സ്വാമിയേ….ശരണമയ്യപ്പാ…..

ശബരിമലയിലേയ്ക്കുള്ള ഓരോ തീർത്ഥാടനവും ദിവ്യമായ ഒരു നിർവൃതിയുടെ ഓർമ്മകൾ നമ്മിൽ അവശേഷിപ്പിയ്ക്കാറുണ്ട്….
കാലമെത്ര കഴിഞ്ഞാലും അത് ഉള്ളിന്റെയുള്ളിൽ അങ്ങിനെ തങ്ങി നിൽക്കും……. അലക്കിയുണക്കി ഭദ്രമാക്കി പൂജാമുറിയിൽ സൂക്ഷിച്ച ഇരുമുടിയിൽ, തോൾ സഞ്ചിയിൽ….ഒക്കെ ഇപ്പോഴും തങ്ങിനിൽക്കുന്ന നെയ്മണം പോലെ…. കർപ്പൂര ഗന്ധം പോലെ….

മനസ്സിൽ ഉരുക്കി നിറച്ച ഭക്തിയുടെ നറുനെയ്യുമായി കാടും മേടും താണ്ടി, കല്ലും മുള്ളും ചവിട്ടി കലിയുഗവരദന്റെ തിരുമുറ്റത്തെത്തിയപ്പോൾ അങ്ങ് പൊന്നു പതിനെട്ടാം പടിയ്ക്കും മുകളിൽ തങ്കലിപികളിൽക്കുറിച്ച ആ വാക്യം “തത്വമസി” , നീ തേടി വന്നതെന്തോ അത് നീതന്നെയാകുന്നു…. നീ നിന്നിലേയ്ക്കു നോക്കുക,
നിന്റെ ഉള്ളിൽത്തന്നെയാണ് ഞാൻ കുടികൊള്ളുന്നത്…. അതെ നീതന്നെയാകുന്നു ഞാൻ ,ഞാൻ തന്നെയാകുന്നു നീ. ഭക്തൻ തന്നെ ഭഗവാനാകുന്ന …..ഭഗവാൻ സ്വയം ഭക്തനു തുല്യനാകുന്ന അനുപമമായ അവസ്ഥ….. മറ്റെവിടെയാണ് നമുക്ക് കാണാനാവുക?…….അനുഭവിച്ചറിയാനാവുക?…..

ഓരോ ഭക്തനും സ്വന്തം കൈകളാൽ നിറച്ച് നെഞ്ചോടു ചേർത്ത് ഇരുമുടിക്കെട്ടിലിറക്കി തന്റെ ജീവന്റെ ജീവനായി കാത്ത് നാടും നഗരവും കാനനവിഥികളും താണ്ടി തിരുസന്നിധിയിലെത്തി നിറഞ്ഞു തുളുമ്പുന്ന മനസ്സോടെ….. ഇടറുന്നകണ്ഠത്തോടെ ശരണം വിളിച്ച്……ശ്രീകോവിൽ നടയിലേക്ക് സമർപ്പിയ്ക്കുന്ന ആ നറുനെയ്യ് ഭഗവത് വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നത് കൺകുളിരെ കണ്ടു നിൽക്കുന്ന ഭക്തമനസ്സിന്റെ ആ അനുഭൂതി മറ്റെവിടെയാണ് നമുക്ക് അനുഭവിച്ചറിയാനാവുക?……

മണ്ഡലകാലമായാൽ എല്ലാ വഴികളും ശരണവഴികളാകുന്നു…… നാടിന്റെ നാനാഭാഗത്തു നിന്നും ഒഴുകി വന്ന് ഒന്നു ചേരുന്ന ഭക്തജന സാഗരം….. അതിലോരോ ജലകണം മാത്രം നാമോരോരുത്തരും. എങ്കിലും….. അവിടെ ദർശനം നടത്തുന്ന ഓരോ ഭക്തനും ഇടനെഞ്ചിൽ കൈവച്ച് ഒരു കാര്യം സമ്മതിയ്ക്കും…… എത്രയൊക്കെതിരക്കുണ്ടായിരുന്നിട്ടും ആ ശ്രീകോവിലിനു മുൻപിലെത്തുമ്പോൾ എല്ലാം മാറി…. എത്രസുഖകരമായ ദർശനമായിരുന്നു….കണ്ണും മനസ്സും നിറഞ്ഞു തുളുമ്പി….
അതെ ഈ തിരുനടയിലെത്തുന്ന ജനകോടികളിൽ ഓരോ ഭക്തനും…… ഓരോഭക്തനും കണ്ണു നിറയെ, മനവും കരളും കുളിർക്കെ ദർശനമേകുന്ന കലിയുഗവരദനാണയ്യപ്പൻ…. ഭക്തവത്സലനാണയ്യപ്പൻ………

