ധർമ്മപുത്രർ ധർമ്മിഷ്ഠനോ.

                        🙏🏼                     ധർമ്മപുത്രർ ധർമ്മിഷ്ഠനോ…?                            🙏🏼

വ്യാസമഹാഭാരതം ഒന്നോടിച്ചു വായിക്കുന്നവർക്ക് നന്മയുടെ അത്യുന്നതപ്രതീകമായി,യാതൊരു തിന്മയുടെയും സ്പർശമേൽക്കാതെ പോകുന്നതുപോലെ അനുവാചകഹൃദയങ്ങളുടെ മുഴുവൻ ആരാധനയും പിടിച്ചുപറ്റിന്ന ഒരു യുധിഷ്ഠിരരൂപം മനസ്സിൽ പതിഞ്ഞെന്നു വന്നേക്കാം.എന്നാൽ ശ്രദ്ധാപൂർവ്വം യുധിഷ്ഠിരചെയ്തികളെ നോക്കിക്കാണുന്നവർക്ക് ലോകത്തിലെ ഏറ്റവും നീചനായ വ്യക്തിയിൽ പോലുമില്ലാത്ത നീചത ബോദ്ധ്യമാവാതിരിക്കില്ല.കർണ്ണൻ പതിയ്ക്കുമ്പോൾ “തേരു സജ്ജമാക്കൂ,അവന്റെ ശവശരീരം ഞാനൊന്നുകാണട്ടെ” എന്നു പറയുന്ന യുധിഷ്ഠിരമനസ്സിൽ അത്രയും കാലം കർണ്ണന്റെ നേർക്ക് ഒളിപ്പിച്ചു വെച്ചിരുന്ന പക മറനീക്കി പുറത്തുവരുന്നതുകാണാം.ഏകാന്തതയിലെ യുധിഷ്ഠിരനെ നിശ്ശബ്ദമായി ഇത്തരം അപൂർവ്വം ചില രംഗങ്ങളിലൂടെ പുറത്തെക്കു തലനീട്ടാനനുവദിച്ചുകൊണ്ട് മാനവ ഇതിഹാസത്തിലെ ദുഷ്ചിന്തനത്തിന്റെ അന്തസ്ഥഭാവങ്ങൾ അതീവമനോഹരമായി,ലാസ്യഭംഗിയോടെ വ്യാസപ്രതിഭ അവതരിപ്പിക്കുന്നുണ്ട്.സ്വന്തം കുലപത്നിയുടെ വസ്ത്രാക്ഷേപ സമയത്തുപോലും പൊട്ടിപ്പുറപ്പെടാത്ത രോഷവും,വെറുപ്പും,വിദ്വേഷവുമൊക്കെ സത്യസന്ധതയിൽ കൊരുക്കിയൊളിപ്പിച്ച് അനുവാചകഹൃദയങ്ങളിലൂടെ മുഴുവൻ ആരാധനയും പിടിച്ചുപറ്റിയ ഒരു “മഹാസത്വൻ”തന്റെ ഉറക്കം കെടുത്തിയ അഭ്യാസക്കാഴ്ച മുതൽ കർണ്ണന്റെ മരണവാത്ത കേഴക്കുന്ന നിമിഷംവരെ,തന്റെ അന്തർമണ്ഡലത്തിലെ പരമശത്രുവിന്റെ ശവമൊന്നു കാണാൻ വെമ്പൽ കൊള്ളുകയായിരുന്നു എന്നു സ്പഷ്ടം.കൃഷ്ണഭാവത്തിന്റെ പ്രതിയോഗികൾ “ദുര്യോധനത്വത്തിലൊ,ദുശാസനത്വത്തിലൊ” അല്ല കൂടാതൽ ഒളിഞ്ഞുകിടക്കുന്നത്.സന്തതസഹചാരികളായി പോകുന്ന “യുധിഷ്ഠിരഭാവങ്ങളിലാണെന്ന്” പുണ്യാപുണ്യങ്ങളെയപഗ്രഥിച്ച് വ്യാസൻ നമ്മെ പഠിപ്പിക്കുന്നു.നേരിട്ടെതിർക്കുന്ന ശത്രുവിനെ തിരിച്ചറിഞ്ഞ് എന്നെന്നേക്കുമായി കുടിയൊഴിപ്പിക്കാൻ കഴിയുമ്പോഴും സത്യവും,ധർമ്മവും,നീതിയും വച്ചുകൊണ്ട് തങ്ങളോടൊപ്പം സന്തതസഹചാരിയായിപ്പോകുന്ന ഒരു “ധർമ്മിഷ്ഠനെ” ഒഴിവാക്കാൻ പറ്റാതെ വരുമ്പോൾ ധർമ്മാധർമ്മങ്ങൾ രണ്ടിനേയും ഒരുപോലെ ഉച്ചാടനം ചെയ്യേണ്ടതാവശ്യമായിവരുന്നു.കള്ളം പറയില്ലെന്നു പേരു കേട്ടവൻ സ്വാർത്ഥത്തിനുവേണ്ടി _ തന്റെ ഗുരുവായ ദ്രോണനെ കൊല്ലുന്നതിനുവേണ്ടി _ കള്ളത്തിന് സത്യത്തിന്റെ മുഖാവരണം നൽകി അവതരിപ്പിക്കുന്ന രംഗവും വ്യാസൻ വരച്ചു കാട്ടുന്നു.യുദ്ധത്തിൽ ഭീമസേനൻ “അശ്വത്ഥാമാവ്” എന്ന ആനയെ കൊന്നുകഴിഞ്ഞ് ഉറക്കെ നിലവിളിച്ചു പറഞ്ഞു “അശ്വത്ഥാമാ ഹത,അശ്വത്ഥാമാ ഹത” എന്ന്.ഭീമൻ നിലവിളിച്ചിട്ടും,ബഹളം വെച്ചിട്ടും,ആനന്ദ നൃത്തം ചവിട്ടിയിട്ടുമൊന്നും ഗുരുവായ ദ്രോണൻ ആയുധം താഴെ വച്ചില്ല.അദ്ദേഹം യുധിഷ്ഠിരനെ വിളിച്ചു ചോദിച്ചു.”യുധിഷ്ഠിരാ, ഭീമൻ പറയുന്നത് ഞാൻ വിശ്വസിക്കുന്നില്ല.അവൻ കള്ളം പറയുന്നവനാണ്.എന്നാൽ നീ ഒരിക്കലും കളവു പറയില്ലെന്ന് എനിക്കറിയാം.നീ പറയൂ, എന്റെ മകൻ അശ്വത്ഥാമാവ് മരിച്ചോ എന്ന്.”
