രുക്മിണി ദേവിയും ശ്രീകൃഷ്ണനും

 

ഒരിക്കല്‍ രുക്മിണി ദേവി ശ്രീകൃഷ്ണ ഭഗവാനോട് പരിഭവത്തില്‍ ചോദിച്ചു.

“ഭഗവാനെ! അങ്ങ് എന്നേക്കാള്‍ രാധയെ എന്തുകൊണ്ടാണ് സ്നേഹിക്കുന്നത്? രാധ എന്നേക്കാള്‍ സുന്ദരി ആണോ?”
ഭഗവന്‍ മറുപടി ഒന്നും പറയാതെ പുഞ്ചിരിച്ചു. സ്ത്രീസഹജമായ വാസനയോടെ വീണ്ടും ദേവി ഭഗവാനോട് ചോദ്യം ആവര്‍ത്തിച്ചപ്പൊഴും പുഞ്ചിരി മാത്രമായിരുന്നു മറുപടി.
അപ്പോൾ ദേവി പറഞ്ഞു.
“ശരി ദേവാ! എങ്കില്‍ അങ്ങ് മറുപടി പറയണ്ട. രാധയുടെ ഒരു ചിത്രം വരച്ചു കാണിക്കൂ. അത് കണ്ടാൽ മതി എനിക്ക്.”
രുക്മിണി ദേവിയുടെ ഇഷ്ടത്തിന് വഴങ്ങി കൃഷ്ണൻ രാധയുടെ ചിത്രം വരയ്ക്കാന്‍ തുടങ്ങി. ആദ്യം കണ്ണ് വരച്ചു. അത് കണ്ടപ്പോൾ ദേവിക്ക് വല്ലാത്ത ആകർഷണം. ഉള്ളിൽ പ്രണയം നിറയുന്നു. പിന്നീട് ചുണ്ടുകൾ വരച്ചു. എന്തൊരശ്ചാര്യം! ദേവി ആ ചുണ്ടുകളിലെ അമൃതം പാനം ചെയ്യാൻ കൊതിച്ചു. അങ്ങിനെ മുഖം വരച്ചു പൂര്‍ത്തിയായപ്പോഴാണ് മനസ്സിലായത് കണ്ണൻ വരക്കുന്നത് സ്വന്തം ചിത്രമാണെന്ന്. രുക്മിണിദേവി ചോദിച്ചു.
“ഇതെന്താണ് ഭാഗവാനെ? അങ്ങയുടെ ചിത്രം വരക്കാനല്ലല്ലോ അവിടുത്തെ പ്രിയ സഖി രാധയുടെ ചിത്രം വരയ്ക്കാന്‍ അല്ലെ പറഞ്ഞത്.” രുക്മിണി ദേവി പരിഭവിച്ചതു കണ്ടു ഭഗവന്‍ പറഞ്ഞു.
“ദേവി എന്നോട് രാധയുടെ ചിത്രം വരയ്ക്കാന്‍ പറഞ്ഞു. ഞാന്‍ രാധയുടെ ചിത്രം തന്നെയാണ് വരച്ചത്. ഞാന്‍ രാധയുടെ മനസ്സിൽ നോക്കിയാണ് ചിത്രം വരച്ചത്. അവിടെ എനിക്ക് എന്നെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ .മാത്രമല്ല ഞങ്ങൾ ഒരിക്കലും രണ്ടല്ല. ഒന്ന് തന്നെയാണ്. എന്റെ പ്രേമസ്വരൂപമാണ് രാധ. ആ രാധയെ, ദേവി എപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു. എന്നീട്ടും രാധയെപ്പറ്റി ചോദിച്ചത് കൊണ്ടാണ് മറുപടി പറയാതിരുന്നത്. കൃഷ്ണൻ വീണ്ടും പുഞ്ചിചിരിച്ചു.
മന്ദം ജഹാസ വൈകുണ്ഠാ
മോഹയന്നിവ മായയാ
സർവ്വ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന കൃഷ്ണപ്രേമമാണ് രാധ എന്ന പരമാർത്ഥ സത്യം ആ പുഞ്ചിരിയിലൂടെ കണ്ണൻ രുക്മിണിദേവിയിൽ നിന്നും ഒളിപ്പിച്ചോ?

