ഹനുമാന് പുത്രനോ?

ബെയ്റ്റ് ദ്വാരകയില്‍ പുത്ര സമേതനായ ഹനുമാന്‍ സ്വാമിയുടെ
ക്ഷേത്രം ഉള്ളതായി കേട്ടിട്ടുണ്ടോ? അതെ അങ്ങനെ ഒരു
ക്ഷേത്രം ഉലകത്തില്‍ വേറെ ഉണ്ടാവില്ലെന്ന് തോന്നുന്നു..
ബ്രഹ്മചാരിയായ ഹനുമാന്‍ ജിക്ക് എങ്ങനെ ആണ് മകന്‍
ഉണ്ടാവുക? രാമ രാവണ യുദ്ധത്തിനിടയില്‍ രാവണന്റെ അര്‍ദ്ധ സഹോദരന്മാരായ അഹി രാവണനും മഹി രാവണനും ചേര്‍ന്ന് രാമ ലക്ഷ്മനന്മാരെ പാതാള ലോകത്തേക്ക് തട്ടിക്കൊണ്ടു
പോയി നര ബലിയാക്കാന്‍ ശ്രമിച്ചുവെന്ന ഒരു കഥയുണ്ട്.
മായാവികളും മഹാ പരാക്രമികളുമായ ആ രണ്ടു
രാകഹസന്മാരെയും ഹനുമാന്‍ വധിക്കുന്നതായാണ് കഥ.
അതിനായി പാതാള ലോകതെതുന്ന ഹനുമാന്‍ സ്വാമിയെ അവിടുത്തെ കാവല്‍ക്കാരനായ ഒരു വാനരന്‍ തടയുന്നു. തന്റെ ബാലത്തിനോപ്പം നില്‍ക്കുന്ന ഈ വാനരന്‍ ആര് എന്ന്
ഹനുമാന്‍ സ്വാമി അത്ഭുതപ്പെട്ടു. അപ്പോള്‍ താന്‍ ആരെയാണ്
തടഞ്ഞിരിക്കുന്നത്‌ എന്നറിയാതെ അഭിമാനത്തോടെ ആ വാനരന്‍ പറയുന്നത്, “ഞാന്‍ മകരധ്വജന്‍ സാക്ഷാല്‍ ഹനുമാന്‍ സ്വാമിയുടെ പുത്രന്‍” എന്ന്. അതെങ്ങനെ സംഭവിക്കും എന്ന് ആരാഞ്ഞ സ്വാമിയോട് മകരധ്വജന്‍ പറയുന്നു, “ലങ്കാ ദഹനത്തിന് ശേഷം വാലിലെ തീ കെടുത്താന്‍ കടലില്‍
മുക്കുന്നതിനിടയില്‍ നെറ്റിത്തടത്തില്‍ നിന്ന് ഒരു വിയര്‍പ്പു തുള്ളി കടലില്‍ പതിച്ചു. അത് അങ്ങനെ തന്നെ ഒരു മുതല(മകര മത്സ്യം) കഴിച്ചു.. ആ മുതല ഗര്‍ഭിണി ആയി. അങ്ങനെ
പിറന്നവന്‍ ആകയാല്‍ ഞാന്‍ മകരധ്വജന്‍. പിതാവാണ് എന്ന്
ബോധ്യപ്പെട്ടിട്ടും കര്‍ത്തവ്യ നിര്‍വഹണത്തില്‍ നിന്ന് പിന്തിരിയാത്ത മകരധ്വജനുമായി ഘോര യുദ്ധം നടത്തേണ്ടി
വന്നു ഹനുമാന്‍ജിക്ക്. രണ്ടു പേരെയും ഒരേ ഗര്‍ഭഗൃഹത്തില്‍
പ്രതിഷ്ടിച്ചിട്ടുള്ള ക്ഷേത്രം ബെയ്റ്റ് ദ്വാരികയില്‍ ഉള്ള അനേകം ക്ഷേത്രങ്ങളില്‍ ഒന്നാണ്