ഇതിനുത്തരം പറയേണ്ടത് ഒന്നുകിൽ “മരിച്ചു” അല്ലെങ്കിൽ “ഇല്ല” എന്നു മാത്രമാണ്.അതിനുപകരം “അശ്വത്ഥാമാ ഹത” എന്ന് ഉറക്കെ ദ്രോണൻ കേൾക്കത്തക്കവിധവും “കുഞ്ജരോ വാ നര” എന്ന് ശബ്ദം താഴ്ത്തിയും പറയുകയാണ് യുധിഷ്ഠിരൻ ചെയ്തത്.യുധിഷ്ഠിരന്റെ വാക്കുകൾ കേട്ടതോടെ തന്റെ മകൻ മരിച്ചു എന്നുറപ്പിച്ചുകൊണ്ട് ദ്രോണൻ ആയുധം താഴെ വയ്ക്കുകയും ചെയ്തു.യുദ്ധം ജയിക്കണമെങ്കിൽ പിതാമഹനെ കൊന്നേ പറ്റൂ എന്നുറപ്പായതോടെ നേരിട്ട് ആ പിതാമഹനോടു തന്നെ _ ഭീഷ്മരോടു തന്നെ _ അതിനുള്ള ഉപായം ചോദിക്കുന്ന “ധർമ്മിഷ്ഠനെയും”മറ്റൊരവസരത്തിൽ വ്യാസൻ കാട്ടിത്തരുന്നുണ്ട്.ഇന്ദ്രപ്രസ്ഥമെന്ന മയനിർമ്മിതമായ രാജധാനിയിൽ രാജസൂയവും നടത്തിക്കഴിഞ്ഞ് സകലവിധ സുഖഭോഗങ്ങളോടും കൂടി സ്ഥലജലവിഭ്രാന്തിയുളവാക്കുന്ന കൊട്ടാരത്തിൽ അല്ലലെന്തെന്നറിയാതെ കഴിയേണ്ടിയിരുന്ന രാജാവ് ഭോഗലാലസതയിൽപ്പെട്ട്,മറ്റുള്ളവരുടെ എതിർപ്പിനെയെല്ലാം തൃണവൽഗണിച്ചുകൊണ്ട്,രാജാക്കന്മാർക്ക് നിഷിദ്ധമായ “ചൂതുകളിയിൽ ഏർപ്പെടുന്നതും ശകുനിയുടെ കള്ളച്ചൂതിൽ പരാജിതനിയി സർവ്വസ്വവും നഷ്ടപ്പെട്ട് കുലവധുവിനെ വരെ പണയപ്പെടുത്തുന്നതും വ്യാസൻ ചിത്രീകരിക്കുന്നു.വ്യാസചമൽക്കാരത്തിലെ യുധിഷ്ഠിര,ഭീഷ്മ മനസ്സുകൾ ലോകമനസ്സുകളായി നിലനിൽക്കുന്നു.തിന്മയെ നന്മയുടെ ആവരണമണിയിച്ച് ,തിന്മയുടെ സ്പർശമേല്ക്കാത്ത _ നന്മയുടെ അത്യുന്നത പ്രതീകമെന്ന് അനുവാചകമനസ്സുകളുടെ മുഴുവൻ ആരാധനയും പിടിച്ചുപറ്റാൻ കഴിഞ്ഞിട്ടുള്ള ഈ കഥാപാത്രങ്ങളേക്കാൾ വലിയ ട്രാജിക് ഹീറോകൾ ലോകത്ത് മറ്റാരാണുള്ളത്.? ഈ “യുധിഷ്ഠിരഭാവം ” എന്നാണോ മനസ്സിൽ നിന്ന് കുടിയൊഴിപ്പിക്കാൻ കഴിയുന്നത് അന്നേ സജീവമായിട്ടുള്ള “കൃഷ്ണഭാവം” വരികയുള്ളുവെന്ന് വ്യാസൻ നമ്മേ ഓർമ്മിപ്പിക്കുന്നു.🙏🏼
🙏🏼 ഇന്ദ്രപ്രസ്ഥം മയനാലാണ് നിർമ്മിക്കപ്പെട്ടത് _ വിശ്വകർമ്മാവിനാലല്ല _ എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
🙏🏼 ചൂതുകളി,നായാട്ട്,സ്ത്രീസേവ ആദിയായവ ഭരണാധികാരികൾക്ക് നിഷിദ്ധമാണെന്ന് എല്ലാ സ്മൃതികളും എടുത്തു പറയുന്നുണ്ട്.