​ഭരതൻറെ ശ്രീരാമ സന്ദർശനം 

ഭരതൻറെ ശ്രീരാമ സന്ദർശനം

      ഭരതൻറെ വരവ് കണ്ട്,  ഗുഹൻ ചിന്താധീനയായി . രാമനെ ദ്രോഹിക്കാനാണോ അതോ അല്ലയോ എന്ന ശങ്കയോടു കൂടി  തൻറെ ആളുകളെ ആയുധധാരികളായി സജ്ജരായി നിർത്തിയിട്ട്  ഭരതനെ കാണാനായി പുറപ്പെട്ടു.  കാഴ്ച ദ്രവ്യങ്ങളുമായി ഭരതൻറെ സമീപമെത്തിയ ഗുഹൻ ചീരാംബരം ധരിച്ച് ജടാമകുടധാരിയായ ഭരതനെ കണ്ട് ദണ്ഡനമസ്ക്കാരം ചെയ്തു.  ഭരതൻ ഗുഹനെ എഴുന്നേല്പ്പിച്ച് ആദരപൂർവ്വം ഗാഢാശ്ലോഷണം ചെയ്തു. ” ഹേ, സോദരാ അങ്ങ് സീതാരാമന്മാരെ എവിടെ വച്ചു ദർശിച്ചുയെന്ന് കാട്ടിത്തന്നാലും ” എന്ന് പറഞ്ഞു ഭരതൻ വിലപിച്ചു.  ഗുഹൻ ഭരതന് സീതരാമന്മാർ രാത്രിയിൽ ശയിച്ച വൃഷച്ചുവട്ടിലേക്ക് ആനയിച്ചു.  ദുഷ്ടയായ കൈകേയിയുടെ ഗർഭത്തിൽ പിറന്ന ഞാൻ കാരണം രാമചന്ദ്രന് ഈ ദുഃഖമുണ്ടായല്ലോയെന്ന് പറഞ്ഞു ഭരതന് വീണ്ടും വീണ്ടും വിലപിച്ചു.  ഭ്രാതാ ലക്ഷ്മണൻ ഭാഗ്യവാനാണ്.  രാമൻ എവിടെയാണെന്നു പറയൂ. അദ്ദേഹത്തെ ആനയിച്ചു അയോദ്ധ്യയിലേക്ക് കൊണ്ട്  പോകാനാണ് താൻ വന്നതെന്നും ഗുഹനെയറിയിച്ചു. രാമഭക്തി നിറഞ്ഞ ഭരതനോട് , ചിത്രകൂടപർവ്വതത്തിനു സമീപത്തായി മന്ദാകിനിയിൽ നിന്നും അധികം ദൂരത്തല്ലാതെ മുനിമാരുടെ ആശ്രമപദത്തിൽ അനുജനോടും സീതയോടും കൂടെ ശ്രീരാമചന്ദ്രൻ ആനന്ദത്തോടെ സുഖമായി വസിക്കുന്നു.  ഗംഗാനദി കടന്നു അങ്ങോട്ട് പോകാമെന്ന് പറഞ്ഞു വേഗത്തിൽ അഞ്ഞൂറ് തോണി വരുത്തി അദ്ദേഹം തന്നെ ഭരതശത്രുഘ്നന്മാരെയും രാമമാതാവിനെയും വസിഷ്ഠ മഹർഷിയെയും ഒരു നൗകയിൽ കയറ്റി ഗംഗയ്ക്ക് മറുകരയിൽ എത്തിച്ചു. ഭരതൻ സൈന്യത്തെയെല്ലാം ദൂരെ നിർത്തി ഭരദ്വാജാശ്രമത്തിലെത്തി മഹർഷിയെ വന്ദിച്ചു. രാമ സോദരനായ ഭരതനെ കണ്ട് മഹർഷി യാഥാവിധം സ്വീകരിച്ചാനയിച്ചു. എന്താണ് കാനനത്തിൽ വരാൻ കാരണമെന്ന് ആരാഞ്ഞു. ദിവ്യ ദൃഷ്ടിയുളള മഹർഷേ താങ്കൾ എല്ലാം ജ്ഞാനദൃഷ്ടിയാൽ അറിഞ്ഞിരിക്കുമല്ലോ . എന്നാലും പറയാമെന്ന്പറഞ്ഞു ഭരതൻ ഇപ്രകാരം പറഞ്ഞു. രാമചന്ദ്രനുളളതാണ് രാജ്യം അറിയാതെ പാപിയായി പോയ ഞാൻ  ( ഭരതൻ ) അദ്ദേഹത്തെ അഭിഷേകം ചെയ്തു അയോദ്ധ്യയിലേക്ക് കൂട്ടികൊണ്ടു പോകാനാണ് വസിഷ്ഠ മുനിയോടൊപ്പം ഇവിടേക്ക് വന്നത്. കുമാരാ, ജ്ഞാനചക്ഷുസു കൊണ്ട് എല്ലാമറിയുന്നു ഇന്ന് ഇവിടെ തങ്ങി ഉഷസ്സിൽ രാമസന്നിധിയിലേക്ക് യാത്രയാകാമെന്ന് പറഞ്ഞു മഹർഷി, പിന്നെ കാമധേനുവിനെ സ്മരിച്ച് ഭരതനും മറ്റുള്ളവർക്കും സൈന്യത്തിനും ആവശ്യമായ ഭോജനം നല്കി.  അടുത്ത ദിവസം ഉഷസ്സിൽ ചിത്രകൂടാചലത്തിലെത്തിയ ഭരതൻ രാമാശ്രമത്തെ അന്വേഷണം ചെയ്ത് കണ്ടെത്തി മന്ത്രിമാരോടൊപ്പം അവിടേക്ക് ചെന്നു.

