ഗുരുവായൂർ കിഴക്കേ നടയിൽ തലയെടുപ്പോടു കൂടി നിൽക്കുന്ന ഒരാൽമരം കണ്ടിട്ടില്ലേ? ഗരുഡനും പൂന്താനവും കാവൽ നിൽക്കുന്ന ആ ആലാണ് മഞ്ജുളാൽ. ആ ആലിന് മഞ്ജുളാൽ എന്നാ പേര് വരാനുള്ള കാരണം എന്താണെന്നറിയുമോ

ഗുരുവായൂർ കിഴക്കേ നടയിൽ തലയെടുപ്പോടു കൂടി നിൽക്കുന്ന ഒരാൽമരം കണ്ടിട്ടില്ലേ? ഗരുഡനും പൂന്താനവും കാവൽ നിൽക്കുന്ന ആ ആലാണ് മഞ്ജുളാൽ. ആ ആലിന് മഞ്ജുളാൽ എന്നാ പേര് വരാനുള്ള കാരണം എന്താണെന്നറിയുമോ

മഞ്ജുള ഒരു വാരസ്യാര്‍ പെൺകുട്ടി ആയിരുന്നു,വലിയ കൃഷണ ഭക്ത !!ഗുരുവായൂരിലായിരുന്നു അവരുടെ വീട്. എന്നും സന്ധ്യക്ക് ഗുരുവായൂരപ്പന് ഒരു മാല മഞ്ജുള കെട്ടി കൊണ്ട് കൊടുക്കുമായിരുന്നു . ഭഗവത് നാമം പാടിക്കൊണ്ട് പൂക്കൾ കൊണ്ട് മനോഹരമായ മാലകൾ ഉണ്ടാക്കി ദിവസവും ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയിരുന്നു.

ദിവസവും അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ കുറച്ചു ദിവസമായി കാലി ചെക്കന്മാരുടെ ശല്യമാണ് . കൂട്ടത്തിൽ നേതാവെന്ന് തോന്നിക്കുന്ന കരുമാടിക്കുട്ടൻ മഞ്ജുള പോകുന്ന വഴിയിൽ നിന്ന് എന്നും കളിയാക്കുകയും ചെയ്യും. . പക്ഷെ അവൾ ഗുരുവായൂരപ്പനെ മനസ്സിൽ ഓർത്ത് മറ്റൊന്നും ഗൗനിക്കാതെ നടക്കുകയാണ് പതിവ്. ഒരു ദിവസം അവൻ മനോഹരമായി പുല്ലാങ്കുഴലും ഊതി മഞ്ജുള്ളയുടെ പുറകെ ചെന്ന് പൂമാല ചോദിച്ചു ശല്യമായി പുറകെ കൂടി. നട അടയ്ക്കുന്നതിന് മുന്നേ ചെല്ലാൻ വേണ്ടി അവൾ വേഗത്തിൽ നടന്നു. പുല്ലാങ്കുഴൽ പാട്ടുമായി കാലി ചെക്കനും കൂടെ എത്തി

ക്ഷേത്ര നടയ്ക്കൽ ചെന്ന അവളെ പക്ഷെ ക്ഷേത്രം കാവൽക്കാർ അകത്തേക്ക് കയറ്റിയില്ല . ആല്‍ച്ചുവട്ടില്‍ ഒരു കാലി ചെറുക്കന്റെ കൂടെ നില്‍ക്കുന്ന കണ്ടു എന്ന അപരാധം അവളില്‍ ചുമത്തി. കയ്യിൽ താൻ കൊരുത്ത പുഷ്പഹാരവുമായി വല്ലാതെ സങ്കടപ്പെട്ടു അമ്പലത്തിനു പുറത്തു നിന്ന് കരയുന്ന മഞ്ജുളയെ അമ്പലത്തില്‍ നിന്നും തൊഴുതു വരുന്ന പൂന്താനം കണ്ട് കാര്യം അന്വേഷിച്ചു . മഞ്ജുള സങ്കടത്തോടെ കാര്യം പറഞ്ഞു കൊടുത്തു. അപ്പോള്‍ പൂന്താനം കുറച്ച ദൂരെ ആയിട്ടുള്ള ആല്‍മരം കാണിച്ച കൊടുത്തിട്ട് പറഞ്ഞു ,” ആ ആലിന്റെ ചുവട്ടില്‍ കാണുന്ന കല്ലില്‍ ഭഗവാന്‍ എന്ന് സങ്കല്‍പ്പിച്ച് ആ മാല അതിൽ ചാര്‍ത്തിക്കോളൂ. കല്ലിലും മരത്തിലും എല്ലാം ഉള്ള ഭഗവാൻ ആ മാലയും സ്വീകരിച്ചു കൊള്ളും” . അത് കേട്ട് കരച്ചിൽ അടക്കി മഞ്ജുള ഭക്തി പൂര്‍വ്വം ആ മാല അവിടെയുള്ള കല്ലിനെ ചാര്‍ത്തിച്ചു. അപ്പോൾ സമയം സന്ധ്യ ആയിരുന്നു . അക്കാലത്ത് ആ ആലിന്‍ ചുവട്ടില്‍ നിന്ന് നോക്കിയാല്‍ നേരെ ശ്രീകോവിലില്‍ ദീപം കാണുമായിരുന്നു. അവൾ അവിടെ നിന്ന് കുറെ നേരം പ്രാർത്ഥനയോടെ ദീപാരാധന കണ്ട് തൊഴുതു നിന്നു . രാത്രി അധികം ആവുന്നതിന് മുന്നേ വീട്ടിലേക്ക് തിരിച്ചു .

