ശിവം അനന്തം

ശിവം എന്നുപറഞ്ഞാല്‍ എല്ലാ ചലനങ്ങള്‍ക്കും അപ്പുറത്ത്‌ അനന്തമായി വ്യാപിച്ചു നില്‍ക്കുന്ന സത്യവസ്തു ഏതോ അതിന്റെ പേരാണ്‌ ശിവം. ഈ കാണുന്ന ബ്രഹ്മാണ്ഡമായി പരിണമിച്ചതും അതുതന്നെയാണ്‌.ചലനമില്ലാതെ എന്നും അതുതന്നെയായി സ്ഥിതിചെയ്യുന്ന ആനന്ദസ്വരൂപമാണ്‌ അത്‌. ബ്രഹ്മംഎന്ന്‌ വിളിക്കുന്നതും അതിനെത്തന്നെയാണ്‌. യാതൊരു ചലനങ്ങളും സ്പര്‍ശിക്കാതെ നില്‍ക്കുന്ന ഈ ശിവത്തില്‍ സൃഷ്ടിക്ക്‌ വേണ്ടിയുള്ള ആദ്യ ചലനങ്ങള്‍ ആവിര്‍ഭവിക്കുന്നു. ആ സാന്നിദ്ധ്യത്തെയാണ്‌ ആദിമ ഇച്ഛയായി ആദിശക്തി, ആദിശക്തിയായി ശാസ്ത്രങ്ങള്‍ ഉദ്ഘോഷിക്കുന്നത്‌. അപ്പോള്‍ നിത്യസത്യമായി ചലനമില്ലാതെ നിലകൊള്ളുന്ന ആ പ്രതിഭാസത്തില്‍നിന്ന്‌ ആദിമ ഇച്ഛയുടെ ചലനങ്ങള്‍ പ്രത്യക്ഷപ്പെടുന്നതോടെ സൃഷ്ടി ആരംഭിക്കുകയായി. അതാണ്‌, ശിവശക്തികളുടെ സംഗമത്തില്‍നിന്നാണ്‌ സൃഷ്ടി ഉണ്ടാകുന്നതെന്ന്‌ പറയുന്നത്‌. ശക്തി ശിവനില്‍ ലയിച്ചിരിക്കുമ്പോള്‍ പ്രപഞ്ചമില്ല, സൃഷ്ടിയും ഇല്ല. ശക്തിയില്ലെങ്കില്‍ ശിവന്‌ ഇളക്കമില്ല. കാരണം ഇളകണമെങ്കില്‍ ശക്തി വേണമല്ലോ. നമ്മുടെ ശരീരം ചലിക്കുന്നു. മനസ്സ്‌ ചലിക്കുന്നു. ഈ ചലനങ്ങക്ക്‌ നിദാനം ആ ശക്തി തന്നെയാണ്‌. നമ്മളെ പ്രവര്‍ത്തിപ്പിക്കുന്ന ആ ശക്തി എല്ലാറ്റിനും സാക്ഷിയായി നില്‍ക്കുന്ന നിശ്ചലാവസ്ഥയാകുന്ന ശിവത്തില്‍ ലയിച്ചാല്‍ പിന്നെ സൃഷ്ടിയില്ല, പ്രപഞ്ചവും ഇല്ല. എല്ലാ ചലനങ്ങളും ഒതുങ്ങി അസ്തമിച്ച്‌ നില്‍ക്കുന്ന അവസ്ഥതന്നെയാണ്‌ സമാധി. ചലിക്കുന്നതെല്ലാം ആപേക്ഷികമാണ്‌ എന്ന്‌ പറഞ്ഞാല്‍ അതിന്‌ മാറ്റമുണ്ട്‌. ചലനമില്ലാത്തത്‌ നിത്യസത്യമായ അനന്തതമാത്രം. ചലനങ്ങളില്‍നിന്നും ചലനമില്ലാത്ത അവസ്ഥയെ പ്രാപിക്കുമ്പോള്‍ നമുക്ക്‌ നേടേണ്ടതെല്ലാം അവിടെനിന്നും സിദ്ധിക്കുന്നു. നാം പരമമായ ജ്ഞാനം നേടിയവരായിത്തീരുന്നു. അപ്പോള്‍ ജീവിത ചലനങ്ങളിലൂടെ പ്രപഞ്ച ചലനങ്ങളിലൂടെ എങ്ങോട്ട്‌ യാത്ര ചെയ്യുന്നു? ചലനമില്ലാത്ത ശിവത്തിലേക്ക്‌. ശിവത്തെ അറിഞ്ഞവന്‍ ജ്ഞാനിയായി. അതോടെ നമ്മുടെ ജീവിതം മറ്റൊന്നായിത്തീരുന്നു. പിന്നീട്‌ ഭയമില്ല, മനസ്സിന്റെ വ്യാമോഹങ്ങളില്ല. ഇന്ദ്രിയസുഖങ്ങള്‍ക്ക്‌ പുറകില്‍ നെട്ടോട്ടമില്ല. എല്ലാം അതിന്റെ പരിപൂര്‍ണതയില്‍ പരിലസിക്കുന്നു. ആത്മനിര്‍വൃതിയുടേയും നിത്യതൃപ്തിയുടേയും ഭൂമിയില്‍ നമ്മുടെ ആത്മാവ്‌ വിലയം പ്രാപിച്ച്‌ പരമമായ ശാന്തി കൈവരിക്കുന്നു. ശിവത്തെ അറിഞ്ഞ്‌ തിരിച്ചു വരുന്നതോടെ നമ്മുടെ ജീവിതത്തിലെ എല്ലാ തലങ്ങളിലും എല്ലാ ചലനങ്ങളിലും പുതിയൊരു വസന്തം വിരിയുകയായി. നമ്മുടെ ജീവിതം ദിവ്യമായ ഒരു സംഗീതമായി ഒഴുകാന്‍ തുടങ്ങുകയായി. മനുഷ്യശരീരമാകുന്ന കൊച്ചു പേടകത്തില്‍ ഈ ബ്രഹ്മാണ്ഡത്തെത്തന്നെ ഒതുക്കിവെച്ച മഹാത്ഭുതം നാം സ്വയം അനുഭവിക്കുന്നു. നമ്മുടെ ശാസ്ത്രങ്ങളും ആചാര്യവചനങ്ങളും ഈ അവസ്ഥയെ പ്രാപിക്കാനുള്ള ചൂണ്ടു പലകകളാണ്‌.

തഥാതന്‍

ശിവലിംഗ പൂജയുടെ മാഹാത്മ്യം


പണ്ട് ശംബരൻ എന്നൊരു വേടൻ കാട്ടിൽ താമസിച്ചിരുന്നു.അതി ശക്തനും സമർഥനും ആയിരുന്നു അദ്ദേഹം.ഒരിക്കൽ വേട്ട കഴിഞ്ഞ് മടങ്ങവേ വഴിയിൽ ജീർണിച്ചു നാമാവശേഷമായ ഒരു ശിവക്ഷേത്രവും അതിൽ മഞ്ഞും മഴയും വെയിലും കൊണ്ട് കിടന്ന ഒരു ശിവലിംഗവും കാണാൻ ഇടയായി. അദ്ദേഹം അത്യധികം തേജസ്സുള്ള ആ ശിവലിംഗവും കയ്യിലെടുത്തു യാത്ര തുടർന്നു.മാർഗമധ്യേ വേട്ടക്കായി കാട്ടിലെത്തിയ കാണാൻ ഇടയായ ശംബരൻ അദ്ധേഹത്തെ താണ്തോഴുതുകൊണ്ട് ഇപ്രകാരം ഉണർത്തിച്ചു.” മഹാപ്രഭോ,അടിയൻ ഒരു വേടനാണ്.വനത്തിൽ നാമാവശേഷമായി കിടന്ന ഒരു ശിവ ക്ഷേത്രത്തിൽ നിന്നും അടിയനു ലഭിച്ചതാണീ ശിവലിംഗം.നീചജാതിക്കാരനായ അടിയനു പൂജാവിധികൾ ഒന്നും തന്നെ അറിയില്ല.അതിനാൽ ദയവുണ്ടായി അങ്ങ് അടിയന്റെ ജാതിക്കൊത്ത പൂജാവിധികൾ വല്ലതും ഉണ്ടെകിൽ അടിയനു പറഞ്ഞു തന്നാലും”ശംബരന്റെ വാക്കുകൾ കേട്ട രാജാവ് സന്തോഷത്തോടെ ശംബരനു യോജിച്ച വിധത്തിലുള്ള പൂജാവിധികൾ ഇപ്രകാരം ഉപദേശിച്ചു.

“അതിരാവിലെ എഴുന്നേറ്റു കുളിച്ചു ദേഹശുദ്ധി വരുത്തി ശിവലിന്ഗത്തെ ഒരു പാറമേൽ വെച്ച് പുഴവെള്ളം കൊണ്ട് കുളിപ്പിക്കണം പൂജ ചെയ്യുന്നവനരോ അവൻ നിത്യവും വസ്ത്രവും പല്ലും വെളുപ്പിക്കണം.ശിവപൂജക്ക് ഏറ്റവും ശ്രേഷ്ട്ടമായതു ചുടലഭസ്മം ആകയാൽ നീ ആ ഭസ്മം ശിവലിംഗത്തിലും ശരീരത്തിലും പൂശണം.ഫലമൂലാദികളും വരിനെല്ലുചോറും ചാമയും ഭഗവാനു നിവേദിക്കണം. ഒരിക്കലും ശിവപൂജ കഴിയാതെ ഭക്ഷണം കഴിക്കാനും പാടില്ല”

അങ്ങനെ ശംബരൻ പാഞ്ചാല രാജന്റെ ഉപദേശം സ്വീകരിച്ചു ഭഗവാനെ പൂജിക്കാൻ ആരംഭിച്ചു.നെല്ലും ചോറും ലഭ്യമല്ലാതതിനാൽ ചുട്ട ഇറച്ചിയും നിവേദിച്ചു വന്നു. ശംബരന്റെ പൂജയിൽ വേടത്തിയും പങ്കുചേർന്നു വന്നു.വർധിച്ച ഭക്തിയാൽ അവർ ശിവലിംഗ പ്രതിഷ്ട്ടക്ക് സമീപം ഒരു പർണ്ണശാല കെട്ടി പാർത്തു. മാസങ്ങൾ പലതും കഴിഞ്ഞു. ഒരു ദിവസം ചുടലഭസ്മം തേടി വളരെ അലഞ്ഞിട്ടും അതു ലഭിക്കാതെ വന്ന ശംബരന് അതീവ നിരാശയും ദുഖവും ഉണ്ടായി. ഭഗവദ് പൂജക്ക് വിഘ്നം സംഭവിക്കരുതെന്നു മനസിലുറപ്പിച്ച ശംബരൻ തന്റെ പ്രിയ പത്നി പടുതുയർത്തിയ പർണ്ണശാലക്ക് തീ വെച്ചു.ആ പർണ്ണശാലയിൽ തന്റെ വേടത്തി ഉണ്ടായിരുന്ന കാര്യം ശംബരൻ ചിന്തിച്ചതേ ഇല്ല.ആശ്രമാത്തോടൊപ്പം അവളും വെന്തു വെണ്ണീറായി.ശംബരൻ ആ ഭസ്മമെടുത്ത് ശിവലിംഗത്തിലും ശരീരത്തും പൂശി യഥാവിധി പൂജകൾ കഴിച്ചു.

