ക്ഷേത്രം എന്നാൽ എന്ത്..? എന്തിനു വേണ്ടി..?

ക്ഷേത്രാരാധനയുടെ പൊരുള്‍.
…………………………………………………………………………………

ക്ഷേത്രങ്ങളിൽ പൂജാരിമാർ പത്തല്ല നൂറോ അഞ്ഞൂറോ ദക്ഷിണ കൊടുത്താലും ഭക്തനെ സ്പർശിക്കുന്നില്ല. എന്തുകൊണ്ട്? തുടർന്നു വായിക്കുക

കല്ലിനെയും ലോഹത്തെയുമാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നതെന്ന ചില തെറ്റായ ധാരണകള്‍ പലരും രഹസ്യമായും പരസ്യമായും വെളിപ്പെടുത്തുന്നതു കേള്‍ക്കാറുണ്ട്. പക്ഷേ, കല്ലും ലോഹവും അപാരമായ ഊര്‍ജത്തിന്റെ ഉറവിടങ്ങളാണെന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്ന വസ്തുത മറക്കാനാവില്ല.

ഭാരതീയ സംസ്കാരത്തിന്റെയും പൈതൃകത്തിന്റേയും അക്ഷയഖനികളാണ് ക്ഷേത്രങ്ങള്‍. അവയില്‍ ഒരു ജനതയുടെ ജീവിതവും സംസ്കാരവും പാരമ്പര്യവും ഇഴചേരുന്നു. തലമുറകള്‍ക്ക് ഭാരതീയ സംസ്കാരത്തെ പകര്‍ന്നു നല്‍കുന്ന ചൈതന്യകേന്ദ്രങ്ങളായാണ് ക്ഷേത്ര സങ്കേതങ്ങളെ നൂറ്റാണ്ടുകളായി നാം കണക്കാക്കുന്നത്. ക്ഷത്രത്തെ ത്രാണനം ചെയ്യുന്നത് ക്ഷേത്രം എന്നാണ് പ്രമാണം. അതായത് മനസ്സിന്റെ മുറിവുകളെ, വ്യഥകളെ ഇല്ലായ്മ ചെയ്യുന്ന പുണ്യസ്ഥാനമാണ് ക്ഷേത്രം. പ്രശ്നങ്ങള്‍ അലട്ടുമ്പോള്‍, ഭയഭീതികള്‍ മനസ്സിനെ ഗ്രസിക്കുമ്പോള്‍ നാം ഈശ്വരനെ ഓര്‍ക്കുന്നു. ഈശ്വരന്റെ വാസസ്ഥാനമാകുന്ന ക്ഷേത്രത്തേയും. ഭൗതികതയുടെ മായാവലയത്തില്‍ നിലതെറ്റുന്ന മനസ്സിനെ സ്വച്ഛമാക്കാന്‍ ഈശ്വരദര്‍ശനംകൊണ്ട് സാധിക്കും. ദാഹിക്കുന്നവന് വെള്ളവും വിശക്കുന്നവന് ഭക്ഷണവും പോലെയാണ് വിശ്വാസിക്ക് ക്ഷേത്രദര്‍ശനവും. ക്ഷേത്രദര്‍ശനത്തിലൂടെ മനസ്സിന് ലഭിക്കുന്ന ശാന്തിയും സമാധാനവും സംതൃപ്തിയും അനിര്‍വചനീയമെന്ന് അനുഭവസ്ഥര്‍ പറയും.