പിറ്റേ ദിവസം നിര്മാല്യത്തിനു നട തുറന്നു , മേല്‍ശാന്തി ഭഗവാന്റെ അലങ്കാരങ്ങള്‍ ഓരോന്നായി മാറ്റാന്‍ തുടങ്ങി . എന്നാല്‍ എത്ര ശ്രമിച്ചിട്ടും ഒരു മാല മാത്രം ഭഗവാന്റെ കഴുത്തില്‍ നിന്നും മാറ്റാന്‍ സാധിക്കുന്നില്ല. അത് താൻ തലേ ദിവസം ചാർത്തിയ മാല അല്ലല്ലോ എന്ന് മേൽശാന്തി അത്ഭുതപ്പെട്ടു. എല്ലാവര്ക്കും പരിഭ്രാന്തിയായി ,കാരണം അറിയാതെ വിഷമിച്ചു.അപ്പോള്‍ ദർശനത്തിനെത്തിയ പൂന്താനം അവിടെ നിന്നവരോടായി തലേ ദിവസം നടന്ന കഥ പറഞ്ഞു. ഇത് മഞ്ജുള വാരസ്യാര്‍ ഭഗവാനെ സങ്കൽപ്പിച്ച് ആൽചുവട്ടിൽ ചാര്‍ത്തിയ മാലയാണ് . ആലിന്‍ ചുവട്ടില്‍ കാലി ചെക്കൻ്റെ രൂപത്തിൽ കണ്ടത് മറ്റാരുമായിരുന്നില്ല ,അത് സാക്ഷാല്‍ ശ്രീ ഗുരുവായൂരപ്പന്‍ ആയിരുന്നു എന്ന് . അതിനാല്‍ മഞ്ജുളയെ കണ്ട ക്ഷമ പറഞ്ഞ കൂട്ടി കൊണ്ട് വരിക . അവര്‍ വന്നാലേ ഇന്ന് നിര്‍മാല്യം മാറ്റാന്‍ പറ്റൂ എന്ന് . അങ്ങനെ ക്ഷേത്രം കാവൽക്കാർ മഞ്ജുളയെ കണ്ട് ക്ഷമ ചോദിച് കൂട്ടി കൊണ്ട് വന്നു. മഞ്ജുള നടയ്ക്കൽ വന്ന് നിന്ന് ഭഗവാനേ എൻ്റെ മാല തിരികെ തരൂ എന്ന് പറഞ്ഞപ്പോൾ വിഗ്രഹത്തിൻ്റെ കഴുത്തിൽ നിന്ന് ആ മാല ഊരി പോന്നു . ഭക്തയായ മഞ്ജുള ചാർത്തിയ മാല കണ്ണൻ സ്വീകരിച്ച അന്ന് മുതല്‍ ആ ആലിന് മഞ്ജുളാൽ എന്ന പേരും കിട്ടി എന്നാണു ഐതിഹ്യം !

