101 ശരണം വിളികള്‍

1. സ്വാമിയേ ശരണമയ്യപ്പ

2. ഹരിഹര സുതനേ ശരണമയ്യപ്പ

3. കന്നിമൂലഗണപതി ഭഗവാനേ ശരണമയ്യപ്പ

4. അച്ചന്‍കോവില്‍ അരശേ ശരണമയ്യപ്പ

5. ആരിയന്‍കാവയ്യനേ ശരണമയ്യപ്പ

6. കുത്തൂപ്പുഴബാലകനേ ശരണമയ്യപ്പ

7. അയ്യം തീര്‍പ്പവനേ ശരണമയ്യപ്പ

8. ആപത് ബാന്ധവനേ ശരണമയ്യപ്പ

9. അനാഥരക്ഷകനേ ശരണമയ്യപ്പ

10. എന്‍കും നിറൈന്തവനേ ശരണമയ്യപ്പ

11. ഏഴൈപന്‍കാളനേ ശരണമയ്യപ്പ

12. എന്‍കള്‍ കുലദൈവമേ ശരണമയ്യപ്പ

13. ഏകാന്ത വാസനേ ശരണമയ്യപ്പ

14. എരുമേലി ശാസ്താവേ ശരണമയ്യപ്പ

15. ഐംകരന്‍ തമ്പിയേ ശരണമയ്യപ്പ

16. അമൈതിയൈ അളിപ്പവനേ ശരണമയ്യപ്പ

17. അണിയും തുളസി മണിയേ ശരണമയ്യപ്പ

18. അഭയം തരുവോനെ ശരണമയ്യപ്പ

19. അഴകുക്കോര്‍ വടിവമേ ശരണമയ്യപ്പ

20. ആനന്ദരൂപനേ ശരണമയ്യപ്പ

21. യാനൈമുഖന്‍തമ്പിയേ ശരണമയ്യപ്പ

22. ഇരുമുടി പ്രിയനേ ശരണമയ്യപ്പ

23. ഈശനിന്‍ പുത്തിരനേ ശരണമയ്യപ്പ

24. അറുപടയാന്‍ തമ്പിയേ ശരണമയ്യപ്പ

25. ഒപ്പറ്റ്റ ദൈവമേ ശരനമയ്യപ്പ

26. ഓങ്കാര പരംപൊരുളേ ശരണമയ്യപ്പ

27. കലിയുഗ വരദനേ ശരണമയ്യപ്പ

28. കണ്‍ കണ്‍ടദൈവമേ ശരണമയ്യപ്പ.

29. കാരുണ്ണ്യമൂര്‍ത്തിയേ ശരണമയ്യപ്പ

30. കര്‍പ്പൂര ജ്യോതിയേ ശരണമയ്യപ്പ

31. കാന്തമലൈജ്യോതിയേ ശരണമയ്യപ്പ

32. ഗുരുവുക്കും ഗുരുവേ ശരണമയ്യപ്പ

33. സകലകലാ വല്ലഭനേ ശരണമയ്യപ്പ

34. ശബരി ഗിരീശനേ ശരണമയ്യപ്പ

35. ശിവനരുള്‍ ശെല്‍വനേ ശരണമയ്യപ്പ

36. തവക്കോലം കൊണ്‍ടവനേ ശരനമയ്യപ്പ

37. തിരുമാല്‍ മകനേ ശരണമയ്യപ്പ

38. നീലകണ്‍ഠന്‍ മകനേ ശരണമയ്യപ്പ

39. നൈ അഭിഷേകപ്രിയനേ ശരണമയ്യപ്പ

40. പാണ്ധ്യരാജന്‍ കുലകൊഴുന്തേ ശരണമയ്യപ്പ

41. പാര്‍ത്ഥസാരഥി മകനേ ശരണമയ്യപ്പ

42. ഭൂതപ്പടൈ തലൈവനേ ശരണമയ്യപ്പ

43. മാധവന്‍ മകനേ ശരണമയ്യപ്പ

44. മെയ്ഞാന മൂര്‍ത്തിയേ ശരണമയ്യപ്പ

45. ജാതി-മതം കലൈന്തവനേ ശരണമയ്യപ്പ

46. ഗുരുവായൂരപ്പ മൂര്‍ത്തിയേ ശരണമയ്യപ്പ

47. വൈക്കത്തപ്പ ദേവനേ ശരണമയ്യപ്പ

48. വതക്കുംനാഥ സ്വാമിയെ ശരണമയ്യപ്പ

49. ഏറ്റുമാനൂരപ്പനേ ശരണമയ്യപ്പ

50. കടുത്തിരുത്തി ദേവനേ ശരണമയ്യപ്പ

51. പാറമേല്‍ക്കവമ്മ ദേവിയെ ശരണമയ്യപ്പ

52. ചോറ്റാനിക്കരയമ്മ ദേവിയെ ശരണമയ്യപ്പ

53. മണപ്പുള്ളിക്കാവമ്മ ദേവിയെ ശരണമയ്യപ്പ

54. മീന്‍കുളത്തിയമ്മ ദേവിയേ ശരണമയ്യപ്പ

55. മധുര മീനാക്ഷിഅമ്മ ദേവിയേ ശരണമയ്യപ്പ

56. എറണാകുളത്തപ്പ ദേവനേ ശരണമയ്യപ്പ

57. മാളികപ്പുറത്തമ്മ ദേവിയേ ശരണമയ്യപ്പ

58. മോഹിനി സുതനേ ശരണമയ്യപ്പ

59. വലിയ കടുത്തസ്വാമിയേ ശരണമയ്യപ്പ

60. ചെറിയകടുത്തസ്വാമിയേ ശരണമയ്യപ്പ

61. വാവരിന്‍ തോഴനേ ശരണമയ്യപ്പ

62. പംപാനദിയേ ശരണമയ്യപ്പ

63. പന്‍പാ വിളക്കേ ശരണമയ്യപ്പ

64. കരിമലൈ വാസനേ ശരണമയ്യപ്പ

65. അഴുതാ നദിയേ ശരണമയ്യപ്പ

66. കല്ലിടാം കുന്നേ ശരണമയ്യപ്പ

67. ചെറിയാന വട്ടമേ ശരണമയ്യപ്പ.

68. വലിയാനവട്ടമേ ശരണമയ്യപ്പ

69. അന്നദാനപ്രഭുവേ ശരണമയ്യപ്പ

70. ആനന്ദ ദായകനേ ശരണമയ്യപ്പ

71. വന്‍ പുലി വാഹനനേ ശരണമയ്യപ്പ

72. വില്ലാളി വീരനേ ശരണമയ്യപ്പ

73. പായസാന്ന പ്രിയനേ ശരണമയ്യപ്പ

74. വീരമണി കണ്‍ഠനേ ശരണമയ്യപ്പ

75. ആശ്രിത വത്സലനേ ശരണമയ്യ

76. നൈ അഭിഷേകപ്രിയനേ ശരണമയ്യപ്പ

77. സേവിപ്പോര്‍ക്കഭയം തരുവോനെ ശരണമയ്യപ്പ.

78. ഭസ്മാഭിഷേക പ്രിയനേ ശരനമയ്യപ്പ

79. ശബരീപീഠമേ ശരണമയ്യപ്പ

80. അപ്പാച്ചി മേടേ ശരണമയ്യപ്പ

81. ഇപ്പാച്ചികുഴിയേ ശരണമയ്യപ്പ

82. ശരംകുത്തി ആലേ ശരണമയ്യപ്പ

83. ആശ്രിതവത്സലനേ ശരണമയ്യപ്പ

84. അഭയപ്രദായകനേ ശരണമയ്യപ്പ

85. പന്തളരാജകുമാരനേ ശരണമയ്യപ്പ

86. വല്ലീദേവയാന സമേത ശ്രീ സുബ്രഹ്മണ്യ സ്വാമിയേ ശ്രരണമയ്യപ്പ

87. ക്ഷുരികായുധനേ ശരണമയ്യപ്പ

88. വാവരിന്‍ തോഴനേ ശരണമയ്യപ്പ

89. മഹിഷീസംഹാരനേ ശരണമയ്യപ്പ

90. ജാതിമതമില്ലാ ദൈവമേ ശരണമയ്യപ്പ

91. സേവിപ്പോര്‍ക്കാനന്ദ മൂര്‍ത്തിയേ ശരണമയ്യപ്പ

92. ശത്രു സംഹാരനേ ശരണമയ്യപ്പ

93. ഭഗവാനിന്‍ പൊന്നു പതിനെട്ടു പടികളെ ശരണമയ്യപ്പ.

94. ഭഗവാനിന്‍ തിരുസന്നിധിയേ ശരണമയ്യപ്പ

95. ഭസ്മക്കുളമേ ശരണമയ്യപ്പ

96. ആജ്യാഭിഷേക പ്രിയനേ ശരണമയ്യപ്പ

97. പൊന്നംബല മേടേ ശരണമയ്യപ്പ

98. സമ്സതാപരാധം പൊറുത്തരുളേണമേ ശരണമയ്യപ്പ

99. വാവരില്‍ തോഴനേ ശരണമയ്യപ്പ

100.അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകനേ ശരണമയ്യപ്പ..

101.ഹരിഹരസുതനാനന്ദചിത്തനയ്യനയ്യ്പ് സ്വാമിയേ ശരണമയ്യ

ശബരിമലയാത്ര​


🌿🌿🌿🌿🌿🌿🌿

ഭക്തിയും, ഭഗവാനും നാമരൂപങ്ങള്‍ക്കതീതമായി ഒന്നായി മാറുന്ന ഈശ്വരസന്നിധിയും ശബരിമലയല്ലാതെ മറ്റൊന്ന് ലോകത്തില്‍ കാണാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ കല്ലും മുള്ളും ചവിട്ടി കാടും മേടും താണ്ടി പ്രകൃതിയെ അനുഭവിച്ചുള്ള തീര്‍ത്ഥാടനത്തിലൂടെ ഭക്തന് മോക്ഷമാര്‍ഗം നല്‍കുന്ന തീര്‍ത്ഥാടനം മറ്റൊന്നില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും.

പതിനെട്ട് പുരാണങ്ങളെ പ്രതിനിധാനം ചെയ്യുന്ന പതിനെട്ട് മലകളുടെ കേന്ദ്രബിന്ദുവാണ് മഞ്ഞണിഞ്ഞുണരുന്ന മഹാക്ഷേത്രം സ്ഥിതിചെയ്യുന്ന ശബരിമല. ആത്മാവും ശരീരവും പരിശുദ്ധമാക്കി ഇരുമുടിക്കെട്ടുമായി ഉപനിഷത് വാക്യമായ ‘തത്വമസി’ ആലേഖനം ചെയ്ത തങ്കശ്രീകോവിലിനു മുന്നില്‍ സത്യാന്വേഷണവുമായി എത്തുന്ന ഭക്തന് പഞ്ചഭൂതങ്ങളുടെ നാഥനായ അയ്യപ്പ ദര്‍ശനം നന്മയിലേക്കുള്ള നേര്‍വഴിയാണ് കാണിച്ചുതരുന്നത്.