“”ദേഹോ ദേവാലയ പ്രോക്തു
ജീവേ ദേവ സദാശിവ”
എന്നാണ് യോഗാശാസ്ത്രഗ്രന്ഥമായ “കുളാര്‍വതന്ത്രം’ പറയുന്നത്. അതായത്, ദേഹം ദേവാലയമായി സങ്കല്പിച്ചാല്‍ ജീവന്‍ ആ ദേവാലയത്തിലെ ദേവനാണ്. ദേഹത്തിലെങ്ങനെയാണോ ജീവന്‍ അതുപോലെയാണ് ക്ഷേത്രത്തില്‍ ദേവചൈതന്യം. ക്ഷേത്രാരാധനയുടെ പ്രഥമലക്ഷ്യം അവനവനില്‍ കുടികൊള്ളുന്ന ഈശ്വരചൈതന്യത്തെ ഉണര്‍ത്തുകയാണെന്ന തിരിച്ചറിവ് നമ്മുടെ പൂര്‍വ്വികരായ ഋഷീശ്വരന്മാര്‍ക്കുണ്ടായിരുന്നു. മുന്‍ശ്ളോകത്തില്‍ അന്തര്‍ലീനമായ വസ്തുതയും ഇതുതന്നെ. ഈശ്വരന്‍ സര്‍വ്വവ്യാപിയാണെന്ന് പ്രപഞ്ചസത്യം. സര്‍വ്വത്ര വ്യാപിച്ച ഈശ്വരചൈതന്യത്തെ ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ച് ലഭ്യമാക്കുകയാണ് ക്ഷേത്രത്തിന്റെ ധര്‍മം. കല്ലിനെയും ലോഹത്തെയുമാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നതെന്ന ചില തെറ്റായ ധാരണകള്‍ പലരും രഹസ്യമായും പരസ്യമായും വെളിപ്പെടുത്തുന്നതു കേള്‍ക്കാറുണ്ട്. പക്ഷേ, കല്ലും ലോഹവും അപാരമായ ഊര്‍ജത്തിന്റെ ഉറവിടങ്ങളാണെന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്ന വസ്തുത മറക്കാനാവില്ല.
ഭൗതിക, ആത്മീയ ഉയര്‍ച്ചയുടെ പ്രഭവകേന്ദ്രമായി മാറത്തക്കവിധം ഏതെങ്കിലുമൊരു ഭൗതിക വസ്തുവിലേക്ക് പ്രപഞ്ചശക്തിയെ ആവാഹിക്കാനുള്ള കുശാഗ്രബുദ്ധി നമ്മുടെ പൂര്‍വ്വികര്‍ക്കുണ്ടായി. തന്ത്രമന്ത്രങ്ങളിലൂടെ ആ വസ്തുവിന്റെ ചൈതന്യം വര്‍ധിപ്പിച്ച് ജനോപകാരത്തിന് ഉപയോഗിക്കുകയാണ് അവര്‍ ചെയ്തത്. ശാസ്ത്രപ്രകാരം ഏറ്റവും അനുയോജ്യമായ സ്ഥലത്ത് പണിത് ദേവപ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍ ഒരു നാടിന്റെ ജീവനാഡിയാണ്.
“വിഗ്രഹ’മെന്നാല്‍ വിശേഷാല്‍ ഗ്രഹിക്കുന്നതെന്നാണര്‍ത്ഥം. താന്ത്രികവിധി ഏറ്റവും കൃത്യമായി പാലിക്കപ്പെട്ട് പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തില്‍ ദേവചൈതന്യം കുടിയേറും. തന്ത്രി പ്രതിഷ്ഠാമന്ത്രം ചൊല്ലി വിഗ്രഹം പീഠസുഷിരത്തില്‍ ഇറക്കിവെയ്ക്കുമ്പോള്‍, പുറത്ത് ശംഖ്, മരപ്പാണി എന്നിവയുടെ ശബ്ദം പുറപ്പെടുവിക്കാറുണ്ട്. “തോ’, “തൈ’ എന്നീ രണ്ട് കൊട്ട് മന്ത്രത്തിന്റെ യതിസ്ഥാനത്ത് കേള്‍ക്കാം. കൃത്യമാത്രയിലെ ഈ ശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന വൈഖരിതരംഗത്തിലൂടെ ആചാരമന്ത്രത്തിന്റെ പ്രാണസ്പന്ദനങ്ങള്‍ വിഗ്രഹം ഏറ്റുവാങ്ങുന്നു. ഈ വൈഖരിതരംഗത്തെ ശാസ്ത്രീയമായി അപഗ്രഥിക്കാം. ഈ തരംഗം ഒരു വസ്തുവില്‍ തട്ടുമ്പോള്‍ പുറത്തെ ഇലക്ട്രോണുകള്‍ തൊട്ടടുത്ത പഥത്തിലേക്ക് പോകുന്നു. എല്ലാ പരമാണുക്കളുടെയും ഈ അധികോര്‍ജമാണ് അനുഗ്രഹവര്‍ഷമായി വിഗ്രഹത്തില്‍നിന്ന് പുറത്തേക്ക് പ്രവഹിക്കുന്നത്. ഈ ഊര്‍ജം സ്വീകരിക്കുകയാണ് ക്ഷേത്രദര്‍ശനത്തിന്റെ മുഖ്യഘടകം. ഒരു ക്ഷേത്രത്തിന് പരമാണുവിന്റെ (ആറ്റം) ഘടനയാണുള്ളത്. ന്യൂക്ളിയസ് എന്ന കേന്ദ്രബിന്ദുവും അതിനു പുറമെ ഇലക്ട്രോണുകളുടെ ഏഴ് കേന്ദ്രവൃത്തങ്ങളും കെ, എല്‍, എം, എന്‍, ഒ, പി, ക്യൂ തുടങ്ങിയ ഏഴ് ഷെല്ലുകളുണ്ട്. ഇതനുസരിച്ച് ശ്രീകോവിലിനെ “കെ’ ഷെല്ലായും അന്തര്‍മണ്ഡലത്തെ “എല്‍’ ഷെല്ലായും വിളക്കുമാടത്തെ “എന്‍’ ഷെല്ലായും പുറത്തെ ബലിവട്ടത്തെ “ഒ’ ഷെല്ലായും പ്രദക്ഷിണ വഴിയെ “പി’ ഷെല്ലായും പുറമതിലിനെ “ക്യൂ’ ഷെല്ലായും കണക്കാക്കുന്നു. ഇത്തരം ഊര്‍ജസവിശേഷതകള്‍ പുരാതനകാലം തൊട്ടേ ആചാര്യന്മാര്‍ തിരിച്ചറിഞ്ഞിരുന്നുവെന്നത് അത്യത്ഭുതമാണ്. ഈ ശ്രമത്തില്‍ പ്രദക്ഷിണവഴിയും ചുറ്റുമതിലും അപ്രധാനമെന്ന് കണക്കിലെടുത്താല്‍ ബാക്കിയുള്ളവയെ പഞ്ചപ്രാകാരങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഈ പഞ്ചപ്രാകാരങ്ങളിലൂടെ ചൈതന്യം സംഭരിക്കപ്പെടുന്നു.
ഒരു മനുഷ്യന്‍ രണ്ട് കൈകളും കൂപ്പി മുകളിലേക്കുയര്‍ത്തി നില്‍ക്കുന്നതുപോലുള്ള ഘടനയാണ് ക്ഷേത്രത്തിന്റേത്. ശ്രീകോവിലില്‍ തലവെച്ചും, ചുറ്റമ്പലത്തില്‍ കരങ്ങള്‍ വെച്ചും ഗോപുരത്തിലേക്ക് പാദങ്ങള്‍ വെച്ചും കിടക്കുന്ന ഭഗവാന്റെ രൂപമായും കണക്കാക്കപ്പെടുന്നു. അതിനാല്‍ ഗോപുരം തൊട്ടുവണങ്ങിയാല്‍ ഭഗവാന്റെ പാദം തൊട്ടു വന്ദിക്കുന്നതായാണ് സങ്കല്പം.
പ്രതിഷ്ഠാസമയത്ത് സ്വയംഭൂക്ഷേത്രമല്ലെങ്കില്‍ ഷഡാധാര ക്രിയയിലൂടെയാണ് ക്ഷേത്രനിര്‍മാണവും വിഗ്രഹപ്രതിഷ്ഠയും നിര്‍വഹിക്കുന്നത്.

