"മനുഷ്യർ ദേഷ്യം വരുമ്പോൾ എന്ത് കൊണ്ടാണ് ഉച്ചത്തിൽ സംസാരിക്കുന്നത്"

ഒരിക്കൽ ഒരു ഗുരു തൻറെ ശിഷ്യന്മാരോട് ചോദിച്ചു. ശിഷ്യന്മാർ ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം മറുപടി നൽകി.
“മനസ്സിൽ ദേഷ്യം നുരഞ്ഞ് പൊന്തുമ്പോൾ ശാന്തത നഷ്ടപെടും അതുകൊണ്ട്”
“അതിന് തൊട്ടടുത്ത് നിൽക്കുന്ന ആളോട് ഉറക്കെ സംസാരിക്കേണ്ടതുണ്ടോ?ശബ്ദം കുറച്ച് സംസാരിച്ചാലും അടുത്ത് നിൽക്കുന്ന ആൾക്ക് കേൾക്കാൻ കഴിയുമല്ലോ? പിന്നെ എന്തിന് ഉച്ചത്തിൽ അലറണം?”
അവിടെ ശിഷ്യർക്ക് ഉത്തരം മുട്ടി…
അപ്പോൾ ഗുരു പറഞ്ഞു….
“രണ്ടു പേർ കലഹിക്കുമ്പോൾ അവരുടെ ഹൃദയങ്ങൾ അടുത്താണെങ്കിലും ഫലത്തിൽ ഏറെ അകലത്തിൽ ആയിരിക്കും സ്ഥിതി ചെയ്യുന്നത്. ആ അകൽച്ച മൂലമാണ് ഉച്ചത്തിൽ സംസാരിക്കേണ്ടി വരുന്നത്.നേരേ മറിച്ച് സ്നേഹിക്കുന്ന രണ്ടുപേരേ നോക്കു…അവർ എത്ര പതിഞ്ഞ ശബ്ദത്തിലാണ് ആശയം കൈമാറുന്നത്…! ഹൃദയത്തിൻറെ അടുപ്പം പലപ്പോഴും ശബ്ദത്തിൻറെ ആവശ്യം ഇല്ലതാക്കും…ഹൃദയങ്ങൾ ഒന്നാകുമ്പോൾ വെറുതെ നോട്ടങ്ങൾ കൊണ്ട് പോലും ആശയ വിനിമയം സാധിക്കും”

പ്രചോദനകഥകൾ:കാണാത്തതിനെ എങ്ങനെ വിശ്വസിക്കും?

ബാലന്റെ പട്ടം അങ്ങ് വിദൂരതയില്‍ എത്തി. ഇപ്പോള്‍ ഒരു പൊട്ടുപോലെ മാത്രം കാണാം. പട്ടം പിന്നെയും ഉയര്‍ന്നു. ഇപ്പോള്‍ തീര്‍ത്തും കാണാനില്ല. അപ്പോഴാണ് ഒരു വൃദ്ധന്റെ വരവ്.
“നീ എന്തെടുക്കുവാ?” വൃദ്ധന്‍ തിരക്കി. “പട്ടം പറപ്പിക്കുവാ…” ബാലന്റെ മറുപടി കേട്ട് വൃദ്ധന്‍ ആകാശത്തേക്കു നോക്കി. പിന്നീടു പറഞ്ഞു.
“എവിടെ പട്ടം? എനിക്ക് കാണാനാവുന്നില്ല. നീ കള്ളം പറയുന്നു.”
“അല്ലപ്പൂപ്പാ… സത്യമാണ്. അവിടെ എവിടെയോ ഉണ്ട്. ഇപ്പോള്‍ എനിക്കും കാണാനാവുന്നില്ല. പക്ഷേ ഈ നൂലിന്റെ വലിവ് കണ്ടില്ലേ? ആ വലിവ് പട്ടം അവിടെ ഉണ്ടെന്ന് എനിക്ക് അനുഭവപ്പെടുത്തുന്നു. അതുകൊണ്ട് പട്ടം അങ്ങ് മുകളില്‍ത്തന്നെ ഉണ്ടെന്ന് എനിക്ക് ഉറപ്പാണ്. ഈ നൂലില്‍ പിടിച്ചുനോക്കൂ. അതിന്റെ വലിവ് ശ്രദ്ധിക്കൂ. അപ്പോള്‍ അങ്ങേക്കും അനുഭവമാകും. അതോടെ പട്ടം അവിടെ ഉണ്ടെന്ന് ഉറപ്പാകുകയും ചെയ്യും.”
ദൃഢവിശ്വാസമാകുന്ന നൂലില്‍ പിടിച്ചു നോക്കൂ. അപ്പോള്‍
അഗോചരമായിത്തോന്നുന്ന ആ മഹാശക്തി അനുഭവപ്പെടും. പക്ഷേ അതിന് ആദ്യം വിശ്വാസമാകുന്ന നൂലില്‍ പിടിക്കുകതന്നെ വേണം.

