മയില്‍പ്പീലിത്തുണ്ട്


ഏതു കുഞ്ഞിന്‍റെയും ശിരസില്‍ ഒരു മയില്‍പ്പീലിത്തുണ്ടു വരച്ചുകൊടുത്താല്‍ ആ ഉണ്ണി ശ്രീകൃഷ്ണനാകും. നമ്മുടെയൊക്കെ മനസില്‍ അത്രമാത്രം ആണ്ടുകിടക്കുകയാണ് കൃഷ്ണസങ്കല്‍പം. ‘ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുന്പോള്‍ ഉണ്ണികള്‍ മറ്റൊന്നു വേണമോ മക്കളായ് എന്നു പൂന്താനം തിരുമേനിയെക്കൊണ്ടു പാടിച്ചതും ഇതേ കൃഷ്ണപ്രേമം തന്നെ. മറ്റു ദൈവങ്ങളോടുള്ള ഭയവും ഭക്തിയുമല്ല കൃഷ്ണനോടു നമുക്കു തോന്നുന്നത്. ജീവിതത്തിന്‍റെ ഓരോ കാലത്തും കൃഷ്ണന്‍ നമ്മുടെ മനസിനോടു ചേര്‍ന്നുനില്‍ക്കുന്ന സുഹൃത്താണ്. കുട്ടിക്കാലത്ത് കൃഷ്ണന്‍റെ കഥകള്‍ കേട്ടാണു ഞാനും വളര്‍ന്നത്. വികൃതിയായ കൃഷ്ണന്‍. കുസൃതിയായ കൃഷ്ണന്‍. ആ കഥകള്‍ കൃഷ്ണനെ മനസിലെ കളിക്കൂട്ടുകാരനാക്കി. അല്‍പം കൂടി മുതിര്‍ന്നപ്പോള്‍ കൃഷ്ണന്‍റെ പ്രണയകഥകളാണു കേട്ടതും വായിച്ചറിഞ്ഞതും. പ്രണയസങ്കല്‍പങ്ങളുടെ പൂര്‍ണതയായിരുന്നു കൃഷ്ണന്‍. പ്രണയവും രതിയുമെല്ലാം ആത്മീയതയുടെ ഉന്നതതലങ്ങളിലേക്ക് ഉയര്‍ന്നത് കൃഷ്ണകഥകളിലൂടെയാണ്. വരയിലൂടെ കലയുടെ ലോകത്തെത്തിയപ്പോള്‍ സര്‍വം കൃഷ്ണമയം. നൃത്തത്തിലും സംഗീതത്തിലും നിറഞ്ഞുനിന്നത് ശ്രീകൃഷ്ണലീലകള്‍. ഭാഗവതവും മഹാഭാരതവും കൃഷ്ണപുരാണവുമൊക്കെയായി നൂറുകണക്കിനു കൃഷ്ണവരകള്‍ ചെയ്തിട്ടുണ്ട്. ഒന്നും പൂര്‍ണമായി എന്നു തോന്നിയിട്ടില്ല. കാരണം, കൃഷ്ണന്‍റെ പൂര്‍ണത ഓരോരുത്തരുടെയും മനസിലാണ്. ദശാവതാരങ്ങളില്‍ കൃഷ്ണന്‍ ഇത്രയേറെ ജനപ്രിയനായി മാറിയതെന്തുകൊണ്ടാണെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ഒരുപക്ഷേ, വിഷ്ണുവിനെപ്പോലും കൃഷ്ണസങ്കല്‍പത്തിന്‍റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടാണ് നാം ആലോചിക്കുന്നത്. അവതാരങ്ങളില്‍ മാതൃകാപുരുഷനായി പുരാണങ്ങള്‍ വാഴ്ത്തുന്ന ശ്രീരാമനെക്കാള്‍ നമ്മള്‍ മനസില്‍ കൊണ്ടുനടക്കുന്നത് കൃസൃതിക്കാരനും വികൃതിക്കാരനുമായ ശ്രീകൃഷ്ണനെയാണ്. കള്ളക്കൃഷ്ണന്‍ എന്നാണ് നമ്മള്‍ ഭഗവാനെ വാല്‍സല്യത്തോടെ വിശേഷിപ്പിക്കുന്നത്.

