ഭഗവദ്ഗീതയുടെ പരമലക്ഷ്യം

ഭഗവദ്ഗീതയുടെ ഒന്നാമദ്ധ്യായത്തിൽ അർജുനൻ ഭഗവാനോട് ഒട്ടേറെ ചോദ്യങ്ങൾ ചോദിച്ചിട്ട് വിഷണ്ണനായി ,കയ്യിലുണ്ടായിരുന്ന അമ്പോടുകൂടി വില്ലിനെ വലിച്ചെറിഞ്ഞ് ,തേർത്തട്ടിൽ ഇരിക്കുന്ന രംഗം വ്യാസൻ വർണ്ണിക്കുന്നു.തുടർന്ന് രണ്ടാമദ്ധ്യായാരംഭത്തിലെ കേവലം രണ്ടു ശ്ളോകങ്ങളിലൂടെത്തന്നെ ഭഗവാൻ അർജുനന്റെ ചോദ്യങ്ങൾക്കുള്ള മറുപടി നല്കുന്നുണ്ട്.

                                “കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതം
                                അനാര്യയ്യജുഷ്ടമസ്വർഗ്ഗ്യമകീർത്തികരമർജ്ജുന
                               ക്ലൈബ്യം മാ സ്മ ഗമഃ പർത്ഥ നൈതത് ത്വയ്യുപപദ്യതേ
                              ക്ഷുദ്രം ഹൃദയദൗർബ്ബല്യം ത്യക്ത്വോത്തിഷ്ട പരന്തപ

എന്നാൽ അർജുനൻ വീണ്ടും സംശയാലുവായി.
രണ്ടാമദ്ധ്യായത്തിലെ നാലുമുതൽ എട്ടുവരെ ശ്ളോകങ്ങളിലൂടെ അർജുനൻ ഭഗവാനോടു ചോദിച്ച ചോദ്യങ്ങൾക്ക് പതിനൊന്നുമുതൽ എഴുപത്തിരണ്ടു വരെയുള്ള ശ്ളോകങ്ങളിലൂടെ _ സാഖ്യസന്ദർഭവും സ്ഥിതപ്രജ്ഞലക്ഷണവുമെന്ന രണ്ടു ഭാഗങ്ങളടങ്ങുന്ന ഭാഷ്യത്തിലൂടെ _ ഉത്തരം നല്കുന്നു.രണ്ടാമദ്ധ്യായത്തിലെ 11 മുതൽ 72 വരെയുള്ള ശ്ളോകങ്ങൾ യഥാർത്ഥത്തിൽ ഭഗവാൻ ആദ്യം പറഞ്ഞ രണ്ടു ശ്ളോകങ്ങളുടെ( 2/2,3)ഭാഷ്യമാണ്.ഈ ഭാഷ്യം കൊണ്ടും തൃപ്തി വരാതെ വീണ്ടും ചോദ്യമുയർത്തിയ അർജുനനുവേണ്ടി 3 മുതൽ 18 വരെയുള്ള അദ്ധ്യായങ്ങളിലൂടെ നല്കിയിരിക്കുന്ന വാർത്തികവും ഭഗവാൻ നല്കി.
ചുരുക്കത്തിൽ ഭഗവദ്ഗീതയുടെ രണ്ടാമദ്ധ്യായത്തിലെ രണ്ടും മൂന്നും ശ്ളോകങ്ങളെ ഭഗവദ്സൂത്രങ്ങൾ അല്ലെങ്കിൽ സൂത്രവാക്യങ്ങൾ ആയും,രണ്ടാമദ്ധ്യായത്തിലെ പതിനൊന്നു മുതൽ എഴുപത്തിരണ്ടുവരെയുള്ള ശ്ളോകങ്ങളെ ഭഗവാന്റെ ഭാഷ്യമായും,മൂന്നാമദ്ധ്യായം മുതൽ പതിനെട്ടാമദ്ധ്യായം വരെയുള്ള ഭഗവദ് വചനങ്ങളെ ഭഗവദ്ഗീതാവാർത്തികമായും കണക്കാക്കാം.
 രണ്ടാമദ്ധ്യായത്തിലെ 72ം ശ്ളോകത്തിൽ ഭഗവാൻ ഒരു മഹാസത്യം അർജുനന് ഉപദേശിക്കുന്നതു കാണാം.
                            എഷാ ബ്രഹ്മീ സ്ഥിതിഃ പാർത്ഥ നൈനാം പ്രാപ്യ വിമുഹ്യതി
                           സ്ഥിത്വാ/സ്യാമന്തകാലേ/പി ബ്രഹ്മനിർവ്വാണമൃച്ഛതി.