അറിവിൻറെ ഭണ്ഡാരം

” അറിവ് “വേദങ്ങള്‍(ശ്രുതി)

1.ഋഗ്വേദം
2.യജുര്‍വേദം
3.സാമവേദം
4.അഥര്‍വ്വവേദം

ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,

1.കര്‍മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം

ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,

1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്

വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്,

1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്

ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്,

യഥാക്രമം,

1.ആയുര്‍വ്വേദം
2.ധനുര്‍വ്വേദം
3.ഗാന്ധര്‍വ്വവേദം
4.a.ശില്പവേദം, b.അര്‍ത്ഥോപവേദം

ഉപനിഷത്(ശ്രുതി)

ഏകദേശം 2000 ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു,ഇപ്പോള്‍ 108 എണ്ണം ലഭ്യമാണ്. അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള 10 എണ്ണം പ്രധാനപ്പെട്ടതാണ്, അതായത് ദശോപനിഷത്തുക്കള്‍–

1.ഈശാവാസ്യം
2.കഠം
3.കേനം
4.പ്രശ്നം
5.മുണ്ഡകം
6.മാണ്ഡൂക്യം
7.തൈത്തിരീയം
8.ഐതരേയം
9.ഛാന്ദോക്യം
10.ബൃഹദാരണ്യകം

ഷഡ്ദര്‍ശനങ്ങള്‍

1.സാംഖ്യദര്‍ശനം–കപിലമുനി
2.യോഗദര്‍ശനം–പതഞ്ജലിമഹര്‍ഷി
3.ന്യായദര്‍ശനം–ഗൗതമമുനി
4.വൈശേഷികദര്‍ശനം–കണാദമുനി
5.ഉത്തരമീമാംസദര്‍ശനം (വേദാന്തദര്‍ശനം)-ബാദരായണമഹര്‍ഷി
6.പൂര്‍വ്വമീമാംസദര്‍ശനം (മീമാംസദര്‍ശനം)-ജൈമിനിമഹര്‍ഷി

സ്മൃതി(ധര്‍മ്മശാസ്ത്രം)

പ്രധാനപ്പെട്ടവ 20

1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്‍ത്തസ്മൃതി

 1. കാത്യായനസ്മൃതി
  13.ബൃഹസ്പതിസ്മൃതി
  14.പരാശരസ്മൃതി
  15.വ്യാസസ്മൃതി
  16.ശംഖസ്മൃതി
  17.ലിഖിതസ്മൃതി
  18.ദക്ഷസ്മൃതി
  19.ഗൗതമസ്മൃതി
  20.ശാതാപസ്മൃതി (മനുസ്മൃതി, യാജ്ഞവലക്യസ്മൃതി ഇവ വളരെ പ്രധാനപ്പെട്ടവ ആണ്. അവസാനത്തെ 18 സ്മൃതികളെ അഷ്ടാദശസ്മൃതികള്‍ (18) എന്നു പറയുന്നു)

പുരാണങ്ങള്‍

അഷ്ടാദശപുരാണങ്ങള്‍

1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്‍ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്‍മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്‍ത്തകപുരാണം

ഇതിഹാസങ്ങള്‍

1.രാമായണം
2.മഹാഭാരതം
ഇതിഹാസ–പുരാണങ്ങളെ പഞ്ചമവേദങ്ങള്‍ എന്നും പറയുന്നു.

രാമായണം

രാമായണത്തിന് ഏഴു കാണ്ഡങ്ങള്‍
1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം

മഹാഭാരതം

മഹാഭാരതത്തിന് 18 പര്‍വ്വങ്ങള്‍ ഉണ്ട്.
1.ആദിപര്‍വ്വം
2.സഭാപര്‍വ്വം
3.ആരണ്യപര്‍വ്വം
4.വിരാടപര്‍വ്വം

 1. ഉദ്യോഗപര്‍വ്വം
 2. ഭീഷ്മപര്‍വ്വം
  7.ദ്രോണപര്‍വ്വം
  8.കർണ്ണപര്‍വ്വം
  9.ശല്യപര്‍വ്വം
  10.സൗപ്തികപര്‍വ്വം
  11.സ്ത്രീപര്‍വ്വം
  12.ശാന്തിപര്‍വ്വം
  13.അനുശാസനപര്‍വ്വം
  14.അശ്വമേധികപര്‍വ്വം
  15.ആശ്രമവാസപര്‍വ്വം
  16.മുസലപര്‍വ്വം
  17.മഹാപ്രസ്ഥാനപര്‍വ്വം
  18.സ്വര്‍ഗ്ഗാരോഹണപര്‍വ്വം

