മനസിനു സന്തോഷം നൽകുന്ന ഒരു കഥ പറയാം

ഒരു ചെറിയ ഗ്രാമം. അവിടെ ഒരു പാവപ്പെട്ട കര്‍ഷകന്‍ ഉണ്ടായിരുന്നു. തന്റെ പാടത്തു കൃഷി ചെയ്തു ഉപജീവനം ചെയ്തു വന്നു. അയാള്‍ എപ്പോഴോ എവിടെയോ ആരോ പറഞ്ഞു ‘കൃഷ്ണ’ എന്നു കേട്ടിരുന്നു. അത് അയാള്‍ ഇടയ്ക്ക് ജപിക്കാറുണ്ടായിരുന്നു.

അയാള്‍ക്ക്‌ പ്രത്യേകിച്ച് ഒരു ഇഷ്ടമോ ഭക്തിയോ ഒന്നും ഇല്ലെങ്കില്‍ തന്നെ അയാള്‍ ആ നാമം ഇടയ്ക്ക് ജപിക്കും. കൃഷ്ണ നാമം ആരും അയാള്‍ക്കു ഉപദേശിച്ചിട്ടും ഇല്ല.
അങ്ങനെ ഇരിക്കുമ്പോള്‍ നാട്ടില്‍ ക്ഷാമം വന്നു. നാട് മുഴുവനും അതു കൊണ്ടു ബാധിക്കപ്പെട്ടപ്പോള്‍ അയാള്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കൃഷിയും ശരിയാകുന്നില്ല. പട്ടിണിയും പരിവട്ടമും വേട്ടയാടി. സഹികെട്ട് ഒടുവില്‍ അയാള്‍ അയലത്തെ ഗ്രാമത്തിലുള്ള ജ്യോത്സ്യനെ ചെന്നു കാണാന്‍ തീരുമാനിച്ചു. അദ്ദേഹം എന്തെങ്കിലും പരിഹാരം പറഞ്ഞു തരും എന്നു വിചാരിച്ചു. പലരും അയാളോട് ഇതു പോലെ പ്രശ്നം വെച്ചു പരിഹാരം ചെയ്തു അവരുടെ പ്രശ്നം ശരിയായി എന്നു പറയുമായിരുന്നു. അതൊക്കെ കേട്ടിട്ട് തനിക്കും എന്തെങ്കിലും പരിഹാരം ചെയ്തു രക്ഷപ്പെടാന്‍ സാധിക്കുമോ എന്നറിയാന്‍ അയാള്‍ തീരുമാനിച്ചു. ജ്യോത്സ്യന്മാര്‍ പറയുന്ന പരിഹാരങ്ങള്‍ ഒക്കെ താല്‍ക്കാലികം മാത്രം. അതു ശാശ്വതമായ ഫലം ഒരിക്കലും നല്‍കുന്നില്ല. ഭക്തി മാത്രമാണ് എന്തിനും ശാശ്വത പരിഹാരം നല്‍കുന്നത്.

കര്‍ഷകന്‍ എന്തായാലും ജ്യോത്സരെ കാണാന്‍ പോയി. അദ്ദേഹത്തിന്റെ അടുത്തു തന്റെ ജാതകം കാണിച്ചിട്ട് ഗ്രഹ നില നോക്കി പറയാന്‍ പറഞ്ഞു. ജ്യോത്സ്യര്‍ ജാതകം ഒന്ന് നോക്കി, എന്നിട്ട് അയാളോട് ഒരു ആഴ്ച കഴിഞ്ഞു വരാന്‍ പറഞ്ഞു. തനിക്കു ഇപ്പോള്‍ കുറച്ചു തിരക്കുണ്ടെന്നും, ജാതകം വിശദമായി നോക്കിയാലെ എന്തെങ്കിലും പറയാന്‍ സാധിക്കു എന്നും അതു കൊണ്ടു അയാളോട് അടുത്ത ആഴ്ച വരുവാനും പറഞ്ഞു. കര്‍ഷകന്‍ ശരി എന്നു പറഞ്ഞു മടങ്ങി.
അടുത്ത ആഴ്ച അയാള്‍ കൃത്യമായി ജ്യോത്സന്റെ അടുക്കല്‍ എത്തി. ജ്യോത്സ്യന്‍ അപ്പോള്‍ കുറച്ചു ജാതകങ്ങള്‍ ഒക്കെ നോക്കി കൊണ്ടിരിക്കുകയായിരുന്നു. കര്‍ഷകനെ കണ്ട ജ്യോത്സ്യര്‍ വളരെ അത്ഭുതപ്പെട്ടു. അയാളെ തന്നെ സൂക്ഷിച്ചു നോക്കി.

കർഷകൻ ജ്യോത്സ്യനോട്‌ ചോദിച്ചു. “അങ്ങേക്ക്‌ എന്നെ ഓർമ്മയുണ്ടോ? കഴിഞ്ഞയാഴ്ച ഞാൻ ഇവിടെ വന്നിരുന്നു, അപ്പോൾ ഒരാഴ്ചകഴിഞ്ഞ്‌ വരാൻ പറഞ്ഞിരുന്നു.”