ഹനുമാന്റെ ശ്രീരാമഭക്തി

ഹനുമാന്റെ ശ്രീരാമഭക്തി അവര്‍ണ്ണനീയമാണ്. നിസ്വാര്‍ത്ഥമായ സേവനംകൊണ്ട് ശ്രീരാമചന്ദ്രന്റെ ഹൃദയം മുഴുവനും നിറഞ്ഞു നില്‍ക്കുന്ന വാത്സല്യനിധിയാണ് ആ ഭക്തശ്രേഷ്ഠന്‍. ലങ്കാപുരിയില്‍ ചെന്ന് സീതാദേവിയെ സന്ദര്‍ശിച്ച് ജനകപുത്രിക്കും തനിക്കും ഒരുപോലെ ആശ്വാസവും ആനന്ദവും നല്‍കിയ അജ്ഞനാനന്ദനോട് ശ്രീരാമചന്ദ്ര പ്രഭു അരുളിചെയ്തു.

”അല്ലയോ ആഞ്ജനേയാ! ലങ്കാപുരിയില്‍ ചെന്ന് സീതാദേവിയെ ദര്‍ശിച്ച് നമ്മുടെ സന്ദേശമുണര്‍ത്തിച്ച് ജാനകിയുടെ വിവരങ്ങള്‍ നമ്മെ ധരിപ്പിച്ചതുകൊണ്ട് രഘുവംശത്തെയും വീരനായ ലക്ഷ്മണനെയും സര്‍വ്വോപരി നമ്മെയും ദുഃഖസാഗരത്തില്‍ നിന്ന് അങ്ങ് കരകയറ്റിയിരിക്കുകയാണ്. ഇതിന് പ്രത്യുപകാരമായി അങ്ങേയ്ക്ക് നല്‍കുവാന്‍ യാതൊന്നും ഞാന്‍ കാണുന്നില്ല. ഹൃദയംഗമമായ സ്‌നേഹവിശ്വാസങ്ങളോടെ അങ്ങയെ ആലിംഗനം ചെയ്തു ഞാന്‍ ബഹുമാനിക്കുന്നു.
ഇതുപോലെതന്നെ മറ്റൊരിക്കല്‍കൂടി ശ്രീരാമചന്ദ്രന്‍ ഹനുമാനോട് അരുളിചെയ്തിട്ടുണ്ട്. ”അല്ലയോ കപിശ്രേഷ്ഠാ അങ്ങ് ചെയ്യുന്ന ഓരോ ഉപകാരങ്ങള്‍ക്കും പ്രത്യുപകാരമായി നമ്മുടെ ജീവന്‍പോലും നല്‍കുവാന്‍ നാം സന്നദ്ധനാണ്. ഇനിയും അനേകമനേകം ഉപകാരങ്ങള്‍ അങ്ങ് ചെയ്യുവാന്‍ ബാക്കിയുണ്ട്. നാം അങ്ങേയ്ക്ക് പ്രത്യുപകാരം ചെയ്യുകയില്ല. പ്രത്യുപകാരം ചെയ്യുന്നതില്‍കൂടി നാം തമ്മിലുള്ള ആത്മബന്ധം അകന്നുപോകുമെങ്കില്‍ അതു നമുക്ക് തീരാനഷ്ടമാണ്. അപ്രകാരം ഒരു സംഭവം സ്വപ്നത്തില്‍പോലും ദര്‍ശിക്കുവാന്‍ നമുക്ക് സാധിക്കുകയില്ല”. ശ്രീസീതാരാമ പട്ടാഭിഷേക സമയത്ത് വൈദേഹി വായുപുത്രനായ ഹനുമാന് ഒരു അപൂര്‍വമായ രത്‌നഹാരം പാരിതോഷികമായി നല്‍കി. ആ ദിവ്യരത്‌നഹാരം ധരിച്ചുനിന്ന ഹനുമാന്‍ പത്തിരട്ടി പ്രശോഭിച്ചു.

മഹാതേജസ്വിയും ധൈര്യശാലിയും സമര്‍ത്ഥനും വിനയനും വീരപരാക്രമിയും സര്‍വ്വോപരി പരമഭക്തനുമായ വാനരശ്രേഷ്ഠന്‍ സീതാദേവി നല്‍കിയ നവരത്‌നഹാരമണിഞ്ഞ്, പല കോടി പൂര്‍ണ്ണചന്ദ്രന്മാരുടെ ശോഭ ഒരുമിച്ചു മഹാമേരു പര്‍വതത്തില്‍ പതിച്ചാലെന്നതുപോലെ ദൃഢഗാത്രനായ ഹനുമാന്‍ അത്യന്തം പ്രശോഭിച്ചു. അപ്രകാരമുള്ള അമൂല്യമായ രത്‌നഹാരത്തിനുള്ളില്‍പോലുംആഞ്ജനേയന്‍ തന്റെ ആശ്രയദേവനായ ശ്രീരാമചന്ദ്രനെ അനേ്വഷിച്ച കഥ പ്രസിദ്ധമാണല്ലോ.