ആരാണ് മഹാബലി…

കശ്യപ പ്രജാപതിയ്ക്ക്, ദക്ഷപുത്രിമാരായ അദിതിയില്‍ ദേവന്മാരും(സുരന്മാര്‍)- ദിതിയില്‍ ദൈത്യന്മാരും(അസുരന്മാര്‍)ജനിച്ചു. ദൈത്യന്മാരില്‍ ഹിരണ്യാക്ഷന്‍, ഹിരണ്യകശിപ്, ശൂരപദ്മാവ്, സിംഹവക്ത്രന്‍, താരകാസുരന്‍, ഗോമുഖന്‍ എന്നിവര്‍ പ്രസിദ്ധരായി. അവരില്‍ ഹിരണ്യകശിപിന്‍റെ പുത്രന്‍ പ്രഹ്ലാദന്‍. പ്രഹ്ലാദന്‍റെ പുത്രന്‍ വിരോചനന്‍. വിരോചനന്‍റെ പുത്രന്‍ ഇന്ദ്രസേനന്‍- അഥവാ മഹാബലി ഇന്ദ്രസേനന്‍(indrasena the great). മഹാബലിയുടെ പത്നി വിന്ധ്യാവലി, പുത്രന്‍ ബാണാസുരന്‍. യഥാര്‍ത്ഥത്തില്‍ ദേവന്മാരും അസുരന്മാരും ഒരേ പിതാവിനു ജനിച്ചവരാണ്.-(രണ്ട് അമ്മമാരില്‍), ആ അര്‍ത്ഥത്തില്‍ സഹോദരന്മാരും ആണ്. പക്ഷെ കശ്യപന്‍റെ ഭാര്യമാരായ അദിതിയും ദിതിയും തമ്മില്ഉണ്ടായ സൗന്ദര്യപ്പിണക്കത്തില്‍ നിന്നും തുടങ്ങിയതാണ്‌ ദേവാസുര വൈരം. അല്ലാതെ വേറെ കാരണങ്ങള്‍ ഒന്നുംഇല്ല. ദേവന്മാരും അസുരന്മാരും അത് തലമുറകളായി തുടര്‍ന്നു. പക്ഷെ ഭഗവാന്‍ മഹാവിഷ്ണുവിനു ദേവന്മാരെന്നും അസുരന്മാരെന്നും ഉള്ള വെത്യാസങ്ങള്‍ ഒന്നും ഇല്ല. ദേവന്മാര്‍ നല്ലവരാണ് എന്നും അസുരന്മാര്‍ മോശക്കാരാണ് എന്നൊന്നും പുരാണങ്ങളില്‍ ഇല്ല. രണ്ടു കൂട്ടരിലും കുപ്രസിദ്ധിയാര്‍ജ്ജിച്ചവര്‍ ഉണ്ടായിരുന്നു. മാത്രമല്ല ഭാഗവതം തന്നെ പറയുന്ന പരമവിഷ്ണുഭക്തന്മാരില്‍ പ്രധാനി അസുരനായ പ്രഹ്ലാദനാണ്.— ഇനി കാര്യത്തിലേക്ക് വരാം, ഇത് 7-ആം മന്വന്തരം ആണ്-(വൈവസ്വത മന്വന്തരം). ഇപ്പോഴത്തെ ഇന്ദ്രന്‍ ബഹുദന്തി(മാതാവ്)യുടെ പുത്രനായ- പുരന്ദരന്‍- ആണ്(മഹാ:ഭാരതം, ശാന്തിപര്‍വ്വം59,89,90 അദ്ധ്യായങ്ങള്‍). ഇന്ദ്രപദം ലഭിച്ച പുരന്ദരന്‍ അഹങ്കരിച്ചു.(ദുര്‍വാസാവ് മഹര്‍ഷിയുമായി ഉണ്ടായ കലഹവും, ശാപവും മറ്റും ഓര്‍ക്കുക. പുരന്ദരന്‍റെ പ്രവൃത്തികള്‍ ദേവന്മാര്‍ക്ക് ജരാനരകള്‍ വരെ വരുത്തിവെച്ചു). പ്രഹ്ലാദനു ശേഷം രാജാവായ വിരോചനന്‍ പ്രഹ്ലാദന്‍റെ ഉപദേശപ്രകാരം രാജ്യം ഭരിച്ചു. പിന്നീട് മഹാബലി ഇന്ദ്രസേനന്‍ രാജാവായി. ഇന്ദ്രന്‍റെ ഗര്‍വ്വം അടക്കാനായി, ധര്‍മ്മിഷ്ടനും നീതിമാനും പ്രഹ്ലാദ പൌത്രനും ആയ ബലിയെ ഭഗവാന്‍ ദേവലോകം ഏല്‍പ്പിച്ചു(ബ്രഹ്മവൈവര്‍ത്തപുരാണം). യോഗ വാസിഷ്ടത്തില്‍ ഗുരുവായ വസിഷ്ടന്‍ ശിഷ്യനായ രാമനോട് ബലിയെക്കുറിച്ച് പറയുന്നുണ്ട്. നവവിധ ഭക്തനും യോഗിയും വിഷ്ണുവിനാല്‍ സംരക്ഷിക്കപ്പെട്ടവനും ആയിരുന്നു ബലി എന്ന് വസിഷ്ടന്‍ പറയുന്നു. അങ്ങനെ ഇന്ദ്രസേനന്‍ ദേവലോകം കീഴടക്കി. മഹാബലിയായി(വാമന പുരാണം 74-ആം അദ്ധ്യായം). ദേവന്മാര്‍ക്ക് കാര്യം മനസ്സിലായി. അവര്‍ പശ്ചാത്തപിച്ചു. ദേവമാതാവായ അദിതിയെ സമീപിച്ചു. അദിതി കശ്യപനെ ആശ്രയിച്ചു. ഭഗവാന്‍ വിഷ്ണുവിനെത്തന്നെ ശരണം പ്രാപിക്കാന്‍ ഉപദേശം കിട്ടി. അങ്ങനെ ദ്വാദശിവൃതം സ്വീകരിച്ചു, ഭഗവാന്‍ തന്നെ തന്‍റെ ഉദരത്തില്‍ ജനിച്ച്, തന്‍റെ പുത്രന്മാര്‍ക്കു അവകാശപ്പെട്ട ദേവലോകത്തുനിന്നും ബലിയെ അധിക്ഷേപിച്ച് ഓടിക്കണം എന്ന് വരം വാങ്ങി. ഇതേസമയം ദേവന്മാരും ക്ഷീണിതരായിരുന്നു. അവര്‍ ബ്രാഹ്മണരെ സമീപിച്ചു ചോദിച്ചു, എന്തുകൊണ്ട് നിങ്ങള്‍ ഞങ്ങളെ പുഷ്ട്ടിപ്പെടുത്തുന്നതിനായി യജ്ഞഹവിസ്സുകള്‍ അര്‍പ്പിക്കുന്നില്ല?. അവര്‍ പറഞ്ഞു, ദേവന്മാര്‍ക്കായി ഹവിസ്സര്‍പ്പിക്കുന്നത് ബലി നിരോധിച്ചിരിക്കുന്നു. അങ്ങനെ അവര്‍ വിഷ്ണുവിനെ ശരണം പ്രാപിച്ചു. യജ്ഞവും ദാനവും ലഭിക്കാതെ ഞങ്ങളുടെ ജീവിതവും കഷ്ട്ടത്തിലാണ്. ഇനിയും സംരക്ഷിക്കപ്പെട്ടിട്ടില്ലാത്ത(വേദങ്ങള്‍ ക്രോടീകരിക്കപ്പെടുന്നത് എല്ലാ ദ്വാപരയുഗാന്ത്യത്തിലും ആണ്) വേദോപനിഷത്തുക്കള്‍, ഞങ്ങളില്‍ നിന്നും തസ്കരന്മാര്‍ കൊണ്ടുപോകുന്നു. ദേവന്മാര്‍ക്കായി യജിക്കുവാനോ, യജ്ഞോപവീതം ധരിക്കുവാനോ ഞങ്ങള്‍ക്ക് അനുവാദമില്ല. ദേവന്മാര്‍ ക്ഷീണിതരായതുകൊണ്ടു ഭൂമിയില്‍ വൃഷ്ടിയും പുഷ്ട്ടിയും ഇല്ല. അഗ്നിപോലും ഓജസ്സോടെ ജ്വലിക്കുന്നില്ല. രക്ഷിക്കണം എന്നാവശ്യപ്പെട്ടു. ഭഗവാന്‍ അനുഗ്രഹിച്ചു. അങ്ങനെ വാമനദേവാവതാരത്തിന് കളമൊരുങ്ങി(വാമനപുരാണം 75,76,77,അദ്ധ്യായങ്ങള്‍). പിന്നീട് നടന്നകാര്യങ്ങള്‍ ഭാഗവതം വിശദീകരിക്കുന്നു. അഷ്ടമസ്കന്ധം, 18-ആം അദ്ധ്യായം.-വാമനദേവാവതാരം- നര്‍മ്മദാ നദിയുടെ വടക്കേ കരയില്‍ ഭൃഗുകച്ഛം എന്ന സ്ഥലത്ത് മഹാബലി ഒരു യാഗം നടത്തുകയായിരുന്നു.