പൂജക്ക് ശേഷം പതിവുപോലെ പ്രസാദം നൽകാൻ തന്റെ പത്നിയെ വിളിച്ചു.അത്ഭുതമെന്നു പറയട്ടെ ,ചിരിച്ചുകൊണ്ട് രണ്ടുകയ്യും നീട്ടി പ്രസാദം വാങ്ങാൻ വേടത്തി അടുത്ത് നിക്കുന്നു.ആശ്രമത്തോടൊപ്പം താൻ ഭാര്യയെയും അഗ്നിക്കിരയാക്കിയ കാര്യമോർത്ത് ശംബരൻ അതിശയിച്ചു നിന്നു.അപ്പോൾ വേടത്തി പറഞ്ഞു. അല്ലയോ നാഥാ , പൂജക്ക് വിഘ്നം സംഭവിക്കരുതെന്ന ചിന്തയിൽ ആശ്രമാത്തോടൊപ്പം എന്നേയും അങ്ങ് അഗ്നിക്കിരയാക്കിയെങ്കിലും ആ തീജ്വാലകൾ എന്നെ സ്പർശിച്ചതേ ഇല്ല.ആശ്രമം കത്തിയമരുമ്പോൾ എന്താണ് സംഭവിച്ചതെന്നു എനിക്ക് ഓർമ്മയില്ല .ഈ അത്ഭുതങ്ങൽക്കെല്ലാം കാരണം അങ്ങ് മുടങ്ങാതെ ചെയ്തുവന്ന ശിവലിംഗ പൂജയുടെ മാഹത്മ്യമാണ്. ഇരുവരും ഭക്തിപുരസ്സരം ശ്രീ പരമേശ്വരനെ സ്തുതിച്ചു.ക്ഷണനേരം കൊണ്ട് പുഷ്പക വിമാനത്തിൽ വന്നിറങ്ങിയ ശിവഗണങ്ങൾ ശംബരനേയും പത്നിയേയും വഹിച്ചുകൊണ്ട് ശിവലോകത്തെക്ക് പോയി. അങ്ങനെ മുടങ്ങാതെ ശിവലിംഗ പൂജ ചെയ്ത ശംബരനും പത്നിയും ശിവപാദത്തിൽ അലിഞ്ഞു ചേര്ന്നു

അന്നദാനം മഹാദാനം.

അന്നദാനത്തിന്‍റെ മഹത്വം പറയുന്ന ഈ കഥ മഹാഭാരതത്തിലാണ് പറഞ്ഞിട്ടുള്ളത്.

കര്‍ണ്ണനും സുയോധനനും മരണശേഷം സ്വര്‍ഗ്ഗത്തിലെത്തി. രണ്ട് പേര്‍ക്കും ഉജ്ജ്വലമായ വരവേല്‍പ്പും കാര്യങ്ങളും ഒക്കെ ലഭിച്ചു. എന്നിട്ട് രണ്ട് പേര്‍ക്കും ഓരോ കൊട്ടാരം നല്‍കി. സകലവിധ സൌകര്യങ്ങളും ഉള്ള കൊട്ടാരങ്ങളില്‍, ദര്‍ബ്ബാറുകളും, നര്‍ത്തകിമാരും എല്ലാമുണ്ടായിരുന്നു. കുറച്ച് നേരം കഴിഞ്ഞു. കര്‍ണ്ണന് ദാഹം അനുഭവപ്പെട്ടു. വെള്ളം അന്വേഷിച്ച് കൊട്ടാരം മൊത്തം കറങ്ങി നടന്നു. ഒരിടത്തും കിട്ടിയില്ല. വെള്ളം മാത്രമല്ല, ഭക്ഷണവും അവിടെയെങ്ങും ഇല്ല എന്ന് മനസ്സിലായി. ഉള്ള ആപ്പിളും, മുന്തിരിയുമെല്ലാം തന്നെ സ്വര്‍ണ്ണത്തിലും വെള്ളിയിലും ഉള്ളതാണ്. വൈകുന്നേരമായപ്പോഴേക്കും കര്‍ണ്ണന്‍ അവശനായി.ഗതിമുട്ടിയപ്പോള്‍ കര്‍ണ്ണന്‍ , കൃഷ്ണനെ കണ്ട് സങ്കടം ഉണര്‍ത്തിച്ചു. ഒന്നും തിന്നാനും കുടിക്കാനും തരാതെ എന്ത് സ്വര്‍ഗ്ഗം? സുയോധനന് എല്ലാ സൌഭാഗ്യവും ഉണ്ട്. എനിക്ക് ഭക്ഷണവും വെള്ളവും ഇല്ല. എന്നിങ്ങനെ പരാതികള്‍ ലിസ്റ്റ് ഇട്ടു.

കൃഷ്ണന്‍:നീ ഭൂമിയില്‍ എന്തൊക്കെ ചെയ്തൊ, അതനുസരിച്ചാണ് സ്വര്‍ഗ്ഗത്ത് നിനക്ക് ഓരോ സൌകര്യങ്ങള്‍ കിട്ടുന്നത്. എന്നെങ്കിലും ദാഹിച്ച് വരുന്ന ഒരാള്‍ക്ക് വെള്ളമോ, വിശന്ന നടന്ന ഒരാള്‍ക്ക് ഭക്ഷണമോ നീ കൊടുത്തിട്ടുണ്ടോ? കൊടുത്തതെല്ലാം സ്വര്‍ണ്ണവും, വെള്ളിയും രത്നങ്ങളുമല്ലെ? പിന്നെ നിനക്ക് സ്വര്‍ഗ്ഗത്തിലെങ്ങനെ ഭക്ഷണം കിട്ടും?.

കര്‍ണ്ണന്‍ ആകെ വിഷമത്തിലായി.

കര്‍ണ്ണന്‍: ഭക്ഷണം കിട്ടാന്‍ ഒരു വഴിയും ഇല്ലെ?

കൃഷ്ണന്‍: എന്നെങ്കിലും ആര്‍ക്കെങ്കിലും അന്നദാനം നടത്തുന്ന സ്ഥലത്തേക്ക് നീ വഴി പറഞ്ഞു കൊടുത്തിട്ടുണ്ടോ?

കര്‍ണ്ണന്‍: ഉണ്ട്. ഒരിക്കല്‍ സുയോധനന്‍ അന്നദാനം നടത്തിയപ്പോള്‍ ഒരാള്‍ക്ക് ആ സത്രത്തിലേക്കുള്ള വഴി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൃഷ്ണന്‍: എന്നാല്‍ നീ അന്ന് ചൂണ്ടിയ ആ വിരല്‍ ഇപ്പോള്‍ നുണഞ്ഞ് നോക്കൂ.

കര്‍ണ്ണന്‍ ഭഗവാനെ അനുസരിച്ചു. വലതു കയ്യിലെ ചൂണ്ടുവിരല്‍ നുണഞ്ഞ കര്‍ണ്ണന് വിശപ്പ് മാറി എന്ന് ഐതീഹ്യം. അന്നദാന സത്രത്തിലേക്ക് ചൂണ്ടിക്കാട്ടിയ വിരലിന് ഇത്രയും പുണ്യമെങ്കില്‍, അന്നദാനം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗം നിശ്ചയമത്രേ!

ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത്‌ അന്നദാനമാണ്. മറ്റു ഏതൊരുദാനവും അന്നദാനത്തോളം മാഹാത്മ്യമേറിയതാവില്ല. വിശന്നുവലഞ്ഞു വരുന്ന ഒരാള്‍ക്ക്‌ അന്നം ലഭിക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും അതു കഴിച്ചശേഷമുണ്ടാകുന്ന സംതൃപ്തിയും അന്നദാദാവിന് അനുഗ്രഹമായി പരിണമിക്കുന്നു. മറ്റൊരു ദാനം കൊണ്ട് കിട്ടുന്നയാള്‍ക്ക് തൃപ്തി വരണമെന്നില്ല. ധനം, വസ്ത്രം, സ്വര്‍ണ്ണം, ഭൂമി ഇവയില്‍ ഏതു കൊടുത്താലും വാങ്ങുന്നയാള്‍ക്ക് കുറച്ച് കൂടി കൊടുത്താല്‍ അതും അയാള്‍ വാങ്ങും. എന്നാല്‍ അന്നദാനം ലഭിച്ചാല്‍, വിശപ്പുമാറി കഴിഞ്ഞാല്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചുകൊണ്ട് പറയും മതിയെന്ന്. അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങുന്നയാളിന് പരിപൂര്‍ണ്ണ തൃപ്തിയാണ് ഉണ്ടാകുന്നത്. ഈ ഒരു തൃപ്തി മറ്റൊരു ദാനത്തിലൂടെയും ആര്‍ജ്ജിക്കാന്‍ കഴിയില്ല. അന്നദാനം നടത്തിയാല്‍ ദാരിദ്ര്യവും കടവും മാറുമെന്നാണ് വിശ്വാസം. കൂടാതെ കുടുംബത്തില്‍ സമ്പത്ത് സമൃദ്ധിയും ഐശ്വര്യവുമുണ്ടാകും. ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണം അത്യാവശ്യമാണ്. അന്നദാനം നല്‍കുന്നതിലൂടെ ഒരാള്‍ക്ക് ജീവന്‍ നല്‍കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് അന്നദാനം മറ്റു ദാനങ്ങളെക്കാള്‍ മഹത്തരമാണ് എന്നു പറയുന്നത്. ശിവപുരാണത്തിലാണ് അന്നദാനത്തെകുറിച്ച് പറഞ്ഞിരിക്കുന്നത്.