ഭക്തിയും, ഭഗവാനും നാമരൂപങ്ങള്‍ക്കതീതമായി ഒന്നായി മാറുന്ന ഈശ്വരസന്നിധിയും ശബരിമലയല്ലാതെ മറ്റൊന്ന് ലോകത്തില്‍ കാണാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ കല്ലും മുള്ളും ചവിട്ടി കാടും മേടും താണ്ടി പ്രകൃതിയെ അനുഭവിച്ചുള്ള തീര്‍ത്ഥാടനത്തിലൂടെ ഭക്തന് മോക്ഷമാര്‍ഗം നല്‍കുന്ന തീര്‍ത്ഥാടനം മറ്റൊന്നില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. ഇവിടെ പ്രകൃതിയോട് നീതിപുലര്‍ത്തുന്ന സമീപനം കൈക്കൊള്ളുവാന്‍ ഓരോ ഭക്തനും തയ്യാറെടുക്കേണ്ടതുണ്ട്. ആചാരങ്ങളും കീഴ്‌വഴക്കങ്ങളും തെറ്റിക്കാതെ നിരവധി പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന തീര്‍ത്ഥാടനം പരമ്പരാഗത പാതകള്‍ വഴിയും ഇടത്താവളങ്ങള്‍ വഴിയുമാകുമ്പോള്‍ പ്രകൃതിയെ അനുഭവിച്ചറിയുവാന്‍ ഓരോരുത്തര്‍ക്കും കഴിയുന്നു.

ശബരിമല എന്ന കാനന ക്ഷേത്രം ലോകപ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറിയതോടെ അയ്യപ്പ ഭക്തരുടെ സഞ്ചാരപഥങ്ങളില്‍ കാതലായ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. പമ്പാതടം വരെ ഇന്ന് വാഹനങ്ങളില്‍ എത്തിച്ചേരാനുള്ള സൗകര്യങ്ങളുണ്ട്. കാലത്തിന്റെ മാറ്റമനുസരിച്ച് ഹെലികോപ്ടറില്‍ എത്താനുള്ള സംവിധാനങ്ങളും രൂപപ്പെട്ടുവരുന്നു. എന്നിരുന്നാലും പരമ്പരാഗത പാതയിലൂടെയുള്ള കാല്‍നട യാത്രയുടെ അനുഭൂതി അനുഭവിക്കാനുള്ള തീവ്രമായ ആഗ്രഹം മനസ്സിനുള്ളില്‍ കാത്തുസൂക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നില്ല എന്നത് ആശ്ചര്യമാണ്.

എരുമേലിയില്‍ നിന്നാണ് പരമ്പരാഗത പാതയിലൂടെയുള്ള ശബരിമല തീര്‍ത്ഥാടന യാത്ര ആരംഭിക്കുന്നത്. മുമ്പ് മണ്ഡലകാലത്തിന്റെ അവസാന കാലങ്ങളിലായിരുന്നു കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടകരുടെ തിരക്ക് കൂടുതലായി ഉണ്ടാവുക. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടകെട്ട് എരുമേലിയില്‍ നടക്കുന്നതുവരെ ഇത് തുടരും. ഇപ്പോള്‍ മണ്ഡലകാലം ആരംഭിക്കുമ്പോള്‍ മുതല്‍ കാനനപാതയിലൂടെ സന്നിധാനത്തേക്ക് നീങ്ങാനുള്ള ആവേശം അയ്യപ്പ ഭക്തര്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നതായി കാണാം. ദേവസ്വം നിയന്ത്രണത്തില്‍ ഒരുക്കങ്ങളൊന്നും ആയില്ലെങ്കിലും പരമ്പരാഗത പാതയിലെ പുല്ലുകള്‍ നീക്കി വഴികള്‍ തിട്ടപ്പെടുത്തി പഴമയെ ഉള്‍ക്കൊണ്ട് സഞ്ചരിക്കുവാനുള്ള പ്രവണത കൂടിവരുന്നതായിട്ടാണ് ഇവിടങ്ങളിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്. വാനോളം ഉയര്‍ന്നു നില്‍ക്കുന്ന വന്‍മരങ്ങള്‍ക്കിടയില്‍ കൂടി ‘ശരണമന്ത്രം’ ജപിച്ച് താപസ്സനെപ്പോലെ മലകളും, കോട്ടകളും താണ്ടി നീങ്ങുമ്പോള്‍ ശരീരത്തിന് കൈവരുന്ന ഉണര്‍വ് മറ്റൊരു യാത്രകളിലും തീര്‍ത്ഥാടകന് കൈവരില്ല. അതുതന്നെയാണ് ശബരിമല യാത്ര ഇന്നും വേറിട്ടുനില്‍ക്കുന്ന അനുഭവമായി പ്രഗത്ഭര്‍ ചൂണ്ടിക്കാട്ടുന്നത്

എരുമേലി കൊച്ചമ്പലത്തില്‍ പേട്ടകെട്ടി വലിയമ്പലത്തില്‍ ദര്‍ശനം നടത്തി സ്‌നാനം കഴിഞ്ഞ് അയ്യപ്പ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന എരുമേലി പുത്തന്‍ വീട്ടിലെത്തി നമസ്‌കരിച്ച ശേഷമാണ് കാനനപാതയിലൂടെയുള്ള യാത്രക്ക് തുടക്കമാവുക. അയ്യപ്പന്‍ മഹിഷി നിഗ്രഹം നിറവേറ്റിയ ശേഷമുള്ള വാളും കാപ്പുകളും സൂക്ഷിച്ചിരിക്കുന്ന പൂജാമുറി ഇവിടെ ഭക്തര്‍ക്ക് നേരില്‍ ദര്‍ശിക്കാം. ഇതിനുശേഷം പേരൂര്‍തോട്ടിലേക്കുള്ള യാത്ര കോട്ടപ്പടി എന്ന സ്ഥലം കടന്നാണ്. ഇവിടം മുതല്‍ അയ്യപ്പന്റെ പൂങ്കാവനമാണ്. വനയാത്രയില്‍ സന്നിധാനം വരെയുള്ള ഏഴ് കോട്ടകളില്‍ ആദ്യത്തേതാണ് ഇത്. ചെറിയ പച്ചില പറിച്ച് അര്‍പ്പിച്ചിട്ടുവേണം കോട്ടപ്പടി കടക്കേണ്ടത്.

എരുമേലിയില്‍ നിന്ന് പുറപ്പെട്ട ഭഗവാന്‍ അയ്യപ്പന്‍ ആദ്യം വിശ്രമിച്ചത് പേരൂര്‍തോട്ടിലാണ്. ഇവിടുത്തെ ചെറിയ നദിയാണ് നാടും കാടുമായി വേര്‍തിരിക്കുന്നത്. ഇവിടെ നിന്ന് എത്തുന്നത് ഇരുമ്പൂന്നിക്കരയിലാണ്. ഇവിടെ ശിവ-സുബ്രഹ്മണ്യ- ദേവീ ക്ഷേത്രദര്‍ശനം നടത്തി യാത്ര തുടരുമ്പോള്‍ അരശുമുടിക്കോട്ടയാണ് സ്വാമി ഭക്തരുടെ ആദ്യ ആശ്രയസ്ഥലം. തുടര്‍ന്ന് പേരൂര്‍തോടിന്റെ താഴ്‌വരയായ കാളകെട്ടിയിലേക്കുള്ള പ്രയാണമായി. മഹിഷി വധത്തിനുശേഷം അയ്യപ്പന്‍ നടത്തിയ ആനന്ദനൃത്തം കാണാനെത്തിയ പരമശിവന്‍, തന്റെ വാഹനമായ നന്ദികേശനെ നിര്‍ത്തിയ സ്ഥലമാണ് കാളകെട്ടി എന്നറിയപ്പെടുന്നത്.

അഴുത

കാളകെട്ടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ പിന്നിടുന്നതോടെ അഴുതയില്‍ എത്തിച്ചേരും. അഴുതാ നദിയില്‍ കുളികഴിഞ്ഞ് ഗുരുസ്വാമിമാരുടെ നിര്‍ദ്ദേശ പ്രകാരം കന്നി അയ്യപ്പന്മാര്‍ ഒരു കല്ലെടുത്ത് കുത്തനെയുള്ള മലകയറി കല്ലിടുംകുന്നില്‍ നിക്ഷേപിക്കുന്നത് പരമ്പരാഗത ചടങ്ങാണ്.

അഴുതയില്‍ നിന്ന് യാത്ര തുടങ്ങുമ്പോഴേ അയ്യപ്പന്മാര്‍ പൂര്‍ണ്ണമായും പ്രകൃതിയുടെ കുളിര്‍മയിലേക്ക് സ്വയം എത്തിച്ചേരും. യഥാര്‍ത്ഥ മലകയറ്റവും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. കീഴ്ക്കാംതൂക്കായ അഴുതമേട് കയറി തുടങ്ങുമ്പോള്‍ തന്നെ ഭക്തിയുടെ പാരമ്യതയിലേക്ക് ഓരോ തീര്‍ത്ഥാടകനും എത്തിച്ചേരും.

കല്ലിടുംകുന്ന്

അഴുതയില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ പിന്നിടുമ്പോഴാണ് കല്ലിടുംകുന്ന്. ഇവിടെ മഹിഷിയുടെ ശരീരം കല്ലിട്ടുമൂടിയതാണെന്നും, ഉദയനന്റെ കോട്ടയുടെ കിടങ്ങുകള്‍ ഭഗവാന്‍ അയ്യപ്പന്റെ സൈന്യം കല്ലിട്ടുമൂടിയതാണെന്നും രണ്ടുപക്ഷമുണ്ട്.

എങ്കിലും പരമ്പരാഗത ചടങ്ങെന്ന നിലയില്‍ അഴുതയില്‍ നിന്ന് കൈവശം എടുത്ത കല്ല് ഇവിടെ നിക്ഷേപിച്ച് വലംതിരിഞ്ഞ് യാത്ര തുടരുന്നു. അല്‍പം പിന്നിടുന്നതോടെ ഇഞ്ചിപ്പാറ കോട്ടയിലെത്തും. അഴുതമേട് കയറ്റം അവസാനിക്കുന്ന ഇവിടെ ഇഞ്ചിപ്പാറ മൂപ്പന്റെയും കോട്ടയില്‍ ശാസ്താവിന്റെയും ക്ഷേത്രങ്ങളുണ്ട്.

കരിമല

ഇഞ്ചിപ്പാറയില്‍ നിന്ന് ഇറക്കമിറങ്ങിയെത്തുന്നത് മുക്കുഴിയിലാണ്. ഇവിടുത്തെ ഗണപതി, ദേവി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി പുതുശേരി മലയടിവാരത്തിലൂടെ പതിനൊന്ന് കിലോമീറ്റര്‍ കൊടുംകാട്ടില്‍ കൂടി സഞ്ചരിച്ചെത്തുമ്പോഴാണ് തീര്‍ത്ഥാടകനെ ഉള്ളഴിഞ്ഞ് ശരണം വിളിപ്പിക്കുന്ന കരിമലയാത്ര ആരംഭിക്കുന്നത്.

കരിയിലാംതോടിന്റെ താഴ്‌വാരമായ ഇവിടം കരിമല ഉദയനന്റെ ആസ്ഥാനമായിരുന്നു. വനദുര്‍ഗ്ഗ, കരിമലനാഥന്‍, കൊച്ചുകടുത്ത എന്നീ ശക്തികളുടെ ആരാധനാ സ്ഥാനങ്ങളും ഉണ്ട്. ദുഷ്ടമൃഗങ്ങളുടെ വിഹാരകേന്ദ്രം കൂടിയാണ് ഇവിടം. ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്ന കരിമലയിലേക്ക് ഇവിടെ നിന്ന് കയറിത്തുടങ്ങും. ഒരുതട്ട് കയറി അടുത്തതിലേക്ക് എത്തും. അങ്ങനെ ഏഴ് തട്ടുകള്‍ താണ്ടിയാലേ മലമുകളിലെത്തൂ.

ശരണംവിളികള്‍ ഉച്ചസ്ഥിതിയിലാകുന്നതും ഈ മലകയറ്റത്തിലാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധിയില്‍ ഭഗവാന്‍ അയ്യപ്പനെ മനസ്സില്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ കരുത്തില്‍ മാത്രമേ കരിമല കയറ്റം പൂര്‍ണ്ണമാക്കാനാവൂ. മലയുടെ മുകളില്‍ ഒരിക്കലും വറ്റാത്ത കിണറും, കുളവുമുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ദാഹശമനം വരുത്താന്‍ ഇത് സഹായകമാവുന്നു. നാലാമത്തെ കോട്ടയായ കരിമല കൊച്ചുകടുത്ത സ്വാമിയുടെയും ഭഗവതിയുടെയും അധിവാസ ഭൂമിയാണ്. ‘വ്രതഭംഗം വരുത്തിയവരെ കരിമല കടത്തിവിടാറില്ല’ എന്നാണ് പഴമക്കാര്‍ പറയുന്നത്.

വലിയാനവട്ടം-ചെറിയാനവട്ടം

കാഠിന്യമേറിയ കരിമല കയറിയാല്‍ പിന്നെ അതിലും കഠിനമായ ഇറക്കമാണ്. കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളിലൂടെ ഇറങ്ങിച്ചെല്ലുന്നത് സമതല പ്രദേശത്തേക്കാണ്-വലിയാനവട്ടം, അല്‍പ്പം മുന്നോട്ടു ചെല്ലുമ്പോള്‍ ചെറിയാനവട്ടവും. ഇവിടെയാണ് അയ്യപ്പന്മാര്‍ വിശ്രമിക്കുന്നത്. തുടര്‍ന്നുള്ള യാത്ര പമ്പാതടത്തിലേക്കാണ്. പുണ്യപമ്പയിലെ സ്‌നാനം അയ്യപ്പ ഭക്തന്റെ ക്ഷീണമെല്ലാം തീര്‍ത്ത് ആനന്ദത്തിലെത്തിക്കും. ഒപ്പം ആത്മീയമായ ഉണര്‍വും, ശാന്തമായ മനസും കൈവരിക്കുവാന്‍ സഹായിക്കുന്നു.

നീലിമല

അയ്യപ്പ സന്നിധിയിലേക്കുള്ള യാത്രയുടെ അവസാനഭാഗമാണ് പമ്പയില്‍ നിന്ന് നീലിമല കയറ്റത്തോടെ ആരംഭിക്കുന്നത്. പമ്പാഗണപതിയെ ദര്‍ശിച്ച ശേഷമാണ് മൂന്ന് തട്ടുകളായുള്ള നീലിമല കയറ്റം ആരംഭിക്കുന്നത്. നീലമല കയറി അപ്പാച്ചിമേട് പിന്നിട്ട് ഭക്തര്‍ എത്തുന്നത് ശബരിപീഠത്തിലാണ്.

രാമായണത്തിലെ ഭക്തശിരോമണിയായ ശബരി തപസ്സുചെയ്ത സ്ഥലമാണ് ഈ പുണ്യസങ്കേതം. ഇവിടെ നിന്ന് ഒരുകിലോമീറ്റര്‍ പിന്നിടുമ്പോള്‍ ശരംകുത്തിയാല്‍ത്തറയില്‍ എത്തും. അയ്യപ്പനും സൈന്യവും തങ്ങളുടെ ആയുധങ്ങള്‍ ഉപേക്ഷിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം.

പരമ്പരാഗത തീര്‍ത്ഥാടനത്തിന് ആരംഭം കുറിക്കുന്ന എരുമേലിയില്‍ കുടികൊള്ളുന്ന ശാസ്താവ് ചാപപാണിയായ പുലിവാഹനനാണ്. ശബരിമലയിലെ ശാസ്താവ് യോഗാരൂഢനും ചിന്മുദ്രയില്‍ കൂടി മൗനവ്യാഖ്യാനം നടത്തിക്കൊണ്ടിരിക്കുന്ന പരമാചാര്യനുമാണ്. അതുകൊണ്ടുതന്നെ എരുമേലിയില്‍ നിന്ന് കന്നി അയ്യപ്പന്മാര്‍ കൊണ്ടുവന്നിട്ടുള്ള ശരക്കോല്‍ ശരംകുത്തിയാല്‍ത്തറയില്‍ അര്‍പ്പിക്കും. അതിനപ്പുറത്തേക്ക് ആയുധ സാന്നിധ്യമില്ല.

പതിനെട്ടാംപടി

ശരംകുത്തിയാല്‍ കഴിഞ്ഞാലുടന്‍ ഭക്തര്‍ എത്തിച്ചേരുന്നത് പൊന്നുപതിനെട്ടാംപടി സ്ഥിതി ചെയ്യുന്ന സ്വാമിയുടെ സന്നിധാനത്തിലേക്കാണ്. ഇരുമുടിക്കെട്ടുള്ളവര്‍ക്കു മാത്രമേ പതിനെട്ടാംപടി കയറി സ്വാമി ദര്‍ശനത്തിന് അവകാശമുള്ളു. മലദൈവങ്ങള്‍ കുടിയിരുത്തപ്പെട്ട ഈ പടികള്‍ ഭഗവല്‍ സന്നിധിയെ പ്രാപിക്കുവാനായി ആരോഹണം ചെയ്യേണ്ട പതിനെട്ടു പടികളാണ്. നാലാള്‍ ഉയരത്തില്‍ ചതുരാകാരമായിട്ടാണ് പതിനെട്ടാംപടിയ്ക്കകം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്

പതിനെട്ടാംപടി സംശുദ്ധസ്ഥാനവും, സത്യധര്‍മ്മങ്ങളുടെ ആസ്ഥാനമാകയാല്‍ പടിക്കിരുവശവുമായി കറുപ്പ, കടുത്ത സ്വാമികള്‍ ഭൂതവൃന്ദങ്ങളോടുകൂടി കാത്തുനില്‍ക്കുന്നു. പതിനെട്ടാംപടി കയറി സ്വാമി ദര്‍ശനം നടത്തി ശബരീശപാദങ്ങളില്‍ തന്റെ പാപഭാരങ്ങള്‍ സമര്‍പ്പിക്കുന്നതോടെ ഭക്തന്റെ തീര്‍ത്ഥയാത്ര പൂര്‍ണ്ണത കൈവരിക്കുന്നു. ഒപ്പം ഭക്തനും ഭഗവാനും ഒന്നായി തീരുന്നു.

സ്വാമിയേ ശരണമയ്യപ്പ

ശബരിമലയ്ക്ക് മാലയിട്ടാല്‍

മാലയിട്ടാല്‍ അത് ഊരുന്നതുവരെ ക്ഷൗരം പാടില്ല.
ഒരു ലഹരിവസ്തുക്കളും ഉപയോഗിക്കരുത്.
മാംസഭക്ഷണം പാടില്ല.
പഴയതും പാകം ചെയ്ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം കഴിക്കാന്‍ പാടില്ല.
ഭക്ഷണം പാകം ചെയ്ത് ഒന്നരമണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ഉത്തമം.
കോപിക്കരുത്, കള്ളംപറയരുത്, ഹിംസിക്കരുത്.
ശവസംസ്‌കാര കര്‍മ്മത്തില്‍ പങ്കെടുക്കരുത്, പങ്കെടുത്താല്‍ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് മലചവിട്ടണം.
ജാതകര്‍മ്മങ്ങളില്‍ പങ്കെടുക്കരുത്.
ആരെയും പരിഹസിക്കരുത്.
ശിഷ്യനല്ലാത്തവനെ ശാസിക്കരുത്.
പകലുറങ്ങരുത്.

ശബരിമലയില്‍ ചെയ്യരുതാത്തത്
—————————————————-
* ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറരുത്
* പമ്പാനദി മലിനമാക്കരുത്
* തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം പാടില്ല. പമ്പയിലെയും സന്നിധാനത്തെയും കക്കൂസുകള്‍ ഉപയോഗിക്കണം
* ഉടുത്ത വസ്ത്രങ്ങള്‍ പമ്പാനദിയില്‍ ഉപേക്ഷിക്കരുത്.
* വനനശീകരണത്തിന് കാരണമായേക്കാവുന്ന ഒന്നും ചെയ്യരുത്.
* പമ്പയിലും ശബരിമലയിലും പുകവലി പാടില്ല.
* പ്ലാസ്റ്റിക് വസ്തുക്കള്‍ പാടില്ല. കഴിയുന്നത്ര തുണിസഞ്ചികള്‍ ഉപയോഗിക്കുക.
* ശരംകുത്തിയിലാണ് ശരക്കോല്‍നിക്ഷേപിക്കേണ്ടത്. വേറെയെങ്ങും പാടില്ല.
* പമ്പാസദ്യയ്ക്ക്‌ശേഷം എച്ചിലില പമ്പാനദിയില്‍ ഒഴുക്കുന്നത് ആചാരമല്ല.
* പതിനെട്ടാംപടിയിലേക്ക് നാളികേരം വലിച്ചെറിയരുത്. നാളികേരം ഉടയ്ക്കാന്‍ പടിയുടെ വശങ്ങളില്‍ പ്രത്യേകം സ്ഥലങ്ങളുണ്ട്.
* അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നവര്‍ അതുകഴിഞ്ഞാല്‍ അടുപ്പിലെ തീ പൂര്‍ണമായും കെടുത്തണം. കര്‍പ്പൂരാരാധാന നടത്തുന്നവര്‍ അലക്ഷ്യമായി തീ ഉപേക്ഷിക്കരുത്.
* 10നും 50 ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ മല ചവിട്ടരുത്.

