്‍ഡ് എന്ന ആംഗ്ലേയന്‍ ശബരിമല ക്ഷേത്രത്തിനു 4000 വര്‍ഷത്തെ പഴക്കമുണ്ടെന്നു പറഞ്ഞിട്ടുണ്ട്. ചരിത്രപരമായ പഴമയിലേക്ക് വെളിച്ചംവീശുന്ന രേഖകള്‍ ഒന്നും ഇല്ലെങ്കിലും രാമായണകഥയുടെ കാലത്തോളം ശബരിമലയുടെ പഴക്കം നീളുന്നു. ശബരിമലയിലെ ശബരി ആശ്രമവും ശബരിപീഠവും മറ്റും രാമായണത്തില്‍ പ്രതിപാദിക്കുന്നുണ്ടല്ലോ.

ശബരിമലയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില ഐതിഹ്യങ്ങളിലേക്ക് ഒന്നു കണ്ണോടിക്കാം.

ഐതിഹ്യകഥകള്‍ ഏറെ ഉണ്ടെങ്കിലും ശബരിമലയെ സംബന്ധിച്ചു ഏറെപ്പേര്‍ വിശ്വസിച്ചുപോരുന്നത് മഹിഷിമര്‍ദനത്തിനായി ഭൂമിയില്‍ അവതരിച്ച ഹരിഹരസുതനാണ് ധര്‍മശാസ്താവെന്നാണ്. പില്‍ക്കാലത്ത് ചരിത്രനായകനായും പടയാളിയായും മറ്റും ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ലക്ഷോപലക്ഷം ഭക്തജനങ്ങളുടെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ഐതിഹ്യകഥയാണ് ധര്‍മശാസ്താവിന്‍േറത്.

ശാസ്താവ് – അവതാര പുരുഷന്‍

വിന്ധ്യാപര്‍വത താഴ്‌വരയില്‍ ഗാലവന്‍ എന്ന മുനിയും അദ്ദേഹത്തിനു ദത്തന്‍ എന്ന ശിഷ്യനും ലീല എന്ന മകളുമുണ്ടായിരുന്നു. ദത്തനില്‍ ആകൃഷ്ടനായ ലീല പലപ്പോഴും അദ്ദേഹത്തോടു പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍ ലൗകികജീവിതത്തില്‍ ആകൃഷ്ടനല്ലാത്ത ശിഷ്യന്‍ ചെവികൊണ്ടില്ല. ഒരിക്കല്‍ ധ്യാനനിമഗ്‌നനനായിരുന്ന ദത്തനോട് ''തന്നെ പട്ടമഹഷി'' (ഭാര്യ)യാക്കണമെന്ന് ലീല ആവശ്യപ്പെട്ടു. കോപംമൂത്ത ദത്തന്‍ ''മഹിഷി' (എരുമ)യായിപ്പോകട്ടെ'' എന്നു ശപിച്ചുവത്രേ. അങ്ങനെ അവര്‍ കരംഭന്‍ എന്ന അസുരന്റെ മകളായി മഹിഷീമുഖത്തോടുകൂടി ഭൂമിയില്‍ പിറന്നു.

ഈ സമയത്താണ് മഹിഷിയുടെ പിതൃസഹോദരപുത്രനായ മഹിഷാസുരനെ, ദേവമായയാല്‍ ജനിച്ച ചണ്ഡികാദേവി വധിച്ചത്. ഇതിനെതിരെ ദേവന്മാരോടു പകരംവീട്ടാന്‍ മഹിഷി കൊടുംതപം ചെയ്തു ബ്രഹ്മദേവനെ പ്രത്യക്ഷപ്പെടുത്തി. അസാധ്യമെന്നു വിശ്വസിച്ച ഒരു വരമാണ് അവര്‍ ആവശ്യപ്പെട്ടത്. ഭഭശിവവിഷ്ണു സംയോഗത്താല്‍ ജനിക്കുന്ന ശിശുവില്‍നിന്നല്ലാതെ തനിക്കു മരണം സംഭവിക്കാന്‍ പാടില്ല, മാത്രമല്ല ആ ശിശു 12 വര്‍ഷം മനുഷ്യദാസനായി കഴിയുകയും വേണം'' എന്നതായിരുന്നു വരം. തപശക്തിയില്‍ ആകൃഷ്ടനായ ബ്രഹ്മദേവന്‍ വരവും നല്‍കി.

വരബലത്താല്‍ അഹങ്കാരിയായിത്തീര്‍ന്ന മഹിഷി ത്രിലോകങ്ങളിലും അക്രമം അഴിച്ചുവിട്ടു. അക്രമം സഹിക്കവയ്യാഞ്ഞ് ദേവന്മാരുടെ ആഗ്രഹപ്രകാരം ഭശിവവിഷ്ണുമായ'യില്‍ ഹരിഹരപുത്രന്‍ ജനിച്ചു.

അനപത്യദുഃഖത്താല്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞ പന്തളത്തുരാജന്‍ നായാട്ടിനായി വനത്തിനുള്ളില്‍ നില്‍ക്കവേ പമ്പാതീരത്തുനിന്നും ഇളം കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. ജന്മനാ കഴുത്തില്‍ മണിയുമായി കണ്ടെത്തിയ അത്ഭുതബാലനെ 'മണികണ്ഠന്‍' എന്നു പേരിട്ട് പന്തളം കൊട്ടാരത്തില്‍ വളര്‍ത്തി. വിദ്യയിലും ആയോധനകലയിലും പ്രാവീണ്യം നേടിയ ബാലനെ അവസാനം യുവരാജാവായി വാഴിക്കാനുള്ള രാജതീരുമാനം മന്ത്രിയുടേയും രാജ്ഞിയുടെയും കുതന്ത്രംമൂലം നടന്നില്ല. പകരം പുലിപ്പാലിനായി വനത്തിലേക്ക് പറഞ്ഞുവിട്ടു. കാനനയാത്രാമദ്ധ്യേ ഉഗ്രരൂപിണിയായി തന്നെ എതിരിട്ട മഹിഷിയെ വധിച്ചു. 'എരുമ കൊല്ലി' എന്ന ആ സ്ഥലത്താണത്രെ ഇന്നത്തെ എരുമേലി. മഹിഷി കൊല്ലപ്പെട്ട ആഹ്ലാദത്തില്‍ നാട്ടുകാര്‍ തുള്ളിച്ചാടി അയ്യപ്പനെ എതിരേറ്റതിന്റെ ഓര്‍മ പുതുക്കാനാണ് ഇന്നും എരുമേലി പേട്ടതുള്ളല്‍നടന്നുവരുന്നത്.

മഹിഷി നിഗ്രഹമെന്ന അവതാരോദ്ദേശം സാധിച്ച മണികണ്ഠന്‍ പുലികളുമായി പന്തളത്തു മടങ്ങിയെത്തി. യാഥാര്‍ഥ്യം മനസ്സിലാക്കിയ രാജാവ് ശാസ്താവിന്റെ നിര്‍ദേശപ്രകാരം ശബരിമലയില്‍ ക്ഷേത്രം നിര്‍മിച്ചു നല്‍കിയെന്നും ധര്‍മശാസ്താവ് അവിടെ കുടികൊണ്ടുവെന്നുമാണ് വിശ്വാസം.

ശാപമോക്ഷം ലഭിച്ച മഹിഷി സുന്ദരിയായിത്തീര്‍ന്ന് അയ്യപ്പനോട് വിവാഹാഭ്യര്‍ഥന നടത്തിയത്രേ. എന്നാല്‍, നിത്യബ്രഹ്മചാരിയായ അയ്യപ്പന്‍, തന്നോടൊപ്പം ശബരിമല ക്ഷേത്രത്തിനടുത്തു വന്ന് വസിച്ചുകൊള്ളാന്‍ നിര്‍ദേശിച്ചു. അതാണ് മാളികപ്പുറത്തമ്മ. ശബരിമലയില്‍ കന്നി അയ്യപ്പന്മാര്‍ എത്താത്ത കാലത്ത് വിവാഹം ചെയ്തുകൊള്ളാമെന്നാണത്രെ കരാര്‍.

