കുട്ടികള്‍ ശീലമാക്കേണ്ടവ….

1. അഞ്ചുമണിക്കുള്ളില് എഴുന്നേല്ക്കുക. ശരീരാരോഗ്യത്തിനും ബുദ്ധി വര്ദ്ധിക്കാനുമിതുത്തമം.

2. എഴുന്നേറ്റല്പ്പനേരം കിടക്കയില് ഇരിക്കണം. ശരീരത്തിലെ ഊര്ജ്ജത്തെ സമമായ് നിലനിര്ത്തുവാന് ഇത് നന്ന്. ഉള്ളം കയ്യില് നോക്കി സ്മരിക്കുക –

“കരാഗ്രേ വസതേ ലക്ഷ്മീ
കരമധ്യേ സരസ്വതി
കരമൂലേ സദാഗൗരീ
പ്രഭാതേ കര ദര്ശനം “

3. ഭൂമിയില് തൊട്ടു തലയില് വച്ച് വേണം കിടക്കയില് നിന്നും ഇറങ്ങുവാന്. ഭൂമീ ദേവിയെ ഓര്ക്കണം –

“സമുദ്ര വസനേ ദേവീ
പര്വ്വത സ്തന മണ്ഡലേ
വിഷ്നുപത്ന്യേ നമസ്തുഭ്യം
പാദസ്പര്ശംക്ഷമസ്വമേ “

4. പിന്നെ ചെന്ന് വണങ്ങേണം അമ്മയെയും അച്ഛനെയും. പ്രത്യക്ഷ ദൈവമാണ് അച്ഛനമ്മമാര്.

5. ജഗത്പിതാവാം സര്വ്വേശ പാദത്തില് പ്രണമിക്കണം.

6. വിശ്വത്തിനൂര്ജ്ജം നല്കും സൂര്യനെയും വണങ്ങണം.

7. വൃത്തിയായ് പല്ല് തേക്കണം.

8. ദേഹശുദ്ധി/കുളി നിര്ബന്ധമാക്കേണം.

9. കുളിച്ചാല് കുറിയിടാന് ഒരിക്കലും മടിക്കരുത്. നീര്ക്കെട്ട് ആദി രോഗങ്ങള് തടയാന് ഭസ്മം ഉത്തമം .

10. നന്നായി എണ്ണ തേച്ചു കുളിക്കണം.

11. കുളി കഴിഞ്ഞ് ശുഭ വസ്ത്രങ്ങള് അണിയാന് ശ്രദ്ധ വേണം. ദേഹ വസ്ത്രാദികള് എപ്പോഴും വൃത്തിയായി വെക്കണം.

12. അതുപോല് ചിന്തയും വാക്കും ശുദ്ധമാക്കാന് ശ്രമിക്കേണം.

13. അടുത്തുള്ള അമ്പലത്തില് ദര്ശനം പതിവാക്കണം.

14. അര്ച്ചനം, വന്ദനം, നാമ കീര്ത്തനംനല്പ്രദക്ഷിണം ചെയ്ത് ഭഗവല്പാദം നോക്കി നന്നായി വണങ്ങേണം.

15. പ്രസാദം വാങ്ങി വേഗത്തില് ഗൃഹത്തില് വന്നു ചേരണം.

16. ഗൃഹപാഠങ്ങള് നന്നായി ശ്രദ്ധയോടെ പഠിക്കേണം. അന്നന്ന് ചെയ്തു തീര്ക്കേണ്ടത് അന്നന്ന് തന്നെ തീര്ക്കണം. പിന്നേക്കു നീട്ടി വക്കുന്നതെല്ലാം കുന്നുപോലെ കൂടീടും.

17. പാഠശാലയിലെത്താന് വൈകിക്കൂടൊരിക്കലും. കൃത്യനിഷ്ഠ കുഞ്ഞിലേ പഠിക്കണം. യാത്ര പോകുന്നതിന് മുമ്പ് വന്ദിക്കേണം പിതാകാളെ. ഗുരുപാദേ വണങ്ങേണം.

18. സ്നേഹിക്കേണം വയസ്യരെ, കാര്യത്തില് മുമ്പനാവണം. നല്ല കൂട്ടുകെട്ടുകള് ഉണ്ടാക്കണം. കൂട്ടുകാരോട് മര്യാദയോടെ പെരുമാറണം.

19. ചെയ്യാനുള്ള കാര്യങ്ങള് മടികൂടാതെ ചെയ്യണം. ഈശ്വരാര്പ്പണമായിട്ട് വേണം കാര്യങ്ങള് ചെയ്യാന്. അല്ലായ്കില് ജീവിതം ദുഃഖ പൂര്ണ്ണമായിടും.

20. നിത്യവും സാത്വികാഹാരം കഴിക്കണം. ചിത്തം ശുദ്ധമായീടാന് ആഹാരം ശുദ്ധമാകണം.

21. ത്യാഗ ബുദ്ധി വളര്ത്തണം. ത്യാഗം ആനന്ദമേകീടും.

22. പറന്നു പോയ കിളികളെ പിടിക്കാം, സമയത്തെ പിടിക്കാനാവില്ല. കാലത്തെ മുന്നില് കണ്ട് ജോലി ചെയ്യണം.

23. ആരോടും ദ്വേഷമായി സംസാരിക്കരുത്. ദുഷ്ടന് ഒരിക്കലും ശിഷ്ടനാകില്ല. വാക്കാണു ദൈവം എന്ന സത്യമുള്ളില് നിനക്കണം.

24. ആര്ഷ ധര്മ്മമറിഞ്ഞിട്ട് ജീവിതം ശുദ്ധമാക്കണം.
ഞാനെന്ന ഭാവമില്ലാതെ ഞാന് ആരെന്ന് തിരക്കണം.

25. മാതാപിതാക്കള് ചൊല്ലുന്ന വാക്കുകള് ശ്രദ്ധിച്ച് കേള്ക്കണം. അതുപോല് ജീവിതം രൂപപ്പെടുത്താന് ശ്രമിക്കണം.

26. നേരിന്റെ കൂടെ നില്ക്കണം. ഇച്ഛാശക്തി, ജ്ഞാന ശക്തി, ക്രിയാശക്തി വളര്ത്തണം. നല്ല കര്മ്മങ്ങളാല് ജീവിതം ധന്യമാക്കണം.

27. ഭക്ഷണവും ചിന്തയും ശുദ്ധമാവണം. ബുദ്ധി തന്നെ പരം നേത്രം, വിദ്യ തന്നെ പരം ധനം, ദയ തന്നെ പരം പുണ്യം, ശമം തന്നെ പരം സുഖം.

28. വീട്ടില് എല്ലാവരും ചേര്ന്ന് സന്ധ്യാ ദീപം കൊളുത്തേണം. ശുദ്ധമായ് ചേര്ന്നിരുന്നിട്ട് ഹരിനാമം ജപിക്കണം. കൂട്ട പ്രാര്ത്ഥനയാല് വീടിനെ ക്ഷേത്രമാക്കേണം.

29. പഠനങ്ങളും മറ്റു ജോലികളും സന്ധ്യാ സമയത്തു ഉചിതമല്ല. അവ സന്ധ്യാശേഷം ചെയ്യാവുന്നതാണ്.

30. ലഘുവായ അത്താഴം കഴിക്കണം. സാത്വികാഹാരം കഴിക്കണം.

31. പിതൃക്കളെ നമിച്ചിട്ട് ഉറങ്ങാന് കിടക്കണം. ഉറക്കം വരുവോളം ഈ മന്ത്രം സ്മരിക്കാം –

“തന്മേ മന: ശിവസങ്കല്പമസ്തു”

[അര്ത്ഥം – എന്റെ മനസ്സു വിശ്രാന്തമായി മംഗള കരങ്ങളായ സങ്കല്പങ്ങളോട് കൂടി ആയിരിക്കട്ടെ

ദശാവതാരം— മത്സ്യം

മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം. വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു.

വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് സപ്തർഷികളോടൊപ്പം രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു

ശ്രീരാമാജ്ഞനേയയുദ്ധം

ശ്രീരാമന്റെ ഭക്തനാണ് ഹനുമാനെന്നു നമുക്കെല്ലാം അറിയാം..രാമന്റെ ദാസന് രാമനായി ഏറ്റുമുട്ടേണ്ടിവന്നുവെന്ന് ചിതിക്കുമ്പോള്‍ അത്ഭുതം തോന്നാം..ഇത്തരം കഥകള്‍ നമുക്ക് ധാരാളം ഗുണപാഠങ്ങള്‍ പറഞ്ഞുതരുന്നുണ്ട്…ശ്രീരാമനും ആജ്ഞനേയനും തമ്മില്‍ യുദ്ധമുണ്ടാക്കിയത് നാരദമഹര്‍ഷിയാണ് …അതിനു ശുഭകരമായ ഒരു പര്യവസാനം ഉണ്ടാക്കിയതും നാരദന്‍ തന്നെ…

ശ്രീരാമന്‍ തുറസ്സായ ഒരു സ്ഥലത്തുനിന്നു ജപധ്യാനാദികള്‍ ചെയ്തുകൊണ്ടിരിക്കുന്നു…അഹങ്കാരിയായ ഒരു രാക്ഷസ്സന്‍ ആകാശമാര്‍ഗ്ഗെ സഞ്ചരിക്കുന്നു…അസാധാരണമായ കഴിവുകള്‍ ഉണ്ട്..ഇത്തരം സിദ്ധിയുള്ളവര്‍ അഹങ്കാരികളായിരിക്കുമെന്നത് വ്യക്തമാണല്ലോ…

രാക്ഷസനു ഒരു തമാശതോന്നി…തന്റെ ഉച്ചിഷ്ടം രാക്ഷസ്സന്‍ ശ്രീരാമന്റെ തുറന്നുവെച്ച കരങ്ങളിലേക്ക് എറിഞ്ഞു…കണ്ണുതുറന്ന രാമനെ ഈ കാഴ്ച ക്ഷുഭിതനാക്കി..എതിരാളിയായി വന്നവനെ വെറുതെ വിടത്തക്കവിധം ഭീരുവല്ല രാമന്‍ …രാക്ഷസ്സന്റെ ശിരസ്സ്‌ ചേദിക്കുമെന്ന് പ്രതിജ്ഞയെടുത്തശേഷം രാമന്‍ രാക്ഷസ്സന്റെ പിറകേ തിരിച്ചു…
മായവിയായ രാക്ഷസ്സന്‍ വനത്തിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ നാരദമഹര്‍ഷി വഴിയില്‍ നില്‍ക്കുന്നു…സംഭവത്തിന്റെ ഗൌരവം മഹര്‍ഷിയോടു വിശദീകരിച്ചപ്പോള്‍ മഹര്‍ഷി പറഞ്ഞു “വനത്തില്‍ ഒരിടത്ത് ഒരു വാനരവൃദ്ധ തപസ്സു ചെയ്യുന്നുണ്ട്..ആ വൃദ്ധയെ സമീപിക്കുക ..രക്ഷപെടാന്‍ കഴിഞ്ഞെന്നുവരും..ആരാണ് പിറകേ വരുന്നതെന്ന് വെളിപ്പെടുതാതിരുന്നാല്‍ മതി..
വാനരവൃദ്ധ ആരാണെന്ന് ചിന്തിക്കുക..സാക്ഷാല്‍ ഹനുമാന്റെ മാതാവായ അഞ്ജനാദേവിയാണത്‌..അസുരന്‍ പരവശനായി ആശ്രമത്തില്‍ ഓടിയെത്തി..തന്നെ രക്ഷിക്കുമെന്ന് സത്യം ചെയ്യണം എന്നാ നിവേദനവുമായിട്ടാണ് രാക്ഷസ്സന്‍ ചെന്നിരിക്കുന്നത്…വൃദ്ധയായ മാതാവിന്റെ ഹൃദയം പരിശുദ്ധമായിരുന്നു ..ആപത്തുപിണഞ്ഞു സഹായം തേടിയെത്തുന്നവരെ സഹായിക്കുകയെന്നല്ലാതെ അഞ്ജനാദേവി മറ്റൊന്നും ചിന്തിച്ചില്ല..മകന്റെ സഹായത്തോടെ ഞാന്‍ അങ്ങയെ രക്ഷപെടുത്തികൊള്ളാമെന്നു പറഞ്ഞു..രാക്ഷസ്സന് ആശ്വാസമായി..
അഞ്ജനാദേവി മകനെ ധ്യാനിച്ചനിമിഷം ഹനുമാന്‍ വിവരമറിഞ്ഞു…അമ്മയാണ് വിളിക്കുന്നത്‌… ഹനുമാന്‍ മാതാവിന്റെ അരുകിലെത്തി..താന്‍ ഏറ്റെടുത്തിരിക്കുന്ന ദൌത്യം തനിക്കുവേണ്ടി നിര്‍വഹിച്ചുതരണമെന്നാണ് മാതാവിന് പറയാനുള്ളത്..

അമ്മയുടെ വാക്കുകള്‍ ശിരസ്സാവഹിക്കാന്‍ ഹനുമാന്‍ ഒരുക്കമാണ്…പ്രതിയോഗി ആരെന്നു തിരക്കിയെപ്പോഴാണ് വിവരമറിയുന്നത്…അത് സാക്ഷാല്‍ ശ്രീരാമാദേവന്‍ തന്നെ…ഹനുമാന്റെ മാനസികാവസ്ഥ ഊഹിക്കാമല്ലോ..അപ്പോളേക്കും ശ്രീരാമന്‍ രാക്ഷസ്സനെ നിഗ്രഹിക്കാനായി എത്തികഴിഞ്ഞു..തടയാന്‍ വന്നുനില്‍ക്കുന്നത് തന്റെ ദാസനായ ഹനുമാനാണെന്ന് രാമന് മനസിലായി..
രാമബാണം പിന്‍വലിച്ച ചരിത്രമില്ല….രാമാദാസനാണെങ്കില്‍ രാമനെപ്പോലെ തന്നെ ശക്തനാണ്താനും…അവര്‍ യുദ്ധം തുടങ്ങി…യുദ്ധവാര്‍ത്ത എല്ലാ ലോകങ്ങളിലും അറിഞ്ഞു…ഇതിനൊരു പരിഹാരമുണ്ടാക്കണമെന്ന് പറഞ്ഞു നാരദമഹര്‍ഷി ദേവന്മാരെ ചെന്നുകണ്ടു…ലോകത്തിനു നാശമുണ്ടാക്കുന്ന യുദ്ധങ്ങള്‍ ഒഴിവാക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്‌..ബ്രഹ്മാവ്‌ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു..രണ്ടുപേരോടും ബ്രഹ്മാവ്‌ പറഞ്ഞു ..പിന്മാറാന്‍ ഇരുകൂട്ടരും തയാറല്ലാത്ത ഈ അവസ്ഥയില്‍ ലോകക്ഷേമത്തിനുവേണ്ടി ഒരു ഉപകാരം ചെയ്തുതരണം..രാമനും ഹനുമാനും ഓരോ നിമിഷം കണ്ണടക്കണം…ആവാമെന്ന് ഇരുവരും സമ്മതിച്ചു…ഹനുമാന്‍ ഒരുനിമിഷം കണ്‍പോളകള്‍ അടച്ചു…ആ നിമിഷത്തില്‍ രാമന്‍ ആമ്പേയ്തു…രാമന്റെ ബാണം രാക്ഷസ്സന്റെ ശിരസ്സ്‌ ചേദിച്ചു…രാമബാണം തോറ്റു പിന്‍തിരിഞ്ഞ ചരിത്രമില്ലല്ലോ..അടുത്ത നിമിഷം ശ്രീരാമന്‍ കണ്ണുകള്‍ അടച്ചു…നൊടിയിടകൊണ്ടു ബ്രഹ്മാവ്‌ ആ രാക്ഷസ്സനെ സൃഷ്ടിക്കുകയും ചെയ്തു…രാമബാണമേറ്റ സ്വന്തം ശിരസ്സ്‌ ഉടലിനു മുകളില്‍ വന്നുചേര്‍ന്നതോടെ രാക്ഷസ്സന്റെ സ്വഭാവം മാറി..രാമനെയും ഹനുമാനെയും വണങ്ങികൊണ്ടാണ് രാക്ഷസ്സന്‍ സ്ഥലം വിട്ടത്

ശ്രീരാമന്‍ ആമ്പേയ്യുമ്പോള്‍ താന്‍ പരലോകത്തെത്തുമെന്ന് ഹനുമാന്‍ വിചാരിച്ചെങ്കിലും അത് സംഭവിച്ചില്ല…ഇതിന്റെ കാരണം എന്താണെന്ന് രാമസ്വാമിയോടല്ലാതെ ആരോടാണ് ചോദിക്കുക…രാമശരങ്ങള്‍ പുഷ്പങ്ങളായിട്ടാണ് ഹനുമാന്റെ ശരീരത്തില്‍ വന്നുവീണത്‌ …ഇതിനു മറുപടിയായി രാമന്‍ പറഞ്ഞു…ഹനുമാന്‍ എന്റെ നാമം ജപിച്ചാണ് ആമ്പേയ്തത് ..സത്യത്തില്‍ എന്നെക്കാള്‍ ശക്തിയുള്ളതാണ് എന്റെ നാമം..

ഈ വിശ്വാസം ഇന്നും ഭാരതീയരെ ഭരിക്കുന്നു..രാമാനാമത്തിന്റെ മഹത്വം എഴുതിയാല്‍ തീരില്ല…

പിതൃതര്‍പ്പണം മരണമെന്ന വാതിലിനപ്പുറം എന്ത്? എങ്ങനെ?