ജ്യോത്സ്യര്‍ അതിനു ‘എനിക്കു നല്ല ഓര്‍മ്മയുണ്ട്. പക്ഷെ നിങ്ങള്‍ ഇപ്പോള്‍ എങ്ങനെ ഇവിടെ എത്തി എന്നു പറയു’ എന്നു ആശ്ചര്യത്തോടെ ചോദിച്ചു.

കര്‍ഷകന്‍ അതിനു ‘എന്താ? എന്ത് കൊണ്ടാ അങ്ങ് അങ്ങനെ ചോദിക്കുന്നത്?’ എന്നു ചോദിച്ചു.
ജ്യോത്സ്യര്‍ അതിനു ‘നോക്കു നിങ്ങള്‍ കഴിഞ്ഞ പ്രാവശ്യം ഇവിടെനിന്നും പോയത് മുതലുള്ളത് ഒന്നും വിടാതെ എന്നോടു പറയു’ എന്നു പറഞ്ഞു.

കര്‍ഷകനോടു ജ്യോത്സര്‍ നടന്ന സംഭവങ്ങളെല്ലാം വിസ്തരിച്ചു പറയണം എന്നു ആവശ്യപ്പെട്ടതനുസരിച്ച്, അയാള്‍ ഓരോന്നും ഓര്‍ത്തോര്‍ത്തു പറഞ്ഞു തുടങ്ങി.
“അന്നു ഇവിടെ നിന്നും ഇറങ്ങി ഞാന്‍ വീട്ടിലേക്കു നടന്നു. ഒരു കാട്ടു വഴിയില്‍ കൂടിയാണ് ഞാന്‍ പോയത്. പെട്ടെന്നു മഴ വരുന്നത് പോലെ ഇരുണ്ടു കൂടി വന്നു. ഞാന്‍ എവിടെയെങ്കിലും ഒതുങ്ങം എന്നു നോക്കി. മരത്തിന്റെ ചുവട്ടില്‍ ഒതുങ്ങിയാല്‍ വല്ല ദുഷ്ട മൃഗങ്ങളും വന്നാലോ എന്നു ചിന്തിച്ചു നോക്കിയപ്പോള്‍ ദൂരെ ഒരു പാഴ്മണ്ഡപം കണ്ണില്‍ പെട്ടു. ശരി അവിടെ ചെന്നു ഒതുങ്ങി നില്‍ക്കാം എന്നു കരുതി അങ്ങോട്ട്‌ പോയി. അവിടെ മനുഷ്യരെ ആരും കണ്ടില്ല. അതിനകത്തു പ്രവേശിച്ചു. അപ്പോഴാണ്‌ അതു ഒരു പൊളിഞ്ഞ ക്ഷേത്രമാണ് എന്നു മനസ്സിലായത്‌. അകത്തു ഒരു ഭിന്നപ്പെട്ട കൃഷ്ണ വിഗ്രഹം കണ്ടു. പൂജയും അലങ്കാരവും ഒന്നും ഇല്ലാതെ അവഗണിക്കപ്പെട്ടു കിടക്കുന്നത് കണ്ടു വളരെ പ്രയാസം തോന്നി. തന്റെ കയ്യില്‍ ധനം ഉണ്ടായിരുന്നെങ്കില്‍ ഈ ക്ഷേത്രം ഒന്നും വൃത്തിയാക്കി, പൂജാ കാര്യങ്ങള്‍ ഒക്കെ ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്നു വിചാരിച്ചു. പുറത്തു മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. ഞാന്‍ പതുക്കെ ആ ക്ഷേത്രം മുഴുവനും ചുറ്റി നോക്കി. ഓരോ തൂണും നോക്കി അതില്‍ കേടുപാടു തീര്‍ക്കാന്‍ എന്തെല്ലാം ചെയ്യണം എന്നു നോക്കി. ഉത്തരത്തിലും ഒരു പാടു മരാമത്തു ജോലികള്‍ കണ്ടു. അതൊക്കെ മാനസീകമായി ഞാന്‍ നന്നാക്കി നോക്കി.

മുഴുവനും വലയും പൊടിയും പിടിച്ചിരുന്നു. മാനസീകമായി അതെല്ലാം തട്ടി വൃത്തിയാക്കി. നല്ല പണിക്കാരെ വിളിച്ചാല്‍ അതൊക്കെ ശരിയാക്കാമല്ലോ എന്നു വിചാരിച്ചു. അവരു വന്നാല്‍ മരാമത്തു ജോലികള്‍ എല്ലാം വേണ്ട പോലെ ചെയ്തു തീര്‍ക്കും എന്നു വിചാരിച്ചു. അവിടെ ഇരുന്ന ശിഥിലമായ വിഗ്രഹത്തിനു പകരം ഒരു നല്ല വിഗ്രഹം അവിടെ പ്രതിഷ്ഠിക്കാം എന്ന് വിചാരിച്ചു. ആ ക്ഷേത്രം ശരിയാക്കിയാല്‍ പിന്നെ ആള്‍ക്കാരെ വിളിച്ചു കുംഭാഭിഷേകം നടത്താം എന്നു വിചാരിച്ചു. തൊഴാന്‍ വന്നവര്‍ക്കെല്ലാം പ്രസാദ ഊട്ടു കൊടുത്താല്‍ എത്ര നന്നായിരിക്കും എന്നു വിചാരിച്ചു. ഇങ്ങനെ വിചാരങ്ങള്‍ ഓടുന്ന സമയത്ത് എന്റെ മനസ്സില്‍ ഞാന്‍ ഇതെല്ലാം കാണുകയായിരുന്നു.

