സന്ധ്യാനാമം

ഒരിക്കൽ ഹൈന്ദവ ഭവനങ്ങളിൽ സന്ധ്യയ്ക്കു നാമം ചൊല്ലുമ്പോള്‍‌ സുപരിചിതമായ കീർത്തനമായിരുന്നു രാമ രാമഎന്നു തുടങ്ങുന്ന സന്ധ്യാനാമം. ശ്രീരാമസ്തുതികളും ശ്രീരാമാവതാരത്തിനു മുമ്പുളള അവതാരങ്ങളും രാമായണകഥ മുഴുവനും കീർത്തനങ്ങളായി ചിട്ടപ്പെടുത്തിയിരുന്നു സന്ധ്യാനാമത്തിൽ. ഗാനാലാപനത്തിന്റെ ശൈലിയിൽ എഴുതിയിരുന്ന വരികൾ കൊച്ചുകുട്ടികൾക്ക് രാമായണകഥ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായകമായിരുന്നു. കർക്കിടകത്തിൽ മാത്രമല്ല എല്ലാ ദിവസവും ചൊല്ലുന്ന കീര്ത്തനമാണിത്. സന്ധ്യാനാമം എന്ന ഖ്യാതിയും രാമനാമ കീർത്തനത്തിനാണ്. പഴയ സിനിമകളിലും ഇടക്കാലത്തിറങ്ങിയ സിനിമകളിലും സന്ധ്യാനാമം ജപിക്കുന്ന രംഗങ്ങളുണ്ടായിരുന്നു. പുതിയ തലമുറയ്ക്ക് ഇതു പരിചിതമല്ലെങ്കിലും മുത്തശ്ശൻമാരും മുത്തശ്ശിമാരും ഉളള  ഭവനങ്ങളിൽനിന്ന് ഇന്നും കീർത്തനമുയരുന്നു
സന്ധ്യാനാമവും രാമായണം വായനയും ത്രിസന്ധ്യ കഴിഞ്ഞതിനു ശേഷമേ പാടുള്ളൂ എന്നാണ് മുത്തശ്ശിമാരുടെ അഭിപ്രായം. അതിന് അവർ പറയുന്ന കാരണങ്ങൾ ഇപ്രകാരമാണ്. സന്ധ്യാ സമയത്ത് നമഃശിവായ ചൊല്ലണം. കാരണം സമയത്താണ് ശിവൻതാണ്ഡവമാടുന്നത്. അപ്പോൾ ഭഗവാൻ തന്റെ കാൽപാദത്തിനടിയിൽ ചവിട്ടിപ്പിടിച്ചിരിക്കുന്ന ഭൂതപ്രേത പിശാചുക്കൾ പുറത്തു ചാടുന്നു. സമയം ഭൂമിയിൽ മനുഷ്യർ നാമം ജപിച്ചു കൊണ്ടിരിക്കണം. നമഃശിവായ മന്ത്രം ചൊല്ലുന്നിടത്തിരിക്കാനും ഉപദ്രവിക്കാനും ദുർഭൂതങ്ങൾക്കു കഴിയില്ല എന്നാണു വിശ്വാസം.
സന്ധ്യാനാമം ചൊല്ലുന്നതിനു മറ്റൊരു കാരണം കൂടി പറഞ്ഞു കേൾക്കുന്നു. *ഹനുമാൻ രാമനാമം ചൊല്ലുന്നത് സന്ധ്യാനേരത്താണ്. സമയം നമ്മൾ രാമനാമം ജപിച്ചാൽ അതു ഹനുമാന്റെ ജപത്തിനു വിഘ്നമുണ്ടാക്കും. കാരണം, രാമനാമം എവിടെ കേട്ടാലും ഹനുമാൻ അവിടെ വന്നിരിക്കും. *ഹനുമാന്റെ ജപത്തിനു ഭംഗം വരാതിരിക്കാനാണ് രാമനാമജപവും രാമായണം വായിക്കുന്നതും സന്ധ്യ കഴിഞ്ഞതിനു ശേഷം മതി എന്നു പറയുന്നത്*.

കലികാലത്ത് മുക്തി കൈവരുന്നത് നാമജപത്തോടെ മാത്രമാണ് എന്നു നമ്മുടെ പുരാണങ്ങൾ പോലും സാക്ഷ്യപ്പെടുത്തുന്നു.