നന്ദികേശ്വരന്‍

പുരാണ കഥാപാത്രം. ശിവന്റെ ഭൂതഗണങ്ങളില്‍ പ്രമുഖന്‍. നന്ദി, നന്ദികേശന്‍, നന്ദിപാര്‍ശ്വന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ ശിവപാര്‍ഷദന്‍ കശ്യപമഹര്‍ഷിക്ക് കാമധേനുവിലുണ്ടായ പുത്രനാണെന്ന് വായുപുരാണത്തില്‍ പറയുന്നുണ്ട്. ശിവന്റെ വാഹനമായ കാള എന്നനിലയില്‍ സുരഭീപുത്രനായ നന്ദികേശ്വരന്‍ ആരാധ്യനാണ്. ശിശുവായിരിക്കുമ്പോള്‍ അജ്ഞാതമായ കാരണത്താല്‍ മാതാപിതാക്കളാല്‍ പരിത്യക്തനായി. ഈ ദിവ്യശിശു ശിലാദനന്‍ എന്ന മഹര്‍ഷിയുടെ പുത്രനായതെങ്ങനെ എന്ന് ശിവപുരാണത്തില്‍ വിവരിക്കുന്നതിപ്രകാരമാണ്:
ശാലങ്കായന്റെ പുത്രനായ ശിലാദനന്‍ ലൗകിക ജീവിതം നയിച്ചിരുന്ന ഒരു ശിവഭക്തനായിരുന്നു. സന്താനസൗഭാഗ്യമില്ലാതെ ദുഃഖിതനായ അദ്ദേഹം ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. പ്രത്യക്ഷനായ പരമശിവന്‍ പുത്രലബ്ധിയ്ക്കുള്ള അനുഗ്രഹം നല്കി. കാലം കുറേക്കഴിഞ്ഞ് ഒരു യാഗം ചെയ്യാനായി നിലമുഴുതപ്പോള്‍ ഒരദ്ഭുതശിശു ദൃശ്യനായി. ഒരു കൊച്ചുമുക്കണ്ണന്‍. കൈകള്‍ നാല്. ശിരസ്സില്‍ ജടാമകുടങ്ങള്‍. ശിലാദനന്‍ ആ കുഞ്ഞിനെ വളര്‍ത്തി. ക്രമേണ കുട്ടിക്കു മനുഷ്യരൂപം ലബ്ധമായി. ആയിടെ മിത്രാവരുണന്മാര്‍ ആ വഴി വന്നു. ബാലന്‍ അവരോട് അനുഗ്രഹമഭ്യര്‍ഥിച്ചു. ‘നിനക്കെന്തിന് അനുഗ്രഹം? നിന്റെ ആയുസ്സ് അവസാനിക്കാറായല്ലോ’, എന്ന അവരുടെ പ്രവചനം കേട്ട് ദുഃഖിതനായ ബാലന്‍ പണ്ട് അച്ഛന്‍ ചെയ്തതുപോലെ ശിവനെ ഉപാസിച്ചു പ്രത്യക്ഷനാക്കി ‘ദീര്‍ഘായുസ്സു നല്‍കണം’ എന്നഭ്യര്‍ഥിച്ചു. ‘ദീര്‍ഘായുസ്സുമാത്രമല്ല, കൈലാസത്തില്‍വന്ന് പുത്രനെപ്പോലെ ഞങ്ങളോടൊപ്പം ദീര്‍ഘജീവിതസുഖം അനുഭവിച്ചു ജീവിക്കുകയും ചെയ്തുകൊള്ളൂ’ എന്ന് പരമശിവന്‍ അനുഗ്രഹിച്ചു. സന്തുഷ്ടനായ നന്ദികേശന്‍ അച്ഛന്റെ അനുവാദത്തോടെ കൈലാസത്തിലെത്തി ശിവസേവയില്‍ മുഴുകി കാലം കഴിച്ചു.
നന്ദികേശ്വരന്‍ ശിവസേവകനായതിനു പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്.
