കര്‍ക്കിടക മാസത്തില്‍ വരുന്ന ആചാരങ്ങള്‍

ആചാരങ്ങള്‍ ധര്‍മ്മ സംരക്ഷണത്തിനും സംഗ്രഹത്തിനും കാരണമാകുന്നു .കര്‍ക്കിടക മാസത്തില്‍ ശ്രീ ഭഗവതിക്ക് വെക്കല്‍ ,പുരാണപാരായണം , പത്തിലകറി , കനകപ്പൊടിസേവ , ഔഷധ സേവാ , ദശപുഷ്പങ്ങള്‍ ചൂടുക , വാവുബലിയിടുക മുതലായ ഏഴു അനുഷ്ഠാനങ്ങള്‍ പ്രധാനമായി ആചരിച്ചുവരുന്നു .
1 . ശ്രീ ഭഗവതിക്ക് വെക്കല്‍ അല്ലെങ്കില്‍ ശീവോതിക്ക്‌ വെക്കല്‍ . ഭഗവതിക്ക് വെക്കുന്നതിനു മുമ്പ് ചേട്ടാ ഭഗതിയെ പുറത്താക്കണം . അശ്രീകരത്തെ പോലും ഭഗവതിയായി കാണുന്ന സങ്കല്പം .ചേട്ടയെ കളഞ്ഞതിന് ശേഷം ശ്രീ ഭഗവതിയെ വന്ദിക്കുന്നു . കത്തിച്ചു വെച്ച നിലവിളക്കിനു മുമ്പില്‍ അഷ്ടമംഗല്യത്തട്ടം ഒരുക്കി വെച്ചുകൊണ്ട് ദേവിയെ നമസ്കരിക്കുന്നു. നെല്ല് , അരി , സ്വര്‍ണ്ണം , ചന്ദനമുട്ടി , ഗ്രന്ഥം , ശുദ്ധ വസ്ത്രം , വാല്‍ക്കണ്ണാടി മുതലായവ അഷ്ടമംഗല്യ തട്ടില്‍ ഒരുക്കി വെക്കും . കിണ്ടിയില്‍ ശുദ്ധജലം നിറച്ചു വെക്കുകയും ചെയുന്നു .ദേഹ ശുദ്ധി വരുത്തിയതിനു ശേഷം അനര്‍ത്ഥങ്ങള്‍ ഒഴിവാക്കി അഭിവൃദ്ധി നല്‍കുവാന്‍ ഈശ്വരനോട് അവിടെ ഇരുന്നു കൊണ്ട്പ്രാ ര്‍ത്ഥന നടത്തുന്നു . ഇതാകുന്നു ശ്രീ ഭഗവതിക്ക് വെക്കല്‍ .
2 . പുരാണ പാരായണം . രണ്ടു നേരവും ശീവോതിയെ വെച്ച സ്ഥലത്ത് ഇരുന്നുകൊണ്ട് രാമായണവും മഹാഭാരതവും വായിക്കുന്നു .
3 . പത്തിലക്കറി . ചൊവ വെള്ളി മുതലായ കൊടിയാഴ്ച ദിവസങ്ങളില്‍ സ്ഥിരമായിട്ട് പത്തിലകള്‍ കൊണ്ടുള്ള ഉപ്പേരിയും കൂട്ടാനും ഉണ്ടാക്കണം . വര്‍ഷത്തില്‍ 104 കൊടിയാഴ്ച ദിവസങ്ങള്‍ വരുന്നു . ആവശ്യമായ പോഷകാംശങ്ങള്‍ കിട്ടുവാന്‍ ഈ ഭക്ഷണ രീതി നല്ലതുപോലെ ഉപകരിക്കും . വിറ്റാമിന്‍ കുറവുകള്‍ കൊണ്ടുള്ള രോഗങ്ങള്‍ ഇല്ലാതാവുകയും ചെയും . കര്‍ക്കിടകത്തില്‍ മുപ്പെട്ടുചൊവ്വാഴ്ചയില്‍ പച്ചില കറികള്‍ ഉപയോഗിച്ചു തുടങ്ങുന്നു . എന്തൊക്കെയാണ് പത്തിലകള്‍ എന്നും പറയാം . ” നെയുര്‍ണി താള് തകര , കുമ്പളം മത്ത വെള്ളരി ആനക്കൊടിത്തുവാ ചീര , ചേന ചേമ്പില പത്തില ” .4 . കനകപ്പൊടി സേവാ . തവിടുകൊണ്ട് ചുട്ടെടുക്കുന്ന അപ്പം കഴിക്കുന്നതാകുന്നു കനകപ്പൊടി സേവാ . മുപ്പെട്ടു വെള്ളിയാഴ്ച ഇത് സേവിക്കണം .അപ്പോള്‍ ഒരു വര്‍ഷത്തിനു ആവശ്യമായി വരുന്ന വിറ്റാമിന്‍ ബി ശരീരത്തിന് ലഭിക്കും . കാലത്ത് പ്രഭാത ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കഴിക്കണം . ഉരുക്കിയ ശര്‍ക്കരയില്‍ ഉണക്കത്തവിട് ചേര്‍ത്തു കുഴക്കണം . ശേഷം കനമുള്ളതാക്കി പരത്തി കനലില്‍ ചുട്ടെടുക്കുക .ഒരു ചെറിയ കഷണം കഴിച്ചാല്‍ മതി .