‘ഗജതുരംഗസഹസ്രം ഗോകുലം കോടി ദാനം
കനകരചിത പാത്രം മേദിനിസാഗരാന്തം;
ഉദയകുല വിശുദ്ധം കോടി കന്യാപ്രദാനം
നഹി നഹി ബഹുദാനം അന്നദാനസുസമാനം’

എന്നാണ് അന്നദാനത്തെ പ്രകീര്‍ത്തിക്കുന്നത്. അതായത് ആയിരം കൊമ്പനാനകള്‍, ആയിരം പടക്കുതിരകള്‍, ഒരു കോടി പശുക്കള്‍, നവരത്‌നങ്ങള്‍ പതിച്ച അനവധി സ്വര്‍ണ്ണാഭരണങ്ങള്‍, പാത്രങ്ങള്‍, സമുദ്രത്തോളം ഭൂമീ എന്നിങ്ങനെ നിരവധി ദാനങ്ങള്‍ ചെയ്താലും അതൊന്നും അന്നദാനഫലത്തിന് തുല്യമാകില്ല എന്നാണ്.

 —

കര്‍ണനു കിട്ടിയ ശാപം


ഹസ്തിനപുരിയില്‍ കൗരവന്മാരെയും പാണ്ഡവന്മാരെയും ദ്രോണാചാര്യര്‍ ആയുധവിദ്യ പഠിപ്പിക്കുന്ന കാലം. അവരോടൊപ്പം അസ്ത്രവിദ്യ പഠിക്കാന്‍ കൊതിച്ച് സൂതപുത്രനായ കര്‍ണനും ദ്രോണരുടെ ശിഷ്യനായി ചേര്‍ന്നു. എല്ലാ കാര്യങ്ങളിലും കര്‍ണന്‍ അര്‍ജുനനോടൊപ്പമായിരുന്നു. അര്‍ജുനനോട് കൂടുതല്‍ വാത്സല്യമുള്ള ദ്രോണര്‍, അര്‍ജുനന് ബ്രഹ്മാസ്ത്രം ഉപദേശിച്ചു കൊടുത്തു. അപ്പോള്‍ കര്‍ണന്‍ തനിക്കും ബ്രഹ്മാസ്ത്രവിദ്യ ഉപദേശിച്ചുതരണമെന്ന് അപേക്ഷിച്ചു. പക്ഷേ, ദ്രോണര്‍ പറഞ്ഞു: ”നീ ക്ഷത്രിയനല്ലല്ലോ. ക്ഷത്രിയന്മാര്‍ക്കും ബ്രാഹ്മണശ്രേഷ്ഠന്മാര്‍ക്കും മാത്രമേ ബ്രഹ്മാസ്ത്രവിദ്യ പഠിക്കാന്‍ പാടുള്ളൂ!”

നിരാശനാകാതെ കര്‍ണന്‍ ആ അത്യപൂര്‍വമായ വിദ്യ പഠിക്കാന്‍ ഒരു വഴി കണ്ടുപിടിച്ചു. മഹേന്ദ്രഗിരിയില്‍ താമസിക്കുന്ന പരശുരാമന്‍ ബ്രാഹ്മണബാലന്മാരെ ആയുധവിദ്യ ശീലിപ്പിക്കുന്നുണ്ടെന്ന് കര്‍ണന്‍ അറിഞ്ഞു. വൈകാതെ കര്‍ണന്‍ ഒരു ബ്രാഹ്മണബാലന്റെ വേഷത്തില്‍ പരശുരാമനെ ചെന്നുകണ്ടു. താന്‍ പരശുരാമന്റെ സ്വന്തം കുലമായ ഭൃഗുവംശത്തില്‍ ജനിച്ച ബ്രാഹ്മണബാലനാണെന്നും തന്നെയും അസ്ത്രാഭ്യാസം ചെയ്യിക്കണമെന്നും അപേക്ഷിച്ചു. ഒറ്റനോട്ടത്തില്‍ത്തന്നെ കര്‍ണനെ പരശുരാമന് ഇഷ്ടമായി. അദ്ദേഹം അതുവരെ മറ്റാര്‍ക്കും പറഞ്ഞുകൊടുക്കാതിരുന്ന പല വിദ്യകളും കര്‍ണനെ പഠിപ്പിച്ചു.

ഒരു ദിവസം ആശ്രമത്തിനടുത്ത് വില്ലും അമ്പുമെടുത്ത് തന്നെത്താന്‍ പരിശീലിച്ചുകൊണ്ടിരുന്ന കര്‍ണന്‍ മാനാണെന്നു കരുതി ഒരു മഹര്‍ഷിയുടെ പശുവിനെ അമ്പെയ്തു കൊന്നു! അതറിഞ്ഞ മഹര്‍ഷി കര്‍ണനെ ശപിച്ചു: ”നീ തോല്‍പിക്കാന്‍ ശ്രമിക്കുന്ന ശത്രുവിനോട് പോരിനു നില്‍ക്കുമ്പോള്‍ നിന്റെ തേര്‍ച്ചക്രങ്ങള്‍ ഭൂമിയില്‍ താണുപോവും. ആ സമയത്ത് ശത്രു നിന്നെ കൊന്നുകളയുകയും ചെയ്യും!” കര്‍ണന്‍ ശാപമോക്ഷത്തിന് യാചിച്ചുവെങ്കിലും മഹര്‍ഷി കനിഞ്ഞില്ല.

പരശുരാമന്‍ അതൊന്നും അറിഞ്ഞില്ല. മിടുക്കനായ ശിഷ്യനോട് വാത്സല്യം തോന്നിയ അദ്ദേഹം കര്‍ണന് ബ്രഹ്മാസ്ത്രവിദ്യ ഉപദേശിച്ചു.
ഒരു ദിവസം ആശ്രമത്തിന്റെ ഇറയത്ത് കര്‍ണന്റെ മടിയില്‍ തലവെച്ച് പരശുരാമന്‍ കിടന്നുറങ്ങുകയായിരുന്നു. ആ സമയത്ത് ഒരു വലിയ വണ്ട് എവിടെനിന്നോ പറന്നെത്തി കര്‍ണന്റെ തുട തന്റെ കൂര്‍ത്ത കൊമ്പുകള്‍കൊണ്ട് തുളച്ചു തുടങ്ങി. സഹിക്കാന്‍ വയ്യാത്ത വേദനയുണ്ടായെങ്കിലും ഗുരുവിന്റെ ഉറക്കത്തിന് തടസ്സം വരരുതെന്നു കരുതി കര്‍ണന്‍ വേദന സഹിച്ചുകൊണ്ടിരുന്നു.
വണ്ട് തുളച്ചുതുളച്ച്കയറിയപ്പോള്‍ കര്‍ണന്റെ തുടയിലെ മുറിവില്‍ നിന്ന് ചോര ഒഴുകി പരശുരാമന്റെ ദേഹം നനഞ്ഞു. അദ്ദേഹം ഉണര്‍ന്നു. ”എന്തുപറ്റി, ഭാര്‍ഗവകുമാരാ?”, പരശുരാമന്‍ ചോദിച്ചു.
കര്‍ണന്‍ വണ്ടിനെ കാണിച്ചുകൊടുത്തു. പരശുരാമന്‍ നോക്കിയ ഉടന്‍ വണ്ട് ചത്തുവീണ് രാക്ഷസന്റെ രൂപമെടുത്തു. ‘ദംശന്‍’ എന്ന രാക്ഷസനായിരുന്നു അവന്‍. പണ്ട് ഭൃഗുമുനിയുടെ ഭാര്യയെ കട്ടുകൊണ്ടുപോകാന്‍ ശ്രമിച്ച അവന്‍ മുനിശാപം മൂലം വണ്ടായിത്തീര്‍ന്നതായിരുന്നു.

ദംശന്‍പോയ ഉടന്‍ പരശുരാന്‍ കര്‍ണനോടു ചോദിച്ചു: ”യഥാര്‍ഥത്തില്‍ നീ ആരാണ്? ഇത്ര കടുത്ത വേദന സഹിക്കാനുളള കഴിവ് ബ്രാഹ്മണര്‍ക്കില്ല. ക്ഷത്രിയര്‍ക്കേ അതു സാധ്യമാവൂ. സത്യം പറയൂ!”
കര്‍ണന്‍ പരശുരാമന്റെ കാല്‍ക്കല്‍ വീണു: ”സൂതനായ അധിരഥന്റെയും രാധയുടെയും മകനായ കര്‍ണനാണ് ഞാന്‍. ബ്രഹ്മാസ്ത്രവിദ്യ അഭ്യസിക്കാനാണ് ഞാന്‍ കളവു പറഞ്ഞ് അങ്ങയുടെ ശിഷ്യനായത്. എന്നോടു ക്ഷമിക്കണം!”

പരശുരാമന്‍ കോപം സഹിക്കാനാകാതെ കര്‍ണനെ ശപിച്ചു: ”വഞ്ചകാ! നിന്റെ ശത്രുവിനോട് പോരിനു നില്‍ക്കുമ്പോള്‍ നിനക്ക് ഞാന്‍ പഠിപ്പിച്ച ആയുധവിദ്യകളൊന്നും ഓര്‍മ വരാതാകട്ടെ!”
കുറ്റബോധത്തോടെ തലകുനിച്ചിരുന്ന കര്‍ണനോട് സഹതാപം തോന്നി പരശുരാമന്‍ ഇങ്ങനെയും പറഞ്ഞു: ”നിന്നെപ്പോലെ വീരനും യോഗ്യനുമായി മാറ്റൊരു ക്ഷത്രിയനുണ്ടാവില്ലെന്ന് ഗുരുവെന്ന നിലയ്ക്ക് ഞാന്‍ അനുഗ്രഹിക്കുന്നു!”