ഒരു ഗവേഷണത്തിനും
കണ്ടെത്താനാവാത്ത ചോദ്യം. പക്ഷേ, ജീവിച്ചിരുന്നപ്പോള്‍ ഒരുവന്‍
ആരുടെയൊക്കെയോ മകനോ, പിതാവോ, സഹോദരനോ, ഭര്‍ത്താവോ
ആയിരുന്നിരിക്കും. സ്വജീവിതത്തില്‍ കുറഞ്ഞപക്ഷം ഉറ്റവര്‍ക്കും ഉടയവര്‍ക്കും
വേണ്ടി ആ പ്രാണന്‍ ഒരുപാട് ത്യാഗവും, വേദനയും അനുഭവിച്ചിരിക്കും. ആ
ത്യാഗത്തിന്‍റെയും, കഷ്ടപ്പാടുകളുടെയും ഫലമായി പിന്‍തലമുറക്കാര്‍ക്ക്
ഐശ്വര്യപൂര്‍ണ്ണമായ ജീവിതം കൈവന്നിരിക്കാം. അപ്പോള്‍പ്പിന്നെ ആ പരേത
ജീവാത്മാവിനോട് നിഷേധിക്കാനാവാത്ത ഒരു ഋണബാദ്ധ്യത
ജീവിച്ചിരിക്കുന്നവര്‍ക്കുണ്ട്. ഒന്നാലോചിക്കൂ…! നമ്മുടെ ശരീരം, നമ്മുടെ
സംസ്ക്കാരം, നമ്മുടെ സന്പത്ത്, അറിവ്, നമ്മുടെ പ്രാണന്‍ എല്ലാം നമുക്ക്
സിദ്ധമായത് നമ്മുടെ പൂര്‍വ്വികരില്‍ നിന്നല്ലേ. ലഭ്യമാകുന്പോള്‍
തിരിച്ചുനല്‍കാത്ത മനസ്സുകള്‍ എത്രയോ ക്രൂരകരമാണ്. ഒരു കന്യകയെ നവവരന്‍റെ
കരതലങ്ങളില്‍ പിതാവ് പിടിച്ചേല്‍പ്പിക്കുന്പോള്‍ പറയുന്ന മന്ത്രത്തിന്‍റെ
സാരം ഇതാണ്. ഈ കന്യകയില്‍ നിനക്ക് പുത്രസന്പത്തുണ്ടായി പൂര്‍വ്വികരോടുള്ള
കടംവീട്ടുവാന്‍ ഉപകരിക്കപ്പെടട്ടെ. പും എന്ന നരകത്തില്‍നിന്ന് ത്രാണനം
(രക്ഷിക്കുന്പോള്‍) മാത്രമേ പുത്രന്‍ എന്ന പദവിക്കര്‍ഹമാകൂ. നോക്കൂ! നമ്മുടെ
പാരന്പര്യം നമ്മുടെ സംസ്കാരം പൂര്‍വ്വപിതൃക്കള്‍ക്ക് എത്രയധികം പ്രാധാന്യം
നല്‍കിയിരിക്കുന്നു. മരണാനന്തര കര്‍മ്മങ്ങളിലെ അവിശ്വാസൃതയെ ചോദ്യം
ചെയ്യാമെങ്കിലും മരിച്ചവര്‍ക്കായുള്ള അശ്രുപൂജയെ ആര്‍ക്കും
നിഷേധിക്കാനാവില്ലല്ലോ! ഒഴുകും കണ്ണീരാല്‍ ഉദകം ചെയ്യുവാന്‍.
ഊട്ടിയുറക്കിയ ആയിരക്കണക്കിന് ഉരുളച്ചോറുകളില്‍ ഒന്നു തിരികെ നല്‍കുവാന്‍.
ആ അലവകാശത്തെ തടുക്കുവാനാകുമോ?
കര്‍ക്കിടക അമാവാസിദിനം മലയാളികള്‍ പിതൃദിനമായി ആചരിക്കുന്നു. വിവിധ
സമുദായങ്ങളുടെയും നാട്ടാചാരങ്ങളുടെയും വ്യത്യസ്തതയില്‍ പിതൃദിനം
ആചരിക്കപ്പെടുന്പോഴും അതില്‍ ശരി ഏത്? തെറ്റേത്? എന്ന ചോദ്യത്തിനപ്പുറം
മനസ്സിന്‍റെ തികഞ്ഞ അര്‍പ്പണമനോഭാവം എവിടെയും കാണാം. പിതൃക്കള്‍
ദേവഗണത്തിന് തുല്യമായി ആരാധിക്കപ്പെടേണ്ടവരാണ്. ആയതുകൊണ്ടുതന്നെ
ശുദ്ധസാത്വികമായ ആചാരങ്ങളാണ് അഭികാമ്യം. മത്സ്യമാംസാദികളും, മദ്യവും
ചേര്‍ന്ന വെള്ളംകുടി (വിത് വയ്പ്) തുടങ്ങിയ പ്രാകൃത ആചാരങ്ങളില്‍ നിന്ന്
പിതൃയജ്ഞം എന്ന മഹത്തായ സംസ്കാരത്തിലേക്ക് ജനങ്ങളെ നയിക്കുക. അതാണ്
ശ്രീനാരായണഗുരുദേവന്‍ വിഭാവനം ചെയ്ത പുതുക്കിയ പിതൃതര്‍പ്പണവിധി.
ബ്രഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, അതിഥിയജ്ഞം, ഭൂതയജ്ഞം തുടങ്ങിയ
പഞ്ചമഹായജ്ഞങ്ങളുടെ സമന്വയരൂപമാണ് ഗുരുദേവന്‍ നല്‍കിയ പിതൃതര്‍പ്പണ
വിധിയുടെ പ്രത്യേകത. ആബാലവൃദ്ധജനങ്ങളും ശ്രദ്ധയോടെ, ഭക്തിയോടെ
തികഞ്ഞ സമര്‍പ്പണബോധത്തോടെ ആയതു നിര്‍വ്വഹിക്കുന്നതുവഴി
പിതൃക്കളുടെ ശാന്തിയും ജീവിച്ചിരിക്കുന്നവരുടെ ഐശ്വര്യ അഭിവൃദ്ധികളും
സംഭവിക്കുകതന്നെ ചെയ്യും

രാമായണവും… രാവനണനും …

രാവണന്‍ ….
—————–
ഏറ്റവും വലിയ രാമ ഭക്തന്‍ ആയിരുന്നു രക്ഷസേന്ദ്രനായ ശ്രീ രാവണന്‍

രാവണന്റെ പൂര്വ്വ ജന്മം .
—————————————-.
.
മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും.
ബ്രഹ്മാവിന്റെ മാനസപുത്രൻമാരായ സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിക്കുകയും തടഞ്ഞുനിർത്തുകയും ചെയ്തു ഇതിൽ കോപിച്ച്‌ സനത്‌ കുമാരൻമാർ അവരെ ” മൂന്നു ജൻമം അസുരൻമാരായി ഭൂമിയിൽ പിറന്ന്‌ വിഷ്ണുവിനെ ദുഷിച്ച്‌ ജീവിക്കുവാൻ ഇടവരട്ടെ “എന്ന് ശപിച്ചു.
ശേഷം ഈ മൂന്നു ജൻമങ്ങളിലും വിഷ്ണു തന്നെ അവരെ നിഗ്രഹിക്കുമെന്നും അവർ അരുളിചെയ്തു. മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ (രാക്ഷസരായ ജന്മങ്ങളില്‍) ) നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും ചെയ്തു.
രാക്ഷസരൂപത്തില്‍ ഭൂമിയില്‍ പിറക്കുമെങ്കിലും ഇവര്‍ വിദ്വേഷത്തിലൂടെ എന്നില്‍ അതീവ ഭക്തിയുളളവരായിരിക്കും. അങ്ങനെ ഈ സവിധത്തിലേക്കവര്‍ തിരിച്ചുവരും”.
ഈ ശാപത്താൽ ആദ്യത്തെ ജൻമം അവർ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ആയി പിറന്നു. വരാഹം, നരസിംഹം എന്നീ അവതാരങ്ങളിലൂടെ വിഷ്ണു ഇവരെ നിഗ്രഹിച്ചു.
രണ്ടാം ജൻമം ഇവർ രാവണനും കുംഭകർണ്ണനും ആയി പിറന്നു. രാമാവതാരത്തിൽ ഇവർ ഇരുവരും നിഗ്രഹിക്കപ്പെട്ടു.
ഇവരുടെ മൂന്നാം ജൻമം ശിശുപാലനും ദന്തവക്ത്രനും
ആയിട്ടായിരുന്നു. കൃഷ്ണാവതാരത്തിൽ ഇവരും നിഗ്രഹിക്കപ്പെട്ടു.