ആഞ്ജനേയന്റെ ആ പ്രവര്‍ത്തി കണ്ട് വിസ്മയാധീനനായ ശ്രീരാമന്‍ ചോദിച്ചു. ആഞ്ജനേയാ! അങ്ങ് നമ്മെക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് നമ്മുടെ നാമത്തെയാണോ എന്ന്. തന്റെ അന്തരംഗം മടികൂടാതെ ഹനുമാന്‍ ശ്രീരഘുരാമനെ ഉണര്‍ത്തിച്ചു. മഹാപ്രഭോ അങ്ങയെക്കാള്‍ അങ്ങയുടെ തിരുനാമം ശ്രേഷ്ഠമായതുതന്നെ. ഇത് അടിയന്റെ ഹൃദയത്തില്‍ നിന്നുയര്‍ന്ന വ്യക്തമായ അഭിപ്രായമാണ്. അങ്ങ് ഇപ്പോള്‍ അയോദ്ധ്യാ വാസികളുടെ രാജാവാണ്. പക്ഷേ അവിടുത്തെ തിരുനാമങ്ങള്‍ ത്രിലോകങ്ങളിലും ധ്വനിക്കുന്ന ദിവ്യ മന്ത്രങ്ങളാണ്. ഹനുമാന്റെ സുദൃഢമായ രാമനാമനിഷ്ഠ ഇപ്രകാരമാണ്. ശ്രീരാമനാമജപവും രാമായണ കഥാശ്രവണവും വളരെ എളുപ്പത്തില്‍ ശ്രീരാമപാദകമലങ്ങളെ പ്രാപിക്കുവാനുള്ള മാര്‍ഗ്ഗങ്ങളാണെന്ന് മറ്റാരെക്കാളും അനുഭവം പൂര്‍ണമായി മനസ്സിലാക്കിയിരുന്ന ഉത്തമഭക്തനാണ് ഹനുമാന്‍

സപ്തചിരഞ്ജീവികൾ

“അശ്വത്ഥാമാ ബലിർവ്യാസോ
ഹനൂമാംശ്ച വിഭീഷണഃ
കൃപഃ പരശുരാമശ്ച
സപ്തൈതേ ചിരജീവിനഃ”

അശ്വത്ഥാമാവ്,
മഹാബലി,
വ്യാസൻ,
ഹനുമാൻ,
വിഭീഷണൻ,
കൃപൻ,
പരശുരാമൻ
എന്നീ ഏഴുപേർ ഹൈന്ദവ പുരാണമനുസരിച്ചു് ചിരഞ്ജീവികളാണു്.

അശ്വത്ഥാമാവ്
ദ്രോണാചാര്യർക്ക് കൃപിയിലുണ്ടായ പുത്രനാണ് അശ്വത്ഥാമാവ്. അശ്വത്തെ പോലെ ബലമുള്ളവൻ എന്നാണ് അശ്വത്ഥാമാവ് എന്ന വാക്കിനർത്ഥം. മഹാഭാരതയുദ്ധത്തിൽ കൗരവപക്ഷത്ത് ചേർന്ന അശ്വത്ഥാമാവ് ദ്രൌപദീ പുത്രന്മാരെയടക്കം പാ‍ണ്ഡവപക്ഷത്തെ പല പ്രമുഖരെയും വധിച്ചു. സപ്തചിരഞ്ജീവികളിലൊരാളായി അശ്വത്ഥാമാവ് ഗണിക്കപ്പെടുന്നു.

മഹാബലി

അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ കൊച്ചുമകൻ ആയിരുന്നു മഹാബലി. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം.എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി ‘വിശ്വജിത്ത്‌’ എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനൻ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി.