യോഗാനാളം നപുംസക ശിലകൊണ്ടുണ്ടാക്കിയ പീഠത്തെ തുളച്ച് വിഗ്രഹത്തെ ബന്ധിക്കുന്ന ഷഡാധാര പ്രക്രിയ ക്ഷേത്രനിര്‍മാണഘട്ടത്തിലുണ്ട്. ഒരു മനുഷ്യന്റെ നട്ടെല്ലിനകത്തുകൂടി സുഷുമ്നാ നാഡിയും അതിനു സമാന്തരമായി പോകുന്ന ഇട, പിംഗള നാഡികളും കൂടിച്ചേരുന്ന ആറ് ഗാംഗ്ളിയകളായി ഷഡാധാര പ്രക്രിയയെ ഗണിക്കാം. മൂലാധാരം, സ്വധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആഞ്ജ എന്നിങ്ങനെ കണക്കാക്കപ്പെടുന്ന ഈ ആറ് ഗാംഗ്ളിയകളിലൂടെയാണ് മന്ത്രധ്വനികള്‍ ദേവന്റെ കുണ്ഡലിനിശക്തിയെ സഹസ്രാധാരദളപത്മത്തിലേക്ക് ഉയര്‍ത്തുന്നത്. അനേകം കാരണങ്ങളാല്‍ ദിനം പ്രതി കുറയുന്ന ദേവചൈതന്യത്തെ വര്‍ധിപ്പിക്കുകയാണ് പൂജാരിയുടെ ധര്‍മം.

തന്ത്രിയും ക്ഷേത്രശാന്തിക്കാരനുമാണ് ചൈതന്യത്തെ സന്നിവേശിപ്പിക്കുന്നവര്‍. അമ്പലത്തില്‍ പൂജ ചെയ്യുന്നവര്‍ പ്രസാദം നല്‍കുമ്പോഴും മറ്റും അന്യസ്പര്‍ശം ഇല്ലാതിരിക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ടില്ലെ? ചൈതന്യ ലോപത്തെ കരുതിയാണിത്. സാന്ദ്രത കുറഞ്ഞ വസ്തു സാന്ദ്രതയുള്ള വസ്തുവില്‍ സ്പര്‍ശിക്കുമ്പോള്‍ കൂടിയ സാന്ദ്രത കുറഞ്ഞ ഭാഗത്തേക്ക് ഒഴുകും. അതുതന്നെയാണ് ക്ഷേത്രപൂജാരി അന്യരെ സ്പര്‍ശിക്കുമ്പോഴും സംഭവിക്കുക.

ക്ഷേത്രദര്‍ശനത്തിന് എത്തുന്നവരില്‍ കുറെ പേര്‍ക്കെങ്കിലും ദര്‍ശനം എങ്ങനെ നിറവേറ്റണമെന്നതിനെക്കുറിച്ച് കാര്യമായ അറിവുണ്ടാകാറില്ല. കുളിച്ച് ശുദ്ധഹൃദയത്തോടെ വേണം മന്ത്രചൈതന്യം നിറഞ്ഞ ക്ഷേത്രമതില്‍ക്കകത്ത് പ്രവേശിക്കാന്‍. കുളിയും വൃത്തിയുള്ള വസ്ത്രവും ക്ഷേത്രദര്‍ശനത്തിന്റെ പ്രഥമകാര്യമാണ്. പാദരക്ഷകള്‍ അഴിച്ച് പുറത്തുവെച്ച് കൂപ്പുകൈ നെഞ്ചോട് ചേര്‍ത്ത് അകത്തെത്തുന്ന ഭക്തന്‍ പ്രദക്ഷിണം നടത്തണം.പ്രദക്ഷിണത്തെക്കുറിച്ച് തന്ത്രശാസ്ത്രം പറയുന്നത് ഇപ്രകാരമാണ്.