രാവണ കഥ
——————-
വൈശ്രവൻ എന്ന ബ്രാഹ്മണമുനിയുടെ മകനായി ആണ് രാവണൻ ജനിച്ചത്. ദൈത്യ രാജകുമാരിയായ കൈകസി ആയിരുന്നു രാവണന്റെ അമ്മ
കൃതയുഗത്തില്‍ വിധാതാവിന്റെ പുത്രന്‍ മഹാത്മാവും പ്രഭുവുമായ സനല്കുമാരന്‍, ആ ബ്രഹ്മര്ഷിപ അധിവസിക്കുന്ന പ്രദേശത്തെക്ക് രാക്ഷ്സാധിപനായ രാവണന്‍ ചെന്നു . വിനയത്തോടെ തൊഴുതു നമസ്കരിച്ചു …
ഒരിക്കലും അസത്യ വാക്കുകള്‍ ഓതാത്ത മാമുനീന്ദ്രനോട് കൈ കൂപ്പിക്കൊണ്ട്‌ ചോദിച്ചു
മാമുനേ ലോകങ്ങളില്‍ വച്ച് ഏറ്റവും ശ്രേഷ്ടന്‍ ആയിട്ടുള്ളവന്‍ ആരാണ് ..? അമരവരന്മാരെക്കള്‍ കരുത്തര്‍ആയിട്ട് ആരെങ്കിലുമുണ്ടോ ..? ഏതോരുവന്റെ സഹായത്താലാണ് സുരന്മാര്‍ പോരില്‍ ജയം നേടാറുള്ളത്..? മനുഷ്യ ശ്രേഷ്ടന്മാര്‍ എതോരള്ക്കുണവേണ്ടിയാണ് ഉത്തമ യജ്ഞങ്ങള്‍ ചെയുന്നത് ..? മഹയോഗികള്‍ ധ്യാനിക്കുന്നത് ആരെയാണ് …? ഭഗവാനെ എന്റെ ഈ സംശയത്തെതീര്ത്തു തരുവാന്‍ അവിടുത്തേക്ക്‌ ദയവുണ്ടാകേണമേ …..
ജ്ഞാനക്കണ്ണില്‍ ഏതു൦ കാണുവാന്‍ കഴിവുള്ള ഭഗവന്‍ സനല്കുരമാരന്‍, ആസുരേന്ദ്രന്റെ ആശയമെല്ലാം മനസിലാക്കി മന്ദഹസിച്ചു കൊണ്ട് സാദരം മറുപടിയരുളി …
ഉണ്ണി രാവണാ എല്ലാം പറഞ്ഞുതരാം …
സര്‍വ്വ ലോകങ്ങളും ഭരിക്കുന്നവന്‍ , ഏതൊരാള്‍ക്കും ഇന്നുവരെ ഉത്ഭവം അറിയാന്‍ കഴിഞ്ഞിട്ടില്ലത്തവന്‍ – ദേവന്മാരും അസുരന്മാരും നിത്യം വന്ദിക്കുന്നവന്‍ – മഹാ പ്രഭുവായ നാരായണന്‍ വൈകുണ്ഡാധിപനായ മഹാവിഷ്ണുവാണ് ആ ദേവന്റെ നാഭിയില്‍ നിന്നു സര്‍വ്വ ലോകേശിതാവായ വിരിഞ്ജന്‍ സംജാതനായി, ലോകങ്ങളെയും അതിലുള്ള ചരാചരങ്ങളെയും വിധാതാവ് സൃഷ്ടിച്ചു , യാഗങ്ങളില്‍ അവരവര്ക്കു്ള്ള ഹവിസ്സിന്‍ ഭാഗങ്ങള്‍ ദേവകള്‍ സ്വീകരിക്കുന്നതുപോലും വൈകുണ്ഡനാഥന്റെ കാരുണ്യം അവലംബിച്ചാണ് , മനുഷ്യന്മാര്‍ ചെയുന്ന യജ്ഞങ്ങള്‍ മറ്റാരെയും ഉദ്ദേശിച്ചല്ല , വേദങ്ങള്‍, പുരാണങ്ങള്‍, പഞ്ചരാത്രങ്ങള്‍ എന്നിവയാല്‍ സ്തുതിക്കുന്നതും യോഗീന്ദ്രന്മാര്‍ ധ്യാനിക്കുന്നതും ,ജപയജ്ഞാദികളില്‍ ആ ദേവനെ ഉദ്ദേശിച്ചു മാത്രമാണ് .. സകല ജീവരാശികളിലുംസംപൂജ്യനായ ആ മഹാപ്രഭു തന്നെയാണ് ദേവശത്രുക്കള്‍ ആയ ദൈത്യാസുരന്മാരെ മുഴുവന്‍ പോരില്‍ ജയിക്കുന്നത് …”
സുരസ്ച്ചിത്തനായ സനല്കുമാരെന്റെ വാക്കുകള്‍ കേട്ട അസു രേശന്‍ രാവണന്‍ പിന്നെയും ചോദിച്ചു …
“ മാമുനേന്ദ്ര അമരന്മാരുടെ വൈരികളായ ദൈത്യന്മാര്‍ ,ദാനവന്മാര്‍ ,അസുരന്മാര്‍ തുടങ്ങിയവര്‍ യുദ്ധത്തില്‍ ചരമം അടഞ്ഞാല്‍ അവര്ക്ക് എന്ത് ഗതിയാണ് സിദ്ധിക്കുക …? ”
ദാശവദനന്റെ ചോദ്യം കേട്ട് ബ്രഹ്മര്ഷി :–
ദശാനന , ദേവന്മാരില്നിന്നാണ് രണത്തില്‍ മൃതിയടഞ്ഞതെങ്കില്‍, സ്വര്ഗം പൂകും.. പുണ്യസഞ്ചയം അവസാനിച്ചാല്‍ വീണ്ടും പാരിടത്തില്‍ പിറന്നു നന്മതിന്മകള്ക്കകനുസരിച്ചു ജീവിച്ചു മരിക്കും ..എന്നാല്‍ സര്വ‍ ലോകാധിപന്‍ ആയ ശ്രീ നാരയണനില്‍ നിന്നും മരണമടഞ്ഞാല്‍.. സായൂജ്യം പ്രാപിക്കും .. ജനാര്ദ്ന ഭാഗവനില്ത്തിന്നെ ലയിക്കും … മഹാവിഷ്ണുവിന്റെ കോപം പോലും ഹേ..രാവണാ വരത്തിനു തുല്യമാണ് ….
വിരിഞ്ച്സുതനായ സനല്ക്കു മാരന്റെ മുഖത്തുനിന്നും ഇത്തരം വാക്കുകള്‍ കേട്ട രാക്ഷ്സേശന്റെയ ഹൃദയം കുളിര്ത്തു..വിസ്മയവും ആനന്ദവും ഒത്തുചേര്ന്നര ദശാനനഹൃദയത്തില്‍ ചിന്ത ഉണ്ടായതു ഇപ്രകാരമാണ് ..
“” മഹാവിഷ്ണുവിനെ എങ്ങനെയാണ് വന്പോരില്‍ നേരിടുവാന്‍ സാധിക്കുക ..”
അങ്ങനെ
അദ്ദേഹത്തിന്റെ മോക്ഷ പ്രപ്തിക്കുവേണ്ടി അദ്ദേഹം അറിഞ്ഞുകൊണ്ട്തിരഞ്ഞെടുത്ത വഴിയാണ് ..സീതാപഹരണവും … രാമഭഗവാനോടുള്ള യുദ്ധവും …അങ്ങനെ ശ്രീ മഹാവിഷ്ണുവിന്റെ കൈയാല്‍ വീരമൃത്യു വരിച്ച് മോക്ഷം പ്രാപിച്ച് ഭഗവത് പാദത്തിങ്കല്‍ ലയിച്ചു …

