രുക്മിണി ദേവിയും ശ്രീകൃഷ്ണനും

 

ഒരിക്കല്‍ രുക്മിണി ദേവി ശ്രീകൃഷ്ണ ഭഗവാനോട് പരിഭവത്തില്‍ ചോദിച്ചു.

“ഭഗവാനെ! അങ്ങ് എന്നേക്കാള്‍ രാധയെ എന്തുകൊണ്ടാണ് സ്നേഹിക്കുന്നത്? രാധ എന്നേക്കാള്‍ സുന്ദരി ആണോ?”
ഭഗവന്‍ മറുപടി ഒന്നും പറയാതെ പുഞ്ചിരിച്ചു. സ്ത്രീസഹജമായ വാസനയോടെ വീണ്ടും ദേവി ഭഗവാനോട് ചോദ്യം ആവര്‍ത്തിച്ചപ്പൊഴും പുഞ്ചിരി മാത്രമായിരുന്നു മറുപടി.
അപ്പോൾ ദേവി പറഞ്ഞു.
“ശരി ദേവാ! എങ്കില്‍ അങ്ങ് മറുപടി പറയണ്ട. രാധയുടെ ഒരു ചിത്രം വരച്ചു കാണിക്കൂ. അത് കണ്ടാൽ മതി എനിക്ക്.”
രുക്മിണി ദേവിയുടെ ഇഷ്ടത്തിന് വഴങ്ങി കൃഷ്ണൻ രാധയുടെ ചിത്രം വരയ്ക്കാന്‍ തുടങ്ങി. ആദ്യം കണ്ണ് വരച്ചു. അത് കണ്ടപ്പോൾ ദേവിക്ക് വല്ലാത്ത ആകർഷണം. ഉള്ളിൽ പ്രണയം നിറയുന്നു. പിന്നീട് ചുണ്ടുകൾ വരച്ചു. എന്തൊരശ്ചാര്യം! ദേവി ആ ചുണ്ടുകളിലെ അമൃതം പാനം ചെയ്യാൻ കൊതിച്ചു. അങ്ങിനെ മുഖം വരച്ചു പൂര്‍ത്തിയായപ്പോഴാണ് മനസ്സിലായത് കണ്ണൻ വരക്കുന്നത് സ്വന്തം ചിത്രമാണെന്ന്. രുക്മിണിദേവി ചോദിച്ചു.
“ഇതെന്താണ് ഭാഗവാനെ? അങ്ങയുടെ ചിത്രം വരക്കാനല്ലല്ലോ അവിടുത്തെ പ്രിയ സഖി രാധയുടെ ചിത്രം വരയ്ക്കാന്‍ അല്ലെ പറഞ്ഞത്.” രുക്മിണി ദേവി പരിഭവിച്ചതു കണ്ടു ഭഗവന്‍ പറഞ്ഞു.
“ദേവി എന്നോട് രാധയുടെ ചിത്രം വരയ്ക്കാന്‍ പറഞ്ഞു. ഞാന്‍ രാധയുടെ ചിത്രം തന്നെയാണ് വരച്ചത്. ഞാന്‍ രാധയുടെ മനസ്സിൽ നോക്കിയാണ് ചിത്രം വരച്ചത്. അവിടെ എനിക്ക് എന്നെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ .മാത്രമല്ല ഞങ്ങൾ ഒരിക്കലും രണ്ടല്ല. ഒന്ന് തന്നെയാണ്. എന്റെ പ്രേമസ്വരൂപമാണ് രാധ. ആ രാധയെ, ദേവി എപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു. എന്നീട്ടും രാധയെപ്പറ്റി ചോദിച്ചത് കൊണ്ടാണ് മറുപടി പറയാതിരുന്നത്. കൃഷ്ണൻ വീണ്ടും പുഞ്ചിചിരിച്ചു.
മന്ദം ജഹാസ വൈകുണ്ഠാ
മോഹയന്നിവ മായയാ
സർവ്വ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന കൃഷ്ണപ്രേമമാണ് രാധ എന്ന പരമാർത്ഥ സത്യം ആ പുഞ്ചിരിയിലൂടെ കണ്ണൻ രുക്മിണിദേവിയിൽ നിന്നും ഒളിപ്പിച്ചോ?

