മഹാബലിയുടെ നൂറു പുത്രന്മാരിൽ കനിഷ്ഠൻ ബാണൻ

മഹാബലിയുടെ നൂറു പുത്രന്മാരിൽ കനിഷ്ഠനാണ് ബാണൻ . അദ്ദേഹം ശിവഭക്തനും സത്യപ്രതിജ്ഞനും ബുദ്ധിമാനും ഉദാരചിത്തനും ദൃഢവ്റ തനുമായിരുന്നു. ശോണിതപുരം എന്ന രാജ്യത്തെയാണ് ഭരിച്ചിരുന്നത്.(അതായത് രക്ത നിർമ്മിതമായ തന്റെ ശരീരത്തെ ഭരിച്ചിരുന്നു എന്നർത്ഥം). ഭഗവാന്റെ നൃത്ത സമയത്ത് ഒരു ദിവസം മൃദംഗം വായിച്ചു പ്രീതിപ്പെടുത്തുകയുണ്ടായി. അയാൾക്ക് 1000 കൈകൾ അനുഗ്രഹിച്ചു നൽകുകയും ശോണിതപുരിയെ രക്ഷിച്ചു കൊള്ളാമെന്നു വരം കൊടുക്കുകയും ചെയ്തു.ബാണാസുരനോട് എതിർക്കുവാൻ ആരും തന്നെ ഉണ്ടായിരുന്നില്ല. അയാളുടെ 1000 കൈകൾക്ക് യാതൊരു ജോലിയുമില്ലാതെ അസ്വസ്ഥനായ അയാൾ ഒരു ദിവസം മഹാദേവനോട് ഇപ്രകാരം പറഞ്ഞു. അവിടുന്നു നൽകിയ കൈകൾ എനിക്ക് ഒരലങ്കാരമായി മാറിയിരിക്കുന്നു. എന്നോട് യുദ്ധം ചെയ്യാൻ അങ്ങയെ അല്ലാതെ മറ്റാരെയും ഞാൻ കാണുന്നില്ല. അതിനാൽ അവിടുന്നെന്നോട് യുദ്ധം ചെയ്താലും .ബാണന്റെ വിവേകരഹിതമായ വാക്കുകൾ കേട്ട് പരമശിവൻ പറഞ്ഞു. ഹേ മൂഢാ നിന്റെ കൊടിമരം എന്നു ഒടിഞ്ഞു വീഴുന്നുവോ അന്ന് എന്നോട് സമനായ ഒരു യോദ്ധാവുമായി നീ യുദ്ധം ചെയ്യാൻ ഇടയാക്യം. മാത്രമല്ല അന്നു നിന്റെ ഗർവ്വം നശിക്കുകയും ചെയ്യും. ഭഗവാന്റെ മറുപടി കേട്ട് സന്തുഷ്ടനായ ബാണൻ കൊട്ടാരത്തിൽ തിരിച്ചെത്തി. ഭഗവാൻ അരുളിചെയ്ത സന്ദർഭത്തെ പ്രതീക്ഷിച്ചു കൊണ്ട് ദിവസങ്ങൾ കഴിച്ചു.ബാണന് ഉഷ എന്നൊരു പുത്രിയുണ്ട്. ഉഷ എന്നാൽ പ്രാത കാലത്തെ പ്രകാശം.