ആദി രാമായണം

ആദിരാമായണം എന്നൊരു രാമായണമുണ്ട്. രചയിതാവ് സാക്ഷാൽ ബ്രഹ്മാവ് തന്നെ. നൂറുകോടി ശ്ലോകങ്ങളുള്ള ആ രാമയണം തന്റെ മാനസപുത്രനായ നാരദനു ഉപദേശിച്ചു കൊടുത്തു.നാരദൻ അത് മഹർഷി വാല്മീകിക്കു പറഞ്ഞു കൊടുത്തു.അങ്ങനെയാണ് രാമായണത്തിനു പ്രതിഷ്ഠ ലഭിക്കുന്നത്. വാമൊഴിയായി ലഭിച്ച രാമകഥയെ വാല്മീകി മഹർഷി വരമൊഴിയിലാക്കി ലോകത്തിനു നൽകി- ഇരുപത്തിനാലായിരം ശ്ലോകങ്ങളിൽ. വാമൊഴി രാമായണം അങ്ങനെ വരമൊഴി രാമായണമായി. കേൾവിപ്പെട്ട രാമായണം എഴുതപ്പെട്ട, കാണപ്പെട്ട രാമായണമായി. ബ്രഹ്മദേവനിൽ നിന്ന് അനുഗ്രഹം നേടിയാണ് വാല്മീകി രാമായണ രചന നിർവഹിച്ചത്. ഉത്തമമായ മനുഷ്യത്വത്തിന്റെ വഴിതെളിച്ചു കാണിക്കുകയായിരുന്നു ഇതിലൂടെ. തുടക്കം തന്നെ നാരദമഹർഷിയോടുള്ള ഒരു വലിയ ചോദ്യമാണ്; ഒപ്പം അപേക്ഷയും.”സർവ്വ ഗുണസമ്പന്നനായ, ഉത്തമനായ മനുഷ്യൻ എവിടെയെങ്കിലുമുണ്ടോ മഹർഷേ? ഉണ്ടെങ്കിൽ അദ്ദേഹത്തെപ്പറ്റി എനിക്കു പറഞ്ഞു തന്നാലും ” എന്ന്. ഉത്തമ മനുഷ്യരെ വളർത്തിയെടുക്കുന്നതിൽ ഋഷിമാരുടെ, ഗുരുക്കന്മാരുടെ സാമീപ്യവും അനുഗ്രഹവും രചനകളും വഹിക്കുന്ന പങ്ക് ചെറുതല്ല.സത്സംഗങ്ങളിലൂടെയാണ് ഒരാൾ സൽകർമ്മങ്ങൾ ചെയ്യുന്നതിനും തിന്മകളുടെ രാക്ഷസീയതയെ ജയിക്കുന്നതിനും ശക്തനായി തീരുന്നത്.രാമായണത്തിന്റെ സൂക്ഷ്മവായന ഇക്കാര്യം നമുക്ക് ബോധ്യമാക്കി തരും. രാമായണത്തിൽ വരുന്ന കഥാപാത്രങ്ങളെയും സംഭവങ്ങളെയും അഞ്ചു മണ്ഡലങ്ങളായി വകയിരുത്താം. ദേവ മണ്ഡലം, മുനിമണ്ഡലം, പുരുഷ മണ്ഡലം, പ്രകൃതി മണ്ഡലം, രാക്ഷസ മണ്ഡലം എന്നിങ്ങനെ. ദേവ മണ്ഡലത്തിൽ ഉൾപ്പെടുത്താവുന്നത് ബ്രഹ്മാവ്, വിഷ്ണു, ശിവൻ, ഇന്ദ്രൻ, സരസ്വതി തുടങ്ങിയ ദേവകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.മുനി മണ്ഡലത്തിൽ നാരദൻ ഉൾപ്പടെ അപ്രശസ്തരുമായ ഋഷിമാർ വരുന്നു. വസിഷ്ഠൻ, വാല്മീകി, ഭരദ്വാജൻ, അഗസ്ത്യൻ എന്നിവരാണ് പ്രധാനികൾ. പുരുഷ മണ്ഡലത്തിൽ വരുന്നത് പുരുഷന്മാർ മാത്രമല്ല സ്ത്രീകളുമാണ്. മനുഷ്യ മണ്ഡലമെന്നാണ് ഉദ്ദേശിക്കുന്നത്.പുരുഷാരം എന്നാൽ ജനക്കൂട്ടമാണല്ലോ. ഈ വിഭാഗത്തിൽ രാജാക്കൻമാരും മന്ത്രിമാരും പ്രജകളും ഉൾപ്പെടുന്നു. പ്രകൃതി മണ്ഡലം പക്ഷിമൃഗാദികളും ,നദി, പർവ്വതം, സമുദ്രം എന്നിവയെല്ലാം ചേരുന്ന ഒന്നാണ്. ജാടയു, സമ്പാതി, സുഗ്രീവാദികളും, സരയ്യു, ഗോദാവരി, ചിത്രകൂടം,മൈനാകം, പഞ്ചവടി.എന്നാൽ ദേവ – ഋഷീ-പുരുഷ -പ്രകൃതി മണ്ഡലങ്ങളിലെല്ലാം പറയാവുന്ന ഒരു ഗംഭീര കഥാപാത്രം രാമായണത്തിലുണ്ട് അത് ഹനുമാനാണ്. രാക്ഷസാന്തകൻ ഹനുമാൻ തമോഗുണങ്ങളുടെ, തിന്മകളുടെ, വികൃതരൂപങ്ങളത്രെ രാക്ഷസ മണ്ഡലത്തിലുള്ളത്. രാവണ – ശൂർപ്പണഖ – വിരാധക ബന്ധാദികൾ. വിത്യസ്തത പുലർത്തുന്ന വിഭീഷണനെയും കാണാം. ഋഷി മണ്ഡലത്തിൽ രാമന്റെ വഴികാട്ടികളെന്നും പ്രധാന സംഭവങ്ങൾക്കു കാരണക്കാരെന്നും പറയാവുന്നവർ നാരദൻ, വാല്മീകി, ഋശ്യശൃംഗൻ, വസിഷ്ഠൻ, വിശ്വാമിത്രൻ, ശ്രാവണൻ, ഭരദ്വാജൻ, അത്രീ, ശരഭംഗൻ,സുതീക്ഷ്ണൻ അഗസ്ത്യൻ, വിശ്രവസ്സ്, എന്നിവരാണ്.

കാഞ്ഞിരോട്ടു യക്ഷി ഐതിഹ്യം

ദക്ഷിണ തിരുവിതാംകൂറിലെ കാഞ്ഞിരക്കോടെന്ന പ്രദേശത്തു ‘മംഗലത്ത്‌’ എന്ന പാതമംഗലം നായർ തറവാട് ഉണ്ടായിരുന്നു. അവിവാഹിതനായ ഗോവിന്ദൻ ആയിരുന്നു തറവാട്ടു കാരണവർ. അദ്ദേഹത്തിന്റെ അനുജത്തി ചിരുതേവി അതിസുന്ദരിയായ ഒരു ഗണികയായിരുന്നു. വേണാടു ഭരിച്ച രാമവർമ്മ മഹാരാജാവിൻറെ മകനായ രാമൻതമ്പിയ്ക്ക് ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു ചിരുതേവി.
മംഗലത്തെ അനവധി പരിചാരകന്മാരിൽ ഒരുവൻ ആയിരുന്നു ഉത്തമപുരുഷലക്ഷണങ്ങൾ എല്ലാം തികഞ്ഞ കുഞ്ഞുരാമൻ. അവൻ ഒരു പോണ്ടൻനായർ ആയിരുന്നു. കരുത്തനായ അവന്റെ ചുമലിൽക്കയറി യാത്രചെയ്യുന്ന പതിവു ഗോവിന്ദനും ചിരുതേവിക്കും ഉണ്ടായിരുന്നു. ക്രമേണ കുഞ്ഞുരാമനിൽ ആസക്തയായ ചിരുതേവി അവനെ ശിക്ഷിച്ചും ദ്രോഹിച്ചും പ്രണയിച്ചു. ഗോവിന്ദനും കുഞ്ഞുരാമനും ആത്മമിത്രങ്ങളായി മാറിക്കഴിഞ്ഞിരുന്നെങ്കിലും മിത്രത്തെ ചിരുതേവിയിൽ നിന്നു രക്ഷിക്കാൻ ഗോവിന്ദൻ ഒന്നും ചെയ്തിരുന്നില്ല. എന്നാൽ ജ്യേഷ്ഠന്റെയും കാമുകന്റെയും ചങ്ങാത്തം അവളെ അസ്വസ്ഥ ആക്കിയിരുന്നു. ഇതിനെക്കാൾ അവളെ അസ്വസ്ഥമാക്കിയ ഒന്നുണ്ടായിരുന്നെങ്കിൽ അതു കുഞ്ഞുരാമന്റെ ഭാര്യാസ്നേഹം ആയിരുന്നു. അതിനാൽ അവൾ കുഞ്ഞുരാമന്റെ പ്രിയതമയെ ഇല്ലാതാക്കി. ഒരിക്കൽ കുഞ്ഞുരാമന്റെ ചുമലിലേറി യാത്ര ചെയ്യുമ്പോൾ ഗോവിന്ദൻ ഇക്കാര്യം വെളിപ്പെടുത്തി. ഒപ്പം കിടക്കുന്ന ഒരു ദിവസം ചിരുതേവിയെ കുഞ്ഞുരാമൻ കഴുത്തു ഞെരിച്ചു കൊന്നു. പ്രതാപിയായ മംഗലത്തു ഗോവിന്ദൻ ഇക്കാര്യം കണ്ടില്ലെന്നു നടിച്ചു.
ചിരുതേവി ഒരു യക്ഷിയായി കാഞ്ഞിരക്കോട്ടു തന്നെ പുനർജ്ജനിച്ചു. നിമിഷങ്ങൾക്കുള്ളിൽ അവൾ ഒരു മാദകസുന്ദരിയായി മാറി. അവൾ കുഞ്ഞുരാമനോടു വിവാഹാഭ്യർത്ഥന നടത്തി. കുഞ്ഞുരാമൻ നിരാകരിച്ചു. അതോടെ അവൾ കരാളരൂപം കൈക്കൊണ്ടു അവനെ ദ്രോഹിച്ചു തുടങ്ങി. തന്റെ ബഹിശ്ചരപ്രാണനെ ആപത്തിൽനിന്നു രക്ഷിക്കാൻ ബലരാമോപാസകനായ ഗോവിന്ദൻ എത്തി. മൂന്ന് ഉപാധികൾ അംഗീകരിക്കുന്നതായി പൊന്നും വിളക്കും പിടിച്ചു സത്യം ചെയ്‌താൽ ഒരാണ്ടുകാലം കുഞ്ഞുരാമനെ നൽകാം എന്നു ഗോവിന്ദൻ പറഞ്ഞു. ഉപാധികൾ ഇവയാണ്. ഒന്ന്, ഒരാണ്ടു കഴിഞ്ഞാൽ അവളെ ക്ഷേത്രം ഉണ്ടാക്കി കുടിയിരുത്തും. രണ്ടു, ക്ഷേത്രം നശിക്കുമ്പോൾ മോക്ഷത്തിനായി അവൾ നരസിംഹമൂർത്തിയെ ശരണം പ്രാപിക്കണം. മൂന്നു, ഗോവിന്ദനു കുഞ്ഞുരാമനുമായുള്ള ബന്ധം ഈ ജന്മം മാത്രമല്ല ഇനിയുള്ള ജന്മങ്ങളിലും നിലനിൽക്കാൻ ചിരുതേവിയും പ്രാർത്ഥിക്കണം. യക്ഷി പൊന്നും വിളക്കും പിടിച്ചു സത്യം ചെയ്തു[2].
കുഞ്ഞുരാമനോടൊപ്പമുള്ള ഒരാണ്ടിനു ശേഷം യക്ഷിയെ ക്ഷേത്രത്തിൽ കുടിയിരുത്തി. ക്ഷേത്രം നശിച്ചതിൽപ്പിന്നെ സ്വതന്ത്രയായ അവൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തെക്കേടത്തു നരസിംഹസ്വാമിയെ മോക്ഷാർത്ഥം ശരണം പ്രാപിച്ചു. കാഞ്ഞിരോട്ടു യക്ഷിയമ്മ ഇപ്പോഴും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ കല്ലറയിൽ നരസിംഹോപസന ചെയ്തു കഴിയുന്നു എന്നാണു വിശ്വാസം[3]. ഈ യക്ഷിയുടെ മോഹനവും രൗദ്രവും ആയ രൂപങ്ങൾ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാനശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ വരച്ചുവെച്ചിട്ടുണ്ട്.