വേദവ്യാസൻ
മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനൻ എന്ന വ്യാസമഹർഷി. മഹാഭാരതത്തിന്റെ രചയിതാവ് എന്നതിനു പുറമേ അതിലെ ഒരു കഥാപാത്രവുമാണ്. വ്യാസൻ എന്നാൽ വ്യസിയ്ക്കുനവൻ എന്നർത്ഥം. വേദത്തെ നാലാക്കി പകുത്തതിനാൽ വേദവ്യാസൻ എന്ന നാമം. സപ്തചിരഞ്ജീവികളിൽ ഒരാളാണ് വേദ്വ്യാസൻ.

പരാശരമുനിയ്ക്ക് കാളി അഥവാ സത്യവതി എന്ന മുക്കുവസ്ത്രീയിയിൽ ജനിച്ചതാണ് കൃഷ്ണൻ എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനൻ. ഈ പേരു വരാൻ കാരണം ജനനം ഒരു ദ്വീപിൽ ആയിരുന്നു എന്നതിനാലത്രേ. ജനിച്ച ഉടൻ‌തന്നെ വളർ‌ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു.

പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർ‌ശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർ‌ഷങ്ങൾക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ‌നിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു

ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതൻ എന്ന പുത്രൻ പിറക്കുകയും ചെയ്തു.ഗംഗാദേവി അദ്ദേഹത്തെ ഉപേക്ഷിച്ചു പോയ ശേഷം ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും അതിൽ വിചിത്രവീരൻ, ചിത്രാംഗദൻ എന്നീ പുത്രൻ‌മാർ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രൻ‌മാരെല്ലാം മരണമടഞ്ഞു.ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസൻ ഹസ്തിനപുരിയിലെത്തി.വ്യാസനിൽ‌നിന്നും അംബിക, അംബാലിക എനിവർ‌ക്ക് ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രൻ‌മാർ ജനിച്ചു.ഇവരിൽ‌നിന്ന് കൗരവരും പാണ്ഡവരും പിറന്നു.കൂടാതെ കൊട്ടാരത്തിലെ ദാസിയിൽ ദാസിയിൽ വിദുരരും പിറന്നു.അംബിക വിദുരരുടെ രൂപം കണ്ട് സംഗമസമയം കണ്ണടച്ചുകളയുകയാൽ ധൃതരാഷ്ട്രർ അന്ധനായും അംബാലിക വിദുരരുടെ രൂപം കണ്ട് അറപ്പുതോന്നി വിളറുകയാൽ പാണ്ഡോടെ പാണ്ഡുവും പിറന്നു.

ഹനുമാൻ

രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമായ വാനരനാണ്. ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ ഒരാളുമാണ് ഹനുമാൻ. രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യയായ സീതയെ കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്. രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിലേക്കു പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാ പർവ്വതം വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു. ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു.

വിഭീഷണൻ
രാമായണത്തിലെ ഒരു കഥാപാത്രമാണ് വിഭീഷണൻ . ബിബീഷൻ എന്നും അറിയപ്പെടുന്നു. രാവണന്റെ ഇളയ സഹോദരനായിരുന്നു ഇദ്ദേഹം. അസുര രാജാവായ രാ‍വണന്റെ സഹോദരനായിട്ടൂം, വിഭീഷണൻ വളരെ സൌമ്യസ്വഭാവമുള്ള ഒരു ശ്രേഷ്ഠനായിരുന്നു. രാവണൻ സീതയെ തട്ടിക്കൊണ്ടുപോന്നപ്പോൾ അദ്ദേഹം സീതയെ രാ‍മന് വിട്ടുകൊടുക്കണമെന്ന് അഭ്യർഥിക്കുകയും, പിന്നീട് ഇത് കേൾക്കാതെ വന്നത് കൊണ്ട്, രാമ രാവണ യുദ്ധസമയത്ത് വിഭീഷണൻ രാമ പക്ഷത്ത് ചേരുകയും ചെയ്തു.

പിന്നീട് രാമൻ രാവണനെ യുദ്ധത്തിൽ തോൽപ്പിച്ച് വധിച്ചതിനു ശേഷം വിഭീഷണനെ ലങ്കയുടെ രാജാവായി വാഴിക്കുകയും ചെയ്തു. ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഏഴ് ചിരഞ്ജീവികളിൽ ഒരാളാണ് വിഭീഷണൻ.