(യാഗവും യജ്ഞവും രണ്ടാണ്- യജ്ഞം ദേവമാര്‍ക്കായി നിഷ്കാമമായി ഹവിസ്സര്‍പ്പിക്കലാണ്. അതുവഴി അഗ്നി, വായു, ഇന്ദ്രന്‍, വരുണന്‍, സൂര്യന്‍,- പ്രകൃതിയുടെ അധിഷ്ടാന ദേവതകള്‍- പുഷ്ട്ടിപ്പെടുകയും ഭൂമിയുടെ, പ്രകൃതിയുടെ സംരക്ഷണം നടക്കുകയും ചെയ്യുന്നു. യാഗങ്ങള്‍ വിശേഷ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനായി നടത്തപ്പെടുന്ന ആസക്ത കര്‍മ്മങ്ങള്‍ ആണ്- സപ്താഹം, അതിരാത്രം മുതലായവ യജ്ഞങ്ങളും- ആശ്വമേധം, ഗോമേധം, പുത്രകാമേഷ്ട്ടി, മുതലായവ യാഗങ്ങളും ആണ്. യജ്ഞങ്ങള്‍ സാത്വികവും, യാഗങ്ങള്‍ രാജസികവും,- ആവാഹനം, ആകര്‍ഷണം, ഉച്ചാടനം തുടങ്ങിയവ താമസികവും ആണ്). വാമനദേവന്‍ യാഗശാലയില്‍ എത്തി. ശുക്രാചാര്യരും ബലിയും ചേര്‍ന്ന് തേജസ്വിയായ ആ ബാലനെ സ്വീകരിച്ചിരുത്തി. നമസ്കരിച്ചു.
അവര്‍ തമ്മില്‍ ദീര്‍ഘമായി സംഭാഷണം ചെയ്തു. പിന്നീട് ബ്രാഹ്മണ ദാനത്തിനോരുങ്ങി. എന്താണ് വേണ്ടത് എന്ന് ചോദിച്ചു. വാമനദേവന്‍ പറഞ്ഞു, എന്‍റെ പാദങ്ങള്‍ മൂന്നടി വെയ്ക്കാന്‍ മാത്രം ഇടം ദാനമായി തന്നാലും. ബാലന്‍റെ ആവശ്യമറിഞ്ഞ മഹാബലിയ്ക്ക് ചിരിവന്നു. അദ്ദേഹം വാഗ്ദാനം നല്‍കി. പക്ഷെ ദിവ്യ ദൃഷ്ട്ടിയാല്‍ വാമനദേവനെ തിരിച്ചറിഞ്ഞ ആചാര്യന്‍ എതിര്‍ത്തു. ഒരിക്കല്‍ ദേവാസുര യുദ്ധത്തില്‍ മൃതപ്രാണനായ മഹാബലിയെ അസുരഗുരുവായ ശുക്രാചാര്യരാണ് പുനര്‍ജ്ജീവിപ്പിച്ചത്. വീണ്ടും ഒരു അപകടത്തില്‍പ്പെടാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി. പക്ഷെ മഹാബലി ദാനത്തിനായി ഉറച്ചു. കൊപിഷ്ട്ടനായ ശുക്രാചാര്യര്‍ മഹാബലിയെ ശപിച്ചു. ഭഗവാന്‍ വിശ്വരൂപം കൈക്കൊണ്ട് രണ്ടടിവെച്ചു. വിശ്വരൂപ ദര്‍ശനത്താല്‍ ബലി ഭഗവാനെ തിരിച്ചറിഞ്ഞു. ഭഗവാന്‍ വിശ്വരൂപം കൈവെടിഞ്ഞ് വീണ്ടും വാമന രൂപം ധരിച്ചു. പക്ഷെ ഇതറിഞ്ഞ അസുരന്മാര്‍ യുദ്ധം ചെയ്തു. വിഷ്ണുപാര്‍ഷദന്മാര്‍ അവരെ പരാജയപ്പെടുത്തി. യുദ്ധം നിര്‍ത്താന്‍ ബലി അസുരന്മാരോട് ആവശ്യപ്പെട്ടു. ഗരുഡന്‍ വരുണപാശത്താല്‍ ബലിയെ ബന്ധിച്ചു. വാമനന്‍ പറഞ്ഞു, രണ്ടടികൊണ്ട് നാം അങ്ങേയ്ക്ക് അധീനമായ ഭൂമിയും സ്വര്‍ഗ്ഗവും അളന്നു കഴിഞ്ഞു. വാഗ്ദാന പ്രകാരമുള്ള മൂന്നാമത്തെ ചുവടിനുള്ള ഇടമെവിടെ?. ബലിക്കു സ്വന്തമായി ശരീരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതും അര്‍പ്പിച്ചു. അവിടെ പ്രഹ്ലാദന്‍ പ്രത്യക്ഷനായി. വിഷ്ണുവിനെ സ്തുതിച്ചു. മഹാബലിയുടെ പത്നി- വിന്ധ്യാവലി- യും ഭഗവാനെ സ്തുതിച്ചു. വാമനാവതാരം ദര്‍ശിക്കാന്‍ എത്തിയ ബ്രഹ്മാവ്‌ ഭഗവാനോട്, സ്വയം ദാനം ചെയ്തതിനാല്‍ ബലി ഭഗവാന്‍റെ സ്വന്തമായെന്നും, ബന്ധനത്തില്‍ നിന്നും മോചിപ്പിക്കണം എന്നും അപേക്ഷിച്ചു. ഭഗവാന്‍ ബലിയെ മോചിപ്പിച്ചു. ഗുരുശാപമേറ്റിട്ടും സത്യം കൈവിടാതിരുന്ന ബലിയെ ഭഗവാന്‍ അടുത്ത മന്വന്തരത്തിലെ- സാവര്‍ണ്ണി മന്വന്തരം- ഇന്ദ്ര പദവി നല്‍കി അനുഗ്രഹിച്ചു. അതുവരെ വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിതമായ സുതലത്തില്‍ ചൈതന്യരൂപനായി വസിക്കുവാനും അനുഗ്രഹിച്ചു.—ഭാഗവതംഅഷ്ടമസ്കന്ധം, 18-മുതല്‍ 22 വരെ അദ്ധ്യായങ്ങള്‍—
കേരളം ഭരിച്ചിരുന്ന രാജാവാണ്‌ ബലിയെന്നോ, വര്‍ഷത്തിലൊരിക്കല്‍ നാടുകാണാന്‍ വരുമെന്നോ പുരാണങ്ങളില്‍ ഉള്ളതായി അറിവില്ല. പരശുരാമനാല്‍ സൃഷ്ട്ടിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന കേരളം, അദ്ദേഹത്തിന് മുന്‍പ് ജീവിച്ചിരുന്ന മഹാബലി ഭരിക്കാന്‍ എന്തായാലും വഴിയില്ലല്ലോ.
——- ശ്രാവണ മാസത്തിലെ (ചിങ്ങം) ശുക്ലപക്ഷം(ചന്ദ്രന്‍ അമാവാസിയില്‍ നിന്നും പൌര്‍ണ്ണമിയിലേക്ക്) ദ്വാദശി തിഥിയില്‍(12-ആം ദിവസം) തിരുവോണം നാളില്‍, അഭിജിത്ത് മുഹൂര്‍ത്തത്തില്‍(പകല്‍ മദ്ധ്യാഹ്നം 12 മണി) ആയിരുന്നു വാമനാവതാരം!!!. ഈ ദിവസത്തെ- വിജയദ്വാദശി / വാമനദ്വാദശി-എന്നറിയപ്പെടുന്നു. അത്തം മുതല്‍ 10 ദിവസം വാമനമൂര്‍ത്തിയെ പൂക്കളത്തില്‍ ലിംഗരൂപത്തില്‍ പ്രതിഷ്ടിച്ച് ആരാധിക്കുന്നു. പൂക്കളത്തില്‍ ഒരു ലിംഗമെങ്കില്‍ വാമനമൂര്‍ത്തിയും(തൃക്കാക്കരയപ്പന്‍) മൂന്നു ലിംഗങ്ങളെങ്കില്‍ ത്രിമൂര്‍ത്തികളെയും സങ്കല്‍പ്പിക്കുന്നു.(ലിംഗമെന്നാല്‍- സങ്കല്‍പ്പ പ്രതിഷ്ട്ഠ- symbol- സൂചകം എന്നര്‍ത്ഥം). അപ്പോള്‍ തിരുവോണ ദിവസം മധ്യാഹ്നത്തില്‍ നമ്മുടെ ഗൃഹം സന്ദര്‍ശിക്കാന്‍ എത്തുന്നത്‌, മഹാബലിയല്ല- സാക്ഷാല്‍ മഹാവിഷ്ണു ആണെന്നര്‍ത്ഥം. വിജയദ്വാദശി(തിരുവോണം)- വാമനാവതാരം..//.. രാമനവമി- ശ്രീരാമാവതാരം..//… അഷ്ടമിരോഹിണി- കൃഷ്ണാവതാരം!!!. അടുത്ത ഓണം എങ്ങനെ ആഘോഷിക്കണം എന്ന് ഇപ്പോഴേ തീരുമാനിച്ചോളൂ…