ഹൃദയത്തില്‍ ഒരുപാടു സന്തോഷം തോന്നി. എല്ലാര്‍ക്കും ഊണും കൊടുത്തു കഴിഞ്ഞപ്പോള്‍ വല്ലാത്ത തൃപ്തിയും തോന്നി. പെട്ടെന്നു എന്റെ തലയുടെ മുകളില്‍ നിന്നും ‘ശ് ശ് ശ്’ എന്നൊരു ശബ്ദം കേട്ടു. ഞാന്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഒരു സര്‍പ്പം എന്റെ തലയ്ക്കു മുകളില്‍ പടമെടുത്തു നില്‍ക്കുന്നത് കണ്ടു. ഭയത്തില്‍ ഞാന്‍ ഉറക്കെ നിലവിളിച്ചു കൊണ്ടു പുറത്തേയ്ക്കു ഓടി. ഞാന്‍ പുറത്തു വന്നതും ആ മണ്ഡപം ഇടിഞ്ഞു വീണു. ഞാന്‍ ആകെ വിയര്‍ത്തു പോയി. ഹോ! ഭഗവാന്‍ എന്നെ കാത്തു എന്നു വിചാരിച്ചു തിരികെ വീട്ടിലേക്കു നടന്നു. ആ സമയം മഴയും വിട്ടിരുന്നു.’

ഇത്രയും കേട്ടപ്പോള്‍ തന്നെ ആ ജ്യോത്സ്യര്‍ പൊട്ടിക്കരഞ്ഞു. ആ കര്‍ഷകനെ പിന്നീട് ഒന്നും പറയാന്‍ സമ്മതിച്ചില്ല. അയാള്‍ക്ക് കേള്‍ക്കാനുള്ളത് മുഴുവനും അയാള്‍ കേട്ടു കഴിഞ്ഞു. കര്‍ഷകന്റെ കാലില്‍ വീണു നമസ്കരിച്ചു. കര്‍ഷകനു ജ്യോത്സരില്‍ ഉണ്ടായ മാറ്റം കണ്ടിട്ടു ഒന്നും മനസ്സിലായില്ല. ജ്യോത്സരോടു അയാള്‍ ‘എന്താ എന്തു പറ്റി? എന്തിനാ എന്റെ കാലില്‍ അങ്ങു വീഴുന്നത്?’ എന്നു ചോദിച്ചു. ജ്യോത്സ്യര്‍ അതിനു ‘താന്‍ അന്നു ഇവിടുന്നു തിരിച്ച ദിവസം ശരിക്കും പറഞ്ഞാല്‍ തന്റെ മരണ സമയമായിരുന്നു. തന്റെ ജാതകത്തില്‍ നിന്നും ഞാന്‍ ഇത് മനസ്സിലാക്കി. അതിനു ഒരു പരിഹാരവും അതില്‍ തന്നെ ഞാന്‍ കണ്ടു. താന്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ച്‌ കുംഭാഭിഷേകം നടത്തിയാല്‍
അതിനു പരിഹാരമാകുമായിരുന്നു. പക്ഷെ താന്‍ ഇവിടെ വന്നതു തന്നെ ക്ഷാമം കൊണ്ടു പട്ടിണി മാറ്റുവാന്‍ എന്തെങ്കിലും ഉപായം ഉണ്ടോ എന്നു ചോദിക്കാനാണ്. തന്നെ കൊണ്ടു സാധിക്കുന്ന കാര്യമാല്ലാതതിനാല്‍ തന്നോടു ഞാന്‍ ഒന്നും പറയാതെ തന്നെ വിട്ടു. താന്‍ ജീവനോടെ ഉണ്ടെങ്കില്‍ അടുത്ത ആഴ്ച കാണാം എന്നാണു മനസ്സില്‍ വിചാരിച്ചത്. പക്ഷെ അത്ഭുതാവഹമായി താന്‍ അതേ സമയത്ത് മാനസീകമായി ക്ഷേത്രം നിര്‍മ്മിച്ചു, കുംഭാഭിഷേകവും നടത്തിയിരിക്കുന്നു. തനിക്കു ഒരു ക്ഷേത്രം നിര്‍മ്മിക്കാനുള്ള ധനമോ, സമയമോ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ മാനസീകമായി കുറച്ചു സമയം കൊണ്ടു താന്‍ നിര്‍മ്മിച്ച ക്ഷേത്രത്തില്‍ ഭഗവാന്‍ തൃപ്തനായി പാമ്പിന്റെ രൂപത്തില്‍ തന്നെ ഒരു വലിയ ആപത്തില്‍ നിന്നും ഒഴിവാക്കി തന്റെ ജീവനെ രക്ഷപ്പെടുത്തിയിരിക്കുന്നു’.

