കുമാരനല്ല ഊര് – കുമാരനല്ലൂര്‍

സുബ്രഹ്മണ്യനു വേണ്ടി നിര്‍മ്മിച്ച അമ്പലം ദേവിയെ കുടിയിരുത്തുകയാലാണ് കുമാരനല്ല ഊര് എന്നര്‍ത്ഥത്തില്‍ കുമാരനെല്ലൂര്‍ പ്രസിദ്ധമായത്. മധുരയിലെ ദേവിയുടെ രത്നഖചിതമായ മൂക്കുത്തി ഒരിക്കല്‍ കാണാതായി. മൂക്കുത്തി കാണാതായപ്പോള്‍ പാണ്ഡ്യരാജാവ് 41 ദിവസത്തിനകം അതു കണ്ടെടുത്തില്ലെങ്കില്‍ ശാന്തിക്കാരനെ കൊന്നു കളയുമെന്ന് കല്‍പിച്ചു. ശാന്തിക്കാരന്‍ ദേവിയെ അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചു. മുപ്പത്തൊമ്പതാം ദിവസമായി. രാത്രി ഉറങ്ങിക്കിടന്ന ശാന്തിക്കാരന്‍ ഒരു സ്വപ്നം കണ്ടു. ആരോ അദ്ദേഹത്തിന്‍റെ കാല്‍ക്കലിരുന്ന് അങ്ങിനി താമസിച്ചാല്‍ ആപത്തുണ്ടാവും. കാവല്‍ക്കാരെല്ലാം നല്ല ഉറക്കമായിരിക്കുന്ന സമയമാണിത്. പുറത്തിറങ്ങി ഓടൂ. എവിടെയെങ്കിലും പോയി രക്ഷപ്പെടൂ. എന്നു പറയുന്നതു കേട്ടു. മൂന്നു തവണ ഇപ്രകാരം ഒരു ശബ്ദം ശാന്തിക്കാരന്‍ കേട്ടു. എന്തായാലും ദേവി അരുളി ചെയ്തതായിരിക്കുമിത്. രക്ഷപ്പെടുക തന്നെ എന്നോര്‍ത്ത് ശാന്തിക്കാരന്‍ പുറപ്പെട്ടപ്പോള്‍ “ഇത്രകാലം എന്നെ സേവിച്ച അങ്ങു പോകുകയാണെങ്കില്‍ ഞാനും വരുന്നു എന്നു പറഞ്ഞു ഒരു സ്ത്രീ രൂപം കൂടെ പോന്നു. അവര്‍ ധരിച്ചിരുന്നു ആഭരണങ്ങളില്‍ നിന്നുള്ള പ്രകാശം മതിയായിരുന്നു ബ്രാഹ്മണന് വഴി കാണാന്‍. നടന്നു തളര്‍ന്ന അയാള്‍ ഒരു വഴിയമ്പലത്തില്‍ കിടന്നു വിശ്രമിച്ചു. പിറ്റേന്നുണര്‍ന്നു നോക്കിയപ്പോഴാണ് അത് കേരളരാജ്യം ഭരിച്ചിരുന്നു ചേരമാന്‍ പെരുമാള്‍ സുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കാന്‍ പണിയിച്ച അമ്പലമാണെന്ന് ബ്രാഹ്മണന് മനസിലായത്. തന്നോടൊപ്പമുണ്ടായിരുന്ന സ്ത്രീരൂപം സര്‍വ്വാലങ്കാര വിഭൂഷിതയായി ശ്രീകോവിലിലെത്തി പീഠത്തില്‍ ഉപവിഷ്ടയായിരിക്കുന്നതാണ് ശാന്തിക്കാരന്‍ കണ്ടത്. കുമാരനായി കുറിച്ചിരുന്ന ഊരില്‍ ദേവീപ്രതിഷ്ഠ നടത്തേണ്ടി വന്നതിനാല്‍ കുമാരനല്ല ഊര് എന്നത് കുമാരനല്ലൂര് എന്നായിത്തീര്‍ന്നെന്നാണ് പുരാവൃത്തം.
ദേവിയോടു കൂടി മധുരയില്‍ നിന്നു വന്ന ശാന്തിക്കാരന്‍റെ വംശജര്‍ ഇപ്പോഴും കുമാനല്ലൂരുണ്ട്. “മധുര’ എന്നാണ് ഇല്ലപ്പേര്. “മധുരനമ്പൂതിരിമാര്‍’ എന്നിവര്‍ അറിയപ്പെടുന്നു.

കുമാരനല്ലൂര്‍ തൃക്കാര്‍ത്തിക

തൃക്കാര്‍ത്തിക സര്‍വ്വാഭീഷ്ട പ്രദായിനിയും സര്‍വ്വമംഗളദായികയുമായ കുമാരനല്ലൂര്‍ ഭഗവതിയുടെ തിരുനാള്‍. കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ പത്തു ദിവസത്തെ കാര്‍ത്തിക മഹോത്സവമാണ് കുമാരനല്ലൂര്‍ ദേശത്തെ പ്രധാന ഉത്സവം. ആറാട്ടോടെഉത്സവം സമാപിയ്ക്കും. പള്ളിവേട്ടനാളിലാണ് തൃക്കാര്‍ത്തിക . തൃക്കാര്‍ത്തിക ദിവസം പ്രസാദമൂട്ടും ഉണ്ടായിരിയ്ക്കും. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ താലൂക്കിലെ മഹാക്ഷേത്രങ്ങളിലൊന്നായ പ്രസിദ്ധമായ ദുര്‍ഗാ ദേവി പ്രാസാദമാണ് കുമാരനല്ലൂര്‍ ഭഗവതി ക്ഷേത്രം. കേരളത്തിലെ പഴയ 32 നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നാണിത്.

ശംഖുമുണ്ടിടത്തു വലമേയൊരു ചക്രമുണ്ടു
കാലില്‍ ചിലമ്പു ചില മുത്തുപടം കഴുത്തില്‍
ഓടീട്ടു വന്നു കുടി കൊണ്ട കുമാരനല്ലൂര്‍-
കാര്‍ത്ത്യായനീ ! ശരണമെന്നിത കൈതൊഴുന്നേന്‍

പണ്ട് തുലാത്തിലെ രോഹിണി മുതല്‍ വൃശ്ചികത്തിലെ രോഹിണി വരെ 28 ദിവസമായിരുന്നു ഉത്സവം. വൃശ്ചികത്തില്‍ അവിട്ടം നാളില്‍ തുടങ്ങി കാര്‍ത്തിക ദിനത്തില്‍ പള്ളിവേട്ടയോടെ സമാപിക്കുന്ന ഉത്സവമാണിപ്പോള്‍. എല്ലാ ദിവസവും മീനച്ചിലാറ്റില്‍ ആറാട്ടും. അമ്പലപ്പുഴ രാജാവിന്‍റെ കാണിക്കയായ ഭദ്രദീപത്തില്‍ തിരി തെളിയുമ്പോള്‍ ദുര്‍ഗാ ദേവിയുടെ ഐശ്വര്യ കടാക്ഷങ്ങള്‍ കുമാരനല്ലൂരില്‍ നിറയും.
സുബ്രഹ്മണ്യക്ഷേത്രത്തിനായി നിര്‍മ്മിച്ച അമ്പലം പിന്നീട് ദേവീക്ഷേത്രമായി മാറുകയാണുണ്ടായത്.അതുപോലെ ഉദയ നായകി എന്ന ദേവിയെ പ്രതിഷ്ഠിക്കാന്‍ ഉണ്ടാക്കിയ ഉദയാനപുരം ക്ഷേത്രത്തില്‍ സുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കേണ്ടതായും വന്നു .

ഓം കാരം

” ഓം “എന്ന മന്ത്രത്തില്‍ അ , ഉ , മ എന്നീ മൂന്നക്ഷരങ്ങള്‍ അടങ്ങിയിരിക്കുന്നു…ഇത് ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരെ കുറിക്കുന്നു…എല്ലാ മന്ത്രങ്ങളും ഓംകാരത്തില്‍ നിന്നും പിറക്കുന്നതാണ് ..

ഈശ്വരന്റെ വരദാനമാണ് മനുഷ്യജന്മം.. ആര്‍ഭാടവും സമ്പത്തുമാണ് ജീവിതലക്ഷ്യമെന്നു തെറ്റിദ്ധരിച് പണമുണ്ടാക്കാന്‍ എന്തുമാകാം എന്ന അവസ്ഥയിലേക്ക് ലോകം മുന്നേറിയിരിക്കുന്നു..ഈ കുതിപ
്പില്‍ നഷ്ടപെടുന്ന മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല..

ഈ മനുഷ്യജന്മത്തെ ഈശ്വരന്റെ ഇച്ച്ചയനുസരിച് പരിപാലിക്കാന്‍ ഭൌതികയിലെ പ്രലോഭനങ്ങളില്‍ കുടുങ്ങുന്ന മനുഷ്യനു കഴിയാതെ വരുന്നു…ഈ മായബന്ധനതിനു കാരണം അഞ്ജതയാണ് …

ജീവിതസഫലത കൈവരണമെങ്കില്‍ ജ്ഞാനമാകുന്ന വെളിച്ചം മനസ്സിലുണ്ടാകണം…സ്വാര്‍ഥകമായ ജീവിതത്തിനു ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിച്ചവരാന് ,ആദ്ധ്യാത്മികആചാര്യന്മാര്‍…ഏതു മതസ്ഥര്‍ക്കും അവലംബിക്കാവുന്ന ദര്‍ശനം അവര്‍ ആവിഷ്ക്കരിക്കുകയും ,ആചരിച് കാണിക്കുകയും ഫലപ്രാപ്തി ബോദ്ധ്യപ്പെടുത്തിതരുകയും ചെയ്തിട്ടുണ്ട്…ആ വഴിമാത്രമാണ് ആത്യന്തിക ജീവിത വിജയത്തിന് നിദാനമെന്ന് അവര്‍ ആവര്‍ത്തിക്കുന്നു…ആ മാര്‍ഗ്ഗത്തിലേക്ക് മനുഷ്യമനസ്സിനെ ആനയിക്കേണ്ടിയിരിക്കുന്നു..ഇരുട്ടിലെ കൈത്തിരി പോലെ ജീവിതയാത്രയില്‍ അവരുടെ ദര്‍ശനങ്ങള്‍ പര്യാപ്തമാക്കണം…

ആദ്ധ്യാത്മികതയിലധിഷ്ടിതമായ ഒരടിത്തറ ജീവിതത്തില്‍ ആവശ്യമാണെന്ന് നമ്മുടെ ആചാര്യന്മാര്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്…ബാലമാനസുകളില്‍ അതിന്റെ വിത്ത് മുളപ്പിക്കാന്‍ കഴിഞ്ഞാല്‍ വ്യക്തിയും സമൂഹവും ശുദ്ധീകരിക്കപ്പെടും..

