കാളിയ മര്‍ദ്ദനം

നദീതടങ്ങള്‍ സംസ്കാരത്തിന്റെ ഉറവിടങ്ങളാണ്.
കാളിന്ദീനദിയും അതുപോലെയാണ്. അതിന്റെ തീരത്തില്‍ മനോഹരമായ ഉദ്യാനങ്ങളും പുല്‍മൈതാനങ്ങളും ഗ്രാമങ്ങളും കാടുകളുമുണ്ട്. എന്നാല്‍ ഈ നദിയുടെ ഒഴുക്കില്‍ ഒരിടത്ത് ആഴമേറിയ ഒരു കയമുണ്ട്. അവിടെ അത്യുഗ്ര വിഷമുള്ള കാളിയന്‍ എന്ന ഘോരസര്‍പ്പം താമസിച്ചിരുന്നു. അവന് ആയിരം ഫണങ്ങളുണ്ട്‌. ഭാര്യമാരും മക്കളും ബന്ധുക്കളുമെല്ലാം ആ കയത്തില്‍ തന്നെയാണ് താമസിച്ചിരുന്നത്. അവിടത്തെ ജലം വിഷമയമായിരുന്നതിനാല്‍ ആ പ്രദേശമെല്ലാം മരുഭൂമിയായിരുന്നു. സസ്യലതാദികളെല്ലാം കരിഞ്ഞു പോയിരുന്നു. പക്ഷികള്‍ പോലും അതിനു മുകളില്‍കൂടി പറന്നാല്‍ മരിച്ചുവീഴും. ജലജീവികളൊന്നും ഇല്ലായിരുന്നു. എന്നാല്‍ ഒരു കദംബമരം മാത്രമാണ് ആ നദീതീരത്ത് പൂത്തുതളിര്‍ത്ത് നില്‍പ്പുണ്ടായിരുന്നത്.

വിനതയുടെ മകനായ ഗരുഡന്‍ അമ്മയുടെ ദാസ്യം
അവസാനിപ്പിക്കാനായി ദേവലോകത്തേക്ക് അമ്രുതിനുപോയി. അമ്രുതംകൊണ്ട് മടങ്ങിവരുന്നവഴി ക്ഷീണിച്ച പക്ഷിരാജന്‍ വിശ്രമിക്കാനായി ആ കദംബമരത്തിലിരുന്നു. അമ്രുതകലശം തുളുമ്പി കുറച്ചു ആ വൃക്ഷത്തില്‍ വീണു. അതുകൊണ്ടാണ് ആ മരത്തിന് അമരത്വം കിട്ടിയത്. ഒരിക്കല്‍ ശ്രീകൃഷ്ണനും കൂട്ടുകാരും ഗോക്കളെ മേച്ചുകൊണ്ട് ആ നദീതീരത്തെത്തി. കണ്ണന്‍ അല്പം അകലെയായി കാനനഭംഗി ആസ്വതിക്കുകയായിരുന്നു. വിശപ്പും ദാഹവും കൊണ്ട്
കൂട്ടുകാരും ഗോക്കളും കാളിന്ദീനദിയിലെ വെള്ളം കുടിച്ചപ്പോള്‍ അവര്‍ ഒന്നടങ്കം മരിച്ചുപോയി. അല്പം കഴിഞ്ഞ്, ശ്രീകൃഷ്ണന്‍ അവിടെയെത്തിയപ്പോള്‍ ആ രംഗം കണ്ട് പരവശനായി. ഉള്‍ക്കണ്‍കൊണ്ട് കാര്യം മനസ്സിലാക്കിയ ഭഗവാന്‍ കൂട്ടുകാരെയും
പശുക്കളെയും ജീവിപ്പിച്ചു. ഉറങ്ങി എണീറ്റതുപോലെ കൂട്ടുകാരും പശുക്കളും വന്നു കണ്ണന്ചുറ്റും കൂടിനിന്നു. തെല്ലുനേരം കഴിഞ്ഞ് കണ്ണന്‍ ആ കദംബമരത്തില്‍കയറി ഒരു വീക്ഷണം നടത്തിയിട്ട് നദിയിലോട്ട് ചാടി നീന്തിത്തുടങ്ങി. ജലത്തിലെ ഓളങ്ങള്‍ കണ്ട് പരിഭ്രമിച്ച കാളിയന്‍ കണ്ണന്റെ രണ്ടു പാദങ്ങളിലും ആഞ്ഞുകൊത്തി. ഒന്നും സംഭവിച്ചില്ല എന്ന് മനസ്സിലാക്കിയ കാളിയന്‍ ഫണങ്ങള്‍ കൊണ്ട് കണ്ണനെ വീണ്ടും വീണ്ടും ആഞ്ഞടിച്ചു. അതുകൊണ്ടും ഒന്നും സംഭവിക്കാത്തനിനാല്‍, കാളിയന്‍ ഭഗവാനെ ചുറ്റിവരിഞ്ഞുമുറുക്കി. ഇതുകണ്ട് കൂട്ടുകാരും ഗോക്കളും കണ്ണീരൊഴുക്കി. പക്ഷെ ഭഗവാന് ആ കിടപ്പ് നല്ല രസമായിട്ടാണ് തോന്നിയത്.