5 . ഔഷധസേവാ . 16 -നു ഔഷധസേവ ചെയുന്നു . വിഷ പ്രതിരോധ കുത്തി വെപ്പായിട്ട് മരുന്ന് കഴിക്കുന്നു . ഏതെങ്കിലും വിഷാംശം അകത്തു പെട്ടിട്ടുണ്ടെങ്കില്‍ അത് പുറത്തുകളയുവാന്‍ വേണ്ടി മരുന്ന് കഴിക്കുന്നു . ആരും മൊരിയും കളഞ്ഞ കൊടുവേലികിഴങ്ങു ശുദ്ധമാക്കിയതിനു ശേഷം നല്ലത് പോലെ അരച്ചെടുക്കണം . അതില്‍ കുറച്ചു പശുവിന്‍ നെയും ചേര്‍ക്കണം . മോതിര വിരലിന്‍റെ അറ്റം കൊണ്ട് തോണ്ടിയെടുത്ത് കിട്ടുന്ന ഔഷധം കഴിക്കണം . വടക്കോട്ട്‌ തിരിഞ്ഞു ധന്വന്തരി മന്ത്രം ജപിച്ചുകൊണ്ട്‌ സേവിക്കണം . മന്ത്രം – ” ഓം. ധം ശ്രീം അച്യുതാനന്ദ ഗോവിന്ദാ , വിഷ്ണോ നാരായണാമൃതാ , രോഗാന്‍ മേ നാശയാശേഷാ ,നാശു ധന്വന്തരെ ഹരയേ നമ : “
6 . ദശ പുഷ്പം ചൂടല്‍ . ശരീര കാന്തി വര്‍ദ്ധിപ്പിക്കുവാന്‍ ദശ പുഷ്പങ്ങള്‍ ചൂടുന്നു . ശീവോതിക്ക്‌ വെച്ച സ്ഥലത്ത് നിന്ന് ചൂടണം . എന്തൊക്കെയാണ് പത്തു പുഷ്പങ്ങള്‍ എന്നും പറയാം . ” കറുക കയ്യനും കൃഷ്ണകാന്തി പൂവാംകുറുന്തല്‍ നിലപ്പന , തിരുതാളി മുക്കുറ്റി വള്ളി ഉഴിഞ്ഞ മുയല്‍ചെവിയന്‍ ചെറൂള ” .
7 . വാവുബലി . കൊല്ലത്തില്‍ പിതൃക്കള്‍ക്ക് വേണ്ടി മൂന്ന് ബലിയെങ്കിലും ചെയണം . കര്‍ക്കിടകം , കുംഭം , വൃശ്ചികം , തുലാം മുതലായ മാസങ്ങളില്‍ വരുന്ന കറുത്തവാവിന് ബലിയിടണം . ആചാര്യ നിര്‍ദ്ദേശം അനുസരിച്ചോ , നാട്ടാചാരം അനുസരിച്ചോ ബലിചെയണം . ഈ മാസത്തിലെ ബലിയിടല്‍ വളരെ പ്രധാനമയതാകുന്നു .
” വസുധൈവ കുടുംബകം ” എന്ന ആദര്‍ശ പുഷ്പം വിടരുവാന്‍ ഇത്തരം ആചാരങ്ങള്‍ വളരെയധികം ശ്രദ്ധയോടു കൂടി അനുഷ്ഠിക്കണം .അപ്പോള്‍ ആചാര ഹീനന്മാരായ ആളുകളുടെ കപട തന്ത്രങ്ങളില്‍ നിന്ന് രക്ഷപ്പെടുകയും ചെയാം ..
ലോകാ : സമസ്താഃ സുഖിനോ ഭവന്തു.