കര്‍ഷകന്‍ എല്ലാം കേട്ടു സ്തബ്ധനായി നിന്നു പോയി. അയാള്‍ക്കു അതിന്റെ നടുക്കത്തില്‍ നിന്നും മുക്തനാകാന്‍ കുറെ നേരം സാധിച്ചില്ല. എത്ര വലിയ ഒരു കാര്യമാണ് നടന്നിരിക്കുന്നത്. ഇതൊക്കെ ആ ഭഗവാന്റെ ഒരു അനുഗ്രഹം ഒന്നുകൊണ്ടു മാത്രമല്ലേ! ആ സമയത്തു മഴ വന്നതും, തന്നെ ആ പാഴ്മണ്ഡപത്തില്‍ കൊണ്ടെത്തിച്ചതും എല്ലാം ഭഗവാന്റെ കൃപയല്ലേ! വലിയ ഉറച്ച വിശ്വാസം ഒന്നും ഇല്ലാതെ വെറുതെ കൃഷ്ണ കൃഷ്ണാ എന്നു ഉരുവിട്ടു കൊണ്ടിരുന്നതിനു ഭഗവാന്‍ ഈ കൃപ ചെയ്തിരിക്കുന്നു. അപ്പോള്‍ താന്‍ ഭഗവാനില്‍ ദൃഡ ഭക്തിയോടെ ഭക്തി ചെയ്‌താല്‍ ഭഗവാന്‍ എന്താണ് തരാത്തത്? എല്ലാം തരില്ലേ?

ഭഗവാനെ തൃപ്തിപ്പെടുത്താന്‍ ധനം ആവശ്യമില്ല. മനസ്സ് മാത്രം മതി. കര്‍ഷകന്‍ ഈ സത്യം മനസ്സിലാക്കി. ജാതകവശാല്‍ ആപത്ഘട്ടം കടന്ന അയാള്‍ക്കു ശേഷം ജീവിതം ഐശ്വര്യ പൂര്‍ണ്ണമായിരുന്നു. അതേ പോലെ അയാളുടെ ദുഃകങ്ങളെല്ലാം അവസാനിച്ചു അയാള്‍ക്കു നല്ലൊരു ജീവിതം കൈവന്നു. കര്‍ഷകനും ഈ സംഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു ഹൃദയ പൂര്‍വമായി ഭഗവാനെ ആരാധിച്ചു. അയാള്‍ മാനസീകമായി ആഗ്രഹിച്ച പോലെ ഒരു ക്ഷേത്രം നിര്‍മ്മിച്ചു കുംഭാഭിഷേകവും നടത്തി ഭഗവാന്റെ പ്രീതിക്ക് പാത്രമായി.

ഹൃദയം ഭഗവാന് അര്‍പ്പിക്കു. എന്തു കാരണം കൊണ്ടും ചിന്ത നേരായ വഴിയില്‍ തന്നെ ആകണം. ദൃഡ വിശ്വാസം വേണം. നമ്മുടെ ചിന്ത ശരിയായിരുന്നാല്‍ ജീവിതം ശരിയാകും. നാം തെറ്റായി ചിന്തിക്കുന്തോറും നമ്മുടെ ജീവിതത്തെ അതു ബാധിക്കും. നമുക്കു ഒന്നും ശരിയാവില്ല, കഷ്ടം വരും എന്നു ചിന്തിച്ചാല്‍ അങ്ങനെയേ ഭവിക്കു. അതിനു പകരം ഏതു സാഹചര്യത്തിലും എല്ലാം ഭഗവാന്‍ ശരിയാക്കും എന്നു ദൃഡ വിശ്വാസത്തോടെ ചിന്തിച്ചാല്‍ തീര്‍ച്ചയായും അത്ഭുതങ്ങള്‍ സംഭവിക്കും. ഹൃദയം സുന്ദരമായത്. അതില്‍ ഭഗവാനെ പ്രതിഷ്ഠിച്ചു ആരാധിക്കു. അതു ആദ്യം വെറും സങ്കല്പമായി ഇരുന്നാല്‍ പോലും ക്രമേണ അതു സത്യമാകും. ഭഗവാന്‍ വന്നു കുടിയേറും. ജീവിതത്തില്‍ ഒന്നും തന്നെ ശരിയായി സംഭവിക്കുന്നില്ലെങ്കിലും എല്ലാം ശരിയാകും എന്നു വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കു. താനേ എല്ലാം ശരിയായി നടക്കും.
എത്രയോ മഹാന്മാര്‍ ദരിദ്ര സ്ഥിതിയില്‍ ഇരുന്നു കൊണ്ടു, ഭഗവാനു സ്വര്‍ണ്ണ കിരീടം, വജ്ര മാല, ആര്‍ഭാടമായി ഉത്സവം എന്നു ഹൃദയത്തില്‍ ആഗ്രഹിച്ചിട്ടു ആരെയെങ്കിലും കൊണ്ടു ഭഗവാന്‍ അവര്‍ക്കു അതു നടത്തി കാട്ടിയിട്ടുണ്ട്. അവര്‍ക്കു അതു നടത്തി കൊടുക്കാനുള്ള കഴിവ് ഇല്ലായിരിക്കും പക്ഷെ ഭഗവാന്‍ വേറെ ആരെയെങ്കിലും കൊണ്ടു അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കും. അതു കൊണ്ടു നമ്മുടെ ചിന്ത നല്ലതാകണം. എന്നാല്‍ എല്ലാം നല്ലതായി ഭവിക്കും. ഇതു സത്യം.