ഭഗവാന്‍ ശ്രീരാമചന്ദ്രന്‍റെ വംശാവലി

സൂര്യവംശം- ഇക്ഷ്വാകുവംശം-രഘുവംശം-ശാഖ്യവംശം–>>മഹാവിഷ്ണുവില്‍ നിന്നും ബ്രഹ്മാവും, ബ്രഹ്മാവില്‍ നിന്നും 23- പ്രജാപതിമാരും ജനിച്ചു. പ്രജാപതിമാരില്‍ മരീചി മഹര്‍ഷിക്ക് + സംഭൂതിയില്‍ കശ്യപന്‍ ജനിച്ചു. ദേവന്മാരുടെയും അസുരന്മാരുടെയും പക്ഷിമൃഗാദികളുടെയും പിതാവാണ് കശ്യപന്‍. ദക്ഷ പുത്രിമാരായ 13 പേരുള്‍പ്പടെ 21 ഭാര്യമാര്‍. അവരില്‍ ദക്ഷപുത്രിയായ അദിതിയില്‍ 12 പുത്രന്മാര്‍ ജനിച്ചു.(ദ്വാദശാദിത്യന്മാര്‍). അവരില്‍ പ്രധാനി, വിവസ്വാന്‍(സൂര്യന്‍). ഇവിടെ നിന്നും സൂര്യ വംശം ആരംഭിക്കുന്നു. വിവസ്വാന് വൈവസ്വത മനു ജനിച്ചു. മനുവിന് ശ്രദ്ധയും, ഛായയും ഭാര്യമാര്‍. ശ്രദ്ധയില്‍ ഇക്ഷ്വാകുവും , നഭഗനും ഉള്‍പ്പടെ-10- പുത്രന്മാര്‍ ജനിച്ചു. അതില്‍ നഭഗന്‍റെ പുത്രനാണ് ദുര്‍വാസാവ് മഹര്‍ഷിയെ തോല്‍പ്പിച്ച അംബരീഷന്‍. – ഇക്ഷ്വാകുവില്‍ നിന്നും വംശം തുടരുന്നു–> വികുക്ഷി -> ശശാദന്‍ -> കകുല്‍സ്തന്‍ -> അനേനസ്-> പ്രഥ്‌ലാശ്വന്‍-> പ്രസേനജിത്ത് -> യുവനാശ്വന്‍-> 8-ആം തലമുറയില്‍ മാന്ധാതാവ്. മാന്ധാതാവിന്‍റെ പുത്രന്മാരാണ്- മുചുകുന്ദന്‍, പുരുകുത്സന്‍, എന്നിവര്‍. . പുരുകുത്സന് ശേഷം-> ത്രസദസ്യു -> അനരണ്യന്‍ -> ഹര്യശ്വന്‍ -> വസുമനസ്സ് -> സുധന്വാവ് -> ത്രൈര്യാരുണന്‍ -> 7-ആം തലമുറയില്‍ സത്യവൃതന്‍(ത്രിശങ്കു). ത്രിശങ്കുവിന് വേണ്ടിയാണ് വിശ്വാമിത്രന്‍ സ്വയം സ്വര്‍ഗ്ഗം സൃഷ്ട്ടിച്ചത്. ത്രിശങ്കുവിന്‍റെ പുത്രനാണ്, മഹാനായ ഹരിശ്ചന്ദ്രന്‍. ശേഷം -> രോഹിതാശ്വന്‍ -> ഹരിതന്‍ -> ചുഞ്ചു -> സുദേവന്‍ -> ഭാരുകാന്‍ -> ബാഹുകന്‍ -> 6-ആം തലമുറയില്‍ സഗരന്‍. സഗരന് സുമതി എന്ന ഭാര്യയില്‍ ജനിച്ച പുത്രന്മാരെയെല്ലാം കപിലമഹര്‍ഷി ശപിച്ചു ഭസ്മമാക്കി. പിന്നീട് കേശിനി എന്ന ഭാര്യയില്‍ അസമഞ്ചസ് ജനിച്ചു. അസമഞ്ചസ്സിന്‍റെ പുത്രന്‍ അംശുമാന്‍. അംശുമാന്‍റെ പുത്രനാണ് ഭഗീരഥന്‍. ഭഗീരഥനാണ് ഗംഗാദേവിയെ പ്രീതിപ്പെടുത്തി, ഭൂമിയിലെത്തിച്ച് സഗരപുത്രന്മാരെ പുനര്‍ജ്ജനിപ്പിച്ചത്. ശേഷം -> ശ്രുതനാഭന്‍ -> സിന്ധുദ്വീപന്‍ -> ആയുതായുസ്സ് -> ഋതുപര്‍ണ്ണന്‍ -> സര്‍വ്വകാമന്‍ -> സുദാസന്‍ -> മിത്രസഹന്‍(കന്മഷപാദന്‍)-> അശ്മകന്‍ -> മൂലകന്‍ -> 11-ആം തലമുറയില്‍ ഖട്വാംഗന്‍. ഖട്വാംഗന്‍റെ പുത്രനാണ് മഹാനായ ദിലീപന്‍. ദിലീപനാണ് കാമധേനുവിനെ(നന്ദിനി) സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയില്‍ എത്തിച്ചത്. കാമധേനുവിന്‍റെ അനുഗ്രഹത്താല്‍ ദിലീപന് ജനിച്ച പുത്രനാണ്- രഘു ചക്രവര്‍ത്തി. ഇവിടെ രഘുവംശം തുടങ്ങുന്നു. രഘുവിന്‍റെ പുത്രന്‍ അജന്‍. അജന് + ഇന്ദുമതിയില്‍(ഇളബിള) ജനിച്ച പുത്രനാണ് ദശരഥന്‍(നേമി). ദശരഥന്‍റെ ആദ്യ ഭാര്യയാണ് ഉത്തരകോസല രാജകുമാരി കൌസല്യ. അവര്‍ക്ക് ഒരു പുത്രി ജനിച്ചു- ശാന്ത. ശാന്തയെ, സന്താനങ്ങള്‍ ഇല്ലാതിരുന്ന അംഗ രാജാവ് ലോമപാദന്‍ ദത്തെടുത്തു. ഋശ്യശ്രുങ്കന്‍ വിവാഹം കഴിച്ചു. ദശരഥന് പിന്നീട് സന്താനങ്ങള്‍ ഉണ്ടായില്ല. കേകയ രാജാവിന്‍റെപുത്രിയായ കൈകേയിയെ, വിവാഹം ചെയ്തു. വീണ്ടും കാശി രാജകുമാരി സുമിത്രയെക്കൂടി