ഗുരുദക്ഷിണ എട്ടുതവണ
——————————————
സ്വയം കെട്ടുനിറച്ച്, കെട്ടുതാങ്ങി മലചവിട്ടാന്‍ പാടില്ലെന്നാണ് വിശ്വാസം. ഗുരുസ്വാമിയുടെ കാര്‍മ്മികത്വത്തിലായിരിക്കണം അത്.ഓരോ സംഘത്തിനും ഒരു ഗുരുസ്വാമി ഉണ്ടാകണം. ഗുരുസ്വാമിക്ക് എട്ടുതവണയാണ് ദക്ഷിണ നല്‍കേണ്ടത്. പണം നല്‍കുന്നുവെന്ന സങ്കല്പത്തിലല്ല ദക്ഷിണ നല്‍കേണ്ടത്. വാങ്ങുന്നതും അങ്ങനെയാകാന്‍ പാടില്ല. ദക്ഷിണ നല്‍കേണ്ടത് താഴെ പറയുന്ന സമയങ്ങളിലാണ്- 1. മാലയിടുമ്പോള്‍ 2.കറുപ്പുകച്ച കെട്ടുമ്പോള്‍ 3. എരുമേലിയില്‍ പേട്ടക്കളത്തില്‍ 4. വനയാത്ര തുടങ്ങുമ്പോള്‍ 5. അഴുതയില്‍ മുങ്ങിയെടുത്ത കല്ല് ഗുരുവിന് സമര്‍പ്പിച്ച് അത് തിരികെ വാങ്ങുമ്പോള്‍ 6. പമ്പയില്‍ കെട്ട് താങ്ങുമ്പോള്‍ 7. ദര്‍ശനംകഴിഞ്ഞ് പതിനെട്ടാം പടിയിറങ്ങി കെട്ട് താങ്ങുമ്പോള്‍ 8. വീട്ടിലെത്തി മാലയൂരുമ്പോള്‍ ഗുരുദക്ഷിണക്ക് വെറ്റിലയും അടയ്ക്കയും യഥാശക്തി പണവും ആകാം. കൊടുക്കുന്നത് ഭക്തിയോടും വാങ്ങുന്നത് തൃപ്തിയോടും ആകണം.

പ്രധാനം ബ്രഹ്മചര്യം
———————————–
ശബരിമല തീര്‍ഥാടകന്‍ അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാന കര്‍മ്മം ബ്രഹ്മചര്യമാണ്. ശരീരത്തേയും മനസ്സിനേയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തുകയാണത്. വാക്കോ ചിന്തയോ പ്രവൃത്തിയോ കൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കാതിരാക്കണം. എല്ലാവര്‍ക്കും ആവശ്യമായ സേവനം നല്കാന്‍ സദാ സന്നദ്ധനായിരിക്കണം. ലളിതജീവിതമാണ് നയിക്കേണ്ടത്. ആഡംബരവും അലങ്കാരവും ഉപേക്ഷിക്കണം. സസ്യാഹാരം മാത്രമെ പാടുള്ളൂ. വ്രതകാലം തീരുംവരെ താടിയും മുടിയും വളര്‍ത്തണം.

പമ്പയിലെ പിതൃതര്‍പ്പണം
——————————————-
ശബരിമല യാത്രയില്‍ പിതൃക്കളെ മറക്കരുത്. പമ്പയിലെ പുണ്യസ്‌നാനം കഴിഞ്ഞ് പമ്പാ ത്രിവേണിയില്‍ ബലിയിടാം. ബലിത്തറയും കര്‍മികളും സീസണ്‍ മുഴുവന്‍ അവിടെ ഉണ്ടാവും – രാപകല്‍.
മറവപ്പടയുമായുണ്ടായ യുദ്ധത്തില്‍ മരിച്ച സ്വന്തം സേനാംഗങ്ങള്‍ക്ക് ശബരിമല അയ്യപ്പന്‍ ത്രിവേണിയില്‍ ബലിയിട്ടുവെന്നാണ് ഐതിഹ്യം. അതിന്റെ സ്മരണ പുതുക്കലാണ് പമ്പയിലെ പിതൃതര്‍പ്പണം.

മുദ്രാധാരണം
——————————
വൃശ്ചികം ഒന്നാംതീയതി മാലയിട്ടാണ് വ്രതാനുഷ്ഠാനം തുടങ്ങുക. മാലയിട്ടാല്‍ പിന്നെ ആ ഭക്തന്‍ അയ്യപ്പനാണ്. മറ്റുള്ളവര്‍ അദ്ദേഹത്തെ കാണുന്നതും പെരുമാറുന്നതും അങ്ങനെയാണ്. ഏതു ദിവസവും മാലയിടാം. എന്നാല്‍ ശനിയാഴ്ചകളിലും ഉത്രം നാളിലും മാലയിടുന്നത് വളരെ വിശേഷമാണെന്ന് വിശ്വാസമുണ്ട്. ഉത്രം അയ്യപ്പന്റെ ജന്മനാളാണ്. തുളസിമാലയോ രുദ്രാക്ഷമാലയോ ആണ് കൂടുതലായി ഉപയോഗിക്കുക. ശംഖ്, പവിഴം, സ്ഫടികം, മുത്ത്, സ്വര്‍ണ്ണം, താമരക്കായ എന്നിവ മുത്താക്കിയുള്ള മാലയും ധരിക്കാം. മാലയിടുമ്പോള്‍ ഗുരു മന്ത്രം ചൊല്ലിക്കൊടുക്കണം. മന്ത്രം ഇതാണ്-

‘ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം
ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം
രുദ്രമുദ്രാം നമാമ്യഹം
ശാന്മുദ്രാം സത്യമുദ്രാം
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന
മുദ്രാംപാതു സദാപിമേം
ഗുരുദക്ഷിണയാപൂര്‍വ്വം
തസ്യാനുഗ്രഹകാരണേ
ശരണാഗതമുദ്രാഖ്യാം
തന്മുദ്രം ധാരയാമ്യഹം
ശബര്യാചല മുദ്രായൈ
നമസ്തുഭ്യം നമോ നമഃ’

ശബരിമലക്ക് പോകുന്നവർ ഇത് നിർബന്ധമായും അറിയുക.

പുലി പാല് തേടി കാട്ടിലേക്ക് പോയ മണികണ്ഠന്റെ കയ്യിൽ നാളികേരം കൊടുത്ത് പന്തള രാജാവ് യാത്രയാക്കിയതിന്റെ ഓർമ്മയാണ് ശബരിമല യാത്രയിൽ അയ്യപ്പൻമാർ നാളികേരം കൊണ്ടു പോകുന്നത്. നാളികേര ത്തെ പരമശിവൻ എന്നാണ് സങ്കൽപിക്കുന്നത്.രാജാവ് ഇപ്രകാരം പറഞ്ഞു.

മുക്കണ്ണു മുണ്ട്, ചകിരി ജഡയും
                           കപാലമൊക്കും
ചിരട്ടയ മുതോപമായ നീരും
ചിക്കന്നു സേവയുടെ ദൈത്യ ഫലം        ‘  .  ‘     കൊടുക്കൂ        
മിക്കണ്ട ദേവർ സാക്ഷാൽ
പരമേശ്വര മൂർത്തി തന്നെ ‘
മുക്കണ്ണുണ്ട് — മൂന്നു കണ്ണുകൾ
നാളികേരത്തിനും ശിവനും ഉണ്ട്.
ചകിരി ജഡ – തേങ്ങയുടെ ചകിരി യെ ശിവന്റെ ജഡയായി കാന്നുന്നു.
ചിരട്ടയെ ശിവന്റെ നെറ്റിയോടു ഉപമിക്കുന്നു.
തേങ്ങാ ജലത്തെശിവഭഗവാന്റെ നെറ്റിയോടു താരതമ്യപെടുത്തുന്നു.
    തേങ്ങയുടെ ഒരു കണ്ണു തുളച്ചപ്പോൾ ശിവഭഗവാനെൻറ ശിരസ്സിൽ നിന്നും ഗംഗാജലം പ്രവഹിക്കുന്നതു പോലെ വെള്ളം ഒഴുകുന്നു.
കടപ്പാട് മതമൈത്രിയുടെ തിരുസന്നിധി.

ശബരിമല മാലധരിക്കുമ്പോള്‍ ചൊല്ലേണ്ട മന്ത്രം.

ജ്ഞാനമുദ്രാം ശാസ്തൃമുദ്രാം
ഗുരുമുദ്രാം നമാമ്യഹം
വരമുദ്രാം സുധാമുദ്രാം
രുദ്രമുദ്രാം നമാമ്യഹം

ശാന്തമുദ്രാം സത്യമുദ്രാം
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന
മുദ്രാപാതു സദാപിമേ

ഗുരുദക്ഷിണയാ പൂര്‍വ്വം,
തസ്യാനുഗ്രഹകാരിണേ
ശരണാഗത മുദ്രാഖ്യ
തന്മുദ്രാം ധാരയാമ്യഹം

ചിന്മുദ്രാം ഖേചരീമുദ്രാം
ഭദ്രമുദ്രാം നമാമ്യഹം
ശബര്യാചല മുദ്രായൈ
നമസ്തുഭ്യം നമോനമ:

വൃതശുദ്ധിയുടെ പുണ്യകാലം

..! പരിപാവനമായ സംസ്ക്കാരവും ശാസ്ത്രവും സമന്വയിക്കുന്ന മണ്ഡലകാലം..!!