നദികള്‍ സമുദ്രത്തിലേക്ക് ഒഴുകിചേരുന്നപോലെ ഈശ്വരീയമായ കാഴ്ചപ്പാടില്‍ ജീവിച് മഹാസാഗരത്തില്‍ എത്തിച്ചേരാന്‍ വിവിധ മാര്ഗ്ഗനഗ്ല്‍ ആചാര്യന്മാര്‍ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്…ലക്ഷ്യം പരമാത്മാവാണെന്ന ബോധം മനസിലുദയം ചെയ്യാന്‍ വഴി ആരായുകയാണ് വേണ്ടത്…ഏതു മാര്‍ഗ്ഗം അവലംബിക്കുന്നവര്‍ക്കും സത്യം പലതില്ല…അത് ഒന്നെയെന്നുള്ളത് പരമമായ സത്യമാണ്..ധാര്‍മ്മികമൂല്യങ്ങളെ മുറുക്കെപിടിച്ചുകൊണ്ട് അധാര്‍മ്മികക്കെതിരെ പടപൊരുതാനുള്ള മനക്കരുത്ത് ആര്‍ജ്ജിക്കണം…ഈശ്വരകൃപ ആഗ്രഹിച്ചുകൊണ്ട് സംശുദ്ധമായ ജീവിതം നയിക്കാനുള്ള സൌഭാഗ്യസൂനങ്ങള്‍ ഓരോരുത്തരും വിരിയിചെടുക്കണം…

ഈ ഭൂമി മാതാവും നാം മക്കളുമാണ്…ക്ഷേത്രങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ഉള്ളതാണ്…അവര്‍ക്ക് നിത്യവും നേരിടുന്ന ശക്തിക്കുറവുകളെ നികത്താന്‍ ക്ഷേത്രാരാധനകൊണ്ട് സാധിക്കുന്നു…കേരളത്തിലെ ക്ഷേത്രങ്ങള്‍ തന്ത്രമാന്ത്രാധിഷ്ടിതമായ പൂജാസംവിധാനമാണ് സ്വീകരിച്ചിട്ടുള്ളത്…പൂജകള്‍,ഭക്തനുവേണ്ടി മാത്രമാണ് ചെയ്യുന്നത്..ഭക്തന് സമയവും പരിശീലനവും ഇല്ലാത്തതിനാല്‍ ഒരാളെ ചുമതലപ്പെടുത്തുന്നു…

ഭാരതക്ഷേത്രത്തെ അതേപടി കേരളത്തില്‍ പകര്‍ത്തി അഞ്ജാനത്തെ മഴുകൊണ്ട് നീക്കി ജ്ഞാനോദയം വരുത്തിയ പരശുരാമനത്രേ കേരളത്തില്‍ താന്ത്രിക സമ്പ്രദായം നടപ്പിലാക്കിയത്…ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ പൂജാ സമ്പ്രദായം ഏകതാനമായിരിക്കുന്നതും കേരളത്തിന്റെ പ്രത്യേകതായിലോന്നാണ് ..

ഈ ജീവിതത്തില്‍ നമ്മള്‍ക്ക് സ്വന്തമായിട്ടുള്ളത് നമ്മള്‍ ഉണ്ടാക്കിയ നമ്മുടെ അഹങ്കാരമാണ്…അതിനെയാണ് ഈ ജീവിതം കൊണ്ട് ഇല്ലായ്മ ചെയ്യേണ്ടത്…നമ്മുടെ ജീവിതത്തിലെ മറ്റെന്തിനും നമ്മള്‍ പലരോടും കടപ്പെട്ടിരിക്കുന്നു…സ്വന്തം ശരീരംപോലും..പഞ്ചഭൂതങ്ങളോട് കടപ്പെട്ടിരിക്കുന്നു…

അഹങ്കാരത്തെ ‘ ഞാന്‍ ‘ എന്ന ഭാവത്തെ ,ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിക്കുന്നതിലൂടെ ജീവിതം കൂടുതല്‍ ആസ്വാദ്യമായി മാറുകയാണ്…ഈ പ്രപഞ്ചത്തിലെ ഓരോ ജീവകണവും നമ്മുക്ക് വേണ്ട സൌകര്യങ്ങള്‍ ഒരുക്കികൊണ്ട് നമുക്കുചുറ്റും നിലകൊള്ളുമ്പോള്‍ നാം അവയെ ഉള്‍ക്കൊള്ളാതെ പോകുന്നുവെങ്കില്‍ അതിനു കാരണം ,നമ്മുടെ സ്വാര്‍ത്ഥത മാത്രമാണ്..ഈ പ്രപഞ്ചത്തിന്റെ താളാത്മകതക്ക് അനുസ്യൂതമായി ഒഴുകുവാന്‍ തടസ്സമുള്ളത് നമ്മുടെ അഹങ്കാരം മാത്രമാണ്..സോര്ര്യോടയത്തോടെ ഇരുളോഴിയുന്നപോലെ സര്‍വ്വതിനെയും ഉള്‍ക്കൊള്ളാനാവുംവിധം ബോധം സംഭവിക്കുമ്പോള്‍ അഹങ്കാരത്തിനിവിടെ സ്ഥാനമുണ്ടാകില്ല…ജീവിതം പ്രകാശപൂരിതമാകും…അഹങ്കാരം ഒഴിഞ്ഞ അന്തരംഗം സ്നേഹസാന്ദ്രമാണ്…അവിടെ ജീവിതം മടുപ്പുളവാക്കുന്ന ഒന്നല്ല.. സ്നേഹമയമാണ്…അതിനാല്‍ അഹങ്കാരത്തെ നശിപ്പിക്കണം…അതിലൂടെ നമ്മള്‍ പുതിയ ലോകത്തെ വരവേല്‍ക്കുന്ന സ്നേഹത്തിലധിഷ്ടിതമായ ഒരു നവലോക ദര്‍ശനമാണത്‌ ..

മനനംകൊണ്ട് നമ്മെ രക്ഷിക്കുന്നതെന്തോ അതാണ്‌ മന്ത്രങ്ങള്‍ …ദേവീദേവന്മാരെ പ്രീതിപ്പെടുത്താന്‍ നിരവധി മന്ത്രങ്ങളുണ്ട്..അവയില്‍ ചിലത് നാം ഉപയോഗിക്കാറുണ്ട്..ഗുണങ്ങള്‍ അറിയാത്തതോ തെറ്റായതോ ജപിക്കുന്നത് ദോഷങ്ങള്‍ വരുത്തുവാന്‍ ഇടയാകും…അതിനാല്‍ ശരിയായ മന്ത്രങ്ങള്‍ ഉച്ചരിക്കുന്നതാണ് ഉത്തമം..ഗൃഹസ്ഥാശ്രമികള്‍ക്കും കുട്ടികള്‍ക്കും ഭാര്യമാര്‍ക്കും എന്നുവേണ്ട എല്ലാവര്ക്കും മന്ത്രോച്ചാരണം നടത്താം..ദിവ്യശക്തിയുള്ള അക്ഷരങ്ങളോ ,അക്ഷരങ്ങളുടെ കൂട്ടങ്ങലോ ആണ് മന്ത്രങ്ങള്‍…

മന്ത്രജപം നടത്തുമ്പോള്‍ മനസ്സും ശരീരവും ഒന്നുപോലെ ശുദ്ധമായിരിക്കണം …നാം ജപിക്കുന്ന മന്ത്രങ്ങള്‍ വെറും അക്ഷരങ്ങളല്ല…അവ ഭഗവത് ശക്തി വര്‍ദ്ധിപ്പിക്കുന്ന ഔഷധമാണ്…അതിനാല്‍ വളരെ കൃത്യമായും ശരിയായ ഉച്ചാരണത്തിലും തന്നെ മന്ത്രങ്ങള്‍ ജപിക്കണം…പൂര്‍ണ്ണവിശ്വാസമുള്ള ആര്‍ക്കും മന്ത്രോപാസന നടത്താവുന്നതാണ്…മന്ത്രജപത്തിനു മന്ത്രം തെരഞ്ഞെടുക്കുമ്പോള്‍ ഇഷ്ടദേവതാ മന്ത്രം ജപിക്കുന്നതാണ് ഉത്തമം…

ഈശ്വരവിശ്വാസം ,സ്നേഹം ,ക്ഷമ ,ഉത്തമാസ്വഭാവം ,സമാധാനം ,നിശ്ചയദാര്‍ഡ്യം ,സമയം ,കൃത്യസംഖ്യ (108 ,1008 ) ,നിരാഹാരം എന്നീ ഗുണങ്ങള്‍ മന്ത്രോച്ചാരണവേളയില്‍ നാം പാലിക്കേണ്ടതാണ് …ഒരിക്കലും മന്ത്രങ്ങള്‍ മാറി മാറി ഉച്ചരിക്കരുത്…വിശ്വാസത്തില്‍ എടുക്കുന്ന മന്ത്രംതന്നെ നിത്യവും ജപിക്കുന്നതാണ് ഉത്തമം…

ആധ്യാത്മികാവബോധം ,ഉള്‍ക്കൊണ്ടു ജീവിക്കുവാന്‍ ,സ്വാര്‍ത്ഥരഹിതമായ ,സേവനനിരതമായ ഒരു ജീവിതം നയിക്കുവാന്‍ തയ്യാറായാല്‍ മാത്രം മതി…അതിനുവേണ്ടി നമുക്ക് ആചാര്യന്മാരുടെ വാക്കുകള്‍ മനന വിഷയമാക്കാം.

ഹനുമാന്റെ ജനനം

ഗണപതിയുടെ ജനനശേഷം കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഉമാമഹേശ്വരന്മാര്‍ വാനരരൂപികളായി വനത്തില്‍ പ്രവേശിച്ചു. അവര്‍ ആനന്ദത്തോടെ വൃക്ഷശിഖരങ്ങള്‍ ചാടിക്കടന്നും പഴുത്ത കായ്കനികള്‍ ഭക്ഷിച്ചും കാട്ടരുവിയിലെ ജലം കുടിച്ചും ക്രീഡിച്ചും നാളുകള്‍ ചെലവഴിച്ചു. കുറേനാളുകള്‍ക്കുശേഷം വാനരരൂപിയായ ഗൗരി ഗര്‍ഭിണിയായി.
എന്നാല്‍ താന്‍ ഗര്‍ഭവതിയാണെന്ന വിവരം പാര്‍വ്വതിയെ സന്തോഷിപ്പിച്ചില്ല. വാനരാവസ്ഥയില്‍ ഗര്‍ഭം ധരിച്ചതിനാല്‍ തന്റെ ശിശു വാനരന്‍ ആയിരിക്കുമെന്നതിനാലാണ് ദേവിയ്ക്ക് സന്തോഷം തോന്നാത്തത്. സര്‍വലോകസുന്ദരിയും ഐശ്വര്യദായിനിയുമായ പാര്‍വ്വതി ഒരു കുരങ്ങന്റെ മാതാവാകാന്‍ ആഗ്രഹിച്ചില്ല.

ദേവിയുടെ അപ്രസന്നഭാവത്തില്‍ നിന്നും ശിവശങ്കരന്‍ കാര്യങ്ങള്‍ ഗ്രഹിച്ചു. ഭഗവാന്‍ തന്റെ യോഗശക്തിയാല്‍ പാര്‍വ്വതിയുടെ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തു. അനന്തരം ദേവന്‍ വായു ഭഗവാനോട് കല്പിച്ചു. അല്ലയോ വായുദേവാ. എന്റെയും ഗൗരിയുടെയും വീര്യമാണ് ഈ ഗര്‍ഭസ്ഥശിശു. ഇവന്റെ മാതൃപദം അലങ്കരിക്കാന്‍ ദേവി താല്പര്യപ്പെടുന്നില്ല. ഇവനെ സംരക്ഷിക്കുവാന്‍ ഞാനങ്ങയോട് ആവശ്യപ്പെടുന്നു.

