പിതൃതര്‍പ്പണം മരണമെന്ന വാതിലിനപ്പുറം എന്ത്? എങ്ങനെ?

ഒരു ഗവേഷണത്തിനും
കണ്ടെത്താനാവാത്ത ചോദ്യം. പക്ഷേ, ജീവിച്ചിരുന്നപ്പോള്‍ ഒരുവന്‍
ആരുടെയൊക്കെയോ മകനോ, പിതാവോ, സഹോദരനോ, ഭര്‍ത്താവോ
ആയിരുന്നിരിക്കും. സ്വജീവിതത്തില്‍ കുറഞ്ഞപക്ഷം ഉറ്റവര്‍ക്കും ഉടയവര്‍ക്കും
വേണ്ടി ആ പ്രാണന്‍ ഒരുപാട് ത്യാഗവും, വേദനയും അനുഭവിച്ചിരിക്കും. ആ
ത്യാഗത്തിന്‍റെയും, കഷ്ടപ്പാടുകളുടെയും ഫലമായി പിന്‍തലമുറക്കാര്‍ക്ക്
ഐശ്വര്യപൂര്‍ണ്ണമായ ജീവിതം കൈവന്നിരിക്കാം. അപ്പോള്‍പ്പിന്നെ ആ പരേത
ജീവാത്മാവിനോട് നിഷേധിക്കാനാവാത്ത ഒരു ഋണബാദ്ധ്യത
ജീവിച്ചിരിക്കുന്നവര്‍ക്കുണ്ട്. ഒന്നാലോചിക്കൂ…! നമ്മുടെ ശരീരം, നമ്മുടെ
സംസ്ക്കാരം, നമ്മുടെ സന്പത്ത്, അറിവ്, നമ്മുടെ പ്രാണന്‍ എല്ലാം നമുക്ക്
സിദ്ധമായത് നമ്മുടെ പൂര്‍വ്വികരില്‍ നിന്നല്ലേ. ലഭ്യമാകുന്പോള്‍
തിരിച്ചുനല്‍കാത്ത മനസ്സുകള്‍ എത്രയോ ക്രൂരകരമാണ്. ഒരു കന്യകയെ നവവരന്‍റെ
കരതലങ്ങളില്‍ പിതാവ് പിടിച്ചേല്‍പ്പിക്കുന്പോള്‍ പറയുന്ന മന്ത്രത്തിന്‍റെ
സാരം ഇതാണ്. ഈ കന്യകയില്‍ നിനക്ക് പുത്രസന്പത്തുണ്ടായി പൂര്‍വ്വികരോടുള്ള
കടംവീട്ടുവാന്‍ ഉപകരിക്കപ്പെടട്ടെ. പും എന്ന നരകത്തില്‍നിന്ന് ത്രാണനം
(രക്ഷിക്കുന്പോള്‍) മാത്രമേ പുത്രന്‍ എന്ന പദവിക്കര്‍ഹമാകൂ. നോക്കൂ! നമ്മുടെ
പാരന്പര്യം നമ്മുടെ സംസ്കാരം പൂര്‍വ്വപിതൃക്കള്‍ക്ക് എത്രയധികം പ്രാധാന്യം
നല്‍കിയിരിക്കുന്നു. മരണാനന്തര കര്‍മ്മങ്ങളിലെ അവിശ്വാസൃതയെ ചോദ്യം
ചെയ്യാമെങ്കിലും മരിച്ചവര്‍ക്കായുള്ള അശ്രുപൂജയെ ആര്‍ക്കും
നിഷേധിക്കാനാവില്ലല്ലോ! ഒഴുകും കണ്ണീരാല്‍ ഉദകം ചെയ്യുവാന്‍.
ഊട്ടിയുറക്കിയ ആയിരക്കണക്കിന് ഉരുളച്ചോറുകളില്‍ ഒന്നു തിരികെ നല്‍കുവാന്‍.
ആ അലവകാശത്തെ തടുക്കുവാനാകുമോ?
കര്‍ക്കിടക അമാവാസിദിനം മലയാളികള്‍ പിതൃദിനമായി ആചരിക്കുന്നു. വിവിധ
സമുദായങ്ങളുടെയും നാട്ടാചാരങ്ങളുടെയും വ്യത്യസ്തതയില്‍ പിതൃദിനം
ആചരിക്കപ്പെടുന്പോഴും അതില്‍ ശരി ഏത്? തെറ്റേത്? എന്ന ചോദ്യത്തിനപ്പുറം
മനസ്സിന്‍റെ തികഞ്ഞ അര്‍പ്പണമനോഭാവം എവിടെയും കാണാം. പിതൃക്കള്‍
ദേവഗണത്തിന് തുല്യമായി ആരാധിക്കപ്പെടേണ്ടവരാണ്. ആയതുകൊണ്ടുതന്നെ
ശുദ്ധസാത്വികമായ ആചാരങ്ങളാണ് അഭികാമ്യം. മത്സ്യമാംസാദികളും, മദ്യവും
ചേര്‍ന്ന വെള്ളംകുടി (വിത് വയ്പ്) തുടങ്ങിയ പ്രാകൃത ആചാരങ്ങളില്‍ നിന്ന്
പിതൃയജ്ഞം എന്ന മഹത്തായ സംസ്കാരത്തിലേക്ക് ജനങ്ങളെ നയിക്കുക. അതാണ്
ശ്രീനാരായണഗുരുദേവന്‍ വിഭാവനം ചെയ്ത പുതുക്കിയ പിതൃതര്‍പ്പണവിധി.
ബ്രഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, അതിഥിയജ്ഞം, ഭൂതയജ്ഞം തുടങ്ങിയ
പഞ്ചമഹായജ്ഞങ്ങളുടെ സമന്വയരൂപമാണ് ഗുരുദേവന്‍ നല്‍കിയ പിതൃതര്‍പ്പണ
വിധിയുടെ പ്രത്യേകത. ആബാലവൃദ്ധജനങ്ങളും ശ്രദ്ധയോടെ, ഭക്തിയോടെ
തികഞ്ഞ സമര്‍പ്പണബോധത്തോടെ ആയതു നിര്‍വ്വഹിക്കുന്നതുവഴി
പിതൃക്കളുടെ ശാന്തിയും ജീവിച്ചിരിക്കുന്നവരുടെ ഐശ്വര്യ അഭിവൃദ്ധികളും
സംഭവിക്കുകതന്നെ ചെയ്യും