കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

കുഞ്ഞുങ്ങളുടെ വിദ്യാരംഭം പല പത്ര മാധ്യമ സ്ഥാപാനങ്ങളും ഏറ്റെടുത്ത് അവരുടെ കച്ചവടം വർധിപ്പിക്കാനുള്ള ഒരു ആഘോഷമാക്കിയിരിക്കുന്നു.
മാത്രമല്ല പ്രശസ്തിയും ഗ്ലാമറും ഉള്ളവരാണ് കുട്ടികളെ എഴുത്തിനിരുത്തേണ്ടത് എന്ന് പൊതുവെ സമൂഹം തെറ്റിദ്ധരിച്ചിരിക്കുന്നു.
എഴുത്തിനിരുത്തുമ്പോൾ മാതാപിതാക്കൾ ഒരു കാര്യം ഓർക്കണം. ഈ ചടങ്ങു വളരെ പവിത്രമായ ഒന്നാണ്. ഇത് പത്രമാദ്ധ്യമങ്ങൾ ആരംഭിച്ചതല്ല. ഋഷിമാർ ആരംഭിച്ചതാണ്.

പ്രാഥമിക വിദ്യാഭ്യാസ ത്തിന്റെ കാലഘട്ടം ഒരു വ്യാഴ വട്ടക്കാലം ആണ്. അതായത് 12 വര്ഷം. അതിന്റെ നാലില് ഒന്ന് പ്രായം ആയാല്കുഞ്ഞിനെ എഴുത്തിനു ഇരുത്താം. അതായത് 3 വയസ്സ്.കുട്ടികൾക് മൂന്നാംവയസ്സു തികയുന്നതിനു മുൻപ് ആണ് ഇത് നടത്താറ്.വിജയദശമി ദിവസം മുഹൂര്ത്തം നോക്കാതെയും മറ്റുദിവസങ്ങളില്മുഹൂര്ത്തം നോക്കിയുംഎഴുത്തിനിരുത്തുന്നു.

ഒരു കുട്ടിയെ എഴുത്തിനിരുത്തുന്നയാളുടെ, ജീവിതസംസ്കാരം, വാസന കുട്ടിയിലേക്കും പകരുന്നതാണെന്നു ഋഷീശ്വര സംസ്കാരം നമ്മെ പഠിപ്പിക്കുന്നു. അതിനാൽ തന്നെ കുഞ്ഞുങ്ങളുടെ വിദ്യാരംഭം നടത്തേണ്ടത് പുണ്യസ്തലത്ത്, ആധ്യാത്മകേന്ദ്രങ്ങളിൽ വച്ച് പുണ്ണ്യത്മാക്കളെക്കൊണ്ടായിരികകണം.
കുട്ടികളെ എഴുത്തിനിരുത്തുന്നയാളുടെ ജീവിതശൈലിയും വളരെ പ്രധാനമാണ്. തലേ ദിവസംവരെ മദ്യവും മാംസവും സേവിച്ചുഉറങ്ങിയെഴുന്നേറ്റു വരുന്ന ഒരുസാഹിത്യകാരനല്ല ഒരു സിനിമാനടനല്ല,രാഷ്ദ്രിയ നേതാവല്ല, ഏതെങ്കിലും മേഖലയിൽ പ്രശസ്തനായ വ്യക്തിയല്ല കുഞ്ഞുങ്ങളുടെ വിദ്യാരംഭം നടത്തേണ്ടത്. മറിച്ചു സാത്വികമായ വിശുദ്ധമായ ആചാരാനുഷ്ടനങ്ങളോടെ ഒരു സാധനാജീവിതം നയിക്കുന്ന വ്യക്തി തന്നെയാകണം കുട്ടികളുടെ വിദ്യാരംഭം നടത്തേണ്ടത്.

എഴുത്തിനിരുത്തുന്നത് വിദ്യാഭ്യാസം ഉള്ള രക്ഷിതാക്കള്ആണെങ്കില് പിതാവോ മാതാവോ ആയാല് വളരെ നന്ന് . കാരണം തന്റെ കുഞ്ഞിനു നല്ല വിദ്യ ഉണ്ടാകണം എന്ന് ആത്മാര്ഥമായി ആഗ്രഹിക്കുക രക്ഷിതാക്കള് തന്നെയാണ് സംശയം ഇല്ല. കുട്ടിയുടെ പിതാവ്, മുത്തച്ഛന് ഇവര്ക്കൊക്കെ ആചാര്യസ്ഥാനത്തിരുന്ന് വിദ്യയുടെ ആദ്യാക്ഷരങ്ങള് പകര്ന്നുകൊടുക്കാം.

അച്ഛന്റെയും അമ്മയുടെയും മടിയിലിരുന്നാണ് കുഞ്ഞ് ആദ്യാക്ഷരം കുറിക്കുന്നതെങ്കിൽ അതിനും നിയമങ്ങളുണ്ട്. അമ്മയാണെങ്കിൽ കുട്ടിയെ ഇടതുതുടയിലും അച്ഛനാണെങ്കിൽ വലതുതുടയിലും വേണം ഇരുത്താൻ. ആചാര്യന്റെ മടിയിലാണു കുട്ടി ഇരിക്കുന്നതെങ്കിൽ ആൺകുട്ടിയെ വലതുതുടയിലും (വശത്തും) പെൺകുട്ടിയെ ഇടതുതുടയിലും (വശത്തും) ഇരുത്തണം.
ക്ഷേത്രത്തില്പോയി കുട്ടിയെ തൊഴുവിച്ചു പ്രദക്ഷിണം വെപ്പിച്ചു വിഘ്നേശ്വരന്, സരസ്വതി, ശ്രീകൃഷ്ണന് എന്നിവരുടെ ചിത്രത്തിനു മുന്നില്ഭദ്രദീപം കൊളുത്തി വെച്ച് കുട്ടിയെ മടിയില് ഇരുത്തി നാക്കിൽ ഹരിശ്രീ ഗണപതയെ നമഃ എന്ന് സ്വര്ണം കൊണ്ട് എഴുതുക.

ആദ്യം കുട്ടിയുടെ നാവിൽ തേനിൽ മുക്കിയ സ്വർണം കൊണ്ടു വേണം അക്ഷരം കുറിക്കാൻ.
സ്വര്ണം ആയുസ്സാണെന്ന് വേദത്തില് പറയുന്നു. ഇവിടെ നാവിന്തുമ്പില് ഹരിശ്രീ കുറിക്കുമ്പോള് സ്വര്ണം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാകുന്നു. തേന്പോലെ മധുരമുള്ള വാക്കായിരിക്കണം. ഒപ്പം സ്വര്ണം പോലെ വിലപിടിച്ച വാക്ക് ഉപയോഗിക്കുന്നവനുമാകണം ഈ കുട്ടി.
സാധാരണയായി മോതിരം ആണ് എഴുതാൻ ഉപയോഗിക്കുന്നത്. മാതാപിതാക്കളുടെ വിവാഹ മോതിരം ആയാല് വളരെ നന്ന്. മാതാ പിതാക്കള്ക്ക് അതിനു കഴിയില്ലെങ്കില് ഏതെങ്കിലും സാത്വിക ജീവിതം നയിക്കുന്ന അധ്യാപകനോ അധ്യാപികയോ കുട്ടിയെ എഴുത്തിനു ഇരുത്താം.

എഴുത്തിനു ഇരുത്തുന്ന ആചാര്യന് പ്രശസ്തന് ആകണമെന്നില്ല. ജീവിതത്തില് മൂല്യങ്ങള് കൈവെടിയാത്ത വ്യക്തി ആയിരിക്കണം, ഭക്തനും ആയിരിക്കണം.താന് കൊടുക്കുന്ന വിദ്യ കുട്ടിയുടെ ഭാവി ശോഭാനമാകുവാന് ഉള്ളതാകണം എന്ന ചിന്തയും ഉണ്ടായിരിക്കണം.

എഴുത്തിനിരുത്തുന്ന സ്ഥലങ്ങൾക്കുമുണ്ട് പ്രത്യേകത. പ്രധാനമായും കൊല്ലൂർ മൂകാംബിക ക്ഷേത്ര സന്നിധിയിലും, കേരളത്തില് സരസ്വതീ ക്ഷേത്രങ്ങള്, കോട്ടയം പനച്ചിക്കാട്, പറവൂര് ദക്ഷിണ മൂകാംബികാ ക്ഷേത്രം, തൃശ്ശൂർ തിരുവുള്ളക്കാവ്, തിരൂര് തുഞ്ചന്പറമ്പ്, ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം എന്നിവിടങ്ങളിലും എഴുത്തിനിരുത്താറുണ്ട്. ചിലര് വീട്ടില് വെച്ചും നടത്തും. എഴുത്തിനിരുത്തൽ ബിസ്സിനസ്സ് നടത്തുന്ന പത്ര, കച്ചവട സ്ഥാപനങ്ങൾ ഒഴിവാക്കുന്നതാണ് അഭികാമ്യം.
ദേവീ പൂജയ്ക്ക്ശേഷം മുന്വച്ച താമ്പാളത്തില്പരത്തിയിട്ട അരിയിന്മേല്കുട്ടിയുടെ വിരല്പിടിച്ച് ” ഹരിശ്രി ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ”എന്നെഴുതിക്കുന്നു.
എഴുത്തിനു ഇരുത്തുമ്പോൾ എന്ത് കൊണ്ടാണു “ഹരിശ്രീ ഗണപതയേ നമ:” എന്ന് ആദ്യം എഴുതുന്നതെന്ന് നോക്കാം. കടപയാദി സംഖ്യാ സമ്പ്രദായത്തിൽ ഹരിശ്രീഗണപതയേ നമ: എന്നതിന്റെ സംഖ്യ 51 ആണു.

ഹരി-28, ശ്രീ-2, ഗ-3, ണ-5, പ-1, ത-6, യേ-1, ന-0, മ-5
മലയാളത്തിലെ അക്ഷരങ്ങൾ 51 ആണല്ലോ. അതുകൊണ്ട് നവരാത്രിക്ക് എഴുത്തിനിരുത്തുമ്പോൾ ഹരിശ്രീ ഗണപതയേ നമ: എന്നെങ്കിലും എഴുതുക എഴുതിക്കുക.
വിജയദശമി ദിവസം ദശമി തീരുന്നതു വരെ എഴുത്തിനിരുത്തുന്നതിനു മുഹൂർത്തം നോക്കേണ്ടതില്ല. മൂന്നാമതായി അക്ഷരമെഴുത്താണ്. അതെഴുതുന്നതാകട്ടെ അരിയിലും. ഭാരതത്തില് എല്ലാം ഈശ്വരീയമാണ്. അറിവ് ആര്ജിക്കുന്നതും ഈശ്വരീയം തന്നെ. അതിന്റെ ഉത്തമ ഉദാഹരണമാണ് അരിയിലെഴുത്ത്. പുഴുങ്ങി ഉണക്കാത്ത അരിയിൽ കുട്ടിയുടെ ചൂണ്ടുവിരൽ കൊണ്ട് (വ്യാഴത്തെയാണ് ചൂണ്ടുവിരൽ പ്രതിനിധീകരിക്കുന്നത്) അക്ഷരം എഴുതിക്കേണ്ടത്. സരസ്വതി അക്ഷരമാലയാണെങ്കില് അത് ആദ്യം എഴുതിപ്പഠിക്കുന്നത് അരിയിലാണല്ലോ. അരി അന്നമാണ്. അന്നം ബ്രഹ്മമാണെന്ന് (അന്നം വൈ ബ്രഹ്മ) ഉപനിഷത്തുകളില് കാണാം.
ഓരോ അക്ഷരവും കുട്ടിയെക്കൊണ്ടു പറയിച്ച് എഴുതിക്കുന്നത് ആരാണോ അവർ വേണം അക്ഷരം മായ്ക്കുവാൻ. കുട്ടിയെക്കൊണ്ട് അതു ചെയ്യിക്കരുത്. ഹരിഃ ശ്രീഃ ഗണപതയേ നമഃ എന്നു വേണം എഴുതിക്കുവാൻ. ‘ഗണപതായേ’ എന്നു ‘ത’ യ്ക്കു ദീർഘം കൊടുത്ത് എഴുതിക്കരുത്. അടുത്ത ദിവസം വീട്ടിൽത്തന്നെ രക്ഷിതാക്കൾ കുട്ടിയെക്കൊണ്ട് എഴുതിക്കണം. അതും അരിയിൽത്തന്നെ വേണം. വ്യക്തിത്വം നേടാന് വിദ്യാഭ്യാസത്തോടൊപ്പം മധുരമായ വാക്കും നോക്കും കലര്ന്ന സംസ്‌കാരം വേണം. സുവര്ണപൂരിതമായ, മൂല്യമേറിയ വാഗ്‌വൈഭവം വേണം. അങ്ങനെ വ്യക്തി സുവര്_ണശോഭിതനായി സമൂഹത്തില്പ്രശോഭിക്കും. ഇതാണ് എഴുത്തിനിരുത്തുമ്പോള്നമുക്കുണ്ടാകേണ്ട കാഴ്ചപാട് . ഈ പവിത്രമായ കര്മ്മത്തിലൂടെ ധാര്മ്മികതയും പരമ്പരാഗതമായി ആചരിച്ചുവരുന്ന സംസ്‌കാരവുമാണ് പുതുതലമുറയിലേക്കു പകര്ന്നുകിട്ടുക.