മനുഷ്യജന്മംപൂണ്ട കാലത്ത് സൗഹൃദത്തിലായ വാവര്‍ എന്ന മുസ്‌ലിം യോദ്ധാവിനേയും കടുത്ത തുടങ്ങിയ അനുചരരേയും ശാസ്താവിനോടൊപ്പം പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നു. മണികണ്ഠന്റെ നിര്‍ദേശപ്രകാരം പമ്പാനദിയുടെ വടക്കുകിഴക്കായി നീലിമലയുടെ സമീപത്തായി സ്ഥാപിച്ച ക്ഷേത്രത്തില്‍ മകരസംക്രമ മുഹൂര്‍ത്തത്തില്‍ പരശുരാമനാണ് ശാസ്താപ്രതിഷ്ഠ നടത്തിയത്. ശ്രീഭൂതനാഥോപാഖ്യാനത്തില്‍ ഏറെ പ്രാമുഖ്യം നല്‍കി വിവരിച്ചിട്ടുള്ളത് ഈ ഐതിഹ്യമാണ്.

അയ്യപ്പന്‍ ചരിത്രപുരുഷന്‍

മനുഷ്യനായി പിറന്നു വീരകൃത്യംകൊണ്ട് ചരിത്രപുരുഷനായും കാലപ്പഴക്കംകൊണ്ട് അവതാരപുരുഷനായും സ്ഥാനം പിടിച്ച തിളക്കമാര്‍ന്ന അയ്യപ്പകഥയും പ്രചാരത്തിലുണ്ട്.

പാണ്ഡ്യ രാജവംശജരായ പന്തളം രാജാക്കന്മാര്‍ കൊല്ലവര്‍ഷം 377ലാണ് പന്തളത്ത് കുടിയേറിപ്പാര്‍ത്തത്. കൊല്ലവര്‍ഷാരംഭത്തില്‍ പാണ്ഡ്യരാജ്യത്ത് അധികാരാവകാശ തര്‍ക്കങ്ങള്‍ രൂക്ഷമാകുകയും മന്ത്രിയായ തിരുമലനായ്ക്കന്റെ നേതൃത്വത്തില്‍ അധികാരം പിടിച്ചെടുക്കാനുള്ള നീക്കം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്നു രാജവംശത്തില്‍പ്പെട്ട ചെമ്പഴന്നൂര്‍ ശാഖക്കാര്‍ കൊ.വ. 79ല്‍ പാണ്ടിദേശത്തു നിന്നും പലായനംചെയ്തു. ഊരുചുറ്റി കറങ്ങിനടന്ന അവര്‍ ഒത്തുചേര്‍ന്നു പന്തളം രാജ്യം കൈവശപ്പെടുത്തി അച്ചന്‍കോവിലാറിന്റെ ഇരുകരകളിലുമായി താമസമുറപ്പിച്ചു. വഞ്ചിയൂര്‍ വംശത്തില്‍നിന്നു വന്ന ഈ രാജകുടുംബത്തിന്റെ പരദേവതയായിരുന്നു ശാസ്താവ്. പ്രമുഖ ജനവാസകേന്ദ്രമായിരുന്ന നിലയ്ക്കല്‍ താലൂക്കിലെ ശബരിമല ആരാധനാകേന്ദ്രവും.

പന്തളത്തുദാസന്‍ എന്നറിയപ്പെട്ടിരുന്ന അയ്യപ്പന്‍ രാജാവിന്റെ മുഖ്യ സേനാനിയായിരുന്നത്രേ. കാട്ടില്‍നിന്നും ലഭിച്ച മണികണ്ഠനെ വില്ലാളിവീരനായി വളര്‍ത്തി, നാട്ടിലെ കളരികളിലെല്ലാം അയച്ചു വൈവിധ്യമാര്‍ന്ന ആയോധനവിദ്യകള്‍ അഭ്യസിപ്പിച്ച് എല്ലാവരുടെയും ആരാധനാപാത്രമായി വളര്‍ന്നു. സേനാബലം വര്‍ധിപ്പിക്കാനുള്ള യാത്രയില്‍ മുസ്‌ലിം യോദ്ധാവായ ബാബറുമായി ഏറ്റുമുട്ടി, അവസാനം സന്ധിചെയ്തു ചങ്ങാതിമാരായി.

ശത്രുക്കളാല്‍ തകര്‍ക്കപ്പെട്ട പരദേവതാക്ഷേത്രമായ ശബരിമല പുനരുദ്ധരിക്കാനും എരുമേലിക്കപ്പുറത്തായി കോട്ടകെട്ടി പാര്‍ത്തിരുന്ന ശത്രുക്കളെ നശിപ്പിക്കാനുമായി എല്ലാവരും യുദ്ധസന്നദ്ധരായി ശബരിമലയ്ക്കു തിരിച്ചു. പടനീക്കത്തില്‍, തന്റെ സൈന്യത്തെ മൂന്നായി വിഭജിച്ചു വാവരുടെയും കടുത്തയുടെയും നേതൃത്വത്തില്‍ ഇഞ്ചിപ്പാറ കോട്ട കീഴടക്കാന്‍ ആദ്യം നിയോഗിച്ചു. മറ്റൊരു വിഭാഗം തലപ്പാറകോട്ട ആക്രമിച്ചു തകര്‍ക്കാന്‍ പോയി. ഇവരെല്ലാം എരുമേലിയിലെത്തി പടയൊരുക്കം നടത്തി, യുദ്ധസാമഗ്രികളും ആഹാരസാധനങ്ങളും തോളിലേറ്റിയാണ് പോയത്.

ആദ്യം വാവരുടെ നേതൃത്വത്തില്‍, അമ്പലപ്പുഴയില്‍ നിന്നെത്തിയ സംഘവും പിന്നീട് അയ്യപ്പന്റെ നേതൃത്വത്തില്‍ ശേഷിച്ചവരും പോയി. അന്ന് ഇരുമുടിയില്‍ ആഹാരസാധനങ്ങള്‍ ശേഖരിച്ച് ആയുധപാണിയായി പോയതിന്റെ ഓര്‍മയ്ക്കാണ് എരുമേലിയില്‍ പേട്ട തുള്ളി തീര്‍ഥാടകര്‍ ശബരിമലയ്ക്കു പോകുന്നത്. ആദ്യം പേട്ടതുള്ളുന്ന അമ്പലപ്പുഴക്കാര്‍ എരുമേലി കൊച്ചമ്പലത്തില്‍നിന്നും ഇരങ്ങി വാവരു പള്ളിയില്‍ കയറിയശേഷം പോകുമ്പോള്‍ രണ്ടാമതു പേട്ടതുള്ളുന്ന ആലങ്ങാട്ടുകാര്‍ മുസ്‌ലിം പള്ളിയില്‍ കയറാറില്ല. ആദ്യ സംഘത്തോടൊപ്പം വാവര്‍ ശബരിമലയ്ക്കുപോയെന്ന വിശ്വാസമാണിതിനു പിന്നില്‍.

യുദ്ധംചെയ്തു മുന്നേറിയ സംഘം മറവപ്പടത്തലവനായ ഉദയനെ കൊന്ന്, ഇഞ്ചിപ്പാറക്കോട്ട കടന്നു. നേരത്തെ കൈയില്‍ കരുതിയിരുന്ന കല്ലിട്ടു കിടങ്ങ് നികത്തിയാണ് കോട്ട കടന്നത്. (ഇന്നും തീര്‍ഥാടകര്‍ അവിടെ കല്ലിടുന്ന പതിവുണ്ട്). എല്ലാവരും അവസാനം പമ്പയില്‍ ഒത്തുകൂടി സദ്യ നടത്തി, യുദ്ധത്തില്‍ മരിച്ചവര്‍ക്കു ബലിക്രിയ ചെയ്തു, ദീപക്കാഴ്ച ഒരുക്കി. ഇന്നും എരുമേലിയില്‍ പേട്ടതുള്ളല്‍ കഴിഞ്ഞുപോകുന്ന സംഘം ഈ ചടങ്ങുകളെല്ലാം നടത്തുന്നുണ്ട്.

തുടര്‍ന്നു നീലിമല കയറി ശബരിമലയിലേക്കു പുറപ്പെട്ട അയ്യപ്പനും സംഘവും ശബരിപീഠത്തിലെത്തി. ധര്‍മശാസ്താവിന്റെ ക്ഷേത്രപരിസരത്തേക്കുള്ള പ്രവേശനകവാടത്തില്‍ ആയുധങ്ങള്‍ എല്ലാം ഉപേക്ഷിക്കാന്‍ അയ്യപ്പന്‍ പറഞ്ഞു. ആല്‍ച്ചുവട്ടില്‍ അമ്പും വില്ലും എല്ലാം ഉപേക്ഷിച്ചു തികച്ചും ഭക്തന്മാരായാണ് പിന്നീടവര്‍ ശാസ്താസന്നിധിയിലെത്തിയത്.