ഒഴിവുകിട്ടുമ്പോഴൊക്കെ നമ്മുടെ മക്കളെ അടുത്തിരുത്തി മാതാപിതാക്കൾ ഈ കഥകളൊക്കെ പറഞ്ഞുകൊടുക്കുക. നല്ല ചിന്തകൾ അവരുടെ കുഞ്ഞുമനസ്സുകളിൽ വളരും.

കേവലം ശാസ്ത്രപാണ്ഡിത്യംകൊണ്ടു കാര്യമില്ല.

ഒരിക്കല്‍ ഒരു പണ്ഡിതന്‍ പുഴ കടക്കുവാന്‍ തോണിക്കടവില്‍ വന്നു..വഞ്ചിക്കാരന്‍ അദ്ദേഹത്തെ ആദരവോടുകൂടി വഞ്ചിയില്‍ കയറ്റി….അക്കരയ്ക്ക് പുറപ്പെട്ടു..ആ പണ്ഡിതന്‍ തന്റെ പാണ്ഡിത്യത്തില്‍ വളരെ അഭിമാനം കൊള്ളൂന്നവനായിരുന്നു.. നദീമദ്ധ്യത്തില്‍ വെച്ച് അദ്ദേഹം തോണിക്കാരനോട് ചോദിച്ചു ‘അല്ലയോ തോണിക്കാരാ ,നീ സംസ്കൃതം പഠിച്ചിട്ടുണ്ടോ ?’..’ഇല്ല തമ്പുരാനേ ,അടിയന് സംസ്കൃതം പഠിക്കുവാന്‍ സാധിച്ചിട്ടില്ല’ എന്നായിരുന്നു മറുപടി…പണ്ഡിതന്‍ വളരെ അനുതാപത്തോടുകൂടി പറഞ്ഞു..’കഷ്ടം ! നിന്റെ ജീവിതത്തിന്റെ കാല്‍ ഭാഗം വെറുതെ പോയി’…കുറച്ചുകഴിഞ്ഞു അദ്ദേഹം വീണ്ടും ചോദിച്ചു : ‘ആകട്ടെ നീ വേദാന്തം പഠിച്ചിട്ടുണ്ടോ ?’ …ഇല്ല തമ്പുരാനേ ,അടിയന് വേദാന്തം ഒന്നുമറിഞ്ഞുകൂടാ’…എന്നായിരുന്നു മറുപടി…’നിന്റെ ജീവിതം പകുതിയും വെറുതെ പോയല്ലോ ‘..എന്ന് പണ്ഡിതന്‍ അനുതപിച്ചു…കുറച്ചു കഴിഞ്ഞ് അദ്ദേഹം വീണ്ടും ചോദിച്ചു :’നീ ആറു ദര്‍ശനങ്ങളില്‍ ഏതെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ ?’..അതിനും വഞ്ചിക്കാരന്‍ നിഷേദരൂപത്തില്‍ മറുപടി പറഞ്ഞു ..’ഇല്ല തമ്പുരാനേ അറിഞ്ഞുകൂടാ’ പണ്ഡിതന്‍ വളരെ ദുഖത്തോട്‌ കൂടി പറഞ്ഞു : ‘കഷ്ടം കഷ്ടം ! നിന്റെ ജീവിതത്തിന്റെ മുക്കാല്‍ഭാഗവും വെറുതെപോയല്ലോ ‘ …

കുറച്ചുകഴിഞ്ഞപ്പോള്‍ വലിയൊരു കോളും കാറ്റും കൂടിവന്നു…വഞ്ചി ആടിയുലയുവാന്‍ തുടങ്ങി …മാത്രമല്ല അത് മുങ്ങുമെന്ന മട്ടായി …വഞ്ചിക്കാരന്‍ ചോദിച്ചു : “തമ്പുരാനേ ,അങ്ങേയ്ക്ക് നീന്താന്‍ അറിയുമോ ?” ..പണ്ഡിതന്‍ പരിഭ്രമിച്ചുകൊണ്ട് പറഞ്ഞു …’ഇല്ലെടോ ,നമുക്ക് നീന്താന്‍ അറിഞ്ഞുകൂടാ ‘ വഞ്ചിക്കാരന്‍ അനുതാപപൂര്‍വ്വം പറഞ്ഞു : “അടിയന്റെ ജീവിതം മുക്കാലേ പോയുള്ളൂ…തമ്പുരാന്റെ ജീവിതം മുഴുവനും ഇപ്പോള്‍ പോകുമല്ലോ…വഞ്ചി മുങ്ങുവാന്‍ പോവുകയാണ്…അടിയന് ,മറ്റൊന്നുമറിഞ്ഞുകൂടായെങ്കിലും നീന്തുവാന്‍ അറിയാം ‘…