നവദുർഗ്ഗ

ഹിന്ദുമതവിശ്വാസപ്രകാരം, ദുർഗ്ഗയുടെ ഒൻപത് രൂപഭാവങ്ങളെയാണ് നവദുർഗ്ഗ എന്ന് അർത്ഥമാക്കുന്നത്. ദുർഗ്ഗയുടെ ഒൻപത് രൂപങ്ങൾ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിധാത്രി എന്നിവയാണ്. നവരാത്രിയിൽ ഓരോ ദിനവും ഓരോ ദുർഗ്ഗയെയാണ് ആരാധിക്കുന്നത്.!
ദേവി ശക്തിയുടെ അവതാരമാണ് ദുർഗ്ഗ. ദുർഗാദേവിയുടെ ഏറ്റവും പാവനമായ രൂപങ്ങളാണ് നവദുർഗ്ഗ എന്നാണ് വിശ്വാസം. ദുർഗ്ഗാ ദേവി പ്രധാനമായും മൂന്നു രൂപങ്ങളിലാണ് ആവിഷ്കരിക്കപെടുന്നത്. മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി. ഈ മൂന്നു ദേവതകളും വീണ്ടും മൂന്നുരൂപങ്ങളിൽ ആവിഷ്കരിക്കപ്പെടുന്നതാണ് നവദുർഗ്ഗ. നവദുർഗ്ഗയിലെ ഓരോ ദേവിയും ദുർഗ്ഗയുടെ ഓരോ വിശിഷ്ടഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. വിശേഷഗുണത്തിനനുസരിച്ച് ദേവിയുടെ ആടയുടെ നിറവും വ്യത്യാസപ്പെട്ടിരിക്കും.

ശൈലപുത്രി

ഹിമവാന്റെ മകളാണ് ശൈലപുത്രി (ശൈലം= പർവ്വതം, ഹിമാലയം). സതി ഭവാനി, പാർവതി മാതാ, ഹേമവതി മാതാ(ഹിമവാന്റെ പുത്രി → ഹേമവതി) എന്നീ നാമങ്ങളിലും ശൈലപുത്രീ ദേവി അറിയപ്പെടുന്നു. ധക്ഷ്പ്രജാപതിയുടെ മകളായാണ് ദേവി ആദ്യം അവതരിച്ചത്. സതി(സാത്വികഭാവം ഉണർത്തുന്നവൾ എന്നർത്ഥം) എന്നായിരുന്നു ദേവിയുടെ നാമം. ദക്ഷയഗഭൂമിയിൽ വെച്ച് ശിവനിന്ദ ശ്രവിക്കാൻ ഇടവന്ന സതി അഗ്നിയിൽ ആത്മത്യാഗം ചെയ്തു. പർവതരാജനായ ഹിമവാന്റെ മകളായാണ് ദേവി പിന്നീടവതരിച്ചത്. പർവതരാജന്റെ(ഹിമാലയം) മകളായതിനാൽ പാർവതി എന്നും ഹിമവാന്റെ(ഹിമാലയം) മകളായതിനാൽ ഹേമവതി എന്നും ദേവിക്ക് നാമങ്ങളുണ്ട്.

നവരാത്രിയിലെ ആദ്യ ദിവസം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ഒന്നുചേർന്ന മൂർത്തിഭാവമാണ് ശൈലപുത്രി. കാളയാണ് ദേവിയുടെ വാഹനം. ഒരുകയ്യിൽ ശൂലവും മറുകയ്യിൽ താമരയും ദേവിയേന്തിയിരിക്കുന്നു.

ബ്രഹ്മചാരിണി

ബ്രഹ്മചര്യം പാലിക്കുന്നവൾ എന്നാണ് ബ്രഹ്മചാരിണി എന്ന വാക്കിനർത്ഥം. ബ്രഹ്മം എന്നാൽ തപം എന്നും അർത്ഥമുണ്ട്. ആയതിനാൽ തപസനുഷ്ടിക്കുന്നവളാണ് ബ്രഹ്മചാരിണി. ഹിമവാന്റെ പുത്രിയായ് ജനിച്ച ദേവി, ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം തപസനുഷ്ട്ടിക്കുകയുണ്ടായ്. കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു.[1]

ശുഭ്രവസ്ത്രധാരിയായ ബ്രഹ്മചാരിണി മാത കമണ്ഡലുവും രുദ്രാക്ഷമാലയും കൈകളിലേന്തുന്നു.

ചന്ദ്രഘണ്ഡാ

മനഃശാന്തി,സ്വാസ്ഥ്യം, ജീവിതാഭിവൃദ്ധി എന്നിവയ്ക്കായ് ചന്ദ്രഘണ്ഡാമാതയെ നവരാത്രിയിൽ മൂന്നാം ദിവസം ആരാധിക്കുന്നു. നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. ശ്ത്രുക്കളോട് മത്സരിക്കാൻ ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. സിംഹവാഹിനിയായ ദേവിക്ക് പത്തുകൈകളുണ്ട്. ഓരോകൈകളിലുമായ് പത്മം, ധനുഷ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദാ, ശൂലം എന്നീ ആയുധങ്ങളുണ്ട്.

കൂഷ്മാണ്ഡ

പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്മാണ്ഡ.കു, ഉഷ്മം, അണ്ഡം എന്ന മൂന്നുപദങ്ങൾ കൂടിച്ചേർന്നാണ് കൂഷ്മാണ്ഡ എന്ന നാമം ഉദ്ഭവിച്ചിരിക്കുന്നത്. കു എന്നാൽ കുറവിനെയും ഉഷ്മം എന്നാൽ താപത്തെയും സൂചിപ്പിക്കുന്നു. ജഗദ്വിഷയകമായ അണ്ഡത്തെയാണ് മൂന്നാമത്തെ പദം സൂചിപ്പിക്കുന്നത്.

സ്കന്ദമാത

ദുർഗ്ഗാ ദേവിയുടെ അഞ്ചാമത്തെ ഭാവമാണ് സ്കന്ദമാതാ. കുമാരൻ കാർതികേയന്റെ മാതാവായതിനാലാൽ ദേവി സ്കന്ദമാതാ എന്ന നാമത്തിൽ അറിയപ്പെടുന്നു.

കാർത്യായനി

കതൻ എന്ന ഒരു മഹാമുനി ഭൂമിയിൽ ജീവിച്ചിരുനു. അദ്ദേഹത്തിന്റെ മകനായിരുന്നു കാത്യൻ. എന്നാൽ ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് ദേവി ദുർഗ്ഗയെ തന്റെ പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായ്. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. ദേവി ഋഷിയിൽ പ്രസാദിക്കപ്പെട്ടു. അങ്ങിനെ കതന്റെ മകളായ് ദേവി കാർത്യായനി എന്ന നാമത്തിൽ അവതരിച്ചു.

കാലരാത്രി

ദേവിയുടെ ഏഴാമത്തെ മഹാരൂപമാണ് കാലരാത്രി. കറുത്ത ശരീരവർണ്ണമുള്ള കാലരാത്രി മാതാ ദേവി ദുർഗ്ഗയുടെ രൗദ്ര രൂപമാണ്. ചീകി ജടതീർക്കാത്ത മുടിയും ത്രിലോചനങ്ങളുമുള്ള ദേവിയെ ദുർഗ്ഗയുടെ ഭയാനക രൂപമായാണ് കണക്കാക്കുന്നത്. നാലുകരങ്ങളുള്ള കാലരാത്രി മാതാവിന്റെ വലതുകരങ്ങൾ സർവദാ ഭക്തരെ ആശിർവദിച്ചുകൊണ്ടിരിക്കുന്നു. കാലരാത്രി മാതാാ ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നു. നാലുകൈകളോടുകൂടിയ ദേവിയുടെ വാഹനം ഗർദഭമാണ്. എല്ലായിപ്പോഴും ഭക്തരെ സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്.

മഹാഗൗരി

പ്രശാന്തതയുടേയും വിജ്ഞാനത്തിന്റെയും പ്രതീകമാണ് മഹാഗൗരി. വെളുത്ത നിറമുള്ള ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അർത്ഥം. നാലുകൈകളുള്ള ദേവിയുടെ വാഹനം കാളയാണ്. ദേവിയുടെ ഇരു കരങ്ങളിലുമായ് ശൂലവും ഢമരുവും ഉണ്ട്.