ഈ സമയത്ത് ഗോകുലത്തില്‍ ചില ദുര്‍നിമിത്തങ്ങള്‍ കാണുവാനിടയായി. നന്ദഗോപര്‍ക്ക് ഇടതുകണ്ണും തോളും തുടയും ഒപ്പം വിറച്ചു. യശോദക്കാണെങ്കില്‍ വലതുകണ്ണും തോളുമാണ് വിറച്ചത്. അവര്‍ നന്നേ വ്യസനിച്ചുപോയി. കണ്ണനും കൂട്ടുകാര്‍ക്കും പശുക്കള്‍ക്കും എന്ത് സംഭവിച്ചു എന്നറിയാതെ പലതും ചിന്തിച്ചിരിക്കുമ്പോള്‍, യശോദക്ക് തോന്നി ഒരു പക്ഷെ കാളിന്ദീ നദിയിലെങ്ങാനും ഇറങ്ങിയിട്ട് കാളിയന്‍ ചുറ്റിക്കിടക്കുവാണോ എന്ന്. ഉടനെതന്നെ ഒരശരീരി വാക്കുണ്ടായി “അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്” അപ്പോള്‍ത്തന്നെ യശോദയും തോഴിമാരും നന്ദഗോപരും ബലരാമനും മറ്റു
ഗോപന്മാരെല്ലാവരും അവിടേക്ക് പുറപ്പെട്ടു. ആകാശത്തില്‍ ഒരു പ്രഭാവലയം പ്രത്യക്ഷമായി. ചെറിയതോതില്‍ ഭൂമികുലുക്കവുമുണ്ടായി. അതോടെ അവരുടെയെല്ലാം പരിഭ്രമം ഏറെയായി. എല്ലാം അറിയുന്ന ബലരാമന്‍ അവരെ സാന്ത്വനപ്പെടുത്തുകയും കണ്ണന്റെ അവതാരോദ്ദേശം അവര്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.