‘ദേവാ. ഇത് അവിടുന്ന് എനിക്ക് നല്‍കിയ കല്പനയല്ല. അനുഗ്രഹം തന്നെയാണ്. മഹാശ്രേഷ്ഠനായ ശിവശങ്കരന്റെയും ദേവി ഉമയുടെയും ശിശുവിനെ സംരക്ഷിക്കുവാന്‍ കഴിയുന്നതില്‍പ്പരം മറ്റെന്ത് ഭാഗ്യമാണ് എനിക്ക് വേണ്ടത്.? ആനന്ദത്താല്‍ മതി മറന്ന വായുഭഗവാന്‍ ഇങ്ങനെ പറഞ്ഞുകൊണ്ട് പാര്‍വ്വതിയുടെ ഗര്‍ഭസ്ഥ ശിശുവിനെ ഏറ്റുവാങ്ങി.
വായുഭഗവാന്‍ ആ ഗര്‍ഭസ്ഥ ശിശുവിനെ മാറോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് ത്രിലോകങ്ങളിലും സഞ്ചരിച്ചു. കാലം കടന്നുപോയി. ഗര്‍ഭം പരിപക്വമായിതീര്‍ന്നു. അപ്പോള്‍ വായുഭഗവാന് ഒരു സംശയം തോന്നി. ഈ ഗര്‍ഭസ്ഥശിശു ആരിലൂടെ ജനിക്കും?

അക്കാലത്ത് കേസരി എന്ന വാനര രാജന്റെ പത്‌നിയായ അഞ്ജന പുത്രലാഭാര്‍ത്ഥം തപസ്സുചെയ്യുന്ന വിവരം വായു ഭഗവാന്‍ അറിഞ്ഞു. അദ്ദേഹം അഞ്ജനയ്ക്കു മുന്നില്‍ പ്രത്യക്ഷനായി പറഞ്ഞു. ഹേ അഞ്ജനേ, പുത്രലാഭാര്‍ത്ഥം നീ അനുഷ്ഠിക്കുന്ന തപസ്സ് മതിയാക്കൂ. ഊഷരമായ നിന്റെ ഗര്‍ഭപാത്രത്തിനുള്ളില്‍ ഞാനിതാ അതുല്യപ്രഭയുള്ള ഒരു ശിശുവിനെ നിക്ഷേപിക്കുന്നു. അവന് വേണ്ടുന്ന പരിചര്യ ചെയ്ത് അവനെ ശുശ്രൂഷിച്ച് നീ വാഴുക.’
അഞ്ജന ആനന്ദസമുദ്രത്തിലാറാടി. അവള്‍ ഇരുകൈകളും കൂപ്പി വായുഭഗവാന് സ്തുതിപറഞ്ഞുകൊണ്ട് ആ ഗര്‍ഭം ഏറ്റുവാങ്ങി. വായുഭഗവാന്‍ അഞ്ജനയെ അനുഗ്രഹിച്ചശേഷം അപ്രത്യക്ഷനായി.
ദിനങ്ങള്‍ കടന്നുപോയി. അഞ്ജന സൂര്യതേജസ്സ്വിയും, ബലവാനുമായ ഒരു പുത്രന് ജന്മം നല്‍കി. അവന്റെ ജന്മത്തില്‍ പ്രപഞ്ചവാസികളെല്ലാം ആഹ്ലാദിച്ചു. വാനരരൂപിയായ ആ ശിശുവിന്റെ തേജസ്സ് ആരുടേയും മനം മയക്കുന്നതായിരുന്നു. അഞ്ജനേയനായ ആ ശിശുവാണ് പില്‍ക്കാലത്ത് ഹനുമാന്‍ എന്ന പേരില്‍ പുരണാപ്രസിദ്ധനായി തീര്‍ന്നത്.

ഗജേന്ദ്രമോക്ഷം…

പുരാണം എന്നാല്‍ നിത്യനൂതനം എന്നാണ്  അര്‍ഥം..കാലം നീങ്ങിയാലും കഥയുടെ ആശയത്തിന്  മാറ്റം വരികയില്ല…കല്ലില്‍ കൊത്തിയെടുത്ത കവിതപോലെയാണ് ഇത്തരം കഥകള്‍ എന്ന്  പറഞ്ഞാല്‍പോലും ഉപമ 
ശരിയാകുകയില്ല…കല്ലുകള്‍ 
തേഞ്ഞുപോകും…ഇല്ലാതാകും…പുരാനകധകളുടെ  ആഴം ഇനിയും മനുഷ്യന്‍ കാണാനിരിക്കുന്നതെയുള്ളൂ…ആധുനിക  സയന്‍സിന്റെ പുരോഗതിക്കനുസരിച്ച് നമുക്ക് ഈ 
കഥകളെ പുനര്‍വിചിന്തനം ചെയ്യാന്‍ കഴിയുന്നു…
പുനര്‍വായനകളിലൂടെയാണ് നാമിത് 
ആസ്വദിക്കുന്നത്…നമ്മുടെ ദൈനംദിന  ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ 
കഥകളില്‍ ഒളിഞ്ഞിരിക്കുന്നത്…അതിനാല്‍ ഇതു  കഥയും ആലോജനാമൃതമായി മാറുന്നു
ഗജേന്ദ്രമോക്ഷം എന്നാ കഥ യഥാര്‍ത്ഥത്തില്‍ ഒരു  ആനകഥയല്ല….അത് പച്ചയായ ഒരു മനുഷ്യന്റെ  കഥയാണ്‌…ലളിതമായി പറഞ്ഞാല്‍ നമ്മുടെ തന്നെ കഥയാണ്‌..ഇന്ദ്രദ്യുമ്നന്‍ എന്ന ഒരു രാജാവാണ്‌  കഥയിലെ നായകന്‍ …അദേഹം ഒരിടത്ത് 
ധ്യാനനിരതനായ് ഇരിക്കുന്നു…ഈ 
അവസരത്തിലാണ് അഗസ്ത്യമുനി 
അവിടെക്കുവരുന്നത്‌…മുനിയെ കണ്ടില്ല  എന്നതിനാല്‍ ആദരസൂചകമായി രാജാവ് ഒന്നും 
തന്നെ ചെയ്തില്ല….ഇതു അഗസ്ത്യനെ  ക്ഷുഭിതനാക്കി…നീ ഒരു ആനയായി ഏറെക്കാലം 
ജീവിക്കുകയെന്നു ശപിക്കുകയും 
ചെയ്തു…ശാപമോക്ഷമെന്നോണം 
അഗസ്ത്യമഹര്‍ഷി പിന്നീട് അരുളി 
ചെയ്തു,വിഷ്ണുവിനെ ധ്യാനിച്ച്‌ പിന്നീട്  മോക്ഷപ്രാപ്തിയിലേക്ക് ഉയരും എന്നതിനാല്‍  അനുഭവിക്കേണ്ടത് അനുഭവിച്ചു തീര്‍ക്കുക….
സ്വന്തം മാനസിക മണ്ഡലത്തില്‍ നാമെല്ലാം രാജാക്കന്മാരാണ്‌…നമ്മുടെലോകത്ത് നാം യഥേഷ്ടം  വിഹരിക്കുന്നു…മഹാന്മാരായ വ്യക്തികളെ നമുക്ക്  തിരിച്ചറിയാന്‍ കഴിയുന്നില്ല…നമ്മുടെ  ധ്യാനരഹസ്യം എന്തുതന്നെയായാലും ഋഷീശ്വരന്മാരെ നമുക്ക് ആദരിക്കാന്‍ കഴിയണം….ഇന്ദ്രദ്യുമ്നന്‍ ഒരു ആനയായി  വനത്തില്‍ വിഹരിക്കാന്‍ തുടങ്ങി…
തന്റേടിയായ ഗജേന്ദ്രന്‍ കാട് കുലുക്കി നടന്നു…ഒരു  ആനയ്ക്ക് ആരെയാണ് ഭയപ്പെടാനുള്ളത്  ..?…സഹായികളായി വേറെയും ആനകള്‍  .അങ്ങനെയിരിക്കെ ഒരിക്കല്‍ തടാകത്തില്‍ വെള്ളം  കുടിക്കാനിറങ്ങി..വെള്ളം കുടിച്ചു  വിനയാന്വിതനായി മടങ്ങിയിരുന്നെങ്കില്‍  ഇങ്ങനെയാകുമായിരുന്നില്ല…ഗജേന്ദ്രന്‍ കാല്‍  വെള്ളത്തിലിട്ടു വെള്ളം കലക്കി…ഈ അവസരത്തിലാണ് ഒരു മുതല കാലില്‍ കടിക്കുന്നത്..തുടക്കത്തില്‍ എത്രയോ നിസ്സാരമായി  ഒരു കാര്യമായിട്ടാണ് ഗജെന്ദ്രന് തോന്നിയത്  .ഗജെന്ദ്രനായ തന്റെ മുമ്പില്‍ ഒരു മുതലയ്ക്ക് എന്ത് 
പ്രസക്തിയാനുള്ളത് …തനിക്കുവേണ്ടി ജീവന്‍  ബലിയര്‍പ്പിക്കാന്‍ വേറെയും 
ഗജെന്ദ്രന്മാരുണ്ട്….മുതലയോടുള്ള പരിഹാസം  മനസ്സിലുറപ്പിച്ചു കാല്‍ വലിച്ചു…അതോടെ  മുതലയുടെ പല്ലുകള്‍ കാലില്‍ കോര്‍ത്തു…ഗജ്ന്ദ്രന്‍  ക്ഷീണിതനാകുകയാണ് ..മുതല ഗജേന്ദ്രനെ  വെള്ളത്തിലേക്ക്‌ വലിച്ചുകൊണ്ടുപോകുന്നു…ഈ
അവസരത്തില്‍ സംഘതില്പെട്ട എല്ലാ ആനകളും  ഗജേന്ദ്രനെ സഹായിച്ചുവെങ്കിലും അതൊക്കെ 
നിഷ്പ്രഭമായി..ആപതുവരുന്നത്‌ 
അപ്രതീക്ഷമായിട്ടാണ്…
നിസ്സാരമെന്നു കരുതുന്ന ഒരു തീപ്പൊരിയാണ് ഒരു 
അഗ്നിയായി മാറുന്നത്…കുറച്ചു നേരം  കഴിഞ്ഞപ്പോള്‍ സഹായികള്‍ സ്ഥലം 
വിട്ടു…ഗജേന്ദ്രന്‍ ഒറ്റക്കായി…ജീവന്മരണപോരാട്ടം..അതോടെ അഹങ്കാരം നശിച്ചു..ഒരു 
താമരയെടുത്തു മഹാവിഷ്ണുവിനെ പ്രാര്‍ഥിച്ചു  അര്‍ച്ചനചെയ്തു..വിഷ്ണു പ്രത്യക്ഷപ്പെടുകയും  മുതലയില്‍ നിന്നും രക്ഷപ്പെടുത്തുകയും  ചെയ്തു…കൂട്ടത്തില്‍ മുതലയ്ക്കും കിട്ടി  ശാപമോക്ഷം…വളരെ വലിയ ഒരു സന്ദേശമാണ് ഈ കഥ  മാനവരാശിക്ക് നല്‍കുന്നത്…തങ്ങള്‍ എത്ര ശക്തര്‍  എന്ന് വ്യക്തികളും സമൂഹവും അഹങ്കരിച്ചുകൊണ്ടിരിക്കുന്നു..തനിക്കു  ഒരിക്കലും ആപത്തു വരില്ലന്നും വരുകയാണെങ്കില്‍  എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നും  കരുതുന്നു…പതനങ്ങളില്‍ നിന്നും കരകയറാന്‍  കഴിയാതെ വരുമ്പോളാണ് നാം ദൈവത്തെ 
വിളിക്കുന്നത്‌….സുദര്‍ശനചക്രം നമ്മെ  സഹായിക്കുന്നു…നല്ല ദര്‍ശനങ്ങള്‍ എന്നാണ്  സുദര്‍ശനം എന്നതുകൊണ്ട്‌ ഉദേശിക്കുന്നത്  ആപതുവരുമ്പോള്‍ ഋഷിവചനങ്ങളാകുന്ന  സുദര്‍ശനം നമ്മെ സഹായിക്കുന്നു…താമര നല്ലൊരു പ്രതീകമാണ് …ചേറില്‍ നിന്നും  വെള്ളത്തിലേക്ക് വെള്ളത്തിന്റെ  ഉയര്‍ച്ചതാഴ്ചക്കനുസരിച്ച് താമര 
സ്ഥിരപ്രജഞഭാവത്തില്‍ നിലകൊള്ളുന്നു..താമര 
വായുവിലേക്കും അഗ്നിയിലേക്കും തുടര്‍ന്ന്  ആകാശത്തിലേക്കും നീങ്ങുന്നു…ഭൂമിയില്‍നിന്നും 
ആകാശത്തിലെത്തുകയെന്ന കര്‍മ്മം 
പ്രതീകാത്മകമായി താമര നിര്‍വ്വഹിക്കുന്നു…ഗജേന്ദ്രന്‍ ആ താമര തുമ്പികൈകൊണ്ടു എടുത്തശേഷം  വിഷ്ണുവിനെ ധ്യാനിച്ചുകൊണ്ട് മുകളിലെക്കെറിഞ്ഞു…അഹങ്കാരം അസ്തമിക്കുമ്പോള്‍ ആത്മജ്ഞാനം  മുളപൊട്ടുന്നു…അപ്രതീക്ഷമായ വീഴ്ചകള്‍  സല്‍ബുദ്ധി പ്രധാനം ചെയ്യുന്നു…ഞാന്‍ ഒരു  നിസ്സാരനാണ്‌ എന്ന് ആ നിമിഷങ്ങളില്‍ മനസിലാക്കുകയും ചെയ്യുന്നു…ഗജേന്ദ്രമോക്ഷം 
കഥ ആവര്‍ത്തിച്ചു വായിക്കുമ്പോള്‍ തീര്‍ച്ചയായും  അതിന്റേതായ പരിവര്‍ത്തനം നമ്മുടെ മനസ്സില്‍  ഉണ്ടാകും…വീഴ്ചകള്‍ക്ക് മുന്‍പുതന്നെ  ഗുണപാടങ്ങള്‍ മനസ്സിലാക്കുന്നവര്‍  ഭാഗ്യവാന്മാരാണ് …അതിനായി ഗജേന്ദ്രമോക്ഷം കഥ  സൂക്ഷമത്തില്‍ പഠിച്ചശേഷം അതിന്റെ ആശയത്തെ 
ചിന്തയുടെ ആഴങ്ങളിലേക്ക്  കൂട്ടികൊണ്ടുപോവുക.. 