അനന്തരം ഭരതൻ , സീതാരാമന്മാരുടെ ചരണാബ്ജചിഹ്നങ്ങൾ പതിഞ്ഞ പരിപാവനമായ ഭൂതലം കാണാൻ കഴിഞ്ഞ ഭാഗ്യത്തെ സ്തുതിച്ചുകൊണ്ട് അതീവഭക്തിയോടെ ജടാമകുടധാരിയായിരിക്കുന്ന രാമചന്ദ്രൻറെ അടുക്കലെത്തി അദ്ദേഹത്തിൻറെ പാദയുഗളത്തെ ഗ്രഹിച്ചു.  രാമനാകട്ടെ അനുജനെ പിടിച്ചെഴുന്നേല്പിച്ചു ഗാഢം ഗാഢമാലിംഗനം ചെയ്തു.  അനന്തരം രാമമാതക്കൾ ആർത്തിയോടെ രാമസമീപത്തേയ്ക്ക ഓടിയണഞ്ഞു. മാതാവിനെ കണ്ട് രാമൻ പാദനമസ്ക്കാരം ചെയ്തു. മാതാവ് അതീവ ദുഃഖത്തോടെ പുത്രനെ ആലിംഗനം ചെയ്തു.  രാമൻ മറ്റുമാതാക്കളെയും വന്ദിച്ച ശേഷം  കുലഗുരുവായ വസിഷ്ഠനെ സാഷ്ടാഗം നമസ്കാരംചെയ്തു. അനന്തരം എല്ലാവരെയും  യഥാവിധി  ഇരുത്തിയശേഷം ശ്രീരാമൻ വസിഷ്ഠനോട്  ” ദുഃഖിതനായ എൻറെ പിതാവ് കുശലിയായി ഇരിക്കുന്നില്ലേ?” എന്നു ചോദിച്ചു.  ” ഹേ,  രഘുനന്ദനാ! ഭവാൻറെ വിയോഗത്താൽ സന്തപ്തഹൃദയനായ അദ്ദേഹം ഭവാനെത്തന്നെ ചിന്തിച്ചു കൊണ്ട് രാമാ! രാമാ! സീതേ! ലക്ഷ്മണാ എന്നിങ്ങനെ വിലപിച്ചു കൊണ്ട്  സ്വർഗഗതി പ്രാപിച്ചു ” എന്ന് വസിഷ്ഠ മഹർഷി മറുപടി നല്കി. 

    അതീവദുഃഖകരമായ വാർത്ത കേട്ട്  ശ്രീരാമൻ രോദനം ചെയ്തു.  അപ്രകാരം തന്നെ സീതയും ലക്ഷ്മണനും ഉച്ചത്തിൽ നിലവിളിച്ചു. ഇതെല്ലാം കണ്ട് വസിഷ്ഠ മഹർഷി ശാന്തവചനങ്ങളാൽ  അവരുടെ ദുഃഖത്തിന് ശമനം വരുത്തി. അനന്തരം അവർ മന്ദാകിനിയിൽ സ്നാനം ചെയ്ത് ശുദ്ധിവരുത്തിയശേഷം ജലകാംക്ഷിയായ ദശരഥന് ജലാഞ്ജലി അർപ്പിച്ചു.  ലക്ഷ്മണ സമേതനായ ശ്രീരാമൻ പിതാവിന് പിണ്ഡവും അർപ്പിച്ചു. താൻ യാതൊന്നു ഭക്ഷിക്കുന്നുവോ അതുതന്നെ പിതൃക്കൾക്കും നല്കണമെന്ന സ്മൃതി നിർദ്ദേശമനുസരിച്ച് അവർ തേൻ ചേർത്ത ഇംഗുദീ ഫലത്തിൻറെ പിണ്ണാക്കാണ് പിണ്ഡമായി സമർപ്പിച്ചതത്രെ. അനന്തരം അദ്ദേഹം വീണ്ടും സ്നാനം ചെയ്ത് ആശ്രമത്തിലേക്ക് മടങ്ങി. അന്ന് എല്ലാരും ഉപവാസം അനുഷ്ഠിച്ചു.