സ്വര്‍ഗ്ഗാരോഹണം

ശ്രീകൃഷ്ണന് പതിനാറായിരത്തെട്ടു ഭാര്യമാര്‍ ഉണ്ടല്ലോ. ഓരോ പത്നിയിലും പത്തു പുത്രന്മാര്‍ വീതം ഉണ്ടായിരുന്നു. ഒരു ദിവസം കശ്യപന്‍, ഭൃഗു, ഭരദ്വാജന്‍, വസിഷ്ഠന്‍ ഇത്യാദി മുനിസത്തമന്മാര്‍ ശ്രീകൃഷ്ണനെ കണ്ട് മടങ്ങുകയായിരുന്നു. ശ്രീകൃഷ്ണപുത്രന്മാര്‍ക്ക് ഒരു തമാശ തോന്നി, മുനിമാരെ പറ്റിക്കാന്‍ തന്നെ തീരുമാനിച്ചു. അവരില്‍ ഒരാള്‍ (സാംബന്‍) ഒരു ഗര്‍ഭിണിയുടെ വേഷം ധരിച്ച് നിന്നു.
മറ്റുചിലര്‍ മുനിമാരോട് ചോദിച്ചു, “ഈ നില്‍ക്കുന്ന ഗര്‍ഭിണി പ്രസവിക്കുന്ന കുട്ടി ആണോ പെണ്ണോ എന്ന് പറയാമോ?”. മുനിമാര്‍
എല്ലാവരെയും മാറി മാറി നോക്കി. എന്നിട്ട് പറഞ്ഞു. ” ഇവള്‍ കഠിന വേദനയനുഭവിച്ച് പ്രസവിക്കും. അത് ഒരു
ഇരുമ്പു ലക്കയായിരിക്കും . അതുകൊണ്ടായിരിക്കും നിങ്ങളുടെ വംശത്തിന്റെ നാശവും”. ഇതൊന്നും കാര്യമാക്കാതെ കൃഷ്ണപുത്രന്മാര്‍
മുനിമാരെ പരിഹസിച്ചു ചിരിച്ചു.
കളി കാര്യമായി. സാംബന്‍ ഒരിരുമ്പുലക്കയെ നൊന്തു പ്രസവിച്ചു. ഇതു കൊണ്ട് വംശനാശം സംഭവിക്കുമെന്ന് ഭയന്ന് ആ
ഇരുമ്പുലക്കയെ രാവി പൊടിയാക്കി സമുദ്രത്തില്‍ കലക്കി. അവസാനം ഒരു ചെറിയ കഷണം ബാക്കിയായതിനെ അവര്‍ കടലിലെറിഞ്ഞു. തിരയടിച്ച് ഇരുമ്പുപൊടിയെല്ലാം കരക്കടിഞ്ഞു മുളച്ചു. അങ്ങനെയാണ് എയ്യാമ്പുല്ല് (ഏരകപ്പുല്ല് ) ഉണ്ടായത്.
കടലിലെറിഞ്ഞ ഇരുമ്പു കഷണം ഒരു മത്സ്യം വിഴുങ്ങി. മത്സ്യത്തെപ്പിടിച്ച മുക്കുവന്‍ ആ കഷണത്തെ ഒരു വേടനു കൊടുത്തു. വേടന്‍ അതുകൊണ്ട് ഒരമ്പുണ്ടാക്കി.