ശ്രീഭഗവതി പൂജ

കര്‍ക്കിടകം ഒന്നു മുതല്‍ ശീവോതിക്കു വയ്‌ക്കല്‍ എന്നറിയപ്പെടുന്ന ശ്രീഭഗവതി പൂജ വീടുകളില്‍ തുടങ്ങും. ദശപുഷ്‌പങ്ങളും തുളസിയും വച്ച്‌ ഭഗവതിയെ വാല്‍ക്കണ്ണാടിയില്‍ സങ്കല്‍പ്പിച്ച്‌ പൂജ നടത്തും. കണ്‍മഷി, ചാന്ത്‌, കുങ്കുമം, നെല്ല്‌, അരി, ചന്ദനം, അലക്കിയ വസ്‌ത്രം, വെറ്റില, അടക്ക എന്നിവയും വയ്‌ക്കും. ശ്രീഭഗവതിപൂജ സ്‌ത്രീകളുടെ അവകാശമാണ്‌. സ്‌ത്രീകള്‍ മുക്കുറ്റിച്ചാന്ത്‌ അണിയും. കര്‍ക്കിടകത്തിലെ മുപ്പെട്ട്‌ വെള്ളിയാഴ്‌ച പത്തില ഉപ്പേരി കഴിക്കുന്ന ആചാരമുണ്ട്‌. താള്‌, തകര, ചേമ്പ്‌, ചേന, ചീര, പയര്‍, നെയ്യുണ്ണി, പുല്ല്‌, മത്തന്‍, കുമ്പളം, കരിക്കൊടി അല്ലെങ്കില്‍ തഴുതാമ എന്നീ പത്തിലകള്‍ കൊണ്ടുണ്ടാക്കുന്ന ഉപ്പേരി പേരു പറയാതെ കഴിക്കണമെന്നാണു ചൊല്ല്‌. ഹൈന്ദവ സ്‌ത്രീകള്‍ കയ്യില്‍ മൈലാഞ്ചി അണിയുന്ന ദിവസവും കൂടിയാണ്‌ കര്‍ക്കിടകത്തിലെ ആദ്യത്തെ വെള്ളിയാഴ്‌ച

വിഗ്രഹങ്ങള്‍ – തരംതിരിവ്

ക്ഷേത്ര ബിംബങ്ങൾ പൊതുവേ ചരം (ചലം) അചരം (അചലം) എന്നിങ്ങനെ രണ്ടു തരമുണ്ട്. ചലിക്കുന്ന പ്രതിഷ്ഠകളാണ് ചരം. നാഗർക്കും കാളിക്കും ചരങ്ങളാവാം. കാളിയുടെ സങ്കല്പത്തിൽ ചരപ്രതിഷ്ഠയായി മുടി അഥവാ കിരീടം വച്ച്ച് ആരാധിക്കുന്നുണ്ട്. മുടിയില്ലെങ്കിൽ വെറും പീഠമോ, പീഠവും വാളോ ത്രിശൂലമോ ചേർന്നും ദേവീ സങ്കല്പമായി ഭവിക്കും. അപൂർവ്വം ചില സന്ദർഭങ്ങളിൽ പട്ട് അർദ്ധവൃത്താകൃതിയിൽ ഞ്ഞൊറിഞ്ഞുവച്ചും ദേവിയെ സങ്കല്പിക്കാറുണ്ട്. വാൽക്കണ്ണാടിയിലും ദേവിസങ്കല്പമാകാം. എന്നാൽ ഭഗവതിക്ക് സ്ഥിര പ്രതിഷ്ഠയാണ്. വിഷ്ണു, ശിവൻ, മുരുകൻ അയ്യപ്പൻ എന്നീ ദൈവങ്ങൾക്ക് സ്ഥിര പ്രതിഷ്ഠയേ ആകാവൂ.
വിഗ്രഹത്തിൽ ഈശ്വര ചൈതന്യം ആരോപിക്കുകയാണ് ചെയുന്നത്. വിഗ്രഹങ്ങൾ എട്ടുതരം ഉണ്ട് എന്നു പറയാം.

“ ശൈലീദാരുമയീലൌഹി
ലേപ്യാലേഖ്യാ ച സൈകതാ
മനോമയീ മണിമയീ

എന്ന ശ്ലോകത്തിൽ നിന്ന് പ്രതിഷ്ഠകൾ എട്ടു തരത്തിൽ ഉണ്ടെന്ന് അനൂമാനിക്കാം
ശൈലി – സാധാരണയായി ക്ഷേത്രങ്ങളിൽ കാണുന്ന ശിലാവിഗ്രഹത്തെയാണ് ‘ശൈലി’ എന്നു പറയുന്നത്. ഗൂരുവായൂരിലെ പ്രതിഷ്ഠ മാർദ്ദവമുള്ള അഞ്ജനാശിലയിൽ ആണ്. കേരളത്തിൽ മറ്റിടാങ്ങളിൽ കൃഷ്ണശിലാ വിഗ്രഹങ്ങൾ കണ്ടു വരുന്നു. സാളഗ്രാമങ്ങൾ കുടശ്ശർക്കരയോഗം എന്ന പശ കൊണ്ട് ചേർത്ത വിഗ്രഹം പത്മനാഭസ്വാമിക്ഷേത്രത്തിൽ ഉണ്ട്. ചോറ്റാനിക്കരദേവിയും മറ്റും വെട്ടുകല്ലിലെ വിഗ്രഹങ്ങളാണ്.
ദാരുമയി- പൊതുവെ മരങ്ങൾ കൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങളെ ദാരുമയി എന്നു പറയുന്നു. ചില ഭദ്രകാളിക്ഷേത്രങ്ങളിൽ തടികൊണ്ട് നിർമ്മിച്ച ‘ചാന്താടികോലം’ ഉണ്ട്. തിരുവനന്തപുരത്തെ മുടിപ്പുരകളിൽ വരിക്കപ്ലാവ് കൊണ്ട് തീർത്ത വിഗ്രഹങ്ങൾ ഉണ്ട്.
ലൌഹി- ലോഹം കൊണ്ട് നിർമ്മിച്ചവയെ ലൌഹി എന്നു പറയപ്പെടുന്നു. പഞ്ചലോഹനിർമ്മിതമായ വിഗ്രഹം ആണു ഗൃഹങ്ങളിൽ സാധാരണയായി പൂജിക്കാറുള്ളത്. ഇവ സ്ഥിരമായി പീഠത്തിൽ ഉറപ്പിക്കാത്തവയാ‍ണ്. തങ്കം , സ്വർണ്ണം, വെള്ളി, ചെമ്പ് എന്നീലോഹങ്ങൾ ആണ് സാധരണയായി ഉപയോഗിക്കാറുള്ളത്.ശബരിമല അയ്യപ്പൻ പഞ്ചലോഹനിർമ്മിതമാണ്.
ലേപ്യ-ദിവ്യൌഷദങ്ങൾ, മഞ്ഞൾ, ചാണകം ഇവയിലേതെങ്കിലും വിശുദ്ധ വസ്തുക്കൾ ഉരൂട്ടി ഉണ്ടാക്കുന്ന വിഗ്രഹങ്ങൾ. പഴനിയിലെ മാത്രശിലാ വിഗ്രഹം ഉദാഹരണം. പടുക്കയിൽ ചാണകം ഉരുട്ടി ഗണപതിക്ക് വക്കുന്നതും ഇതിന് ഉദാഹരണമാണ്.
ലേഖ്യ-ലേഖനം ചെയ്തവ. പൊതുവെ ചിത്രങ്ങളെല്ലാം ലേഖ്യ എന്നറിയപ്പെടുന്നു. ചുമർ ചിത്രങ്ങൾ, മറ്റ് കടലാസ് , തുണി ചിത്രങ്ങൾ ഇവയിൽ പ്പെടുന്നു. നിലത്ത് വരക്കുന്ന കളങ്ങളും ഇതില്പെടുത്താം.
സൈകതം- മണൽ കൊണ്ട് സൃഷ്ടിക്കുന്നവയാണ് സൈകതം. ഗോപിമാർ യമുനാനദിതീരത്ത് പാർവ്വതി(ദുർഗ)യുടെ മണൽ വിഗ്രഹം വച്ചു പൂജിച്ചതായി ഭാഗവതം പറയുന്നു. അർജ്ജുനൻ മണ്ണുകൊണ്ട് ശിവലിംഗം ഉണ്ടാക്കി എന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്(വേട്ടക്കൊരുമകൻ). യക്ഷിയുടേ ഉരൌവം വയ്പായി മണ്ണിൽ തീർത്ത വിഗ്രഹങ്ങൾ തിരുവനന്തപുരം ജില്ലയിൽ പ്രസിദ്ധമാണ്.
മണിമയി- വിലകൂടിയ കല്ലൂകൾ ആണ് മണിമയി.
മനോമയി- മേൽ പറഞ്ഞവക്കു പുറമേ മനസ്സിന്റെ സങ്കല്പം കൊണ്ട് മാത്രം സൃഷ്ടിക്കുന്ന
ഭാവനാവിഗ്രഹമാണ് മനോമയി.