സൂര്യനെ വലം വയ്ക്കുന്നതിന് ഭൂമിക്ക് 365 ദിവസം വേണം. അത് 12 മാസമായി കാണുന്നു. 27 നക്ഷത്രങ്ങളിലൂടെ 12 മാസം ചന്ദ്രന്‍ യാത്ര ചെയ്യുമ്പോള്‍ 324 ദിവസം എടുക്കുന്നു. ഇത് തമ്മിലുള്ള വ്യത്യാസം (365 – 324) 41 ദിവസമാണ്..! ഈ നാല്പ്പത്തിയോന്നു ദിവസം പൂര്‍ത്തിയാകുന്നത് ധനു മാസം 11- നാണ്. അന്നാണ്, സൂര്യന്‍ പ്രപഞ്ചകേന്ദ്രമായ മൂലം നക്ഷത്രസമൂഹത്തില്‍ എത്തുന്നത്. ഒട്ടേറെ പ്രത്യേകതകള്‍ അന്ന് പ്രപഞ്ചത്തില്‍ സംഭവിക്കുന്നു..!

മനുഷ്യജീവിതത്തില്‍ നാല് അവസ്ഥകളെ (ബ്രഹ്മചര്യം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്യാസം) 41 ദിവസം കൊണ്ട് പൂര്‍ത്തിയാകുന്നുവെന്നതാണ്‌ ശബരിമല ദര്‍ശനം കൊണ്ട് ആചാര്യന്മാര്‍ ഉദ്ദേശിച്ചത്..!

മുദ്ര ധരിക്കുന്നതോടെ ഗൃഹസ്ഥാശ്രമി ബ്രഹ്മചാരിയാകുന്നു. വീടിനു സമീപം കുടില്‍ കെട്ടി സ്വയം ഭക്ഷണം പാകം ചെയ്ത് വാനപ്രസ്ഥത്തിലേക്ക്‌ കടക്കുന്നു. ശബരിമല ദര്‍ശനമാകട്ടെ സന്യാസമാണ്. സന്യാസത്തിനായി കാനനത്തിലേക്ക് യാത്ര. കാനന ക്ഷേത്രമായ ശബരിമലയിലെത്തി പതിനെട്ടുപടി താണ്ടിയുള്ള ദര്‍ശനം മോക്ഷപ്രാപ്തിയാണ്. ഇത്രയും പൂര്‍ണ്ണതയുള്ള മറ്റൊരു വൃതമോ,  ദര്‍ശനമോ വേറെയില്ല എന്നത് തന്നെയാണ് മണ്ഡലകാല വൃതത്തിന്‍റെ പ്രത്യേകത.!

ശക്തി അഥവാ ദേവിയുടെ സാന്നിധ്യം മാളികപ്പുറത്തമ്മയായി ശബരിമലയില്‍ കുടികൊള്ളുന്നു. കുളത്തുപ്പുഴയില്‍ ബാലശാസ്താവായും, ആര്യങ്കാവില്‍ കല്യാണരൂപനായും, അച്ഛന്‍കോവിലില്‍ ഗൃഹസ്ഥാശ്രമിയായും കുടികൊള്ളുന്ന ശാസ്താവ് ശബരിമലയില്‍ ധ്യാനനിരതനാണ്. കൂടാതെ, ശബരിമലയുടെ കിഴക്കുള്ള കാന്തമലയില്‍ സാക്ഷാല്‍ പരമാത്മാവായും കുടികൊള്ളുന്നു. സങ്കല്‍പ്പത്തിലെ ഈ പൂര്‍ണ്ണതയാണ് ശാസ്താ പൂജയുടെ പ്രത്യേകതയും..!

പ്രപഞ്ചത്തിന് ഉണ്മയും ജീവസ്ഫുരണവും നല്‍കിക്കൊണ്ടിരിക്കുന്ന ആത്മ ചൈതന്യത്തെയാണ് യോഗാസനാദിരൂഡനായ അയ്യപ്പനായി ശബരിമലയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്..!
കലിയുഗവരദന്‍  കാലത്തിന്‍റെ കെടുതികളെ ഉന്മൂലനം ചെയ്യുകയും ആരാധിക്കുന്നവര്‍ക്ക് ആനന്ദം നല്‍കുകയും ചെയ്യുന്നു..! അതുതന്നെയാണ് ശബരിമല ദര്‍ശനത്തിന്‍റെ പ്രാധാന്യവും.!

ധന്യമായ നമ്മുടെ സംസ്കാരം കാത്തു സൂക്ഷിച്ചു കൊണ്ട്  ഈ വൃതശുദ്ധിയുടെ പുണ്യകാലത്തെ വരവേൽക്കാം..!

“ഓം ഘ്രും നമ: പാരായഗോപ്ത്രേ നമ:”

അയ്യപ്പസ്വാമിമാര്‍ കറുപ്പ് വസ്ത്രം ധരിക്കുന്നത് എന്തിന്?

     എല്ലാ അയ്യപ്പന്‍മാരും ഒന്നുകില്‍ കറുപ്പ് അല്ലെങ്കില്‍ നീലനിറത്തോടുകൂടിയ വസ്ത്രങ്ങള്‍ ഉപയോഗിക്കും. എന്തിനാണ് ഈ കറുപ്പും നീലയും ഒക്കെ ഉപയോഗിക്കുന്നത്? എന്താണ് ഈ നിറങ്ങളുടെ പ്രത്യേകത? നമ്മള്‍ ഇത് വളരെ ഗൗരവത്തോടുകൂടി ചിന്തിക്കേണ്ട കാര്യമാണ്.പലപ്പോഴും നമ്മള്‍ പലതും അനുഷ്ഠിക്കുമ്പോള്‍ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് ചിന്തിക്കാറില്ല. വളരെ ഗൗരവത്തോടുകൂടി ചിന്തിച്ച് ഞാന്‍ ഇന്നതുകൊണ്ട് ഇന്നത് ചെയ്യുന്നു എന്ന് ചിന്തിച്ചു ചെയ്താലേ ഗുണംലഭിക്കൂ. വേദങ്ങളില്‍ ഏറ്റവും കൂടുതല്‍ ശക്തമായി പറയുന്നത് അഗ്നിയെക്കുറിച്ചാണ്. അഗ്നി ഈശ്വരന്റെ പര്യായമാണ്. ‘അഗ്രണിര്‍ ഭവതി ഇതി അഗ്നി’ എന്ന് അഗ്നിയുടെ നിഷ്പത്തി. ഈശ്വരനാമമാണത്, ഈശ്വരന്റെപര്യായമാണത്, ‘തീ’യല്ല. ആ അഗ്നിയെ സ്മരിച്ചുകൊണ്ടാണ് നമ്മള്‍ നിലവിളക്കു കത്തിക്കുന്നത്. ആ അഗ്നിയെ സ്മരിച്ചുകൊണ്ടാണ് നിലവിളക്ക് കത്തിച്ചു പിറന്നാള്‍ ആഘോഷിക്കുക. അപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ആ അഗ്നി നമ്മുടെ ജീവിതത്തില്‍ ഏതൊക്കെ തരത്തില്‍ പ്രാധാന്യത്തോടു കൂടി പ്രവര്‍ത്തിക്കുന്നുവെന്ന് ഋഷിമാര്‍ പറഞ്ഞുെവച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രസ്താവന നീലഗ്രീവന്‍, ആഗ്നേയതത്ത്വത്തിന്റെ പ്രാധാന്യത്തോടുകൂടിയതാണ് എന്നതാണ്. ‘നീല ഗ്രീവാ ആഗ്നേയാ’ എന്നൊരു പ്രസ്താവനയുണ്ട് വേദങ്ങളില്‍. നീലഗ്രീവയില്‍ അഗ്നിതത്ത്വം കൂടുതലുണ്ട്. നീലനിറം അഥവാ കറുപ്പു നിറമുള്ളതിനു കാരണം അഗ്നിതത്ത്വമാണ്. അപ്പോള്‍ നീലനിറവും കറുപ്പു നിറവും അഗ്നിതത്ത്വത്തിന്റെ പ്രതിരൂപമാണ്.

                      അഗ്നിയുടെ വര്‍ണഭേദത്തെക്കുറിച്ച് ഗവേഷണം നടത്തിയ നമ്മുടെ പ്രാചീന ഋഷിമാര്‍ അഗ്നി തന്നെയാണ് കറുപ്പുനിറം എന്ന നിഗമനത്തിലാണ് ചെന്നെത്തിയത്. അഗ്നി തന്നെയാണ് നീലനിറവും. അപ്പോള്‍ അയ്യപ്പഭക്തന്‍ ശബരിമലയാത്രക്ക് തയ്യാറെടുക്കുമ്പോള്‍ അഗ്നിവര്‍ണമായ കറുപ്പിനെ എടുത്താണ് അണിയുന്നത്. എന്നു പറഞ്ഞാല്‍ താന്‍ ഈശ്വരതുല്യനായി മാറിക്കൊണ്ടിരിക്കുന്നുവെന്നര്‍ഥം. ഭാരതത്തില്‍ എല്ലാവരും പറഞ്ഞിട്ടുള്ളത് നിങ്ങള്‍ ഈശ്വരീയതയെ സാക്ഷാത്കരിക്കണം എന്നാണ്. കാളിദാസന്‍ എന്നു പറയുന്ന സാധാരണക്കാരനായ ഒരാള്‍ ‘കാളിദാസന്‍’ എന്നു പറയുന്ന മഹാനായ ഒരു കവിയായി തീര്‍ന്നപ്പോള്‍ ആ കവിത്വത്തിന്റെ ഉള്ളില്‍ സ്ഫുരിച്ചിരുന്നത് ആധ്യാത്മികതയാണ്. കാളിയുടെ ദാസനായിട്ടാണ് കവിയായിത്തീര്‍ന്നത്. അതേപോലെ നമ്മുടെ എല്ലാ വ്രതങ്ങളുടെയും അടിസ്ഥാനം ഈശ്വരീയമായ ഭാവത്തിലേക്ക് ചെന്നെത്തുക എന്നു തന്നെയാണ്. അഗ്നിവര്‍ണമായകറുപ്പിനെ എടുത്ത് അണിയുന്നതിലൂടെ താന്‍ സ്വയം അഗ്നി ആവാന്‍ ശ്രമിക്കുകയാണ്. സ്വയം ആഗ്നേയതത്ത്വത്തിലേക്ക് കടന്നുവരികയാണ്. അങ്ങനെ അഗ്നിതത്ത്വത്തെ സാക്ഷാത്കരിക്കുന്നതിലൂടെ അയ്യപ്പന്‍ തന്റെ വസ്ത്രങ്ങളില്‍പ്പോലും അഗ്നി സ്വന്തമാക്കി മാറ്റുന്നു. അങ്ങനെ വസ്ത്രത്തില്‍ അഗ്നി വരുന്നതോടുകൂടി ഒരു സാധകനായി അയ്യപ്പന്‍ മാറുന്നു. ഇതിനുവേണ്ടിയാണ് വസ്ത്രങ്ങളുടെ നിറംപോലും നമ്മുടെ ഋഷിമാര്‍ ഭംഗിയായി ചിന്തിച്ചു സ്വീകരിച്ചത്. കാരണം, നാം കാണുന്നതൊക്കെ ഭദ്രമായിരിക്കണം എന്നു വേദങ്ങളില്‍ പറയുന്നുണ്ട്. ഒന്നാമതായികാണുന്നത് വസ്ത്രം തന്നെയാണ്. നമ്മുടെ ശരീരത്തില്‍ അണിഞ്ഞിരിക്കുന്ന വസ്ത്രം നമ്മുടെ മനസ്സില്‍ മാറ്റം വരുത്തും.