(ഇന്നും ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ കൊണ്ടുവരുന്ന ശരക്കോലും മറ്റും ശരംകുത്തിയാലിനു സമീപം ഉപേക്ഷിച്ചു ഭക്തചിത്തരായാണ് ദേവസന്നിധിയിലെത്തുന്നത്. എത്ര ദിവ്യനാണെങ്കിലും ദേവസന്നിധിയില്‍ സകാമഭക്തിയും സ്വാര്‍ഥലാഭമോഹങ്ങളും വെടിഞ്ഞു നിഷ്‌കാമചിത്തരായി കടന്നുചെല്ലണമെന്നു ഈ ആചാരം കാണിക്കുന്നു).

ശാസ്താക്ഷേത്ര സന്നിധിയിലെത്തിയ സംഘം, മറവപ്പടയാല്‍ നശിപ്പിക്കപ്പെട്ട ക്ഷേത്രം പുനരുദ്ധരിച്ചു. മകരസംക്രമദിനത്തിലെ പുണ്യമുഹൂര്‍ത്തത്തില്‍ യഥാവിധി വിഗ്രഹം പ്രതിഷ്ഠിച്ചു. തന്റെ ജീവിതലക്ഷ്യം പൂര്‍ത്തിയാക്കിയ അയ്യപ്പന്റെ ചൈതന്യം അവിടത്തെ വിഗ്രഹത്തില്‍ വിലയം പ്രാപിച്ചു. ആ ദിവ്യമുഹൂര്‍ത്തം മുതല്‍ ശാസ്താവും അയ്യപ്പനും ഒന്നായി മാറിയെന്നാണു വിശ്വാസം.

ശാസ്താവിന്റെ അവതാരമെന്നതിനേക്കാള്‍, ശാസ്താവില്‍ വിലയംപ്രാപിച്ച ബ്രഹ്മചര്യനിഷ്ഠനായ ഒരു യോദ്ധാവാണ് അയ്യപ്പന്‍ എന്ന കഥയ്ക്കാണ് സാംഗത്യം ഏറെ. ശബരിമല തീര്‍ഥാടനത്തിന്റെ ചടങ്ങുകളും വീരാരാധനയുടെ മട്ടും മറ്റും അപ്രകാരം സൂചനനല്‍കുന്നു. ശബരിമലയിലല്ലാതെ മറ്റൊരു ശാസ്താക്ഷേത്രത്തിലും ഇപ്രകാരമുള്ള ആചാരരീതികളില്ല. അതുപോലെ വാവര്‍, കറുപ്പസ്വാമി, കടുത്ത, മാളികപ്പുറത്തമ്മ തുടങ്ങിയവരെ ആരാധിക്കുന്ന പതിവും ഇല്ല. നാടിനെ രക്ഷിച്ച വീരനായകന്റെ സാഹസികയാത്രയെ അനുസ്മരിക്കുന്ന തീര്‍ഥാടനം പില്‍ക്കാലത്ത് ഭക്തിപരിവേഷം കലര്‍ന്നുവന്നുവെന്നും അനുമാനിക്കുന്നതില്‍ തെറ്റില്ല.

ശാസ്താംപാട്ടും അയ്യപ്പനും

അയ്യപ്പനെക്കുറിച്ച് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് ശാസ്താംപാട്ടുകളിലുള്ളത്. തനി മലയാളി യോദ്ധാവായ അയ്യപ്പന്‍ പാണ്ഡ്യ, പന്തളത്തു രാജാക്കന്മാരുടെ ആശ്രിതനായിരുന്നു. പരസ്പരം മല്ലടിച്ചിരുന്ന നാട്ടുരാജാക്കന്മാരെ മറവപ്പടയും മറുപുറം നാട്ടുരാജാക്കന്മാരും ചേര്‍ന്നു കീഴപ്പെടുത്തിവന്ന കാലം. പന്തളം കൊട്ടാരത്തില്‍നിന്നും ശത്രുഭയംമൂലം ഓടിപ്പോയ ഒരു രാജകുമാരിയെ ഒരു യോഗി രക്ഷിച്ചു. അവര്‍ക്കുണ്ടായ കുട്ടിയെ സകല വിദ്യകളും അഭ്യസിപ്പിച്ചു. ശബരിമല അടിവാരത്തില്‍ താമസിച്ചുവന്ന അവര്‍ പ്രായപൂര്‍ത്തിയായതോടെ മകനെ ഓലക്കുറിപ്പും കൊടുത്തു പന്തളത്തിനയച്ചു. ശത്രുഭയത്താല്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞിരുന്ന പന്തളത്തു രാജാവ് തന്നെ തേടിയെത്തിയത് രാജ്യത്തിന്റെ അനന്തരാവകാശിയാണെന്നു മനസ്സിലാക്കി സന്തോഷത്തോടെ സ്വീകരിച്ചു.

പന്തളം സേനയിലെ കടുത്ത, വില്ലന്‍, മല്ലന്‍ തുടങ്ങിയ അഭ്യാസികളോടൊപ്പം രാജ്യം സംരക്ഷിക്കുന്ന സേനാനായകനായി അയ്യപ്പന്‍. അക്കാലത്ത് തുര്‍ക്കിസ്താനില്‍നിന്നും യുദ്ധസന്നാഹത്തോടെയെത്തിയ വാവരെ (ബാബര്‍) കടല്‍ക്കരയില്‍വെച്ചു നേരിട്ടു. അവസാനം മൈത്രീബന്ധം സ്ഥാപിച്ചു വാവര്‍ അയ്യപ്പന്റെ വിശ്വസ്ത അനുയായിയായി മാറി.

പാണ്ഡിദേശത്തു നിന്നുള്ള ആക്രമണം ചെറുക്കുന്നതിലേക്ക് ശക്തമായ സൈന്യനിര കെട്ടിപ്പടുക്കുന്നതിനായി അയ്യപ്പന്റെ നേതൃത്വത്തില്‍ പുറപ്പെട്ടു. കൊച്ചിക്കു തെക്കുള്ള തണ്ണീര്‍മുക്കം ചീരപ്പന്‍ചിറ മൂപ്പന്‍ എന്ന ഈഴവപ്രമാണി (?) അയ്യപ്പനുമായി സഹകരിച്ചില്ല. മൂപ്പന്റെ കളരിയില്‍ തങ്ങിയ അയ്യപ്പനില്‍ ആകൃഷ്ടയായ മൂപ്പന്റെ മകളുടെ പ്രേരണയാല്‍ അവസാനം തന്റെ പടയാളികളെ മൂപ്പന്‍ സൈന്യത്തിലേക്കു വിട്ടുകൊടുത്തു.

ദേശാടനം കഴിഞ്ഞെത്തിയ അയ്യപ്പനോട് മൂപ്പന്റെ മകള്‍ വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍ നിത്യബ്രഹ്മചാരിയായ അയ്യപ്പന്‍ അവളെ ഭാര്യയായി സ്വീകരിച്ചില്ല. അയ്യപ്പനോടുള്ള അചഞ്ചലമായ ഭക്തിയില്‍ യോഗിനിയായി മാറിയ ആ സാധ്വിയാണ് പിന്നീട് മാളികപ്പുറത്തമ്മ ആയതത്രേ.

നാനാദിക്കുകളില്‍ നിന്നുള്ള സൈന്യബലം സമാഹരിച്ചു അയ്യപ്പന്‍ എരുമേലിയിലെത്തി പടപ്പുറപ്പാടു നടത്തുകയും, ശത്രുസംഹാരം നടത്തി ശബരിമലയിലെ ശാസ്താക്ഷേത്ര പുനര്‍നിര്‍മാണം നടത്തുകയും ചെയ്ത കഥകള്‍ക്കെല്ലാം ഐകരൂപ്യമുണ്ട്.

മറ്റു കഥകള്‍

പമ്പാനദീതീരത്തു ശബരിമല അടിവാരത്തില്‍ പാര്‍ത്തിരുന്ന ബുദ്ധമത തത്ത്വാനുയായിയായ ഒരു ബ്രഹ്മചാരിയായിരുന്നു അയ്യപ്പന്‍. ശത്രുക്കളെ ഭയന്നു രാജ്യംവിട്ട് കാനനത്തില്‍ അഭയംപ്രാപിച്ച പാണ്ഡ്യരാജാവിനേയും കുടുംബത്തേയും വീണ്ടും രാജ്യപ്രാപ്തിയിലെത്തിക്കുന്നതിനു അയ്യപ്പന്‍ സഹായിച്ചുവെന്നുമാണ് ആ കഥ.

