ആരാണ് മഹാബലി…

കശ്യപ പ്രജാപതിയ്ക്ക്, ദക്ഷപുത്രിമാരായ അദിതിയില്‍ ദേവന്മാരും(സുരന്മാര്‍)- ദിതിയില്‍ ദൈത്യന്മാരും(അസുരന്മാര്‍)ജനിച്ചു. ദൈത്യന്മാരില്‍ ഹിരണ്യാക്ഷന്‍, ഹിരണ്യകശിപ്, ശൂരപദ്മാവ്, സിംഹവക്ത്രന്‍, താരകാസുരന്‍, ഗോമുഖന്‍ എന്നിവര്‍ പ്രസിദ്ധരായി. അവരില്‍ ഹിരണ്യകശിപിന്‍റെ പുത്രന്‍ പ്രഹ്ലാദന്‍. പ്രഹ്ലാദന്‍റെ പുത്രന്‍ വിരോചനന്‍. വിരോചനന്‍റെ പുത്രന്‍ ഇന്ദ്രസേനന്‍- അഥവാ മഹാബലി ഇന്ദ്രസേനന്‍(indrasena the great). മഹാബലിയുടെ പത്നി വിന്ധ്യാവലി, പുത്രന്‍ ബാണാസുരന്‍. യഥാര്‍ത്ഥത്തില്‍ ദേവന്മാരും അസുരന്മാരും ഒരേ പിതാവിനു ജനിച്ചവരാണ്.-(രണ്ട് അമ്മമാരില്‍), ആ അര്‍ത്ഥത്തില്‍ സഹോദരന്മാരും ആണ്. പക്ഷെ കശ്യപന്‍റെ ഭാര്യമാരായ അദിതിയും ദിതിയും തമ്മില്ഉണ്ടായ സൗന്ദര്യപ്പിണക്കത്തില്‍ നിന്നും തുടങ്ങിയതാണ്‌ ദേവാസുര വൈരം. അല്ലാതെ വേറെ കാരണങ്ങള്‍ ഒന്നുംഇല്ല. ദേവന്മാരും അസുരന്മാരും അത് തലമുറകളായി തുടര്‍ന്നു. പക്ഷെ ഭഗവാന്‍ മഹാവിഷ്ണുവിനു ദേവന്മാരെന്നും അസുരന്മാരെന്നും ഉള്ള വെത്യാസങ്ങള്‍ ഒന്നും ഇല്ല. ദേവന്മാര്‍ നല്ലവരാണ് എന്നും അസുരന്മാര്‍ മോശക്കാരാണ് എന്നൊന്നും പുരാണങ്ങളില്‍ ഇല്ല. രണ്ടു കൂട്ടരിലും കുപ്രസിദ്ധിയാര്‍ജ്ജിച്ചവര്‍ ഉണ്ടായിരുന്നു. മാത്രമല്ല ഭാഗവതം തന്നെ പറയുന്ന പരമവിഷ്ണുഭക്തന്മാരില്‍ പ്രധാനി അസുരനായ പ്രഹ്ലാദനാണ്.— ഇനി കാര്യത്തിലേക്ക് വരാം, ഇത് 7-ആം മന്വന്തരം ആണ്-(വൈവസ്വത മന്വന്തരം). ഇപ്പോഴത്തെ ഇന്ദ്രന്‍ ബഹുദന്തി(മാതാവ്)യുടെ പുത്രനായ- പുരന്ദരന്‍- ആണ്(മഹാ:ഭാരതം, ശാന്തിപര്‍വ്വം59,89,90 അദ്ധ്യായങ്ങള്‍). ഇന്ദ്രപദം ലഭിച്ച പുരന്ദരന്‍ അഹങ്കരിച്ചു.(ദുര്‍വാസാവ് മഹര്‍ഷിയുമായി ഉണ്ടായ കലഹവും, ശാപവും മറ്റും ഓര്‍ക്കുക. പുരന്ദരന്‍റെ പ്രവൃത്തികള്‍ ദേവന്മാര്‍ക്ക് ജരാനരകള്‍ വരെ വരുത്തിവെച്ചു). പ്രഹ്ലാദനു ശേഷം രാജാവായ വിരോചനന്‍ പ്രഹ്ലാദന്‍റെ ഉപദേശപ്രകാരം രാജ്യം ഭരിച്ചു. പിന്നീട് മഹാബലി ഇന്ദ്രസേനന്‍ രാജാവായി. ഇന്ദ്രന്‍റെ ഗര്‍വ്വം അടക്കാനായി, ധര്‍മ്മിഷ്ടനും നീതിമാനും പ്രഹ്ലാദ പൌത്രനും ആയ ബലിയെ ഭഗവാന്‍ ദേവലോകം ഏല്‍പ്പിച്ചു(ബ്രഹ്മവൈവര്‍ത്തപുരാണം). യോഗ വാസിഷ്ടത്തില്‍ ഗുരുവായ വസിഷ്ടന്‍ ശിഷ്യനായ രാമനോട് ബലിയെക്കുറിച്ച് പറയുന്നുണ്ട്. നവവിധ ഭക്തനും യോഗിയും വിഷ്ണുവിനാല്‍ സംരക്ഷിക്കപ്പെട്ടവനും ആയിരുന്നു ബലി എന്ന് വസിഷ്ടന്‍ പറയുന്നു. അങ്ങനെ ഇന്ദ്രസേനന്‍ ദേവലോകം കീഴടക്കി. മഹാബലിയായി(വാമന പുരാണം 74-ആം അദ്ധ്യായം). ദേവന്മാര്‍ക്ക് കാര്യം മനസ്സിലായി. അവര്‍ പശ്ചാത്തപിച്ചു. ദേവമാതാവായ അദിതിയെ സമീപിച്ചു. അദിതി കശ്യപനെ ആശ്രയിച്ചു. ഭഗവാന്‍ വിഷ്ണുവിനെത്തന്നെ ശരണം പ്രാപിക്കാന്‍ ഉപദേശം കിട്ടി. അങ്ങനെ ദ്വാദശിവൃതം സ്വീകരിച്ചു, ഭഗവാന്‍ തന്നെ തന്‍റെ ഉദരത്തില്‍ ജനിച്ച്, തന്‍റെ പുത്രന്മാര്‍ക്കു അവകാശപ്പെട്ട ദേവലോകത്തുനിന്നും ബലിയെ അധിക്ഷേപിച്ച് ഓടിക്കണം എന്ന് വരം വാങ്ങി. ഇതേസമയം ദേവന്മാരും ക്ഷീണിതരായിരുന്നു. അവര്‍ ബ്രാഹ്മണരെ സമീപിച്ചു ചോദിച്ചു, എന്തുകൊണ്ട് നിങ്ങള്‍ ഞങ്ങളെ പുഷ്ട്ടിപ്പെടുത്തുന്നതിനായി യജ്ഞഹവിസ്സുകള്‍ അര്‍പ്പിക്കുന്നില്ല?. അവര്‍ പറഞ്ഞു, ദേവന്മാര്‍ക്കായി ഹവിസ്സര്‍പ്പിക്കുന്നത് ബലി നിരോധിച്ചിരിക്കുന്നു. അങ്ങനെ അവര്‍ വിഷ്ണുവിനെ ശരണം പ്രാപിച്ചു. യജ്ഞവും ദാനവും ലഭിക്കാതെ ഞങ്ങളുടെ ജീവിതവും കഷ്ട്ടത്തിലാണ്. ഇനിയും സംരക്ഷിക്കപ്പെട്ടിട്ടില്ലാത്ത(വേദങ്ങള്‍ ക്രോടീകരിക്കപ്പെടുന്നത് എല്ലാ ദ്വാപരയുഗാന്ത്യത്തിലും ആണ്) വേദോപനിഷത്തുക്കള്‍, ഞങ്ങളില്‍ നിന്നും തസ്കരന്മാര്‍ കൊണ്ടുപോകുന്നു. ദേവന്മാര്‍ക്കായി യജിക്കുവാനോ, യജ്ഞോപവീതം ധരിക്കുവാനോ ഞങ്ങള്‍ക്ക് അനുവാദമില്ല. ദേവന്മാര്‍ ക്ഷീണിതരായതുകൊണ്ടു ഭൂമിയില്‍ വൃഷ്ടിയും പുഷ്ട്ടിയും ഇല്ല. അഗ്നിപോലും ഓജസ്സോടെ ജ്വലിക്കുന്നില്ല. രക്ഷിക്കണം എന്നാവശ്യപ്പെട്ടു. ഭഗവാന്‍ അനുഗ്രഹിച്ചു. അങ്ങനെ വാമനദേവാവതാരത്തിന് കളമൊരുങ്ങി(വാമനപുരാണം 75,76,77,അദ്ധ്യായങ്ങള്‍). പിന്നീട് നടന്നകാര്യങ്ങള്‍ ഭാഗവതം വിശദീകരിക്കുന്നു. അഷ്ടമസ്കന്ധം, 18-ആം അദ്ധ്യായം.-വാമനദേവാവതാരം- നര്‍മ്മദാ നദിയുടെ വടക്കേ കരയില്‍ ഭൃഗുകച്ഛം എന്ന സ്ഥലത്ത് മഹാബലി ഒരു യാഗം നടത്തുകയായിരുന്നു.