കൃപർ
മഹാഭാരതത്തില്‍, ഹസ്തിനപുരത്തിലെ രാജസഭയിലെ പ്രധാനപുരോഹിതനാണ് കൃപാചാര്യർ എന്നറിയപ്പെടുന്ന കൃപർ. ശാരദ്വൻ, ജനപദി എന്നിവരുടെ മകനായ കൃപർ, ദ്രോണരുടെ മാതുലനാണ്. കൃപരുടെ ഇരട്ടസഹോദരിയായ കൃപിയാണ് ദ്രോണരുടെ പത്നി. മഹാഭാരതയുദ്ധത്തിൽ കൗരവപക്ഷത്തുനിന്ന് കൃപർ യുദ്ധം ചെയ്തു. പിൽക്കാലത്ത് ഇദ്ദേഹം അർജുനന്റെ പൗത്രനായ പരീക്ഷിത്തിന്റെ ഗുരുവായി നിയമിക്കപ്പെട്ടു. ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഏഴ് ചിരഞ്ജീവികളിൽ ഒരാളാണ് കൃപർ.

പരശുരാമൻ
ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒരാളുമാണ്‌ പരശു ആയുധമാക്കിയ രാമൻ.

ശ്രീരാമാജ്ഞനേയയുദ്ധം

ശ്രീരാമന്റെ ഭക്തനാണ് ഹനുമാനെന്നു നമുക്കെല്ലാം അറിയാം..രാമന്റെ ദാസന് രാമനായി ഏറ്റുമുട്ടേണ്ടിവന്നുവെന്ന് ചിതിക്കുമ്പോള്‍ അത്ഭുതം തോന്നാം..ഇത്തരം കഥകള്‍ നമുക്ക് ധാരാളം ഗുണപാഠങ്ങള്‍ പറഞ്ഞുതരുന്നുണ്ട്…ശ്രീരാമനും ആജ്ഞനേയനും തമ്മില്‍ യുദ്ധമുണ്ടാക്കിയത് നാരദമഹര്‍ഷിയാണ് …അതിനു ശുഭകരമായ ഒരു പര്യവസാനം ഉണ്ടാക്കിയതും നാരദന്‍ തന്നെ…

ശ്രീരാമന്‍ തുറസ്സായ ഒരു സ്ഥലത്തുനിന്നു ജപധ്യാനാദികള്‍ ചെയ്തുകൊണ്ടിരിക്കുന്നു…അഹങ്കാരിയായ ഒരു രാക്ഷസ്സന്‍ ആകാശമാര്‍ഗ്ഗെ സഞ്ചരിക്കുന്നു…അസാധാരണമായ കഴിവുകള്‍ ഉണ്ട്..ഇത്തരം സിദ്ധിയുള്ളവര്‍ അഹങ്കാരികളായിരിക്കുമെന്നത് വ്യക്തമാണല്ലോ…