നാലമ്പല ദര്‍ശനപുണ്യംതേടി

കേരളത്തിലെ 4 ജില്ലകളിൽ നാലമ്പല ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട് . തൃശൂർ , കോട്ടയം , മലപ്പുറം എന്നീ ജില്ലകളാണവ. ത്രേയായുഗത്തിലെ വൈഷ്ണവ അവതാരങ്ങളായ ശ്രീരാമ ലക്ഷമണ ഭരത-ശത്രുഘ്‌നന്‍മാര്‍ കുടിയിരിക്കുന്ന നാലു ക്ഷേത്രങ്ങള്‍ നാലമ്പലം എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു. കലിയുഗത്തില്‍ മോക്ഷപ്രാപ്തിക്കുള്ള ഏക മാര്‍ഗം ഭഗവത് ദര്‍ശനം മാത്രമാണ്. രാമായണ കഥ കേട്ടുണരുന്ന കര്‍ക്കിടകമാസത്തിന്റെ പുണ്യനാളുകളില്‍ ശ്രീരാമ-ലക്ഷ്മണ- ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഓരേ ദിവസം ദര്‍ശനം നടത്തുന്ന പൂര്‍വീകാചാരമാണ് നാലമ്പല ദര്‍ശനം എന്ന പേരീല്‍ പ്രശസ്തമായിട്ടുള്ളത്. നാലമ്പലം ദര്‍ശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുമ്പ് പൂര്‍ത്തിയാക്കുന്നത് ഏറ്റവും ഉത്തമമാണ് . രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമായാണു നാലമ്പല ദര്‍ശനത്തെ കണക്കാക്കുന്നത്. മനസും ശരീരവും ശുദ്ധീകരിച്ച് പുതുവര്‍ഷത്തെ സമൃദ്ധിയിലേക്ക് വരവേല്‍ക്കാനും കൂടിയാണ് രാമായണമാസത്തില്‍ നാലമ്പല ദര്‍ശം നടത്തുന്നത്.

A . തൃശ്ശൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍

ദ്വാരകാപതിയായ ഭഗവാന്‍ വാസുദേവന്‍ ആരാധിച്ചിരുന്ന നാല് അഞ്ജനവിഗ്രഹങ്ങള്‍ ദ്വാപരയുഗാവസാനം ശ്രീകൃഷ്ണഭഗവാന്റെ സ്വര്‍ഗ്ഗാരോഹണത്തോടെ കടലെടുത്തെന്നും പിന്നീട് എന്നോ ഒരു ദിവസം കടലില്‍ മീന്‍ പിടിക്കുവാന്‍പോയ മുക്കുവന്മാര്‍ക്ക് ഈ വിഗ്രഹങ്ങള്‍ കിട്ടിയെന്നും അവര്‍ ആ വിഗ്രഹങ്ങള്‍ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന വാക്കെയില്‍ കയ്മള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നുമാണ് ഐതിഹ്യം. ദേവപ്രശ്‌നവിധിപ്രകാരം വിഗ്രഹങ്ങള്‍ ശ്രീരാമലക്ഷ്മണ ഭരതശത്രുഘ്‌നന്മാരുടെതാണെന്നു കണ്ടെത്തി. പിന്നീട് രാമവിഗ്രഹം തൃപ്രയാറിലും, ഭരതവിഗ്രഹം ഇരിങ്ങാലക്കുടയിലും, ലക്ഷ്മണവിഗ്രഹം മൂഴിക്കുളത്തും, ശത്രുഘ്‌നവിഗ്രഹം പായമ്മലും പ്രതിഷ്ഠിച്ചുവെന്നതാണ് ഐതിഹ്യം.

(1) തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം

മഹാക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഗുരുവായൂരിനും കൊടുങ്ങല്ലൂരിനും മദ്ധ്യേയുള്ള തൃപ്രയാറില്‍, തീവ്രാനദിയുടെ പടിഞ്ഞാറേക്കരയില്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പ്രശാന്തസുന്ദരമായ സ്ഥലത്താണ് ശ്രീരാമസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീഭൂമീസമേതനായ ശ്രീരാമവിഗ്രഹപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ശംഖ്, ചക്രം, കോദണ്ഡം, അക്ഷമാല എന്നിവ ധരിച്ച് നാലുകൈകളോടുകൂടിയ വിഗ്രഹത്തില്‍ ശ്രീയും ഭൂമിയും ഇരുപാര്‍ശ്വങ്ങളില്‍ നിന്ന് ഭഗവാനെ അര്‍ച്ചിക്കുന്നതായി കാണുന്നു. ശൈവ-വൈഷ്ണവതേജസ്സുകള്‍ ശ്രീരാമചന്ദ്രനില്‍ ഖരാവധാവസരത്തിലാണ് ഒന്നിച്ചു പ്രതിബിംബിച്ചതെന്നും അതുകൊണ്ട് ഖരവധോദ്യുക്തനായ ശ്രീരാമനായിട്ടാണ് തൃപ്രയാറ്റു തേവര്‍ വര്‍ത്തിക്കുന്നതെന്നും വിശ്വസിക്കുന്നു.

( 2 ) ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം

തൃശ്ശിവപേരൂരിന് തെക്കുമാറി ചാലക്കുടി, കുറുമാലി പുഴകള്‍ക്കു മദ്ധ്യേ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് ഇരിങ്ങാലക്കുട. ഭരതന്‍ ശ്രീരാമന്റെ പാദുകങ്ങള്‍ ഭക്തിപുരസ്സരം സൂക്ഷിച്ച് പൂജിച്ചിരുന്ന ‘നന്ദിഗ്രാമം’ ഇരിങ്ങാലക്കുടയാണെന്നു പറയുന്നു. പണ്ട് കുലീപിനി മഹര്‍ഷി യാഗം ചെയ്തിരുന്ന സ്ഥലവും ഇവിടെയായിരുന്നുവത്രെ. അതുകൊണ്ടാണ് ഇവിടുത്തെ തീര്‍ത്ഥക്കുളത്തിന് “കുലീപിനി തീര്‍ത്ഥമെന്ന് പേരുവന്നതെന്നു വിശ്വസിക്കപ്പെടുന്നു. അതിലിന്നും ഗംഗാസാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. തീര്‍ത്ഥത്തിലെ ജലത്തിലെ ഔഷധമൂല്യംതന്നെ അതിനു തെളിവാണെന്നു പറയപ്പെടുന്നു. തീര്‍ത്ഥക്കുളത്തിന്റെ മറ്റൊരു പ്രത്യേകത, മത്സ്യമൊഴികെ സാധാരണ ജലാശയങ്ങളില്‍ കാണാറുള്ള പാമ്പ്, തവള തുടങ്ങിയ ജലജന്തുക്കളൊന്നും അതില്‍ കാണപ്പെടുന്നില്ലെന്നുള്ളതാണ്. ഭാരതത്തിലെ അപൂര്‍വ്വം ഭരതക്ഷേത്രങ്ങളില്‍ ഒന്നായ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തി മഹാവിഷ്ണുവിന്റെ അംശാവതാരവും, വനവാസം കഴിഞ്ഞ് ശ്രീരാമന്‍ വരുന്നതും കാത്ത് കഴിയുന്ന ഭരതനാണ്. ശ്രീരാമന്‍ അയോദ്ധ്യയുടെ പരിസരത്തിലെത്തിക്കഴിഞ്ഞതായി ഹനുമാനില്‍നിന്നറിഞ്ഞ പ്രസന്നഭാവത്തിലാണ് ഇരിപ്പ്.

( 3 ) തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം

തൃശ്ശിവപേരൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന മാളയില്‍നിന്നും ആലുവയിലേക്കുള്ള വഴിയില്‍, എറണാകുളം ജില്ലയുടെ വടക്കേയറ്റത്താണ് പ്രസിദ്ധ ലക്ഷ്മണക്ഷേത്രമായ തിരുമൂഴിക്കുളം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. “സര്‍പ്പം ജ്ഞാതം സൗമിത്രം” എന്നാണ് പ്രതിഷ്ഠാസങ്കല്പം. മഹാവിഷ്ണുവിന്റെ ശയ്യയായ ആദിശേഷന്റെ അവതാരമായാണ് ലക്ഷ്മണന്‍ കരുതിപ്പോരുന്നത്. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട വൈഷ്ണവ ക്ഷേത്രമാണ് തിരുമൂഴിക്കുളമെന്ന് അനുമാനിക്കുന്നു. നാഗരാജാവായ അനന്തലക്ഷ്മണന്റെ ക്ഷേത്രത്താല്‍ അനുഗൃഹീതമായ മൂഴിക്കുളത്തിലോ സമീപപ്രദേശങ്ങളിലോ സര്‍പ്പദംശനമേറ്റ് അകാലമരണമുണ്ടായിട്ടുള്ളതായി കേട്ടുകേള്‍വിപോലുമില്ലെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്.