ശ്രീമദ് ഭഗവത് ഗീത

മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ് ശ്രീമദ് ഭഗവത് ഗീത 700ശ്ലോകങ്ങള്‍. 18 അദ്ധ്യായങ്ങള്‍,
1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം

1-6 വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം, 7-12 ഭക്തിയോഗം,13-18 ജ്ഞാനയോഗം എന്നും പറയാറുണ്ട്

ഇനിയും എണ്ണിയാലൊടുങ്ങാത്ത ഒട്ടനവധി മഹത് ഗ്രന്ഥങ്ങൾ ഒട്ടനവധിയുണ്ട് അവയെക്കുറിച്ച് പിന്നീടൊരിക്കലാവാം….

ഭസ്മധാരണം ആരോഗ്യത്തിനും🙏

ഭസ്മധാരണം ആരോഗ്യത്തിനും🙏
======.=====

കുളികഴിഞ്ഞുവന്നാല്‍ ഒരു നുള്ളു ഭസ്മം നെറ്റിയില്‍ ചാര്‍ത്തിയിട്ടേ പണ്ട് പഴമക്കാര്‍ പ്രാര്‍ത്ഥനയ്ക്ക് ഇരിക്കുമായിരുന്നുള്ളൂ. പ്രാര്‍ത്ഥനയില്‍ വിശ്വാസത്തിനുള്ള അതേസ്ഥാനം ഭസ്മത്തി ന്റെ ഔഷധാംശത്തിനുമുണ്ട്. ഭസ്മ നിര്‍മ്മാണത്തിന് കാലാന്തരത്തില്‍ മാറ്റങ്ങള്‍ ഏറെ വന്നെങ്കിലും വിശുദ്ധഭസ്മവും ഇല്ലാതില്ല. പശുവിന്റെ ശുദ്ധമായ ചാണകം ശിവരാത്രിനാളില്‍ ഉമിയില്‍ ചുട്ടെടുത്തു കിട്ടുന്ന ഭസ്മം വെള്ളത്തില്‍ കലക്കി ഊറിയത് വീണ്ടും ഉണക്കി, ശിവന് അഭിഷേകംചെയ്ത ശേഷമാണ് സാധാരണ ഭസ്മം നെറ്റിയില്‍ ചാര്‍ത്താനായി സൂക്ഷിച്ചു വയ്ക്കുന്നത്. ഔഷധച്ചെടികള്‍ ശുദ്ധ പശുവിന്‍ നെയ്യില്‍ ഹോമകുണ്ഡത്തില്‍ ഹവനംചെയ്തശേഷം ബാക്കി വരുന്നതാണ് വിശുദ്ധഭസ്മം. ത്യാഗത്തിന്റെ മൂര്‍ത്തിയായ ശിവനെ സന്തോഷിപ്പിക്കാന്‍ ഏറെ ഉത്തമമാണെന്നാണ് ഭസ്മത്തെപ്പറ്റിയുള്ള ഹൈന്ദവ സങ്കല്‍പം.

നെറ്റി, കഴുത്ത്, തോള്‍ , മുട്ട്, തുടങ്ങിയ സ്ഥലങ്ങളിലാണ് സാധാരണയായി ഭസ്മം ധരിക്കുന്നത്.

ഭസ്മ ധാരണത്തിലൂടെ ലഭിക്കുന്ന മറ്റു ഫലങ്ങള്‍.