നന്ദിക്ക് രണ്ടു ഗുരുനാഥന്മാരുണ്ടായിരുന്നു ദധീചിമഹര്‍ഷിയും ദക്ഷപ്രജാപതിയും. ദക്ഷശിഷ്യനായ നന്ദി ഗുരുവിന്റെ സ്വച്ഛന്ദചാരിത്വത്തെ എതിര്‍ത്തിരുന്നു. തന്റെ ആരാധനാമൂര്‍ത്തിയായ ശ്രീപരമേശ്വരനെ മ്ളേച്ഛമായ രീതിയില്‍ ആക്ഷേപിക്കുന്നതു കേട്ടു സഹികെട്ട് ഒരുനാള്‍ നന്ദി ദക്ഷനെ വിട്ട് കൈലാസത്തിലെത്തി ശിവനെ അഭയം പ്രാപിച്ചു.
കൈലാസത്തില്‍ ഭൂതഗണങ്ങളുടെ നായകനായ ദ്വാരപാലകനായി അംഗീകരിക്കപ്പെട്ട ആ ഭക്താഗ്രണി അതോടെ ശിവജീവിതത്തിന്റെ ഒരവിഭാജ്യഘടകമായിത്തീര്‍ന്നു. നന്ദിയുടെ അനേകം അദ്ഭുതചരിതങ്ങള്‍ ശിവപുരാണത്തില്‍ വര്‍ണിക്കുന്നുണ്ട്. ഒരിക്കല്‍ സുരഭിയുടെ സന്താനങ്ങളായ ധേനുക്കള്‍ തങ്ങളുടെ സഹോദരനായ നന്ദിയെ ഒന്നു പരീക്ഷിക്കാന്‍ തുനിഞ്ഞു. അവ തങ്ങളുടെ ക്ഷീരസമൃദ്ധമായ അകിടുകളില്‍ നിന്നും നിരന്തരം പാല്‍ ചുരത്തി കൈലാസഗിരിയെ ഒരു ദുഗ്ധവാരിധിയാക്കി മാറ്റി. രുഷ്ടനായ രുദ്രന്‍ തൃതീയനേത്രം തുറന്ന് അവയെ ഒന്നു നോക്കിയപ്പോള്‍ ആ വെള്ളപ്പശുക്കളെല്ലാം വിചിത്രവര്‍ണകളായി. തങ്ങളുടെ നിറം വീണ്ടും വെണ്മയുള്ളതാക്കാന്‍ അവ വെണ്ണിലാവിന്റെ ഉടമയായ പൂര്‍ണചന്ദ്രനെ ചെന്നു കണ്ടു. ശിവനെ ഇത് കൂടുതല്‍ രുഷ്ടനാക്കി. അപ്പോള്‍ കശ്യപ പ്രജാപതി ഇടപെട്ട് പശുക്കളെ നിലയ്ക്കുനിര്‍ത്തി. തന്റെ പ്രിയപുത്രനായ നന്ദികേശ്വരനെ വാഹനമായി സ്വീകരിച്ച് പ്രപഞ്ചം മുഴുവന്‍ സഞ്ചരിച്ച് ഭക്തന്മാരെ രക്ഷിക്കുകയും ദുഷ്ടന്മാരെ ശിക്ഷിക്കുകയും ചെയ്യണമെന്നഭ്യര്‍ഥിച്ചു. ശിവന്‍ അതംഗീകരിച്ചു. അങ്ങനെ ആവശ്യം വരുമ്പോള്‍ ഋഷഭരൂപത്തില്‍ ശിവവാഹനമാകാനും നന്ദികേശ്വരനു ഭാഗ്യം ലഭിച്ചു.
മരുത് പുത്രിയായ സുയശയാണ് നന്ദിയുടെ ധര്‍മപത്നി എന്ന് ശിവപുരാണം പാതാളഖണ്ഡം ഏഴാം അധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്.