ഈഴവനായിരുന്ന അയ്യപ്പന്‍ സവര്‍ണ വിഭാഗങ്ങള്‍ക്കുവേണ്ടി കാനനമധ്യത്തില്‍ തീര്‍ത്ത ക്ഷേത്രമാണത്രേ ശബരിമല. ഉദയനെന്ന മറവപ്പടത്തലവനെ നേരിടാന്‍ നിയോഗിച്ച ഈഴവനായകന്, അയിത്തം കല്പിച്ച് ഉപേക്ഷിക്കപ്പെട്ട രാജസഹോദരിയില്‍ ജനിച്ച മകനാണ് അയ്യപ്പനെന്ന വിശ്വാസവും ചിലരുടെ ഇടയില്‍ ഉണ്ട്.

ശബരിമല ഉള്‍പ്പെടെയുള്ള കിഴക്കന്‍ മലയോര മേഖല പുരാതനകാലം മുതലേ ജനവാസകേന്ദ്രമായിരുന്നുവത്രെ. നദീതടവും ക്ഷേത്രവും കേന്ദ്രീകരിച്ചു വളര്‍ന്നുവന്ന നാഗരികതയായിരുന്നു ഇത്. ഗ്രാമങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കുന്ന വില്ലാളിവീരനായ 'അയ്യനാരാ'ണ് പില്‍ക്കാലത്ത് 'അയ്യനും', 'അയ്യപ്പനു'മായി മാറിയതെന്ന് കരുതപ്പെടുന്നു.

ശൈവവൈഷ്ണവ കലഹം മൂത്ത് ഹിന്ദുമതത്തിനു ഉലച്ചില്‍തട്ടിയിരുന്ന കാലത്ത് മതനവോത്ഥാനത്തിനുവേണ്ടി ബുദ്ധിപൂര്‍വം സൃഷ്ടിച്ചെടുത്തതാണ് ശാസ്താസങ്കല്പം എന്നു വിശ്വസിക്കുന്നവരും ഏറെ. ഇരു വിഭാഗക്കാരുടേയും ആരാധനാമൂര്‍ത്തികളായ ശിവനും വിഷ്ണുവും ചേര്‍ന്ന് ഉണ്ടായ ഈശ്വരചൈതന്യം എന്ന നിലയില്‍ ഹരിഹരസുതനെ എല്ലാവരും ആരാധിച്ചുപോന്നു. പുരാണങ്ങളില്‍ ശാസ്താവിനെക്കുറിച്ചുള്ള പ്രത്യേക പരാമര്‍ശം ഇല്ലാത്തത് ഇതുമൂലമാണെന്നു പറയപ്പെടുന്നു.

ശബരിമലയും ബുദ്ധമതവും

ശബരിമല തീര്‍ഥാടനത്തിനു ബുദ്ധമതവുമായുള്ള ബന്ധം സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നു. ശബരിമലക്ഷേത്രം പ്രമുഖമായ ഒരു ബുദ്ധവിഹാരമായിരുന്നു എന്നു വിശ്വസിക്കുന്നവരുണ്ട്. ബുദ്ധമതാചാരത്തിന്റെ തുടര്‍ച്ചയാണ് അയ്യപ്പാരാധനയെന്നും. ഭബുദ്ധംശരണം ഗച്ഛാമി' എന്നു തുടങ്ങുന്ന ശരണത്രയിയെ അനുസ്മരിക്കുന്ന ശരണംവിളിയാണ് ശബരിമലയിലേത്. അവയാകട്ടെ ബുദ്ധമതാനുയായികളുടെ സംഘയാത്രയെ ഓര്‍മിപ്പിക്കുന്നു. ജാതീയ ഉച്ചനീചത്വങ്ങളോ വിഭാഗീയതയോ ഇരു ഭാഗത്തുമില്ല. ആഹാരാദി കാര്യങ്ങളിലും ഐകരൂപ്യം കാണും. മിക്ക ശാസ്താവിഗ്രഹങ്ങളും ബുദ്ധവിഗ്രഹത്തോടു സാദൃശ്യമുള്ളവയാണു താനും.

ഭാരതത്തിലെമ്പാടും ബുദ്ധമതം പ്രചരിച്ചിരുന്ന കാലത്ത് കേരളത്തിലും വ്യാപിച്ചുവെന്നതിനു തെളിവുകളുണ്ട്. അന്നു ശബരിമലയ്ക്കു ചുറ്റുമുള്ള പമ്പ, കരിമല, പുതുശ്ശേരി, അഴുത, എരുമേലി, തലപ്പാറ, നിലയ്ക്കല്‍ തുടങ്ങിയവയെല്ലാം ജനവാസകേന്ദ്രങ്ങളായിരുന്നു.

തമിഴ്‌സംഘം കൃതികളില്‍ കാണുന്ന 'പൊതിയില്‍' മലയും ചീന സഞ്ചാരിയായ ഹൂവാന്‍സാങ് രേഖപ്പെടുത്തിയിട്ടുള്ള ഭപൊതളകവും' ഒന്നാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. 'മണിമേഖല'യെന്ന കൃതിയില്‍ കേരളത്തെപ്പറ്റി വിവരിക്കുന്ന ഭാഗത്ത് ഭഭലങ്കയില്‍നിന്നു വന്ന ധര്‍മാചരണന്മാരുടെ പ്രേരണയാല്‍ ഹിമവത്പര്‍വതത്തില്‍ വില്ലുനാട്ടിയ ഒരു ചേരരാജാവ് വഞ്ചിനഗരത്തില്‍ ഒരു ബൗദ്ധവിഹാരം പണിതുണ്ടാക്കിയെന്ന്'' സൂചിപ്പിക്കുന്നതു ശബരിമല ക്ഷേത്രത്തെക്കുറിച്ചാണത്രെ. ഹിമവത് പര്‍വതം എന്നതു സഹ്യാദ്രിയും വില്ലുനാട്ടിയ സ്ഥലം ശരംകുത്തിയാലും ആണ് എന്നാണഭിപ്രായം. ശാസ്താവ് ബുദ്ധന്റെ പര്യായമായിരുന്നുവെന്നു വാദിക്കുന്നവരും ഉണ്ട്.

എന്നാല്‍ ഗൗതമ ബുദ്ധന്റെ ജനനത്തിനും എത്രയോ വര്‍ഷം മുമ്പുമുതലേ മലയാളക്കരയില്‍ ശാസ്താക്ഷേത്രവും ആരാധനയും ഉണ്ടായിരുന്നു. കേരളസ്രഷ്ടാവായ പരശുരാമനാണ് ശബരിമലക്ഷേത്രം സ്ഥാപിച്ചതെന്നു പറയപ്പെടുന്നു. അതുപോലെ ബുദ്ധമത വിമര്‍ശകനായ ശങ്കരാചാര്യ സ്വാമികളും ശാസ്താവിനെ സ്തുതിക്കുന്നുണ്ട്. തികഞ്ഞ അഹിംസാവാദിയായിരുന്ന ശ്രീബുദ്ധനും ശത്രുവിനാശകനും ആയുധപാണിയുമായിരുന്ന ശാസ്താവും ഒരാളാകുന്നതെങ്ങനെ? മാത്രമല്ല, വില്ലന്‍, വില്ലാളിവീരന്‍, ശത്രുസംഹാരമൂര്‍ത്തി തുടങ്ങിയ പദപ്രയോഗം ശാസ്താവിനു മാത്രമുള്ളതാണ്.

ബുദ്ധമതത്തിനു കാലാന്തരത്തിലുണ്ടായ പരിവര്‍ത്തനത്തിന്റെ ഫലമായി ശ്രീബുദ്ധനെയും ദൈവാവതാരമായി സങ്കല്പിച്ചു പൂജിച്ചുവന്നു. ക്രമേണ ബുദ്ധവിഹാരങ്ങള്‍ ബുദ്ധദേവാലയങ്ങളും പിന്നീട് ഹൈന്ദവ ക്ഷേത്രങ്ങളുമായി മാറി. അഹിംസാസിദ്ധാന്തത്തിന് ഹൈന്ദവ ധര്‍മസംഹിതയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുകയും ബുദ്ധനെ മഹാവിഷ്ണുവിന്റെ ഒരവതാരമായി ചിലര്‍ കാണുകയും ചെയ്തു. ഹിന്ദു നവോത്ഥാന നായകര്‍ പിന്നീട് ബുദ്ധനെ ശാസ്താവ് എന്നു പേരിട്ട് ശൈവ വിഷ്ണു ശക്തികളുടെ സമന്വയരൂപമായി ആരാധിച്ചുവന്നതാണെന്നും അതില്‍ പ്രമുഖസ്ഥാനം ശബരിമലയ്ക്കുണ്ടായതാണെന്നും വിശ്വസിച്ചുവരുന്നു.