(യാഗവും യജ്ഞവും രണ്ടാണ്- യജ്ഞം ദേവമാര്‍ക്കായി നിഷ്കാമമായി ഹവിസ്സര്‍പ്പിക്കലാണ്. അതുവഴി അഗ്നി, വായു, ഇന്ദ്രന്‍, വരുണന്‍, സൂര്യന്‍,- പ്രകൃതിയുടെ അധിഷ്ടാന ദേവതകള്‍- പുഷ്ട്ടിപ്പെടുകയും ഭൂമിയുടെ, പ്രകൃതിയുടെ സംരക്ഷണം നടക്കുകയും ചെയ്യുന്നു. യാഗങ്ങള്‍ വിശേഷ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനായി നടത്തപ്പെടുന്ന ആസക്ത കര്‍മ്മങ്ങള്‍ ആണ്- സപ്താഹം, അതിരാത്രം മുതലായവ യജ്ഞങ്ങളും- ആശ്വമേധം, ഗോമേധം, പുത്രകാമേഷ്ട്ടി, മുതലായവ യാഗങ്ങളും ആണ്. യജ്ഞങ്ങള്‍ സാത്വികവും, യാഗങ്ങള്‍ രാജസികവും,- ആവാഹനം, ആകര്‍ഷണം, ഉച്ചാടനം തുടങ്ങിയവ താമസികവും ആണ്). വാമനദേവന്‍ യാഗശാലയില്‍ എത്തി. ശുക്രാചാര്യരും ബലിയും ചേര്‍ന്ന് തേജസ്വിയായ ആ ബാലനെ സ്വീകരിച്ചിരുത്തി. നമസ്കരിച്ചു.
അവര്‍ തമ്മില്‍ ദീര്‍ഘമായി സംഭാഷണം ചെയ്തു. പിന്നീട് ബ്രാഹ്മണ ദാനത്തിനോരുങ്ങി. എന്താണ് വേണ്ടത് എന്ന് ചോദിച്ചു. വാമനദേവന്‍ പറഞ്ഞു, എന്‍റെ പാദങ്ങള്‍ മൂന്നടി വെയ്ക്കാന്‍ മാത്രം ഇടം ദാനമായി തന്നാലും. ബാലന്‍റെ ആവശ്യമറിഞ്ഞ മഹാബലിയ്ക്ക് ചിരിവന്നു. അദ്ദേഹം വാഗ്ദാനം നല്‍കി. പക്ഷെ ദിവ്യ ദൃഷ്ട്ടിയാല്‍ വാമനദേവനെ തിരിച്ചറിഞ്ഞ ആചാര്യന്‍ എതിര്‍ത്തു. ഒരിക്കല്‍ ദേവാസുര യുദ്ധത്തില്‍ മൃതപ്രാണനായ മഹാബലിയെ അസുരഗുരുവായ ശുക്രാചാര്യരാണ് പുനര്‍ജ്ജീവിപ്പിച്ചത്. വീണ്ടും ഒരു അപകടത്തില്‍പ്പെടാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി. പക്ഷെ മഹാബലി ദാനത്തിനായി ഉറച്ചു. കൊപിഷ്ട്ടനായ ശുക്രാചാര്യര്‍ മഹാബലിയെ ശപിച്ചു. ഭഗവാന്‍ വിശ്വരൂപം കൈക്കൊണ്ട് രണ്ടടിവെച്ചു. വിശ്വരൂപ ദര്‍ശനത്താല്‍ ബലി ഭഗവാനെ തിരിച്ചറിഞ്ഞു. ഭഗവാന്‍ വിശ്വരൂപം കൈവെടിഞ്ഞ് വീണ്ടും വാമന രൂപം ധരിച്ചു. പക്ഷെ ഇതറിഞ്ഞ അസുരന്മാര്‍ യുദ്ധം ചെയ്തു. വിഷ്ണുപാര്‍ഷദന്മാര്‍ അവരെ പരാജയപ്പെടുത്തി. യുദ്ധം നിര്‍ത്താന്‍ ബലി അസുരന്മാരോട് ആവശ്യപ്പെട്ടു. ഗരുഡന്‍ വരുണപാശത്താല്‍ ബലിയെ ബന്ധിച്ചു. വാമനന്‍ പറഞ്ഞു, രണ്ടടികൊണ്ട് നാം അങ്ങേയ്ക്ക് അധീനമായ ഭൂമിയും സ്വര്‍ഗ്ഗവും അളന്നു കഴിഞ്ഞു. വാഗ്ദാന പ്രകാരമുള്ള മൂന്നാമത്തെ ചുവടിനുള്ള ഇടമെവിടെ?. ബലിക്കു സ്വന്തമായി ശരീരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതും അര്‍പ്പിച്ചു. അവിടെ പ്രഹ്ലാദന്‍ പ്രത്യക്ഷനായി. വിഷ്ണുവിനെ സ്തുതിച്ചു. മഹാബലിയുടെ പത്നി- വിന്ധ്യാവലി- യും ഭഗവാനെ സ്തുതിച്ചു. വാമനാവതാരം ദര്‍ശിക്കാന്‍ എത്തിയ ബ്രഹ്മാവ്‌ ഭഗവാനോട്, സ്വയം ദാനം ചെയ്തതിനാല്‍ ബലി ഭഗവാന്‍റെ സ്വന്തമായെന്നും, ബന്ധനത്തില്‍ നിന്നും മോചിപ്പിക്കണം എന്നും അപേക്ഷിച്ചു. ഭഗവാന്‍ ബലിയെ മോചിപ്പിച്ചു. ഗുരുശാപമേറ്റിട്ടും സത്യം കൈവിടാതിരുന്ന ബലിയെ ഭഗവാന്‍ അടുത്ത മന്വന്തരത്തിലെ- സാവര്‍ണ്ണി മന്വന്തരം- ഇന്ദ്ര പദവി നല്‍കി അനുഗ്രഹിച്ചു. അതുവരെ വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിതമായ സുതലത്തില്‍ ചൈതന്യരൂപനായി വസിക്കുവാനും അനുഗ്രഹിച്ചു.—ഭാഗവതംഅഷ്ടമസ്കന്ധം, 18-മുതല്‍ 22 വരെ അദ്ധ്യായങ്ങള്‍—
കേരളം ഭരിച്ചിരുന്ന രാജാവാണ്‌ ബലിയെന്നോ, വര്‍ഷത്തിലൊരിക്കല്‍ നാടുകാണാന്‍ വരുമെന്നോ പുരാണങ്ങളില്‍ ഉള്ളതായി അറിവില്ല. പരശുരാമനാല്‍ സൃഷ്ട്ടിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന കേരളം, അദ്ദേഹത്തിന് മുന്‍പ് ജീവിച്ചിരുന്ന മഹാബലി ഭരിക്കാന്‍ എന്തായാലും വഴിയില്ലല്ലോ.
——- ശ്രാവണ മാസത്തിലെ (ചിങ്ങം) ശുക്ലപക്ഷം(ചന്ദ്രന്‍ അമാവാസിയില്‍ നിന്നും പൌര്‍ണ്ണമിയിലേക്ക്) ദ്വാദശി തിഥിയില്‍(12-ആം ദിവസം) തിരുവോണം നാളില്‍, അഭിജിത്ത് മുഹൂര്‍ത്തത്തില്‍(പകല്‍ മദ്ധ്യാഹ്നം 12 മണി) ആയിരുന്നു വാമനാവതാരം!!!. ഈ ദിവസത്തെ- വിജയദ്വാദശി / വാമനദ്വാദശി-എന്നറിയപ്പെടുന്നു. അത്തം മുതല്‍ 10 ദിവസം വാമനമൂര്‍ത്തിയെ പൂക്കളത്തില്‍ ലിംഗരൂപത്തില്‍ പ്രതിഷ്ടിച്ച് ആരാധിക്കുന്നു. പൂക്കളത്തില്‍ ഒരു ലിംഗമെങ്കില്‍ വാമനമൂര്‍ത്തിയും(തൃക്കാക്കരയപ്പന്‍) മൂന്നു ലിംഗങ്ങളെങ്കില്‍ ത്രിമൂര്‍ത്തികളെയും സങ്കല്‍പ്പിക്കുന്നു.(ലിംഗമെന്നാല്‍- സങ്കല്‍പ്പ പ്രതിഷ്ട്ഠ- symbol- സൂചകം എന്നര്‍ത്ഥം). അപ്പോള്‍ തിരുവോണ ദിവസം മധ്യാഹ്നത്തില്‍ നമ്മുടെ ഗൃഹം സന്ദര്‍ശിക്കാന്‍ എത്തുന്നത്‌, മഹാബലിയല്ല- സാക്ഷാല്‍ മഹാവിഷ്ണു ആണെന്നര്‍ത്ഥം. വിജയദ്വാദശി(തിരുവോണം)- വാമനാവതാരം..//.. രാമനവമി- ശ്രീരാമാവതാരം..//… അഷ്ടമിരോഹിണി- കൃഷ്ണാവതാരം!!!. അടുത്ത ഓണം എങ്ങനെ ആഘോഷിക്കണം എന്ന് ഇപ്പോഴേ തീരുമാനിച്ചോളൂ…