കല്ലേകുളങ്ങര ഹേമാംബിക


പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ് ഹേമാംബിക കുടികൊള്ളുന്നത്. കരിങ്കല്ലിലുള്ള രണ്ടു ശിലാ ഹസ്തങ്ങളാണ് പ്രതിഷ്ഠ. ഏമൂര്‍ ഭഗവതി ക്ഷേത്രമെന്നും അറിയപ്പെടുന്നു. ഐശ്വര്യദായിനിയാണ് ഹേമാംബിക. പ്രഭാതത്തില്‍ സരസ്വതിയായും, മധ്യാഹ്നത്തില്‍ ലക്ഷ്മിയായും (വിഷ്ണുമായ), പ്രദോഷത്തില്‍ ദുര്‍ഗ്ഗയായും ദേവിയെ ആരാധിക്കുന്നു.
കൈപ്പത്തിവിഗ്രഹത്തനു പിന്നിലുള്ള ഐതിഹ്യം രസകരമാണ്. പാലക്കാട്ടെ കരിമലയിലായിരുന്നത്രെ ദേവിയെ പരശുരാമന്‍ കുടിയിരുത്തിയത്. ശങ്കരാചാര്യര്‍ പിന്നീട് ദേവിയുടെ സ്ഥാനം മുതിരംകുന്നിലേക്കു മാറ്റി. അകത്തേത്തറയില്‍ താമസിച്ചിരുന്ന കുറൂര്‍ മനയിലെ ഒരംഗം സ്ഥിരമായി ദേവിയെ ഉപാസിച്ചുവന്നിരുന്നു. പ്രായമേറിയപ്പോള്‍ അദ്ദേഹത്തിന് മുതിരംകുന്നുലേക്ക് പോകാന്‍ പ്രയാസം നേരിട്ടു. ദേവി സ്വപ്നത്തില്‍ വന്ന് മനയോടു ചേര്‍ന്നുള്ള ചിറയില്‍ തന്റെ സാന്നിധ്യമുണ്ടാവുമെന്ന് അദ്ദേഹത്തെ അറിയിച്ചു. അടുത്ത ദിനം രാവിലെ ചിറയുടെ നടുവില്‍ നിന്നും രണ്ടു ദിവ്യഹസ്തങ്ങള്‍ ഉയര്‍ന്നു വരുന്നത് അദ്ദേഹം കണ്ടു. ആനന്ദാതിരേകത്താല്‍ ചിറയിലേക്ക് ചാടിയ കുറൂര്‍ നമ്പൂതിരിപ്പാട് ആ കൈകളില്‍ പിടിച്ചു വലിച്ചു. ദിവ്യകരങ്ങള്‍ ശിലാപാണികളായി മാറി. സുഹൃത്തായ ചേന്നാസ് നമ്പൂതിരിപ്പാടിന്റെ സഹായത്തോടെ പാലക്കാട് രാജാവിന്റെ നിര്‍ദേശപ്രകാരം ചിറ ഭാഗികമായി നികത്തി ക്ഷേത്രം നിര്‍മ്മച്ചു. ഹേമാംബികാദേവി പിന്നീട് പാലക്കാട് രാജാവിന്റെ കുലദേവതയായി. കഥയുടെ ഭാഗമായ കല്ല് കുളം കര എന്നിവ ചേര്‍ന്ന് സ്ഥലത്തിന് കല്ലായിക്കുളങ്ങര എന്നും പേരു വന്നു. 1982 ല്‍ ഇന്ദിരാഗാന്ധി ഇവിടെ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സിന്റെ ചിഹ്നം കൈപ്പത്തിയായി സ്വീകരിച്ചതെന്ന്് പറയുന്നു.
നവരാത്രി, ഓണം, മണ്ഡലം, ശിവരാത്രി, മീനത്തിലെ ലക്ഷാര്‍ച്ചന, കര്‍ക്കടകത്തിലെ ഈശ്വരസേവ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍.