നവ ദുർഗ്ഗ🌹🌹 കാളരാത്രി 7️⃣

🕉️🕉️🕉️🕉️🕉️🕉️🕉️

🌹നവ ദുർഗ്ഗ🌹
🌹 കാളരാത്രി 7️⃣
ദേവി🌹
നവദുർഗ്ഗ ഭാവങ്ങളിൽ ഏഴാമത്തെ ഭാവമാണ്
കാളരാത്രി. നവ രാത്രിയിൽ ഏഴാം ദിവസമായ ദുർഗ്ഗാദേവിയെ കാളരാത്രിഭാവത്തിൽ ആരാധിക്കുന്നു. കാളരാത്രി എന്നതിന് ഇരുണ്ട രാത്രി എന്നർത്ഥം വരുന്നു.കാലനെയും അവസാനിപ്പിക്കാൻ കഴിവുള്ളതിനാൽ കാളരാത്രിയായി എന്നും ദുഷ്ടന്മാർക്ക് കാലനായി മരണം സമ്മാനിക്കുന്ന തിനാൽ കാളരാത്രി ആയി എന്നും രണ്ട് വ്യാഖ്യാനങ്ങൾ കാണുന്നു. ദുർഗ ഭാവങ്ങളിൽ ഏറ്റവും ഭീഭത്സ ഭാവമാണ് കാളരാത്രി. ഇരുളിൻ്റെ (കറുപ്പ്) നിറത്തോടു കൂടിയ ശക്തി സ്വരൂപമാണ് കാളരാത്രി .4 കൈകളോടെ കൂടിയതാണ് ധ്യാന രൂപം. ദേവി കഴുത്തിൽ അണിഞ്ഞിരിക്കുന്ന മാല ഇടിമിന്നൽ പോലെയാണ് പ്രകാശിക്കുന്നത്. ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ മൂക്കിലൂടെ തീജ്വാലകൾ
വരുന്നത് ശത്രുക്കളുടെ ഭയത്തെ വർധിപ്പിക്കുന്നതാണ്. കഴുതയാണ് ദേവിയുടെവാഹനം. കാളരാത്രി എന്ന രൂപം ധരിച്ചാണ് ദുർഗ്ഗാദേവി രക്തബീജൻ എന്ന അസുരനെ വധിച്ചത്. ഭൂമിയിൽ പതിക്കുന്ന ഓരോ തുള്ളി ചോരയിൽ നിന്നും നിരവധി അസുരന്മാർ ഉണ്ടാകുമെന്നതിനാൽ രക്ത പാനം ചെയ്ത് അസുര വധം ചെയ്ത കഥ മാർക്കണ്ഡേയപുരാണം പറയുന്നുണ്ട്. ശുഭാ കാരി എന്നും കാളരാത്രി ദേവി അറിയപ്പെടുന്നു. കാഴ്ചയിൽ ഭയാനകമാ ണെങ്കിലും അന്ധകാരത്തെ മാറ്റി ജ്ഞാനത്തെ നൽകുന്നതിലാണ് അങ്ങനെപറയുന്നത്. യോഗികളും സാധകനും നവരാത്രി ഏഴാമത്തെ ദിവസം സഹസ്രധാര ചക്രത്തിൽദേവിയെ ധ്യാനിക്കുന്നു. കാളരാത്രി ദേവിയുടെ അനുഗ്രഹത്താൽ അവരുടെ മുന്നിൽ പ്രപഞ്ച വാതിൽ തുറക്കപ്പെട്ടു കൊടുക്കും.
നവരാത്രിക്ക് ഏഴാം നാൾ സപ്തമിക്കു കാളരാത്രിഭാവത്തിൽ ദേവിയെ ആരാധിച്ചാൽ ദേവി ഭക്തർക്ക് നിർഭയത്വവും, ക്ഷമയും നൽകും സർവ്വ ഐശ്വര്യങ്ങൾക്കും ഒപ്പം നവഗ്രഹദോഷങ്ങളും ശമിപ്പിക്കും. നല്ല വിശ്വാസത്തോടെയും ഭക്തിയോടെയും ആയിരിക്കണം ആരാധന നടത്തേണ്ടത് എന്ന് മാത്രം.
🌹ജപിക്കേണ്ട മന്ത്രം🌹
🌹ഏകവേണീ
ജപാ കർണ്ണപൂര
നഗ്ന ഖരാസ്ഥിതാ
ലംബോഷ്ഠി
കർണ്ണികാകർണ്ണി
തൈലാഭ്യക്ത
ശരീരിണി
വാമ പാദോല്ല
സല്ലോഹ
ലതാകണ്ടക ഭൂഷണാ
വർധന മൂർധ്വജാ
കൃഷ്ണാ
കാളരാത്രിർ
ഭയങ്കരീ:🌹
🎪🔺🎪🔺🎪🔺🎪 🔥 രചന🔥

എങ്ങനെയാണ് കോമരം തുള്ളുന്നത്*?അഥവാ വെളിച്ചപ്പാടുതുള്ളല്‍


=====================================

  *കാവുകളിലും ഭഗവതിക്ഷേത്രങ്ങളിലും നടത്തുന്ന പൂജയും ചടങ്ങുമാണിത്. ഉത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന കര്‍മ്മങ്ങള്‍ക്കിടയില്‍ ദേവിയുടെ അനുഗ്രഹമുണ്ടായി തുള്ളുന്ന ചടങ്ങാണിത്‌. ചുവന്ന പട്ടുടുത്ത് തലയില്‍ പട്ടുതുണി കെട്ടി, ഉടവാളുമേന്തിയാണ് കോമരം തുള്ളുന്നത്. ദേവിയുടെ കല്പനകളും അനുഗ്രഹവും  കോമരത്തിലൂടെ ഉണ്ടാകും. കല്പന കേള്‍ക്കുന്നതിന് ഭക്തജനങ്ങള്‍ നേരത്തെ വ്രതാനുഷ്ഠാനങ്ങളോടെ കാത്ത് നില്‍ക്കും*
*മലബാര്‍, മധ്യതിരുവിതാംകൂര്‍ എന്നീ പ്രദേശങ്ങളില്‍ നടത്തപ്പെടുന്ന അനുഷ്ഠാനപരമായ ചടങ്ങാണ് കോമരംതുള്ളല്‍ അഥവാ വെളിച്ചപ്പാടുതുള്ളല്‍. കോമരം എന്നാല്‍ വെളിച്ചപ്പാട് എന്നാണ്. കോമരം നടത്തുന്ന തുള്ളലായതിനാല്‍ ഈ പേരുണ്ടായി. ഭഗവതീ ക്ഷേത്രങ്ങളിലാണ് ഇത് നടത്തപ്പെടുന്നത്*.
*വസൂരിരോഗവിമുക്തമായ കുടുംബങ്ങള്‍ വീടുകളിലും നടത്താറുണ്ട്. അമ്പലങ്ങളില്‍ കോമരം തുള്ളുന്നതിനു നിയുക്തരാകുന്നവര്‍ പൂജയ്ക്കുശേഷമാണ് തുള്ളുന്നത്. അമ്പലമതിലുകളില്‍ വിളക്കുകള്‍ കത്തിച്ചുവയ്ക്കും. വെളിച്ചപ്പാട് കുളി കഴിഞ്ഞ് വെള്ളത്തുണി ധരിച്ച് അതിനു മുകളിലായി മൂന്ന് മീറ്റര്‍ നീളത്തില്‍ ചുവന്ന തുണി ഇടത്തേ തോളിലൂടെ വലത്തേ കൈക്കു താഴെവരെ വിലങ്ങനെ ധരിച്ചിരിക്കും. അരയില്‍ കിലുങ്ങുന്ന അരമണിയും കഴുത്തില്‍ തെച്ചിപ്പൂമാലയും ഇടതുകൈയില്‍ കങ്കണവും ഇട്ടിരിക്കും. വലതുകൈകൊണ്ട് വാളും ഇടതുകൈകൊണ്ട് ചിലമ്പും പിടിച്ചു നീളത്തിലുള്ള തലമുടി നെറ്റിയിലും പിറകിലുമായി വിരിച്ചിട്ടു ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണംവച്ചു നടയിലെത്തുന്ന കോമരം വാദ്യഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ തുള്ളിച്ചാടുന്നു. ഭഗവതിയെ തന്നില്‍ ആവാഹിച്ച് കോമരം ഭക്തരുടെ ഭാവികാര്യങ്ങള്‍ പ്രവചിക്കുകയും ചിലപ്പോള്‍ കോമരം വാളുകൊണ്ട് തന്റെതന്നെ ശിരസ്സില്‍ വെട്ടാറുമുണ്ട്. അവസാനം ഭക്തന്മാര്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നല്‍കുന്നു*.
*രണ്ടിനം കോമരങ്ങളുണ്ട്. ആചാരപ്പെട്ട സ്ഥിരമായ കോമരങ്ങളാണ് ഒന്നാമത്തെ വിഭാഗം. തമ്പുരാക്കന്മാരില്‍നിന്നോ ഇടപ്രഭുക്കന്മാരില്‍നിന്നോ ആചാരം വാങ്ങുന്നവരാണ് ഇക്കൂട്ടര്‍. ആചാരപ്പെട്ടു കഴിഞ്ഞാല്‍ മദ്യമോ മത്സ്യമാംസാദികളോ ഉപയോഗിക്കാന്‍ പാടില്ല. തീയര്‍, വാണിയര്‍, കമ്മാളര്‍ എന്നീ സമുദായങ്ങള്‍ക്ക് ഇത്തരത്തിലുള്ള കോമരങ്ങള്‍ ഉണ്ട്. സവര്‍ണരുടെ കാവുകളിലും ക്ഷേത്രങ്ങളിലും മറ്റും പാട്ടുത്സവം, തീയാട്ട് എന്നിവ നടത്തുമ്പോള്‍ കോമരം ഇളകിത്തുള്ളുന്ന തെയ്യംപാടികള്‍, തീയ്യാടികള്‍, കുറുപ്പന്മാര്‍ എന്നിവരാണ് രണ്ടാമത്തെ വിഭാഗം. ഇവര്‍ പ്രത്യേകം ആചാരപ്പെട്ടവരല്ല. കോമരംതുള്ളലിനു പരിശീലനം ആവശ്യമാണ്, കൊട്ടുന്ന വാദ്യത്തിന്റെ താളത്തിനനുസരിച്ചാണ് കോമരം തുള്ളേണ്ടത്. ചെണ്ടയാണ് പ്രധാനവാദ്യം. വടക്കേ മലബാറില്‍ പൂരവേലയോടനുബന്ധിച്ച് അവര്‍ണരുടെ കാവില്‍നിന്ന് കോമരം പുറപ്പെട്ട് ഊരുചുറ്റുന്ന പരിപാടിയുണ്ട്. ‘ഏളത്ത്’ എന്നാണ് ചടങ്ങിന് പേര്. എഴുന്നള്ളത്ത് ലോപിച്ചാണ് ‘ഏളത്ത്’ ആയത്*.
*ഒരുപാടു കോമരങ്ങളെ  കൊടുങ്ങല്ലൂർ കാവുതീണ്ടലിന് കാണാറുണ്ട്  കേരളത്തിലെ ഏറ്റവും പ്രമുഖമായ കൊടുങ്ങല്ലൂരിലെ കാളി ക്ഷേത്രമായ , ശ്രീ കുരുംബ അമ്മ കാവിലെ മീനമാസത്തിലെ ഭരണിയുടെ പ്രാധന ചടങ്ങായ ” അശ്വതി നാളിലെ കാവുതീണ്ടൽ” ചടങ്ങ് നടന്നു . തിരുവോണനാളിലെ കോഴിക്കല്ലു മൂടൽ ചടങ്ങോടെ ആരംഭിക്കുന്ന ഭരണിയുത്സവത്തിൻറെ ഏറ്റവും ഭക്തി നിർഭരമായ ചടങ്ങാണ് കാവുതീണ്ടൽ* .
*ഭരണി നാളിന് തൊട്ടുമുമ്പുള്ള ദിവസം*.
**കടത്തനാടിന് വടക്കുനിന്നും വരുന്ന കോമരകൂട്ടം വാളും ചിലമ്പും അരമണിയും കിലുക്കി ഉറഞ്ഞുതുള്ളി ക്ഷേത്രത്തിന് വലം വച്ച് , ഉന്മദത്തോടെ ഭക്തിയും* *ലഹരിയും കലർന്ന ശരണം വിളികൾ , ‘ അമ്മയെ ശരണം ദേവി ശരണം ” ഭക്തിയുടെ , കണ്ണീരിൻറെ നിലവിളികളാൽ , മുഖരിതമാകുന്ന ദേവി സന്നിധി* . *കൈയിലെ മുളവടികൊണ്ട് ക്ഷേത്രത്തിൻറെ മേൽക്കൂരയുടെ ചെമ്പോലയിൽ അടിച്ചുകൊണ്ടു കോമരങ്ങൾ പ്രദിക്ഷണം വയ്ക്കുന്ന കാഴ്ച , ഭക്തിയുടെയും ആചാരത്തിൻറെയും ദ്രാവിഡത്തനിമയുടെ സങ്കലനമായേ കാണാനെ കഴിയൂ .ഇത് കൊടുങ്ങല്ലൂരിൽ മാത്രം*.

*അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരത്തിന്റെ ഏറെ ആകര്‍ഷകമായ കാഴ്ചയാണ് കൊട്ടിയിറക്കമെന്ന ആറാട്ടെഴുന്നള്ളിപ്പ്. ഉറഞ്ഞുതുള്ളുന്ന കോമരങ്ങളാണ് എഴുന്നള്ളിപ്പിന്റെ പ്രധാന കാഴ്ച*.
*ജീവിതം മുഴുവന്‍ ദൈവപ്രീതിക്കായി സമര്‍പ്പിക്കുന്ന കോമരങ്ങള്‍ ഉത്സവംകഴിഞ്ഞുള്ള ആറുമാസം ഉപജീവനത്തിനായി ബുദ്ധിമുട്ടാറുണ്ട്. കോമരങ്ങള്‍ക്ക് ദേവസ്വംബോര്‍ഡ് വക പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ ഏര്‍പ്പെടുത്താറില്ല എന്നൊരു സത്യാവസ്ഥ കൂടി നമ്മൾ അറിയണം*.
*മീന മാസത്തിലെ അശ്വതി നാളിലാണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ കാവുതീണ്ടൽ ചടങ്ങ്* *നടക്കുന്നത്. ദാരിക വധത്തിന് ശേഷം ഉഗ്രരൂപിണിയായ ഭദ്രകാളിയുടെ പ്രതിരൂപങ്ങളായാണ് പതിനായിരകണക്കിന് വരുന്ന കോമരങ്ങൾ ഉറഞ്ഞു തുള്ളി കാവുതീണ്ടുക*. *കീഴ്ജാതിക്കെതിരെ അയിത്താചരണം* *കൊടികുത്തിയ കാലത്തും ആചാരത്തിനുപരി*
**സമത്വത്തിന്റെ നേർക്കാഴ്ചയായി* *കൊടുങ്ങല്ലൂ

ർ ഭരണിയിലെ കാവുതീണ്ടൽ ഇന്നും ഒളിമങ്ങാത്ത സംഗമമായി തുടരുകയാണ്*

*ദുഷ്ടനായ ദാരികാസുരനിൽ നിന്ന് സമസ്തലോകത്തെയും രക്ഷിക്കാൻ പരമശിവന്റെ തൃക്കണ്ണിൽ നിന്നാണ് ഭദ്രകാളി ജനിക്കുന്നത്. ദാരികനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയെ ശാന്തയാക്കാൻ വേണ്ടി ശിവഗണങ്ങൾ ദേവീസ്തുതികളും ബലിയുമായി നൃത്തമാടിയെന്നും അപ്പോൾ കോപം ശമിച്ച് ദേവി സന്തുഷ്ടയായെന്നുമാണ് കഥ. ആ സംഭവത്തിന്റെ പ്രതീകാത്മകമായ അനുഷ്ഠാനമാണ് കൊടുങ്ങല്ലൂർ ഭരണി എന്നാണ് ഐതിഹ്യം. വെളിച്ചപ്പാടന്മാരുടെ ഉത്സവമാണിത്*.

കടപ്പാട്
*കാരിക്കോട്ടമ്മ*

കന്നിയിലെ ആയില്യം

കന്നിയിലെ ആയില്യം !

നാഗരാജാവിന്റെ പിറന്നാൾ…..

നാഗപ്രീതി വരുത്തി കുടുംബസുഖവും സർവ്വഐശ്വര്യവും നേടാനുള്ള ഏറ്റവും നല്ല ദിവസം ആണ് നാഗരാജാവിന്റെ തിരുനാൾ ആയ കന്നിമാസത്തിലെ ആയില്യം.
കേരളത്തിൽ നാഗആരാധനക്ക് പരശുരാമമഹർഷിയോളം പഴക്കമുണ്ട്.
താൻ കടലിൽനിന്ന് വീണ്ടെടുത്ത ഭൂമി, പാപശാന്തിക്കായി ബ്രാഹ്മണർക്ക് ദാനം ചെയ്തെങ്കിലും ആ ഭൂമിയിൽനിന്നും അവരെല്ലാം ഒഴിഞ്ഞുപോയി. കാരണം ഓരുവെള്ളം, (ഉപ്പുരസംഉള്ള വെള്ളം) മണ്ണിന്റെ കുഴമ്പ് രൂപത്തിലെ സ്ഥിതിയും !
താൻ ഭൂമികൊടുത്തിട്ടും ഗുണം കിട്ടാത്തതിലും, ശാപം ബാക്കി നിൽക്കുന്നതിലും വിഷണ്ണനായ ഭഗവാൻ ഭാർഗവരാമൻ, കൈലാസപതി ശ്രീപരമേശ്വരനെ ധ്യാനിച്ചു !
ശിവഭഗവാൻ പാർവതിസമേതനായി തന്റെ വെള്ളക്കാളപുറത്ത് എഴുന്നെള്ളി !
*എന്ത് വേണം ഭാർഗവരാമ? എന്താ എന്നെ സ്മരിച്ചത്?* ശിവഭഗവാൻ ചോദിച്ചപ്പോൾ അഖിലാണ്ഡകോടി ബ്രഹ്മാണ്ഡത്തിന്റെയും കാര്യവും കാരണവുമായ, സാക്ഷാൽ ആദിനാരായണ മൂർത്തിയുടെ പൂർണാവതാരമായ പരശുരാമന് തന്റെ വിഷമം അറിയിക്കാൻ ഒരു പ്രശ്നവും ഉണ്ടായില്ല ! താൻ വീണ്ടെടുത്ത ഈ ഭൂമി – കേരളം – ബ്രാഹ്മണർക്ക് ദാനം ചെയ്തതും അവർ ഉപേക്ഷിച്ചു പോയതും അതിനുള്ള കാരണവുമെല്ലാം ശിവനോട് പറഞ്ഞു.
ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണം എന്ന അപേക്ഷയും !
എല്ലാം കേട്ട ശിവഭഗവാൻ ഒന്ന് ചിരിച്ചുവത്രെ !
എന്നിട്ട് പറഞ്ഞു, *ആദിനാരായണ മൂർത്തിയായ ഭഗവാനെ, ഭാർഗവരാമ, ഇതൊരു വളരെ വലിയ കാര്യമല്ല, ഞാൻ ഇടപെടേണ്ടത്ര വലിയ പ്രശ്നം ഇല്ല. ഇതാ കണ്ടുവോ, എന്റെ ഈ കണ്ഠാഭരണം? ഈ വാസുകിയെ വിളിച്ചോളൂ, ആ നാഗരാജൻ വന്നു എല്ലാം മംഗളമാക്കിതരും*.
ഇതും പറഞ്ഞു യാത്രപറഞ്ഞു ശിവപാർവതിമാർ യാത്രയായി.
ഭാർഗ്ഗവരാമന് മനുഷ്യരെപ്പോലെ താൻ വലിയവനല്ലേ, അനന്തശായിആയ താൻ ഒരു പാമ്പിനോട് സഹായം ചോദിക്കയോ എന്ന വിഷമം ഒട്ടും ഉണ്ടായില്ല !
വാസുകിയെ പ്രാർത്ഥിച്ചതും, നാഗരാജാവായ വാസുകി എത്തി മുന്നിൽ !
*ഭാർഗവരാമന് നാഗരാജാവായ അടിയന്റെ പ്രണാമം. എന്താണാവോ അടിയനെ സ്മരിച്ചത്*?
ഭാർഗ്ഗവരാമൻ തന്റെ വിഷമങ്ങൾ.. ഭൂമി വീണ്ടെടുത്തതും, ദാനം, അവരുടെ തിരിച്ചുപോക്ക്.. എല്ലാം വിസ്തരിച്ചു പറഞ്ഞു വാസുകിയോട്. കൂടെ സഹായഅഭ്യർത്ഥനയും !
വാസുകി ഭഗവാൻ പറഞ്ഞു, *അനന്തശായിയായ നാരായണമൂർത്തിയായ ഭഗവാനെ, അടിയൻ ഉപ്പുവെള്ളം മുഴുവൻ വലിച്ചെടുത്ത് കടലിലിൽ വിസർജിക്കാം, ഈ ഭൂമി നല്ലതാക്കി തന്നുകൊള്ളാം, ഈ കരയെ നിധികുംഭങ്ങൾകൊണ്ട് നിറക്കാം. ഭൂമിയിലെ സ്വർഗ്ഗവും ദേവഭൂമിയും ആക്കി മാറ്റാം*

