ചെറിയും ചിരങ്ങും മാറാൻ വെള്ളരിക്ക സമർപ്പണം

      ചൊറിയും ചിരങ്ങും മാറാൻ വെള്ളരിക്ക കൊണ്ടുവന്ന് സമർപ്പിക്കുന്ന ക്ഷ്രേത്രമാണ് ഗരുഡൻകാവ്. ചൊറിയും ചിരങ്ങും പിടിച്ച് ബുദ്ധിമുട്ടുന്ന കുട്ടികളെ ഇവിടെ കൊണ്ടു വന്ന് ദർശനം ചെയ്യിച്ച് വഴിപാട് കഴിച്ചാൽ ഉടനെ ആശ്വാസം ലഭിക്കുമെന്നാണ് വിശ്വാസം. സർപ്പബാധാ പരിഹാരത്തിനും ക്ഷേത്രം പ്രസിദ്ധമാണ്. മലപ്പുറം ജില്ലയിൽ തിരൂർ -ചമ്രവട്ടം റൂട്ടിൽ പൂഴിക്കുന്ന് സ്റ്റോപ്പിനടുത്താണ് ക്ഷേത്രം. പ്രധാന മൂർത്തി മഹാവിഷ്ണുവാണെങ്കിലും ഗരുഡനാണ് കൂടുതൽ പ്രാധാന്യം.
        കശ്യപ-വിനത പുത്രനാണ് ഗരുഡൻ. സൽസന്താന ലബ്ദ്ധിക്കുള്ള വരം വാങ്ങിയ വിനിത മുട്ട ഒരു കുടത്തിൽ സൂക്ഷിച്ചു വെച്ചു. ആയിരം വർഷം കഴിഞ്ഞകഴിഞ്ഞപ്പോൾ അണ്ഡം പൊട്ടി ഗരുഡൻ പുറത്ത് വന്ന് ഉഗ്രതേജസ്സോടെ പറന്നുയർന്നു. അമ്മ പന്തയത്തിൽ പരാജയപ്പട്ടപ്പോൾ ജ്യേഷ്ഠത്തിയായ കദ്രുവിന്റെ ദാസിയായി തീർന്നതിൽ പുത്രന് അതിയായ ദു:ഖമുണ്ടായിരുന്നു. ഒടുവിൽ ദേവലോകത്ത് നിന്ന് അമൃത് കൊണ്ട് വന്ന് കൊടുത്താൽ ദാസ്യം ഒഴിവാക്കാമെന്ന് കദ്രു സമ്മതിച്ചു. തന്നോട് എതിർത്ത എല്ലാവരെയും പരാജയപ്പടുത്തിക്കൊണ്ട് ഗരുഡൻ അമൃതകലശം എടുത്ത് ആകാശത്തേക്കുയർന്നു. അത് കണ്ടപ്പോൾ മഹാവിഷ്ണു സന്തോഷിച്ച് ഗരുഡനെ തന്റെ വാഹനമായി സ്വീകരിച്ചു. അമരത്വം കല്പിച്ച് നൽകിയപ്പോൾ ഗരുഡനും സന്തോഷമായി. രണ്ടുപേരും സന്തോഷത്തിലമർന്ന ഭാവമാണിവിടെയെന്ന് പഴമ.