ഭസ്മധാരണം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യുന്നത് മാത്രമല്ല. അതുകൊണ്ട് ശരീരത്തിനും പ്രയോജനം ഉണ്ടാകുന്നുണ്ട്. നെറുകയില്‍ ഭസ്മം ധരിച്ചാല്‍ അവിടുത്തെ നീര്‍ക്കെട്ടു മുഴുവന്‍ അത് വലിച്ചെടുക്കും. എന്നാല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ ഭസ്മധാരണത്തിനും ഗുണഫലങ്ങളുണ്ട്. ഏറ്റവും കൂടുതല്‍ നീരിറക്കത്തിനു സാധ്യതയുള്ള സ്ഥാനമാണ് പിന്‍കഴുത്ത്. അതുകൊണ്ട് അവിടെ ഭസ്മം പൂശുന്നത് നീരിറക്കം തടയും. ശരീരത്തിലെ എഴുപത്തിരണ്ടായിരം നാഡികള്‍ ഒത്തുചേരുന്ന മര്‍മ്മസ്ഥാനമാണ് കാതുകള്‍. ഓരോ നാഡിയിലും നീര്‍ക്കെട്ടും മറ്റും ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഇതാകട്ടെ വാതത്തിനും വഴി തെളിക്കും. ഇങ്ങനെ ഭസ്മം ധരിക്കുന്നത് എവിടെയായാലും അത് അതാതു സ്ഥലങ്ങളിലെ അമിതമായ ഈര്‍പ്പത്തെ വലിച്ചെടുക്കും. ചില നേരത്ത് നനച്ച ഭസ്മവും ചില നേരത്ത് നനയ്ക്കാത്ത ഭസ്മവും ധരിക്കണമെന്നും പറയാറുണ്ട്.

നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവും, നനച്ച ഭസ്മത്തിന് ശരീരത്തിലുണ്ടാകുന്ന അമിത ഈര്‍പ്പത്തെ വലിച്ചെടുക്കാനുള്ള കഴിവുമുണ്ട്.

നമ്മുടെ ശരീരത്തില്‍ എങ്ങനെയാണ് രാവിലെയും സന്ധ്യയ്ക്കും അണുബാധയുണ്ടാകുക? നമ്മുടെ കിടക്കയില്‍ ലക്ഷക്കണക്കിന് അണുക്കളാണ് വിഹരിക്കുന്നത്. കിടന്നുറങ്ങുമ്പോള്‍ അതു നമ്മുടെ ദേഹത്ത് പ്രവേശിക്കാം. അതുപോലെ സന്ധ്യാവേളയില്‍ അന്തരീക്ഷത്തിലുണ്ടാകുന്ന വിഷാണുബാധ നമ്മുടെ ശരീരത്തെ ബാധിക്കും. അതുകൊണ്ടാണ് അണുബാധയകറ്റാനായി ഈ രണ്ടു സമയങ്ങളിലും നനയ്ക്കാതെ ഭസ്മം ധരിക്കുന്നത്. കുളിക്കുന്ന സമയത്താകട്ടെ, ശരീരത്തിലെ സന്ധികളില്‍ നനവുമൂലം നീര്‍ക്കെട്ടുണ്ടാകുവാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ള നീര്‍ക്കെട്ട് ഒഴിവാക്കാനാണ് കുളിച്ചശേഷം നനഞ്ഞ ഭസ്മം ധരിക്കുന്നത്.

🔶🔷🔶🔷🔶🔷
ഭസ്മധാരണം നടത്തുമ്പോള്‍ ചൊല്ലേണ്ട മന്ത്രം:
‘ഓം അഗ്‌നിരിതി ഭസ്മ വായുരിതി ഭസ്മ ജലമിതി ഭസ്മ സ്ഥലമിതി ഭസ്മ വ്യോമേതി ഭസ്മ സര്‍വം ഹവാ ഇദം ഭസ്‌മേ മന ഏതാനി ചക്ഷൂംഷി ഭസ്മ.’
🙏