                        നാം ഏതു നിറത്തിലുള്ള വസ്ത്രം ധരിക്കുന്നുവോ ആ വസ്ത്രത്തിന്റെ നിറം നമ്മുടെ മനസ്സിനെ സ്വാധീനിക്കുമെന്ന് വര്‍ണശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നാം ധരിക്കുന്ന വസ്ത്രങ്ങള്‍ ഏതു തരത്തിലുള്ളതായിരിക്കണം എന്നു വളരെ കൃത്യമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പഭക്തന്‍ കറുപ്പു നിറത്തിലുള്ള വസ്ത്രം ധരിക്കണം എന്നു പറയുന്നത്. ആ കറുപ്പു വര്‍ണം അഗ്നിയുടെ പ്രതിരൂപമാണെന്നു പറഞ്ഞു.അഗ്നി ഈശ്വരന്‍ തന്നെയാണ്. അങ്ങനെയുള്ള ഈശ്വരനെ വസ്ത്രത്തിലേക്ക് സാക്ഷാത്കരിക്കുക. അതിലൂടെ മനസ്സിന് മാറ്റം വരുത്തുക മാത്രമല്ല, തന്നെ കാണുന്ന മറ്റുള്ളവരുടെ ഭാവനയിലും മാറ്റം വരുത്തുക. തന്നെ കാണുന്ന മറ്റുള്ളവരിലും ഈആഗ്നേയതത്ത്വത്തിന്റെ ബോധം ഉണ്ടാകണം. ഇതുകൊണ്ട് നമ്മുടെ ഉള്ളില്‍ അഗ്നിതത്ത്വം ജ്വലിക്കുന്നതിലൂടെ വസ്ത്രത്തില്‍ മാറ്റം വരുന്നു. മാനസികമായി മാറ്റം വരുന്നു. ഭൗതികമായി മാറ്റം വരുന്നു, ശാരീരികതലങ്ങളില്‍ മാറ്റം വരുന്നു. അങ്ങനെ സ്വയം 41 ദിവസത്തെ വസ്ത്രധാരണത്തിലൂടെ അഗ്നിതത്ത്വത്തെ സാക്ഷാത്കരിക്കാനുള്ള വഴിയാണ് വസ്ത്രത്തിലുള്ള കറുപ്പും നീലയുമായുള്ള നിറംമാറ്റം. ഗൗരവത്തോടുകൂടി ചിന്തിച്ചുകഴിഞ്ഞാല്‍ ഒരു സാധകനെ സംബന്ധിച്ചിടത്തോളം ഉയര്‍ന്നുപോകാനുള്ള ആദ്യപടിയാണ് ഇതെന്നു കാണാന്‍ സാധിക്കും. കാരണം,ഒരു സാധകന്റെ വളര്‍ച്ചയില്‍ നിരവധി ഘട്ടങ്ങളുണ്ട്. ഓരോ ഘട്ടങ്ങളിലും മാറ്റങ്ങള്‍ വരണം. ആഹാരതലത്തിലെന്നപോലെത്തന്നെ നാവിന്റെ ഉച്ചാരണത്തില്‍ മാറ്റം വരുന്നു, വസ്ത്രത്തില്‍ മാറ്റം വരുന്നു, അങ്ങനെ കറുപ്പു നിറത്തിലൂടെ സ്വയം ശരീരത്തിനു മാറ്റം വരുത്തി, മനസ്സിന് മാറ്റം വരുത്തി, അയ്യപ്പനായി സ്വയം മാറാനുള്ള വഴിയാണ് കറുപ്പുടുക്കല്‍. കടപ്പാട് ‘മതമൈത്രിയുടെ തിരുസന്നിധി

അയ്യപ്പഭക്തര്‍ അറിയാൻ….

ചരിത്രം

മഹാദേവന്റെ ആജ്ഞയനുസരിച്ച് പരശുരാമ മുനി കൈലാസത്തില്‍നിന്നും കൊണ്ടുവന്ന 12 ധര്‍മ്മശാസ്താ വിഗ്രഹങ്ങളിളൊന്ന് ശബരിമലയില്‍ പ്രതിഷ്ഠിച്ചു.
അയ്യപ്പസ്വാമി ബ്രഹ്മചാരിയാണ് ഭഗവാനെ ദര്‍ശിക്കണമെങ്കില്‍ 41 ദിവസത്തെ വ്രതമെടുക്കണം.
മാലയിട്ടു വ്രതം

വ്രതകാലം തുടങ്ങുന്ന അന്ന് ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ദിനചര്യകള്‍ കഴിഞ്ഞ് ഏതെങ്കിലും ക്ഷേത്രത്തിൽ വെച്ച് മാലയിട്ട് വ്രതം ആരംഭിക്കണം.
ശംഖ്, പവിഴം, സ്ഫടികം, മുത്ത്, തുളസി, താമരക്കായ്, സ്വര്‍ണ്ണം, രുദ്രാക്ഷം ഇവയില്‍ ഏതെങ്കിലും മണിമുത്തുകളുളള മാല പൂജിച്ച് ധരിക്കണം. ഏതുദിവസവും മാല ധരിക്കാം എന്നിരിക്കിലും ഉത്രം നക്ഷത്രവും ശനിയാഴ്ച ദിവസവും ആണ് ഉത്തമം.
മാലയിടുമ്പോൾ താഴെപ്പറയുന്ന മന്ത്രം ചൊല്ലേണ്ടതാണ്.
ജ്ഞാനമുദ്രാം, ശാസ്തൃമുദ്രാം,
ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം, ശുദ്ധമുദ്രാം,
രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം, തസ്യമുദ്രാം,
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേനമുദ്രാം
പാതുസദാപി മേം ഗുരുദക്ഷിണയാ
പൂര്‍വ്വം തസ്യാനുഗ്രഹകാരണേ
ശരണഗത മുദ്രാഖ്യം
തന്മുദ്രം ധാരയാവ്യഹം
ശബര്യചല മുദ്രായൈ നമോഃ

മാലയിട്ടു കഴിഞ്ഞാല്‍ മുദ്ര (മാല) ധരിക്കുന്ന ആള്‍ ഭഗവാന് തുല്യന്‍. ‘തത്ത്വമസി’. വേദമഹാകാവ്യങ്ങളില്‍ ഇതിന് അര്‍ത്ഥം, ‘അത് നീയാകുന്നു’ എന്നാണ്.
മാലയിട്ടു കഴിഞ്ഞാൽ

മത്സ്യ മാംസാദികൾ, ലഹരി വസ്തുക്കൾ, സ്ത്രീസംഗം, ക്ഷൗരം, ഹിംസ, കോപം, പരുഷ വചനം, നുണ പറയൽ എന്നിവ ഉപേക്ഷിക്കണം.

ശവസംസ്ക്കാരം, ചോറൂണ് തുടങ്ങിയവയിൽ പങ്കെടുക്കരുത്.

ചെരുപ്പുകൾ ഉപയോഗിക്കാവുന്നതാണ്

അൽപ്പ മാത്ര ഭക്ഷണവും

ദിവസേന രണ്ടുനേരം സ്‌നാനവും ശരണംവിളിയും ധ്യാനവും മന്ത്രജപവും വേണം. കൈയില്‍ ശുദ്ധജലം എടുത്ത്.

1. ഓം ആത്മശുദ്ധി രം,
2. ഓം ദേഹശുദ്ധി കം,
3. മന്ത്രശയുദ്ധി വം.,
4. കര്‍മ്മശുദ്ധി യം,
5. സകലശുദ്ധി സ്വാഹാഃ

എന്ന് ജപിച്ച് അഞ്ചുപ്രാവശ്യം സേവിക്കണം.
ശേഷം തുളസിയില ചന്ദനത്തില്‍ തൊട്ട് കൈയില്‍വച്ച്

അയ്യപ്പനെ ഭജിക്കേണ്ട ശ്ലോകം….
”ഓം സ്‌നിഗ്ധാരാള വിസാരി കുന്തളഭരം
സിംഹാസനാദ്ധ്യാസിതം,
സ്ഫൂര്‍ജ്ഞിത് പത്ര സുക്ലിപ്ത കുണ്ഡല മഥേഷ്വിഷ്വാസ
ഭൃദ്രോര്‍ദ്വയം.
നീലക്ഷൗമവസം നവീനദലദശ്യാമം പ്രഭാസത്യക സ്ഫായല്‍ പാര്‍ശ്വയുഗം സുരക്തസകലാ കല്പം സ്മരേദാര്യകം.”

എന്ന് ജപിച്ച് തുളസിയിലയും പൂവും ചന്ദനവും നിലവിളക്കിന് മുന്നില്‍ അര്‍പ്പിക്കണം.

ശേഷം മൂലമന്ത്രം ചൊല്ലണം.
മൂലമന്ത്രം: ഓം ഘ്രൂം നമ പരായ ഗോപ്‌ത്രേ!”

ശരണം വിളി.
“ഋഷിപ്രോക്തം തു പൂര്‍വ്വാണം മഹാത്മാനാം ഗുരോര്‍മതം
സ്വാമി ശരണമിത്യേവം
മുദ്രാവാക്യം പ്രകീര്‍ത്തനം

ഇതാണ് ശരണ മന്ത്രത്തിന്റെ പൊരുള്‍.

മനുഷ്യന്റെ ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കു വരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണംവിളി ഇല്ലായ്മ ചെയ്യും. ഉള്ളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും. കൂട്ടത്തോടെ ശരണംവിളിക്കുന്നതു കൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദ പ്രപഞ്ചം ഉണ്ടാകുകയും ചെയ്യും. അത് നാദബ്രഹ്മ ത്തിലുണ്ടാക്കുന്ന ചലനം സവിശേഷമാണ്.