ധാരാളം ശാസ്ത്രങ്ങള്‍ വായിച്ചുപഠിച്ചുകൊണ്ട് ഒരു കാര്യവുമില്ല…പ്രായോഗികജ്ഞാനമാണ് വേണ്ടത് …പഠിക്കുന്ന വിഷയങ്ങള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം…അതുകൊണ്ടാണ് വിവേകാനന്ദസ്വാമി പറയുന്നത് …”നിങ്ങളുടെ മസ്തിഷ്കത്തിലേക്ക് ചെലുത്തി അവിടെ മരണംവരെ ദഹിക്കാതെ അനിയതമായി വ്യാപരിക്കുന്ന വിവരങ്ങളുടെ ആകെത്തുകയല്ല വിദ്യാഭ്യാസം…ജീവിതത്തെ പടുത്തുകെട്ടുന്ന ആശയങ്ങളെ സാത്മ്യപ്പെടുത്തുകയാണ് വേണ്ടത് …നിങ്ങള്‍ അഞ്ച് ആശയങ്ങളെ സാത്മ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ,അവയെ നിങ്ങളുടെ സ്വഭാവവും ജീവിതവുമാക്കിത്തീര്ത്തിട്ടുണ്ടെങ്കില്‍ ,ഒരു ഗ്രന്ഥം മുഴുവനും ഹൃദിസ്ഥമാക്കിയിട്ടുള്ള മറ്റൊരുവനെക്കാള്‍ നിങ്ങള്‍ക്ക് വിദ്യാഭ്യാസമുണ്ട് “…ശ്രീരാമകൃഷ്ണന്‍ പറയുന്നതുപോലെ ‘ശാസ്ത്രങ്ങള്‍ പഠിച്ചതുകൊണ്ട് എന്ത് കിട്ടും ? ജീവിക്കുവാന്‍ പഠിക്കുകയാണ് വേണ്ടത് !’….പ്രായോഗികജ്ഞാനമാണ് വേണ്ടത് …സംസാരസാഗരം നീന്തിക്കടക്കുവാനുള്ള അറിവ് വേണം.