പരശുരാമന്റെ ശാപവും അനുഗ്രഹവും വാങ്ങി സന്തോഷമില്ലാതെ കര്‍ണന്‍ ഹസ്തിനപുരിയില്‍ തിരിച്ചെത്തി. പിന്നീട് കുരുക്ഷേത്രയുദ്ധത്തില്‍ അര്‍ജുനനോട് പോരാടുന്ന നേരത്ത് മഹര്‍ഷിയുടേയും പരശുരാമന്റേയും ശാപങ്ങള്‍ ഫലിക്കുകയും ചെയ്തു

കളമെഴുത്തിന്റെ ഐതീഹ്യംപണ്ട് രാക്ഷസവരംശം വിഷ്ണു ചക്രത്താല്‍ നശിച്ചകാലം നാലു രാക്ഷസസ്ത്രീകള്‍ പാതാളത്തില്‍ ചെന്ന് ഒളിച്ചിരുന്നു. അതില്‍ ഒരു രാക്ഷസി ബ്രഹ്മാവിനെ തപസുചെയ്ത് രാക്ഷസവംശത്തിന്റ നിലനില്പിനായി തനിക്ക് ഒരു സന്തതിയെ വേണമെന്ന് ആവശ്യപ്പെട്ടു. ബ്രഹ്മാവിന്റെ അനുഗ്രഹത്താല്‍ ദാരികന്‍ എന്ന പുത്രന്‍ ജനിച്ചു. ദാരികന് യൗവ്വനം ആയപ്പോള്‍ രാക്ഷസവംശത്തിന്റെ അഭിവൃദ്ധിക്കായി ബ്രഹ്മാവിനെ തപസ്സുചെയ്ത് അനേകം വിദ്യായുധങ്ങള്‍ സ്വന്തമാക്കി. ആരാലും വധിക്കപ്പെടരുത് എന്ന വരം വേണ്ടേയെന്ന് ബ്രഹ്മാവ് ചോദിച്ചപ്പോള്‍ തന്റെ ശക്തിയില്‍ അഹങ്കാരം കൊണ്ട ദാരികന്‍ ആ വരം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ സ്ത്രീയാല്‍ തന്നെ നീ വധിക്കപ്പെടുമെന്ന് പറഞ്ഞ് ബ്രഹ്മാവ് മറഞ്ഞു. ദാരികന്‍ പാതാളത്തില്‍ നിന്നും പുറത്തുവന്നു. ത്രിലോകങ്ങളും കീഴടക്കി. ഭയന്നോടിയ ദേവന്മാരും മുനികളും കൈലാസത്തിലെത്തി ശ്രീപരമേശ്വരനില്‍ അഭയം തേടി. ദാരികന്റെ ദുഷ്ടതകള്‍ കേട്ട് കോപിച്ച പരമശിവന്റെ തൃക്കണ്ണില്‍ നിന്നും ഭദ്രകാളി ഉത്ഭവിച്ചു.

ശ്രീപരമേശ്വരന്റെ നിര്‍ദ്ദേശപ്രകാരം ഭദ്രകാളി അനേകായിരം ഭൂതഗണങ്ങളോടും ഘണ്ഠാകര്‍ണ്ണനോടുമൊപ്പം വേതാളത്തിന്റെ പുറത്തു കയറിച്ചെന്ന് ദാരികനെ പോരിന് വിളിച്ചു. ഭദ്രകാളിയും ദാരികനുമായി ഘോരയുദ്ധം തുടങ്ങി. ദാരികന് പരാജയം ഉണ്ടാകുമെന്നു ഭയന്ന ദാരികപത്‌നി പരമശിവനോട് തന്റെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ വരം വേണമെന്ന് അപേക്ഷിച്ചു. ക്ഷിപ്രപ്രസാദിയായ പരമേശ്വരന്‍ തന്റെ നെറ്റിയില്‍ നിന്നും വിയര്‍പ്പ് വടിച്ചു നല്‍കി. ഇത് ആരില്‍ പ്രയോഗിക്കുന്നുവോ അവന്‍ വീണുപോകുമെന്ന് പറഞ്ഞു. വസൂരിയുടെ വിത്താണ് ഭഗവാന്‍ നല്‍കിയത്. ശ്രീപരമേശ്വരന്‍ നല്‍കിയ വിത്തുമായി തിരിച്ച ദാരിക പത്‌നി കണ്ടത് തന്റെ ഭര്‍ത്താവിന്റെ ശിരസുമായി കോപാക്രാന്തയായി വരുന്ന കാളിയെയാണ്. കോപവും സങ്കടവും കൊണ്ട് ദാരികപത്‌നി വസൂരിയുടെ വിത്ത് ഭദ്രകാളിയുടെ നേരേ എറിഞ്ഞു. ദേവി കുഴഞ്ഞു. കൂടെയുണ്ടായിരുന്ന ഘണ്ഠാകര്‍ണ്ണന്‍ ദേവിയുടെ വ്രണങ്ങള്‍ നക്കിയെടുത്ത് ദേവിയെ അസുഖത്തില്‍ നിന്നും മോചിപ്പിച്ചു. ഭഗവതിയെ വിട്ട് ഓടിയെ വസൂരിദേവതയെ ഭദ്രകാളി പിടിച്ചുകൈകാലുകള്‍ ബന്ധിച്ചു. കണ്ണും കാതും പൊടിച്ചു. തന്നെ വധിക്കരുതെന്ന് അപേക്ഷിച്ച വസൂരിമാലയെ ദേവി തന്റെ അധീനതയിലാക്കി. അന്നുമുതല്‍ ഭദ്രകാളിയുടെ കീഴിലാണ് വസൂരിദേവത. കോപാക്രാന്തയായി വേതാളത്തിന്റെ പുറത്ത് പാഞ്ഞുവരുന്ന ദേവിയുടെ കോപം ശമിപ്പിക്കാന്‍ ഈ രൂപം കാണണമെന്ന് പരമേശ്വരന്‍ സുബ്രഹ്മണ്യനോട് നിര്‍ദ്ദേശിച്ചതനുസരിച്ച് കൈലാസ കവാടത്തില്‍ വര്‍ണ്ണപ്പൊടികള്‍ കൊണ്ട് കളം വരച്ചു. ഇതാണ് ആദ്യകളം എന്നാണ് ഐതീഹ്യം. ദേവിയുടെ ഈ രൂപമാണ് വടക്കുപുറത്തു പാട്ടിന് വരയ്ക്കുന്നത്. പുതുശ്ശേരി കുറുപ്പന്മാരാണ് കളം വരയ്ക്കുന്നത്. ദേവിയുടെ ഈ രൂപം വരച്ച് ആരാധിക്കുന്നത് നാടിനും നാട്ടുകാര്‍ക്കും ശ്രേയസ്‌കരമാണ്

ഒരു പഞ്ചാക്ഷര മാഹാത്മ്യകഥ

കാശിരാജ്യം ഭരിച്ചിരുന്ന രാജാവിന്റെ മകളായിരുന്നു കലാവതി. കുട്ടിക്കാലം മുതക്കേ കലാവതി മഹാ ഭക്തയായിരുന്നു. നിത്യവും അവള്‍ തോട്ടത്തില്‍ പോയി പരിച്ചു കൊണ്ടുവന്ന് മാല കെട്ടി ശിവന് ചാര്‍ത്തി പൂജ നടത്തിയിരുന്നു.അവളോരിക്കല്‍ ഗാര്‍ഗമുനിയെ കാണുവാനിടയായി. അവള്‍ മുനിയേ വണങ്ങി. ഭക്തയായ അവളില്‍ സന്തോഷം തോന്നിയ മുനി അവള്‍ക്ക് പല കഥകളും പരഞുകൊടുത്തു. ഒരിക്കല്‍ അദ്ദേഹം ചോദിച്ചു.മകളേ കലാവതി, പരമഭക്തയായ നീ എന്നെപ്പോലും ഈശ്വരനുതുല്യംകണക്കാക്കുന്നു. എന്തുവരമാണ് നിനക്കുഞാന്‍ നള്‍കേണ്ടത്?മുനിയുടേ ചോദ്യം കേട്ട കലാവതി പരഞുഃ മഹാമുനേ, എന്റെ എല്ലാ പാപങ്ങളും തീര്‍ത്ത് എന്നെ ഒരു പുണ്യവതിയാക്കുക അതു മാത്രമാണ് എന്റെ ആഗ്രഹം.
നീ ഇന്നുമുതല്‍ ശിവായ നമഃ എന്ന പഞ്ഛാക്ഷരമന്ത്രം ജപിക്കുക. നിന്റെ എല്ലാ പാപങ്ങളും നിന്നെ വിട്ടകലും. മുനിയുടെ നിര്‍ദേശപ്രകാരം കലാവതി അദ്ദേഹത്തേ നമസ്കരിച്ച് അ ആശ്രമത്തില്‍ നിന്നു മടങ്ങി..
ഗാര്‍ഗമുനിയുടെ ഉപദേശപ്രകാരം കലാവതി എകാന്തമായ ഒരുപ്രദേശത്തു ചെന്നിരുന്ന് ശിവായ നമഃ എന്ന ശൈവ പഞ്ചാക്ഷര മന്ത്രം ജപിച്ചുണ്ടു കാലങ്ങള്‍ തള്ളിനീക്കി. പുണ്യവതിയായ അവളുടെ ഭക്തിയില്‍ സന്തുഷ്ടനായ മഹേശ്വരന്‍ അവളെ എല്ലാ പാപങ്ങളില്‍നിന്നും മോചിപിച്ചു.കാലം അവളില്‍ പല മാറ്റങ്ങളും വരുത്തി. ഇതിനകം കലാവതി വളര്‍ന്ന് അതിസുന്ദരിയായ ഒരു യുവതിയായി മാരിയിരുന്നു. കാശിരാജന്‍ അവളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചു. അതിനായി യോജ്യമായ ഒരു വരനെ നിയോഗിച്ചു.
ദശാര്‍ഹന്‍ എന്നൊരു രാജാവായിരുന്നു ആ സമയത്. മധുരഭരിച്ചിരുന്നത്. അയാള്‍ എല്ലാം കൊണ്ടും കലാവതിക്കു യോജ്യനാണെന്നു തോന്നിയ മന്ത്രി ആ വിവരം കാശിരാജാവിനെ ധരിപിച്ചു. മന്ത്രിയുടെ നിര്‍ദേശപ്രകാരം ദശാര്‍ഹനെ കലാവതിക്ക് വിവാഹം കഴിച്ചുകൊടുക്കാന്‍ കാശിരാജന്‍ തിരുമാനിച്ചു. വരുടെ വിവാഹം നിശ്ചയിച്ചു. പല രാജ്യങ്ങളില്‍നിന്നുള്ള രാജാക്കന്മാരും ആ മംഗളകര്‍മത്തില്‍ പങ്കെടൂക്കാനെത്തി.ശുഭമുഹുര്‍ത്തമായപ്പോള്‍ കലാവതി ദശാര്‍ഹ രാജാവിന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി. ആ വധു വരന്മാരുടെ സമ്മേളനം അവിടെ കൂടിയിരുന്ന സകലര്‍ക്കും ആനന്ദമുളവാക്കി.