ശിവഭക്തിയാൽ അയാൾക്കു ലഭിച്ച വിദ്യയുടെ ആദ്യത്തെ അനുഭവ സ്വരൂപമാണ് ഉഷ. ബാണസചിവനായ കുംഭാണ്ഡന്റെ പുത്രി ചിത്രലേഖ ഉഷയുടെ സഖിയായിരുന്നു. ഉഷ  ഒരുദിവസം നിദ്രയിൽ ഞെട്ടിയുണർന്നു പ്രാണനാഥാ എന്നു വിളിച്ചു കൊണ്ട് ആരെയോ പരിഭ്റമത്തോട് കൂടി അന്വേഷിക്കുന്നതു കണ്ടു അടുത്തുണ്ടായിരുന്ന ചിത്രലേഖ ഉഷയോട് ചോദിച്ചു. സഖീ നീയാരെയാണ് അന്വേഷിക്കുന്നത്. നിന്റെ വിവാഹം കഴിഞ്ഞിട്ടില്ല. എന്നിട്ടും നീ പ്രാണനാഥാ എന്നു വിളിച്ചതെന്താണ്? ഉഷ സഖീ ഞാൻ സ്വപ്നത്തിൽ കമലനയനനും പീതാംബരധാരിയും നീണ്ടുരുണ്ട ബാഹുക്കളുള്ളവനും ശ്യാമളവർണ്ണനും നാരീജനമനോമോഹനനുമായ ഒരു പുരുഷരത്നത്തെക്കണ്ടു. അദ്ദേഹം എന്നെ ആനന്ദിപ്പിച്ച ശേഷം വിരഹാഗ്നിയിൽ എന്നെ തള്ളി വിട്ടു കൊണ്ട് അപ്രത്യക്ഷനായി. അദ്ദേഹത്തെയാണ് ഞാൻ അന്വേഷിച്ചത്.( ജീവൻ മുക്ത ദശയിൽ ആത്മാനന്ദാനുഭവം സ്ഥിരമാകാതിരിക്കുമ്പോൾ വലിയ ചഞ്ചലിപ്പു തോന്നും).

ചിത്രലേഖസഖീ നിന്റെ ഹൃദയചോരൻ ത്രിലോകങ്ങളിൽ എവിടെയെങ്കിലുമുള്ള പക്ഷം ഞാൻ അദ്ദേഹത്തെ ആനയിച്ച് നിന്റെ വിരഹതാപത്തെ ശമിപ്പിക്കാം. ഞാൻ വരക്കുന്ന ചിത്രങ്ങളിൽ നിന്റെ കാമുകൻ ഏതെന്നു സൂചിപ്പിച്ചാൽ മാത്രം മതി. ചിത്രലേഖ ദേവന്മാർ ,ഗന്ധർവ്വന്മാർ, സിദ്ധന്മാർ, യക്ഷന്മാർ, ചാരണന്മാർ, വിദ്യാധരന്മാർ, ദൈത്യന്മാർ, മനുഷ്യർ ആദിയായവരിൽ പലരുടേയും ചിത്രങ്ങൾ ലേഖനം ചെയ്തു സഖിയെ കാണിച്ചു.മനുഷ്യരിൽ വൃഷ്ണിവംശികളായ ശൂരസേനൻ, വസുദേവൻ, ബലരാമൻ, ശ്രീകൃഷൺ ഇവരുടെ ചിത്രങ്ങളെ തുടർന്നു പ്രദ്യുമ്നന്റെ ചിത്രം വരച്ചപ്പോൾ ഉഷ അൽപം ലജ്ജിച്ചു. അതിനു ശേഷം വരച്ച അനിരുദ്ധന്റെ ചിത്രം കണ്ടു ഉഷയുടെ മുഖകമലം ലജ്ജയാൽ തുടുക്കുകയും ഇതാണ് എന്റെ മാനസചോരൻ എന്നു മൃദു സ്വരത്തിൽ പറയുകയും ചെയ്തു.അനിരുദ്ധൻ സാക്ഷി അഥവാ തുരീയത്തിന്റെ സ്വരൂപമാണ്. അത് ആകാരരഹിതമാണെങ്കിലും ബ്രഹ്മാ കാരവൃത്തി രൂപമായ ഉഷ പ്രകടമാവുമ്പോൾ ആവരണഭംഗമുണ്ടായിട്ട് സാക്ഷിയുടെ അനുഭവം ഉണ്ടാകുന്നു.