കണ്ണന്റെ ശരീരം പെട്ടെന്ന് വളര്‍ന്നു വലുതായി. കാളിയന്റെ ഉടല്‍ പൊട്ടുമെന്നമട്ടായി. അവന്‍ വിവശനായി ചുറ്റുകളഴിച്ചു . വിഷം ചര്‍ദ്ദിക്കാന്‍ തുടങ്ങി. ശ്രീകൃഷ്ണന്‍ കാളിയന്റെ ഓരോ ഫണത്തിലും കയറിനിന്ന് നൃത്തം ചെയ്തു. ഇതുകണ്ട് കരയില്‍ നിന്നവര്‍ നിര്‍ന്നിമേഷരായി. ദേവകള്‍ ആകാശത്തു പൂമാരി ചൊരിഞ്ഞു. യക്ഷഗന്ധര്‍വ്വന്മാര്‍ ഗാനങ്ങള്‍ ആലപിച്ചു. അപ്സരസ്ത്രീകള്‍ നൃത്തമാടി. നാരദന്‍ തുടങ്ങിയ മുനിമാര്‍ സ്തുതിഗീതം മുഴക്കി. കാളിയന്റെ ആയിരം ഫണങ്ങളും തളര്‍ന്നുതാണു. അവന്റെ ദര്‍പ്പവുമകന്നു. കാളിയന്‍ ചോര ചര്‍ദ്ദിച്ചുതുടങ്ങി. സഹിക്കവയ്യാതായപ്പോള്‍ കാളിയന്‍, തന്നെ രക്ഷിക്കണമെന്ന് ഭഗവാനോട് കേണപേക്ഷിച്ചു. ഭഗവാന്റെ പാദസ്പര്‍ശം കൊണ്ട് കാളിയന്റെ ബുദ്ധി തെളിഞ്ഞു. അവന്റെ പത്നിമാരും ഭഗവാനെ സ്തുതിച്ച് അപരാധം പൊറുത്തുകൊള്ളാനും അനുഗ്രഹിക്കാനും ഭഗവാനോട് പ്രാര്‍ത്ഥിച്ചു. കാളിയനോട് അവിടം ഉപേക്ഷിച്ചിട്ട് രമണകം എന്ന ദ്വീപിലേക്ക് മാറിപോകാന്‍ ഭഗവാന്‍ അരുളിച്ചെയ്തു. അപ്പോഴാണ്‌ കാര്യം മനസ്സിലാകുന്നത്‌, കാളിയന് അവിടം ഉപേക്ഷിച്ച് ഒരിടത്തും പാര്‍ക്കാന്‍ കഴിയില്ല. കാരണം അവന്റെ ശതൃവായ ഗരുഡന്‍ അവനെ കൊല്ലും.

പണ്ട് സുരഭി എന്ന മഹര്‍ഷി കാളിന്ദിയില്‍ കുളിച്ച് കണ്ണടച്ച് ജപിച്ചുനില്‍ക്കുകയായിരുന്നു. ഗരുഡന്‍ ഇതറിയാതെ ഒരു വലിയ മത്സ്യത്തെ നദിയില്‍ നിന്നും പിടിക്കുകയും മുനിയുടെ ദേഹത്താകെ വെള്ളം തെറിപ്പിക്കുകയും ചെയ്തു. കോപം പൂണ്ട മുനി ഗരുഡനെ ശപിച്ചു. “ഇതിനുശേഷം ഇവിടെ വന്നാല്‍ പത്തു കഷണങ്ങളായി മരിക്കും” എന്നാണു ശാപം. ( അമൃത് കൊണ്ട് വന്നതും കദംബമരത്തിലിരുന്നതും ഈ ശാപത്തിന് മുമ്പാണ് )
അതുപോലെ പാമ്പുകളും ഗരുഡനും പണ്ട് പണ്ടേ ശതൃക്കളാണല്ലോ. ഗരുഡന്‍ അനേകം പാമ്പുകളെ ഭക്ഷിച്ചിരുന്നു. അങ്ങനെയിരിക്കെ, പാമ്പുകള്‍ ഒരു തീരുമാനമെടുത്തു. ഓരോ ദിവസവും ഓരോ പാമ്പ് വീതം ഗരുഡനു ഭക്ഷിക്കാന്‍ തയ്യാറായി. വാവുബലിയായപ്പോള്‍ പാമ്പുകള്‍ക്ക് കിട്ടുന്ന ഹവിര്‍ഭാഗം (സര്‍പ്പബലി) ഗരുഡനു നല്‍കാം എന്നും, പാമ്പുകളെ ഭക്ഷിക്കരുത് എന്നുമായി വ്യവസ്ഥ. അതും ഗരുഡന്‍ സമ്മതിച്ചു. എന്നാല്‍ കാളിയന്‍ മാത്രം ഈ കരാര്‍ ലംഘിച്ചു. ഗരുഡനു അത് സഹിച്ചില്ല. അവര്‍ തമ്മില്‍ ഏറ്റുമുട്ടി . ഗരുഡന്റെ ചിറകടികൊണ്ട് വലഞ്ഞ കാളിയന്‍ അവസാനം കാളിന്ദീനദിയുടെ കയത്തില്‍ അഭയം നേടി. അങ്ങനെ അവന്റെ കുടുംബവും ആ കയത്തിലെത്തി.