ദശാര്‍ഹന്‍ രാജകുമാരിക്ക് യോജിച്ചവരന്‍ തന്നെ എന്നു ചിലര്‍ അഭിപ്രായ പ്പെട്ടപ്പോള്‍ അയ്യോ ഇത് വലിയ ചതിയായിപ്പോയി. പുണ്യവതിയായ കലാവതിക്ക് ദശാര്‍ഹന്‍ യോജിച്ചവരനല്ലാ എന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു. വിവാഹ ശേഷം കലാവതിയെയും കൊണ്ട് മധുരയിലേക്കു മടങ്ങിയ ദശാര്‍ഹന്‍ ആദ്യരാത്രിയിന്ല്‍ അതീവ ആവേശത്തോടെ അവളുടെ സമീപമെത്തി. ഒന്നൂതൊടാന്‍ ശ്രമിച്ചതും ഞെട്ടിപ്പിന്മാറി.

അയ്യോ, എന്റെ ദേഹമാസകലം ചുട്ടുപൊള്ളൂന്നു. ഇതെന്തുമായമാണ്? എന്നു പറഞുകൊണ്ട് രാജാവ് ഭയവിഹ്വലനായി നിന്നു. അതു കണ്ട് കലാവതി ഞെട്ടിത്തേരിച്ചെങ്കിലും ശിവാനുഗ്രഹത്താല്‍ പെട്ടന്ന്അവള്‍ക്കുണ്ടായ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ അവളിപ്രകാരം പരഞ്ഞു.

നാഥാ! അങ്ങ് ധാരാളം പാപം ചെയ്തിട്ടുള്ള ആളാണ്. അതാണ് എന്നെ തോടാന്‍ ശ്രമിച്ചപ്പോള്‍ അങ്ങയുടെ ദേഹം ചുട്ടുപൊള്ളാന്‍ കാരണം.
ലജ്ജയും ദുഃഖവുംകൊണ്ട് തല താഴ്ത്തി നില്‍ക്കുന്ന ഭര്‍ത്താവിനേ ആശ്വസിപ്പിച്ചുകൊണ്ട് കലാവതി തുടര്‍ന്നു- പഞ്ചാക്ഷര മന്ത്രം ജപിച്ചു പുണ്യവതിയായ എന്നെ പാപികള്‍ തോടന്‍ പാടില്ല. അങ്ങ് എന്തു പാപമാണ് ചെയ്തിട്ടുള്ളത്?

പ്രിയേ, നീ പരഞ്ഞതു ശരിയാണ്. ഞാന്‍ മഹാപാപിയാണ്. എന്റെ പ്രജകളെ ഞാന്‍ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. അവരോട് വളരെ ക്രുരമായാണ് ഞാന്‍ പെരുമാരറിട്ടുള്ളത്. പ്രജകളുടെക്ഷേമം നോക്കാതെ ഞാന്‍ ഭരണം നടത്തിയതിന്റെ ഫലമായിട്ടാണ് ഇങ്ങനെയെല്ലാം വന്നുപെട്ടത്. സ്വപതിയെ ആശ്വസിപ്പിച്ചുകൊണ്ട് കലാവതി പരഞ്ഞു അങ്ങ് ഒന്നുകൊണ്ടും വിഷമിക്കേണ്ടതില്ല. തെറ്റു ചെയ്തങ്കില്‍ അതിനു പ്രായശ്ചിത്തവുമുണ്ട്. നാളേത്തന്നെ നമുക്ക് ഗാര്‍ഗമുനിയുടെ ആശ്രമത്തിലേക്കുപോകാം. അദ്ദേഹം എന്തെങ്കിലും പരിഹാരം നിര്‍ദേശിക്കാതിരിക്കില്ല.

അടുത്ത ദിവസം തന്നെ ദശാര്‍ഹനെയൂം കൂട്ടി കലാവതി ഗാര്‍ഗമുനിയുടെ ആശ്രമത്തിലെത്തി. കലാവതി മൂനിയെ കണ്ട് നമസ്കരിച്ചു.. ഭര്‍ത്രുസമേതയായി തന്റെ മുന്‍പില്‍ നില്ക്കുന്ന കലാവതിയെ കണ്ട് അത്യാഹ്ലാദ പരവശനായ മുനി ചോദിച്ചുഃ മകളെ, നാം സന്തുഷ്ടനായിരിക്കുന്നു. പക്ഷേ നിന്റെയുള്ളില്‍ എന്തോ ദുഃഖംഅലതല്ലുന്നുണ്ടല്ലോ? രാജാവേ, അങ്ങയുടെ മുഖവുംമ്ലാനമായിരിക്കുന്നതിന്റെ കാരണമെന്താണ്?

മുനിയുടെ ചോദ്യം കേട്ട ഉടനെ ദശാര്‍ഹന്‍ പൊട്ടികരഞ്ഞുകൊണ്ട് ആ പാദങ്ങളില്‍ വീണു നമസ്കരിച്ച് തന്റെ പാപങ്ങളെല്ലാം അദ്ദേഹത്തോട് ഏറ്റു പരഞ്ഞു.

മുനി രാജാവിനെ ആശ്വസിപ്പിച്ചു. കുറച്ചു നാള്‍ ദശാര്‍ഹനും കലാവതിയും അവിടെ താമസിച്ചു കൊണ്ട് ഗാര്‍ഗമുനി ഉപദേശിച്ച പോലെ ശിവപൂജകള്‍ നടത്തിയും സദാ പഞ്ചാക്ഷര മന്ത്രം ജപിച്ചും കഴിഞ്ഞു.. അങ്ങനെയിരിക്കെ ഒരു ദിവസം മുനി രാജാവിനെ വിളിച്ചു പറഞ്ഞു.
ഹേ രാജന്‍, അങ്ങയുടെ പാപങ്ങളൊക്കെ ഒഴിഞ്ഞുപോകാനുള്ള പൂജകളെല്ലാം ഇതിനകം അങ്ങ് ചെയ്തുകഴിഞ്ഞു. ഇനി കാളിന്ദീനദിയില്‍ ചെന്ന് മുങ്ങി കുളിക്കുക. അതോടെ എല്ലാപാപങ്ങളും അങ്ങയെ വിട്ടുമാറി പുണ്യവാനായിത്തീരും. മഹര്‍ഷിയുടെ അനുഗ്രഹം ലഭിച്ച ദശാര്‍ഹന്‍ അദ്ദേഹത്തിനു നന്ദി പരഞ്ഞുകൊണ്ട് ആശ്രമത്തില്‍നിന്നുഃ യാത്ര തിരിച്ചു…

നടന്നു നടന്ന് അവര്‍ കാളിന്ദീ തീരത്തെത്തിയപ്പോള്‍ കലാവതി പരഞ്ഞു.

പ്രാണനാഥാ, അങ്ങ് മനസ്സുരുകി ശിവനെ പ്രാര്‍ത്തിച്ചുകൊണ്ട് ഈ കാളിന്ദീ നദിയില്‍ ഇറങ്ങി മുങ്ങുക.

കാളിന്ദീ നദിയില്‍ മുങ്ങിയ ദശാര്‍ഹന് എന്തെന്നില്ലാത്ത സുഖം തോന്നി അദ്ദേഹത്തിന്റെ ശരീരത്തില്‍നിന്നു കുറെ കാക്കകള്‍ പറന്നുപോകുന്നത് കണ്ട കലാവതിപറഞ്ഞു. നാഥാ അതാനോക്കു കുറെ കറുത്ത പക്ഷികള്‍ അങ്ങയുടെ ശരീരത്തില്‍നിന്നു പറന്നുപോകുന്നത് കണ്ടില്ലേ?
അതേ, ഞാന്‍ കണ്ടു. അവ എന്റെ പാപങ്ങളായിരുന്നു. എല്ലാം ഇപ്പോള്‍ എന്നെ വിട്ടുപോയി.

കാക്കകളുടെ രൂപത്തില്‍ പുറത്തുവന്ന പക്ഷികള്‍ എന്റെ പാപങ്ങളാന്ന്..