തെക്കേ ഇന്ത്യയിലെ ചരിത്രാതീത ദ്രാവിഡസങ്കല്പമാണ് ശാസ്താവ്. വേലന്‍, പാണന്‍, പുലയന്‍, പറയന്‍, ഗണകന്‍ തുടങ്ങിയ തമിഴ് സംഘകാല പിന്‍തുടര്‍ച്ചക്കാരും വനാന്തര്‍ഭാഗങ്ങളിലെ ഗിരിവര്‍ഗക്കാരും ഒരുപോലെ ശാസ്താ ആരാധകരാണ്. കാണിക്കാരന്‍, മല അരയന്‍, ഉള്ളാടര്‍, മന്നാന്‍, ഊരാളി തുടങ്ങിയ ഗിരിവര്‍ഗക്കാര്‍ നൂറ്റാണ്ടുകളായി ശബരിമല അടിവാരത്തില്‍ താമസിച്ചുവരുന്നു. ചുരുക്കത്തില്‍ ആ വിഭാഗത്തില്‍പ്പെടാത്ത ആദിവാസികളുടെ ദൈവമാണ് അയ്യപ്പന്‍ അഥവാ ശാസ്താവ് എന്ന വിശ്വാസത്തിനും ശക്തിയേറെയാണ്.

ശാസ്താവും അയ്യപ്പനും

ശാസ്താവും അയ്യപ്പനും ഒരാളായി ചിത്രീകരിക്കാറുണ്ടെങ്കിലും വ്യത്യസ്ത രൂപഭാവങ്ങള്‍ ഉള്ളവരായിരുന്നുവെന്നു പറയുന്നുണ്ട്. നിത്യബ്രഹ്മചാരിയായിരുന്ന അയ്യപ്പന്‍ ശബരിമലയില്‍ കുടികൊള്ളുന്നത് ചിന്മുദ്രാങ്കിത യോഗ സമാധിപ്പൊരുളായിട്ടാണ്' ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ മറ്റൊരു ശാസ്താക്ഷേത്രത്തിലുമില്ല. ശബരിമലയിലെത്തന്നെ അനുബന്ധ ക്ഷേത്രങ്ങളായ എരുമേലി, കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലൊന്നും കര്‍ശനമായ വ്രതാനുഷ്ഠാനങ്ങളില്ല. വിലക്കുകളുമില്ല. ശാസ്താവിന് 'പൂര്‍ണ' എന്നും 'പുഷ്‌കില' എന്നും രണ്ടു ഭാര്യമാരുള്ളതായും കാണുന്നു. എന്നാല്‍ ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്.

ശബരിമല അയ്യപ്പന്‍ ശാസ്താവില്‍നിന്നും വ്യത്യസ്തഭാവങ്ങളുള്ള ആരാധനാമൂര്‍ത്തിയാണെന്നു വിശ്വസിക്കപ്പെടുന്നു. പാണ്ടി മലയാളം അടക്കിവാഴുന്ന വില്ലാളി വീരനായ അയ്യപ്പന്‍ ശത്രുവിമോചകനായ മഹാവീരനാണെന്നും ആ വീരനോടുള്ള ഭക്ത്യാദര പ്രകടനമാണ് അയ്യപ്പാരാധനയെന്നുമാണ് അഭിജ്ഞമതം. ജീവിത ലക്ഷ്യപൂര്‍ത്തീകരണത്തിനു ശേഷം ശബരിമലയിലെ ശാസ്താക്ഷേത്രം പുതുക്കിപ്പണിത് ആ വിഗ്രഹത്തിലെ ചൈതന്യത്തില്‍ വിലയം പ്രാപിക്കുകയാണത്രേ അയ്യപ്പന്‍ ചെയ്തത്.

ഈശ്വരന്‍ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാത്തതെന്തേ?

ശ്രീകോവിലിനു മുന്നില്‍ തൊഴുകൈയോടെ, ഏകാഗ്രമായി അയാള്‍ പ്രാര്‍ത്ഥിച്ചു. “ഭഗവാനെ ആരോഗ്യവും ആയുസും നിറയെ സമ്പത്തും നല്കി എന്നെ അനുഗ്രഹിക്കണേ…” പ്രാര്‍ത്ഥന കഴിഞ്ഞ് സംതൃപ്തിയോടെ അയാള്‍ പുറത്തേക്കു വന്നു. ഗോപുരവാതിലില്‍ ഇട്ടിരുന്ന ചെരുപ്പ് കാണാനില്ല. എല്ലായിടത്തും നോക്കി. വിലയേറിയ ചെരുപ്പ് മോഷണം പോയതാണെന്ന് അതോടെ ഉറപ്പായി.

അയാള്‍ കോപത്തോടെ അമ്പലത്തിനകത്തേക്കു വീണ്ടും കയറി. ശ്രീകോവിലിനു മുന്നിലെത്തി. കോപത്തോടെ പറഞ്ഞു, “ദൈവമേ, എന്റെ ചെരുപ്പു പോലും സംരക്ഷിക്കാന്‍ കഴിയാത്ത അവിടുന്നാണോ എനിക്ക് ആരോഗ്യവും സമ്പത്തും തന്ന് അനുഗ്രഹിക്കാന്‍ പോകുന്നത്.”

അയാള്‍ വീണ്ടും അമ്പലത്തില്‍ നിന്നും പുറത്തിറങ്ങി. അപ്പോള്‍ ഗോപുരവാതിക്കല്‍ കണ്ട കാഴ്ച അയാളെ വല്ലാതാക്കി. ഇരു കാലുകളും നഷ്ടപ്പെട്ട ഒരാള്‍ നിരങ്ങി നിരങ്ങി നീങ്ങുകയാണ്. ഉരയുമ്പോഴുള്ള വേദന മുഖത്തു കാണാം.

അയാള്‍ ഉടന്‍ ക്ഷേത്രത്തിനകത്തു കയറി.

പശ്ചാത്താപവിശനായി, തൊഴുകൈയോടെ ഇടറും തൊണ്ടയോടെ മാപ്പിരുന്നു,”പ്രഭോ… ക്ഷമിക്കണേ… എനിക്ക് ചെരുപ്പ്… ഈ രണ്ടു കാലുകളും ആരോഗ്യത്തോടെ നല്കിയതിന് നന്ദി… നന്ദി…”

നമുക്കില്ലാത്തതിനെ കുറിച്ച് പരാതിപ്പെടാനും ദുഃഖിക്കാനും സമയം കളയരുത്. ഈശ്വരകൃപയാല്‍ നമുക്കിപ്പോള്‍ ഉള്ളതിനെ ഓര്‍ത്ത് സന്തോഷിക്കുക. നമ്മുടെ ഭാഗ്യം സ്വയം തിരിച്ചറിയുക. പ്രാര്‍ത്ഥിക്കാതെ തന്നെ നമുക്കാവശ്യമുള്ളതെല്ലാം ഈശ്വരന്‍ നല്കിക്കൊണ്ടിരിക്കുന്നു. നാം പ്രാര്‍ത്ഥനയിലൂടെ ആവശ്യങ്ങള്‍ അറിയിക്കുകയല്ല വേണ്ടത്; ഈ നിമിഷം വരെ ജീവിതം തന്നതില്‍ നന്ദി രേഖപ്പെടുത്തുകയാണ് വേണ്ടത്.

