ശ്രീരാമ വർണ്ണനം…

ഭഗവാന്റെ പാദത്തിനടിവശം പാതാളം. കുതികാല്‍ മഹാതലം. പുറവടികള്‍ രസാതലവും തലാതലവും കാല്‍മുട്ടുകള്‍ സൂതലം. ഭഗവാന്റെ തുടകളാണ് വിതലവും അതലവും. അരക്കെട്ട് മഹീതലം, നാഭി ആകാശസ്ഥലം, മാറിടം ദേവലോകം, കണ്ഠദേശം മഹര്‍ലോകവും കവിള്‍ത്തടം ജനലോകവുമാണ്. ഭഗവാന്റെ ശംഖദേശം തപോലോകം, അതിനുമീതെ ബ്രഹ്മാവിരിക്കുന്ന സത്യലോകം ഭഗവാന്റെ ശിരസ്സാണ്. ശ്രീനാരായണന്റെ തലമുടിയാണ് മേഘക്കൂട്ടങ്ങള്‍. ഇന്ദ്രന്‍ തുടങ്ങിയ ദിക്പാലന്മാര്‍ ഭഗവാന്റെ ഭുജങ്ങളാണ്. ദിക്കുകളാണ് ഭഗവാന്റെ ചെവികള്‍. അശ്വിനീദേവന്മാര്‍ നാസികയാണ്. ഭഗവാന്റെ വായ് അഗ്നിയാണ്. ആദിത്യനാണ് കണ്ണുകള്‍.
ഭഗവാന്റെ മനസ്സാണ് ചന്ദ്രന്‍. പുരികക്കൊടികള്‍ കാലവും ബുദ്ധി വാക്പതിയുമാണ്. കോപത്തിനുകാരണമാകുന്ന അഹങ്കാരമാണ് രുദ്രന്‍. വാക്കുകളാണ് ഛന്ദസ്സുകള്‍. ദംഷ്ട്രകള്‍ യമനും നക്ഷത്രക്കൂട്ടങ്ങള്‍ ബ്രാഹ്മണരുമാണ്. ഭഗവാന്റെ പുഞ്ചിരി മോഹകാരണിയായ മഹാമായ. വാസനാസൃഷ്ടിയായ ഭഗവാന്റെ മുന്‍ഭാഗമായ അപാംഗം ധര്‍മ്മവും പിന്‍ഭാഗമായ പൃഷ്ടം അധര്‍മ്മവുമാണ്. ഭഗവാന്റെ ഉന്മേഷനിമിഷങ്ങള്‍ രാത്രിയും പകലുമാകുന്നു.
ഭഗവാന്റെ ഉദരമാണ് സപ്തസമുദ്രങ്ങള്‍. സപ്തമാരുതന്മാര്‍ നിശ്വാസഗണം. നാഡികളാണ് നദികള്‍. വൃക്ഷ-സസ്യജാലങ്ങള്‍ രോമങ്ങളാണ്. ഹേ ഭഗവന്‍! വൃഷ്ടി അങ്ങയുടെ വീര്യവും ജ്ഞാനശക്തി അങ്ങയുടെ മഹിമയുമാകുന്നു. ശിവനാണങ്ങയുടെ ഹൃദയം. ഹേ രാമ, അങ്ങയുടെ ഈ സ്ഥൂലശരീരത്തില്‍നിന്നും വേറിട്ട് യാതൊരു പദാര്‍ത്ഥവുമില്ല. അങ്ങയുടെ ഈ സ്ഥൂലശരീരത്തെപ്പറ്റി സദാ ചിന്തിച്ചുകൊണ്ടിരിക്കുന്നവന് മുക്തി ലഭിക്കുന്നു. എന്തിലും എല്ലാറ്റിലും അങ്ങുമാത്രമേയുള്ളൂ എന്ന അറിവാണ് ശരിയായ ജ്ഞാനം……!!
(കബന്ധ സ്തുതി)