( 4 ) പായമ്മല്‍ ശ്രീ ശത്രുഘ്‌നക്ഷേത്രം

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഈ ക്ഷേത്രം ആക്രമണത്തിന് ഇരയായെന്നു കരുതപ്പെടുന്നു. ക്ഷേത്രത്തിന്റെ അധഃപതനത്തില്‍ ദുഃഖാകുലരായ സമീപവാസികളായ ഭക്തജനങ്ങള്‍ കാലക്രമത്തില്‍ സംഘടിച്ച് ക്ഷേത്രേശസമ്മതത്തോടുകൂടി ശത്രുഘ്‌നസേവാസമിതി രൂപീകരിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ക്ഷേത്രാധികാരികളുടെയും ഭക്തജനങ്ങളുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ക്ഷേത്രത്തിന് നഷ്ടമായികൊണ്ടിരിക്കുന്ന ദൈവീക ചൈതന്യത്തെ പുനഃസ്ഥാപിക്കുവാന്‍ സാധിച്ചു. ലവണാസുരവധത്തിന് ഉദ്യുക്തനായ ശത്രുഘ്‌നനാണ് ഇവിടത്തെ പ്രതിഷ്ഠ. ദാശരഥികളില്‍ കനിഷ്ഠപുത്രനായ ശത്രുഘ്‌നന്‍ മഹാവിഷ്ണുവിന്റെ സുദര്‍ശനചക്രത്തിന്റെ അവതാരമാണെന്നാണ് വിശ്വാസം. രാമനും ഭരതനും ലക്ഷ്മണനും ശത്രുഘ്‌നനും ഒരേ ചുറ്റുവട്ടത്തില്‍ കുടികൊള്ളുമ്പോള്‍ അവര്‍ക്കേറ്റവും പ്രിയപ്പെട്ട ഹനുമാനെങ്ങനെ അകന്നുനില്‍ക്കാനൊക്കും! അങ്ങനെ ഇരിങ്ങാലക്കുടയുടെ തൊട്ടു തെക്കുഭാഗത്തു തൃശ്ശൂര്‍ – കൊടുങ്ങല്ലൂര്‍ രാജപാതയുടെ കിഴക്കരുകിലാണ് പ്രസിദ്ധമായ നടവരമ്പ് ഹനുമാന്‍ കോവില്‍. നാലമ്പലം തീര്‍ത്ഥാടനത്തിന് ശ്രീരാമദാസനായ ഹനുമത്‌സ്വാമിദര്‍ശനത്തോടെയാണ് പരിസമാപ്തി കുറിക്കുന്നത്.

B. കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍

( 1 ) രാമപുരം ശ്രീരാമക്ഷേത്രം

വനവാസകാലത്തിനിടയില്‍ ശ്രീരാമചന്ദ്രന്‍ സീതാലക്ഷ്മണന്മാരോടൊന്നിച്ച് ഇന്ന് രാമപുരം എന്നറിയപ്പെടുന്ന ഈ പ്രദേശം സന്ദര്‍ശിച്ചിരുന്നുവത്രേ. സീതാപരിത്യാഗത്തിനുശേഷം അസ്വസ്ഥനായ ശ്രീരാമചന്ദ്രന്‍ മനഃശാന്തി ലഭിക്കാനായി തെരഞ്ഞെടുത്തത് പണ്ട് കാനനവാസത്തിനിടയില്‍ ഒരിക്കല്‍ കടന്നുപോയ ഈ സ്ഥലത്തായിരുന്നു. ശ്രീരാമചന്ദ്രനെ അന്വേഷിച്ചിറങ്ങിയ ഭരത-ലക്ഷ്മണ-ശത്രുഘ്‌നന്മാര്‍ ഈ പ്രദേശത്തിന്റെ പ്രശാന്തതയില്‍ ആകൃഷ്ടരായി. അവരും രാമപുരത്തിനു ചുറ്റും വസിക്കാന്‍ തീരുമാനിച്ചു. ഇങ്ങനെയാണ് ഇന്നത്തെ നാലമ്പലങ്ങളുടെ ആവിര്‍ഭാവമെന്നാണ് ഐതിഹ്യം. വടക്കന്‍ പറവൂരിന്റെ പ്രജകളായിരുന്ന ചില നമ്പൂതിരിമാര്‍ അവിടുത്തെ രാജാവുമായി അഭിപ്രായവ്യത്യാസമുണ്ടായപ്പോള്‍ തങ്ങളുടെ ഉപാസനാമൂര്‍ത്തിയായ ശ്രീരാമവിഗ്രഹവുമായി ആ പ്രദേശത്തുനിന്നും പലായനം ചെയ്തു. അവര്‍ തങ്ങളുടെ ഉപാസനാ മൂര്‍ത്തിയെ പ്രതിഷ്ഠിച്ച സ്ഥലമാണ് പിന്നീട് രാമപുരമായി അറിയപ്പെട്ടതെന്നാണ് സ്ഥലനാമ ചരിത്രം പറയുന്നത്. അതിനുമുമ്പേ ഈ പ്രദേശം കൊണ്ടാട് എന്നാണ് അറിയപ്പെട്ടിരുന്നത്. കൊണ്ടട് എന്നാല്‍ കുന്നുകളോടുകൂടിയ ദിക്കെന്നാണ് അര്‍ത്ഥം. കിഴക്കോട്ട് ദര്‍ശനമായാണ് ഇവിടുത്തെ ശ്രീരാമപ്രതിഷ്ഠ. മീനമാസത്തിലെ തിരുവോണം നാളില്‍ ആറാട്ടോടെയാണ് കൊടിയേറ്റം. എട്ടുനാളുകള്‍ നീണ്ട് നില്‍ക്കുന്നതാണ് ഇവിടുത്തെ ഉത്സവം.

( 2 ) അമനകര ഭരതക്ഷേത്രം

രാമപുരം ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറ്, കൂത്താട്ടുകുളം റൂട്ടില്‍ അമനകരയിലാണ് ഭരതക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുന്നുകളുടെ ഇടയില്‍ താഴ്ന്ന ദിക്കായതുകൊണ്ടാണ് അമനകര എന്ന പേര് ലഭിച്ചതെന്നാണ് ഭൂമിശാസ്ത്രനിഗമനം. ഭരതകരയാണ് അമനകരയായി മാറിയതെന്നാണ് തദ്ദേശവാസികളുടെ വിശ്വാസം.

( 3 ) കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം

രാമപുരത്ത്‌നിന്നും ഉഴവൂരിലേക്കുള്ള മാര്‍ഗ്ഗത്തിലാണ് കുടപ്പുലം സ്ഥിതിചെയ്യുന്നത്. കൂടപ്പുലമെന്നും മൊഴിഭേദമുണ്ട്. കൂടമെന്നാല്‍ കൂടിനില്‍ക്കുന്നത് അല്ലെങ്കില്‍ കുന്നെന്നൊക്കെ പറയാം. പുലമെന്നാല്‍ പുലരുന്നിടവും. ചുരുക്കത്തില്‍ കുന്നിന്‍മുകളിലുള്ള, ജനവാസയോഗ്യമായ പ്രദേശത്തെയാണ് കൂടപ്പുലമെന്ന് വിളിച്ചുപോരുന്നത്. കുടപ്പലത്ത് ‘കൂടെ ഫലമെന്നും’ ചൊല്ലുണ്ട്. രാമനും സീതയും ലക്ഷ്മണനും കാനനവാസകാലത്ത് കൂടിയിരുന്ന മലയാണ് കൂടപ്പലമെന്നും സീതാരാമന്മാര്‍ ലക്ഷ്മണനെ കുടിയിരുത്തി പോയ സ്ഥലമാണിതെന്നും വിശ്വാസമുണ്ട്. ഉഴവൂരില്‍നിന്നും കൂടപ്പുലത്തേക്കു പോകുന്ന വഴിയില്‍ ‘വില്‍ക്കുഴിയുണ്ട്’. രാമലക്ഷ്മണന്മാരുടെ വില്ലുകൊണ്ടുണ്ടായ കുഴിയാണത്രെ ഇത്.

( 4 ) മേതിരി ശത്രുഘ്‌നക്ഷേത്രം

മേല്‍ തിരിവ് എന്ന വാക്ക് ലോപിച്ചുണ്ടായതാണത്രേ മേതിരി. പടിഞ്ഞാറു ഭാഗമെന്നും മേതിരിക്ക് അര്‍ത്ഥമുണ്ട്. മേതിരിയുടെ കിഴക്കായി കിഴുതിരിയുമുണ്ട്. ശാന്തരൂപത്തില്‍ ശത്രുഘ്‌നസ്വാമിയുടെ പ്രതിഷ്ഠയാണിവിടെ. ശത്രുഘ്‌നസ്വാമിയുടെ ക്ഷേത്രത്തിന് വലതുവശത്തായി ശ്രീപോര്‍ക്കിലിയുടെ ക്ഷേത്രവുമുണ്ട്. ശ്രീപോര്‍ക്കിലിയെ ദര്‍ശിക്കുന്നതിനു മുമ്പായി ശത്രുഘ്‌നസ്വാമിയെ ദര്‍ശിക്കണമെന്നാണ് ആചാരം. ശത്രുഘ്‌നക്ഷേത്രത്തിന്റെ കിഴക്കുവശത്താണ് ശ്രീപോര്‍ക്കിലീദേവിയുടെ മൂലസ്ഥാനം. ചതുരാകൃതിയിലുള്ള ശത്രുഘ്‌ന ക്ഷേത്രത്തിന്റെ മേല്‍ക്കൂരവരെ കരിങ്കല്ലിലാണ് നിര്‍മിച്ചിരിക്കുന്നത്.

C. മലപ്പുറം ജില്ലയിലെ നാലമ്പലങ്ങള്‍

( 1 ) രാമപുരം ശ്രീരാമക്ഷേത്രം

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പരദേശി ഊരുചുറ്റി ഒടുവില്‍ രാമപുരത്തു വരികയും വടക്കേടത്ത് മനക്കല്‍ ചെന്ന് സന്ധ്യാവന്ദനവും മറ്റും കഴിച്ച് രാത്രി ഇല്ലത്ത് താമസിക്കുകയും ചെയ്തുവത്രെ. അദ്ദേഹത്തിന്റെ ഭാണ്ഡത്തില്‍ ഒരു സാളഗ്രാമം ഉണ്ടായിരുന്നു. ശ്രീരാമധ്യാനത്തിനായുള്ള സാളഗ്രാമം അടങ്ങുന്ന ഭാണ്ഡം മനക്കലെ നമ്പൂതിരിയെ ഏല്‍പ്പിച്ച് അത് സൂക്ഷിച്ചു വെക്കണമെന്നും പാല്‍ നിവേദിക്കരുതെന്നും പറഞ്ഞു. ബ്രാഹ്മണന്‍ നിത്യകര്‍മ്മങ്ങള്‍ കഴിച്ച് പോകാന്‍ സമയത്ത് ഭാണ്ഡം തിരികെ ചോദിച്ചപ്പോള്‍ അത് വെച്ച സ്ഥലത്ത് നിന്നും എടുക്കുവാന്‍ കഴിഞ്ഞില്ല. ബ്രാഹ്മണന്‍ നമ്പൂതിരിയോട് പറഞ്ഞ കാര്യങ്ങള്‍ അറിയാതെ മനക്കലെ സ്ത്രീകള്‍ സാളഗ്രാമത്തില്‍ പാല്‍ നിവേദിച്ച് പൂജാദികര്‍മ്മങ്ങള്‍ നടത്തിയിരുന്നു. ഇതറിഞ്ഞ ബ്രാഹ്മണന്‍ പരലോകം പ്രാപിച്ചു. അന്ന് രാത്രി ഉറക്കത്തില്‍ ഇല്ലത്തെ നമ്പൂതിരിക്ക് ഒരു ദര്‍ശനം ഉണ്ടായി. ഇപ്പോള്‍ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് ഒരു കറുത്ത പുള്ളിപ്പശു പ്രസവിച്ചുനില്‍ക്കുന്നുണ്ടെന്നും ആ സ്ഥലം വെട്ടിത്തെളിയിച്ച് ഒരു ക്ഷേത്രം നിര്‍മ്മിക്കണമെന്നുമായിരുന്നു സ്വപ്‌നദര്‍ശനം. തുടര്‍ന്ന് പ്രസ്തുത സ്ഥലത്ത് ക്ഷേത്രപ്രതിഷ്ഠ നടന്നുവെന്നാണ് ഐതിഹ്യം. ഇവിടുത്തെ ശ്രീരാമപ്രതിഷ്ഠ രാവിലെ വനവാസത്തിലായ രാമനും വൈകീട്ട് സീതാസമേതനായ രാമനും ആണെന്നാണ് ഐതിഹ്യം. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ഈ ക്ഷേത്രം. ഭരത-ലക്ഷ്മണ-ശത്രുഘ്‌ന ക്ഷേത്രങ്ങള്‍ ശ്രീരാമസ്വാമിക്ഷേത്രത്തിലേക്ക് മുഖമായി സ്ഥിതി ചെയ്യുന്നുവെന്നതാണ് പ്രധാനപ്പെട്ട ഒരു സവിശേഷത.