രാക്ഷസനു ഒരു തമാശതോന്നി…തന്റെ ഉച്ചിഷ്ടം രാക്ഷസ്സന്‍ ശ്രീരാമന്റെ തുറന്നുവെച്ച കരങ്ങളിലേക്ക് എറിഞ്ഞു…കണ്ണുതുറന്ന രാമനെ ഈ കാഴ്ച ക്ഷുഭിതനാക്കി..എതിരാളിയായി വന്നവനെ വെറുതെ വിടത്തക്കവിധം ഭീരുവല്ല രാമന്‍ …രാക്ഷസ്സന്റെ ശിരസ്സ്‌ ചേദിക്കുമെന്ന് പ്രതിജ്ഞയെടുത്തശേഷം രാമന്‍ രാക്ഷസ്സന്റെ പിറകേ തിരിച്ചു…
മായവിയായ രാക്ഷസ്സന്‍ വനത്തിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ നാരദമഹര്‍ഷി വഴിയില്‍ നില്‍ക്കുന്നു…സംഭവത്തിന്റെ ഗൌരവം മഹര്‍ഷിയോടു വിശദീകരിച്ചപ്പോള്‍ മഹര്‍ഷി പറഞ്ഞു “വനത്തില്‍ ഒരിടത്ത് ഒരു വാനരവൃദ്ധ തപസ്സു ചെയ്യുന്നുണ്ട്..ആ വൃദ്ധയെ സമീപിക്കുക ..രക്ഷപെടാന്‍ കഴിഞ്ഞെന്നുവരും..ആരാണ് പിറകേ വരുന്നതെന്ന് വെളിപ്പെടുതാതിരുന്നാല്‍ മതി..
വാനരവൃദ്ധ ആരാണെന്ന് ചിന്തിക്കുക..സാക്ഷാല്‍ ഹനുമാന്റെ മാതാവായ അഞ്ജനാദേവിയാണത്‌..അസുരന്‍ പരവശനായി ആശ്രമത്തില്‍ ഓടിയെത്തി..തന്നെ രക്ഷിക്കുമെന്ന് സത്യം ചെയ്യണം എന്നാ നിവേദനവുമായിട്ടാണ് രാക്ഷസ്സന്‍ ചെന്നിരിക്കുന്നത്…വൃദ്ധയായ മാതാവിന്റെ ഹൃദയം പരിശുദ്ധമായിരുന്നു ..ആപത്തുപിണഞ്ഞു സഹായം തേടിയെത്തുന്നവരെ സഹായിക്കുകയെന്നല്ലാതെ അഞ്ജനാദേവി മറ്റൊന്നും ചിന്തിച്ചില്ല..മകന്റെ സഹായത്തോടെ ഞാന്‍ അങ്ങയെ രക്ഷപെടുത്തികൊള്ളാമെന്നു പറഞ്ഞു..രാക്ഷസ്സന് ആശ്വാസമായി..
അഞ്ജനാദേവി മകനെ ധ്യാനിച്ചനിമിഷം ഹനുമാന്‍ വിവരമറിഞ്ഞു…അമ്മയാണ് വിളിക്കുന്നത്‌… ഹനുമാന്‍ മാതാവിന്റെ അരുകിലെത്തി..താന്‍ ഏറ്റെടുത്തിരിക്കുന്ന ദൌത്യം തനിക്കുവേണ്ടി നിര്‍വഹിച്ചുതരണമെന്നാണ് മാതാവിന് പറയാനുള്ളത്..

അമ്മയുടെ വാക്കുകള്‍ ശിരസ്സാവഹിക്കാന്‍ ഹനുമാന്‍ ഒരുക്കമാണ്…പ്രതിയോഗി ആരെന്നു തിരക്കിയെപ്പോഴാണ് വിവരമറിയുന്നത്…അത് സാക്ഷാല്‍ ശ്രീരാമാദേവന്‍ തന്നെ…ഹനുമാന്റെ മാനസികാവസ്ഥ ഊഹിക്കാമല്ലോ..അപ്പോളേക്കും ശ്രീരാമന്‍ രാക്ഷസ്സനെ നിഗ്രഹിക്കാനായി എത്തികഴിഞ്ഞു..തടയാന്‍ വന്നുനില്‍ക്കുന്നത് തന്റെ ദാസനായ ഹനുമാനാണെന്ന് രാമന് മനസിലായി..
രാമബാണം പിന്‍വലിച്ച ചരിത്രമില്ല….രാമാദാസനാണെങ്കില്‍ രാമനെപ്പോലെ തന്നെ ശക്തനാണ്താനും…അവര്‍ യുദ്ധം തുടങ്ങി…യുദ്ധവാര്‍ത്ത എല്ലാ ലോകങ്ങളിലും അറിഞ്ഞു…ഇതിനൊരു പരിഹാരമുണ്ടാക്കണമെന്ന് പറഞ്ഞു നാരദമഹര്‍ഷി ദേവന്മാരെ ചെന്നുകണ്ടു…ലോകത്തിനു നാശമുണ്ടാക്കുന്ന യുദ്ധങ്ങള്‍ ഒഴിവാക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്‌..ബ്രഹ്മാവ്‌ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു..രണ്ടുപേരോടും ബ്രഹ്മാവ്‌ പറഞ്ഞു ..പിന്മാറാന്‍ ഇരുകൂട്ടരും തയാറല്ലാത്ത ഈ അവസ്ഥയില്‍ ലോകക്ഷേമത്തിനുവേണ്ടി ഒരു ഉപകാരം ചെയ്തുതരണം..രാമനും ഹനുമാനും ഓരോ നിമിഷം കണ്ണടക്കണം…ആവാമെന്ന് ഇരുവരും സമ്മതിച്ചു…ഹനുമാന്‍ ഒരുനിമിഷം കണ്‍പോളകള്‍ അടച്ചു…ആ നിമിഷത്തില്‍ രാമന്‍ ആമ്പേയ്തു…രാമന്റെ ബാണം രാക്ഷസ്സന്റെ ശിരസ്സ്‌ ചേദിച്ചു…രാമബാണം തോറ്റു പിന്‍തിരിഞ്ഞ ചരിത്രമില്ലല്ലോ..അടുത്ത നിമിഷം ശ്രീരാമന്‍ കണ്ണുകള്‍ അടച്ചു…നൊടിയിടകൊണ്ടു ബ്രഹ്മാവ്‌ ആ രാക്ഷസ്സനെ സൃഷ്ടിക്കുകയും ചെയ്തു…രാമബാണമേറ്റ സ്വന്തം ശിരസ്സ്‌ ഉടലിനു മുകളില്‍ വന്നുചേര്‍ന്നതോടെ രാക്ഷസ്സന്റെ സ്വഭാവം മാറി..രാമനെയും ഹനുമാനെയും വണങ്ങികൊണ്ടാണ് രാക്ഷസ്സന്‍ സ്ഥലം വിട്ടത്

