ചില രാമ ചിന്തകൾ !

രാമായണ മാസത്തിന് മുമ്പ് ചില രാമ ചിന്തകൾ !

എന്ത് കൊണ്ട് രാമൻ ആദര്ശ പുരുഷനായി, മര്യാദാ പുരുഷോത്തമനായി? എന്ത് കൊണ്ട് ഭാരതം ഇപ്പോഴും രാമരാജ്യത്തെ കുറിച്ച് സ്വപ്നം കാണുന്നു? 👇

മകനായിരുന്നപ്പോൾ മകന്റെ കടമയും, ഭർത്താവായിരുന്നപ്പോൾ ഭർത്താവിന്റെ ഉത്തരവാദിത്തവും രാജാവായിരുന്നപ്പോൾ രാജാവിന്റെ ധർമവും യഥോചിതം നിർവഹിച്ചത് കൊണ്ടാണ് ശ്രീരാമൻ, ആദർശ പുരുഷനായി, മര്യാദാ പുരുഷോത്തമനായി, ശ്രീരാമൻ ഭരിച്ച രാജ്യം രാമരാജ്യമായും അറിയപ്പെട്ടത്.

മകന്റെ കടമ നിർവഹിച്ച ശ്രീരാമൻ 👇

സിംഹാസനാരോഹനത്തിന്റെ തലേന്ന് അച്ഛൻ കൊടുത്ത വര പ്രകാരം വാക്ക് പാലിക്കുന്നതിനായി, വനവാസത്തിന്‌ പോകുവാൻ തയാറായ ശ്രീരാമനെ തടയുന്ന മാതാവ് കൌസല്യയോടു അദ്ദേഹം പറഞ്ഞു..

പിതൃ വാക്യം സമതിക്രമിതും ശക്തി: മമ അസ്തിനാ അഹം:
വനം ഗന്തും ഇശ്ചാമി ത്വം ശിരസാ പ്രസാദയേ :

പിതാവിന്റെ ആജ്ഞയെ ഉല്ലംഘിച്ച് നടക്കാനുള്ള അധികാരം എനിക്കില്ല. ഞാൻ കാട്ടിലേക്ക് പോകാൻ തയാറായി കഴിഞ്ഞു.അമ്മെ, എന്നെ അനുഗ്രഹിക്കുവാൻ ഞാൻ പ്രാർത്തിക്കുന്നു.

സിംഹാസനാവരോഹണത്തിന്റെ തലേ ദിവസമാണ്, ശ്രീരാമനോട് പറയുന്നത് നിനക്ക് സിംഹാസനമല്ല തരുന്നത് മറിച്ച് വനവാസമാണ്. അത് കൊണ്ട് പോകുക കാട്ടിലേക്കെന്ന്. കയ്യകലത്തിലെത്തിയ കനകസിംഹാസനത്തെ തള്ളിമാറ്റി കൊണ്ട്, അച്ഛൻ കൊടുത്ത വാക്ക് പാലിക്കുന്നതിനായി യാതൊരു വൈമനസ്യവും കൂടാതെ മരവുരി ധരിച്ച് വനത്തിലേക്ക് യാത്രയായി. ഇവിടെ ഒരു മകന്റെ യതാർത്ഥ ധർമ്മമാണ് ശ്രീരാമൻ പാലിച്ചത്.

ഭർത്താവായ ശ്രീരാമൻ 👇

വനവാസത്തിനിടക്ക് രാവണനാൽ കടത്തിക്കൊണ്ടു പോകപ്പെട്ട സീതയെ ഓർത്ത്‌ പൊട്ടിക്കരയുന്ന ശ്രീരാമനെ കാണുവാൻ സാധിക്കും, രാമായണത്തിൽ. ആ സമയം ശ്രീരാമൻ ഭാര്യാ വിരഹത്താൽ ഹൃദയം തകർന്ന ഒരു ഭര്ത്താവ് മാത്രമായിരുന്നു.

ഹാ പ്രിയേ ഇതി തു ബഹുശ: വിചു ക്രോശ:

ഹാ പ്രിയേ എന്ന് വിളിച്ച് കൊണ്ട് പലവട്ടം ഉറക്കെ കരഞ്ഞു..