പക്ഷെ,
*ഒരു ചെറിയ സഹായം ചെയ്തു തരണം. എല്ലാ തറവാടിന്റെയും തെക്കുപടിഞ്ഞാറേ മൂലയിൽ ഞങ്ങൾക്ക് – നാഗങ്ങൾക്ക് – ഒരു സ്ഥാനം തരുമോ?*
*എങ്കിൽ ആ വീട്ടിൽ സന്തതി, സമ്പത്ത്, എല്ലാ ഐശ്വര്യങ്ങളും ഞങ്ങൾ നിലനിർത്തും. ത്വക്ക് രോഗം, ശിരോരോഗങ്ങൾ ഒന്നും ഇല്ലാതെ, പാണ്ടുരോഗം, കുഷ്ഠം, പുത്രകളത്ര നാശം ഇല്ലാതെ ഞങ്ങൾ നോക്കിക്കോളാം, തന്നുകൂടെ ഭഗവാനെ ഞങ്ങൾക്കൊരിടം?* വാസുകി ചോദിച്ചു.
*വർഷത്തിൽ ഒരു ദിവസം – അത് നാഗരാജാവിന്റെ പിറന്നാൾ ആയ കന്നിയിലെ ആയില്യത്തിനായാൽ അത്യുത്തമം – ഒരു നൂറും പാലും, വെള്ളരി,കവുങ്ങിന്പൂക്കുല, ഒന്നുമില്ലെങ്കിൽ ഒരു കെട്ടുതിരി കത്തിച്ചാൽ ഞങ്ങൾ പ്രസാദിക്കും. ആ കുടുംബത്തെ ഞങ്ങൾ കാത്തുരക്ഷിക്കും.പറയുന്നത് വാസുകി ആണ്. ഞങ്ങൾ വാക്ക് പാലിക്കും, തന്നുകൂടെ ഭഗവാനേ?*
അത് കേട്ട് ഭാർഗ്ഗവരാമൻ പ്രസന്നനായി ! അങ്ങനെ ഭവിക്കും, കേരളക്കരയിൽ എല്ലാ തറവാട്ടിലും തെക്കുപടിഞ്ഞാറേ മൂലയിൽ പാമ്പിൻകാവുകൾ ഉണ്ടായി !

ഏറ്റവും കഷ്ടമായ കാര്യം ഇപ്പോൾ ആ പാമ്പിൻകാവുകളെ ഒഴിപ്പിച്ചു കൊടുത്തയക്കുന്നു, കാവുകൾ നശിപ്പിക്കുന്നു എന്നതാണ് !
മക്കൾ മദ്യപാനികൾ, രോഗികൾ, വിധവകൾ ഒക്കെ ആയി മാറുന്ന ദുരവസ്ഥ !
*പ്രത്യക്ഷ ദൈവം ആണ് നാഗങ്ങൾ!*

ക്ഷിപ്രപ്രസാദികൾ.. പക്ഷെ, പിണങ്ങിയാൽ…. അങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ !
എല്ലാവരെയും നാഗദൈവങ്ങൾ അനുഗ്രഹിക്കട്ടെ.. 

കടപാട്

രാവണൻ എങ്ങനെ ലങ്കാധിപതിയായി? അതോടൊപ്പംപുഷ്പകവിമാനം കുബേരനിൽനിന്നും എങ്ങനെകരസ്ഥമാക്കി?

രാവണൻ എങ്ങനെ ലങ്കാധിപതിയായി? അതോടൊപ്പം

പുഷ്പകവിമാനം കുബേരനിൽനിന്നും എങ്ങനെ

കരസ്ഥമാക്കി?