നന്ദികേശ്വരന്‍ ജ്ഞാനിയും തപസ്വിയുമായിരുന്നു. മാര്‍ക്കണ്ഡേയമുനിക്ക് സ്കന്ദപുരാണം പറഞ്ഞുകൊടുത്തത് നന്ദിയുടെ പാണ്ഡിത്യത്തിന്റെ മികവിനു തെളിവാണ്. ശിവനെ മാനിക്കാതെ കൈലാസത്തിനു മീതേ പുഷ്പകവിമാനത്തില്‍ കടന്നുപോയ രാവണന്റെ ധിക്കാരം സഹിക്കാതെ വാനരവേഷത്തില്‍ വിമാനയാത്രയ്ക്കു തടസ്സം സൃഷ്ടിച്ച നന്ദിയെ രാവണന്‍ ശപിക്കാനൊരുങ്ങിയപ്പോള്‍ ‘നീ വാനരവംശത്താല്‍ നശിച്ചു പോകട്ടെ’ എന്ന് നന്ദി രാവണനെ ശപിച്ച് അസ്തവീര്യനാക്കിയതായി കഥയുണ്ട്. ശിവക്ഷേത്രങ്ങളില്‍ ശിവനോടൊപ്പം നന്ദികേശ്വരനും പൂജിക്കപ്പെടുന്നു

ഭഗവാന്‍ ശ്രീ മഹാവിഷ്ണു ശ്രീമഹാവിഷ്‌ണു

കണ്‌ഠത്തില്‍ ധരിച്ചിരിക്കുന്ന രത്നമാണ്‌ കൗസ്‌തുഭം. പണ്ട്‌ പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ ഉയര്‍ന്നു വന്നതായിരുന്നു ഈ രത്നം. ശ്രീവത്സം മാറില്‍ ചാര്‍ത്തിയ വിഷ്‌ണുവിനെ ഏവര്‍ക്കുമറിയാം. വിഷ്‌ണുവിന്റെ നെഞ്ചിലുള്ള ഒരടയാളമാണ്‌ ശ്രീവത്സം. ഭൃഗുമഹര്‍ഷി ഒരിക്കല്‍ കോപിഷ്‌ടനായി വിഷ്‌ണുവിന്റെ നെഞ്ചില്‍ ചവിട്ടിയപ്പോള്‍ ഉണ്ടായ അടയാളമാണിത്‌. പ്രകൃതിയെ മുഴുവനും സ്വീകരിച്ച്‌ വിഷ്‌ണു ശ്രീവത്സത്തിന്റെ രൂപത്തില്‍ വിളങ്ങുന്നു. മഹാവിഷ്‌ണു ധരിക്കുന്ന മാലയാണ്‌ വൈജയന്തി. അഞ്ചു രത്നങ്ങള്‍ ഒരുമിച്ച്‌ ചേര്‍ത്ത്‌ നിര്‍മ്മിച്ചിട്ടുള്ള ഈ മാലയ്‌ക്ക് വനമാല എന്നും പേരുണ്ട്‌. പഞ്ചതന്മാത്രകളും, പഞ്ചഭൂതങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. പാഞ്ചജന്യമാണ്‌ വിഷ്‌ണുവിന്റെ ശംഖ്‌. ഇത്‌ വെളുത്ത നിറത്തിലുള്ളതാണ്‌. ഈ ശംഖിന്റെ സ്‌പര്‍ശനശക്‌തി കൊണ്ടുതന്നെ മനുഷ്യന്‍ ജ്‌ഞാനിയായിത്തീരുന്നു. പഞ്ചഭൂതങ്ങളുടെ കാരണമായ താമസാഹങ്കാരത്തെ പാഞ്ചജന്യം എന്ന ശംഖിന്റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു. മഹാവിഷ്‌ണുവിന്റെ വില്ലിന്റെ പേര്‌ ശാര്‍ങ്‌ഗമെന്നാണ്‌. വൈഷ്‌ണവചാപം എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. ഇന്ദ്രിയങ്ങളുടെ രാജസാഹങ്കാരത്തെ ഈ ചാപത്തിന്റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു. മനസ്സിന്റെ സാത്വികാഹങ്കാരത്തിന്റെ രൂപമാണ്‌ വിഷ്‌ണുവിന്റെ തൃക്കൈയില്‍ തിരിയുന്ന സുദര്‍ശനചക്രം. ഇതിന്‌ വജ്രനാദം എന്നും പേരുണ്ട്‌. ശത്രുസംഹാരത്തിനായി വിഷ്‌ണു ഈ ആയുധം