വിവാഹം ചെയ്തു. ഇവരില്‍ പട്ടമഹിഷി കൌസല്യ ആയിരുന്നു. കുല ഗുരുവായ വസിഷ്ടന്‍റെ ഉപദേശപ്രകാരം ഋശൃശ്റുംഗന്‍ പുത്രകാമേഷ്ടിയാഗം നടത്തി. അങ്ങനെ, കൌസല്യയ്ക്കു- ശ്രീ രാമചന്ദ്രനും, കൈകേയിക്ക്- ഭരതനും, സുമിത്രയ്ക്ക്- ലക്ഷ്മണനും, ശത്രൂഘ്നനനും ജനിച്ചു. ദശരഥ പുത്രന്മാര്‍ മിഥിലയിലെ രാജകുമാരിമാരെയാണ് വിവാഹം കഴിച്ചത്. (മിഥില ഇപ്പോള്‍ നേപ്പാളില്‍ ആണ്). രാമനു മിഥിലയിലെ രാജാവായ ജനകന്‍റെ പുത്രി സീതയില്‍ ലവനും-കുശനും ജനിച്ചു. ലക്ഷ്മണന്‍ ഊര്‍മ്മിളയെ വിവാഹം ചെയ്തു. 2 പുത്രന്മാര്‍-അംഗദന്‍, ഛത്രകേതുവും. അംഗദന്‍ അഗതിയിലെ രാജാവായി. ഛത്രകേതു ചന്ദ്രമതി എന്ന രാജ്യം സ്ഥാപിച്ചു. ലക്ഷ്മണന്‍റെ മരണത്തിനുശേഷം ഊര്‍മ്മിള അഗ്നിയില്‍ ദേഹത്യാഗം ചെയ്തു. ഭരതന്‍ മാണ്ഡവിയെ വിവാഹം ചെയ്തു. 2 പുത്രന്മാര്‍.തക്ഷന്‍. പുഷ്കലന്‍, അവര്‍ സിന്ധു നദിയുടെ ഇരു കരകളിലുമായി കേകയ രാജ്യം വിഭജിച്ചു, ഉത്തര- ദക്ഷിണ കേകയരാജ വംശങ്ങള്‍ സ്ഥാപിച്ചു. ശത്രൂഘ്നന്‍ ശ്രുതകീര്‍ത്തിയെ വിവാഹം ചെയ്തു. 2 മക്കള്‍,സുബാഹു,ശ്രുതസേനന്‍. ശത്രൂഘ്നനാണ് മഥുരാ നഗരം സ്ഥാപിച്ചത്.( കൃഷ്ണന്‍റെ മഥുര തന്നെ!). സീത ജനകന്‍റെ വളര്‍ത്തു മകളും, ഊര്‍മ്മിളയും, മാണ്ഡവിയും, ശ്രുതകീര്‍ത്തിയും, ജനകന്‍റെ അനുജനായ കുശധ്വജന്‍റെ പുത്രിമാരും ആയിരുന്നു. …………………………………മീന മാസത്തിലെ (march-april), ശുക്ല പക്ഷത്തിലെ (ചന്ദ്രന്‍,അമാവാസിയില്‍ നിന്നും പൌര്‍ണ്ണമിയിലേക്ക്), നവമി തിഥിയില്‍ (9-ആം ദിവസം), മകരം രാശിയില്‍, കര്‍ക്കിടക ലഗ്നത്തില്‍, പുണര്‍തം നക്ഷത്രത്തില്‍ ആണ് ശ്രീരാമന്‍റെ ജനനം. (രാമ നവമി). ഇത് ജ്യോതിഷ പ്രകാരം BCE-5114 ജനുവരി 10-ആം തീയതി, രാത്രി 12:30 ആണ്. 11-ആം തീയതി പൂയം നാളില്‍ 5:30am, ഭരതന്‍ ജനിച്ചു. 12-ആം തീയതി, സൂര്യോദയത്തിനു ആയില്യം നാളില്‍ ആദ്യം ലക്ഷ്മണനും പിന്നെ ശത്രൂഘ്നനനും ജനിച്ചു. (വാല്മീകിരാമായണം, ബാലകാണ്ഡം,18-ആം സര്‍ഗ്ഗം).
സീതയെ ജനകന് ലഭിക്കുന്നത്, ഒരു യജ്ഞം നടത്തുമ്പോള്‍ ആണ്. ഇന്നത്തെ ബീഹാറിലെ സീതാമാര്‍ഗ്ഗ് എന്ന സ്ഥലമാണതു. പിന്നീടാണ് മിഥിലയിലേക്ക്( ഇപ്പോള്‍ നേപ്പാളില്‍) പോകുന്നത്. മാര്‍ഗ്ഗശീര്‍ഷത്തിലെ(വൃശ്ചികം) ശുക്ലപക്ഷ, പഞ്ചമി തിഥിയിലാണ് സീതാ രാമ വിവാഹം(വിവാഹ പഞ്ചമി). വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തിലാണ് ലവ കുശന്മാര്‍ ജനിക്കുന്നത്. അവര്‍ ഇരട്ടകള്‍ ആയിരുന്നു. ഇന്നത്തെ കാണ്‍പൂരിനടുത്ത്(UP) ബിതൂര്‍ എന്നാ സ്ഥലമാണിത്. ശ്രീ രാമനു ശേഷം കുശന്‍ ദക്ഷിണ കൊസലവും ലവന്‍ ഉത്തര കൊസലവും ഭരിച്ചു. രാമന്‍ കോസല രാജാവായിരുന്നു. കോസലത്തിന്‍റെ തലസ്ഥാനമായിരുന്നു അയോധ്യ. രാജ്യഭാരമെല്‍ക്കുമ്പോള്‍ രാമനു 40 വയസ്സുണ്ട്. കുശനാണ് കുശസ്ഥലി എന്ന നഗരം സ്ഥാപിച്ചത്. കുശസ്ഥലിയാണ് പിന്നീട് ദ്വാരക ആയതു(കൃഷ്ണന്‍റെ). മൌര്യ രാജവംശം കുശന്‍റെ പരമ്പരയില്‍ ആണ്. മധ്യ ഭാരതവും ഇന്നത്തെ അഫ്ഘാനിസ്ഥാനിലെ ഹിന്ദുകുഷ് പര്‍വ്വതം വരെയും ലവ കുശന്മാരുടെ ഭരണത്തിന്‍കീഴില്‍ ആയിരുന്നു. ലവ കുശന്മാര്‍ ജനിക്കുമ്പോള്‍( ചിങ്ങ മാസത്തിലെ പൌര്‍ണ്ണമി രാത്രിയില്‍) ശത്രൂഘ്നന്‍ ആശ്രമത്തില്‍ ഉണ്ടായിരുന്നു. ലാഹോര്‍(ഇപ്പോള്‍ പാകിസ്ഥാനില്‍) സ്ഥാപിച്ചത് ലവ രാമനാണ്. കുശന്‍ നാഗ വംശ കന്യകയെ വിവാഹം ചെയ്തു. കുശന്‍റെ പിന്മുറക്കാരെ കൌശികര്‍ എന്നറിയപ്പെടുന്നു. വംശം തുടരുന്നു, > അദിതി >നിഷധന്‍ > പുണ്ഡരീകന്‍ > ക്ഷേമധന്വാവ് > ദേവാനീകന്‍ > അഹിനാഗന്‍. ഇനിയുള്ള വംശാവലി ബ്രഹ്മ പുരാണത്തില്‍ നിന്നും ആണ്. > സലന്‍ > ഉക്തന്‍ > വജ്രനാഭന്‍.