പുരാതന കേരളത്തിലെ നാടൻ ദേവതാ നാമങ്ങൾ…

പുരാതന കേരളത്തിലെ നാടൻ ദേവതാ നാമങ്ങൾ…
എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളുള്ള നാടാണ് നമ്മുടേത്. ഹൈന്ദവ വേദഗ്രന്ഥങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണാനാവാത്ത ധാരാളം ആരാധ്യ ദേവതകൾ കേരളത്തിലെ ഹിന്ദുക്കൾക്കിടയിലുണ്ട്.
ദേവതകളെ – ദേവഗൃഹം, അസുരഗൃഹം, ഗന്ധർവ്വഗൃഹം, യക്ഷഗൃഹം, പിശാച്ഗൃഹം, ബ്രഹ്മരക്ഷസ്, പിതൃഗൃഹം, ഗുരു- വൃദ്ധഗൃഹം, സർപ്പഗൃഹം, പക്ഷിഗൃഹം എന്നിങ്ങനെ തരം തിരിക്കാറുണ്ട്.
അവയിൽ ചിലതിനെ പരിചയപ്പെടുത്താം.
അമരകോശത്തിൽ വിദ്യാധരന്മാർ, അപ്സരസ്സുകൾ, യക്ഷന്മാർ, രാക്ഷസന്മാർ, ഗന്ധർവ്വന്മാർ, കിന്നരന്മാർ, പിശാചന്മാർ, ഹുഹ്യകന്മാർ, സിദ്ധന്മാർ, ഭൂതങ്ങൾ എന്നിങ്ങനെ പത്തുതരം ദേവതകളെക്കുറിച്ച് പറയുന്നുണ്ട്.
തന്ത്രസമുച്ചയാദി ഗ്രന്ഥങ്ങളിൽ ശിവൻ, വിഷ്ണു, ശങ്കരനാരായണൻ, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ്, ദുർഗ്ഗ എന്നീ സപ്തദേവരെക്കുറിച്ചാണത്രേ പ്രതിപാദിക്കുന്നത്.
ശേഷസമുച്ചയത്തിൽ വിവരിക്കുന്ന ദേവന്മാർ ബ്രഹ്മാവ്, സൂര്യൻ, വൈശ്രവണൻ, കൃഷ്ണൻ, സരസ്വതി, ശ്രീപാർവ്വതി, ശ്രീഭഗവതി, ജ്യേഷ്ഠാഭഗവതി, ഭദ്രകാളി, വീരഭദ്രൻ, ക്ഷേത്രപാലൻ, ഭൈരവൻ തുടങ്ങിയവരാണ്.
താന്ത്രിക ജൈനാരാധനയുടെ ഭാഗമായാണ് തീർത്ഥങ്കരന്മാരുടെ രക്ഷാദേവതകളായ യക്ഷി ആരാധന പ്രചാരം നേടിയതെന്ന അഭിപ്രായമാണ് എം.ആർ.രാഘവവാരിയർ ‘ജൈനമതം കേരളത്തിൽ’ എന്ന പുസ്തകത്തിൽ പറയുന്നത്.
ബുദ്ധമതത്തിലും ഹിന്ദുമതത്തിലും യക്ഷി ആരാധനയുണ്ട്. യക്ഷികൾ പലപേരുകളിലറിയപ്പെടുന്നുണ്ട്.
യക്ഷികൾ :
സുന്ദരയക്ഷി, അന്തരയക്ഷി, അംബരയക്ഷി(ആകാശയക്ഷി), മായയക്ഷി, അരക്കി, അയലി യക്ഷി, മുയലി യക്ഷി, കോലന യക്ഷി, കൊടിയന യക്ഷി, തൂമൊഴി യക്ഷി, കാല യക്ഷി, നാഗ യക്ഷി, അപസ്മാര യക്ഷി, ഇന്ദ്ര യക്ഷി, ഈശാന യക്ഷി, കാഞ്ഞിര യക്ഷി, കാരി യക്ഷി, കാളമുഖി യക്ഷി, കുമാരി യക്ഷി, തിരുനീലകണ്ഠ യക്ഷി, പിശാചരീ യക്ഷി, പുഷ്കരമധ്യാംബു യക്ഷി, പുള്ള യക്ഷി, പ്രജഡാധാരി യക്ഷി, ബാലകുമാരി യക്ഷി, ബ്രഹ്മവാഹിനി യക്ഷി, കരിനാഗ യക്ഷി, എരിനാഗ യക്ഷി, പറനാഗ യക്ഷി…. ഇങ്ങനെ പോകുന്നു യക്ഷി നാമങ്ങൾ.