ഉപയോഗിക്കുന്നു. എന്നാല്‍, തന്റെ ഭക്‌തോത്തമനായ അംബരീഷനുവേണ്ടി, ദുര്‍വ്വാസാവിനെ ഒരു പാഠം പഠിപ്പിക്കുവാനായി ഈ ആയുധം ഉപയോഗിച്ചിട്ടുണ്ട്‌. പണ്ട്‌ സൂര്യനെ കടഞ്ഞു കിട്ടിയ തേജസ്സിനാല്‍ വിശ്വകര്‍മ്മാവ്‌ നിര്‍മ്മിച്ച്‌ വിഷ്‌ണുവിനു നല്‍കിയതാണ്‌ സുദര്‍ശനചക്രം. മദ്ധ്യത്തില്‍ സുഷിരത്തോടും, നാലുവശത്തും ആരത്തോടും കൂടിയതാകുന്നു. പുറകുവശം കത്തിപോലെ മൂര്‍ച്ച കൂടിയതുമാണ്‌. ചൂണ്ടാണി വിരലിലിട്ട്‌ കറക്കി എറിഞ്ഞാണ്‌ മഹാവിഷ്‌ണു സുദര്‍ശനചക്രം പ്രയോഗിക്കുന്നത്‌. സുദര്‍ശനചക്രം ദുഷ്‌ടന്മാര്‍ക്ക്‌ ഭയാനകവും, ശിഷ്‌ടന്മാര്‍ക്ക്‌ ‘സു’ ദര്‍ശനവുമാണ്‌. (മംഗളദര്‍ശനമാണ്‌) കര്‍മ്മേന്ദ്രിയങ്ങളും ജ്‌ഞാനേന്ദ്രിയങ്ങളും വിഷ്‌ണുവിന്‌ അസ്‌ത്രങ്ങളാകുന്നു. മഹാവിഷ്‌ണുവിന്റെ വാളാണ്‌ നന്ദകം. വിദ്യാമയമായ ജ്‌ഞാനത്തോടുകൂടിയ നന്ദകം എന്ന വാളിനെ അവിദ്യയാകുന്ന ഉറയില്‍ ധരിക്കുന്നവനാകുന്നു മഹാവിഷ്‌ണു. സുഗ്രീവന്‍, മേഘപുഷ്‌പന്‍, വലാഹലന്‍, ശൈബ്യന്‍ എന്നീ നാലുകുതിരകളെ പൂട്ടിയ തേരിലാണ്‌ വിഷ്‌ണുവിന്റെ സഞ്ചാരം. ദാരുകനാണ്‌ വിഷ്‌ണുവിന്റെ സാരഥി. കശ്യപപുത്രനായ ഗരുഡന്‍, വിഷ്‌ണു സ്‌മരിക്കുന്ന മാത്രയില്‍ അദ്ദേഹത്തിന്റെ മുന്നിലെത്തി വാഹനമായിത്തീരുന്നു. വിഷ്‌ണുവിന്റെ നാല്‌ തൃക്കൈകളിലും ശംഖ്‌, ചക്രം, ഗദ, പങ്കജം ഇവ ധരിച്ചിരിക്കുന്നു. മഹത്തത്വത്തെ വിഷ്‌ണു കൗമോദകിയെന്ന ഗദയുടെ രൂപത്തില്‍ ധരിക്കുന്നു. വിദ്യയും അവിദ്യയും സത്തും, അസത്തും ഭഗവാന്‍ വിഷ്‌ണുവില്‍ത്തന്നെ സ്‌ഥിതി ചെയ്യുന്നു. പുരുഷന്മാരില്‍വച്ച്‌ പരനും ത്രിഗുണാത്മകമായ പ്രകൃതിയും നാലു പാദത്തോടുകൂടിയ ഓംകാരമന്ത്രവും ഭഗവാന്‍ വിഷ്‌ണുതന്നെയാകുന്നു. കാലവും, കാലത്തെ ഹനിക്കുന്നവനും; കാലത്തെ സംവത്സരങ്ങളായും ഋതുക്കളായും അയനങ്ങളായും തരംതിരിക്കുന്നവനും ഭഗവാന്‍ വിഷ്‌ണുതന്നെ. നാലുവേദങ്ങളും വേദാംഗങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും സംഗീത ശാസ്‌ത്രവും, സര്‍വ്വശാസ്‌ത്രങ്ങളും ശബ്‌ദ ബ്രഹ്‌മസ്വരൂപിയായ ഭഗവാന്‍ വിഷ്‌ണുവിന്റെ ശരീരമാകുന്നു. പഞ്ചഭൂതങ്ങളും പഞ്ചതന്മാത്രകളും, മനസ്സും, ഇന്ദ്രിയങ്ങളും എല്ലാംതന്നെ വിഷ്‌ണുവാകുന്നു. ഇങ്ങനെയുള്ള ഭഗവാന്‍ മഹാവിഷ്‌ണു പാലാഴിയില്‍ അനേകം ആടയാഭരണങ്ങളോടും ആയുധങ്ങളോടുംകൂടി ആദിശേഷന്റെ മുകളില്‍ ശയിക്കുന്നു.