സിദ്ധിധാത്രി

ദുർഗ്ഗയുടേ ഒൻപതാമത്തെ രൂപം. നവരാത്രിയിൽ അവസാനദിവസം സിദ്ധിധാത്രിയെ ആരാധിക്കുന്നു. സർവദാ ആനന്ദകാരിയായ സിദ്ധിധാത്രി തന്റെ ഭക്തർക്ക് സർവസിദ്ധികളും പ്രധാനം ചെയ്യുന്നു.

സുബ്രഹ്മണ്യൻ

ഹൈന്ദവവിശ്വാസപ്രകാരം പരമശിവന്റെയും പാർവതിദേവിയുടെയും പുത്രനാണ് സുബ്രമണ്യൻ. ജ്യോതിഷം രചിച്ചത് സുബ്രമണ്യനാണെന്ന് വിശ്വസിക്കപ്പെടുന്നു. മയിലാണ് വാഹനം, കൊടിയടയാളം കോഴി. വേൽ ആയുധവും. പഴന്തമിഴ് കാവ്യങ്ങളിൽ പറയുന്ന ചേയോൻ മുരുകനാണെന്ന് കരുതപ്പെടുന്നു.
മകരമാസത്തിലെ പൂയം.സുബ്രഹ്മണ്യൻ ജനിച്ച നാളായി കരുതപെടുന്നു. ഈ ദിവസങ്ങളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാവടിയാട്ടവും ആഘോഷങ്ങളും നടത്താറുണ്ട്‌ .
ശൂക്രാചാര്യരുടെ ശിഷ്യയായ മായ എന്ന അസുരസ്ത്രീക്ക് കശ്യപമഹർഷിയിൽ ജനിച്ച ശൂരപദ്മൻ, താരകാസുരൻ, സിംഹവക്ത്രൻ എന്നീ അസുരന്മാരെ വധിക്കാനാണ് സുബ്രഹ്മണ്യൻ അവതരിച്ചത്. ശിവപുത്രനു മാത്രമെ തങ്ങളെ വധിക്കാനാകാവൂ എന്ന് വരം നേടിയ അസുരന്മാർ ത്രിലോകങ്ങളും അടക്കിഭരിച്ചു. ദേവന്മാരുടെ അഭ്യർഥന പ്രകാരം ശിവൻ പാർവതിയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ വളരെ കാലമായിട്ടും ശിവപുത്രൻ അവതരിച്ചില്ല. തുടർന്നു ഭഗവാൻ പഞ്ചമുഖരൂപം കൈക്കൊള്ളുകയും ഭഗവാന്റെ അഞ്ചു മുഖങളിൽ നിന്നും അഞ്ചു ദിവ്യജ്യോതിസ്സുകളും പർവതീദേവ്വീയുടെ മുഖത്ത് നിന്നും ഒരു ദിവ്യജ്യോതിസ്സും വരികയും ചെയ്തു. ആ ദിവ്യജ്യോതിസ്സുകളെ അഗ്നിദേവനും,വായൂദേവനും ചേർന്ന് ഗംഗയിൽ നിക്ഷേപിക്കുകയും ചെയ്തു. ഗംഗ ശരവണ പൊയ്കയിൽ എത്തിച്ച ആ ദിവ്യജ്യോതിസ്സുകളിൽ നിന്നും ആറു മുഖങ്ങളോടെ സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു. വിഷ്ണുവിന്റെ നിർദേശപ്രകാരം കാർത്തിക നക്ഷത്രത്തിന്റെ അധിദേവതമാരയ ആറു ദേവിമാർ സുബ്രഹ്മണ്യനെ മുല കൊടുത്ത് വളർത്തുകയും ചെയ്തു. പിന്നീട് ദേവസേനാപതിയായ് അഭിഷേകം ചെയ്യപ്പെട്ട സുബ്രഹ്മണ്യൻ ശൂരപദ്മൻ, താരകാസുരൻ, സിംഹവക്തൻ എന്നീ അസുരന്മാരുമായി യുദ്ധത്തിൽ ഏർപ്പെടുകയും അവരെ വധിക്കുകയും ചെയ്തു.