“പ്ര’ ഛിന്നതി ഭയം സര്‍വ്വേ
“ദ’ കാരോ മോക്ഷസിദ്ധിദേഃ
“ക്ഷി’ കാരോ ത്ക്ഷീയതേ രോഗോ
“ണ’ കാരം ശ്രീ പ്രദായകം

അതായത് “പ്ര’ എന്ന അക്ഷരം സര്‍വ്വ ഭയനാശത്തേയും “ദ’ കാരം മോക്ഷത്തെയും “ക്ഷി’ കാരം രോഗം, അപരാധം എന്നിവയുടെ ശമനത്തേയും “ണ’ കാരം ഐശ്വര്യത്തേയും കുറിക്കുന്നു.
ദേവനെ കേന്ദ്രബിന്ദുവായി സങ്കല്പിച്ച് നടത്തുന്ന പ്രദക്ഷിണം ബലിക്കല്ലുകള്‍ക്ക് പുറത്തുകൂടിവേണം. ചുറ്റുമതിലിന് പുറത്തുകൂടിയുള്ള പ്രദക്ഷിണത്തിന് അന്തര്‍മണ്ഡലത്തിലെയും ഫലസിദ്ധിയുണ്ടെന്നാണ് വിശ്വാസം. ദേവനില്‍നിന്ന് എത്രയും അകന്ന് വലംവെച്ചാല്‍ അത്രയും നല്ലതാണെന്നര്‍ത്ഥം.

ഓട്ടപ്രദക്ഷിണം എന്ന് നമ്മള്‍ ഹാസ്യരൂപേണ പറയാറുണ്ട്. ക്ഷേത്രത്തില്‍ ഇതു പാടില്ല. പൂര്‍ണ്ണഗര്‍ഭിണിയായ സ്ത്രീ തലയില്‍ എണ്ണക്കുടവുമായി അടിവെച്ചടിവെച്ച് നടക്കുംപോലെ വേണം പ്രദക്ഷിണം എന്ന് യോഗശാസ്ത്രങ്ങള്‍ പറയുന്നു. ഭഗവാനെ മനസ്സില്‍ ധ്യാനിച്ചും നാമം ചൊല്ലിയും വേണം പ്രദക്ഷിണം നടത്താന്‍. ധൃതി കൂടാതെ പൂര്‍ണ്ണമനസ്സോടെ നടത്തുന്ന പ്രദക്ഷിണത്തിന് ഫലം കൂടുമത്രെ. ഓരോ ദേവനുമുണ്ട് പ്രദക്ഷിണ കണക്കുകള്‍. ഗണപതിക്ക് ഒന്ന്, സൂര്യന് രണ്ട്, ശിവന് മൂന്ന്, ദേവി, വിഷ്ണു, ശാസ്താവ് ~ നാല്, സുബ്രഹ് മണ്യന് അഞ്ച്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് ചിട്ട.

ഒരു പ്രദക്ഷിണംകൊണ്ട് ബ്ര ഹ് മഹത്യപാപം തീരും. രണ്ടാം പ്രദക്ഷിണത്തില്‍ ദേവാരാധനക്കര്‍ഹരാകും. മൂന്നാമത്തതോടെ മുക്തിയും പ്രാപ്യമാകുമെന്നാണ് ബ്രഹ് മനാരദീയം പറയുന്നത്. പ്രദക്ഷിണവും നമസ്ക്കാരവും ചെയ്ത് തീര്‍ത്ഥവും പ്രസാദവും മൂന്നുതവണ നാരായണമന്ത്രത്തോടെ സേവിക്കണം. ഈ തീര്‍ത്ഥവും ചന്ദനവും ശരീരത്തിന് ഉന്മേഷവും ഉത്തേജനവും നല്‍കും.