കടപ്പാട്: ശ്രേയസ് ആദ്ധ്യാത്മിക വെബ്സൈറ്റ്

എല്ലാം നല്ലതിന്

ഒരു രാജ്യത്ത് വളരെ ഈശ്വരഭക്തനായ ഒരു രാജാവും അദ്ദേഹത്തിന് തികഞ്ഞ ഈശ്വരഭക്തിയോടുകൂടിയ ഒരു മന്ത്രിയുമുണ്ടായിരുന്നു …എന്താപത്ത് വന്നാലും അതെല്ലാം ഈശ്വരാനുഗ്രഹമാണെന്ന് വിചാരിച് രണ്ടുപേരും സമാധാനമായി ജീവിച്ചു…കാലക്രമത്തില്‍ രാജാവ് മരിച്ചു…രാജകുമാരന്‍ രാജാവായി…അദ്ദേഹത്തിന് ഈശ്വരനില്‍ വലിയ വിശ്വാസമുണ്ടായിരുന്നില്ല …ആപത്തുക്കള്‍ വരുന്നത് മനുഷ്യന്റെ ശ്രദ്ധക്കുറവുകൊണ്ടും ദൗര്‍ഭാഗ്യംകൊണ്ടുമാണെന്നാണ് അയാള്‍ പൂര്‍ണ്ണമായി വിശ്വസിച്ചു…മന്ത്രി അപ്പോഴും ഈശ്വരേച്ചകൊണ്ടുണ്ടാകുന്ന എന്തും നല്ലതിനാണെന്ന് തന്നെ വിശ്വസിച്ചു…

ഒരു ദിവസം രണ്ടുപേരും കൂടി നായാട്ടിനു പോയി..രാജാവിന്റെ കൈല്‍ ഒരു മുറിവ് പറ്റി …അദ്ദേഹം മന്ത്രിയെ വിളിച്ചു കാണിച്ചു…മന്ത്രി ഉടനെ അതും നല്ലതിനുതന്നെ എന്നഭിപ്രായം പറഞ്ഞു…തന്റെ കൈ മുറിഞ്ഞത് നല്ലതിനാണെന്ന് പറയുന്ന മന്ത്രിക്ക് സ്നേഹം ഇല്ലാന്ന് വിചാരിച് കുപിതനായ രാജാവ് മന്ത്രിയെ ജയിലിലടയ്ക്കുവാന്‍ കല്‍പ്പിച്ചു…നാല് ദിവസം കഴിഞ്ഞ് രാജാവ് വീണ്ടും നായാട്ടിനു പോയി…അപ്പോഴാണ്‌ ചില കാപാലികന്മാര്‍ വന്നു അദ്ദേഹത്തെ പിടികൂടിയത്…അമാവാസിദിവസംപാതിരയ്ക്ക് കാളിപൂജയ്ക്ക്ശേഷം ലക്ഷണമൊത്ത ഒരു പുരുഷനെ ബലി കൊടുക്കുകയാണെങ്കില്‍ ആഗ്രഹങ്ങളെല്ലാം സാധിക്കുമെന്നാണ് അവരുടെ വിശ്വാസം…അതിനു വേണ്ടി രാജാവിനെ കുളിപ്പിച്ച് ചുവന്ന പട്ടുടുപ്പിച്ച് ചെമ്പരത്തിപ്പൂമാലയണിഞ്ഞു കാളീക്ഷേത്രത്തില്‍ എത്തിച്ചു…തന്റെ മരണം അടുത്തിരിക്കുന്നു എന്നറിഞ്ഞ രാജാവ് ഭയം കൊണ്ട് മരവിച് കണ്ണുമടച് നിന്നു …പൂജയ്ക്ക് ശേഷം ബലി നടത്തുവാനുള്ള പൂജാരി അടുത്ത് വന്നു രാജാവിന്റെ ദേഹം പരിശോധിച്ചപ്പോള്‍ കയ്യിലെ മുറിവ കണ്ടു ..ഈ ദേഹം ബലിക്ക് പറ്റിയതല്ലെന്ന് വിധിക്കുകയും ചെയ്തു..രാജാവിന് ജീവന്‍ വീണ്ടുകിട്ടി…തന്റെ കൈ മുറിഞ്ഞത് നല്ലതിനായിരുന്നുവെന്നു ബോധ്യപ്പെടുകയും ചെയ്തു..അകാരണമായി മന്ത്രിയെ ശിക്ഷിച്ചതില്‍ പശ്ചാത്തപിച്ച രാജാവ് കൊട്ടാരത്തില്‍ മടങ്ങിയെത്തി മന്ത്രിയെ വരുത്തി ക്ഷമായാചനം ചെയ്തു…എന്നിട്ട് ചോദിച്ചു ;എന്റെ കൈ മുറിഞ്ഞത് നല്ലതിനാണെന്ന് എനിക്ക് മനസ്സിലായി..കാരണം കൂടാതെ അങ്ങ് ഒരാഴ്ച ജയിലില്‍ കിടന്നു വിഷമിച്ചത് എന്തിനായിരുന്നു..? അതെങ്ങനെയാണ്‌ നല്ലതിനാകുന്നത് ?മന്ത്രി മറുപടി പറഞ്ഞു…’അതും ഈശ്വരനിശ്ചയംകൊണ്ട് നല്ലതിനായിരുന്നു…ഇല്ലെങ്കി
ല്‍ അങ്ങയുടെ കൂടെ ഞാനും നായാട്ടിനുപോരും …നമ്മളെ രണ്ടുപേരെയും കാപാലികന്മാര്‍ പിടിക്കും…അങ്ങയെ വിട്ടയ്ക്കുംബോള്‍ പിന്നെ എന്നെയാണ് ബാലികൊടുക്കുക …അതില്ലാതായത് എന്നെ ജയിലില്‍ ഇട്ടതുകൊണ്ടല്ലേ..?..എല്ലാം നല്ലതിനാണെന്ന് രാജാവിനു ബോധ്യം വന്നു…

നമുക്ക് എന്തെങ്കിലും ഒരു ആപത്ത് വരുമ്പോഴേക്കും നാം വല്ലാതെ വിഷമിക്കുന്നു…വാസ്തവത്തില്‍ അതെല്ലാം നമുക്ക് നല്ലതിനാകുന്നു..ഈശ്വരന്റെ ഓരോ അനുഗ്രഹമാകുന്നു എന്ന വിചാരം അത് സന്തോഷപൂര്‍വ്വം സഹിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു…ഒരു ആഭരണപണിക്കാരന്‍ സ്വര്‍ണ്ണം തീയിലിട്ട് ഉരുക്കുകയും വെള്ളത്തില്‍ മുക്കുകയും ചെയ്യുമ്പോലെയാണ്
ഈശ്വരന്‍ നമ്മുടെ ഹൃദയമാകുന്ന കനകത്തെ ദുഖാഗ്നിയിലെക്ക് തപിപ്പിക്കുകയും മിഴിനീരിലിട്ട് മുക്കുകയും ചെയ്യുന്നത്..സാധാരണ മനുഷ്യര്‍ക്ക് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ അതെന്തിനാണെന്ന് അറിയുവാനുള്ള കഷമയില്ലെന്നു മാത്രം..സമ്പത്തെന്നപോലെ വിപത്തും ഈശ്വരാനുഗ്രഹമാണെന്ന് വിചാരിച്ച് സന്തുഷ്ടചിത്തരായിരിക്കയാണ്വേണ്ടത്..ഇതാണ് ഒരു യാഥാര്‍ത്ഥ ഭക്തന്റെ സ്വഭാവം…

ഹൃദയവാസിയായ ഈശ്വരന്‍ പ്രാര്‍ത്ഥന കേള്‍ക്കാത്തതെന്തേ?

പ്രശസ്തമായൊരു ഗണപതി ക്ഷേത്രം സന്ദര്‍ശിച്ചുകഴിഞ്ഞപ്പോള്‍അദ്ദേഹത്തിന് ഒരാഗ്രഹം. ഒരു ഗണപതി വിഗ്രഹം വാങ്ങണം. അദ്ദേഹം കടകള്‍ കയറി ഇറങ്ങി. മനസ്സിനിഷ്ടപ്പട്ട ഒരു വിഗ്രഹം തിരഞ്ഞെടുത്തു. ഹോട്ടല്‍ മുറിയില്‍ ചെന്ന് വീട്ടിലേക്ക് തിരിച്ചു പോകാനായി പെട്ടി ഒതുക്കിയപ്പോഴാണ് വിഗ്രഹം അതില്‍ കൊള്ളുകയില്ലെന്നറിഞ്ഞത്. അദ്ദേഹം തിരിച്ച് കടയിലെത്തി.

“ഇത് പെട്ടിയില്‍ കൊള്ളുകില്ല; കുറച്ചു ചെറുത് മതി” കടയുടമ ചെറിയൊരു വിഗ്രഹം കൊടുത്തു വിട്ടു. ഇതെല്ലാം കണ്ടുകൊണ്ടു നിന്ന ഒരാള്‍ പറ‍ഞ്ഞു: “എല്ലാവര്‍ക്കും ആവശ്യം തങ്ങളുടെ പെട്ടിയില്‍ ഒതുങ്ങുന്ന ഈശ്വരനെയാണ്.”