എല്ലാം മഹാദേവനായ ശ്രീ പരമേശ്വരന്റെ അനുഗ്രഹമാണ് പ്രഭോ.
പഞ്ചാക്ഷര മന്ത്രത്തിന്റെ ശക്തി ഒന്നുകൊണ്ടുമാത്രമന്ന് അങ്ങയുടെ പാപം വിട്ടുമാരിയത്. എന്ന് കലാവതി പറഞ്ഞു..
ഗാര്‍ഗമുനിയെ ഒരിക്കല്‍കൂടി ചെന്ന് കണ്ട് വണങ്ങി ഇരുവരും സന്ദുഷ്ടരായി കൊട്ടാരത്തിലെക് മടങ്ങി. അന്നു മുതല്‍ ദശാര്‍ഹന്‍ ഉത്തമനായ ഒരു രാജാവായി വളരെ കാലം ലാവതിയോടോപ്പം രാജ്യം ഭരിച്ചുവന്നു.

മന്ത്രജപം കൊണ്ട് ജഗദീശ്വരന്‍ വേഗം പ്രസാദിക്കും.. അങ്ങനേയുള്ള മന്ത്രങ്ങളില്‍ ശ്രേഷ്ം പഞ്ചാക്ഷരമാണ്.. പഞ്ചാക്ഷര മന്ത്രംകൊണ്ട് ജപയജ്ഞം നടത്തുന്ന ശ്രേഷ്ഠ ക്ഷേത്രങ്ങളാണ് ഹരിദ്വാര്‍, കാശി,പ്രയാഗ,രാമേശ്വം,ഗോകര്‍ണം, കാളഹസ്തി,കുംഭകോണം, മഹാാളക്ഷേത്രം,ചിതംബരം, ദക്ഷിണകൈലാസം എന്നു വിശേഷിപിക്കുന്ന വൈക്കം.

ഓം നമഃശിവായ..

ശിവശക്തിയുടെ ദശാവതാരങ്ങൾ


ശിവം എന്നാല്‍ മംഗളം എന്നാണ് അര്‍ത്ഥം. ഭഗവാന്‍ കൈക്കൊണ്ട ഒന്നാമത്തെ അവതാരമാണ് മഹാകാലന്‍ .ഈ അവതാരത്തിന്റെ ശക്തി രൂപമായി മഹാകാളിയെ വിശ്വസിക്കുന്നു. രണ്ടാമത്തെ അവതാരം “താര”മെന്ന പേരില്‍ അറിയപ്പെടുന്നു.താരാദേവിയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം. മൂന്നാമത്തെ അവതാരം ബാലഭാവത്തിലുള്ള ബാലഭുവനേശനെന്നു അറിയപ്പെടുന്നു. ബാലഭുവനേശിയാണ് ശക്തിസ്വരൂപം. ഷോഡശശ്രീവിദ്യനെന്ന അടുത്ത അവതാരത്തില്‍“ശിവ”യാണ് ശക്തിചൈതന്യമായി ആരാധിക്കുന്നത്. അഞ്ചാമത്തെ അവതാരം ഭൈരവനെന്ന പേരില്‍ പ്രസിദ്ധമാണ്. ഈ അവതാരത്തില്‍ ശക്തി ചൈതന്യം ഭൈരവിയായി അറിയപ്പെടുന്നു…ഭഗവാന്റെ ആറാമത്തെ അവതാരം ചിന്നമസ്തകമെന്നു അറിയപ്പെടുന്നു. ചിന്നമസ്തയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം. ഏഴാമത്തെ അവതാരം ധുമുഖനെന്നു അറിയപ്പെടുന്നു. ശിവശക്തിചൈതന്യം ധൂമാവതി എന്നും അറിയപ്പെടുന്നു. ഭഗവാന്റെ എട്ടാമത്തെ അവതാരം ബഗലാമുഖനാണ് . ശക്തിചൈതന്യം ബഗലാമുഖിയെന്നു അറിയപ്പെടുന്നു. ഒന്‍പതാമത്തെ അവതാരം മാതംഗനെന്നു അറിയപ്പെടുന്നു. മാതംഗി ആണ് ശക്തിസ്വരൂപം. പത്താമത്തെ അവതാരം കമലെന്നും . ശക്തിസ്വരൂപം കമലയെന്നും അറിയപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ശിവന്‍റെ രൂപ സങ്കല്പം പ്രപഞ്ചം എന്ന സങ്കല്‍പ്പത്തില്‍ നിന്നും ഉണ്ടായതാണ് . പ്രപഞ്ചത്തിന്‍റെ പ്രതീകമാണ് ശിവന്‍ . പുരാതന ഋഷിവര്യന്‍മാര്‍ പ്രപഞ്ചത്തെ നോക്കി കണ്ടത് ശിവനായിട്ടാണ് . ദിഗംബരന്‍ ആണ് ശിവന്‍ .ദിക്കാകുന്ന വസ്ത്രം ഉള്ളവന്‍ . അത് നാം കാണുന്ന പ്രകൃതിയുടെ അതിരാണ് . ആകാശത്തിലെ കാര്‍മേഘം ആണ് ശിവന്‍റെ ജഢ.

മകരവിളക്കിന്‍റെ സന്ദേശം

ശബരിമലയുടെ തത്വം തന്നെ സമത്വമാണ്…പ്രപഞ്ചത്തില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഊര്‍ജ്ജം സഞ്ചയിക്കപ്പെട്ടു കുടികൊള്ളുന്ന സ്ഥാനമാണ് ശബരിമല…..നാല്‍പ്പത്തിയൊന്ന് ദിവസത്തെ കഠിന വ്രതത്തോടെ ഇരുമുടിക്കെട്ടുമേന്തി തത്വസോപാനങ്ങളായ പതിനെട്ടുപടികളും ചവിട്ടി സന്നിധാനത്തിലെത്തുന്ന ഭക്തന്‍ ഇവിടെ ഭഗവാനാകുന്നു..ലോകത്തൊരിടത്തും ഇത്തരമൊരു ദേവതാ സങ്കല്പം നിലനില്‍ക്കുന്നുണ്ടോയെന്നറിയില്ല

ഭക്തനും ദേവനും ഒന്നായിത്തീരുന്ന സമത്വസുന്ദരമായ ആരാധനാപുണ്യം ശബരിമലയിലല്ലാതെ എവിടെയാണ് കാണാന്‍ കഴിയുക.. ഇവിടെയിരുന്നു നോക്കുമ്പോള്‍ സമുദ്രത്തിലെ തിരമാലകള്‍ പോലെ ഇടതടവില്ലാതെ ആര്‍ത്തലച്ചുവരുന്ന ഭക്തജനസഞ്ചയത്തെയാണ് കാണാന്‍ കഴിയുക…ഏവരുടുടെയുമുള്ളില്‍ ഒരേ ചിന്തയും ഒരേ വികാരവും മാത്രം…സ്വാമി അയ്യപ്പ ദര്‍ശനം എന്ന ഒറ്റ ലക്‌ഷ്യം മാത്രം

ഈ ഭക്തപ്രവാഹം അതിന്‍റെ പാരമ്യത്തിലെത്തുന്നത് മകര സംക്രമനാളിലാണ്…ശബരിമല ക്ഷേത്രത്തിന്‍റെ ചരിത്രം കേള്‍ക്കായ കാലം മുതല്‍ നിലനിന്നുപോരുന്ന ആചാരമാണ്…മകര സംക്രമ പൂജ പരശുരാമന്‍ ശബരിമലയില്‍ ശാസ്തൃവിഗ്രഹം പ്രതിഷ്ടിച്ചത് ഈ ദിനത്തിലാണെന്ന് വിശ്വസിച്ചു പോരുന്നു ..,ഒരു കാലത്ത് കാട്ടു കള്ളന്മാര്‍ നശിപിച്ച ക്ഷേത്രം പുനരുദ്ധീകരിച്ച സ്വാമി അയ്യപ്പന്‍… ഇവിടെ തപസ്സിനിരുന്നെന്നും ഒരു മകര സംക്രമ നാളില്‍ അദ്ദേഹം ശാസ്താവില്‍ വിലയം പ്രാപിച്ചുവെന്നും മറ്റൊറു വിശ്വാസമുണ്ട്..ശബരിമല ക്ഷേത്രം കുടികൊള്ളുന്ന മലനിരകള്‍ മറ്റു പതിനെട്ടു മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ് …അതില്‍പെട്ട ഒരു മലയാണ് പൊന്നമ്പലമല പൊന്നമ്പലമേട് എന്നും അറിയപ്പെടുന്ന ഈ മലയിലാണ് ശബരിമലയുടെ മൂലസ്ഥാനം കുടികൊള്ളുന്നതെന്നാണ് വിശ്വാസം..

പ്രാചീനകാലം മുതല്‍ യോഗീശ്വരന്മാരായ മുനിവര്യന്മാര്‍ എകാഗ്രചിത്തരായ് പൊന്നമ്പലമേട്ടില്‍ തപസ്സനുഷ്ടിക്കുകയും വര്‍ഷത്തിലൊരുതവണ മകരസംക്രമനാളില്‍ ശാസ്ത്ര്യപാദങ്ങളില്‍ ദീപാരാദന നടത്തുകയും ചെയ്തുപോന്നിരുന്നു …ഇതിന്‍റെ പിന്തുടര്‍ച്ചയത്രേ ഇന്നും നിലനില്‍ക്കുന്ന മകരസംക്രമപൂജ..