ഹാ മമ ആര്യേ: സ്വാധീ വര വർണിനീ ക്വ യാതാ അസി: ഹാ ഹാ:

ഹാ, എന്റെ പ്രേമ പാത്രമായ പതിവ്രതയായ സ്ത്രീ രത്നമേ, നീ എങ്ങാനു പോയിരിക്കുന്നത്? അയ്യോ ഞാൻ പിടയുന്നുവല്ലോ.. എന്നിങ്ങനെ കരഞ്ഞു പറഞ്ഞു കൊണ്ട് പുല്ലിനോടും പൂക്കളോടും നടിയോടും മാനിനോടും തന്റെ ഭാര്യയെ കണ്ടോ എന്ന് ചോദിച്ചു വിലപിച്ചു നടന്നപ്പോൾ, ഈ ഭൂലോകത്തെ തന്നെ തന്റെ ഒരു ഞാണൊലിയാൽ വിറപ്പിക്കുന്ന
ശ്രീരാമാനെയല്ല കാണുവാൻ സാധിക്കുന്നത്, മറിച്ച് വെറും ഒരു സാധാരണ മനുഷ്യനായി, ഭാര്യാ വിരഹാർത്തനായ ഭർത്താവിനെയാണ്.

രാജാവായ ശ്രീരാമൻ 👇

രാവണ നിഗ്രഹവും കഴിഞ്ഞ്, സീതയെ വീണ്ടെടുത്ത്, അയോദ്ധ്യയിൽ തിരികെ ചെന്ന് പട്ടാഭിഷേകവും കഴിഞ്ഞു ശ്രീരാമൻ വളരെക്കാലം രാജ്യം ഭരിച്ചു. അക്കാലത്തെ ഭരണത്തെ കുറിച്ച് രാമായണം ഇങ്ങനെ പറയുന്നു…

രാമേ രാജ്യം പ്രശാസതി
വിധവാ ന പര്യദേവൻ
വ്യാളകൃതം ഭയം ച ന
വ്യാധിജം ഭയം അപി
വാ ന ആസിത്:

ശ്രീരാമൻ രാജ്യം ഭരിച്ചിരുന്ന സമയത്ത് സ്ത്രീകള് വൈധവ്യ ദുഃഖം അനുഭവിക്കുക ഉണ്ടായില്ല. ദുഷ്ട ജന്തുക്കളെ കൊണ്ടുള്ള ഭയം തന്നെ ഉണ്ടായില്ല. രോഗങ്ങളും ഉണ്ടായില്ല. കള്ളന്മാർ ഉണ്ടായിരുന്നില്ല. അനർത്ഥം ആരെയും സ്പര്ഷിചിരുന്നില്ല. വൃദ്ധന്മാർ ബാലന്മാരുടെ പ്രേത കൃത്യങ്ങൾ ചെയ്യേണ്ടിയും വന്നില്ല. എല്ലാവരും സന്തുഷ്ടരായി, എല്ലാവരും ധർമത്തിന് അനുസൃതമായി ജീവിച്ചു. ആരും ആരെയും ഹിംസിച്ചില്ല. എല്ലാവരും സന്തുഷ്ടരായി വസിച്ചു. പ്രായമായവരും പണ്ഡിതരും നാസ്തികരും സമസന്തുഷ്ടരായി കാണപ്പെട്ടു. മഴ യഥാകാലം പെയ്തു, വൃക്ഷങ്ങൾ സമയാസമയം പൂവിട്ടു, കായ്ച്ചു. ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും അവരവരുടെ തൊഴിലുകൾ ചെയ്തു കൊണ്ട് സംപ്ത്രുതരായി ഭവിച്ചു. പ്രജകൾ എല്ലാം ധര്മ തല്പരരായി, കളവു പറയുന്നവർ ഉണ്ടായിരുന്നില്ല. സകല വിധ സംപത്തോടും കൂടി സദാചാര യുക്തരായും ജനങ്ങൾ ജീവിച്ചു. അദ്ദേഹത്തിൻറെ ഭരണ കാലത്ത് ജനങ്ങള്ക്കെല്ലാം ശ്രീരാമൻ, ശ്രീരാമൻ എന്നൊരു നാമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ലോകം ശ്രീരാമമയമായി ഭവിച്ചു. രാമൻ ഭരിച്ച രാജ്യം രാമരാജ്യമായും അറിയപ്പെട്ടു.

ഇങ്ങനെ സമസ്ത ജനങ്ങളും ആരോഗ ദൃഡഗാത്രരും സന്തുഷ്ടരും സമഭാവനയുമുള്ളവർ ആയിരുന്നത് കൊണ്ടാണ് ആ രാമരാജ്യവും ശ്രീരാമനും ആചന്ദ്രതാരം നില നില്ക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത്, ഇപ്പോഴും ആഗ്രഹിച്ചു കൊണ്ടിരിക്കുന്നതും. മാത്രമല്ല, ഇങ്ങനെയുള്ള ഒരു രാജ്യമല്ലേ ഏതൊരു ജനങ്ങളുടെയും രാജ്യങ്ങളുടെയും സ്വപ്നം ആകേണ്ടതും?

അത് കൊണ്ട് ഈ രാമായണ മാസം രാമായണം ഒരിക്കൽ കൂടി വായിക്കാം, ശ്രീരാമനെ അറിയാം…