ശരണത്തിലെ ‘ശ’ എന്ന അക്ഷരം ശത്രു ശക്തി കളെ ഇല്ലാതാക്കുന്നു.
‘ര’ അറിവിന്റെ അഗ്‌നിയെ ഉണര്‍ത്തുന്നു.
‘ണ’ ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണംവിളി കാട്ടില്‍ ദുഷ്ടമൃഗങ്ങളെ അകറ്റുന്നതുപോലെ മനസ്സിലെ ദുഷ്ട ചിന്തകളേയും അകറ്റുന്നു.

പതിനെട്ടു പടികൾ

18 പടികള്‍, 18 മലകളെയും പ്രതിനിധാനം ചെയ്യുന്നു.

1. പൊന്നമ്പലമേട് മല
2. ഗരുഡന്‍ മല
3. നാഗമല
4. സുന്ദരമല
5. ചിറ്റമ്പലമല
6. ഖല്‍ഗിമല
7. മാതഗം മല
8. മൈലാട്ടും മല
9. ശ്രീപാദമല
10. ദേവര്‍മല
11. നിലയ്ക്കല്‍ മല
12. തലപ്പാറ മല
13. നീലിമല
14. കരിമല
15. പുതുശ്ശേരി മല
16. കാളകെട്ടിമല
17. ഇഞ്ചിപ്പാറമല
18. ശബരിമല

ഒരു സാധാരണ വിശ്വാസിക്ക് നടന്നു കയറാൻ അസാദ്ധ്യമായ ഈ മലകളെ ആരാധിക്കാൻ അവനു അവസരമൊരുക്കുന്നതാണ് പതിനെട്ടാംപടിയെന്നു പറയുന്നു.
അതല്ല, മോക്ഷ പ്രാപ്തിക്കുമുമ്പ് മനുഷ്യന് പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പറയുന്നു.
അതനുസരിച്ച് ആദ്യത്തെ 5 പടികൾ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു
(കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്) അടുത്ത 8 പടികൾ അഷ്ടരാഗങ്ങളെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നിവയെ പ്രതിനിധീകരിക്കുന്നു.
അടുത്ത 3 പടികൾ സത്വഗുണം, രജോഗുണം, തമോഗുണം എന്നീ ത്രിഗുണങ്ങളെ പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന 17, 18 പടികൾ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു.
ഈ പുണ്യ പാപങ്ങളെ സ്വീകരിച്ചും തിരസ്‌കരിച്ചും മാത്രമേ ഒരുവന് ഈ ലോകമാകുന്ന ‘മായ’യില് നിന്ന് മോചനം നേടാനാവൂ.

മാത്രമല്ല 18 എന്ന അക്കത്തിന് വലിയ പ്രാധാന്യമുണ്ട്. ഭഗവദ്ഗീതയില് 18 അധ്യായങ്ങളാണുള്ളത്. കുരുക്ഷേത്രയുദ്ധം 18 ദിവസം നീണ്ടുനിന്നു. പുരാണങ്ങൾ 18 ആണ്. നാലു വേദങ്ങളും എട്ടു ശാസ്ത്രങ്ങളുംഅഞ്ചു ഇന്ദ്രിയങ്ങളും മൂന്നു ദേവതകളും ചേർന്നാലും 18. കളരിയിൽ 18 അടവ്. സംഗീതത്തിലും 18 അടിസ്ഥാന ഉപകരണങ്ങളാണുള്ളത്. അങ്ങനെ ഈ പ്രപഞ്ചത്തിന്റെതന്നെ ആത്മാവ് തേടുന്ന വഴിയാണ് പതിനെട്ടു പടികള്.

ശബരിമലയിൽ ഏറ്റവും പവിത്രമായ ഒന്നാണ് പടിപൂജ.

പൂജാദ്രവ്യങ്ങൾക്കു പുറമേ 7501 രൂപയാണ് വഴിപാടുനിരക്ക്.
ശബരിമല തന്ത്രിയാണ് പടിപൂജ നടത്തുക. അത്താഴപൂജയ്ക്കുമുമ്പ് ഒരു മണിക്കൂറിലധികം നീളുന്നതാണീ പൂജ.
ആ സമയം ക്ഷേത്രത്തിലെ മറ്റു പൂജകളൊക്കെ നിർത്തിവെക്കും.
30 നിലവിളക്കുകൾ,
18 നാളികേരം,
18 കലശ വസ്ത്രങ്ങൾ,
18 പുഷ്പ ഹാരങ്ങൾ എന്നിവ പടിപൂജയുടെ പ്രത്യേകതയാണ്.

കെട്ടുനിറ
ശബരിമലയ്ക്ക് പോകുമ്പോൾ സ്വന്തമായി കെട്ടുനിറയ്ക്കരുത്.
കെട്ടുനിറ സമയത്ത് പന്തലില്‍ ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, ഇങ്ങനെ മൂന്ന് വിഗ്രഹങ്ങളോ ഫോട്ടോയോ ഉണ്ടായിരിക്കണം. ഗുരുസ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം മുന്‍കെട്ടില്‍ നെയ്യ്, തേങ്ങ, കര്‍പ്പൂരം കാണിക്ക, മലര്‍, കദളിപ്പഴം, കല്‍ക്കണ്ടം, മുന്തിരിങ്ങ, വെറ്റില, പാക്ക്, പടിക്കല്‍ ഉടക്കുവാനുള്ള നാളികേരം, മഞ്ഞള്‍പ്പൊടി, തേന്‍, പനിനീര്, ശര്‍ക്കര ഉണ്ട, ഉണക്കലരി, കുരുമുളക് ഇവയും,
പിന്‍കെട്ടില്‍ ഭക്തനാവശ്യമായവയും, എരുമേലി ഗണപതിക്കുള്ള തേങ്ങ, മാളികപ്പുറത്ത് ഉരുട്ടുവാനുള്ള തേങ്ങ ഇവയും നിറയ്ക്കണം.
എരുമേലിയില്‍ പോകാത്ത ഭക്തര്‍ പമ്പയില്‍ ആ വഴിപാട് നടത്താം.

നാളികേരം ഉടയ്ക്കൽ
നാളികേരത്തിന്റെ ചിരട്ട ‘സ്ഥൂല’ ശരീരത്തെയും പരിപ്പ് ‘സൂക്ഷ്മ’ ശരീരത്തെയും ഉള്ളിലുള്ള വെള്ളം കാരണത്തെയും സൂചിപ്പിക്കുന്നു.
അറിഞ്ഞും അറിയാതെയും വാക്കാലോ, പ്രവർത്തിയാലോ, ചിന്തയാലോ നീയാകുന്ന ഈ പ്രപഞ്ചത്തിൽ വച്ച് ഇന്നുവരെ ഞാൻ ചെയ്തു പോയ സകല വിധപാപങ്ങളും പൊറുത്തു മാപ്പാക്കി എന്റെ ശരീരമാകുന്ന ഈ
നാളികേരത്തിൽ ഉണ്ടാക്കി വച്ച പാപങ്ങളും കർമ്മ ദോഷങ്ങളും ദുരിതങ്ങളും
അവിടത്തെ അനുഗ്രഹം കൊണ്ടു അഗ്നിയാൽ ഭസ്മമാക്കി തന്നു എന്നെയും നീ,
നീയാം പൊരുളായി മാറ്റേണമേ അയ്യനെ …
എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് നാളികേരം ഉടക്കേണ്ടത്.
മല കയറൽ

പമ്പാഗണപതിയേയും സമസ്ത ദേവീ ദേവന്മാരെയും വണങ്ങി ഭഗവാന്റെ ഭൂതഗണങ്ങളോടും അനുവാദം വാങ്ങി വനയാത്ര തുടങ്ങണം. പമ്പയില്‍ പന്തളത്ത് രാജാവിനേയും കാണണം. ശബരിപീഠത്തില്‍ കര്‍പ്പൂരം കത്തിക്കണം. കന്നിക്കാര്‍ അപ്പാച്ചിക്കുഴിയില്‍ അരിയുണ്ട എറിയണം. ശരംകുത്തിയില്‍ ശരം നിക്ഷേപിക്കണം. സന്നിധാനത്ത് ചെന്ന് ഭഗവല്‍ ദര്‍ശനം കിട്ടുന്ന മാത്രയില്‍ ഭക്തനും ഭഗവാനും ഒന്നാകുന്നു.

അതാണ് തത്വമസി.

വ്രതം അവസാനിപ്പിക്കുമ്പോൾ..

ശബരിമല ദർശനം കഴിഞ്ഞു തിരിച്ചെത്തിയാൽ അപ്പോൾത്തന്നെ വ്രതം അവസാനിപ്പിക്കാം. അയ്യപ്പൻ തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ നിലവിളക്ക് കൊളുത്തി വച്ച് കുടുംബാംഗങ്ങൾ ശരണം വിളിയോടെ എതിരേൽക്കണം . പൂജാമുറിയിൽ കെട്ടു താങ്ങിയതിനു ശേഷം ശരീര ശുദ്ധി വരുത്തിയിട്ടാണ് മാല ഊരേണ്ടത്.
മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്.

മാല ഊരുന്നതിനുള്ള മന്ത്രം

‘അപൂര്‍വ്വമചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃ മുദ്രാത്വകാദേവ
ദേഹിമേ വ്രതമോചനം’
ഈ മന്ത്രം ജപിച്ചു ശരണം വിളിയോടെ മാല ഊരാം . ചിലയിടങ്ങളിൽ നാളികേരം
ഉടക്കാറുമുണ്ട്.

ഈ മണ്ഡലകാലം എല്ലാവർക്കും ഭക്തിനിർഭരമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സ്വാമിയേ ശരണമയ്യപ്പാ…!