ദക്ഷിണായനത്തില്‍നിന്ന് സൂര്യന്‍ ഉത്തരായനത്തിലേക്ക് കടക്കുന്ന ഈ പുണ്യദിനത്തില്‍ കാലപുരുഷന്‍റെ നേത്രംപോലെ കിഴക്ക് ചക്രവാളത്തില്‍ ഉദിച്ച് പൊങ്ങുന്ന നക്ഷത്രവും മകരജ്യോതിസ്സായി കരുതി ആരാധിക്കപ്പെടുന്നു…

പ്രപഞ്ചത്തില്‍ കാണുന്ന സകലതിനെയും ചരാചരങ്ങളായാലും മനുഷ്യ മനസ്സിന് ഉള്‍കൊള്ളാവുന്നതിനുമപ്പുരമുള്ള ശക്തിയായാലും ആരാധിച്ചുപോന്ന രീതിയാണ് ഭാരതസംസ്കാരം …അപ്രകാരമുള്ള ഒരു സങ്കല്‍പ്പ ആരാധന രീതിയായിരിക്കനം മകരജ്യോതിസ്സിനു പിന്നിലുള്ളത്…

ശബരിമല സന്നിധാനത്തും പരിസരത്തും ഒത്തുചേരുന്ന ലക്ഷകണക്കിന് ഭക്തരുടെ അകമഴിഞ്ഞ വിശ്വാസം കേന്ദ്രീകരിക്കുന്ന ബിന്ദുവാണ് മകരജ്യോതിസ്സ്..സ്വാഭാവികമായും അവിടെ ചൈതന്യശക്തി വര്‍ദ്ധിക്കുന്നു …

മകരസംക്രമ പൂജയ്ക്ക് ശേഷം മാളികപ്പുറത്തുനിന്ന് ആഘോഷപൂര്‍വ്വം നടത്തുന്ന വിളക്കെഴുന്നെള്ളിപ്പിനാണ് മകരവിളക്ക് എന്ന് പറയുന്നത്…

കന്നിഅയ്യപ്പന്മാര്‍ ശരംകുത്തിയില്‍ ശരക്കോല്‍ നിക്ഷേപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ആകാംഷപൂര്‍ണ്ണമായ മാളികപ്പുറത്തമ്മയുടെ ഈ എഴുന്നെള്ളത്തും പൌരാണിക കാലം മുതല്‍ നിലനിന്നു പോരുന്നതാണ്…മകരമാസത്തിലെ ആദ്യ ദിനങ്ങളില്‍ നടക്കുന്ന ഈ എഴുന്നെള്ളത്താണ് യഥാര്‍ഥത്തില്‍ മകരവിളക്ക് എന്നപേരില്‍ അറിയപ്പെട്ടു തുടങ്ങിയത്…വിളക്കുപൂജ ,വിളക്കെഴുന്നള്ളിപ്പ് ,വിളക്കിനെഴുന്നള്ളിപ്പ് ഇവയെല്ലാം ദേവീപൂജയുമായി അഭ്യേദ്യമായ ബന്ധമുള്ള വാക്കുകളാണ് …

ശബരിമല ധര്‍മ്മശാസ്താവ് സര്‍വ്വലോക ശാസ്താവാണ് …ധര്‍മ്മത്തെ നിരന്തം പരിപാലിച് അധര്‍മ്മികളെ ശരിയായ് പാതയില്‍ എത്തിച്ച് നയിക്കുന്നവനാണ് ശാസ്താവ്…പലരും കരുതുന്നപോലെ അദ്ദേഹം ആരെയും ശിക്ഷിക്കാറില്ല…പകരം അധര്‍മ്മചാരികളെ പരിവര്‍ത്തനം വരുത്തി ധര്‍മ്മ മാര്‍ഗ്ഗത്തില്‍ എത്തിക്കുകയാണ് ചെയ്യാറുള്ളത്…

“സുഹൃദം സര്‍വ്വഭൂതാനാം സര്‍വ്വലോക മഹേശ്വരം ” എന്നാണു

സര്‍വ്വ ഭൂതങ്ങളുടെയും ചരാചരങ്ങളുടെയും സുഹൃത്താണ് ശാസ്താവ്…അതേസമയം സര്‍വ്വലോകത്തിന്‍റെയും മഹേശ്വരനുമാണ്…ഇപ്രകാരം വാണരുളുന്ന ശാസ്താവിന്‍റെ സന്നിധാനത്തുനിന്ന് അദ്ദേഹത്തിന്‍റെ മുന്നില്‍ ദുഖഭാരം ഇറക്കിവയ്ക്കുവാന്‍ എത്തുന്ന ലക്ഷങ്ങള്‍ക്കൊപ്പം ശാസ്ത്ര്യപാദപൂജയിലേര്‍പ്പെടുമ്പോള്‍ ലഭിക്കുന്ന ശാന്തത ലോക നന്മയ്ക്കായി ഭാവിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു …

എന്തിനും ഏതിനും ലാഭം കൊയ്യാനുള്ള വ്യഗ്രതയില്‍ ജീവിതം തന്നെ മറന്നുപോകുന്ന ആധുനിക മനുഷ്യന്‍റെ മനസ്സില്‍ സഹജീവികളോട് ഒരല്‍പം പരിഗണന ഉണ്ടാകുവാന്‍ അയ്യപ്പസ്വാമി തന്നെ അനുഗ്രഹിക്കട്ടെ…മകരവിളക്കിന്‍റെ മഹത്തായ സന്ദേശവും ഇത് തന്നെയാണ്…

( ലേഖനം : ..ബ്രഹ്മശ്രീ കണ്oരര് രാജീവര്‌ ..താഴമണ്‍ മഠം ..ശബരിമല )

 —

യാദവരെ തീര്‍ത്ത ഇരുമ്പുലക്കപാണ്ഡവരും കൗരവരും കുട്ടിക്കാലത്തു തുടങ്ങിയ വൈരം വളര്‍ന്നു വലുതായി. ചൂതുകളിയില്‍ ചതികാണിച്ച് ധര്‍മപുത്രനെ തോല്‍പ്പിച്ച് ദുര്യോധനന്‍ രാജ്യം കൈവശപ്പെടുത്തുന്നു. യുദ്ധം ഒഴിവാക്കുവാന്‍ ദൂതുമായി ചെന്ന കൃഷ്ണനെയും അവര്‍ അപമാനിച്ചുവിട്ടു. ഗത്യന്തരമില്ലാതെ യുദ്ധം ആരംഭിക്കുന്നു. ആരംഭിച്ച യുദ്ധത്തില്‍ ഭഗവാന്‍ പാണ്ഡവപക്ഷത്ത് മനസ്സുകൊടുത്തു നിന്നതിന്നാല്‍ കൗരവപടപാടെ നശിച്ചു തകര്‍ന്നു.

യാദവ കുമാരന്മാര്‍ ഇതിനിടെ ഒരു കുസൃതി ഒപ്പിച്ചു. ജാംബവതിയുടെ മകനായ സാംബന്‍ സ്ത്രീ വേഷം കെട്ടി ഗര്‍ഭിണിയാണെന്നും ഇവര്‍ക്ക് ഏത് കുട്ടിയാണ് ജനിക്കുന്നതെന്നും വിശ്വാമിത്രര്‍ എന്നിവരോടും ചോദിച്ചു-ജ്ഞാനദൃഷ്ടിയാല്‍ നാലും അറിഞ്ഞ മുനീശ്വരന്മാര്‍ സാംബനെ നോക്കി പറയുന്നു. നീ ഒരു ഇരുമ്പുലക്ക പ്രസവിക്കുമെന്നും ആ ഇരുമ്പുലക്ക നിമിത്തം നിങ്ങളുടെ യാദവകുലം നശിക്കുമെന്നും ശാപംകൊടുത്ത ശേഷം അവര്‍ യാത്രയാവുന്നു. ഉടനെ സാംബനും കൂട്ടുകാരും ചെന്നു ഉഗ്രസേന മഹാരാജാവിനോടു സംഗതികള്‍ എല്ലാം പറഞ്ഞു. ഉടനെ സാംബന്‍ ഒരു ഇരുമ്പുലക്കയെ പ്രസവിച്ചു.

മുതിര്‍ന്നവരുടെ ആജ്ഞ പ്രകാരം ഇരുമ്പുലക്ക രാകി പൊടിച്ചു നടുകടലില്‍ ഇട്ടു. അതേപോലെതന്നെ രാകിപൊടിച്ച ഇരുമ്പുലക്കയുടെ പൊടികള്‍ മുഴുവന്‍ കടല്‍ തീരത്തു അണഞ്ഞു. ഓരോ കോരപുല്ലുകളായി വളര്‍ന്നു. ഇരുമ്പുലക്കയുടെ ബാക്കിവന്ന ഒരു കഷണം അവിടെ കിടപ്പുണ്ടായിരുന്നു. ആരോഅത് കടലിലെറിഞ്ഞു. അത് ഒരു മത്സ്യം വിഴുങ്ങുകയായിരുന്നു. ആ മത്സ്യം ജാണ്‍ എന്ന വേടനു ലഭിച്ചു. പിന്നീട് ആ ഇരുമ്പുലക്കയുടെ തുണ്ടിനെ തന്റെ അമ്പില്‍ മുനയാക്കിചേര്‍ത്തുവെച്ചു.

ഈ സമയം യാദവരെല്ലാവരും കടപ്പുറത്തു ഒത്തുകൂടി. സന്തോഷത്തോടെ എല്ലാവരും മദ്യപാനവും തുടങ്ങി. മദ്യം അകത്തുചെന്നാല്‍ പിന്നെ പറയണോ! മദ്യം വിഷമാണ്, മദ്യം നമ്മുടെ കുടുംബത്തേയും നമ്മളെയും നശിപ്പിക്കും എന്നതിന് തെളിവായി-ഇതാ നമ്മുടെ ഇവിടെ കൂടിയിരുന്നവര്‍ തമ്മില്‍ വഴക്കായി വഴക്കുമൂത്തു കൈയിലുള്ള ആയുധങ്ങളെല്ലാം ഒടിഞ്ഞുപോയതിനാല്‍ കടപ്പുറത്തു തഴച്ചുവളര്‍ന്നിട്ടുള്ള കോരപുല്ലുകളെടുത്ത് പ്രയോഗിക്കാന്‍ തുടങ്ങി. അതോടെ ഓരോരുത്തരായി മരിച്ചുവീഴാന്‍ തുടങ്ങി. പ്രദ്യുമ്‌നന്‍, സാമ്പന്‍ കൃതവര്‍മ്മാ, ശാരുകന്‍, കൃതവര്‍മ്മ-സാത്യകി അനിരുദ്ധന്‍ ശാരുവര്‍മ്മ എന്നിവരോടു യുദ്ധം വേണ്ട എന്നു കൃഷ്ണന്‍ പറയുന്നു. ഇതൊന്നും കേള്‍ക്കാതെ ശാരുകന്‍ തുടങ്ങിയവര്‍ എല്ലാവരും കൃഷ്ണനോടു ഏറ്റുമുട്ടി. കൃഷ്ണനും ഒരുപിടി കോരപ്പുല്ലുകൊണ്ട് അവരെ അടിച്ചു താമസിയാതെ എല്ലാവരും മരിച്ചുവീഴുന്നു.