സജ്ജനങ്ങള്‍ക്കലങ്കാരം

”ന പര: പാപമാദത്തേ പരേഷാ പാപകര്‍മ്മണാം സമയോ രക്ഷിതവ്യസ്തു സന്തശ്ചാരിത്രഭൂഷണ:” ഒരു കരടി, പുലിയോടു പറഞ്ഞ ശ്‌ളോകമാണിത്. എന്താണിതിന്നര്‍ത്ഥം? അതിന്നു മുമ്പ് ആശ്‌ളോകം എവിടുന്ന് കിട്ടി എന്നു പറയാം. ആദികാവ്യമായ രാമായണത്തില്‍ നിന്നുതന്നെ. സീത പറയുന്നശ്‌ളോകം കേട്ടു നില്‍ക്കുന്നിതാ ഹനൂമാന്‍. ആസന്ദര്‍ഭം കൂടിപറയാം. താന്‍ വിജയശ്രീലാളിതനായി ലങ്കയില്‍ എത്തി ക്കഴിഞ്ഞു എന്നവിവരം സീതയെ അറിയിക്കാന്‍ ശ്രീരാമന്‍ നിയോഗിച്ചതു ഹനുമാനെയാണ്. സീതയെ അന്വേഷിച്ചു കണ്ടത്തിയതും ഹനൂമാനാണല്ലോ. സീതക്കരികില്‍, അശോകവനത്തിലെത്തി ഹനൂമാന്‍ രാമസന്ദേശമറിയിച്ചു, പക്ഷേ, സീതയുടെ മുഖത്ത് വലിയ ഭാവമാറ്റമൊന്നും കണ്ടില്ല. ഇതേവരെ സഹിച്ചു പോന്ന ദു:ഖങ്ങളോര്‍ത്തിട്ടോ, വരാനിരിക്കുന്ന സന്തോഷങ്ങളോര്‍ത്തിട്ടോ എന്തോ, സീത ഒന്നും ഉരിയാടിയുമില്ല. അപ്പോഴാണു ചുറ്റിലും നില്‍ക്കുന്ന രാക്ഷസികളെ ഹനൂമാന്‍ ശ്രദ്ധിച്ചത്. ഹോ! എന്തു ഭയങ്കരികള്‍! ഇത്രയുംനാള്‍ ദുഷ്ടമായ വാക്കുകള്‍കൊണ്ടും, പരിഹാസംകൊണ്ടും, സഭ്യേതരമായ ആംഗ്യങ്ങള്‍ കൊണ്ടുമൊക്കെ സീതാ ദേവിയെ നോവിച്ചവരല്ലേ ഇവര്‍, ഹനൂമാനില്‍ കോപം ഇരച്ചു കയറി. ”അമ്മേ ഈപാപികളെ ഞാന്‍ തല്ലിഓടിക്കട്ടേ? അവരുടെ പല്ലുകള്‍ കൊഴിയ്ക്കട്ടേ? മൂക്കും ചെവിയും കടിച്ചു പറിക്കട്ടേ? എനിക്കനുവാദം നല്‍കിയാലും.” ”അവര്‍ എന്തുപിഴച്ചൂ ഹനൂമാന്‍? യജമാനന്റെ കല്‍പ്പന അനുസരിച്ചു എന്നുമാത്രം. അതാണ് അവരുടെധര്‍മ്മം. യജമാനന്‍ മരിച്ചുപോയി. അപ്പോള്‍ അനാഥരായിക്കഴിഞ്ഞ അവരോടു ഞാന്‍പ്രതികാരം ചെയ്യാമോ? തന്നെദ്രോഹിച്ചവരോടു പോലും ക്ഷമിക്കുന്നവരാണ് സജ്ജനങ്ങള്‍. സല്‍ പ്രവൃത്തിയാണ് സജ്ജനങ്ങള്‍ക്കലങ്കാരം. എന്നു ഒരുകരടി പുലിയോടു പറഞ്ഞകഥ ഹനൂമാന്‍ കേട്ടിട്ടുണ്ടാവിെല്ലന്നു തോന്നുന്നു. ഞാന്‍ പറയാം. വനത്തില്‍ നായാട്ടിനു പോയ വേടനെ ഒരു പുലി ഓടിക്കുകയുണ്ടായി പ്രാണരക്ഷാര്‍ത്ഥം അയാള്‍ ഒരു മരത്തില്‍ അള്ളിപ്പിടിച്ചുകയറി രക്ഷപ്പെട്ടു. പക്ഷേ, തൊട്ടു മുകളിലെ കൊമ്പിലിരിക്കുന്ന ഒരു കരടി, താഴെ മരച്ചുവട്ടില്‍ കാത്തു നില്‍ക്കുന്ന പുലിയും! ഭയന്നു വിറച്ചു നില്‍ക്കുന്ന വേടനോടു കരടി പറഞ്ഞു: ”സ്‌നേഹിതാ കേറി എന്നരികില്‍ ഇരുന്നോളൂ.ഞാന്‍ ഉപദ്രവിക്കില്ല.”വേടന്‍ പതുക്കെ കരടിക്കരികില്‍ ഇരുന്നു. ഉറക്കം വന്നപ്പോള്‍ തന്റെ മടിയില്‍ തല വച്ചുറങ്ങാനും സമ്മതിച്ചു. താഴെയിരുന്ന പുലി എല്ലാം ശ്രദ്ധിക്കുന്നുണ്ട്. അവന്‍ കരടി യോടു വിളിച്ചു പറഞ്ഞു. ”നിന്റേയും എന്റേയും പൊതു ശത്രുവായ വേടനെ എനിക്കു തള്ളിയിട്ടുതരൂ. ഞാന്‍ വിശപ്പടക്കി പ്പൊയ്‌ക്കോളാം.നിന്നെ ഞാന്‍ ഉപദ്രവിക്കില്ല. നാം ഒരേ വര്‍ഗ്ഗക്കാരല്ലേ?” ”ഞാന്‍ പറഞ്ഞിട്ടാണ്,എന്നെ വിശ്വസിച്ചാണ് ഇയാള്‍ കിടക്കുന്നത്.വിശ്വസിക്കുന്നവരെ ചതിക്കുന്നതു പാപമല്ലേ?” കരടിയുടെ മറുപടികേട്ട് പുലി നിരാശനായി അല്‍പ്പം കഴിഞ്ഞപ്പോള്‍ വേടന്‍ ഉണര്‍ന്നു. കരടിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു. അതിനാല്‍ അവന്‍ വേടന്റെ മടിയില്‍ തല വച്ചുറക്കമായി. അതുശ്രദ്ധിച്ച പുലിതന്ത്ര പൂര്‍വ്വം വേടനോടു പറഞ്ഞു. ”എടോ വേടാ ആതടിമാടന്‍ കരടിയെ തള്ളിയിടൂ, ഞാന്‍ വിശപ്പടക്കി പ്പൊയ്‌ക്കോളാം.നിനക്കു നിന്റെ വീട്ടിലേക്കും പോകാം. ഭാര്യയും മക്കളും അവിടെ കാത്തിരിക്കുന്നണ്ടാവില്ലേ?” വേടന്റെ മനസ്സിളകി. കരടിയെ അവന്‍ ശക്തമായി തള്ളി. പക്ഷേ,മരക്കൊമ്പില്‍പിടിച്ചിരുന്നതിന്നാല്‍ വീണില്ല.! അപ്പോഴും പുലി വിളിച്ചു പറഞ്ഞു: ഹേ, കരടി! നിന്റെ സ്‌നേഹത്തെമറന്നു, നിന്നെ ചതിച്ചു വീഴ്ത്താന്‍ ശ്രമിച്ച ആ നീചനെ ഇനിയും നീരക്ഷിക്കണോ? തള്ളിയിടൂ താഴെ,എന്റെ വിശപ്പെങ്കിലും ശമിക്കട്ടേ.” അപ്പോള്‍ കരടി ചൊല്ലിയ മറുപടി കേട്ടോളൂ: ”ന പര: പാപമാദത്തേ പരേഷാപാപ കര്‍മ്മണാം സമയോ രക്ഷിതവ്യസ്തു സന്തശ്ചാരിത്രഭൂഷണാ:” സജ്ജനങ്ങള്‍ക്കു സല്‍പ്രവൃത്തിയാണ് അലങ്കാരം. തനിക്കുദ്രോഹം ചെയ്തവരോടുപോലും അവര്‍ പ്രതികാരം ചെയ്യില്ല എന്നാണിതിന്റെ സാരം. ”അമ്മേ, അവിടുന്നു കാരുണ്യമൂര്‍ത്തിയായ ശ്രീരാമചന്ദ്രന്നുചേര്‍ന്ന ധര്‍മ്മപത്‌നിതന്നെ.അവിടുത്തേക്കു കോടി നമസ്‌ക്കാരം.” എന്നു പറഞ്ഞു ഹനൂമാന്‍ സ്വാമിയുടെ സന്നിധിയിലേക്കു തിരിച്ചുപോയി

