സംജ്ഞ

🐚🍃സംജ്ഞ

വിശ്വകര്‍മ്മാവിന്‍റെ പുത്രിയാണ്‌ സംജ്ഞ.പ്രായപൂര്‍ത്തിയായ ഈ പെണ്‍കുട്ടി സൂര്യദേവനെയാണ്‌ വിവാഹം ചെയ്തത്.പക്ഷേ സൂര്യഭഗവാന്‍റെ അസഹനീയമായ ചൂട് മൂലം അവള്‍ക്ക് ഭര്‍ത്താവിനോടൊത്ത് ഒരു നിമിഷം പോലും താമസിക്കാന്‍ കഴിഞ്ഞില്ല.അവള്‍ തിരികെ വിശ്വകര്‍മ്മാവിനു അരികിലെത്തി.

വിവരം അറിഞ്ഞ് വിശ്വകര്‍മ്മാവ് സൂര്യനെ ആളയച്ച് വരുത്തി; തുടര്‍ന്ന് സൂര്യഭഗവാന്‍റെ തേജസ്സ് കുറക്കാന്‍ അദ്ദേഹം തീരുമാനിച്ചു.ചാണക്കല്ലില്‍ ഉരച്ച് തേജസ്സ് കുറക്കാനാണ്‌ വിശ്വകര്‍മ്മാവ് ശ്രമിച്ചത്.പക്ഷേ അദ്ദേഹം എത്ര ശ്രമിച്ചിട്ടും എട്ടിലൊന്ന് തേജസ്സേ കുറഞ്ഞുള്ളു.

ചാണക്കല്ലില്‍ ഉരച്ചപ്പോള്‍ പൊടിഞ്ഞ് പോയ സൂര്യതേജസ്സുകള്‍ രേണുക്കളായി ജ്വലിച്ച് കൊണ്ട് അന്തരീക്ഷത്തില്‍ പറന്ന് നടന്നു.പിന്നീട് വിശ്വകര്‍മ്മാവ് ഇവ ശേഖരിക്കുകയും അത്യുജ്ജലമായ നാല്‌ വസ്തുക്കള്‍ നിര്‍മ്മിക്കുകയും ചെയ്തു.അവയാണ്‌ ചക്രായുധം, ത്രിശൂലം, പുഷ്പക വിമാനം, ശക്തി.വിശ്വകര്‍മ്മാവ് ഇവ നാലും ബ്രഹ്മാവിനു കാഴ്ച വച്ചു.

🐚🍃
പില്‍ക്കാലത്ത് ചക്രായുധം വിഷ്ണുവിനു ഭഗവാനും, ത്രിശൂലം മഹാദേവനും, പുഷ്പകം കുബേരനും, ശക്തി സുബ്രഹ്മണ്യസ്വാമിക്കും ലഭിച്ചു.🍃🐚