കൊല്ലൂര്‍ മൂകാംബിക


ദക്ഷിണകര്‍ണ്ണാടകയിലെ കൊല്ലൂരില്‍, കുടജാദ്രിയുടെ മടിയില്‍, സൗപര്‍ണ്ണികയുടെ തീരത്ത്, വിദ്യാംബികയായ മൂകാംബിക കുടികൊള്ളുന്നു. ത്രിമൂര്‍ത്തികളും പരാശക്തിയും ഒറ്റ ചൈതന്യമാണിവിടെ.
ശംഖചക്രാഭയാഭീഷ്ട ഹസ്തയായി പത്മാസനസ്ഥയായ ദേവീ വിഗ്രഹത്തിനു മുന്നില്‍ ഒരു സ്വയംഭൂലിംഗമുണ്ട് . ഇത് ഒരു സുവര്‍ണ്ണരേഖയാല്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. സുവര്‍ണ്ണരേഖയുടെ വലതുവശം ശിവവിഷ്ണുബ്രഹ്മ ചൈതന്യവും ഇടതുവശം പരാശക്തിയുടെ ത്രിവിധ ഗുണങ്ങളും അന്തര്‍ലീനമാവുന്നു. മഹാദുര്‍ഗ്ഗയും, മഹാലക്ഷ്മിയും, മഹാവാണിയുമാണ് മൂകാംബിക. ഭക്തന് ഇഷ്ടഭാവത്തില്‍ ഉപാസിക്കാം. മൂകസ്വരൂപിയായ കംഹാസുരനെ നിഗ്രഹിച്ചതിനാലാണത്രെ ദേവിക്ക് മൂകാംബിക എന്ന പേരു കൈവന്നത്. മൂകന്‍മാര്‍ക്കുപാലും ഐശ്വര്യവിദ്യാസമുദ്രം പ്രദായനം ചെയ്യുന്ന അംബ. വീരഭദ്രസ്വാമി, സുബ്രഹ്മണ്യ സ്വാമി, പ്രാണലിംഗേശ്വരന്‍, പഞ്ചമുഖഗണപതി, ചന്ദ്രമൗലീശ്വരന്‍, ആഞ്ജനേയന്‍, വിഷ്ണു എന്നീ ഉപദേവകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിലെ സരസ്വതീമണ്ഡപം സര്‍വവിദ്യകളുടെയും ശുഭാരംഭമണ്ഡപമത്രെ. ശങ്കരാചാര്യരാണ് ഇവിടുത്തെ പൂജാവിധികള്‍ ചിട്ടപ്പെടുത്തിയത്.
മൂകാംബികയുടെ മൂലസ്ഥാനം അംബാവനം പൂണരുന്ന. കുടജാദ്രിയിലാണ്. അവിടെ രണ്ടു ചെറിയ ക്ഷേത്രങ്ങളുണ്ട്്. കുറച്ചുയരത്തില്‍ ശ്രീശങ്കരന്‍ തപസ്സനുഷ്ഠിച്ച സര്‍വജ്ഞപീഠം. സര്‍ജ്ഞപീഠത്തിനു പിറകില്‍ ശിലാഗുഹയായ ചിത്രമൂല. ശങ്കരാചാര്യര്‍ ദേവിയെ പ്രത്യക്ഷമാക്കിയ സഥലം. ഇവിടെ നിന്നാണ് സൗപര്‍ണ്ണിക ഉത്ഭവിക്കുന്നത്.
മീനമാസത്തിലാണ് ഉത്സവമെങ്കിലും നവരാത്രിയാണ് മൂകാംബികയില്‍ വിശേഷം. ജന്‍മാഷ്ടമിയും പ്രധാനമാണ്.