ശ്രീരാമന്‍ ആമ്പേയ്യുമ്പോള്‍ താന്‍ പരലോകത്തെത്തുമെന്ന് ഹനുമാന്‍ വിചാരിച്ചെങ്കിലും അത് സംഭവിച്ചില്ല…ഇതിന്റെ കാരണം എന്താണെന്ന് രാമസ്വാമിയോടല്ലാതെ ആരോടാണ് ചോദിക്കുക…രാമശരങ്ങള്‍ പുഷ്പങ്ങളായിട്ടാണ് ഹനുമാന്റെ ശരീരത്തില്‍ വന്നുവീണത്‌ …ഇതിനു മറുപടിയായി രാമന്‍ പറഞ്ഞു…ഹനുമാന്‍ എന്റെ നാമം ജപിച്ചാണ് ആമ്പേയ്തത് ..സത്യത്തില്‍ എന്നെക്കാള്‍ ശക്തിയുള്ളതാണ് എന്റെ നാമം..

ഈ വിശ്വാസം ഇന്നും ഭാരതീയരെ ഭരിക്കുന്നു..രാമാനാമത്തിന്റെ മഹത്വം എഴുതിയാല്‍ തീരില്ല…

ഹനുമാന്റെ ജനനം

ഗണപതിയുടെ ജനനശേഷം കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഉമാമഹേശ്വരന്മാര്‍ വാനരരൂപികളായി വനത്തില്‍ പ്രവേശിച്ചു. അവര്‍ ആനന്ദത്തോടെ വൃക്ഷശിഖരങ്ങള്‍ ചാടിക്കടന്നും പഴുത്ത കായ്കനികള്‍ ഭക്ഷിച്ചും കാട്ടരുവിയിലെ ജലം കുടിച്ചും ക്രീഡിച്ചും നാളുകള്‍ ചെലവഴിച്ചു. കുറേനാളുകള്‍ക്കുശേഷം വാനരരൂപിയായ ഗൗരി ഗര്‍ഭിണിയായി.
എന്നാല്‍ താന്‍ ഗര്‍ഭവതിയാണെന്ന വിവരം പാര്‍വ്വതിയെ സന്തോഷിപ്പിച്ചില്ല. വാനരാവസ്ഥയില്‍ ഗര്‍ഭം ധരിച്ചതിനാല്‍ തന്റെ ശിശു വാനരന്‍ ആയിരിക്കുമെന്നതിനാലാണ് ദേവിയ്ക്ക് സന്തോഷം തോന്നാത്തത്. സര്‍വലോകസുന്ദരിയും ഐശ്വര്യദായിനിയുമായ പാര്‍വ്വതി ഒരു കുരങ്ങന്റെ മാതാവാകാന്‍ ആഗ്രഹിച്ചില്ല.