പക്ഷി(പുള്ള്) ദേവതകൾ :
ഈശ്വരപുള്ള്, കോൽപുള്ള്, കോലിറച്ചിപുള്ള്, നീലപുള്ള്, നീർപുള്ള്, പരന്തറച്ചിപുള്ള്, രാക്ഷസപുള്ള്, രുദ്രപുള്ള്, വരടപുള്ള്, വർണ്ണപുള്ള്, വിങ്ങാപുള്ള്, വിങ്ങുപുള്ള്, വിഷ്ണുപുള്ള്… ഇങ്ങനെ പോകുന്നു പക്ഷിദേവതകൾ.
ഗന്ധർവ്വൻ (കാമൻ, കന്നി, മാരൻ) :
ആകാശഗന്ധർവ്വൻ, പൂമാലഗന്ധർവ്വൻ, ബാലഗന്ധർവ്വൻ, വിമാനഗന്ധർവ്വൻ, കാമൻ, ഭൂതകാമൻ, വൈശ്രകാമൻ, ഇരസികാമൻ, ചന്ദനമാരൻ, കന്നി… ഇങ്ങനെ പലതരമാകുന്നു ഗന്ധർവ്വന്മാർ.
ഭൂതം :
വെളുത്ത ഭൂതം, ശ്രീ (കറുത്ത) ഭൂതം, ചുവന്ന ഭൂതം, അന്ത്യ ഭൂതം, അളർ ഭൂതം, ആറ്റു ചിലച്ചി, തോട്ടു ചിലച്ചി…. ഇവ ഭൂതങ്ങളാണ്.
മാടൻ :
ചെറുമാടൻ, തൊപ്പിമാടൻ, വടിമാടൻ, പുള്ളിമാടൻ, ചുടലമാടൻ, കാലമാടൻ, അഗ്നിമാടൻ, ഭൂതമാടൻ, പിള്ളതിന്നിമാടൻ, ചിതവറയിൽമാടൻ… അങ്ങനെ പോകുന്നു മാടന്റെ നാമങ്ങൾ.
ഭൈരവൻ :
അഗ്നിഭൈരവൻ, കാലഭൈരവൻ, ആദിഭേരവൻ, കങ്കാളഭൈരവൻ, യോഗിഭൈരവൻ, ശാക്തേയഭൈരവൻ, കപാലഭൈരവൻ… അങ്ങനെ നീണ്ടുപോകുന്നു പലതരം ഭൈരവന്മാർ.
പൊട്ടൻ :
പുലപ്പൊട്ടൻ, മാരണപ്പൊട്ടൻ, ഉച്ചാർപൊട്ടൻ അങ്ങനെ പോകുന്നു പൊട്ടൻ ദേവങ്ങൾ.
കുട്ടിച്ചാത്തൻ :
കരിങ്കുട്ടിച്ചാത്തൻ, പൂങ്കുട്ടിച്ചാത്തൻ, തീക്കുട്ടിച്ചാത്തൻ, പറക്കുട്ടിച്ചാത്തൻ, പൊലക്കുട്ടിച്ചാത്തൻ, വിഷ്ണുമായച്ചാത്തൻ, കാളകാട് കുട്ടിച്ചാത്തൻ അങ്ങനെ പോകുന്നു കുട്ടിചാത്തന്മാർ.
ഗുളികൻ :
കുളിയൻ (ഗുളികൻ), തെക്കൻ കുളിയൻ, കാര ഗുളികൻ, മൃത്യു ഗുളികൻ, ശ്മശാന ഗുളികൻ, അകന്നാൾ ഗുളികൻ, മാരണ ഗുളികൻ, മാമായ ഗുളികൻ…… ഇങ്ങനെ പോകുന്നു ഗുളികനാമങ്ങൾ.
കുറത്തി :
കുഞ്ഞാർ കുറത്തി, പുള്ളി കുറത്തി, മലങ്കുറത്തി, സേവക്കുറത്തി, തെക്കൻ കുറത്തി, വടക്കൻ കുറത്തി.. അങ്ങനെ പലതരം കുറത്തികളുണ്ട്.
മറുത :
കരിമറുത, കാലകേശി മറുത, ഈശാന്തൻ മറുത, പണ്ടാരമറുത, പച്ചമറുത, തള്ളമറുത… ഇങ്ങനെ പോകുന്നു മറുതാ നാമങ്ങൾ.
രക്ഷസ്സ് :
ബ്രഹ്മരക്ഷസ്സ്, ഗോരക്ഷസ്സ്, മാർജ്ജാരരക്ഷസ്സ്.
ഇവ വിവിധ രക്ഷസ്സുകളാണ്.
വീരൻ :
കതുവന്നൂർ വീരൻ, കോയിച്ചാറു വീരൻ, പാടൻകുളങ്ങര വീരൻ, തുളുവീരൻ, മലവീരൻ, പടവീരൻ ഇങ്ങനെ പലതരം വീരന്മാരുണ്ട്.