പ്രചോദനകഥകൾ:എന്തിനാണീ ജീവിതം?

“എന്തിനാണീ ജീവിതം?” ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു.
ഗുരു ഒരു നിമിഷം മൗനമായി. പിന്നീട് തന്റെ ചെറിയ തോള്‍ സഞ്ചിയില്‍ നിന്ന് ഒരു സാധനം എടുത്ത് ശിഷ്യനെ കാണിച്ചു….നല്ല വൃത്താകൃതിയിലുള്ള ചെറിയെരു കണ്ണാടി കഷണം.
‘ഇതാണ് ജീവിതം’ ഗുരു പറഞ്ഞു ശിഷ്യന് കാര്യം മനസ്സിലായില്ല. ഗുരുനാഥന്‍ വിശദീകരിച്ചു.
“ആറേഴു വയസ്സുള്ളപ്പോള്‍ എന്റെ കൈയ്യില്‍ നിന്നൊരു കണ്ണാടി താഴെ വീണു പൊട്ടി, കഷണങ്ങളായി. ഞാന്‍ അന്നത് ചേര്‍ത്ത് ഒട്ടിക്കാന്‍ പലവിധത്തില്‍ ശ്രമിച്ചു. പക്ഷേ അതു പഴയതു പോലെ ഭംഗിയില്ല. മാത്രമല്ല അതില്‍ മുഖം കാണാനും വൃത്തികേട്. ഞാന്‍ അതിലെ ഒരു വലിയ കഷണം ചില്ലെടുത്തു. ഒരാകൃതിയുമില്ല, വെറും ചില്ലുകഷണം.
പിന്നീട് ക്ഷമാപൂര്‍വം അതിന്റെ വശങ്ങള്‍ ഉരക്കാന്‍ തുടങ്ങി ദിവസവും കുറച്ചു നേരം ഞാന്‍ ആ കണ്ണാടി ചില്ലിന്റെ അരികുകള്‍ ഉരയ്ക്കും. പല മാസങ്ങള്‍ കൊണ്ട് അതിന്റെ വക്ക് ഉരഞ്ഞ് തേഞ്ഞ് വൃത്തിയായി. അങ്ങനെ അത് ചെറിയൊരു വട്ടക്കണ്ണാടിയായി. അതോടെ അത് കണ്ണാടിക്കഷണം എന്ന നിലവിട്ട് ഒരു കണ്ണാടിയായി. ഞാനതുകൊണ്ട് കളിച്ചു രസിച്ചു. സൂര്യപ്രകാശം അതില്‍ തട്ടിച്ച് ഇരുട്ടുള്ള മുറിക്കകത്തേക്കടിച്ചു. എന്റെ കൂട്ടുകാരനായി ആ കണ്ണാടി മാറി, സന്തതസഹചാരിയുമായി.”
ഗുരു തുടരുന്നു, “ഈ ചെറിയ കണ്ണാടി എന്നെ ഒരു പാട് കാര്യങ്ങള്‍ പഠിപ്പിച്ചു… അതായത്, ഞാനീ കണ്ണാടി പോലെയാകണം എന്റെ മനസ്സിന്റെ, അസൂയയും അഹങ്കാരവുമാവുന്ന അരികും മൂലയും ഉരച്ച് കളയണം. കണ്ണാടി സൂര്യപ്രകാശം പ്രതിഫലിപ്പിക്കും പോലെ ഈശ്വരകൃപ എനിനിലൂടെ എല്ലാവരിലേക്കും പ്രതിഫലിപ്പിക്കണം. അതിനാണ് ജീവിതം. മനസ്സിന്റെ (അത്, കേട്ടുവന്നതായാലും) അരികും മൂലയും ഉരച്ചു മിനുക്കി തിളക്കി എടുക്കാന്‍. പിന്നീട് നാം നേടിയ വെളിച്ചം നമ്മുടെ സഹജീവികള്‍ക്ക് പകരാന്‍.
കടപ്പാട്: നാം മുന്നോട്ട്