കന്യാകുമാരി ബാലാംബിക

കന്യാകുമാരിയില്‍ ധ്യാനത്തിലമര്‍ന്ന പെണ്‍കിടാവിന്റെ രൂപത്തിലാണ് ദേവി. ഇന്ത്യയുടെ തെക്കേ മുനമ്പില്‍, സമുദ്രങ്ങള്‍ സംഗമിക്കുന്ന ത്രിവേണിയില്‍. ബാലാംബികയായി. സ്വയംവരമംഗല്യഹാരവുമായി ശുചീന്ദ്രനാഥനെ കാത്തിരുന്ന കുമാരിയാണ് ദേവി എന്ന് ഐതിഹ്യം. വിവാഹനാളില്‍ ദേവന്‍ എത്താത്തതിനെ തുടര്‍ന്ന് കുമാരി കന്യകയായി തുടര്‍ന്നു. വലംകൈയ്യില്‍ രണ്ടു മടക്കുള്ള സ്വര്‍ണ്ണരുദ്രാക്ഷ ജപമാലയേന്തി അഭയമുദ്രയുമായി നില്‍ക്കുന്ന കന്യകയായ ദേവിയുടെ രുദ്രാക്ഷശില കൊണ്ടുള്ള വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്്. കുമാരിയുടെ വജ്രമൂക്കുത്തിയുടെ ഉജ്ജ്വലദ്യുതി കേള്‍വികേട്ടതാണ്.
കിഴക്കോട്ടാണ് പ്രതിഷ്ഠയെങ്കിലും വടക്കേനടയിലൂടെയാണ് പ്രവേശനം. പ്രധാന ഉത്സവസമയത്തു മാത്രമെ കിഴക്കെ നട തുറക്കാറുള്ളൂ. ക്ഷേത്രം തമിഴ്‌നാട്ടിലാണെങ്കിലും മലയാളക്ഷേത്രാചാര പ്രകാരമുള്ള പൂജാവിധികളാണ് ഇവിടെ തുടരുന്നത്. ഇടവമാസത്തിലെ വൈകാശി ഉത്സവമാണ് ഏറ്റവും പ്രധാനം. നവരാത്രി ആഘോഷവും ഗംഭീരമാണ്. വിജയദശമി ദിവസം ദേവി വെളളിക്കുതിരപ്പുറത്തേറി പതിനൊന്നു കിലോമിറ്റര്‍ അകലെയുള്ള മഹാദാനപുരത്തേക്ക് ഘോഷയാത്രയായി എഴുന്നള്ളും.
കന്യകയാല്‍ മാത്രമെ വധിക്കപ്പെടൂ എന്ന് ബാണാസുരനു ലഭിച്ച വരദാനത്തെ തുടര്‍ന്നാണ് പരാശക്തി കുമാരിയായി അവതാരമെടുത്തത്. കുമാരിയില്‍ മഹാദേവന്‍ അനുരക്തനായി. വിവാഹമുറച്ചു. അവതാരോദ്ദേശ്യം പാളുമെന്നായപ്പോള്‍ ദേവകള്‍ നാരദനെ സമീപിച്ചു. അര്‍ദ്ധരാത്രിയുള്ള മുഹൂര്‍ത്തത്തിലെത്താന്‍ പുറപ്പെട്ട മഹാദേവനു മുന്നില്‍ നാരദന്‍ കോഴിയായി കൂവി. പ്രഭാതമായെന്നും മുഹൂര്‍ത്തം മാറിയെന്നും ധരിച്ച ശങ്കരന്‍ നിരാശനായി മടങ്ങിപ്പോയി. കാത്തിരുന്നു ദു:ഖിതയായ കുമാരി നിത്യകന്യകയായി തുടര്‍ന്നു. സദ്യക്കു വേണ്ടി തയ്യാറാക്കിയ അരിയും മറ്റും കുമാരി വലിച്ചെറിഞ്ഞതു കൊണ്ടാവണം കന്യാകുമാരിയിലെ മണ്‍തരികള്‍ ധാന്യമണികള്‍ പോലെയാണിന്നും.
കന്യാകുമാരിയുടെ അനുഗ്രഹം വാങ്ങിയാണ് വിവേകാനന്ദന്‍ കടലിനപ്പുറത്തുള്ള പാറമേല്‍ ധ്യാനലീനനായിരുന്ന്് ഇന്ത്യയെക്കുറിച്ച് മനനം ചെയ്തത്. —