ഗ്രന്ഥം ”ദേവീ മാഹാത്മ്യം” തന്നെ

ദേവീമാഹാത്മ്യം എവിടെയുണ്ടോ അവിടെ ദുഃഖങ്ങളും ദുരിതങ്ങളും ഉണ്ടാകില്ല’ എന്നാണ് ചൊല്ല്. അതില്‍ സുരഥന്‍ എന്ന രാജാവും സമാധി എന്ന വൈശ്യനും (വ്യാപാരി) ഒരു കാട്ടില്‍വെച്ച് കണ്ടുമുട്ടി. ദുഃഖികളായ അവര്‍ ഇരുവരും കൂടി ജ്ഞാനിയും വിദ്വാനുമായ സുമേധസ്സ് മഹര്‍ഷിയുടെ ആശ്രമത്തില്‍ച്ചെന്നു. അവര്‍ക്ക് രണ്ടുപേര്‍ക്കും ഉണ്ടായിരുന്ന ഒരു വലിയ പ്രയാസം- തങ്ങളുടെ ജീവിതത്തില്‍ ഉണ്ടായ പരാജയത്തില്‍, അതുവരെ തങ്ങളുടെ എന്നു കരുതിയവര്‍- ഭാര്യ, സന്തതികള്‍, സഹോദരങ്ങള്‍, ഭൃത്യര്‍- തങ്ങളെ നിഷ്‌കരുണം ഉപേക്ഷിച്ചു, എന്നിട്ടും അവരോടുള്ള തങ്ങളുടെ മമത ഒട്ടും കുറയുന്നില്ല. എന്നു മാത്രമല്ല സദാ അവരെക്കുറിച്ചുള്ള ചിന്തയുമാണ്.

ആ വൈശ്യന്‍ മഹര്‍ഷിയോട് ചോദിക്കുന്നു- ”ഹേ! മഹാത്മന്‍, സ്വജനങ്ങള്‍ എന്റെ ധനം മുഴുവന്‍ തട്ടിയെടുത്ത്, എന്നെ ആട്ടിയോടിച്ചു; പുത്രന്മാരും ഉപേക്ഷിച്ചു; പുത്ര ബന്ധുജനങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടിട്ടും എനിക്ക് അവരോടുള്ള സ്‌നേഹം കുറയുന്നില്ല. ഞാന്‍ എന്തുചെയ്യട്ടെ!” എന്ന്. ശ്രീമദ് ഭാഗവതം പറയുന്നു-”ഭാര്യ, പുത്രന്‍, ധനം, ഗൃഹം എന്നിവ ഉപേക്ഷിക്കൂ; എങ്കില്‍ നിങ്ങള്‍ക്ക് സുഖം ഉണ്ടാകും” എന്ന്. അവരിലുള്ള ‘മമത’- അതായത് ‘എന്റെ’ എന്ന തോന്നല്‍ ഇല്ലാതാക്കൂ എന്ന്. എന്താണ് ഇതിനര്‍ത്ഥം?

അവര്‍ക്കുവേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത് ധര്‍മ്മംതന്നെ; എന്നാല്‍ അതുമാത്രമാണ് ജീവിതം എന്നു വന്നാല്‍ ദുഃഖംമാത്രമേ ശേഷിക്കൂ! ആ ദുഃഖം ഇല്ലാതാകണം; അതിന് ഗുണദോഷങ്ങളെ തിരിച്ചറിയാനുള്ള കഴിവാണ് വേണ്ടത്. ജ്ഞാനികള്‍- അറിവുള്ളവര്‍- േമാഹിക്കില്ല. മോഹമുണ്ടായാല്‍ ജ്ഞാനവും ഉണ്ടാകില്ല. ജ്ഞാനം എല്ലാ ജന്തുക്കള്‍ക്കും ഉണ്ട്. എന്നാല്‍ അത് വിഷയങ്ങളെ- ഇന്ദ്രിയങ്ങളെക്കുറിച്ചാണെന്നു മാത്രം. ഭക്ഷണം, ഉറക്കം, സ്ത്രീ (പുരുഷന്‍)- എന്നിവ തന്നെ വിഷയങ്ങള്‍. ഈശ്വരനെക്കുറിച്ചുള്ള ജ്ഞാനം ഉണ്ടാകുമ്പോഴേ മനുഷ്യനാകൂ! വിഷയജ്ഞാനം ഉണ്ടായതുകൊണ്ട് ദുഃഖനിവൃത്തി ഉണ്ടാകുന്നില്ല. മനുഷ്യന്‍ മൂഢനല്ലല്ലോ എന്നാണെങ്കില്‍ പുത്രന്മാരോട് ആസക്തിയള്ളവരാകുന്നു.