അകവൂർ ചാത്തൻ

അദ്ദേഹം അകവൂർ നമ്പൂരിപ്പാട്ടിലെ ഭൃത്യനായി ആ മനയ്ക്കലാണ് താമസിച്ചിരുന്നത്. അന്നത്തെ അച്ഛൻ നമ്പൂരിപ്പാട്ടിലേക്ക് അനർഹയായ ഒരു സ്ത്രീയിൽ മനസ്സു പ്രവർത്തിക്കയാൽ തത്പാപപരിഹാരാർത്ഥം ഗംഗാസ്നാനം ചെയ്യണമെന്നു തീർച്ചയാക്കി. നമ്പൂരിപ്പാട്ടീന്നു പോയപ്പോൾ ഭൃത്യനായ ചാത്തനെയും കൊണ്ടുപോയി. ചാത്തൻ ഒരു ചുരയ്ക്കായും എടുത്തിട്ടുണ്ടായിരുന്നു. നമ്പൂരിപ്പാട്ടീന്നു സ്നാനം കഴിച്ച തീർത്ഥങ്ങളിലെല്ലാം ചാത്തൻ ഈ ചുരയ്ക്കായും മുക്കി, ചാത്തൻ എങ്ങും സ്നാനം കഴിച്ചുമില്ല. നമ്പൂരിപ്പാട്ടീന്നു തിരിയെ സ്വഭവനത്തിൽ എത്തി, കാലഭൈരവപ്രീതിയും മറ്റും കേമമായിക്കഴിച്ചു പാപമോചനം വന്നു എന്നു വിചാരിച്ച് ഇരിപ്പായി. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം ചാത്തൻ ഈ ചുരയ്ക്കായെടുത്തു കറിയ്ക്കു നുറുക്കിക്കൊടുത്തു.
അതൊരു കയ്പൻ ചുരയ്ക്കയായിരുന്നതിനാൽ കൂട്ടാൻ കയ്പുകൊണ്ടു കൂട്ടാൻ പാടിലായിരുന്നു. കൂട്ടാൻ കയ്ചതിനാൽ നമ്പൂരിപ്പാട്ടീന്ന് അന്തർജനത്തിനെ ദേഷ്യപ്പെട്ടു. “ചാത്തൻ നുറുക്കിത്തന്നതാണ് ഞാൻ വെച്ചത്. കഷണമെന്താണെന്നറിഞ്ഞില്ല. ആ കഷണത്തിന്റെ കയ്പായിരിക്കണം. അല്ലാതെയൊന്നുമല്ല” എന്നന്തർജനം പറഞ്ഞു. നമ്പൂരിപ്പാട്ടീന്ന് ഊണുകഴിഞ്ഞ് പുറത്തുവന്നയുടനെ ചാത്തനെ വിളിച്ച് “കൂട്ടാനിനു നുറുക്കിക്കൊടുത്ത കഷണമെന്തായിരുന്നു” എന്നും “അതു കയ്ക്കുന്നതിന്റെ കാരണമെന്തെന്നും” ചോദിച്ചു. അപ്പോൾ ചാത്തൻ “കൂട്ടാന്റെ കഷണം കയ്ക്കുന്നുണ്ടെങ്കിൽ തിരുമനസ്സിലെ പാപവും തീർന്നിട്ടില്ല. തിരുമേനി സ്നാനം കഴിച്ച പുണ്യതീർത്ഥങ്ങളിലെല്ലാം അടിയൻ ആ കയ്പൻ ചുരയ്ക്കായും മുക്കിയല്ലോ. ആ ചുരയ്ക്കയാണ് കൂട്ടാനിന്നു നുറുക്കിക്കൊടുത്തത്” എന്നു പറഞ്ഞു.
ഇതു കേട്ടപ്പോൾ ചാത്തൻ തന്നെ പരിഹസിക്കാനായിട്ടാണ് ചുരയ്ക്ക മുക്കിക്കൊണ്ടുവന്നതെന്ന് മനസ്സിലാകയാൽ നമ്പൂരിപ്പാട്ടിലെ കോപം അശേഷം പോയി എന്നു തന്നെയല്ല, വളരെ ലജ്ജയുമുണ്ടായി. തന്റെ പാപം തീർന്നിട്ടില്ലെന്നു സ്വയമേവ നമ്പൂരിപ്പാട്ടീന്നു സമ്മതിച്ചു. “ഇനി പാപം തീരാൻ എന്തുവേണമെന്നു നീ തന്നെ പറഞ്ഞുതരണ”മെന്നു നമ്പൂരിപ്പാട്ടീന്നു പറയുകയാൽ ചാത്തൻ, “തിരുമേനി യാതൊരു സാധനത്തെ ആഗ്രഹിച്ചുവോ അതിന്റെ പ്രതിമ ഇരുമ്പുകൊണ്ടുണ്ടാക്കിച്ച് അതു തീയിലിട്ടു നല്ലപോലെ പഴുപ്പിച്ചെടുത്തു നാട്ടി, അനേകം ജനങ്ങൾ കൂടിനില്ക്കുമ്പോൾ ഇന്ന സംഗതിയുടെ പാപം തീരാനാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് അതിനെ ആലിംഗനം ചെയ്യണം. അല്ലാതെ ഈ പാപം ഒരിക്കലും തീരുന്നതല്ല” എന്നു പറഞ്ഞു. നമ്പൂരിപ്പാട്ടീന്ന് ഇതുകേട്ട് അങ്ങനെതന്നെ ചെയ്യാമെന്നു തീർച്ചപ്പെടുത്തി. പിന്നെ ഇരുമ്പുകൊണ്ട് ഒരാളോളം വലിപ്പത്തിൽ ഒരു സ്ത്രീപ്രതിമയുണ്ടാക്കിച്ചു. ഈ പ്രതിവിധി ഇന്ന ദിവസം ചെയ്കയെന്നു നിശ്ചയിച്ചു മലയാളരാജ്യമൊട്ടുക്കു ഒരു പരസ്യവും പ്രസിദ്ധപ്പെടുത്തി. സമയമായപ്പോഴേക്കും അസംഖ്യം ജനങ്ങൾ അവിടെ വന്നുകൂടി. പ്രതിമയും പഴുപ്പിച്ചു വലിയ കൊടിലുകൾകൊണ്ടും മറ്റും പിടിച്ചു സഭയിൽ നാട്ടിവച്ചു. നമ്പൂരിപ്പാട്ടീന്നു തനിക്കു പാപം സംഭവിക്കാനുള്ള കാരണവും ഇത് അതിന്റെ പരിഹാരമാണെന്നും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് തീക്കട്ടപോലെ ജ്വലിച്ചുകൊണ്ടിരിക്കുന്ന പ്രതിമയെ കെട്ടിപ്പിടിക്കാനായി ഓടിച്ചെന്നു. തൊട്ടുതൊട്ടില്ലെന്നായപ്പോൾ അടുത്തു നിന്നിരുന്ന ചാത്തൻ നമ്പൂരിപ്പാട്ടിലെ തടുത്തുനിറുത്തിക്കൊണ്ട് “ഇത്രയും മതി. ഇപ്പോൾ അവിടുത്തെ പാപമെല്ലാം തീർന്നിരിക്കുന്നു” എന്നു പറഞ്ഞു. അതിനെ അവിടെ കൂടിയിരുന്ന സകലജനങ്ങളും ഐക്യകണ്ഠേന സമ്മതിക്കുകയും ചെയ്തു. ഇതിനാൽ പാപമോചനത്തിനു പശ്ചാത്താപവും മനഃശുദ്ധിയുമാണ് വേണ്ടതെന്നും അതുകൂടാതെ ഗംഗാസ്നാനം മുതലായവ ചെയ്താൽ മതിയാകുന്നതല്ലെന്നും സ്പഷ്ടമാകുന്നുവല്ലോ. നമ്പൂതിരിപ്പാട്ടീന്നു പതിവായി ഏഴരനാഴിക വെളുപ്പാനുള്ളപ്പോൾ കുളിച്ച് ഉച്ചയാകുന്നതുവരെ തേവാരം കഴിക്കുന്നതിന്റെ ഉദ്ദേശമെന്താണെന്ന് ഒരു ദിവസം ചാത്തൻ ചോദിച്ചു. “ഞാൻപരബ്രഹ്മത്തെ സേവിക്കയാണെ”ന്നു നമ്പൂതിരിപ്പാട്ടീന്നു പറഞ്ഞു. “അപ്പോൾ പരബ്രഹ്മം എങ്ങനെയിരിക്കും?” എന്നു ചാത്തൻ ചോദിക്കയാൽ നമ്പൂതിരിപ്പാട്ടീന്നു പരിഹാസമായിട്ടു “നമ്മുടെ മാടൻപോത്തിനെപ്പോലിരിക്കും” എന്നു പറഞ്ഞു. പിന്നെ നമ്പൂതിരിപ്പാട്ടീന്നു കുളിക്കുമ്പോൾ ചാത്തനും പതിവായി കുളിച്ചു പരബ്രഹ്മത്തെ സേവിച്ചു തുടങ്ങി. അങ്ങനെ നാല്പതു ദിവസം കഴിഞ്ഞപ്പോൾ ചാത്തന്റെ ധ്യാനപ്രകാരം മാടൻപോത്തിന്റെ സ്വരൂപത്തിൽ പരബ്രഹ്മം അയാൾക്കു പ്രത്യക്ഷമായി. പിന്നെ സദാ പരബ്രഹ്മം ചാത്തന്റെ കൂടെ നടക്കുകയും അയാൾ പറയുന്ന വേലകൾ ചെയ്കയും തുടങ്ങി. നമ്പൂതിരിപ്പാട്ടീന്ന് ഈ വിവരമൊന്നും അറിഞ്ഞതുമില്ല. അദ്ദേഹത്തിന് ഈ മാടൻപോത്ത് അപ്രത്യക്ഷമായിട്ടാണ് ഇരുന്നതും.
അങ്ങനെയിരിക്കുമ്പോൾ നമ്പൂതിരിപ്പാട്ടീന്നു തെക്കേ ദിക്കിലേക്ക് ഒരു യാത്രയുണ്ടായി. ഭാണ്ഡമെടുക്കുന്നതിനു ചാത്തനെയും കൊണ്ടു പോയി. ചാത്തൻ ഭാണ്ഡം മാടൻപോത്തിന്റെ പുറത്തു കെട്ടിയിട്ടു ചുമപ്പിചുകൊണ്ടു നമ്പൂതിരിപ്പാട്ടിലെ കൂടെപ്പോയി. ഓചിറപ്പടനിലം എന്നു പ്രസിദ്ധമായ സ്ഥലത്തുചെന്നപ്പോൾ അവിടെ  ഒരു വിസ്താരം കുറഞ്ഞ വാതുക്കലൂടെ കടന്നുപോകേണ്ടിയിരുന്നു. നമ്പൂതിരിപ്പാട്ടീന്നു മുമ്പേ കടന്നു. പിന്നാലെ ചാത്തനും കടന്നു. മാടൻപോത്തിന്റെ കൊമ്പുകൾ അവിടെ തടഞ്ഞതിനാൽ അതിനു കടക്കാൻ പാടില്ലാതെ അവിടെ നിന്നു. അപ്പോൾ ചാത്തൻ തിരിഞ്ഞുനിന്ന് “ചരിച്ചു കടത്തൂ” എന്നു പറഞ്ഞു. നമ്പൂതിരിപ്പാട്ടീന്ന് ഇതുകേട്ടു തിരിഞ്ഞുനോക്കിയപ്പോൾ മാടൻപോത്തിനെ അദ്ദേഹത്തിനു കാണ്മാൻ പാടില്ലായിരുന്നതിനാൽ “നീ ആരോടാണ് പറയുന്നത്?” എന്നു ചോദിചു. “നമ്മുടെ മാടൻപോത്തിനോട്” എന്നു ചാത്തൻ മറുപടി പറഞ്ഞു.
നമ്പൂതിരിപ്പാട്: മാടൻപോത്തെവിടെ? ഏതു മാടൻപോത്ത്?
ചാത്തൻ: ഇതാ നില്ക്കുന്നു. അവിടുന്നു കാണുന്നില്ലേ? തിരുമനസ്സിലെ കല്പനപ്രകാരം അടിയൻ സേവിച്ചു പ്രത്യക്ഷമാക്കിയ മാടൻപോത്താണിത്.
ഇതുകേട്ടു നമ്പൂതിരിപ്പാട്ടീന്നു ചാത്തനെ തൊട്ടുംകൊണ്ട് നോക്കിയപ്പോൾ മാടൻപോത്തിന്റെ ആകൃതിയിൽ പ്രത്യക്ഷമായിരിക്കുന്ന പരബ്രഹ്മത്തെ കണ്ടു. നമ്പൂതിരിപ്പാട്ടീന്ന് “എന്നെക്കാൾ ഭക്തി നിനക്കുതന്നെയാണ്. അതിനാൽ ഞാൻ നിന്നെയും വന്ദിക്കുന്നു” എന്നു പറഞ്ഞു ചാത്തനെ നമസ്കരിച്ചു. ഉടനെ മാടൻപോത്ത് അവിടെത്തന്നെ ഭൂമിയിൽ താണുപോയി. “അടിയന്റെ മാടൻപോത്തില്ലാതെ അടിയൻ വരികയില്ല” എന്നു പറഞ്ഞു ചാത്തനും അവിടെ ഇരിപ്പായി. “എനിക്കിനി എന്താണ് ഗതി” എന്നു നമ്പൂതിരിപ്പാട്ടീന്നു ചോദിച്ചു. അപ്പോൾ ചാത്തൻ “മേല്പോട്ട് കേറാൻ നൂലുണ്ടലോ. അതുപിടിചു കേറിക്കൊള്ളണം” എന്നു പറഞ്ഞു. അതിന്റെ സാരം വേദംകൊണ്ടു മോക്ഷത്തെ പ്രാപിച്ചു കൊള്ളണമെന്നാണെന്ന് മനസ്സിലാക്കി നമ്പൂതിരിപ്പാട്ടീന്നു ചാത്തനെ വിട്ടു വിഷാദത്തോടുകൂടി പോവുകയും ചെയ്തു. ചാത്തൻ പിന്നെയും കുറഞ്ഞൊരുകാലം പരബ്രഹ്മത്തെയും ധ്യാനിച്ചുകൊണ്ട് അവിടെയിരുന്നു. ഒടുക്കം ആണ്ടുതോറും പതിവുള്ള പടയിൽച്ചേർന്നു മരിച്ചു സായൂജ്യം പ്രാപിക്കയും ചെയ്തു.