രാക്ഷസർ ദേവന്മാരെ നിരന്തരം പീഡിപ്പിച്ചതിൻറെ ഫലമായി അവർ മഹാവിഷ്ണുവിനെക്കണ്ട് സങ്കടം ബോധിപ്പിച്ചു. മഹാവിഷ്ണു അവരെ രക്ഷിക്കാമെന്ന് ഉറപ്പും നൽകി. മഹാവിഷ്ണുവിനാൽ പരാജിതരായ രാക്ഷസന്മാർ (മാല്യവാൻ, സുമാലി എന്നിവർ. അതിൽ മാലിയെയും അവരുടെ പടയാളികളെയും വിഷ്ണു ഭഗവാൻ സുദർശനചക്രമുപയോഗിച്ച് വധിച്ചിരുന്നു) ലങ്കയുപേക്ഷിച്ച് പാതാളത്തിൽപ്പോയി ഒളിച്ചുതാമ സിച്ചു. കൂടെ സുമാലിയുടെ പുത്രി കൈകസിയെയും കൂട്ടിയിരുന്നു. അങ്ങനെ ശൂന്യമായ ലങ്കയെ വിശ്രവസ്സ് തൻറെ മകൻ വൈശ്രവണന്‌ (കുബേരന്) നൽകി.
പിന്നീടൊരുദിവസം സുമാലിയും പുത്രികൈകസിയും ഭൂമണ്ഡലത്തിൽ, ബന്ധുക്കളാരെങ്കിലുമുണ്ടോ എന്നന്വേ ഷിക്കുവാനായിറങ്ങി. അപ്പോൾ പൗലസ്ത്യതനയനായ വിശ്രവസ്സിൻറെ മകൻ കുബേരൻ തൻറെ പിതാവിനെ വന്ദിപ്പാൻ ആകാശത്തുകൂടി പുഷ്പകവിമാനത്തിൽ സഞ്ചരിച്ചുപോകുന്നത് കാണുവാനിടയായി. ”ഉത്സാഹ മുണ്ടെ ങ്കിൽ ഇതുപോലൊരു പുത്രൻ നിനക്കുമുണ്ടാകും” എന്ന് പിതാവ് പറഞ്ഞതനുസരിച്ച്, കൈകസി വിശ്രവ സ്സിനെ സ്വയം സേവിക്കാൻ തീരുമാനിച്ചു. അതുവഴി, സൂര്യാസ്തമയസമയത്ത് ഗർഭംധരിച്ച കൈകസിക്ക് മഹാക്രൂരന്മാരും എന്നാൽ അതിശക്തന്മാരും അതുല്യ പരാക്രമികളും ആയ രണ്ടുപുത്രന്മാരും ഒരുപുത്രിയും ജനിച്ചു. അവർ രാവണനും, കുംഭകർണ്ണനും, ശൂർപ്പണഖ യുമായിരുന്നു. എന്നാൽ നാലാമത്തെ പുത്രൻ വിഭീഷണൻ മഹാവിദ്വാനും, സാത്വികനും ആയിരുന്നു. ഈ നാലു പേരും ഒരേ പ്രസവത്തിൽത്തന്നെ ജനിച്ചവരാണ്. പുത്ര ന്മാർ മൂവരും വളർന്ന് ഗോകർണത്തു പ്രവേശിച്ച് ബ്രഹ്മാവിനെനിനച്ച് തപസ്സു തുടങ്ങി. ”മനുഷ്യനായി പിറന്നവനൊഴിച്ച് ബാക്കി ആരാലും കൊല്ലപ്പെടരുത് ”എന്നവരമാണ് രാവണന് ലഭിച്ചത്. കുംഭകർണ്ണൻറെ നാവിൽ കയറിയ സരസ്വതീദേവി ”നിർദേത്വം” (ദേവന്മാ രില്ലാത്ത അവസ്ഥ) എന്ന വാക്കിനെ പിഴപ്പിച്ച് “നിദ്രത്വം” എന്നാക്കിത്തീർത്തതിനാൽ അങ്ങനെയുള്ള വരം കുംഭക ർണ്ണന് ലഭിച്ചു. കൽപാവസാന കാലത്തോളം സങ്കടമി ല്ലാതെ ഭാഗവതോത്തമനായി ജീവിച്ചിരിക്കാനുള്ള വരo ബ്രഹ്‌മാവ്‌ വിഭീഷണനുo നൽകി.
ഈ വിവരമറിഞ്ഞ് സുമാലിയും പുത്രന്മാരും രാവണാ ദികളെക്കാണാനെത്തി. സുമാലിയുടെപുത്രൻ പ്രഹ സ്തൻ രാവണനോട് പറഞ്ഞു, ”ലങ്കാപുരി രാക്ഷസവംശ ത്തിൻറെ ആസ്ഥാനമാണ്. മഹാവിഷ്ണുവിനെഭയന്ന് രാക്ഷസർ ലങ്ക ഉപേക്ഷിച്ച് പാതാളത്തിൽ പോയി ഒളിച്ചു താമസിക്കേണ്ടിവന്നു. ഇപ്പോൾ രാവണന് അമരത്വവര വും ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് വൈശ്രവണിൽ നിന്നും ലങ്ക തിരിച്ചുപിടിച്ച് വീണ്ടും നിശാചരന്മാരെ അവിടെ താമസിപ്പിക്കണം”. പ്രഹസ്തൻറെ വാക്യംകേട്ട് രാവ ണൻ പ്രഹസ്തനെത്തന്നെ ദൂതനാക്കി വൈശ്രവണൻറെ പക്കൽ പറഞ്ഞയച്ചു.
പ്രഹസ്തൻറെ വാക്യം കേട്ടിട്ട് വൈശ്രവണൻ (കുബേ രൻ) പറഞ്ഞു, ”തന്നുടെസോദരനായ ദശാനനോടുകൂടി വസിക്കാനാണ് എനിക്കും ആഗ്രഹം. അതുകൊണ്ട് ദശാനനെ നീ ഇങ്ങോട്ടുവരുത്തുക. എനിക്ക് അടുത്തു കാണാൻ ആഗ്രഹമുണ്ട് ”. പ്രഹസ്തൻ പോയശേഷം അന്നുതന്നെ കുബേരൻ തൻറെപിതാവിനെക്കണ്ട് വന്ദിച്ച് ദശാനനദൂതവാക്യങ്ങളറിയിച്ചു. അപ്പോൾ വിശ്രവസ്സ് മകനോട് പറഞ്ഞു,
“നല്ലതല്ലേതുമവൻ ദുഷ്ടനെത്രയും
നല്ലതു നീയിങ്ങു പോരിക വൈകാതെ
അർത്ഥകളത്രപുത്രാദിജനത്തൊടു-
മത്രൈവ സത്വരം വാങ്ങി വസിക്ക നീ
സങ്കടമേതും വരാതെ ദിനംപ്രതി
ശങ്കരാജ്ഞാകരനായിരിക്കാമെടോ!
കൈലാസശൈലാന്തികേ പുരവും തീർത്തു
കാലാരിഭക്തനായ് (ശിവഭകതനായി) വാഴ്ക മേലിൽ ഭവാൻ”.
അതിൻപ്രകാരം കുബേരൻ ലങ്ക ഉപേക്ഷിച്ച് ബന്ധുമിത്രാ ദികളോടുംകൂടി കൈലാസത്തിനടുത്തുള്ള അളകാപുരി യിൽവസിച്ച് പരമശിവനെ ഭജിച്ചുകഴിഞ്ഞു.
വൈശ്രവണൻറെ ലങ്കാപരിത്യാഗത്തിനുശേഷം രാവണൻ, ബ്രഹ്‌മാവിൻറെ വരപ്രസാദത്തിനാൽ ലങ്കാധിപനായി അഭിഷേകം ചെയ്യപ്പെട്ടു. പിന്നീട് അനുജനായ കുംഭകർ ണ്ണനു ചിത്രമായ ഉറക്കറ തീർത്തുകൊടുത്തു. സഹോദരൻ നിദ്രാവശഗതനാകയാൽ ഖേദപരവശനായി രാവണൻ ബ്രഹ്‌മാവിനെ തൻറെ സങ്കടമുണർത്തിച്ചു.
രാവണൻറെ അഭ്യർത്ഥനപ്രകാരം ബ്രഹ്‌മാവ്‌,
“ആറുമാസം കഴിഞ്ഞാലൊരു വാസരം (ദിവസം)
വേറായിരിക്കുമുറക്കമവനിനി
മറ്റേതുമാവതില്ലെന്നരുളിച്ചെയ്തു
തെറ്റെന്നവിടെ മറഞ്ഞു വിരിഞ്ചനും”…….കുംഭകർണ്ണന് ആറുമാസം കഴിയുമ്പോൾ ഒരുദിവസം ഉണരാമെന്നു ബ്രഹ്‌മാവ് അനുഗ്രഹംനൽകി.
രാവണൻ നിരന്തരം മൂന്നുലോകങ്ങൾക്കും ദുരിതം നിർ മ്മിച്ചുകൊണ്ടിരുന്നു. ആ സമയത്ത് ഘോരവനത്തിൽ വച്ച് രാക്ഷസന്മാരുടെ വിശ്വകർമ്മാവും ദിതിയുടെ പുത്ര നുമായ മയനെ കണ്ടുമുട്ടി. മയനുമായുള്ള സംഭാഷണ ത്തിൽ, തൻറെ മകൾ ഹേമയ്ക്ക് യൗവ്വനപ്രായമായെന്നും അവൾക്ക് യോഗ്യനായ ഒരു പുരുഷനെത്തേടി നടക്കുക യാണെന്നുമുള്ള കാര്യം മയനിൽനിന്നും രാവണൻ കേട്ട റിഞ്ഞു. രാവണനാകട്ടെ, താൻ പൗലസ്ത്യപൗത്രനും ലങ്കാ ധിപനുമായ രാവണനാണെന്നും ഹേമയെ കല്യാണം കഴി ക്കാനാഗ്രഹിക്കുന്നു എന്നും മയനോട് പറഞ്ഞതിൻ പ്രകാ രം, ശോഭനമായ മുഹൂർത്തത്തിൽ മയൻ പുത്രിഹേമയെ (മണ്ഡോദരി) രാവണനു കന്യാദാനം ചെയ്തുകൊടുത്തു. സ്ത്രീധനവും ഒരുവേലും മയൻ ആ ശുഭമുഹൂർത്തത്തിൽ രാവണനുനൽകി. ഈ വേലുകൊണ്ട് താഡ നമേൽക്കുന്ന വൻ ആരുതന്നെയായാലും അവൻതൽക്ഷണം മരിച്ചു പോകും എന്നുള്ളതാണ് ഈവേലിൻറെ പ്രത്യേകത. അസുരചക്രവർത്തിയായ വൈരോചനൻറെ (വൈരോ ചനൻ, പ്രഹ്ലാദൻറെ പുത്രനും മഹാബലിയുടെ പിതാവു മാണ്) ദൗഹിത്രി (പൗത്രി) യായ വൃത്രജ്വാലയെ കുംഭകർ ണ്ണനെക്കൊണ്ട് വിവാഹംകഴിപ്പിച്ചു. (വൃത്രജ്വാല മഹാ ബലിയുടെ പുത്രിയാണ്). ഗന്ധർവ്വരാജനും മഹാത്മാവു മായ ശൈലൂഷൻറെപുത്രി സരമയെ വിഭീഷണനും പാണിഗ്രഹണo ചെയ്തു. രാവണസഹോദരി ശൂർപ്പണ ഖയെ കാലഖഞ്ജവംശത്തിൽപിറന്ന വിദ്യുജ്ജിഹ്വനെന്ന രാക്ഷസനു വിവാഹംകഴിച്ചുകൊടുത്ത് ദണ്ഡകാരണ്യ ത്തിൽ താമസിപ്പിച്ചു. തൻറെ ചിറ്റമ്മയുടെ മക്കളായ ഖരൻ, ദൂഷണൻ, ത്രിശിരസ്സ് എന്നീ രാക്ഷസന്മാരെ സഹാ യത്തിനായി കൂടെഅയച്ചു. വളരെക്കാലം ചെല്ലുന്നതിനു മുമ്പുതന്നെ വിദ്യുജ്ജിഹ്വൻ മരിച്ചുപോയി. ക്രൗഞ്ചി എന്ന മറ്റൊരു സഹോദരിയെ ഖഡ്ഗജ്ജിഹ്വൻ എന്ന രാക്ഷസന് കല്യാണംകഴിപ്പിച്ച് പരലങ്കയിൽ താമസി പ്പിച്ചു. മൂന്നാമത്തെ സഹോദരി കുംഭിനസിയെ മധു എന്നരാക്ഷസനും കല്യാണംകഴിപ്പിച്ച് മധുവനത്തിൽ താമസിപ്പിച്ചു. (ക്രൗഞ്ചിയും കുംബിനസിയും രാവണ ൻറെ ചിറ്റപ്പൻ സുമാലിയുടെ പുത്രിമാരാണ് .കുംബിനസി യുടെ പുത്രനാണ് ലവണാസുരൻ).
രാവണനും മണ്ഡോദരിക്കും ജനിച്ച ആദ്യപുത്രനാണ് മേഘനാദൻ. ജനിച്ചപ്പോൾത്തന്നെ മേഘനാദംപോലെ രോദനംചെയ്കയാൽ മേഘനാദൻ എന്ന പേരു ലഭിച്ചു.
രാവണൻറെ ദുർഭരണം കേട്ടറിഞ്ഞ കുബേരൻ ഒരു ദൂതനെ അയച്ച് രാവണനോട് ”അധർമ്മം ചെയ്യരുത്” എന്ന് പറഞ്ഞു. വിഭീഷണൻ ആ ദൂതനെ സൽക്കരിച്ചി രുത്തി. എന്നാൽ രാവണൻ ദൂതവാക്യങ്ങൾകേട്ട് തൻറെകൈകൾ ഞെരിച്ചട്ടഹാസംചെയ്ത് ക്രോധത്തോടെ വാളെടുത്ത് ദൂതനെവെട്ടിനുറുക്കി. ( ഇങ്ങനെയൊരു സംഭവം വിഭീഷ ണൻ കേട്ടിട്ടില്ല എന്ന് പറയുന്നതായിട്ട് വാത്മീകിരാമായണത്തിലും അദ്ധ്യാത്മരാമായണത്തിലും പ്രതിപാദിക്കുന്നുണ്ട്. അതായത് ശ്രീരാമദൂതനായ ഹനു മാനെ വധിക്കാൻ രാവണൻ അടുത്തുണ്ടായിരുന്ന ആയുധപാണിയോട് ആജ്ഞാപിച്ചപ്പോൾ വിഭീഷണൻ തടഞ്ഞിട്ട് ”അരുതരുതു ദുരിതമിതു ദൂതനെക്കൊല്ലുകെ ന്നാർക്കടുത്തു നൃപന്മാർക്കു ചൊല്ലീടുവിൻ?” എന്ന് എഴുത്തച്ഛൻ സുന്ദകാണ്ഡത്തിൽ വിവരിക്കുമ്പോൾ, ഉത്തരകാണ്ഡത്തിൽ രാവണൻ കുബേരദൂതനെ വിഭീഷ ണൻറെ മുമ്പിൽവെച്ച് വധിച്ചതായി പ്രസ്താവിക്കുന്നു. ഇവിടെ വൈരുദ്ധ്യം കാണുന്നതിനാൽ, ഇക്കാര്യം ഉത്തര കാണ്ഡത്തിൻറെ രചയിതാവിനെപ്പറ്റിയുള്ള സംശയ ത്തിന് കാരണമായിത്തീരുന്നു). പിന്നീട് ക്രോധത്തോടെ കുബേരനെ ജയിക്കാൻ രഥത്തിൽക്കയറി അളകാപുരി യിലോട്ടുയാത്രയായി. പെരുംപടയോടുകൂടി മാരീചൻ, സാരണൻ, വീരൻ, മഹോദരൻ, മഹാപാർശ്വൻ, ധുമ്രാ ക്ഷൻ എന്നീ ആറുസേനാനായകരും പ്രഹസ്തനും മുന്നിൽ നിന്ന് യുദ്ധംചെയ്തു. കുബേരൻറെ നാലായിരംയക്ഷ പ്പടയിൽ ആയിരത്തെ മഹോദരൻ കൊലചെയ്തു. പ്രഹ സ്തനും ആയിരത്തെക്കൊലചെയ്തു. മാരീചനാകട്ടെ ബാക്കിയുണ്ടായിരുന്ന രണ്ടായിരത്തെയുമൊടുക്കി. കുബേരൻ ആഗ്നേയാസ്ത്രം പ്രയോഗിച്ചപ്പോൾ രാവണൻ വരുണാസ്ത്രംകൊണ്ട് അതിനെത്തടഞ്ഞു. പിന്നെ മായാ യുദ്ധത്തിൽക്കൂടി രാവണൻ കുബേരനെ മോഹിപ്പിച്ച് ആലസ്യത്തോടെ നിലംപതിപ്പിച്ചു. ഇതുകണ്ടുനിന്ന മുനി മാരും ദേവന്മാരും കുബേരനെ രക്ഷപ്പെടുത്തി. ദീർഘ നിശ്വാസത്തോടെ കുബേരൻ കണ്ടുനിൽക്കെ, രാവണൻ വൈശ്രവണൻറെ പുഷ്പകവിമാനത്തെ അപഹരിച്ചു കൊണ്ടുപോയി.
അപഹരിച്ച പുഷ്പകവിമാനത്തിൽക്കയറി ലങ്കയി ലോട്ടു വരുന്നവഴിയിൽ രാവണൻ ശരവണദേശത്തെ ത്തിയപ്പോൾ (പരമശിവൻ നൃത്തമാടുന്നസ്ഥലം) പുഷ്പകവിമാനം അവിടെ ഉറച്ചുപോയി. കാരണമറി യാതെ വിഷമിച്ചുനിൽക്കുമ്പോൾ, നന്ദീശ്വരൻ (പരമ ശിവൻ) ഒരുവാനരവേഷത്തിൽ അവിടെ പ്രത്യക്ഷപ്പെട്ട് ഇപ്രകാരം പറഞ്ഞു – ”സാക്ഷാൽ പരമശിവൻ നൃത്തം ചെയ്യുന്ന പ്രദേശമാണിവിടം. അതുകൊണ്ട് ഇവിടെ ആരുംവരാൻ പാടില്ല. എന്തായാലും വന്നസ്ഥിതിക്ക് നീ തിരികെപോകുന്നതാണ് ഉത്തമം. ധിക്കാരബുദ്ധിയോടെ മരിപ്പാനായി ഇവിടേയ്ക്ക് നീ ഒരിക്കലും വന്നുപോക രുത് ”. അതുകേട്ട് രാവണൻ ആവാനരനെ പരിഹസിച്ച് അലറിച്ചിരിച്ചു.
അതിനുസാക്ഷിയായ ആ ‘വാനരൻ’ രാവണനോട് പറഞ്ഞു,
“ഇപ്പോൾ വധിക്കുന്നതില്ല ഞാനെന്നുമേ
പത്മോത്ഭവൻ തവ തന്ന വരത്തിനാൽ
വാനരനെന്നു നീ നിന്ദിച്ചകാരണം
വാനരന്മാരാൽ വരും കുലനാശവും”……. എന്ന് നന്ദീശ്വരൻ രാവണനെ ശപിച്ചു.
നേർവഴിയ്ക്ക് തടസ്സമുണ്ടായപ്പോൾ രാവണൻ കൈലാസ പർവ്വതത്തെ ഇളക്കി മാറ്റാൻതുടങ്ങി. പാർവ്വതിയും അനുചരന്മാരും അതോടെഭയന്നുവിറച്ചു. പാർവതീ ദേവി ഭയത്തോടെ ഓടിവന്ന് ഭർത്താവിനെ ഗാഢമായി ആലിംഗനംചെയ്തു. അനുരാഗവശനായഭഗവാൻ ചിരിച്ചുകൊണ്ട് തൻറെകാലിലെ മനോഹരമായ പെരു വിരൽ കൊണ്ട് ഊന്നിയപ്പോൾ കൈലാസംപഴയതു പോലെ ഉറച്ചുനിന്നു. അതോടെ രാവണൻറെകൈകൾ പർവ്വതത്തിനടിയിൽപ്പെട്ട് ഞെരുങ്ങിച്ചമഞ്ഞുപോയി. രാവണൻറെ ദീനരോദനംകേട്ട് ഊഴിയും, ആഴിയും, ശൈലവനങ്ങളും, ലോകത്തുള്ള ജനങ്ങളും ഭയംകൊണ്ട് വിറച്ചു. അങ്ങനെ ആയിരംസംവത്സരം രാവണൻ വേദനപൂണ്ട് തൻറെ കൈകളെ വീണയാക്കി, അവിടെ പരമശിവനെ ഭക്തിപൂർവ്വം ഭജിച്ചുകൊണ്ടിരുന്നു. തന്നി മിത്തം പ്രീതിതോന്നിയ പരമശിവൻ പെറുവിരലൊന്ന യച്ചിട്ട് അരികത്തെത്തി രാവണന് ചന്ദ്രഹാസം എന്നറിയ പ്പെടുന്ന വാൾ സമ്മാനിച്ചു. അതോടെ രാവണൻ ശിവ ഭക്തനായിമാറി. പിന്നീട് പുഷ്പകവിമാനത്തിൽക്കയറി ലങ്കയിലോട്ടു യാത്ര തിരിച്ചു.

