അക്ഷകുമാരൻ

അക്ഷകുമാരൻ 

രാമായണത്തിലെ ഒരു കഥാപാത്രമാണ് അക്ഷകുമാരൻ. രാവണന്റെയും മണ്ഡോദരിയുടെയും ഇളയമകൻ, ഇന്ദ്രജിത്തിന്റെ അനുജൻ. അക്ഷൻ, അക്ഷയൻ, അക്ഷയകുമാരൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. വാല്മീകി രാമായണത്തിൽ സുന്ദരകാണ്ഡത്തിലാണ് അക്ഷകുമാരനെപ്പറ്റിയുള്ള പരാമർശം ആദ്യമായിക്കാണുന്നത്. അശോകവനികയിലെത്തി സീതാദേവിയെക്കണ്ടശേഷം ഉദ്യാനഭഞ്ജനം ചെയ്തുകൊണ്ടിരുന്ന ഹനുമാനെ വധിക്കുന്നതിന് രാവണൻ അയച്ച പഞ്ചസേനാപതികളടക്കമുള്ള രാക്ഷസവീരൻമാർ പോരിൽ മരിച്ചപ്പോൾ, ആ കപിവീരനെ എതിർക്കുവാൻ അക്ഷകുമാരൻ വളരെ ഉൽസാഹത്തോടുകൂടി പുറപ്പെട്ടതായി ആദികവി വർണിച്ചിട്ടുണ്ട്. എട്ടു കുതിരകളെ പൂട്ടിയ തേരിൽക്കയറി, വില്ലും ധരിച്ചു ശബ്ദമുഖരമായ സൈന്യവുമൊത്തുചെന്ന്, അക്ഷകുമാരൻ ഹനുമാനോട് ഗംഭീരമായി യുദ്ധം ചെയ്ത് തന്റെ പരാക്രമം പ്രകടമാക്കി. ഹനുമാൻ ആണ് അക്ഷകുമാരനെ വധിക്കുന്നത്.