(വീരസേനന്‍) ഇദ്ദേഹം നിഷധ രാജ്യത്തെ രാജാവായിരുന്നു. ഇദ്ധേഹത്തിന്റെ പുത്രനാണ് നളന്‍. ഇനിയുള്ള വംശാവലി വിഷ്ണു പുരാണത്തില്‍ നിന്നാണ്, ഭാഗവതത്തില്‍ കൊടുത്തിട്ടുള്ള വംശാവലിയില്‍ നിന്നും ചെറിയ വെത്യാസം ഉണ്ട്.> വജ്രനാഭന്‍ > ശന്ഖനാഭന്‍ > അഭ്യുഥിഷ്ടാശ്വന്‍ > വിശ്വസഹന്‍ > ഹിരണ്യനാഭന്‍(ജൈമിനി മഹര്‍ഷിയുടെ ശിഷ്യന്‍) > പുഷ്യന്‍ > ധ്രുവസന്ധി > മരു > പരശ്രുതന്‍ > സുസന്ധി > അമര്‍ശന്‍ > മഹാസ്വതന്‍ > വിശ്രുതന്‍ > ബ്രിഹദ്ബലന്‍(അഭിമന്യുവിനാല്‍ വധിക്കപ്പെട്ടു). ഇനി ഭാഗവതം തുടരുന്നു. > ബ്രിഹദ്ബലന്‍ > ബ്രിഹദാരണന്‍ > ഉരുക്രിയന്‍ > വത്സന്‍ > പ്രതിവ്യോമന്‍ > ഭാനു > ദൈവകന്‍ > സഹദേവന്‍ >ബ്രിഹധാശ്വന്‍ > ഭാനുമാന്‍ > പ്രതീകാസ്വന്‍ > സുപ്രതീകന്‍ > മരുദേവന്‍ > സുനക്ഷത്രന്‍ > പുഷ്ക്കരന്‍ > അന്തരീക്ഷന്‍ > സുതപന്‍ > അമരജിത്ത് > ബ്രിഹദ്രജന്‍. ഇവിടെ നിന്നും ബുദ്ധന്‍റെ വംശാവലി ആരംഭിക്കുന്നു.BCE-623 > ബ്രിഹദ്രജന്‍ > ബാര്‍ഹി > ക്രുതന്ജയന്‍ > രണന്ജയന്‍ > സഞ്ജയന്‍ > ശാഖ്യന്‍(ശാഖ്യവംശം) > ശുധോദനന്‍ > ബുദ്ധന്‍.(ഗൌതമന്‍- സിദ്ധാര്‍ത്ഥന്‍) BCE-623- കോസലത്തിന്‍റെ ഭാഗമായ കപിലവസ്തുവിലെ രാജാവായിരുന്നു ശുധോദനന്‍. ആ സമയത്ത് കോസലം ഭരിച്ചിരുന്നത് ശാഖ്യവംശം ആയിരുന്നു. ഇന്നത്തെ നേപ്പാളിലെ ദേവദാഹം എന്ന നാട്ടുരാജ്യത്തെ കുമാരിയായിരുന്ന മായാദേവിയെ വിവാഹം ചെയ്തു. ഗര്‍ഭിണിആയിരുന്ന മായാദേവി കപില വസ്തുവിലേക്കുള്ള യാത്രാമദ്ധ്യേ ലുംബിനി എന്ന സ്ഥലത്തുവെച്ചു സിദ്ധാര്‍ത്ഥന്ന്(ബുദ്ധനു) ജന്മം നല്‍കി. ശ്രീ ബുദ്ധന്‍ 80-ആം വയസ്സിലാണ് സമാധിയാകുന്നത്. ബുദ്ധന്‍റെ പുത്രന്‍ രാഹുലന്‍ > പ്രസേനജിത്ത് > ക്ഷൂദ്രകന്‍ > രണകന്‍ > സുരഥന്‍ > സുമിത്രന്‍. ഇവിടെ സൂര്യവംശത്തിലെ ഈ ശാഖ അവസാനിക്കുന്നു.
ഗീത ഗോവിന്ദം അഷ്ടപതി- ദശാവതാര കീര്‍ത്തിധവളം,10-ആം ശ്ലോകം-
निन्दति यज्ञविधेरहह श्रुतिजातम् । सदयहृदयदर्शितपशुघातम्॥
केशव धृतबुद्धशरीर जयजगदीशहरे॥ अ प १-९
വേദങ്ങളിലെ ജന്തുഹിംസ ഉള്‍പ്പടെയുള്ള കര്‍മ്മങ്ങളെ മാറ്റി ജ്ഞാന മാര്‍ഗ്ഗം സ്ഥാപിക്കുന്നതിനായി ഭഗവാന്‍ വിഷ്ണു, ബുദ്ധനായി കലിയുഗത്തില്‍ അവതരിച്ചു.
കുശനില്‍ നിന്നും ബുദ്ധന്‍ വരെയുള്ള വംശാവലി ഡോ: കെ.ആര്‍ സുബ്രഹ്മണ്യത്തിന്‍റെ, “Buddhist remains in Āndhra and the history of Āndhra between 224 & 610 A.D.” from page 82-87:- നിന്നും എടുത്തിട്ടുള്ളതാണ്.
മഹാവിഷ്ണു മുതല്‍ കുശന്‍ വരെയുള്ള വംശാവലി : ഭാഗവതം, ഹരിവംശം, വിഷ്ണു,പദ്മ പുരാണങ്ങള്‍, ശ്രീ.വെട്ടം മാണിയുടെ-പുരാണിക് എന്‍സൈക്ളോപീഡിയ, എന്നിവയില്‍ നിന്നും എടുത്തിട്ടുള്ളതാണ്.:

ശ്രി കൃഷ്ണന് 16000 ഇല് പരം ഭാര്യമാര്‍ ഉണ്ടോ,എന്താണ് ഇതിന്റെ സത്യാവസ്ഥ ?

ഒരിക്കൽ കൃഷ്ണൻ ‍ നരകാസുരൻ ‍ എന്ന അസുരനെ വധിച്ചു , നരകാസുരന്റെ കരാഗ്രഹത്തില്‍ നരകാസുരൻ ‍ ബന്ധനസ്ഥരാക്കിയ കന്യകമാർ ‍ ഉണ്ടായിരുന്നു. കൃഷ്ണൻ‍ അവരെ കരാഗ്രഹത്തില്‍ നിന്നും മോചിപ്പിച്ചു , തിരിച്ചു പോകാന്‍ പറഞ്ഞു . പക്ഷെ അവര്‍ പോയില്ല , അവർ ‍ പറഞ്ഞു തങ്ങളെ അസുരന്‍ പിടിച്ചു കൊണ്ടുപോയത് കൊണ്ട് സമൂഹത്തില്‍ ഞങ്ങൾക്ക് മാനവും സ്ഥാനവും ,നഷട്ടപെട്ടു, ഇനി മുതൽ ‍ ഞങ്ങളെ സമൂഹത്തില്‍ എല്ലാവരും മാനം നഷ്ട്ടപെട്ടവരായിട്ടാണ് കാണുക അത് കൊണ്ട് തങ്ങളെ വിവാഹം കഴിക്കാന്‍ ആരും വരില്ല എന്നും പറഞ്ഞു. .അവര്ക്ക് ‌ അറിയാം കൃഷ്ണന്‍ വളരെ ധയവാന്‍ ആണ് , കൃഷ്ണനോട്‌ ഭക്തിയോടെ ചോദിച്ചാല് എന്തും കൃഷ്ണന്‍ നല്കും എന്നും . അത് കൊണ്ട് കൃഷ്ണന്‍ അവര്ക്ക് ഭാര്യാ പദവി നല്കിാ ആദരിച്ചു സമൂഹത്തില്‍ ഒരു നല്ല സ്ഥാനം നല്കി . അവരും കൃഷ്ണനും തമ്മിലുള്ള ബന്ധം ദൈവവും യഥാര്ത്ഥ ഭക്തന്മാരും തമ്മില്ലുള്ള ബന്ധം ആയിരുന്നു അല്ലാതെ സാധാരണ ഭാര്യ ഭര്തൃര ബന്ധം അല്ല .അങ്ങനെ ആയിരുന്നു ശ്രി കൃഷ്ണന് 16000 ഇല് പരം ഭാര്യമാര്‍ ഉണ്ടായത്‌ . ഭഗവാന്‍ സച്ചിദാനന്ദന്‍ എന്നാണ് അറിയപെടുന്നത് കാരണം ഭഗവാനെ ദ്യാനിക്കുന്നത് തന്നെ ലോകത്തിലെ ഏററവും വലിയ പരമാനന്തം ആണ് . നമുക്ക് കൃഷ്ണ ഭക്ത മീരയുടെ കഥ വായിച്ചാല്‍ അത് മനസിലാകും.

അര്‍ജുനന്റെ പത്ത് നാമങ്ങള്‍

പേടിസ്വപ്നം കണ്ടാലോ ,രാത്രികാല സഞ്ചാരത്തിനിടയില്‍ ഭയം ഉളവായാലോ പണ്ടുകാലത്ത് മുത്തശ്ശിമാര്‍ കുട്ടികളോട് പറയുമായിരുന്നു “അര്‍ജുനന്റെ പത്ത് നാമങ്ങള്‍ ചൊല്ലിയാല്‍ മതി”യെന്ന് ..
പഞ്ചപാണ്ഡവരില്‍ മൂന്നാമനും വില്ലാളിവീരനും ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഇഷ്ടസഖാവുമായ അര്‍ജുനന്റെ പത്തുപേരുകള്‍ യഥാക്രമം..