പിന്നെ കൃഷ്ണനും ദാരുകനും മാത്രമായി. രണ്ടുപേരും നടന്നുവരുമ്പോള്‍ ബലരാമനെ ഒരു മരച്ചുവട്ടില്‍ കാണുന്നു. ബലരാമന്റെ മുഖത്തില്‍നിന്നും ഒരു ദിവ്യതേജസ്സുള്ള സര്‍പ്പം പുറത്തുവന്നു കടലിലേക്ക് ഇറങ്ങിച്ചെല്ലുന്നു. കൃഷ്ണന്‍ ദാരുകനോടു പറയുന്നു. നീ ദ്വാരകയില്‍ നന്ദഗോപരോടും ഉഗ്രസേനനോടും ബലരാമന്‍ മോക്ഷപ്രാപ്തി അടഞ്ഞതും. ശ്രീകൃഷ്ണഭഗവാന്‍ വൈകുണ്ഠത്തിലേയ്ക്ക് പോകുന്ന കാര്യവും പറയണം. താമസിയാതെതന്നെ ദ്വാരകയെ സമുദ്രം വിഴുങ്ങുമെന്നും ആയതിനാല്‍ നിങ്ങള്‍ ദ്വാരകയെ വിട്ടു ഉടനെ പോകണം എന്നുപറഞ്ഞേല്‍പിച്ചു.

അതുകഴിഞ്ഞ് ഭഗവാന്‍ ഒരു താഴ്ന്ന വൃക്ഷക്കൊമ്പില്‍ ഒരു കാലിന്മേല്‍ മറ്റൊരു കാല്‍ വെച്ചു കണ്ണുമടച്ചു കിടക്കുന്ന സമയം ആ വഴിക്കു വരുന്ന ജാണ്‍ കൃഷ്ണന്റെ പാദം കണ്ടു ഒരു മാനാണെന്നു കരുതി ഇരുമ്പുലക്കയുടെ തുണ്ട് അമ്പില്‍ മുനയായി വെച്ചിട്ടുള്ളത് പ്രയോഗിക്കുന്നു-അടുത്തുചെന്നു നോക്കിയപ്പോള്‍ ഭഗവാന്‍, വേടനു വലിയ വ്യസനമായി. വേടനെ ഭഗവാന്‍ സമാധാനപ്പെടുത്തുന്നു. നിന്നെ ഞാന്‍ രാമാവതാരത്തില്‍ ഇതുപോലെ ഒളിയമ്പു എയ്തു, അതിനു പകരമാണ് ഇതെന്നും ഭഗവാന്‍ വിവരിച്ചുകൊടുക്കുന്നു. ഉടന്‍തന്നെ ഒരു സ്വര്‍ഗരഥത്തില്‍ വേടനെ കൊണ്ടുപോയി. ഭഗവാന്‍ വൈകുണ്ഠത്തിലേയ്ക്കും യാത്രയായി.

കെ.വി. രാമയ്യര്‍ 

മഹാദാനംഎന്താണ് ദാനം? ശ്രീമദ് ഭാഗവതത്തിലൂടെ ഭക്തോത്തമനായ ഉദ്ധവരെ നിമിത്തമാക്കിക്കൊണ്ട് ഭഗവാന്‍ കൃഷ്ണന്‍ നമ്മോട് പറയുന്നു ”ദണ്ഡന്യാസഃ പരംദാനം” ത്രിവിധ കരണങ്ങള്‍കൊണ്ടും ജീവികളെ ഉപദ്രവിക്കാതിരിക്കുന്നതാണ് ദാനം ആദ്യമേതന്നെ ഉദാഹരണങ്ങളിലൂടെ ഇതുവ്യക്തമാക്കാം. ത്രികരണ ശുദ്ധിഇല്ലാതെയും ധര്‍മ്മ പ്രകാരമല്ലാതെയും നേടിയ വസ്തുക്കള്‍ മറ്റുള്ളവര്‍ക്കു കൊടുത്താല്‍ അതുകൊടുക്കുന്നവനും വാങ്ങുന്നവനും ദോഷംചെയ്യുന്നു.

അറിയാതെയാണെങ്കിലും തന്റെ പശുക്കൂട്ടത്തില്‍ വന്നുപെട്ട ബ്രാഹ്മണന്റെ പശുവിനെ ദാനമായിക്കിട്ടിയ ബ്രാഹ്മണനുണ്ടായക്ലേശവും അതുപോലെ ദാനംചെയ്ത് ശാപഗ്രസ്ഥനായി ഓന്തായിമാറിയ നാഗരാജന്റെ കഥ ഭാഗവതത്തിലൂടെ നമുക്കു പറഞ്ഞുതരുന്നതു മറ്റൊന്നുമല്ല. അര്‍ഹിക്കുന്നവനു ദാനംചെയ്തില്ലെങ്കില്‍ ദാദാവിനും ദാനം കിട്ടിയവനും ഒരുപോലെ ദണ്ഡനും വരം കിട്ടിയ ഭസ്മാസുരന്റെ നാശവും വരം നല്‍കിയ പരമശിവന്റെ ക്ലേശവും നമുക്കറിയാം. പരിഹാരം കാണാന്‍ ലോകരക്ഷകനായ മഹാവിഷ്ണു മോഹിനിയായി അവതരിക്കേണ്ടിവന്നു. ദാനം ചെയ്യുമ്പോഴത്തെ മനോഭാവം പ്രാധാന്യമുള്ളതാണ്. സന്മനസ്സോടുകൂടിവേണം ദാനം ചെയ്യാന്‍. അതുപോലെ മോശമായതും നമുക്കുവേണ്ടാത്തതുമല്ല ദാനം ചെയ്യേണ്ടത്. മറിച്ച് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവ ദാനംചെയ്താലേ അത് യഥാര്‍ത്ഥ ദാനമാകുകയുള്ളൂ.

ദാനശീലരായ അനേകം മഹാത്മാക്കളുടെ കഥകളെക്കൊണ്ട് നമ്മുടെ സംസ്‌കാരം സമ്പുഷ്ടമാണ്. മഹത്കാര്യങ്ങള്‍ക്കുവേണ്ടി ശരീരം പോലും ദാനംചെയ്തിട്ടുള്ള മഹത്തുക്കള്‍ മാതാവിനോടുള്ള സ്‌നേഹത്തിനടിമപ്പെട്ട് വിശ്വരൂപന്‍ അസുരന്മാര്‍ക്ക് യജ്ഞഭാഗം സമര്‍പ്പിച്ചതില്‍ കോപിച്ച ഇന്ദ്രദേവന്‍ അയാളുടെ ശിരസുകള്‍ ഛേദിച്ചു. ഇതറിഞ്ഞ് ത്വഷ്ടാവ് ഇന്ദ്രനുവേണ്ടി വൃത്രാസുരനെ സൃഷ്ടിച്ചു. വൃത്രാസുരനാല്‍ തോല്‍പ്പിക്കപ്പെട്ട ഇന്ദ്രന്‍ മഹാവിഷ്ണുവിന്റെ ഉപദേശപ്രകാരം വജ്രായുധത്തിനുവേണ്ടി ദധീചി മഹര്‍ഷിയോട് ശരീരം ചോദിച്ചു. യാതൊരുമടിയും കൂടാതെ ദധീചി തന്റെ ശരീരം ദാനം ചെയ്തു. ദധീചിയുടെ അസ്ഥികൊണ്ട് വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച വജ്രായുധത്താല്‍ ഇന്ദ്രന്‍ വൃത്രാസുരനെ വധിച്ചു.

ദാനശീലരായ മഹത്തുക്കളുടെകൂടെയുള്ള സഹവാസംതന്നെ അനുയായികളെ പരമപദം പൂകാന്‍ സഹായിക്കുന്നുവെന്ന് രന്തിദേവന്റെ യശസ്സ് എക്കാലവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കിട്ടുന്ന ഭക്ഷണം അന്യര്‍ക്കു ദാനംചെയ്തതുമൂലം അന്നമോ ജലപാനം പോലുമില്ലാതെ ദിവസങ്ങളോളം ക്ലേശിച്ചിട്ടും അവസാനത്തെ തുള്ളിജലംപോലും ദാനംചെയ്ത് സര്‍വ്വസുഖങ്ങളും നിവര്‍ത്തിച്ചു. തന്നെയുമല്ല രന്തിദേവന്റെ സഹവാസം മൂലം അനുയായികളും ആത്മസമര്‍പ്പണംചെയ്ത് പരമയോഗികളായിത്തീര്‍ന്നു.

സ്വന്തം മാംസം പോലും അറുത്ത് ദാനം ചെയ്തുകൊണ്ട് അഗ്നിദേവന്റെയും ഇന്ദ്രന്റെയും പരീക്ഷണങ്ങളെ അതിജീവിച്ച ശിബിചക്രവര്‍ത്തിയുടെ ദാനശീലം, ദാനത്തിനുമുന്നില്‍ മരണംപോലും നിസ്സാരമായിക്കണ്ട് സഹജമായ മെയ്ച്ചട്ട ദാനം ചെയ്ത കര്‍ണ്ണന്റെ ദാനശീലം, ഇതൊന്നും ഒരുപക്ഷേ നമുക്കിന്നു വിശ്വസിക്കാന്‍പോലും കഴിഞ്ഞെന്നുവരില്ല.

”അവനവനാത്മസുഖത്തിനായാചരിക്കുന്നവ
യപരന്നു സുഖത്തിനായ് വരേണം.”

എന്നമനോഭാവത്തേക്കാള്‍ വലിയ ദാനം എന്തുണ്ട്? ത്രികരണ ശുദ്ധിയോടുകൂടി ധര്‍മ്മ പ്രകാരം നേടിയതിനെ ദാനംചെയ്ത് ദണ്ഡങ്ങളകറ്റാന്‍ ഭഗവാന്‍ നമ്മെ അനുഗ്രഹിക്കട്ടേ.

വി.ആര്‍. ഗോപിനാഥന്‍ നായര്‍