അല്ലയോ അർജുനാ,ബ്രാഹ്മിസ്ഥിതി ഞാനിതുവരെ വിവരിച്ചതാണ്.ഈ സ്ഥിതിയെ പ്രാപിച്ചവരാരുംതന്നെ മോഹിക്കുന്നില്ല.(ആരെങ്കിലും പിന്നെയും മോഹിക്കുന്നെങ്കിൽ അവർ ബ്രഹ്മിസ്ഥിതിയിൽ എത്താത്തവരാണെന്നു വ്യംഗ്യം)അന്ത്യകാലത്തിലായാൽക്കൂടി ഈ സ്ഥിതിയിലെത്തിയവൻ ബ്രഹ്മനിർവ്വാണത്തെ പ്രാപിക്കുന്നു.അതുകൊണ്ട് ശാന്തി ലക്ഷ്യമാണെങ്കിൽ ,അർജുനാ,ഇതു പഠിച്ചാൽ മതി.രാജ്യം ലക്ഷ്യമാണെങ്കിൽ ഇതു പഠിക്കുകയുമരുത്.രാജ്യവും,ധനവും,ധാന്യവുമൊക്കെ സത്യമാണെങ്കിൽ ബ്രഹ്മനിർവ്വാണത്തിനൊരുങ്ങരുത്.പ്രേയസു വേണ്ടാ എന്നു വെച്ചിട്ട് ശ്രേയസിന് ഒരുങ്ങരുത്.യുദ്ധത്തിന് തയ്യാറെടുക്കുകയും ചെയ്യാം.
അർജുനനെക്കൊണ്ടു യുദ്ധം ചെയ്യിക്കാൻ ശ്രമിക്കുന്ന പണ്ഡിതന്മാരും,അർജുനനെ ഒളിച്ചോടാൻ പ്രേരിപ്പിക്കുന്ന പണ്ഡിതന്മാരുമൊക്കെ മഝരിക്കുന്ന ലോകത്ത് ശാസ്ത്രമല്ല നാം പഠിക്കുന്നത്.ഭഗവദ്ഗീതയുടെ പൊരുളെന്തെന്നറിയാതെ ഒറ്റ വാക്കിൽ പറയാവുന്നതല്ല യുദ്ധമാകുമെന്നോ,യുദ്ധമരുതെന്നോ ഒക്കെ……
ഹിംസയിലൂടെ ഒരിക്കലും ശാന്തി കൈവരിക്കില്ലയെന്ന് ശ്രുതി പലവട്ടം പറഞ്ഞിട്ടുണ്ട്.അതെല്ലാം കൂടുതൽ കൂടുതൽ മോഹത്തെ പ്രാപിക്കും.അതുകൊണ്ട് യുദ്ധമോ,യുദ്ധത്തിൽ നിന്നുള്ള ഒളിച്ചോട്ടമോ,രണ്ടും ശാന്തിയല്ല.
 “ജ്ഞാനം മാത്രമാണ് ശാന്തി പ്രദാനം ചെയ്യുന്നത്.”
       ഇതാണ് ഭഗവദ്ഗീതയുടെ ചരമലക്ഷ്യം