1 : അര്‍ജ്ജുനന്‍

2 : ഫല്‍ഗുനന്‍

3 : പാര്‍ത്ഥന്‍

4: കിരീടി

5 : വിജയന്‍

6 : ശ്വേതാശ്വന്‍

7: ജിഷ്ണു

8 : ധനഞ്ജയന്‍

9: സവ്യസാചി

10: ബീഭത്സു

വെളുത്ത നിറമായതിനാല്‍ ‘അര്‍ജ്ജുനന്‍’ എന്നും ഫാല്‍ഗുനമാസത്തില്‍ ഫാല്‍ഗുനനക്ഷത്രത്തില്‍ (ഉത്രം) ജനിച്ചതിനാല്‍ ‘ഫല്‍ഗുനന്‍ ‘എന്നും പൃഥ (കുന്തി)യുടെ പുത്രനായതിനാല്‍ ‘പാര്‍ത്ഥന്‍ ‘ എന്നും അസുരനാശം വരുത്തിയപ്പോള്‍ പിതാവായ ഇന്ദ്രന്‍ ദേവകിരീടം ശിരസ്സില്‍ അണിയിച്ചതിനാല്‍ ‘കിരീടി ‘എന്നും എപ്പോഴും വിജയം വരിക്കുന്നതിനാല്‍ ‘വിജയന്‍ ‘എന്നും വെള്ളകുതിരകളെ കെട്ടിയ രഥമുള്ളവനായതിനാല്‍ ‘ശ്വേതാശ്വന്‍ ‘എന്നും ഖാണ്ഡവദാഹത്തില്‍ ജിഷ്ണു (ഇന്ദ്രന്‍ )വിനെ ജയിച്ചതിനാല്‍ ‘ജിഷ്ണു ‘എന്നും അശ്വമേധയാഗത്തിന് ഉത്തരദിക്കില്‍നിന്നും ധാരാളം ധനം കൊണ്ടുവന്നതിനാല്‍ ‘ധനഞ്ജയന്‍ ‘എന്നും രണ്ടുകൈകള്‍കൊണ്ടും അസ്ത്രങ്ങള്‍ അയക്കുന്നതിനാല്‍ ‘സവ്യസാചി ‘ എന്നും യുദ്ധത്തില്‍ ഭീകരനായതിനാല്‍ ‘ബീഭത്സു’എന്നും അര്‍ജ്ജുനനു പേര് ലഭിച്ചു …

അര്‍ജുനന്‍ ,ഫല്‍ഗുനന്‍, പാര്‍ഥന്‍, വിജയനും വിശ്രുതമായ പേര്‍ പിന്നെ കിരീടിയും ,ശ്വേതശ്വനെന്നും ധനഞ്ജയന്‍ ജിഷ്ണുവും ബീഭത്സുവും സവ്യസാചിയും ഞാനെടോ. പത്തു നാമങ്ങളും ഭക്ത്യാ ജപിക്കിലോ നിത്യ ഭയങ്ങള്‍ അകന്നു പോം നിര്‍ണ്ണയം

കിരാതമൂര്‍ത്തി

ശിവന്റെ ഒരു കാട്ടാളഭാവത്തിലുള്ള രൂപമാണ്‌ കിരാതമൂര്‍ത്തി…പാശുപതാസ്ത്ര സമ്പാദനത്തിനായി പാണ്ഡവനായ അര്‍ജ്ജുനന്‍ പരമശിവനെ ധ്യാനിച്ച് കഠിന തപസ്സ് അനുഷ്ഠിച്ചു. തപസ്സിന്റെ പാരമ്യത്തില്‍ സ്വതവേ ക്ഷിപ്രപ്രസാദിയായ ഭഗവാന്‍ പാര്‍ഥനു അഭീഷ്ടവരം നല്‍കുവാന്‍ അമാന്തിക്കുന്നതു കണ്ടു പാര്‍വതി പരിഭവിച്ചു. അപ്പോള്‍ ഭഗവാന്‍ ഒരു കാട്ടാളവേഷം ധരിച്ചു തപസ്ഥലത്തേക്കു പുറപ്പെട്ടതുകണ്ടു പരിഭ്രമിച്ച പാര്‍വതി ശങ്കിച്ച് ഇതെന്താണെന്നു ചോദിച്ചു. അഹങ്കാരിയായ അര്‍ജ്ജുനന്ന് ഗര്‍വ്വശമനം വരുത്തിയിട്ടല്ലാതെയുള്ള വരദാനം ഫലം ചെയ്യില്ലെന്ന് ശിവന്‍ മറുപടി പറഞ്ഞു. അപകടമെന്തെങ്കിലും സംഭവിച്ചേക്കുമെന്ന് ഭയന്ന് പാര്‍വതിയും കാട്ടാളത്തിയുടെ വേഷത്തില്‍ കൂടെക്കൂടി. ഇങ്ങനെ കാട്ടാളവേഷധാരിയായ ശിവനേയാണത്രെ കിരാതമൂര്‍ത്തിയായി ആരാധിക്കുന്നത്. വനവാസത്തിനിടെ ഇവര്‍ക്ക് ഒരു പുത്രനുണ്ടായതായും കഥയുണ് കേരളത്തിലെ പല നമ്പൂതിരി ഗൃഹങ്ങളിലും ശിവന്റെ കാട്ടാളരൂപത്തെ കിരാതമൂര്‍ത്തിയെന്ന പരദേവതയായി ആരാധിക്കുന്നുണ്ട്. വേട്ടേക്കരന്‍ എന്ന രൂപത്തിലും കിരാതസൂനു(വേട്ടയ്ക്കൊരുമകന്‍) എന്ന രൂപ്ത്തിലും സങ്കല്‍പിച്ച് പൂജിക്കാറുണ്ട്

വേട്ടേക്കരന്‍ പാട്ട് എന്നത് ഒരു അനുഷ്ഠാനമാണ്‌. കുറുപ്പന്മാര്‍ കളമെഴുതി ( കറുപ്പ്, വെളുപ്പ്, പച്ച, മഞ്ഞ, ചുകപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള പൊടികള്‍ ഉപയോഗിച്ച് ) പാട്ടുകൊണ്ട് ദേവനെ പുകഴ്ത്തുകയും, വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോമരം(വെളിച്ചപ്പാട്) ഉറഞ്ഞുതുള്ളി കളം മായ്ക്കുകയും നാളികേരങ്ങള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്യുന്ന ചടങ്ങുകള്‍ ദേവപ്രീതിക്കയി നടത്തപ്പെടുന്നു.