കൃഷ്ണദര്‍ശനം, കാലാതീതം കുറച്ചുകൂടി ഗഹനമായി പുരാണങ്ങള്‍ വായിക്കാന്‍ തുടങ്ങിയതോടെയാണ് ശ്രീകൃഷ്ണന്‍റെ അവതാരോദ്ദേശ്യത്തെക്കുറിച്ചുള്ള ചിന്തകളുണ്ടായത്. അധര്‍മത്തെ പരാജയപ്പെടുത്തി ധര്‍മം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യം എത്ര കൃത്യമായാണു ഭഗവാന്‍ നിര്‍വഹിക്കുന്നത്. ഭഗവദ്ഗീത ലോകത്തിനുള്ള വഴികാട്ടിയാണ്. ഗഹനമായ കാര്യങ്ങള്‍ എത്ര ലളിതമായാണ് കൃഷ്ണന്‍ അര്‍ജുനനെ ബോധ്യപ്പെടുത്തുന്നത്. ഗീത പാണ്ഡവനായ അര്‍ജുനനു മാത്രമുള്ളതല്ല. നമ്മള്‍ ഓരോരുത്തരും അര്‍ജുനന്മാരാണ്. സമൂഹത്തെ നേര്‍വഴിക്കു നടത്താനുള്ള മാര്‍ഗദര്‍ശനങ്ങളാണ് ഗീതയിലെ ഓരോ വരിയും. ഗീത ഇന്നത്തെക്കാലത്തും പ്രസക്തമാണ്. കാലാതീതമായ ദര്‍ശനം. പാണ്ഡവര്‍ക്കൊപ്പം നിന്ന് സഹോദരന്മാരായ കൗരവരെ ഇല്ലായ്മ ചെയ്തത് ഭഗവാനു ചേര്‍ന്നതാണോ എന്നത് ഇപ്പോഴും തര്‍ക്കവിഷയം തന്നെ. പക്ഷേ, ഗീത എല്ലാറ്റിനുമുള്ള ഉത്തരമാണ്. കൗരവര്‍ സഹോദരന്മാര്‍ എന്നതിലുപരി അധര്‍മികളാണ്. അധര്‍മത്തിനെതിരെ ധര്‍മം വിജയിച്ചാല്‍ മാത്രമേ ലോകം നിലനില്‍ക്കുകയുള്ളൂ. ധര്‍മപുനഃസ്ഥാപനത്തിനായി ഗീതോപദേശം നല്‍കി മാറിനില്‍ക്കുകയല്ല ശ്രീകൃഷ്ണന്‍ ചെയ്‌യുന്നത്. അദ്ദേഹം സ്വയം ഒരു പോരാളിയായി മാറുന്നു. അര്‍ജുനന്‍റെ തേരാളിയായി അദ്ദേഹം കുരുക്ഷേത്രത്തില്‍ സദാസമയവുമുണ്ട്. കൃഷ്ണാ, ഗുരുവായൂരപ്പാ ശ്രീകൃഷ്ണന്‍ എന്ന അവതാരം സത്യമാണോ പുരാണകഥയാണോ എന്നുള്ള ചോദ്യം അവിടെ നില്‍ക്കട്ടെ. ഈശ്വരനുണ്ടോ ഇല്ലയോ എന്നു ചോദിക്കുന്നതുപോലെയാണ് അത്. ഈശ്വരനിലെ്ലന്നു നിഷേധിക്കാന്‍ എളുപ്പമാണ്. പിന്നെ ഈ പ്രപഞ്ചശക്തിയെ എന്തു പേരിട്ടുവിളിക്കും? ഒരേ ചെടിയില്‍ പല പൂക്കള്‍ വിടരുന്നതെങ്ങനെ? തീരെക്കുഞ്ഞു വിത്തില്‍ നിന്ന് വലിയൊരു ആല്‍മരം വളരുന്നതെങ്ങനെ? ഇതിനെല്ലാം ഒരു കാരണക്കാരനുണ്ട്. ഒരു സത്യമുണ്ട്. ആ സത്യത്തെ ഈശ്വരന്‍ എന്നു പേരിട്ടുവിളിക്കാനാണ് എനിക്കിഷ്ടം.

ദൈവികസങ്കല്‍പ്പങ്ങളില്‍ നമ്മോടു ചേര്‍ത്തുപിടിച്ചുനിര്‍ത്താവുന്ന അവതാരമാണ് കൃഷ്ണന്‍. ‘കൃഷ്ണാ, ഗുരുവായൂരപ്പാ എന്ന പ്രാര്‍ഥനയാണ് പലരുടെയും നാവില്‍ ആദ്യം വരിക. ഗുരുവായൂര്‍ എന്നൊരു ചെറിയ ഗ്രാമത്തിന് കോടിക്കണക്കിന് ആളുകളെ അങ്ങോട്ടേക്കു വിളിച്ചുവരുത്താന്‍ കഴിയുന്നത് ഒരേയൊരു ശക്തിയിലുള്ള വിശ്വാസം കൊണ്ടാണ്. തിരക്കേറിയതോടെ പരിമിതികളായെങ്കിലും ഗുരുവായൂരിലെ അന്തരീക്ഷം ഇപ്പോഴും എന്തുമാത്രം ദൈവികമാണ്! ഞാന്‍ ഇടയ്ക്കിടെ കണ്ണനെ തൊഴാന്‍ ഗുരുവായൂരിലെത്താറുണ്ട്. വരയിലെ കണ്ണന്‍ വരയ്ക്കാനിരിക്കുന്പോള്‍ കൃഷ്ണന്‍റെ റൊമാന്‍റിക് രൂപമാണ് ആദ്യം മനസില്‍ വരുന്നത്. മിക്കപ്പോഴും ഉണ്ണിക്കണ്ണന്മാരെയാണ് വരയ്‌ക്കേണ്ടിവന്നിട്ടുള്ളത്. കൃഷ്ണന്‍റെ നിറം നീലയായതെങ്ങനെയെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. കറുപ്പ് നിറമാണെന്നു പറയുന്നതില്‍ സാംഗത്യമുണ്ട്. നീല എങ്ങനെ വന്നു എന്നാലോചിക്കുന്പോള്‍ നീലയുടെ ഫിലോസഫിയിലേക്കു പോകേണ്ടിവരും. പാരമ്യത്തിന്‍റെ നിറം നീലയാണത്രേ. ആറ്റത്തിന്‍റെ ന്യൂക്ലിയസിന് നിറം നീലയാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ എല്ലാറ്റിന്‍റെയും അന്തഃസത്ത നീലയാണ്. നീലയ്ക്കപ്പുറം ഒരു നിറമുണ്ടോ? കൃഷ്ണനപ്പുറം ഒരു ദൈവമുണ്ടോ?