( 2 ) കരിഞ്ചാപ്പാടി ഭരതക്ഷേത്രം

നാറാണത്ത് ഗ്രാമാതിര്‍ത്തിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി കരിഞ്ചാപ്പാടി എന്നപ്രദേശത്താണ് ഭരതക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചിറയും കാടും കൂടിച്ചേര്‍ന്ന സ്ഥലമായതുകൊണ്ട് ഇവിടം ചെറക്കാട് എന്നും അറിയപ്പെടുന്നു. ചിറക്കാടെന്നും മൊഴിഭേദമുണ്ട്. മറ്റ് മൂന്നു ക്ഷേത്രങ്ങളും പുഴക്കോട്ടിരി പഞ്ചായത്തിലാണെങ്കില്‍ ഈ ക്ഷേത്രം കുറവ പഞ്ചായത്തിലാണ്.

( 3 ) അയോദ്ധ്യാനഗര്‍ ലക്ഷ്മണക്ഷേത്രം

രാമപുരം ക്ഷേത്രത്തില്‍ നിന്നും ഏകദേശം ഒരു കി. മി. അകലെയായി പെരിന്തല്‍മണ്ണയ്ക്കു പോകുന്ന വഴിയില്‍ പനങ്ങാങ്ങര മുപ്പത്തെട്ടു സ്റ്റോപ്പിനടുത്ത്, പടിഞ്ഞാറ് ദര്‍ശനമായി ലക്ഷ്മണക്ഷേത്രം സ്ഥിതിചെയ്യുന്നു. അയോദ്ധ്യാനഗര്‍ എന്ന പേരില്‍ അറിയപ്പെടുന്നു, ഇന്ന് ഈ സ്ഥലം. ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം വിശ്വാമിത്ര മഹര്‍ഷിയുടെ തപോകേന്ദ്രമായിരുന്നു എന്നാണ് വിശ്വാസം. മഹര്‍ഷിയുടെ സങ്കല്‍പ്പത്തിന്റെ സാഫല്യമാണ് രാമപുരത്തെ നാലമ്പലങ്ങളെന്നും തദ്ദേശവാസികള്‍ വിശ്വസിച്ചുപോരുന്നു. ഈ ക്ഷേത്രത്തില്‍ വിശ്വാമിത്രാമഹര്‍ഷിയെ സങ്കല്‍പ്പിച്ച് നിത്യേന രണ്ടുനേരവും വിളക്ക് വെച്ച് പോരുന്നുണ്ട്.

( 4 ) നാറാണത്ത് ശത്രുഘ്‌നക്ഷേത്രം

രാമപുരം ക്ഷേത്രത്തില്‍ നിന്നും പടിഞ്ഞാറോട്ട് മാറി കോഴിക്കോട്ടേയ്ക്ക് പോകുന്ന ദേശീയപാതയില്‍, നാറാണത്ത് സ്റ്റോപ്പില്‍നിന്ന് ഏകദേശം നൂറ് മീറ്റര്‍ അകലെയാണ് ശത്രുഘ്‌നക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുര്‍ബാഹുവായ ശത്രുഘ്‌നനാണ് ഇവിടുത്തെ പ്രതിഷ്ഠ. ശ്രീരാമ ഭരത ലക്ഷ്മണ ക്ഷേത്രങ്ങള്‍ക്ക് വട്ടശ്രീകോവിലാണെങ്കില്‍ ശത്രുഘ്‌ന ക്ഷേത്രത്തിനു മാത്രം ചതുരശ്രീകോവിലാണ്. ലക്ഷ്മണ ക്ഷേത്രത്തിന് സമീപമുളള പനങ്ങാങ്ങര ശിവക്ഷേത്രം ഈ പ്രദേശത്തെ പുരാതന ക്ഷേത്രങ്ങളില്‍ ഒന്നായി കരുതുന്നു. ദുര്‍വാസാവ് മഹര്‍ഷിയുടെ തപോഭൂമിയാണ് ഈ പ്രദേശമെന്നുമുള്ള വിശ്വാസവുമുണ്ട്. ടിപ്പുവിന്റെ പടയോട്ടക്കാലത്തും തുടര്‍ന്നുള്ള ലഹളക്കാലങ്ങളിലും ഈ ക്ഷേത്രങ്ങള്‍ നിരവധി തവണ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. അന്യമതസ്ഥരുടെ ആക്രമണങ്ങളെക്കാളേറെ ഹിന്ദുമതാനുയായികളുടെ അലസതയാണ് ഇവിടുത്തെ നാലമ്പലങ്ങളുടെ ശോചനീയാവസ്ഥയ്ക്ക് പ്രധാന കാരണം. തൃശ്ശൂര്‍ ജില്ലയിലെയും കോട്ടയം ജില്ലയിലെയും നാലമ്പലങ്ങളുമായി താരതമ്യം ചെയ്താല്‍ ശാപമോക്ഷം കാത്തുകിടക്കുകയാണ് മലപ്പുറം ജില്ലയിലെ നാലമ്പലങ്ങള്‍.

D. എറണാകുളം ജില്ലയിലെ നാലമ്പലങ്ങള്‍

( 1 ) മാമലശ്ശേരി ശ്രീരാമക്ഷേത്രം

പിറവം പട്ടണത്തിനും രാമമംഗലത്തിനും മധ്യേയാണ് മാമലശ്ശേരി ശ്രീരാമക്ഷേത്രം. ഇവിടുത്തെ വട്ടശ്രീകോവിലില്‍ ചതുര്‍ബാഹുവായ ശ്രീരാമചന്ദ്രന്‍ കിഴക്കുദര്‍ശനമായാണ് പ്രതിഷ്ഠിതമായിരിക്കുന്നത്. മാരീചനെ വധിച്ചെത്തിയ ശ്രീരാമന്‍ സീതാപഹരണത്തെക്കുറിച്ചറിഞ്ഞ് വിരഹിയായി കഴിയുന്ന ഭാവമാണത്രെ ഇവിടുത്തെ പ്രതിഷ്ഠയ്ക്ക്. രാമബാണമേറ്റ മാരീചനെന്ന മാന്‍ മലര്‍ന്നുവീണ പ്രദേശം മാന്മലചേരിയായും പിന്നീട് മാമലശ്ശേരിയായും അറിയപ്പെട്ടുവെന്നാണ് ഐതീഹ്യം.

( 2 ) മേമ്മുറി ഭരതപ്പിള്ളി ശ്രീഭരതസ്വാമി ക്ഷേത്രം

ശ്രീരാമബാണമേറ്റ മാരീചനെന്ന മാനിന്റെ മേല്‍ഭാഗം തെറിച്ചു വീണിടമാണത്രെ മേമ്മുറിയായത്. ശ്രീരാമസ്വാമി ക്ഷേത്രത്തില്‍നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ വടക്കുകിഴക്കായാണ് ഭരതസ്വാമി ക്ഷേത്രം. ശ്രീരാമചന്ദ്രന്റെ വനവാസ വാര്‍ത്തയറിഞ്ഞ് ദുഃഖിതരായ ഭരത-ശത്രുഘ്‌നന്മാര്‍ അദ്ദേഹത്തെ തിരികെ അയോധ്യയിലേക്ക് കൂട്ടിക്കൊണ്ടുവരാനായി കാട്ടിലേക്ക് പുറപ്പെട്ടെങ്കിലും വനമധ്യേ ഭരത-ശത്രുഘ്‌നന്മാരും സൈന്യവും കൂട്ടംതെറ്റി. ഭരതന്‍ ഒറ്റപ്പെട്ട പോയ സ്ഥലമാണത്രെ ഭരതപ്പിള്ളി. രാജകീയ പ്രൗഢിയോടെയെങ്കിലും ദുഃഖിതനായ ഭരതന്‍ പടിഞ്ഞാറ് ദര്‍ശനമായി ജ്യേഷ്ഠനെ ഉറ്റുനോക്കിയാണ് കുടികൊള്ളുന്നത്.

( 3 ) മുളക്കുളം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രം

നാലമ്പല വഴിയിലെ മൂന്നാമത്തെ ക്ഷേത്രമാണിത്. സൗമിത്രി തിരുമൂഴിക്കുളത്തുനിന്നും ശീവേലി ബിംബത്തില്‍ എഴുന്നള്ളി ശ്രീലകം പൂണ്ട തീര്‍ത്ഥസ്‌നാനമാണത്രെ മുളക്കുളം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രം.

( 4 ) മാമലശ്ശേരി നെടുങ്ങാട്ട് ശത്രുഘ്‌നസ്വാമി ക്ഷേത്രം

ഭരതനുമൊത്ത് കാട്ടിലെത്തിയ ശത്രുഘ്‌നന്‍ കൂട്ടം തെറ്റി ഒരു നെടിയ കാട്ടിലകപ്പെട്ടു. ആ കാട്ടിലുള്ളയാളുകള്‍ അദ്ദേഹത്തെ നെടുങ്കാട്ട് തേവര്‍ അഥവാ നെടുങ്ങാട്ടു തേവരായി ആരാധിച്ചുവന്നു. അഷ്ടമംഗല ദേവപ്രശ്‌നത്തിനുശേഷം മാമലശ്ശേരി കാവുങ്കട കവലയ്ക്ക് മുന്നൂറ് മീറ്റര്‍ അകലെയായി പൂര്‍വസ്ഥാനത്തു തന്നെ പ്രതിഷ്ഠിക്കുകയുണ്ടായി. ക്ഷേത്ര പുനരുദ്ധാരണം പുരോഗമിച്ചുവരുന്നു.