വലിയൊരു സന്ദേശം ഇതിലുണ്ട്. ഈശ്വരനെ അവിടുത്തെ സര്‍വ്വ വലിപ്പത്തോടും മേന്മയോടും കൂടി ഉള്‍ക്കൊളളുവാന്‍ തക്കവണ്ണം നമ്മുടെ മനസ്സ് വിശാലമാക്കി നാം സ്ഥാനം കൊടുക്കുന്നില്ല. മറിച്ച് നമ്മുടെ സങ്കുചിതമായ, ഇടുങ്ങിയ മനസ്സില്‍ ഈശ്വരനെ ചെറുതാക്കി, ‘അംഗഭംഗം’ വരുത്തി പ്രതിഷ്ടിക്കുകയാണ് നാം. അങ്ങനെ ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ഈശ്വരന് അനുഗ്രഹിക്കാനുള്ള ശക്തി ഉണ്ടാകുമോ? തീര്‍ച്ചയായും ഇല്ല. ഈശ്വരനെ അവിടുത്തെ സമസ്തപ്രഭാവത്തെടും കൂടി ഹൃദയത്തില്‍ ഉറപ്പിക്കുക. അപ്പോള്‍ നാം ലോകം മുഴുവനും ഉള്‍ക്കൊള്ളാനാകും വിധം വളരുന്നതറിയാം

"തന്നോടൊപ്പം നടക്കുന്ന ദൈവം…"

ഒരു കച്ചവടക്കാരന്‍ എന്നും വൈകുന്നേരങ്ങളില്‍ കടല്‍ത്തീരത്ത്‌ പതിവായി നടക്കുമായിരുന്നു…
പതിവായുള്ള ആ പ്രവര്‍ത്തിക്കിടയില്‍ അയാള്‍ ഒരു കാര്യം ശ്രദ്ധിച്ചു .കടല്‍ തീരത്ത് തന്റെതല്ലാതെ മറ്റൊരു അദൃശ്യമായ മറ്റൊരു കാല്‍പാട് കൂടി ഉണ്ടെന്ന കാര്യം .!!അത് ദൈവത്തിന്റെ കാല്‍പ്പാടു ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.പിന്നീട് അയാള്‍ തന്റെ ആകുലതകളും സന്തോഷങ്ങളും പങ്കുവച്ചു. അദേഹത്തിന്റെ ദിനങ്ങള്‍ ആഹ്ലാദം നിറഞ്ഞതായി. ജീവിതത്തിനു പുതിയ മാനങ്ങള്‍ കൈവന്നു. ബിസ്സിനെസ്സ് അതിന്റെ പരകോടിയിലെത്തി പുത്രന്മാര്‍ നല്ലനിലയില്‍
എത്തി .!!!

എന്നാല്‍ പെട്ടൊന്നോരുനാല്‍ ദൈവത്തിന്റെ കാല്‍പ്പാടുകള്‍ അപ്രത്യക്ഷമായി സ്വന്തം കാല്‍പ്പാടു മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു ..അതിനു ശേഷം ബിസ്സിനെസ്സ് തകര്‍ന്നു,ഭാര്യ രോഗിണിയായി ,മകന്‍ അപകടത്തില്‍ പെട്ട് ശയ്യാവലംബി ആയി.!!

എന്നാല്‍ അയാള്‍ പ്രശ്നങ്ങളെ ധീരമായി നേരിട്ടു.!ബിസ്സിനെസ്സ് വീണ്ടും ലാഭത്തിലായി ജീവിതം നല്ല അവസ്ഥയിലേയ്ക്കു മടങ്ങിവന്നു ..പക്ഷെ അയാള്‍ ഒരിക്കലും തന്റെ കടല്‍ത്തീരത്ത്‌ കൂടിയുള്ള സവാരി ഒഴിവാക്കിയിരുന്നില്ല .ദൈവത്തിന്റെ കാല്‍പ്പാടുകള്‍ കണ്ടില്ലെന്നു മാത്രം ..

എന്നാല്‍ പെട്ടോന്നോരുനാൾ വീണ്ടും ദൈവത്തിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞു കാണുകയായി ..!! വളരെയധികം സങ്കടത്തോടും അതിലധികം പരിഭവത്തോടും അദ്ദേഹം ദൈവത്തോട് ചോദിച്ചു ..”എന്റെ കഷ്ടകാല സമയത്ത് അങ്ങ് എവിടെയായിരുന്നു ….!!ആ സമയങ്ങളില്‍ ഒരിക്കല്‍ പോലും അങ്ങയുടെ കാല്‍പ്പാടുകള്‍ എനിയ്ക്ക് കാണാന്‍ കഴിഞ്ഞില്ലല്ലോ .അപ്പോള്‍ ദൈവത്തിന്റെ ശാന്ത സ്വരത്തിലുള്ള ശബ്ദം അയാള്‍ക്ക്‌ കേള്‍ക്കായി …”മകനെ നീ നിന്റെ കഷ്ട കാലങ്ങളില്‍ പതിഞ്ഞു കണ്ട കാല്പാടുകള്‍ നിന്റെതായിരുന്നില്ല അവ എന്റേതായിരുന്നു …കാരണം നിന്റെ കഷ്ടകാല സമയങ്ങളില്‍ ഉടനീളം നിന്നെ ചുമലിലേറ്റി ഞാന്‍ നടക്കുകയായിരുന്നു”

കാര്യം കണ്ട് കഴിഞ്ഞാല്‍ കാണാത്ത മട്ടില്‍ പോകുന്നവരില്ലേ. എന്താണവരെക്കുറിച്ച് അഭിപ്രായം?ചുട്ടുപഴുത്ത മണല്‍ പരപ്പിലൂടെ നടക്കുമ്പോഴാണ് അങ്ങകലെ ഒരു കൂറ്റന്‍ വൃക്ഷം കണ്ടത്. അയാള്‍ അതിയായ ആഹ്ലാദത്തോടെ മരചുവട്ടിലേക്ക് കുതിച്ചു.

മരച്ചുവട്ടിലെത്തിയപ്പോള്‍ സ്വര്‍ഗം കിട്ടിയാലെന്നപോലെ തോന്നി. കുറച്ചുനേരം തണലേറ്റപ്പോള്‍ തല തണുത്തു. കുളിര്‍മ്മയുള്ള നിഴല്‍ ഉന്മേഷം പകര്‍ന്നു. അയാള്‍ ആ വൃക്ഷം ശ്രദ്ധിച്ചു നോക്കി. ആ വിജനപ്രദേശത്ത് ആ ഒരൊറ്റ വ്യക്ഷം മാത്രമേയുള്ളൂ. നന്നായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വൃക്ഷം. ഇതില്ലായിരുന്നെങ്കില്‍ വെയ‌ിലേറ്റ് താന്‍ മരിച്ചു പോകുമായിരുന്നു. അയാള്‍ അതിന്റെ ശിഖരങ്ങളിലൂടെ കണ്ണോടിച്ചു. പൂവോ, കായോ, പഴമോ,യാതൊന്നും അതില്‍ കണ്ടില്ല.
“ഉം…കഷ്ടം… ഒരു പ്രയോജനവുമില്ലാത്ത വൃക്ഷം. ഒരു കായ്പോലും പിടിച്ചിട്ടില്ല. ഇതു കൊണ്ട് എന്തു ഗുണം…?”

“ഇത്ര നന്ദികേടരുത്” പെട്ടെന്ന് ഒരു സ്വരം. അത് വൃക്ഷത്തിന്റേതായിരുന്നു. എന്റെ തണലിലുരുന്നല്ലേ, നീ പറയുന്നത്. ഈ തണല്‍ നിന്റെ ജീവന്‍ രക്ഷിച്ചില്ലേ. എന്നിട്ടും എന്നെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് പറയാന്‍ നിനക്കെങ്ങനെ തോന്നി?”
എപ്പോഴെങ്കിലും, എന്നെങ്കിലും, ആരുടെയെങ്കിലും ചെറിയ സഹായമെങ്കിലും നാം സ്വീകരിച്ചിട്ടുണ്ടെങ്കില്‍, ഒരിക്കലും അവരെ നിന്ദിച്ചു പറയരുത്. കൃതഘ്നത മഹാപാപം തന്നെ.