ദേവിയുടെ അപ്രസന്നഭാവത്തില്‍ നിന്നും ശിവശങ്കരന്‍ കാര്യങ്ങള്‍ ഗ്രഹിച്ചു. ഭഗവാന്‍ തന്റെ യോഗശക്തിയാല്‍ പാര്‍വ്വതിയുടെ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തു. അനന്തരം ദേവന്‍ വായു ഭഗവാനോട് കല്പിച്ചു. അല്ലയോ വായുദേവാ. എന്റെയും ഗൗരിയുടെയും വീര്യമാണ് ഈ ഗര്‍ഭസ്ഥശിശു. ഇവന്റെ മാതൃപദം അലങ്കരിക്കാന്‍ ദേവി താല്പര്യപ്പെടുന്നില്ല. ഇവനെ സംരക്ഷിക്കുവാന്‍ ഞാനങ്ങയോട് ആവശ്യപ്പെടുന്നു.

‘ദേവാ. ഇത് അവിടുന്ന് എനിക്ക് നല്‍കിയ കല്പനയല്ല. അനുഗ്രഹം തന്നെയാണ്. മഹാശ്രേഷ്ഠനായ ശിവശങ്കരന്റെയും ദേവി ഉമയുടെയും ശിശുവിനെ സംരക്ഷിക്കുവാന്‍ കഴിയുന്നതില്‍പ്പരം മറ്റെന്ത് ഭാഗ്യമാണ് എനിക്ക് വേണ്ടത്.? ആനന്ദത്താല്‍ മതി മറന്ന വായുഭഗവാന്‍ ഇങ്ങനെ പറഞ്ഞുകൊണ്ട് പാര്‍വ്വതിയുടെ ഗര്‍ഭസ്ഥ ശിശുവിനെ ഏറ്റുവാങ്ങി.
വായുഭഗവാന്‍ ആ ഗര്‍ഭസ്ഥ ശിശുവിനെ മാറോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് ത്രിലോകങ്ങളിലും സഞ്ചരിച്ചു. കാലം കടന്നുപോയി. ഗര്‍ഭം പരിപക്വമായിതീര്‍ന്നു. അപ്പോള്‍ വായുഭഗവാന് ഒരു സംശയം തോന്നി. ഈ ഗര്‍ഭസ്ഥശിശു ആരിലൂടെ ജനിക്കും?

അക്കാലത്ത് കേസരി എന്ന വാനര രാജന്റെ പത്‌നിയായ അഞ്ജന പുത്രലാഭാര്‍ത്ഥം തപസ്സുചെയ്യുന്ന വിവരം വായു ഭഗവാന്‍ അറിഞ്ഞു. അദ്ദേഹം അഞ്ജനയ്ക്കു മുന്നില്‍ പ്രത്യക്ഷനായി പറഞ്ഞു. ഹേ അഞ്ജനേ, പുത്രലാഭാര്‍ത്ഥം നീ അനുഷ്ഠിക്കുന്ന തപസ്സ് മതിയാക്കൂ. ഊഷരമായ നിന്റെ ഗര്‍ഭപാത്രത്തിനുള്ളില്‍ ഞാനിതാ അതുല്യപ്രഭയുള്ള ഒരു ശിശുവിനെ നിക്ഷേപിക്കുന്നു. അവന് വേണ്ടുന്ന പരിചര്യ ചെയ്ത് അവനെ ശുശ്രൂഷിച്ച് നീ വാഴുക.’
അഞ്ജന ആനന്ദസമുദ്രത്തിലാറാടി. അവള്‍ ഇരുകൈകളും കൂപ്പി വായുഭഗവാന് സ്തുതിപറഞ്ഞുകൊണ്ട് ആ ഗര്‍ഭം ഏറ്റുവാങ്ങി. വായുഭഗവാന്‍ അഞ്ജനയെ അനുഗ്രഹിച്ചശേഷം അപ്രത്യക്ഷനായി.
ദിനങ്ങള്‍ കടന്നുപോയി. അഞ്ജന സൂര്യതേജസ്സ്വിയും, ബലവാനുമായ ഒരു പുത്രന് ജന്മം നല്‍കി. അവന്റെ ജന്മത്തില്‍ പ്രപഞ്ചവാസികളെല്ലാം ആഹ്ലാദിച്ചു. വാനരരൂപിയായ ആ ശിശുവിന്റെ തേജസ്സ് ആരുടേയും മനം മയക്കുന്നതായിരുന്നു. അഞ്ജനേയനായ ആ ശിശുവാണ് പില്‍ക്കാലത്ത് ഹനുമാന്‍ എന്ന പേരില്‍ പുരണാപ്രസിദ്ധനായി തീര്‍ന്നത്.