    പിറ്റെദിവസം എല്ലാംവരും മന്ദാകിനിയിൽ സ്നാനം ചെയ്ത് ആശ്രമത്തിൽ തിരിച്ചെത്തിയ ശേഷം ഭരതൻ ശ്രീരാമനെ വന്ദിച്ച് ഇപ്രകാരം പറഞ്ഞു.  ജ്യേഷ്ഠനായ അവിടുന്ന് പിതൃതുല്യനാണ്. അങ്ങ് സ്വന്തം അഭിഷേകം അനുഷ്ഠിച്ചു രാജ്യത്തെ പരിപാലിക്കണം. ഇപ്പോൾ വനവാസത്തിനുളള കാലമല്ല. ഗ്രഹസ്ഥാശ്രമമൊക്കെ കഴിഞ്ഞു പുത്രനിൽ രാജ്യം നിവേശിപ്പിച്ച് വനത്തിലേക്ക് പൊയ്ക്കൊളളുക. എന്ന് പറഞ്ഞു ഭരതൻ രാമനു മുന്നിൽ ദണ്ഡനമസ്കാരം ചെയ്തു.  അനുജനെ എഴുന്നേല്പ്പിച്ച് ഇരുത്തി സ്നേഹപൂർവ്വം സാവധാനത്തിൽ രാമൻ ഇപ്രകാരം അരുളി ചെയ്തു.  പിതാവിൻറെ വാക്കുകൾ അനുസരിക്കേണ്ടവരാണ് പുത്രർ. പിതാവ് പതിനാലുവത്സരം ദണ്ഡകാരണ്യത്തിൽ വസിച്ച ശേഷം അയോദ്ധ്യയിലേക്ക് തിരിച്ചു വരാനാണ് പറഞ്ഞിട്ടുള്ളത്. നിനക്ക്  (ഭരതൻ ) രാജ്യവും നല്കപ്പെട്ടിരിക്കുന്നു. പിതൃവാക്യം ലംഘിച്ച് യാതൊരുവൻ പ്രവർത്തിക്കുന്നുവോ , അവൻ ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതതുല്യനാണ്. മരണശേഷം നരകത്തിൽ പതിക്കുമെന്നിരിക്കെ , നീ രാജ്യ പരിപാലനം നടത്തുക, ഞാൻ ദണ്ഡകാരണ്യ പരിപാലനവും ചെയ്തു കൊള്ളാം”. ഇതുകേട്ട്  ഭരതൻ പറഞ്ഞു. . കാമിയും മൂഢബുദ്ധിയും സ്ത്രീജിതനും ഉന്മത്തനുമായ പിതാവ് പറഞ്ഞെതെല്ലാം സത്യമായി ഗ്രഹിക്കരുത്.
      ശ്രീരാമൻ അരുളി ചെയ്തു. . നമ്മുടെ പിതാവ് കാമിയല്ല.  സത്യവ്രതനായ അദ്ദേഹം പണ്ട്  പ്രതിജ്ഞ ചെയ്തത് സത്യലംഘന ഭയത്താൽ , നല്കിയെന്നേയുളളു. മഹത്തുക്കൾക്ക് നരകത്തെക്കാൾ ഭയം അസത്യത്തെയാണ്.
     രാമവാക്യം കേട്ട് ഭരതൻ പറഞ്ഞു താൻ പതിനാലു സംവത്സരം വനവാസം അനുസ്ഠിക്കാം   അങ്ങ് രാജ്യം ഭരിച്ചാലും.
    ശ്രീരാമൻ അരുളി ചെയ്തു.  പിതാവിനാൽ രാജ്യം നല്കപ്പെട്ടത് ഭരതനാണെന്നും തനിക്ക് നല്കിയത് വനമാണെന്നും അതിന് വിപരീതമായി ചെയ്താൽ അത് അസത്യമായിത്തീരുമെന്നും പറഞ്ഞു.  അതിന് മറുപടിയായി, എന്നാൽ താനും കൂടെ ലക്ഷ്മണനെപ്പോലെ ജ്യേഷ്ഠനെ സേവിച്ച് വനത്തിൽ കഴിയാമെന്നും അതിനനുവദിച്ചില്ലെങ്കിൽ പ്രയോപവേശം ചെയ്തു ഈ ദേഹം പരിത്യജിക്കുന്നതാണെന്നും ഭരതൻ പറഞ്ഞു.  ഇപ്രകാരം നിശ്ചയിച്ചു വെയിലത്തു ദർഭ വിരിച്ച് കിഴക്കോട്ടഭിമുഖമായി ഭരതൻ ഇരിപ്പുറപ്പിച്ചു. ഭരതൻറെ നിർബന്ധബുദ്ധി കണ്ട് ശ്രീരാമൻ വസിഷ്ഠ മഹർഷിയെ നോക്കി.
അദ്ദേഹം ഭരതനോട് ഗുഹ്യമായ ആ ദേവകാര്യം ഉപദേശിച്ചു  . ശ്രീരാമൻ സാക്ഷാൽ പരമാത്മാവായ മഹാവിഷ്ണു ആണെന്നും , ബ്രഹ്മാവിൻറെ പ്രാർത്ഥനയാൽ രാവണനിഗ്രഹത്തിനായി ദാശരഥിയായി അവതരിച്ചതാണെന്നും, യോഗമായയാകട്ടെ ജനകജയായും ആദിശേഷനാകട്ടെ ലക്ഷ്മണനായും ജന്മമെടുത്തു. ദേവകാര്യാർത്ഥമാണ്  അവർ വനത്തിലേക്ക് പുറപ്പെട്ടതെന്നും രാവണവധം കഴിഞ്ഞു തിരിച്ചെത്തുമെന്നും പറഞ്ഞു. ഭരതൻ ശ്രീരാമനരികിൽ ചെന്നു ദണ്ഡനമസ്ക്കാരം ചെയ്തു രാമപാദുകം ആവശ്യപ്പെട്ടു  . രാമപാദുകം സിംഹാസനത്തിൽ വച്ച് രാമദാസനായി രാജ്യം ഭരിക്കാമെന്നും പതിനാലു വത്സരം തികയുന്ന അന്ന് മടങ്ങി വന്നില്ലങ്കിൽ അടുത്ത ദിവസം ഉഷസ്സിൽ അഗ്നി ജ്വലിപ്പിച്ച് ദേഹത്യാഗം ചെയ്യുമെന്നും പറഞ്ഞു. ശ്രീരാമൻ പാദുകങ്ങൾ നല്കുകയും പതിനാലു വത്സരം കഴിയുന്ന അന്ന് തന്നെ തിരിച്ചെത്തുമെന്ന് വാക്കു നല്കുകയും ചെയ്തു.
        കൈകേയി രാമനരികിലെത്തി സാക്ഷാൽ പരമാത്മാവായ ഭവാൻ അപരാധങ്ങളൊക്കെ ക്ഷമിക്കണമെന്നും ദേവകാര്യാർത്ഥം മായയാൽ നടക്കപ്പെട്ട കാര്യങ്ങളിൽ തന്നോട് കാരുണ്യമുണ്ടാകണമെന്നും പ്രാർത്ഥിച്ചു. മാതാവ് വിഷമിക്കേണ്ടെന്നും ദേവകാര്യാർത്ഥം നടന്ന കാര്യത്തിൽ മാതാവിന് പാപമില്ലെന്നും തത്സ്വരൂപം മനസ്സിൽ ധ്യാനിച്ച് കഴിയാനും ഉപദേശിച്ചു.  മോക്ഷപ്രാപ്തിക്ക് മത് രൂപ ധ്യാനം ഇടയാകട്ടെയെന്നും പറഞ്ഞു  കൈകേയി രാമനെ പ്രദക്ഷിണം ചെയ്ത് നൂറ്റിയെന്നു തവണ നമസ്മരിച്ച് യാത്രയായി.