ശബരി മലയിലെ പരമ്പരാഗത പാത

എരുമേലിയില്‍ നിന്ന്‌ പമ്പയിലേക്കുള്ള ഉദ്ദേശം 51 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പരമ്പരാഗതമായ കാനനപാത വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌.  ഒട്ടേറെ പുണ്യസ്ഥലങ്ങള്‍ താണ്ടി കാനനത്തിലൂടെ കാല്‍നടയായുള്ള ഈ യാത്ര ഭക്തര്‍ക്ക്‌ ആത്മനിര്‍വൃതിയേകുന്ന ഒന്നാണ്‌. പേരൂര്‍ തോട്‌, ഇരുമ്പൂന്നിക്കര, അരശുമുടിക്കോട്ട, കാളകെട്ടി, അഴുതാനദി, കല്ലിടാംകുന്ന്‌, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, കരിയിലാം തോട്‌, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവയാണ്‌ എരുമേലിയ്‌ക്കും പമ്പയ്‌ക്കും ഇടയ്‌ക്കുള്ള പുണ്യസങ്കേതങ്ങള്‍. എരുമേലിയില്‍ നിന്ന്‌ കാളകെട്ടി വരെ 11 കിലോമീറ്ററും കാളകെട്ടിയില്‍ നിന്ന്‌ അഴുതയിലേയ്‌ക്ക്‌ രണ്ടര കിലോമീറ്ററും അഴുതയില്‍ നിന്ന്‌ പമ്പവരെ 37 കിലോമീറ്ററുമാണ്‌ ദൂരം. പേരൂര്‍ തോടില്‍ നിന്ന്‌ ഇരുമ്പൂന്നിക്കരയിലേയ്‌ക്ക്‌ മൂന്നു കിലോമീറ്ററുണ്ട്‌. ഇരുമ്പൂന്നിക്കരയില്‍ നിന്ന്‌ കാനനം ആരംഭിക്കുന്നു. ഇരുമ്പൂന്നിക്കരയില്‍ നിന്ന്‌ അരശുമുടിക്കോട്ടയിലേക്കും മൂന്ന്‌ കിലോമീറ്ററാണ്‌ ദൂരം. അവിടെ നിന്ന്‌ കാളകെട്ടിയ്‌ക്ക്‌ 5 കിലോമീറ്ററും.

അയ്യപ്പഭക്തന്മാര്‍ ആദ്യമെത്തുന്ന പുണ്യസങ്കേതമാണ്‌ എരുമേലി.
പന്തളരാജാവായിരുന്ന രാജശേഖരപാണ്ഡ്യന്‍ നിര്‍മ്മിച്ച ഒരു ശാസ്‌താക്ഷേത്രം ഇവിടെയുണ്ട്‌. ശാസ്‌താക്ഷേത്രത്തില്‍ നിന്നും അധികം അകലെയല്ലാതെ അയ്യപ്പന്റെ വിശ്വസ്‌ത അനുയായിയും മുസ്ലീം യോദ്ധാവുമായിരുന്ന വാവരുടെ പള്ളി കാണാം. എരുമേലിയില്‍ നിന്നും കാല്‍നടയായി പുറപ്പെട്ട്‌ പുണ്യസങ്കേതമായ പേരൂര്‍ തോട്ടിലെത്തുന്ന തീര്‍ത്ഥാടകര്‍ അവിടെ വിശ്രമിച്ചശേഷം യാത്ര തുടരുന്നു. തുടര്‍ന്ന്‌ ഇരുമ്പൂന്നിക്കരയും അരശുമുടിയും താണ്ടി ഭക്തര്‍ കാളകെട്ടിയിലെത്തുന്നു. മണികണ്‌ഠന്റെ മഹിഷീനിഗ്രഹത്തിന്‌ സാക്ഷ്യം വഹിക്കാനെത്തിയ ശ്രീപരമേശ്വരന്‍ തന്റെ കാളയെ കെട്ടിയിട്ട സ്ഥലമാണത്രേ കാളകെട്ടി. കാളകെട്ടിയിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം ഭക്തര്‍ പ്രകൃതിസുന്ദരമായ അഴുതാനദിക്കരയിലെത്തി വിശ്രമിക്കുന്നു. അടുത്തദിനം രാവിലെ അഴുതാനദിയില്‍ മുങ്ങിക്കുളിച്ച്‌ ഒരു ചെറിയ കല്ലുമെടുത്ത്‌ യാത്ര തുടരുന്ന അയ്യപ്പഭക്തര്‍ കാനനപാത താണ്ടി കല്ലിടാംകുന്നിലെത്തുന്നു. മണികണ്‌ഠന്‍ മഹിഷിയുടെ ഭൗതികദേഹം കല്ലും മണ്ണും വാരിയിട്ട്‌ സംസ്‌ക്കരിച്ചതിന്റെ ഓര്‍മ്മയ്‌ക്ക്‌ അഴുതയില്‍ നിന്നെടുത്ത കല്ല്‌ ഭക്തര്‍ ഇവിടെ ഇടുന്നു. തുടര്‍ന്ന്‌ കാട്ടുവഴിയിലൂടെ നടന്ന്‌ മുക്കുഴിയിലെത്തി വിശ്രമിക്കുന്നു. പിറ്റേദിവസം രാവിലെ കരിയിലാംതോടും കടന്ന്‌ കരിമലയുടെ അടിവാരത്തെത്തുന്നു. മണ്ണിന്‌ കറുപ്പുനിറമായതുകൊണ്ടാണ്‌ ഈ മലയ്‌ക്ക്‌ കരിമല എന്ന്‌ പേരുവന്നതത്രേ. തുടര്‍ന്ന്‌ ഭക്തര്‍ ശരണംവിളിച്ചുകൊണ്ട്‌ കഠിനമായ കരിമല കയറ്റം ആരംഭിക്കുന്നു. കരിമലമുകളില്‍ കരിമലനാഥനെ വണങ്ങി യാത്രതുടരുന്ന അയ്യപ്പന്മാര്‍ ചെറിയാനവട്ടം, പെരിയാനവട്ടം എന്നീ സ്ഥലങ്ങള്‍ പിന്നിട്ട്‌ പുണ്യനദിയായ പമ്പയുടെ തീരത്ത്‌ എത്തിച്ചേരുന്നു.

അച്ചന്‍കോവില്‍ അയ്യപ്പന്‍

ശാസ്താവിന്റെ അവതാരമായ അയ്യപ്പന്‍ നിത്യബ്രഹ്മചാരിയാണ്. കേരളത്തിലെ ശാസ്താക്ഷേത്രങ്ങളില്‍ ബാലശാസ്താ, അയ്യപ്പ സങ്കല്‍പ്പങ്ങള്‍ക്കാണു പ്രാമുഖ്യം കൂടുതല്‍. ശബരിമലയിലെ പ്രതിഷ്ഠാസങ്കല്‍പ്പം തപസ്വിയായ ശാസ്താവിന്റേതാണ്. എന്നാല്‍ ഗൃഹസ്ഥാശ്രമിയായ ധര്‍മ്മശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളും അപൂര്‍വമായി കേരളത്തിലുണ്ട്.
പ്രഭാദേവി എന്ന പത്‌നിയോടും സത്യകന്‍ എന്ന പുത്രനോടും കൂടിയ ശാസ്താവാണു ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ ക്ഷേത്രത്തിലെ മൂര്‍ത്തി. ശാസ്താവിന്റെ മുഖ്യ ധ്യാനശ്ലോകത്തിലും പ്രഭയേയും സത്യകനേയും സ്മരിക്കുന്നുണ്ട്.
സ്‌നിഗ്ദ്ധാരാള വിസാരികുന്തളഭരംസിംഹാസനാദ്ധ്യാസിനം
സ്ഫൂര്‍ജ്ജല്‍ പത്ര സുക്‌നുപ്ത കുണ്ഡലമഥേഷ്വിഷ്വാസഭൃദ്ദോര്‍ദ്വയം
നീലക്ഷൗമവസം നവീനജലദശ്യാമം പ്രഭാസത്യക-
സ്ഫായല്‍ പാര്‍ശ്വയുഗം സുരക്ത സകലാകല്പം സ്മരേദാര്യകം
പ്രഭ എന്നാല്‍ ശോഭ (കാന്തി) എന്നും സത്യകന്‍ എന്നാല്‍ നേരുള്ളവന്‍ (സത്യം വ്രതമായി സ്വീകരിച്ചവന്‍) എന്നും അര്‍ത്ഥം. ധര്‍മ്മത്തിന്റെ പ്രഭയില്‍ നിന്നും ഉത്ഭവിക്കുന്നത് സത്യം ആവാതെ തരമില്ലല്ലോ. പ്രഭാവതി എന്നും പ്രഭാദേവി വിളിക്കപ്പെടുന്നു. ത്രിനേത്രയും വീണാധാരിണിയും ആയാണു പ്രഭാദേവിയെ വര്‍ണ്ണിക്കാറ്. ഭക്തര്‍ക്ക് ഐശ്വര്യദായിനിയാണു ദേവി.
രക്തരക്താംബരാകല്‍പസ്വരൂപാം കാന്തയൗവനാം
ധൃതവീണാം പ്രഭാം വന്ദേ ദേവീം രക്താം ത്രിലോചനാം
ഭൂതാധിപഭാര്യായൈ ഭൂതിദായൈ ദിനേദിനേ
ഭവാന്യൈ ഭവഭക്തായൈ പ്രഭായൈ തേ നമോ നമഃ
എന്ന് പ്രഭാദേവിയേയും
ഭൂതാധിപതനൂജായ ഭൂതിദായാര്‍ത്തിഹാരിണേ
ശരകാര്‍മ്മുകഹസ്തായ സത്യകായ നമോനമഃ
എന്ന് സത്യകനേയും വന്ദിച്ചു വരുന്നു
പൂര്‍ണ്ണാദേവി, പുഷ്‌കലാദേവി എന്നീ ഭാര്യമാരോടുകൂടിയവനായും ശാസ്താവിനെ ആരാധിക്കാറുണ്ട്.
ശ്രീമച്ഛങ്കരനന്ദനം ഹരിസുതം കൗമാരമാരാഗ്രജം
ചാപം പുഷ്പശരാന്വിതം മദഗജാരൂഢം സുരക്താംബരം
ഭൂതപ്രേതപിശാചവന്ദിതപദം ശ്മശ്രുസ്വയാലംകൃതം
പാര്‍ശ്വേപുഷ്‌ക്കലപൂര്‍ണ്ണകാമിനിയുതം ശാസ്താമഹേശം ഭജേ
പൂര്‍ണ്ണതയുടെ പ്രതീകമാണു പൂര്‍ണ്ണാദേവി. പുഷ്‌കലത്വത്തിന്റെ (സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ) പ്രതീകമാണു പുഷ്‌കലാദേവി. എവിടെ ധര്‍മ്മം പരിപൂര്‍ണ്ണമായി പരിലസിക്കുന്നുവോ അവിടെ പൂര്‍ണ്ണതയും ഐശ്വര്യവും ഉണ്ടാകും എന്നു സൂചിപ്പിക്കുകയാണു പൂര്‍ണ്ണാപുഷ്‌കലാസമേതനായ ധര്‍മ്മശാസ്താസങ്കല്‍പ്പത്തിലൂടെ. പൂര്‍ണ്ണാപുഷ്‌കലാദേവിമാരുടെ സമന്വയഭാവമാണു പ്രഭാദേവി. പൂര്‍ണ്ണാപുഷ്‌ക്കലാസമേതനായി ഗൃഹസ്ഥാശ്രമത്തില്‍ വാഴുന്ന ശാസ്താവാണ് അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍.