കര്‍മ്മഫലം

മായാമൂഢരും അഹങ്കാരികളും സുരപാനം കൊണ്ട് തലക്ക് വെളിവില്ലാതായവരുമായ യാദവകുലം മുച്ചൂടും മുടിയേണ്ടത് തന്നെയാണ്. അല്ലെങ്കില്‍ മുടിക്കേണ്ടത് തന്നെയാണ്. അതും ധര്‍മ്മസംസ്ഥാപനത്തിന്റെ ഭാഗം തന്നെ. അതും അവതാരോദ്ദേശം തന്നെയാണ്.

ദ്വാരകയിലെ അശുഭലക്ഷണങ്ങള്‍ കണ്ട് തന്റെ അന്തര്‍ദ്ധാന കാലമായെന്ന് നിശ്ചയിച്ച ഭഗവാന്‍ സ്ത്രീകളെയും കുട്ടികളെയും മറ്റും ശംഖോദ്ധാരം എന്ന തീര്‍ത്ഥസ്ഥലത്തേക്ക് അയച്ചു. 

മദിരാമത്തരായ യാദവരുടെ അന്തച്ഛിദ്രം കണ്ട കണ്ണനാകട്ടെ അകലെ ഒരാല്‍ച്ചുവട്ടില്‍ മാറിയിരുന്നു.  ഇടത്തെ കാല്‍ വലത്തേ തുടയില്‍ കയറ്റിവച്ചായിരുന്നു ഇരിപ്പ്. മാനിന്റെ മുഖം പോലെയിരിക്കുന്ന ഭഗവച്ചരണം കണ്ടിട്ട് മൃഗമാണെന്ന ശങ്കയാല്‍ ജരയെന്നു പേരായ ഒരു വേടന്‍ ആ പാദം ലക്ഷ്യമാക്കി അമ്പയച്ചു.

മാനിനെ തേടി ഓടിവന്ന വേടന്‍ കണ്ടത് കാല്‍പ്പാദത്തില്‍ അമ്പ് കൊണ്ട ചതുര്‍ബാഹുവായ ഭാഗവാനെയാണ്.  മാപ്പപേക്ഷിച്ചു കേണു നമസ്കരിച്ച അവനോടു ഭഗവാന്‍ പറഞ്ഞത് ഇപ്രകാരമാണ്.

‘ഹേ ജരെ, ഭയം വേണ്ട, എഴുന്നേല്‍ക്കുക. എന്റെ സങ്കല്‍പ്പം അനുസരിച്ചാണ് നീ ഈ കൃത്യം ചെയ്തത്.  അതിനാല്‍ സുകൃതികളുടെ പദമായ സ്വര്‍ഗ്ഗം ഞാന്‍ നിനക്ക് അനുവദിച്ചിരിക്കുന്നു’.

എന്റെ സങ്കല്‍പ്പം അനുസരിച്ചാണ് എന്ന സൂചനക്ക് ഒരു വിശേഷാര്‍ത്ഥം ഉണ്ട്. ശ്രീരാമന്റെ ഒളിയമ്പേറ്റു മരിച്ച ബാലി പുനര്‍ജ്ജന്മം എടുത്ത് വേടനായി വന്നിരിക്കുന്നു  ഇവിടെ, ഭഗവാന്‍ തന്നെയായ ശ്രീകൃഷ്ണനെ ഒളിഞ്ഞു നിന്ന് അമ്പെയ്യാനായി. ഇതൊരു നിയോഗമാണ്. 

നീ ദ്വാപരയുഗത്തിന്റെ അവസാനത്തില്‍ കാട്ടാളനായി പൂര്‍വ്വവിരോധം കാരണം എന്റെ കാലിനു മുറിവേല്‍പ്പിക്കും എന്നും അത് എന്റെ സ്വധാമപ്രാപ്തിക്ക് കാരണമാകും എന്നും ശ്രീരാമന്‍ അമ്പേറ്റ ബാലിയോട് പറഞ്ഞതായി ആനന്ദരാമായണത്തില്‍ പറയുന്നുണ്ട്.

കര്‍മ്മഫലം ജന്മജന്മാന്തരങ്ങളില്‍ ആയാലും അനുഭവിച്ചേ തീരൂ എന്ന് ഭഗവാന്‍ സ്വചര്യകൊണ്ട് ലോകത്തെ പഠിപ്പിക്കുന്നു.