     ഭരതൻ രാമപാദുകങ്ങളും ശിരസ്സിൽ ധരിച്ച് അയോദ്ധ്യിലേക്ക് യാത്രയായി. പ്രജകളെയും പരിവാരങ്ങളെയും അയോദ്ധ്യയിലാക്കി നന്ദി ഗ്രാമത്തിൽ എത്തി ആശ്രമം പണിത് ജടാവല്ക്കലധാരിയായി ശ്രീരാമ പാദുകങ്ങൾ സിംഹാസനത്തിൽ വച്ച് പൂജിച്ച്  ശത്രുഘ്നനോടൊപ്പം  രാജ്യം ഭരണം നടത്തി അവിടെ കഴിഞ്ഞു. 

      ശ്രീരാമചന്ദ്രൻ കുറേ നാൾ ചിത്രാകൂടാചലത്തിൽ സന്തോഷത്തോടെ വസിച്ച ശേഷം , ഇവിടെ തുടർന്നാലും പ്രജകൾ ഇടയ്ക്കിടെ കാണാൻ എത്തുമെന്നതു കൊണ്ട് ദണ്ഡകാരണ്യഗമനത്തെ  കുറിച്ച് ചിന്തിച്ച് സീതാലക്ഷമണസമേതനായി ആ പർവ്വതമുപേക്ഷിച്ച് അത്രീ മഹർഷിയുടെ ആശ്രമത്തിലേയ്ക്ക് പുറപ്പെട്ടു.
      ശ്രീരാമൻ അത്രി മഹർഷിയുടെ ആശ്രമത്തിൽ എത്തി അദ്ദേഹത്തെ വന്ദിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു.  പിതൃ ആജ്ഞയായി  ദണ്ഡകാരണ്യത്തിനുവന്ന ഞാൻ ഭവദർശനത്താൽ ധന്യനായിരിക്കുന്നു . ശ്രീരാമതത്വമറിഞ്ഞ അത്രി മഹർഷി പരമഭക്തിയോടെ രാമനെ യഥാവിധി പൂജിച്ച് വന്യഫലങ്ങളാൽ അതിഥി സൽക്കാരവും ചെയ്തു. അതിനുശേഷം അദ്ദേഹം രാമനോടു പറഞ്ഞു  ” അനസൂയ എന്ന  നാമത്തിൽ പ്രസിദ്ധവും അതീവ വൃദ്ധയും അനേകകാലം തപസ്സനുഷ്ഠിച്ചളും ധർമ്മജ്ഞയും ധർമ്മവത്സലയായ എൻറെ ഭാര്യ  ആശ്രമത്തിനകത്തിരിപ്പുണ്ട് . സീതാദേവി അവരെ ചെന്നൊന്ന് ദർശിക്കട്ടെ.”.

      ഇതുകേട്ട ശ്രീരാമൻ സീതയോട് തപസ്വനിയായ അനസൂയയെ നമസ്കരിച്ച് വേഗം മടങ്ങി വരാൻ പറഞ്ഞു. അനസൂയ ദേവിക്ക് മുന്നിൽ നമസ്കാരം ചെയ്ത സീതയെ കണ്ട് അനസൂയ ദേവി വിശ്വകർമ്മാവിനാൽ നിർമ്മിക്കപ്പെട്ട രണ്ടു ദിവ്യകുണ്ഡലങ്ങളും രണ്ടു പട്ടുവസ്ത്രങ്ങളും ദിവ്യമായ കുറിക്കൂട്ടുകളും നല്കി ഇപ്രകാരം പറഞ്ഞു  “ഹേ , കമലാനനേ !ഈ അംഗരാഗത്താൽ നീ ഒരിക്കലും ശോഭനഷ്ടപ്പെടാത്തവളാകും. പാതിവ്രത്യം അനുസ്ഠിക്കുന്നവളായി നീയെന്നും രാമനെ അനുഗമിക്കുക. നിന്നോടു കൂടി രാഘവൻ കുശലിയായി രാജധാനിയിൽ തിരിച്ചെത്തും. ” അനന്തരം സീതാലക്ഷമണ സമേതനായ രാമനെ ഊട്ടിയശേഷം അവർ കൈകൂപ്പി കൊണ്ട് ഇങ്ങനെ പറഞ്ഞു.

     “ഹേ ,മഹാനുഭാവൻ ഭുവനങ്ങളെ സൃഷ്ടിച്ച് അവയുടെ .സംരക്ഷണാർത്ഥം സുരമാനുഷ തിര്യക് ദേഹങ്ങളെ കൈകൊളളുന്നു.എന്നാൽ ഭവാൻ ദേവഗുണങ്ങളാൽ ലിപ്തനാകുന്നില്ല. അഖില മോഹനകാരിയായ മായപോലും അങ്ങയിൽ നിന്ന് ഭയപ്പെടുന്നു. “