മറ്റുള്ളവര്‍ നമ്മോട് നന്ദികേട് കാണിച്ചേക്കാം. പക്ഷേ അങ്ങനെയാകരുത്. മാത്രമല്ല നന്ദിപ്രതീക്ഷിച്ച് നാം ഒന്നിലും ഏര്‍പ്പെടുകയുമരുത് നമുക്ക് ചെയ്യാവുന്ന കാര്യം ഇതാണ്.

ശ്രേയസ് ആദ്ധ്യാത്മിക വെബ്സൈറ്റ്

ജീവിതം ഒരു സ്വപ്നം തന്നെ

പണ്ട് ഒരു ഗ്രാമത്തില്‍ ഒരു ജ്ഞാനിയായ കൃഷിക്കാരനുണ്ടായിരുന്നു ..വീട്ടില്‍നിന്നു അല്‍പ്പം അകലെയുള്ള വയലില്‍ കൃഷി ചെയ്ത് അയാള്‍ ജീവിതവൃത്തി കഴിച്ചു…വിവാഹം കഴിഞ്ഞ് കുറേക്കാലം കഴിഞ്ഞാണ് അയാള്‍ക്ക് ഒരു കുട്ടിയുണ്ടായത്…കര്‍ഷകനും ഭാര്യയും ആ കുട്ടിയെ വളരെ സ്നേഹത്തോടുകൂടി ലാളിച്ചുവളര്‍ത്തി…കുട്ടിയെ ഓമനയായി അവര്‍ ഹാരുവെന്നാണ് വിളിച്ചിരുന്നത്…കര്‍ഷകന്‍ ജ്ഞാനിയായിരുന്നുവെങ്കിലും സ്വകര്ത്തവ്യനിര്‍വഹണത്തില്‍ ഒരു ഉപേക്ഷയും കാണിച്ചിരുന്നില്ല…ഗ്രാമീണര്‍
ക്കെല്ലാം അദ്ദേഹത്തെ വളരെ സ്നേഹവും ബഹുമാനവും ആയിരുന്നു..ഈ ലോകത്തിന്റെ നിസ്സാരതയേയും അനീതിയേയും കുറിച്ച് അദ്ദേഹം എപ്പോഴും ചിന്തിക്കുകയും പറയുകയും ചെയ്തിരുന്നു..എങ്കിലും ഹാരു അയാളുടെ സ്നേഹപാത്രമായിരുന്നു..

ഒരു ദിവസം അയാള്‍ വയലില്‍ ജോലിയെടുക്കുവാന്‍ പോയി…നേരം മധ്യഹ്നമായി അപ്പോള്‍ ഒരു അയല്‍ക്കാരന്‍ ഓടി വന്ന് ഹാരുവിന് കോളറ ബാധിച്ചിരിക്കുന്നുവെന്നും അവന്‍ അവശനിലയില്‍ കിടപ്പാണെന്നുമുള്ള വിവരം അറിയിച്ചു…കൃഷിക്കാരന്‍ ഉടനെ മടങ്ങിവന്ന് ചികിത്സക്കുവേണ്ടിയുള്ള ഏര്‍പ്പാടുകള്‍ ചെയ്തു…പക്ഷെ എല്ലാം നിഷ്ഫലമായി…ഹാരു മരിച്ചു…വീട്ടിലുള്ളവരെല്ലാം വലിയ ദുഖത്തിലാണ്ടു…ഹാരുവിന്റെ അമ്മ കരയാന്‍ തുടങ്ങി…കര്‍ഷകന്‍ മാത്രം ഒന്നും സംഭവിചിട്ടില്ലന്ന മട്ടില്‍ ശാന്തനായിരുന്നു..അയാള്‍ ഭാര്യയേയും മറ്റുള്ളവരെയും സമാധാനിപ്പിക്കാന്‍ തുടങ്ങി…

ഭാര്യ പറഞ്ഞു : നിങ്ങള്‍ എന്തൊരു ക്രൂരഹൃദയനാണ് ? ..നിങ്ങളുടെ ഹൃദയം പാറയാണോ ?..നമ്മുടെ ഓമനമകന്‍ മരിച്ചിട്ട് ഒരുതുള്ളി കണ്ണീരുപോലും വീഴുത്തുന്നില്ലല്ലോ ?..നമ്മുക്ക് ദുഃഖം വരുമ്പോള്‍ അനുശോചിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ദുഖത്തിന് ശമനമുണ്ടാകുക സ്വാഭാവികമാണല്ലോ…എന്നാല്‍ അനുശോചിക്കുന്നതിനു പകരം ജ്ഞാനിയായ കര്‍ഷകന്‍ പറഞ്ഞു…”പ്രിയേ ,ഇപ്പോള്‍ എനിക്ക് ഒരു സംശയം !..ഇതുകേട്ട് ഭാര്യ പൊട്ടിത്തെറിച്ചു…’ഇപ്പോഴാണോ നിങ്ങളുടെ സംശയം ..നമ്മുടെ ഓമന മകന്റെ മൃതദേഹം നിങ്ങള്‍ കാണുന്നില്ലേ ?..എന്താണ് നിങ്ങള്‍ക്ക് ഒരു ദുഖവും ഇല്ലാത്തത് ?

കൃഷിക്കാരന്‍ വിവരിച്ചു..: ‘ഞാന്‍ ഇന്നലെ രാത്രി കിടന്നുറങ്ങുമ്പോള്‍ ഒരു സ്വപ്നം കണ്ടു ..ആ സ്വപ്നത്തില്‍ ഞാന്‍ രാജാവായിരുന്നു..എനിക്ക് ഒരു രാജ്ഞിയും ആറു കുമാരന്മാരും ഉണ്ടായിരുന്നു…ആ രാജകുമാരന്മാരെല്ലാം നല്ല മിടുക്കന്മാരും ബുദ്ധിമാന്മാരുമായിരുന്നു …അങ്ങനെ കൊട്ടാരത്തില്‍ സുഖമായി താമസിച്ചുകൊണ്ടിരിക്കുംബോഴാണ് ഞാന്‍ പെട്ടന്ന് ഉണര്‍ന്നത്..പിന്നീട് രാജകുമാരന്മാരുമില്ല രാജ്ഞിയുമില്ല കൊട്ടാരവുമില്ല..ഇപ്പോള്‍ എന്റെ സംശയം ഇന്നലെ രാത്രി മരിച്ചുപോയ ആറുകുട്ടികള്‍ക്കുവേണ്ടി കരയണമോ ,ഇപ്പോള്‍ മരിച്ച ഹാരുവിനുവേണ്ടി കരയണമോ എന്നാണു ‘…ഇത് കേട്ട് എല്ലാവരും അതിശയിച്ചു…

കൃഷിക്കാരന്‍ ഒരു ജ്ഞാനിയായിരുന്നതുകൊണ്ട് ഈ ജാഗ്രദവസ്ഥയും സ്വപ്നാവസ്ഥപോലെ അയഥാര്‍ത്ഥമാണെന്നു മനസ്സിലാക്കിയിരുന്നു..രണ്ടും മനസ്സിന്റെ സൃഷ്ടിയാണ്..ജാഗ്രദവസ്ഥയില്‍ ഈ സ്ഥൂലപ്രപഞ്ചം സൃഷ്ടിക്കുവാന്‍ മനസ്സ് ഇന്ദ്രിയങ്ങളുടെ സഹായം കൂടി സ്വീകരിക്കുന്നു…സ്വപ്നാവസ്ഥയില്‍ അനുഭവപ്പെടുന്ന സൂക്ഷ്മപ്രപഞ്ചത്തെ മനസ്സ് അന്യസഹായം കൂടാതെ സൃഷ്ടിക്കുന്നുവെന്നേയുള്ളൂ…നിദ്രയില്‍ സ്വപ്നപ്രപഞ്ചത്തെ കാണുന്നതുപോലെ അജ്ഞാനനിദ്രയില്‍ സ്ഥൂലപ്രപഞ്ചത്തെയും കാണുന്നു…അജ്ഞാനനിദ്രയില്‍ ഉണര്‍ന്നു ജ്ഞാനപ്രകാശത്തിലെത്തുമ്പോള്‍ രണ്ടും മനസ്സിന്റെ സൃഷ്ടിയാകയാല്‍ അയഥാര്‍ത്ഥമാണെന്നു ബോധ്യപ്പെടുന്നു.. ഇതാണ് വേദാന്തസിദ്ധാന്തം ‘ബ്രഹ്മസത്യം ജഗത് മിഥ്യ !