ഗുരുവായൂർ കിഴക്കേ നടയിൽ തലയെടുപ്പോടു കൂടി നിൽക്കുന്ന ഒരാൽമരം കണ്ടിട്ടില്ലേ? ഗരുഡനും പൂന്താനവും കാവൽ നിൽക്കുന്ന ആ ആലാണ് മഞ്ജുളാൽ. ആ ആലിന് മഞ്ജുളാൽ എന്നാ പേര് വരാനുള്ള കാരണം എന്താണെന്നറിയുമോ

ഗുരുവായൂർ കിഴക്കേ നടയിൽ തലയെടുപ്പോടു കൂടി നിൽക്കുന്ന ഒരാൽമരം കണ്ടിട്ടില്ലേ? ഗരുഡനും പൂന്താനവും കാവൽ നിൽക്കുന്ന ആ ആലാണ് മഞ്ജുളാൽ. ആ ആലിന് മഞ്ജുളാൽ എന്നാ പേര് വരാനുള്ള കാരണം എന്താണെന്നറിയുമോ

മഞ്ജുള ഒരു വാരസ്യാര്‍ പെൺകുട്ടി ആയിരുന്നു,വലിയ കൃഷണ ഭക്ത !!ഗുരുവായൂരിലായിരുന്നു അവരുടെ വീട്. എന്നും സന്ധ്യക്ക് ഗുരുവായൂരപ്പന് ഒരു മാല മഞ്ജുള കെട്ടി കൊണ്ട് കൊടുക്കുമായിരുന്നു . ഭഗവത് നാമം പാടിക്കൊണ്ട് പൂക്കൾ കൊണ്ട് മനോഹരമായ മാലകൾ ഉണ്ടാക്കി ദിവസവും ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയിരുന്നു.

ദിവസവും അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ കുറച്ചു ദിവസമായി കാലി ചെക്കന്മാരുടെ ശല്യമാണ് . കൂട്ടത്തിൽ നേതാവെന്ന് തോന്നിക്കുന്ന കരുമാടിക്കുട്ടൻ മഞ്ജുള പോകുന്ന വഴിയിൽ നിന്ന് എന്നും കളിയാക്കുകയും ചെയ്യും. . പക്ഷെ അവൾ ഗുരുവായൂരപ്പനെ മനസ്സിൽ ഓർത്ത് മറ്റൊന്നും ഗൗനിക്കാതെ നടക്കുകയാണ് പതിവ്. ഒരു ദിവസം അവൻ മനോഹരമായി പുല്ലാങ്കുഴലും ഊതി മഞ്ജുള്ളയുടെ പുറകെ ചെന്ന് പൂമാല ചോദിച്ചു ശല്യമായി പുറകെ കൂടി. നട അടയ്ക്കുന്നതിന് മുന്നേ ചെല്ലാൻ വേണ്ടി അവൾ വേഗത്തിൽ നടന്നു. പുല്ലാങ്കുഴൽ പാട്ടുമായി കാലി ചെക്കനും കൂടെ എത്തി

ക്ഷേത്ര നടയ്ക്കൽ ചെന്ന അവളെ പക്ഷെ ക്ഷേത്രം കാവൽക്കാർ അകത്തേക്ക് കയറ്റിയില്ല . ആല്‍ച്ചുവട്ടില്‍ ഒരു കാലി ചെറുക്കന്റെ കൂടെ നില്‍ക്കുന്ന കണ്ടു എന്ന അപരാധം അവളില്‍ ചുമത്തി. കയ്യിൽ താൻ കൊരുത്ത പുഷ്പഹാരവുമായി വല്ലാതെ സങ്കടപ്പെട്ടു അമ്പലത്തിനു പുറത്തു നിന്ന് കരയുന്ന മഞ്ജുളയെ അമ്പലത്തില്‍ നിന്നും തൊഴുതു വരുന്ന പൂന്താനം കണ്ട് കാര്യം അന്വേഷിച്ചു . മഞ്ജുള സങ്കടത്തോടെ കാര്യം പറഞ്ഞു കൊടുത്തു. അപ്പോള്‍ പൂന്താനം കുറച്ച ദൂരെ ആയിട്ടുള്ള ആല്‍മരം കാണിച്ച കൊടുത്തിട്ട് പറഞ്ഞു ,” ആ ആലിന്റെ ചുവട്ടില്‍ കാണുന്ന കല്ലില്‍ ഭഗവാന്‍ എന്ന് സങ്കല്‍പ്പിച്ച് ആ മാല അതിൽ ചാര്‍ത്തിക്കോളൂ. കല്ലിലും മരത്തിലും എല്ലാം ഉള്ള ഭഗവാൻ ആ മാലയും സ്വീകരിച്ചു കൊള്ളും” . അത് കേട്ട് കരച്ചിൽ അടക്കി മഞ്ജുള ഭക്തി പൂര്‍വ്വം ആ മാല അവിടെയുള്ള കല്ലിനെ ചാര്‍ത്തിച്ചു. അപ്പോൾ സമയം സന്ധ്യ ആയിരുന്നു . അക്കാലത്ത് ആ ആലിന്‍ ചുവട്ടില്‍ നിന്ന് നോക്കിയാല്‍ നേരെ ശ്രീകോവിലില്‍ ദീപം കാണുമായിരുന്നു. അവൾ അവിടെ നിന്ന് കുറെ നേരം പ്രാർത്ഥനയോടെ ദീപാരാധന കണ്ട് തൊഴുതു നിന്നു . രാത്രി അധികം ആവുന്നതിന് മുന്നേ വീട്ടിലേക്ക് തിരിച്ചു .

പിറ്റേ ദിവസം നിര്മാല്യത്തിനു നട തുറന്നു , മേല്‍ശാന്തി ഭഗവാന്റെ അലങ്കാരങ്ങള്‍ ഓരോന്നായി മാറ്റാന്‍ തുടങ്ങി . എന്നാല്‍ എത്ര ശ്രമിച്ചിട്ടും ഒരു മാല മാത്രം ഭഗവാന്റെ കഴുത്തില്‍ നിന്നും മാറ്റാന്‍ സാധിക്കുന്നില്ല. അത് താൻ തലേ ദിവസം ചാർത്തിയ മാല അല്ലല്ലോ എന്ന് മേൽശാന്തി അത്ഭുതപ്പെട്ടു. എല്ലാവര്ക്കും പരിഭ്രാന്തിയായി ,കാരണം അറിയാതെ വിഷമിച്ചു.അപ്പോള്‍ ദർശനത്തിനെത്തിയ പൂന്താനം അവിടെ നിന്നവരോടായി തലേ ദിവസം നടന്ന കഥ പറഞ്ഞു. ഇത് മഞ്ജുള വാരസ്യാര്‍ ഭഗവാനെ സങ്കൽപ്പിച്ച് ആൽചുവട്ടിൽ ചാര്‍ത്തിയ മാലയാണ് . ആലിന്‍ ചുവട്ടില്‍ കാലി ചെക്കൻ്റെ രൂപത്തിൽ കണ്ടത് മറ്റാരുമായിരുന്നില്ല ,അത് സാക്ഷാല്‍ ശ്രീ ഗുരുവായൂരപ്പന്‍ ആയിരുന്നു എന്ന് . അതിനാല്‍ മഞ്ജുളയെ കണ്ട ക്ഷമ പറഞ്ഞ കൂട്ടി കൊണ്ട് വരിക . അവര്‍ വന്നാലേ ഇന്ന് നിര്‍മാല്യം മാറ്റാന്‍ പറ്റൂ എന്ന് . അങ്ങനെ ക്ഷേത്രം കാവൽക്കാർ മഞ്ജുളയെ കണ്ട് ക്ഷമ ചോദിച് കൂട്ടി കൊണ്ട് വന്നു. മഞ്ജുള നടയ്ക്കൽ വന്ന് നിന്ന് ഭഗവാനേ എൻ്റെ മാല തിരികെ തരൂ എന്ന് പറഞ്ഞപ്പോൾ വിഗ്രഹത്തിൻ്റെ കഴുത്തിൽ നിന്ന് ആ മാല ഊരി പോന്നു . ഭക്തയായ മഞ്ജുള ചാർത്തിയ മാല കണ്ണൻ സ്വീകരിച്ച അന്ന് മുതല്‍ ആ ആലിന് മഞ്ജുളാൽ എന്ന പേരും കിട്ടി എന്നാണു ഐതിഹ്യം !

അറിവിൻറെ ഭണ്ഡാരം

” അറിവ് “വേദങ്ങള്‍(ശ്രുതി)

1.ഋഗ്വേദം
2.യജുര്‍വേദം
3.സാമവേദം
4.അഥര്‍വ്വവേദം

ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,

1.കര്‍മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം

ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,

1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്

വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്,

1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്

ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്,

യഥാക്രമം,

1.ആയുര്‍വ്വേദം
2.ധനുര്‍വ്വേദം
3.ഗാന്ധര്‍വ്വവേദം
4.a.ശില്പവേദം, b.അര്‍ത്ഥോപവേദം

ഉപനിഷത്(ശ്രുതി)

ഏകദേശം 2000 ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു,ഇപ്പോള്‍ 108 എണ്ണം ലഭ്യമാണ്. അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള 10 എണ്ണം പ്രധാനപ്പെട്ടതാണ്, അതായത് ദശോപനിഷത്തുക്കള്‍–

1.ഈശാവാസ്യം
2.കഠം
3.കേനം
4.പ്രശ്നം
5.മുണ്ഡകം
6.മാണ്ഡൂക്യം
7.തൈത്തിരീയം
8.ഐതരേയം
9.ഛാന്ദോക്യം
10.ബൃഹദാരണ്യകം

ഷഡ്ദര്‍ശനങ്ങള്‍

1.സാംഖ്യദര്‍ശനം–കപിലമുനി
2.യോഗദര്‍ശനം–പതഞ്ജലിമഹര്‍ഷി
3.ന്യായദര്‍ശനം–ഗൗതമമുനി
4.വൈശേഷികദര്‍ശനം–കണാദമുനി
5.ഉത്തരമീമാംസദര്‍ശനം (വേദാന്തദര്‍ശനം)-ബാദരായണമഹര്‍ഷി
6.പൂര്‍വ്വമീമാംസദര്‍ശനം (മീമാംസദര്‍ശനം)-ജൈമിനിമഹര്‍ഷി

സ്മൃതി(ധര്‍മ്മശാസ്ത്രം)

പ്രധാനപ്പെട്ടവ 20

1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്‍ത്തസ്മൃതി

 1. കാത്യായനസ്മൃതി
  13.ബൃഹസ്പതിസ്മൃതി
  14.പരാശരസ്മൃതി
  15.വ്യാസസ്മൃതി
  16.ശംഖസ്മൃതി
  17.ലിഖിതസ്മൃതി
  18.ദക്ഷസ്മൃതി
  19.ഗൗതമസ്മൃതി
  20.ശാതാപസ്മൃതി (മനുസ്മൃതി, യാജ്ഞവലക്യസ്മൃതി ഇവ വളരെ പ്രധാനപ്പെട്ടവ ആണ്. അവസാനത്തെ 18 സ്മൃതികളെ അഷ്ടാദശസ്മൃതികള്‍ (18) എന്നു പറയുന്നു)

പുരാണങ്ങള്‍

അഷ്ടാദശപുരാണങ്ങള്‍

1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്‍ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്‍മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്‍ത്തകപുരാണം

ഇതിഹാസങ്ങള്‍

1.രാമായണം
2.മഹാഭാരതം
ഇതിഹാസ–പുരാണങ്ങളെ പഞ്ചമവേദങ്ങള്‍ എന്നും പറയുന്നു.

