കൃഷ്ണാര്‍ജ്ജുനൻ

🐚🍃 കൃഷ്ണാര്‍ജ്ജുനൻ

‘ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍’ എന്ന് കേട്ടിട്ടില്ലേ?
ഈ ത്രിശങ്കുവിന്‍റെ യഥാര്‍ത്ഥ പേര്‌ സത്യവ്രതന്‍ എന്നായിരുന്നു.അരുണന്‍ എന്ന രാജാവിന്‍റെ പുത്രനായിരുന്നു ഇദ്ദേഹം.ഈ സത്യവ്രതന്‍റെ യൌവനകാലത്ത് ഇദ്ദേഹം ഒരു കടുംകൈ ചെയ്തു..
കല്യാണപന്തലില്‍ വധുവായി നിന്നിരുന്ന ഒരു ബ്രാഹ്മണപുത്രിയെ തട്ടി കൊണ്ട് പോയി!!
അരുണന്‍ ഇതറിഞ്ഞു..
കോപത്താല്‍ അദ്ദേഹം സത്യവ്രതനെ കൊട്ടാരത്തില്‍ നിന്ന് പുറത്താക്കി!!

രാജാവിന്‍റെ ഈ പ്രവൃത്തി ആ നാടിന്‍റെ മേല്‍ വേനല്‍ ശക്തമാക്കി.അച്ഛന്‍ മകനെ ഉപേക്ഷിച്ചതിനാല്‍ പട്ടണവാസികള്‍ കൊടും ദുരിതത്തിലായി, എങ്ങും പട്ടണി.ആ നാട്ടിലായിരുന്നു വിശ്വാമിത്രനും ഭാര്യയും സന്താനങ്ങളും താമസിച്ചിരുന്നത്.ഈ പട്ടിണി ഉണ്ടായ സമയത്ത് വിശ്വാമിത്രന്‍ തപസിനായി മറ്റൊരു ദേശത്തില്‍ ആയിരുന്നു.
കുട്ടികളുടെ വിശന്നുള്ള കരച്ചില്‍ അദ്ദേഹത്തിന്‍റെ ഭാര്യയെ വിഷമത്തിലാക്കി..
ഇനി എത് ചെയ്യും?

അങ്ങനെ മറ്റ് കുട്ടികളുടെ വിശപ്പ് മാറ്റാന്‍ ഒരു കുട്ടിയെ വില്‍ക്കാന്‍ തീരുമാനിച്ചു.കഴുത്തില്‍ ദര്‍ഭ കൊണ്ടുള്ള കയറിട്ട് ആ കുട്ടിയെ ചന്തയിലെത്തിച്ചു.ഇവിടെ വച്ച് സത്യവ്രതന്‍ അവരെ കാണുകയും, കുട്ടിയെ വില്‍ക്കേണ്ടതില്ല, വിശ്വാമിത്രന്‍ തിരികെ വരുന്ന വരെ അവര്‍ക്കുള്ള ഭക്ഷണം താന്‍ തരാമെന്ന് ഏല്‍ക്കുകയും ചെയ്തു.ഇത് കേട്ട് അമ്മ കുട്ടിയുടെ കഴുത്തില്‍ (ഗളത്തില്‍-ഗലത്തില്‍) നിന്ന് കയര്‍ അഴിച്ചു.ആ കുട്ടിയാണ്‌ പില്‍കാലത്ത് ഗാലവന്‍ എന്ന് അറിയപ്പെട്ടത്.
ഈ ഗാലവൻ ചിത്രസേനനുമായുള്ള പ്രശ്നത്തിനാണ്‌ ശ്രീകൃഷ്ണനും അര്‍ജ്ജുനനും തമ്മില്‍ ഏറ്റ് മുട്ടിയത്.ഗാലവന്‍റെ പൂജാപാത്രത്തില്‍ വെറ്റില മുറുക്കി തുപ്പിയ (അറിയാതെ സംഭവിച്ചതാണ്) ചിത്രസേനന്‍റെ തല ഗാലവന്‍റെ കാലില്‍ എത്തിക്കുമെന്ന് ശ്രീകൃഷ്ണന്‍ ഏറ്റു.ഇതറിഞ്ഞ ചിത്രസേനന്‍റെ രാജ്ഞിമാര്‍ അര്‍ജ്ജുനന്‍റെ ഭാര്യയായ സുഭദ്രയില്‍ നിന്ന് ദീര്‍ഘസുമംഗലി വരം വാങ്ങിച്ചു.ആ വരത്തെ നിലനിര്‍ത്താന്‍ അര്‍ജ്ജുനന്‍ ചിത്രസേനനെ രക്ഷിക്കാന്‍ തയ്യാറായി.അത് കൃഷ്ണാര്‍ജ്ജുന യുദ്ധത്തിനു കാരണമായി.അവസാനം സുഭദ്രയുടെ മധ്യസ്ഥതയില്‍ ചിത്രസേനന്‍ ഗാലവന്‍ മുനിയുടെ പാദങ്ങളില്‍ ശിരസ്സ് നമിച്ചു.അങ്ങനെ കൃഷ്ണാര്‍ജ്ജുനന്‍മാര്‍ വാക്ക് പാലിച്ചു.🍃🐚