മല്ലൻ :
മൂവോട്ടുമല്ലൻ, തെറ്റിക്കോട്ടുമല്ലൻ, കാരക്കോട്ടുമല്ലൻ, പറമല്ലൻ, മലിമല്ലൻ…. ഇങ്ങനെ പലതരം മല്ലന്മാരുണ്ട്.
പിശാച് :
കാലപിശാച്, ഭസ്മപിശാച്, ജലപിശാച്, പൂതപിശാച്, എരിപിശാച്, മരപിശാച് ഇങ്ങനെ വൈവിധ്യമാർന്ന പിശാചുക്കളുണ്ട്.
കാളി :
ഭദ്രകാളി, ചുടലഭദ്രകാളി,വീരർ കാളി, കൊടുങ്കാളി, പറക്കാളി, പുള്ളിക്കരിങ്കാളി, മലയകരിങ്കാളി, വേട്ടക്കാളി, ശൂലക്കാളി… ഇങ്ങനെ പലതരം കാളികളുണ്ട്.
ചാവ് :
പുലിചാവ്, ആനചാവ്, പാമ്പ്ചാവ് (ഇങ്ങനെ ദുർമ്മരണം സംഭവിച്ച മനുഷ്യാത്മാക്കളെ പലതരം ചാവുകളായി വിശേഷിപ്പിക്കുന്നു).
ഈശ്വരി :
രക്തേശ്വരി, ഭുവനേശ്വരി, പരമേശ്വരി… തുടങ്ങിയവ ഈശ്വരീഗണത്തിൽ പെടുന്നു.
ചാമുണ്ഡി :
രക്തചാമുണ്ഡി, മാടച്ചാമുണ്ഡി, മുട്ടിയറച്ചാമുണ്ഡി, നീലംകൈച്ചാമുണ്ഡി, പെരിയാട്ടുചാമുണ്ഡി, മലച്ചാമുണ്ഡി, എടപ്പാറച്ചാമുണ്ഡി, ആനമടച്ചാമുണ്ഡി, ചാലയിൽ ചാമുണ്ഡി….. ഇങ്ങനെ കുറെ ചാമുണ്ഡിമാരുണ്ട്.
നാഗദേവതകൾ :
നാഗകണ്ഠൻ, നാഗകന്നി, നാഗരാജാവ്, നാഗയക്ഷി, സർപ്പയക്ഷി, എരിനാഗം, കരിനാഗം, മണിനാഗം, കുഴിനാഗം, നാഗക്കാളി, നാഗഭഗവതി, നാഗേനീശ്വരി…. ഇങ്ങനെ കുറെ നാഗദേവതകളുണ്ട്.
വനദേവതകൾ :
ആയിരവില്ലി, കരിവില്ലി, പൂവല്ലി, ഇളവില്ലി, കരീമലദൈവം, തലച്ചിറവൻ, താന്നിയോടൻ, മലക്കാരി, പുളിപ്പൂളോൻ… ഇങ്ങനെ വിവിധങ്ങളായ വനദേവതകളുണ്ട്.
മൂർത്തികൾ :
കണ്ടകമൂർത്തി, കടുവാ മൂർത്തി, മാരണമൂർത്തി, വനമൂർത്തി, പാഷാണമൂർത്തി, കാട്ടുമൂർത്തി…. ഇങ്ങനെപോകുന്നു മൂർത്തിദേവതകൾ.
രോഗദേവതകൾ :
ചീറുമ്പമാർ, ദണ്ഡദേവൻ, വസൂരിമാല, ഭദ്രകാളി, മാരിയമ്മൻ, മാരിമടക്കിത്തമ്പുരാട്ടി, തൂവക്കാളി, അപസ്മാരമൂർത്തി… ഇവ രോഗദേവതകളാണ്.
ഇനി സ്ഥലപ്പേരുമായി ബന്ധപ്പെട്ട ദേവതാനാമങ്ങളാണ്
കരിങ്കുഴി ശാസ്താവ്, കൊട്ടിയൂർ പെരുമാൾ, ചെറുകുന്നത്ത് അന്നപൂർണ്ണേശ്വരി, തൃക്കരിപ്പൂർ ചക്രപാണി…. എന്നിവ.
കാട്ടുമടന്ത, പാറമേക്കാവിൽ ഭഗവതി, ചെക്കിപ്പാറഭഗവതി, ചെറുകുന്നത്തമ്മ, തുടങ്ങിയ നാമങ്ങൾ മല, പാറ, കുന്ന്, കാട് എന്നി വിശേഷണങ്ങൾ ചേർന്നു വരുന്നവയാണ്.
(കടപ്പാട്)