രാമായണം

രാമായണത്തിന് ഏഴു കാണ്ഡങ്ങള്‍
1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം

മഹാഭാരതം

മഹാഭാരതത്തിന് 18 പര്‍വ്വങ്ങള്‍ ഉണ്ട്.
1.ആദിപര്‍വ്വം
2.സഭാപര്‍വ്വം
3.ആരണ്യപര്‍വ്വം
4.വിരാടപര്‍വ്വം

 1. ഉദ്യോഗപര്‍വ്വം
 2. ഭീഷ്മപര്‍വ്വം
  7.ദ്രോണപര്‍വ്വം
  8.കർണ്ണപര്‍വ്വം
  9.ശല്യപര്‍വ്വം
  10.സൗപ്തികപര്‍വ്വം
  11.സ്ത്രീപര്‍വ്വം
  12.ശാന്തിപര്‍വ്വം
  13.അനുശാസനപര്‍വ്വം
  14.അശ്വമേധികപര്‍വ്വം
  15.ആശ്രമവാസപര്‍വ്വം
  16.മുസലപര്‍വ്വം
  17.മഹാപ്രസ്ഥാനപര്‍വ്വം
  18.സ്വര്‍ഗ്ഗാരോഹണപര്‍വ്വം

ശ്രീമദ് ഭഗവത് ഗീത

മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ് ശ്രീമദ് ഭഗവത് ഗീത 700ശ്ലോകങ്ങള്‍. 18 അദ്ധ്യായങ്ങള്‍,
1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം

1-6 വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം, 7-12 ഭക്തിയോഗം,13-18 ജ്ഞാനയോഗം എന്നും പറയാറുണ്ട്

ഇനിയും എണ്ണിയാലൊടുങ്ങാത്ത ഒട്ടനവധി മഹത് ഗ്രന്ഥങ്ങൾ ഒട്ടനവധിയുണ്ട് അവയെക്കുറിച്ച് പിന്നീടൊരിക്കലാവാം….

ഭസ്മധാരണം ആരോഗ്യത്തിനും🙏

ഭസ്മധാരണം ആരോഗ്യത്തിനും🙏
======.=====

കുളികഴിഞ്ഞുവന്നാല്‍ ഒരു നുള്ളു ഭസ്മം നെറ്റിയില്‍ ചാര്‍ത്തിയിട്ടേ പണ്ട് പഴമക്കാര്‍ പ്രാര്‍ത്ഥനയ്ക്ക് ഇരിക്കുമായിരുന്നുള്ളൂ. പ്രാര്‍ത്ഥനയില്‍ വിശ്വാസത്തിനുള്ള അതേസ്ഥാനം ഭസ്മത്തി ന്റെ ഔഷധാംശത്തിനുമുണ്ട്. ഭസ്മ നിര്‍മ്മാണത്തിന് കാലാന്തരത്തില്‍ മാറ്റങ്ങള്‍ ഏറെ വന്നെങ്കിലും വിശുദ്ധഭസ്മവും ഇല്ലാതില്ല. പശുവിന്റെ ശുദ്ധമായ ചാണകം ശിവരാത്രിനാളില്‍ ഉമിയില്‍ ചുട്ടെടുത്തു കിട്ടുന്ന ഭസ്മം വെള്ളത്തില്‍ കലക്കി ഊറിയത് വീണ്ടും ഉണക്കി, ശിവന് അഭിഷേകംചെയ്ത ശേഷമാണ് സാധാരണ ഭസ്മം നെറ്റിയില്‍ ചാര്‍ത്താനായി സൂക്ഷിച്ചു വയ്ക്കുന്നത്. ഔഷധച്ചെടികള്‍ ശുദ്ധ പശുവിന്‍ നെയ്യില്‍ ഹോമകുണ്ഡത്തില്‍ ഹവനംചെയ്തശേഷം ബാക്കി വരുന്നതാണ് വിശുദ്ധഭസ്മം. ത്യാഗത്തിന്റെ മൂര്‍ത്തിയായ ശിവനെ സന്തോഷിപ്പിക്കാന്‍ ഏറെ ഉത്തമമാണെന്നാണ് ഭസ്മത്തെപ്പറ്റിയുള്ള ഹൈന്ദവ സങ്കല്‍പം.

നെറ്റി, കഴുത്ത്, തോള്‍ , മുട്ട്, തുടങ്ങിയ സ്ഥലങ്ങളിലാണ് സാധാരണയായി ഭസ്മം ധരിക്കുന്നത്.

ഭസ്മ ധാരണത്തിലൂടെ ലഭിക്കുന്ന മറ്റു ഫലങ്ങള്‍.

ഭസ്മധാരണം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യുന്നത് മാത്രമല്ല. അതുകൊണ്ട് ശരീരത്തിനും പ്രയോജനം ഉണ്ടാകുന്നുണ്ട്. നെറുകയില്‍ ഭസ്മം ധരിച്ചാല്‍ അവിടുത്തെ നീര്‍ക്കെട്ടു മുഴുവന്‍ അത് വലിച്ചെടുക്കും. എന്നാല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ ഭസ്മധാരണത്തിനും ഗുണഫലങ്ങളുണ്ട്. ഏറ്റവും കൂടുതല്‍ നീരിറക്കത്തിനു സാധ്യതയുള്ള സ്ഥാനമാണ് പിന്‍കഴുത്ത്. അതുകൊണ്ട് അവിടെ ഭസ്മം പൂശുന്നത് നീരിറക്കം തടയും. ശരീരത്തിലെ എഴുപത്തിരണ്ടായിരം നാഡികള്‍ ഒത്തുചേരുന്ന മര്‍മ്മസ്ഥാനമാണ് കാതുകള്‍. ഓരോ നാഡിയിലും നീര്‍ക്കെട്ടും മറ്റും ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഇതാകട്ടെ വാതത്തിനും വഴി തെളിക്കും. ഇങ്ങനെ ഭസ്മം ധരിക്കുന്നത് എവിടെയായാലും അത് അതാതു സ്ഥലങ്ങളിലെ അമിതമായ ഈര്‍പ്പത്തെ വലിച്ചെടുക്കും. ചില നേരത്ത് നനച്ച ഭസ്മവും ചില നേരത്ത് നനയ്ക്കാത്ത ഭസ്മവും ധരിക്കണമെന്നും പറയാറുണ്ട്.

നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവും, നനച്ച ഭസ്മത്തിന് ശരീരത്തിലുണ്ടാകുന്ന അമിത ഈര്‍പ്പത്തെ വലിച്ചെടുക്കാനുള്ള കഴിവുമുണ്ട്.

നമ്മുടെ ശരീരത്തില്‍ എങ്ങനെയാണ് രാവിലെയും സന്ധ്യയ്ക്കും അണുബാധയുണ്ടാകുക? നമ്മുടെ കിടക്കയില്‍ ലക്ഷക്കണക്കിന് അണുക്കളാണ് വിഹരിക്കുന്നത്. കിടന്നുറങ്ങുമ്പോള്‍ അതു നമ്മുടെ ദേഹത്ത് പ്രവേശിക്കാം. അതുപോലെ സന്ധ്യാവേളയില്‍ അന്തരീക്ഷത്തിലുണ്ടാകുന്ന വിഷാണുബാധ നമ്മുടെ ശരീരത്തെ ബാധിക്കും. അതുകൊണ്ടാണ് അണുബാധയകറ്റാനായി ഈ രണ്ടു സമയങ്ങളിലും നനയ്ക്കാതെ ഭസ്മം ധരിക്കുന്നത്. കുളിക്കുന്ന സമയത്താകട്ടെ, ശരീരത്തിലെ സന്ധികളില്‍ നനവുമൂലം നീര്‍ക്കെട്ടുണ്ടാകുവാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ള നീര്‍ക്കെട്ട് ഒഴിവാക്കാനാണ് കുളിച്ചശേഷം നനഞ്ഞ ഭസ്മം ധരിക്കുന്നത്.

🔶🔷🔶🔷🔶🔷
ഭസ്മധാരണം നടത്തുമ്പോള്‍ ചൊല്ലേണ്ട മന്ത്രം:
‘ഓം അഗ്‌നിരിതി ഭസ്മ വായുരിതി ഭസ്മ ജലമിതി ഭസ്മ സ്ഥലമിതി ഭസ്മ വ്യോമേതി ഭസ്മ സര്‍വം ഹവാ ഇദം ഭസ്‌മേ മന ഏതാനി ചക്ഷൂംഷി ഭസ്മ.’
🙏