നാരദമുനി വസുദേവര്‍ക്ക് ആത്മജ്ഞാനോപദേശം കൊടുത്ത് അനുഗ്രഹിച്ചു. ബ്രഹ്മാവും ശിവനും ദേവന്മാരും മുനിമാരും ഭൂതഗണങ്ങളും ശ്രീകൃഷ്ണനെ സന്ദര്‍ശിച്ച് നമസ്കരിക്കുകയും സ്തുതുതിക്കുകയും ചെയ്തു.
ദ്വാരകയില്‍ പിന്നീട് പല ദുര്‍ന്നിമിത്തങ്ങളും കണ്ടു. ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം എല്ലാവരും തേരുകളില്‍ കയറി പ്രഭാസത്തിലേക്ക് യാത്ര തുടങ്ങി. അവിടെ തീര്‍ത്ഥസ്നാനം ചെയ്ത് പിതൃതര്‍പ്പണം നടത്തി. ബ്രാഹ്മണര്‍ക്ക് ദാനധര്‍മ്മങ്ങള്‍ നടത്തി. ഭഗവാന്റെ ഉത്തമ ഭക്തനായ ഉദ്ധവര്‍ക്ക് പരമജ്ഞാനം ഉപദേശിച്ചുകൊടുത്തു. ഭഗവത് സായൂജ്യത്തിനുള്ള ഉത്തമ മാര്‍ഗ്ഗം സ്വീകരിച്ച് ഉദ്ധവര്‍ ഭഗവാന്റെ നിര്‍ദ്ദേശപ്രകാരം ബദരികാശ്രമത്തിലേക്ക് പോയി.
യാദവര്‍ പ്രഭാസതീര്‍ത്ഥത്തിലെത്തി തീര്‍ത്ഥസ്നാനം ചെയ്തു. അവര്‍ക്ക് മദ്യപാനത്തില്‍ ആസക്തിയുണ്ടാവുകയും മദ്യലഹരിയില്‍ വഴക്കുണ്ടാക്കി ആയുധങ്ങള്‍ പ്രയോഗിച്ച് യുദ്ധം തുടങ്ങുകയും ചെയ്തു. ആയുധങ്ങള്‍ തീര്‍ന്നപ്പോള്‍ എയ്യാമ്പുല്ല് പറിച്ചെടുത്ത്
തമ്മിലടിച്ച്‌ എല്ലാവരും മരിച്ചുവീണു. ബലരാമന്‍ സമുദ്രതീരത്ത് ചെന്നിരുന്ന് ധ്യാനിച്ച്‌ യോഗാഗ്നിയില്‍ ദേഹം വെടിഞ്ഞ് സ്വര്‍ഗ്ഗം പൂകി.

യാദവരെല്ലാം തല്ലി മരിച്ചശേഷം ഭഗവാന്‍ ചതുര്‍ഭാഹുവായ ശ്രീ മഹാവിഷ്ണുവിന്റെ രൂപം പൂണ്ടു. വിജനമായ സ്ഥലത്ത് ഒരു അരയാലിന്‍ ചുവട്ടില്‍ വലതു കാല്‍പാദം ഇടതു തുടയില്‍ കയറ്റിവച്ച് ചമ്രം പടിഞ്ഞ്‌ യോഗസ്ഥനായി ഇരുന്നു. അപ്പോഴുണ്ട് ആ വേടന്‍ കാട്ടില്‍ മൃഗങ്ങളെ തേടി അലയുമ്പോള്‍ ദൂരെനിന്ന് ഭഗവാന്റെ പാദം ഒരു മാനാണെന്ന് കരുതി അമ്പേയ്തു. അത് വന്ന് തറച്ചത് ഭഗവാന്റെ തൃപ്പാദത്തിലായിരുന്നു. മാനിനെ എടുക്കാനായി ആല്‍ച്ചുവട്ടില്‍ എത്തിയപ്പോഴാണ് അത് മാനായിരുന്നില്ല, മറിച്ച്
ഭഗവാന്റെ തൃപ്പാദമായിരുന്നു എന്ന് വേടനു ബോധ്യമായത് . സമസ്താപരാധങ്ങളും പൊറുത്ത് മാപ്പ് തരേണമെന്നു പറഞ്ഞ് വേടന്‍ ഭഗവാന്റെ തൃക്കാല്‍ക്കളില്‍ വീണ് കേണപേക്ഷിച്ചു. ശ്രീകൃഷ്ണഭഗവാന്‍ വേടനെ ഇങ്ങനെ സമാധാനപ്പെടുത്തി “ശ്രീരാമാവതാരകാലത്ത് ഞാന്‍ ഒളിയമ്പയച്ച് നിഗ്രഹിച്ച ആ ബാലിയാണ് ഈ ജന്മത്തില്‍ വേടനായിത്തീര്‍ന്ന നീ.കര്‍മ്മഫലം അനുഭവിക്കാതെ തരമില്ല!
‘താന്താന്‍ നിരന്തരം ചെയ്യുന്നതൊക്കെയും
താന്താന്‍ അനുഭവിച്ചീടുകെന്നേ വരു!’
അതുകൊണ്ട് നീ ദുഃഖിക്കേണ്ട, നിനക്കു നന്മവരട്ടെ!!!” അപ്പൊഴേക്കും സ്വര്‍ഗ്ഗത്തില്‍ നിന്നും വന്ന ദേവ വിമാനത്തില്‍ വേടനെ ഉടലോടുകൂടിത്തന്നെ സ്വര്‍ഗ്ഗത്തിലെത്തിച്ചു.