ആ ദർശന നിർവൃതിയിൽ കണ്ണുകൾ നിറഞ്ഞു തുളുമ്പും മനസ്സും ശരീരവും കോരിത്തരിയ്ക്കും….. പറയാൻ കാത്തു വച്ച പരിഭവങ്ങളത്രയും….വേദന ….. എല്ലാം….. എല്ലാമെല്ലാം….ഒരു നിമിഷം മറന്നു പോകും. ഒന്നും ചോദിക്കാനാവില്ല…..ഒന്നും പറയാനും.
കണ്ണടച്ചാലും കണ്ണിൽ നിന്നു മറയില്ല ആ രൂപം….. മനസ്സിൽ നിന്നു മായില്ല ആ പുണ്യദർശന സായൂജ്യനിമിഷം….ഒക്കെക്കഴിഞ്ഞ് മലയിറങ്ങുന്ന ഭക്തന്റെ മനസ്സിൽ ഒരൊറ്റ പ്രാർത്ഥന മാത്രമാവും ഉണ്ടാവുക….
ഇനിയും…… ഇനിയുമിനിയും ഇവിടേയ്ക്കെത്താനുള്ള ഭാഗ്യമുണ്ടാകണേ എന്നുമാത്രം…..

അതെ….ഈ മണ്ഡലകാലം നമുക്ക്, ശബരിമലയിലേയ്ക്ക് നാം കഴിഞ്ഞകാലങ്ങളിൽ നടത്തിയ ഓരോ തീർത്ഥാടനവും നമുക്കേകിയ നിർവൃതിയുടെ ദിവ്യമായ ഓർമ്മകളിൽ മുഴുകി കഴിയാം…..
ആ പ്രാർത്ഥനയുമായി നമുക്ക് അടുത്ത മണ്ഡലകാലത്തിനായി കാത്തിരിയ്ക്കാം…..
….സ്വാമിയേ….ശരണമയ്യപ്പാ…..
🙏 🙏 🙏

മഹാ വൈദ്യനായ ശാസ്താവ്


🐅🔱🏹🔱🐅
യസ്യ ധന്വന്തരിര്‍ മാതാ പിതാ രുദ്രോ ഭിഷക്തമഃ
തം ശാസ്താരമഹം വന്ദേ മഹാവൈദ്യം ദയാനിധിം

രോഗദുരിതപീഡകളില്‍ നിന്നു രക്ഷനേടാന്‍ ഭക്തര്‍ ആശ്രയിക്കുന്ന ധന്വന്തരീ മൂര്‍ത്തിയുടേയും വൈദ്യനാഥനായ ഭഗവാന്‍ രുദ്രന്റേയും പുത്രനായ മഹാവൈദ്യനാണു ധര്‍മ്മശാസ്താവ്.

അമൃതകലശം കൈയില്‍ ധരിച്ചിരിക്കുന്ന ശാസ്താ പ്രതിഷ്ഠകള്‍ കേരളത്തിലുണ്ട് (തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ശാസ്താവ്, ആറാട്ടുപുഴ ശാസ്താവ്). ധന്വന്തരീ മോഹിനീ സങ്കല്‍പ്പങ്ങള്‍ കൂടി ചേര്‍ന്ന ശാസ്താ ഭാവമാണിത്. അമൃതത്വം നല്‍കുന്നവനാണു ശാസ്താവ്.

ഭഗവാന്‍ ഭക്തര്‍ക്കു തരുന്ന അമൃത് എന്താണ്?മരണമില്ലാതാക്കാനുള്ള അമൃതാണോ?

അതോ ജനിമൃതികളില്‍ നിന്നു രക്ഷനേടാനുള്ള അമൃതജ്ഞാനമാണോ?.

ഭഗവദ്ഗീതയില്‍ കൃഷ്ണന്‍ സൂചിപ്പിക്കുന്ന ധര്‍മ്മാമൃതമാണു (ഭഗവദ്ഗീത ഭക്തിയോഗം നോക്കുക) ശാസ്താവു നല്‍കുന്നത്. ആത്മാവിന്റെ നിത്യതയിലേക്കു നയിക്കുന്ന ധര്‍മ്മാമൃതം കൈയില്‍ ധരിച്ച ദേവന്‍ എന്നു അറിഞ്ഞപ്പോള്‍ മനസ്സില്‍ തെളിഞ്ഞ ധര്‍മ്മശാസ്താവിനെയാണു വസിഷ്ഠ, പരശുരാമാദി മഹര്‍ഷിമാര്‍ അമൃതകലശഹസ്തനായി പ്രതിഷ്ഠിച്ചിട്ടുള്ളത്.

