തിരുവപ്പന മഹോത്സവം

മുത്തപ്പന്റെ ആരൂഢസ്‌ഥാനമായ കുന്നത്തൂർ പാടിയിലെ തിരുവപ്പന മഹോത്സവം
ധനു ഒന്ന്
മുതൽ ജനവരി 15 വരെ നടക്കും. കണ്ണൂർ ജില്ലയിലെ പയ്യാവൂരിനടുത്ത് പശ്ചിമഘട്ടത്തിലെ ഉടുമ്പമലയിൽ സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലാണ് കുന്നത്തൂർപാടി സ്‌ഥിതി ചെയ്യുന്നത്.

 ചുറ്റും നിബിഡവനമായ ഇവിടെ മനുഷ്യനിർമിതമായ ക്ഷേത്രമില്ല. താത്കാലികമായി കെട്ടിയുണ്ടാക്കുന്ന മടപ്പുരയിലാണ് മുത്തപ്പന്റെ സ്‌ഥാനം.

 ഉത്സവത്തിന്റെ ആദ്യ ദിവസം രാത്രി മുത്തപ്പന്റെ ബാല്യം, കൗമാരം, ഗാർഹസ്‌ഥ്യം, വാനപ്രസ്‌ഥം എന്നീ ജീവിതഘട്ടങ്ങളെ സൂചിപ്പിച്ച് പുതിയ മുത്തപ്പൻ, പുറംകാല മുത്തപ്പൻ, നാടുവാഴിൾൻ ദൈവം, തിരുവപ്പന എന്നിവ പാടിയിലെ ദേവസ്‌ഥാനത്ത് കെട്ടിയാടും .

ധനു രണ്ടിന് ഒരു കോലക്കാരൻ കോലത്തുമ്മേൽ കോലമായാണ് നാലു മുത്തപ്പൻമാരേയും കെട്ടിയാടുന്നത്. രാത്രി വൈകി തുടങ്ങിയാൽ പുലരും വരേയുള്ള ചടങ്ങുകളാണ് കുന്നത്തൂർ പാടിയിലുള്ളത്. തിരുവപ്പനയും വെള്ളാട്ടവും പാടിയിൽ ഒരുമിച്ച് കെട്ടിയാടിക്കാറില്ല. കൂടാതെ മുത്തപ്പനു തന്റെ അമ്മയെ കാണണമെന്ന് ആവശ്യപ്പെടുന്ന ദിവസം മുത്തപ്പന്റെ മാതൃഭാവത്തിലുള്ള മൂലംപെറ്റ ഭഗവതിയേയും ഇവിടെ കെട്ടിയാടിക്കും.

ഐതിഹ്യപ്രകാരം അയ്യങ്കര ഇല്ലം വിട്ടിറങ്ങിയ മുത്തപ്പൻ യാത്രാമദ്ധ്യേ കുന്നത്തൂരെത്തി. പനങ്കള്ളു കുടിക്കാൻ പനയിൽ കയറിയ മുത്തപ്പനെ ചന്ദൻ എന്നയാൾ അമ്പെയ്യാൻ ശ്രമിച്ചു. ബോധരഹിതനായ ചന്ദൻ കല്ലായി മാറിയത്രേ. ഭർത്താവിനെ തേടിയെത്തിയ ചന്ദന്റെ ഭാര്യ ഈ കാഴ്ച കണ്ട് നിലവിളിച്ചു. പനയുടെ മുകളിൽ കണ്ട ദിവ്യ രൂപത്തെ ആ സ്ത്രീ മുത്തപ്പാ എന്നു ഭകതി പുരസരം വിളിച്ചു. സംപ്രീതനായ മുത്തപ്പൻ ചന്ദനെ പൂർവരൂപത്തിലാക്കി അനുഗ്രഹിച്ചത്രേ.

ചന്ദനും ഭാര്യയും കള്ളും ചുട്ട മീനും ധാന്യങ്ങളും തേങ്ങാപ്പൂളും മുത്തപ്പനു നിവേദ്യമായി അർപ്പിച്ചു. ഇതിന്റെ അനുസ്മരണമാണ് ഉത്സവം അരങ്ങേറുന്നത്. ചന്ദന്റെ അഭ്യർഥന പ്രകാരം കുന്നത്തൂർപാടിയിൽ മുത്തപ്പൻ സ്‌ഥാനം ചെയ്തു. താഴേ നിന്നും പടവുകൾ കയറിയെത്തുന്ന തുറസായ സ്‌ഥലവും ഇതിനോടു ചേർന്നുള്ള ഗുഹയുമാണ് ഇവിടെയുള്ളത്.

ഉത്സവകാലത്ത് ഗുഹയോടു ചേർന്ന് താത്കാലിക മടപ്പുര കെട്ടിയുണ്ടാക്കുന്നു. ഇതാണ് ഉത്സവത്തിനുള്ള ശ്രീകോവിൽ.

 മടപ്പുരയുടെ പടിഞ്ഞാറു വശത്തായി ഒരു കല്ലും പാറകൊണ്ടുള്ള ഒരു പീഠവും മണ്ണുകൊണ്ട് നിർമിച്ച ഒരു പീഠവും കാണാം. ഗുഹയ്ക്ക് ഇരുവശത്തുമായി രണ്ട് പനമരങ്ങളും ഉണ്ട്.

വടക്കുവശത്തായി തിരുവങ്കടവ് എന്ന ഒരു നീരുറവയും ഉണ്ട്. കന്നി മാസത്തിൽ പുത്തരി വെള്ളാട്ടമാണ് ഇവിടെ നടത്തുക. ബാക്കിയെല്ലായിടത്തും തുലാമാസത്തിൽ നടത്തുമ്പോൾ ഇവിടെ കന്നി മാസത്തിലാണ് പുത്തരി വെള്ളാട്ടം. ഇവിടെ ഉത്സവത്തിന് പുരളിമലയിൽ നിന്നാണ് മുത്തപ്പന്റെ മലയിറക്കൽ നടക്കുന്നത് എന്നതാണ് പ്രത്യേകത.

മറ്റെല്ലാ മടപ്പുരകളിലും മലയിറക്കൽ നടക്കുന്നത് കുന്നത്തൂർ പാടിയിൽ നിന്നാണ്. ഉത്സവത്തിന് വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടവും അർധരാത്രി തിരുവപ്പനയും ഉണ്ടാകും. അഞ്ഞൂറ്റാൻമാരാണ് ഇവിടെ ദൈവത്തിന്റെ കോലം ധരിക്കുന്നത്.