തന്റെ പാദസ്പര്‍ശമേറ്റതിനാല്‍ ഗരുഡന്‍ ഒരിക്കലും കാളിയനെയും കുടുംബത്തെയും ഉപദ്രവിക്കില്ല എന്ന് ഭഗവാന്‍ ഉറപ്പുനല്‍കി. കാളിയനും കുടുംബവും ഭഗവാനെ നാഗരത്നങ്ങള്‍ കൊണ്ട് അലങ്കരിച്ചു. അങ്ങനെ കാളിയനും കുടുംബവും കാളിന്ദീനദി വിട്ടതോടെ നദിയിലെ ജലവും അതിന്റെ തീരപ്രദേശവും ജീവികള്‍ക്കെല്ലാം ഉപയോഗയോഗ്യമായിത്തീര്‍ന്നു. 

ജ്ഞാനപ്പാന

കൃഷ്ണ കൃഷ്ണാ  മുകുന്ദാ ജനാർദ്ദനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവാ
സച്ചിദാനന്ദ നാരായണാ ഹരേ
(കൃഷ്ണ കൃഷ്ണാ ..)

ഇന്നലെയോളമേന്തെന്നറിഞ്ഞീലാ
ഇനി നാളായുമേന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ടതടിക്കുവിനാശാവു
മിന്നനേരമെന്നേതുമറിഞ്ഞീലാ
(കൃഷ്ണ കൃഷ്ണാ ..)

കണ്ടുകണ്ടങ്ങിരികും  ജനങ്ങളെ
കണ്ടില്ലെന്നു  വരുത്തുന്നതും ഭവാൻ
രണ്ടുനാലുദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
(കൃഷ്ണ കൃഷ്ണാ ..)

മാളികമുകളെരിയമന്നൻറ്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ
കണ്ടലോട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാചിലര്കേതുമേ
(കൃഷ്ണ കൃഷ്ണാ ..)

കണ്ടതൊന്നുമേ സത്യമല്ലെന്നതും
മുമ്പേ കണ്ടങ്ങറിയുന്നിതു ചിലർ
നമ്മെയൊക്കെയും  ബന്ധിച്ച സാധനം
കർമ്മമെന്നറിയെണ്ടതു  മുമ്പിനാൽ
(കൃഷ്ണ കൃഷ്ണാ ..)

മുന്നമിക്കേണ്ട  വിഷ്വമശേഷവും
ഒന്നായുള്ളോരു ജ്യോതിസ്വരൂപമായ് 
കാലമിന്നു കലിയുഗമല്ലയോ!
ഭരതമിപ്രദേശവുമല്ലയോ
(കൃഷ്ണ കൃഷ്ണാ ..)

കൂടിയല്ല പിറക്കുന്ന നേരത്തു

കൂടിയല്ല മരിക്കുന്ന നേരത്തു

മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്‌

മത്സരിക്കുന്നതെന്തിനു നാം വൃഥാ

(കൃഷ്ണ കൃഷ്ണാ ..)