കേരളത്തിലെ ചില ശാസ്താക്ഷേത്രങ്ങള്‍ ചികിത്‌സാകേന്ദ്രങ്ങളുമായിരുന്നു. തകഴി ക്ഷേത്രവും അച്ചന്‍കോവില്‍ ക്ഷേത്രവും ഉദാഹരണങ്ങള്‍. അച്ചന്‍ കോവില്‍ ശാസ്താവ് വിഷഹാരിയാണ് എന്ന് പ്രസിദ്ധമാണ്. അച്ചന്‍കോവില്‍ ശാസ്താ വിഗ്രഹത്തിന്റെ വലതു കൈയില്‍ സൂക്ഷിച്ചിരിക്കുന്ന ചന്ദനം സര്‍പ്പവിഷത്തിനുള്ള സിദ്ധൗഷധമായി കരുതപ്പെടുന്നു. സമീപപ്രദേശങ്ങളില്‍ വെച്ച് ആര്‍ക്കെങ്കിലും സര്‍പ്പദംശനമേറ്റാല്‍ അവരെ ക്ഷേത്രത്തില്‍ എത്തിക്കുകയായിരുന്നു പതിവ്.

ശാസ്താവിന്റെ കൈയിലെ ചന്ദനം മുറിവില്‍ വെച്ചു കെട്ടുകയും ചന്ദനം കഴിപ്പിക്കുകയും ചെയ്യുന്നു. അതോടെ വിഷം ഇറങ്ങും എന്നാണു വിശ്വാസം. വിഷം തീണ്ടിയവരേയും കൊണ്ട് അര്‍ദ്ധരാത്രിയിലാണു എത്തുന്നതെങ്കിലും ശ്രീകോവില്‍ നടതുറന്ന് മേല്‍ശാന്തി ചന്ദനം നല്‍കണമെന്നതാണു ക്ഷേത്രത്തിലെ രീതി. കാടിനു നടുവിലായ അച്ചന്‍കോവില്‍ ക്ഷേത്രത്തിനു ചുറ്റുമുള്ളവര്‍ക്ക് സര്‍പ്പദംശനം ഏല്‍ക്കാനുള്ള സാധ്യതയും വളരെ കൂടുതല്‍ ആയിരുന്നു. അതുകൊണ്ടുതന്നെ സംസാരവിഷം ഇല്ലാതാക്കുന്ന മഹാവൈദ്യനായ ശാസ്താവിനു വിഷഹാരിയുടെ ചുമതലകൂടി നിര്‍വഹിക്കേണ്ടിയിരുന്നു.

തകഴി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ വലിയ എണ്ണ മറ്റൊരു ഉദാഹരണമാണ്. വാതസംബന്ധിയായ രോഗങ്ങള്‍ക്ക് മരുന്നായി ഇന്നും തകഴിയിലെ എണ്ണപ്രസിദ്ധമാണ്. ക്ഷേത്രപുനരുദ്ധാരണത്തിനു ധനമില്ലാതെ വിഷമിച്ച തകഴിയിലെ ഭക്തനായ ഒരു നായര്‍ക്ക് സ്വപ്‌നത്തില്‍ ശാസ്താവ് പറഞ്ഞു നല്‍കിയതാണു എണ്ണയുടെ കൂട്ട്. എണ്‍പത്തിനാലു വിധം പച്ചമരുന്നുകളും അറുപത്തിനാലു വിധം അങ്ങാടി മരുന്നുകളും എള്ളെണ്ണ ഒഴികെയുള്ള നാനാവിധം എണ്ണകളും ചേര്‍ത്തു കാച്ചിയരിച്ചു ഉണ്ടാക്കുന്നതാണു ഈ എണ്ണ. തകഴിയിലെ വലിയെണ്ണയുടെ മാഹാത്മ്യം ഐതിഹ്യമാലയില്‍ വിശദമാക്കുന്നുണ്ട്.

ആത്മീയ ഉന്നതിയ്ക്കു വേണ്ട മരുന്നും ശാരീരികരോഗങ്ങള്‍ക്കുള്ള മരുന്നും നല്‍കുന്ന വിധത്തില്‍ ആയിരുന്നു നമ്മുടെ ചില ശാസ്താക്ഷേത്രങ്ങള്‍ നിലകൊണ്ടിരുന്നത് എന്നു സാരം.
🙏🐅🙏