ഭഗവാന്റെ തേരാളിയായ ദാരുകന്‍ തേരുമായി അവിടെയെത്തി. ഭഗവാന്‍ ദാരുകനോട് വേഗം തന്നെ ദ്വാരകയില്‍ ചെന്ന് വിവരം അറിയിക്കാനും, ദ്വാരക ജലത്തിനടിയില്‍ ആകാന്‍ പോകുന്നുവെന്നും,എല്ലാവരും അവരുടെ പത്നിമാരെയും മക്കളെയും കൂട്ടി അര്‍ജ്ജുനന്റെ കൂടെ ഹസ്ഥിനപുരത്തിലേക്ക് പോകാനും നിര്‍ദ്ദേശിച്ചു. ” ഇതോടെ നീയും എന്നെ സ്മരിച്ച് പരമപദം പൂകുന്നതാണ്‌” എന്നരുളിച്ചെയ്തു. ദാരുകന്‍ ഭഗവത് പാദങ്ങളില്‍ വീണ് നമസ്കരിച്ച് ഭഗവാനെ പ്രദക്ഷിണം ചെയ്ത് തൊഴുത്‌ ദ്വാരകയിലേക്ക് ഗമിച്ചു.
പിന്നീട് ആല്‍ത്തറയിലിരിക്കുന്ന ഭാഗവാന്റെയടുത്ത് ബ്രഹ്മാവ്‌, പരമശിവന്‍, പാര്‍വ്വതി, മുനിമാര്‍, പ്രജാപതിമാര്‍, പിതൃക്കള്‍, സിദ്ധന്മാര്‍, ഗന്ധര്‍വ്വന്മാര്‍, വിദ്യാധരന്മാര്‍, കിന്നരന്മാര്‍, യക്ഷന്മാര്‍, ചാരണന്മാര്‍, മഹാനഗരങ്ങള്‍, അപ്സരസ്സുകള്‍, ദേവന്മാര്‍, ബ്രാഹ്മണര്‍ എന്നിവരെല്ലാം വന്ന് ഭഗവാന്റെ നിര്യാണകാലം നിരീക്ഷിച്ച് ആകാശത്തുനിന്ന് പൂമഴ പൊഴിച്ചു. അവരെല്ലാം കൂട്ടത്തോടെ ഭഗവാനെ സ്തുതിച്ചു. ഭഗവാന്‍ ഇതെല്ലാം കണ്ട് മനസ്സ് ആത്മാവിലുറപ്പിച്ച് കണ്ണുകളടച്ചു. മംഗളമായ യോഗധാരണ ധ്യാനം കൊണ്ട് സ്വന്തം ശരീരത്തെ ഭഗവാന്‍ യോഗാഗ്നിയില്‍ ദഹിപ്പിച്ചു. ദേവന്മാര്‍ വാദ്യങ്ങള്‍ മുഴക്കി പുഷ്പവര്‍ഷം ചൊരിഞ്ഞു ഭഗവാന്റെ സത്യം, ധര്‍മ്മം, ധൈര്യം, കീര്‍ത്തി, ശ്രീ എന്നീ ഗുണങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടിരുന്ന ദേവസമീപം ഭഗവാന്റെ ആത്മാവ് സ്വധാമത്തില്‍ പ്രവേശിച്ചത്‌ അറിഞ്ഞതേയില്ല. ബ്രഹ്മാവാദിയായവര്‍ യോഗഗതി കണ്ട് വിസ്മിതരായി സ്വസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയി.

ദേവകിയും രോഹിണിയും വസുദേവരും പുത്രദുഖത്താല്‍ കേണുകൊണ്ട് മരിച്ചുവീണു. അവരുടെ പുത്രവധുക്കളെല്ലാം ചിതയില്‍ ചാടി ദേഹത്യാഗം ചെയ്തു. ശ്രീകൃഷ്ണപത്നിമാരെല്ലാം ശ്രീകൃഷ്ണനെ ധ്യാനിച്ചുകൊണ്ട് അഗ്നിയില്‍ ചാടി മരിച്ചു. അര്‍ജ്ജുനന്‍ ബാക്കിയുള്ളവരെയെല്ലാം പറഞ്ഞാശ്വസിപ്പിച്ചു .പിത്രുകര്‍മ്മങ്ങള്‍ വഴിയാവണ്ണം ചെയ്തു. പിന്നെ അവരെയും കൂട്ടി ഇന്ദ്രപ്രസ്ഥത്തിലേക്ക് തിരിച്ചു. അപ്പോഴേക്കും ദ്വാരക സമുദ്രത്തിനടിയിലായിക്കഴിഞ്ഞു.