ശ്രീരാമ അഷ്ടോത്തരശതനാമവലി

ഓം ശ്രീരാമായ നമഃ
ഓം രാമഭദ്രായ നമഃ
ഓം രാമചംദ്രായ നമഃ
ഓം ശാശ്വതായ നമഃ
ഓം രാജീവലോചനായ നമഃ
ഓം ശ്രീമതേ നമഃ
ഓം രാജേംദ്രായ നമഃ
ഓം രഘുപുംഗവായ നമഃ
ഓം ജാനകിവല്ലഭായ നമഃ
ഓം ജൈത്രായ നമഃ
ഓം ജിതാമിത്രായ നമഃ
ഓം ജനാര്ധനായ നമഃ
ഓം വിശ്വാമിത്രപ്രിയായ നമഃ
ഓം ദാംതയ നമഃ
ഓം ശരനത്രാണ തത്സരായ നമഃ
ഓം വാലിപ്രമദനായ നമഃ
ഓം വംഗ്മിനേ നമഃ
ഓം സത്യവാചേ നമഃ
ഓം സത്യവിക്രമായ നമഃ
ഓം സത്യവ്രതായ നമഃ
ഓം വ്രതധരായ നമഃ
ഓം സദാഹനുമദാശ്രിതായ നമഃ
ഓം കോസലേയായ നമഃ
ഓം ഖരധ്വസിനേ നമഃ
ഓം വിരാധവധപംദിതായ നമഃ
ഓം വിഭി ഷ ണപരിത്രാണായ നമഃ
ഓം ഹരകോദംഡ ഖംഡ നായ നമഃ
ഓം സപ്തതാള പ്രഭേത്യൈ നമഃ
ഓം ദശഗ്രീവശിരോഹരായ നമഃ
ഓം ജാമദഗ്ന്യമഹാധര്പദളനായ നമഃ
ഓം താതകാംതകായ നമഃ
ഓം വേദാംത സാരായ നമഃ
ഓം വേദാത്മനേ നമഃ
ഓം ഭവരോഗാസ്യഭേ ഷജായ നമഃ
ഓം ത്രിമൂര്ത യേ നമഃ
ഓം ത്രിഗുണാത്മകായ നമഃ
ഓം ത്രിലോകാത്മനേ നമഃ
ഓം ത്രിലോകരക്ഷകായ നമഃ
ഓം ധന്വിനേ നമഃ
ഓം ദംഡ കാരണ്യവര്തനായ നമഃ
ഓം അഹല്യാശാപശമനായ നമഃ
ഓം പിതൃ ഭക്തായ നമഃ
ഓം വരപ്രദായ നമഃ
ഓം ജിതേഒദ്രി യായ നമഃ
ഓം ജിതക്രോഥായ നമഃ
ഓം ജിത മിത്രായ നമഃ
ഓം ജഗദ്ഗുരവേ നമഃ
ഓം വൃക്ഷവാനരസംഘാതേ നമഃ
ഓം ചിത്രകുടസമാശ്രയേ നമഃ
ഓം ജയംത ത്രാണവര ദായ നമഃ
ഓം സുമിത്രാപുത്ര സേവിതായ നമഃ
ഓം സര്വദേവാദ് ദേവായ നമഃ
ഓം മൃത വാനരജീവനായ നമഃ
ഓം മായാമാരീ ചഹംത്രേ നമഃ
ഓം മഹാദേവായ നമഃ
ഓം മഹാഭുജായ നമഃ
ഓം സര്വദേ വസ്തുതായ നമഃ
ഓം സൗമ്യായ നമഃ
ഓം ബ്രഹ്മണ്യായ നമഃ
ഓം മുനിസംസ്തുതായ നമഃ
ഓം മഹായോഗിനേ നമഃ
ഓം മഹൊദരായ നമഃ
ഓം സുഗ്രീവേ പ്സിത രാജ്യദായ നമഃ
ഓം സര്വ പുണ്യാദേക ഫലിനേ നമഃ
ഓം സ്മ്രുത സ്സര്വോഘനാശനായ നമഃ
ഓം ആദി പുരുഷായ നമഃ
ഓം പരമപുരുഷായ നമഃ
ഓം മഹാ പുരുഷായ നമഃ
ഓം പുണ്യോദ യായ നമഃ
ഓം ദയാസാരായ നമഃ
ഓം പുരുഷോത്തമായ നമഃ
ഓം സ്മിതവക്ത്ത്രായ നമഃ
ഓം അമിത ഭാഷിണേ നമഃ
ഓം പൂര്വഭാഷിണേ നമഃ
ഓം രാഘവായ നമഃ
ഓം അനംത ഗുണ ഗംഭീരായ നമഃ
ഓം ധീരോദാത്ത ഗുണോത്തമായ നമഃ
ഓം മായാമാനുഷചാരിത്രായ നമഃ
ഓം മഹാദേവാദി പൂജിതായ നമഃ
ഓം സേതുകൃതേ നമഃ
ഓം ജിതവാരാശിയേ നമഃ
ഓം സര്വ തീര്ദ മയായ നമഃ
ഓം ഹരയേ നമഃ
ഓം ശ്യാമാംഗായ നമഃ
ഓം സുംദ രായ നമഃ
ഓം ശൂരായ നമഃ
ഓം പീത വാസനേ നമഃ
ഓം ധനുര്ധ രായ നമഃ
ഓം സര്വയജ്ഞാധീപായ നമഃ
ഓം യജ്വിനേ നമഃ
ഓം ജരാമരണ വര്ണ തായ നമഃ
ഓം വിഭേഷണപ്രതിഷ്ടാത്രേ നമഃ
ഓം സര്വാവഗുനവര്ണ തായ നമഃ
ഓം പരമാത്മനേ നമഃ
ഓം പരസ്മൈ ബ്രഹ്മണേ നമഃ
ഓം സചിദാനംദായ നമഃ
ഓം പരസ്മൈജ്യോതി ഷേ നമഃ
ഓം പരസ്മൈ ധാമ്നേ നമഃ
ഓം പരാകാശായ നമഃ
ഓം പരാത്സരായ നമഃ
ഓം പരേശായ നമഃ
ഓം പാരായ നമഃ
ഓം സര്വദേ വത്മകായ നമഃ
ഓം പരസ്മൈ നമഃ

എങ്ങനെയാണു രാമായണം വായിക്കേണ്ടത് ?

കര്‍ക്കടകത്തിലെ പുണ്യകര്‍മ്മമായ രാമായണ പാരായണത്തിന്‌ കൃത്യമായ ചിട്ടകളുണ്ട്‌.

രാമായണത്തിലെ ഓരോ ഭാഗം പാരായണം ചെയ്യുമ്പോഴും അതിനനുസൃതമായ ഫലങ്ങള്‍ കൈവരുമെന്നാണ്‌ വിശ്വാസം. 24000 ഗായത്രി മന്ത്രങ്ങള്‍ രാമായണത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നാണ്‌ പ്രമാണം. നമ്മുടെ പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. “ഓം നമോ നാരായണ” എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബീജാക്ഷരമായ ‘രാ’യും ‘നമ:ശിവ’ എന്ന പഞ്ചാക്ഷരീ മന്ത്രത്തിലെ ബീജാക്ഷരമായ ‘മ’യും ചേര്‍ന്ന ശൈവ-വൈഷ്‌ണവ ചൈതന്യ സ്വരൂപമായ രാമന്റെ ദിവ്യചരിതവും, ഒപ്പം അക്ഷരങ്ങളാല്‍ ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ഗ്‌ഗലോകം എന്നീ ത്രിലോകങ്ങളെയും സംബന്‌ധിക്കുന്ന ദേവമാതാവായ ഗായത്രിയുടെ സ്ഥൂലരൂപവും സമന്വയിക്കുന്ന ഭാരതീയ പൈതൃകത്തിലെ അക്ഷയമായ പുണ്യമാണ്‌ ഈ മഹത്‌ഗ്രന്ഥം.

അതിരാവിലെയും വൈകിട്ടും രാമായണം പാരായണം ചെയ്യാം. രാവിലെ 6 മണി മുതല്‍ വൈകിട്ട്‌ 6 മണിവരെയാണ്‌ പാരായണത്തിന്‌ ഉത്തമം. ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന്‌ കുളികഴിഞ്ഞ്‌ വൃത്തിയുള്ള വസ്‌ത്രങ്ങള്‍ ധരിച്ച്‌ മന:ശുദ്‌ധിയോടെ വേണം ഗ്രന്ഥം കൈയിലെടുക്കാന്‍. ആദ്യം ശ്രീരാമസ്‌തുതികള്‍ ചൊല്ലണം. പിന്നീടേ പാരായണം തുടങ്ങാവൂ. ശ്രീരാമന്റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള പൂര്‍വ്വരാമായണമോ അതല്ലെങ്കില്‍ അശ്വമേധം വരെയുള്ള ഉത്തരരാമായണമോ വായിക്കാം. 24,000 ശ്ലോകങ്ങള്‍ വായിച്ചുതീര്‍ക്കണമെന്നാണ്‌ സങ്കല്‌പം. ഇതില്‍ ഏതു വായിക്കണമെന്ന്‌ ആദ്യം നിശ്ചയിക്കണം. പിന്നീട്‌ കര്‍ക്കടകം 1 മുതല്‍ 31 വരെ ഓരോ ഭാഗം പാരായണം ചെയ്യാം.

ഉച്ചവരെ കിഴക്കോട്ടും അതിനുശേഷം വടക്കോട്ടും തിരിഞ്ഞിരുന്നുവേണം പാരായണം ചെയ്യാന്‍. (പടിഞ്ഞാറോട്ട്‌ അഭിമുഖമായിരുന്ന്‌ പാരായണം ചെയ്യണമെന്നും ഒരു അഭിപ്രായമുണ്ട്‌.) വീട്ടിലെ എല്ലാവരും പാരായണസ്ഥലത്ത്‌ ഒരുമിച്ചിരുന്ന്‌ അതില്‍ ഒരാള്‍ വായിക്കുകയും മറ്റുള്ളവര്‍ ശ്രദ്‌ധിക്കുകയും വേണം. വലതുവശത്ത്‌ ഏഴു വരി എണ്ണിയേ ഓരോ ദിവസത്തേയും പാരായണം അവസാനിപ്പിക്കാവൂ.
ഓരോരുത്തരുടെയും കഴിവിന്‌ അനുസരിച്ചുള്ള പൂജകളും നടത്തിയാല്‍ നന്ന്‌. പുണര്‍തം നക്ഷത്ര ദിവസവും പട്ടാഭിഷേകം പാരായണം ചെയ്യുമ്പോഴും മുപ്പത്തിയൊന്നാം തീയതി തീയതി പാരായണം അവസാനിപ്പിക്കുമ്പോഴും പൂജകള്‍ ചെയ്‌താല്‍ കൂടുതല്‍ ഫലം ലഭിക്കും.

നാരായണം ഭജേ

നാരായണം ഭജേ നാരായണം – ലക്ഷ്മി
നാരായണം ഭജേ നാരായണം

വൃന്ദാവനസ്ഥിതം നാരായണം – ദേവ

വൃദ്യരഭിഷ്ടുതം നാരായണം

(നാരായണം ഭജേ )

ദിനകരമദ്ധ്യകം നാരായണം – ദിവ്യ

കനകാംബരദരം നാരായണം

(നാരായണം ഭജേ )

പങ്കജലോചനം നാരായണം – ഭക്ത

സങ്കടമോചനം നാരായണം

(നാരായണം ഭജേ )

കരുണാപയോനിധിം നാരായണം – ഭവ്യ

ശരണാഗതനിദിം നാരായണം

(നാരായണം ഭജേ )

രക്ഷിതജഗത്രയം നാരായണം – ചക്ര

ശിക്ഷിതാസുരചയം നാരായണം

(നാരായണം ഭജേ )

അന്ജാനനാശകം നാരായണം – ശുദ്ധ

വിജ്ഞാന ഭാസകം നാരായണം

(നാരായണം ഭജേ )

ശ്രീവൽസബൂഷണം  നാരായണം – നന്ദ

ഗോവൽസപോഷണം നാരായണം

(നാരായണം ഭജേ )

ശങ്കരനായകം നാരായണം – പദ

ഗംഗവിദായകം നാരായണം

(നാരായണം ഭജേ )

ശ്രീകണ്ടസേവിതം നാരായണം – നിത്യ

വികുന്ടവാസിനം നാരായണം

(നാരായണം ഭജേ )