പ്രചോദനകഥകൾ: പലപ്പോഴും മനഃപൂര്‍വ്വമല്ലാതെ തെറ്റുകള്‍ ചെയ്തു പോകുന്നു. എന്തുചെയ്യും?

സ്കൂള്‍ തുറന്ന ദിവസം.

അദ്ധ്യാപകര്‍ കുട്ടികളെ ഓരോരുത്തരേയും പരിചയപ്പെട്ടു. അതിനിടയില്‍ ഒരു കുട്ടി ഏതോ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നത് അദ്ധ്യാപകന്റെ ശ്രദ്ധയില്‍പെട്ടു. അദ്ദേഹം ആ പുസ്തകം തരാന്‍ ആവശ്യപ്പെട്ടു. കുട്ടി ഉടന്‍ തന്നെ ഇടതുകൈകൊണ്ട് പുസ്തകമെടുത്തു നീട്ടി.

അദ്ധ്യാപകന് രസിച്ചില്ല.

“ധിക്കാരി ഇങ്ങനെയാണോടാ വീട്ടില്‍ പഠിപ്പിച്ചിരിക്കുന്നത്. ഉം… വലതുകൈകൊണ്ട് പുസ്തം തരിക.” അദ്ദേഹം രോക്ഷത്തോടെ പറഞ്ഞു. കുട്ടി അദ്ധ്യാപകനെ കണ്ണിമയ്ക്കാതെ നോക്കി. പിന്നെ പെട്ടെന്നിരുന്നു.

അദ്ധ്യാപകന്‍ കോപമടക്കാതെ അടുത്തേക്കു ചെന്നു. “അനുസരണയും ഇല്ല അല്ലേ… വലതുകൈനീട്ടു…” വടി നീട്ടിക്കൊണ്ട് അദ്ധ്യാപകന്‍ പറഞ്ഞു.

അവന്‍ ഇടതുകൈ കൊണ്ട് വലതു കുപ്പായകൈയിനുള്ളില്‍ തളര്‍ന്നു തൂങ്ങിക്കിടന്ന മെല്ലിച്ച വലതുകൈത്തണ്ട ഉയര്‍ത്തിപ്പിടിച്ചു. ങേ… അദ്ധ്യാപകന്‍ വല്ലാതായി. വടിവഴുതി താഴെപ്പോയി കുട്ടിയുടെ മിഴികളില്‍ നനവ്. പൊടുന്നനേ അവനെ കെട്ടിപ്പിടിച്ചു, വിതുമ്പിക്കൊണ്ട് പറഞ്ഞു. “കുഞ്ഞേ… ക്ഷമിക്കൂ. ഞാനറിഞ്ഞിരുന്നില്ല.”

കാര്യമറിയാതെ പലപ്പോഴും നാം പലരോടും ക്ഷുഭിതരാകാറുണ്ട്. വാക്കുകള്‍ കൊണ്ട് കുത്തിനോവിക്കാറുണ്ട്, ചിലപ്പോള്‍ ഉപദ്രവിക്കാറുമുണ്ട്. പക്ഷേ സത്യം അറിയുന്ന നിമിഷമെങ്കിലും അത് തിരുത്താന്‍ ഒരുങ്ങരുതോ? ഒരാളുടെ നൊമ്പരം പകരുന്ന ശാപവും ഏറ്റ് ജീവിതം എന്തിന് ദുഃസഹമാക്കണം!

തെറ്റ് ചെയ്തേക്കാം. അതില്‍ നൊമ്പരപ്പെടാനും അത് ആവര്‍ത്തിക്കാതിരിക്കാനും കഴിയണം. അത്തരക്കാരില്‍ സര്‍വ്വശക്തന്‍ ക്ഷമ ചൊരിയുമെന്ന് വിശുദ്ധഖുറാന്‍ അനുശാസിക്കുന്നു.

കടപ്പാട്: നാം മുന്നോട്ട്