മനുഷ്യനായി ജനിച്ചാല്‍ മരണം അനിവാര്യമാണെന്നുള്ള സത്യം ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുകയാണ് ഭഗവാന്‍ ചെയ്തത്.

നാല് തൃക്കൈകളില്‍ ശംഖചക്രഗദാപത്മങ്ങള്‍ ധരിച്ച്, മഞ്ഞപ്പട്ടുടുത്ത്, കാതില്‍ മകരകുണ്ഡഃലങ്ങള്‍ അണിഞ്ഞ്, ശിരസ്സില്‍, കനകകിരീടം ധരിച്ച്, മാറില്‍ ശ്രീവത്സം എന്ന അടയാളത്തോടുകൂടി, രത്നമാലകളും, വനമാലകളും, കൌസ്തുഭവുമണിഞ്ഞ്‌, പാലാഴിയില്‍ അനന്തനാകുന്ന ശയ്യമേല്‍ പള്ളികൊള്ളുന്നവനും, ലക്ഷ്മീദേവിയാല്‍ പാദശുശ്രൂഷചെയ്യപ്പെടുന്നവനുമായ സാക്ഷാല്‍ മഹാവിഷ്ണു ഭഗവാന്‍ ഞങ്ങളുടെ ഹൃദയത്തില്‍ സദാ വസിക്കുമാറാകണമേ!

പൂര്‍ണ്ണമദ പൂര്‍ണ്ണമിദം

പൂര്‍ണ്ണാല്‍ പൂര്‍ണ്ണമുദച്യതേ

പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ

പൂര്‍ണ്ണ മേ വാവശിഷ്യതേ!

ഓം ശാന്തി! ശാന്തി! ശാന്തി!

ലോകാ സമസ്താ സുഖിനോ ഭവന്തു!

ദശാവതാരം— ശ്രീകൃഷ്ണൻ

മഹാവിഷ്ണുവിന്റെ ഒമ്പതാമത് അവതാരമാണ്‌ ശ്രീകൃഷ്ണന്‍. വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി കാരാഗൃഹത്തിലാണു കൃഷ്ണജനനം. അമ്മാവനായ കംസനെ വധിക്കുന്നത് ദേവകീ പുത്രനായിരിക്കുമെന്ന അശരീരിയാണു അവര്‍ കാരഗൃഹത്തിലടയ്ക്കപ്പെടാന്‍ കാരണം. പക്ഷേ വിധിയുടെ അലംഘനീയതപോലെ കൃഷ്ണന്‍ ഭൂജാതനാകുകയും കംസന്‍ കൊല്ലപ്പെടുകയും ചെയ്തു. കൃഷ്ണന്റെ കൈകളാല്‍ ധാരാളം അസുരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പാണ്ഡവരുടെ ഉറ്റമിത്രമായിരുന്ന കൃഷ്ണന്‍ കുരുക്ഷേത്രയുദ്ധത്തില്‍ പലപ്പോഴും അവരെ അകമഴിഞ്ഞ് സഹായിക്കുകയുണ്ടായി. അര്‍ജ്ജുനനെ യുദ്ധപ്രാപ്തനാക്കുന്നതിനുവേണ്ടി യുദ്ധമുഖത്തു വച്ച് അദ്ദേഹമുപദേശിച്ചതാണു ഭഗവദ് ഗീത. ശ്രീകൃഷ്നനു പതിനാറായിരത്തെട്ട് ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്നാണു പറയപ്പെടുന്നത്. താങ്ങാനാവാത്ത ഭാരത്താല്‍ വശംവദയായ ഭൂമിദേവിയുടെ അഭ്യര്‍ത്ഥനപ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമം പുനസ്ഥാപിക്കാനായാണു ഭഗവാൻ അവതരിച്ചത്