”ലോഭാനു” പ്രത്യുപകാരയച” എന്ന് ദേവീമാഹാത്മ്യം പറയുന്നു. അതായത് പുത്രന്റെ സഹായത്തോടെ ധാരാളം സ്വത്ത് സമ്പാദിക്കാം എന്നും, വാര്‍ധക്യത്തില്‍ തന്നെ പരിരക്ഷിക്കും എന്ന കാരണവും കൊണ്ട് മക്കളില്‍ സ്‌നേഹപരവശരായിരിക്കുന്നു നാം ഏവരും. എന്നാല്‍ അത് മോഹം മാത്രമാണ്. ആ മോഹം ഉണ്ടാകുന്നത് ആ ‘മഹാമായ’യുടെ പ്രഭാവത്തിലാണ്. ആ പ്രാഭവത്താല്‍ സകല പ്രാണികളും മമതച്ചുഴിയാകുന്ന മോഹഗര്‍ത്തത്തില്‍ (അഗാധമായ കുഴിയില്‍) വീഴ്ത്തപ്പെട്ടിരിക്കുന്നു. മോഹം എന്നാല്‍ കിട്ടിയതില്‍ അതൃപ്തിയും, കിട്ടാത്തതില്‍ ആഗ്രഹവുംതന്നെ! ഈ ഭ്രമമാണ് ‘ചുഴി.’ ആത്മാവിന്റെ ഉപാധിയായ, ദേഹാദികളാകുന്ന സംസാരത്തിന്റെ പാലനത്തിനു വേണ്ടിയാണ് ആ ‘മഹാമായ’ സകലരേയും മോഹിപ്പിച്ചുവെച്ചിരിക്കുന്നത്. സാക്ഷാല്‍ മഹാവിഷ്ണുവിനെപ്പോലും മോഹിപ്പിച്ചു ‘നിദ്രക്ക്’ (യോഗനിദ്രക്ക്) അധീനപ്പെടുത്തുന്ന ഈ മഹാമായയാല്‍ കേവലം ഈ ലോകം േമാഹിപ്പിക്കപ്പെട്ടതില്‍ അത്ഭുതമില്ല. ആ മായയില്‍നിന്നും രക്ഷപ്പെടണമെങ്കില്‍ ആ മായയെത്തന്നെ ശരണംപ്രാപിക്കുകയേ വഴിയുള്ളൂ. അതാണ് നവരാത്രിപൂജയില്‍ ദേവിയെ ഓരോ മൂര്‍ത്തികളായി സങ്കല്‍പ്പിച്ച് അവസാനം എല്ലാം ഒന്നുതന്നെ എന്നു മനസിലാക്കി സാക്ഷാല്‍ ‘പരാശക്തി’യെ സരസ്വതീരൂപത്തില്‍ ഉപാസിക്കുന്നത്. വിദ്യയുണ്ടാകുമ്പോള്‍ മോഹം-ഭ്രമം- ഇല്ലാതാകുന്നു. അതിന് വിദ്യാ സ്വരൂപിണിയെത്തന്നെ ഭജിക്കുക.
”ആപദി കിം കരണീയം”? (ആപത്തു വരുമ്പോള്‍ എന്തുചെയ്യണം?”)
”സ്മരണീയം ചരണയുഗളം അംബായാഃ”
(അംബികയുടെ (ദേവി)യുടെ- അമ്മയുടെ പാദങ്ങളെ ശരണംപ്രാപിക്കുകതന്നെ