പുരാതന കേരളത്തിലെ നാടൻ ദേവതാ നാമങ്ങൾ…

പുരാതന കേരളത്തിലെ നാടൻ ദേവതാ നാമങ്ങൾ…
എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളുള്ള നാടാണ് നമ്മുടേത്. ഹൈന്ദവ വേദഗ്രന്ഥങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണാനാവാത്ത ധാരാളം ആരാധ്യ ദേവതകൾ കേരളത്തിലെ ഹിന്ദുക്കൾക്കിടയിലുണ്ട്.
ദേവതകളെ – ദേവഗൃഹം, അസുരഗൃഹം, ഗന്ധർവ്വഗൃഹം, യക്ഷഗൃഹം, പിശാച്ഗൃഹം, ബ്രഹ്മരക്ഷസ്, പിതൃഗൃഹം, ഗുരു- വൃദ്ധഗൃഹം, സർപ്പഗൃഹം, പക്ഷിഗൃഹം എന്നിങ്ങനെ തരം തിരിക്കാറുണ്ട്.
അവയിൽ ചിലതിനെ പരിചയപ്പെടുത്താം.
അമരകോശത്തിൽ വിദ്യാധരന്മാർ, അപ്സരസ്സുകൾ, യക്ഷന്മാർ, രാക്ഷസന്മാർ, ഗന്ധർവ്വന്മാർ, കിന്നരന്മാർ, പിശാചന്മാർ, ഹുഹ്യകന്മാർ, സിദ്ധന്മാർ, ഭൂതങ്ങൾ എന്നിങ്ങനെ പത്തുതരം ദേവതകളെക്കുറിച്ച് പറയുന്നുണ്ട്.
തന്ത്രസമുച്ചയാദി ഗ്രന്ഥങ്ങളിൽ ശിവൻ, വിഷ്ണു, ശങ്കരനാരായണൻ, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ്, ദുർഗ്ഗ എന്നീ സപ്തദേവരെക്കുറിച്ചാണത്രേ പ്രതിപാദിക്കുന്നത്.
ശേഷസമുച്ചയത്തിൽ വിവരിക്കുന്ന ദേവന്മാർ ബ്രഹ്മാവ്, സൂര്യൻ, വൈശ്രവണൻ, കൃഷ്ണൻ, സരസ്വതി, ശ്രീപാർവ്വതി, ശ്രീഭഗവതി, ജ്യേഷ്ഠാഭഗവതി, ഭദ്രകാളി, വീരഭദ്രൻ, ക്ഷേത്രപാലൻ, ഭൈരവൻ തുടങ്ങിയവരാണ്.
താന്ത്രിക ജൈനാരാധനയുടെ ഭാഗമായാണ് തീർത്ഥങ്കരന്മാരുടെ രക്ഷാദേവതകളായ യക്ഷി ആരാധന പ്രചാരം നേടിയതെന്ന അഭിപ്രായമാണ് എം.ആർ.രാഘവവാരിയർ ‘ജൈനമതം കേരളത്തിൽ’ എന്ന പുസ്തകത്തിൽ പറയുന്നത്.
ബുദ്ധമതത്തിലും ഹിന്ദുമതത്തിലും യക്ഷി ആരാധനയുണ്ട്. യക്ഷികൾ പലപേരുകളിലറിയപ്പെടുന്നുണ്ട്.
യക്ഷികൾ :
സുന്ദരയക്ഷി, അന്തരയക്ഷി, അംബരയക്ഷി(ആകാശയക്ഷി), മായയക്ഷി, അരക്കി, അയലി യക്ഷി, മുയലി യക്ഷി, കോലന യക്ഷി, കൊടിയന യക്ഷി, തൂമൊഴി യക്ഷി, കാല യക്ഷി, നാഗ യക്ഷി, അപസ്മാര യക്ഷി, ഇന്ദ്ര യക്ഷി, ഈശാന യക്ഷി, കാഞ്ഞിര യക്ഷി, കാരി യക്ഷി, കാളമുഖി യക്ഷി, കുമാരി യക്ഷി, തിരുനീലകണ്ഠ യക്ഷി, പിശാചരീ യക്ഷി, പുഷ്കരമധ്യാംബു യക്ഷി, പുള്ള യക്ഷി, പ്രജഡാധാരി യക്ഷി, ബാലകുമാരി യക്ഷി, ബ്രഹ്മവാഹിനി യക്ഷി, കരിനാഗ യക്ഷി, എരിനാഗ യക്ഷി, പറനാഗ യക്ഷി…. ഇങ്ങനെ പോകുന്നു യക്ഷി നാമങ്ങൾ.
പക്ഷി(പുള്ള്) ദേവതകൾ :
ഈശ്വരപുള്ള്, കോൽപുള്ള്, കോലിറച്ചിപുള്ള്, നീലപുള്ള്, നീർപുള്ള്, പരന്തറച്ചിപുള്ള്, രാക്ഷസപുള്ള്, രുദ്രപുള്ള്, വരടപുള്ള്, വർണ്ണപുള്ള്, വിങ്ങാപുള്ള്, വിങ്ങുപുള്ള്, വിഷ്ണുപുള്ള്… ഇങ്ങനെ പോകുന്നു പക്ഷിദേവതകൾ.
ഗന്ധർവ്വൻ (കാമൻ, കന്നി, മാരൻ) :
ആകാശഗന്ധർവ്വൻ, പൂമാലഗന്ധർവ്വൻ, ബാലഗന്ധർവ്വൻ, വിമാനഗന്ധർവ്വൻ, കാമൻ, ഭൂതകാമൻ, വൈശ്രകാമൻ, ഇരസികാമൻ, ചന്ദനമാരൻ, കന്നി… ഇങ്ങനെ പലതരമാകുന്നു ഗന്ധർവ്വന്മാർ.
ഭൂതം :
വെളുത്ത ഭൂതം, ശ്രീ (കറുത്ത) ഭൂതം, ചുവന്ന ഭൂതം, അന്ത്യ ഭൂതം, അളർ ഭൂതം, ആറ്റു ചിലച്ചി, തോട്ടു ചിലച്ചി…. ഇവ ഭൂതങ്ങളാണ്.
മാടൻ :
ചെറുമാടൻ, തൊപ്പിമാടൻ, വടിമാടൻ, പുള്ളിമാടൻ, ചുടലമാടൻ, കാലമാടൻ, അഗ്നിമാടൻ, ഭൂതമാടൻ, പിള്ളതിന്നിമാടൻ, ചിതവറയിൽമാടൻ… അങ്ങനെ പോകുന്നു മാടന്റെ നാമങ്ങൾ.
ഭൈരവൻ :
അഗ്നിഭൈരവൻ, കാലഭൈരവൻ, ആദിഭേരവൻ, കങ്കാളഭൈരവൻ, യോഗിഭൈരവൻ, ശാക്തേയഭൈരവൻ, കപാലഭൈരവൻ… അങ്ങനെ നീണ്ടുപോകുന്നു പലതരം ഭൈരവന്മാർ.
പൊട്ടൻ :
പുലപ്പൊട്ടൻ, മാരണപ്പൊട്ടൻ, ഉച്ചാർപൊട്ടൻ അങ്ങനെ പോകുന്നു പൊട്ടൻ ദേവങ്ങൾ.
കുട്ടിച്ചാത്തൻ :
കരിങ്കുട്ടിച്ചാത്തൻ, പൂങ്കുട്ടിച്ചാത്തൻ, തീക്കുട്ടിച്ചാത്തൻ, പറക്കുട്ടിച്ചാത്തൻ, പൊലക്കുട്ടിച്ചാത്തൻ, വിഷ്ണുമായച്ചാത്തൻ, കാളകാട് കുട്ടിച്ചാത്തൻ അങ്ങനെ പോകുന്നു കുട്ടിചാത്തന്മാർ.
ഗുളികൻ :
കുളിയൻ (ഗുളികൻ), തെക്കൻ കുളിയൻ, കാര ഗുളികൻ, മൃത്യു ഗുളികൻ, ശ്മശാന ഗുളികൻ, അകന്നാൾ ഗുളികൻ, മാരണ ഗുളികൻ, മാമായ ഗുളികൻ…… ഇങ്ങനെ പോകുന്നു ഗുളികനാമങ്ങൾ.
കുറത്തി :
കുഞ്ഞാർ കുറത്തി, പുള്ളി കുറത്തി, മലങ്കുറത്തി, സേവക്കുറത്തി, തെക്കൻ കുറത്തി, വടക്കൻ കുറത്തി.. അങ്ങനെ പലതരം കുറത്തികളുണ്ട്.
മറുത :
കരിമറുത, കാലകേശി മറുത, ഈശാന്തൻ മറുത, പണ്ടാരമറുത, പച്ചമറുത, തള്ളമറുത… ഇങ്ങനെ പോകുന്നു മറുതാ നാമങ്ങൾ.
രക്ഷസ്സ് :
ബ്രഹ്മരക്ഷസ്സ്, ഗോരക്ഷസ്സ്, മാർജ്ജാരരക്ഷസ്സ്.
ഇവ വിവിധ രക്ഷസ്സുകളാണ്.
വീരൻ :
കതുവന്നൂർ വീരൻ, കോയിച്ചാറു വീരൻ, പാടൻകുളങ്ങര വീരൻ, തുളുവീരൻ, മലവീരൻ, പടവീരൻ ഇങ്ങനെ പലതരം വീരന്മാരുണ്ട്.
മല്ലൻ :
മൂവോട്ടുമല്ലൻ, തെറ്റിക്കോട്ടുമല്ലൻ, കാരക്കോട്ടുമല്ലൻ, പറമല്ലൻ, മലിമല്ലൻ…. ഇങ്ങനെ പലതരം മല്ലന്മാരുണ്ട്.
പിശാച് :
കാലപിശാച്, ഭസ്മപിശാച്, ജലപിശാച്, പൂതപിശാച്, എരിപിശാച്, മരപിശാച് ഇങ്ങനെ വൈവിധ്യമാർന്ന പിശാചുക്കളുണ്ട്.
കാളി :
ഭദ്രകാളി, ചുടലഭദ്രകാളി,വീരർ കാളി, കൊടുങ്കാളി, പറക്കാളി, പുള്ളിക്കരിങ്കാളി, മലയകരിങ്കാളി, വേട്ടക്കാളി, ശൂലക്കാളി… ഇങ്ങനെ പലതരം കാളികളുണ്ട്.
ചാവ് :
പുലിചാവ്, ആനചാവ്, പാമ്പ്ചാവ് (ഇങ്ങനെ ദുർമ്മരണം സംഭവിച്ച മനുഷ്യാത്മാക്കളെ പലതരം ചാവുകളായി വിശേഷിപ്പിക്കുന്നു).
ഈശ്വരി :
രക്തേശ്വരി, ഭുവനേശ്വരി, പരമേശ്വരി… തുടങ്ങിയവ ഈശ്വരീഗണത്തിൽ പെടുന്നു.
ചാമുണ്ഡി :
രക്തചാമുണ്ഡി, മാടച്ചാമുണ്ഡി, മുട്ടിയറച്ചാമുണ്ഡി, നീലംകൈച്ചാമുണ്ഡി, പെരിയാട്ടുചാമുണ്ഡി, മലച്ചാമുണ്ഡി, എടപ്പാറച്ചാമുണ്ഡി, ആനമടച്ചാമുണ്ഡി, ചാലയിൽ ചാമുണ്ഡി….. ഇങ്ങനെ കുറെ ചാമുണ്ഡിമാരുണ്ട്.
നാഗദേവതകൾ :
നാഗകണ്ഠൻ, നാഗകന്നി, നാഗരാജാവ്, നാഗയക്ഷി, സർപ്പയക്ഷി, എരിനാഗം, കരിനാഗം, മണിനാഗം, കുഴിനാഗം, നാഗക്കാളി, നാഗഭഗവതി, നാഗേനീശ്വരി…. ഇങ്ങനെ കുറെ നാഗദേവതകളുണ്ട്.
വനദേവതകൾ :
ആയിരവില്ലി, കരിവില്ലി, പൂവല്ലി, ഇളവില്ലി, കരീമലദൈവം, തലച്ചിറവൻ, താന്നിയോടൻ, മലക്കാരി, പുളിപ്പൂളോൻ… ഇങ്ങനെ വിവിധങ്ങളായ വനദേവതകളുണ്ട്.
മൂർത്തികൾ :
കണ്ടകമൂർത്തി, കടുവാ മൂർത്തി, മാരണമൂർത്തി, വനമൂർത്തി, പാഷാണമൂർത്തി, കാട്ടുമൂർത്തി…. ഇങ്ങനെപോകുന്നു മൂർത്തിദേവതകൾ.
രോഗദേവതകൾ :
ചീറുമ്പമാർ, ദണ്ഡദേവൻ, വസൂരിമാല, ഭദ്രകാളി, മാരിയമ്മൻ, മാരിമടക്കിത്തമ്പുരാട്ടി, തൂവക്കാളി, അപസ്മാരമൂർത്തി… ഇവ രോഗദേവതകളാണ്.
ഇനി സ്ഥലപ്പേരുമായി ബന്ധപ്പെട്ട ദേവതാനാമങ്ങളാണ്
കരിങ്കുഴി ശാസ്താവ്, കൊട്ടിയൂർ പെരുമാൾ, ചെറുകുന്നത്ത് അന്നപൂർണ്ണേശ്വരി, തൃക്കരിപ്പൂർ ചക്രപാണി…. എന്നിവ.
കാട്ടുമടന്ത, പാറമേക്കാവിൽ ഭഗവതി, ചെക്കിപ്പാറഭഗവതി, ചെറുകുന്നത്തമ്മ, തുടങ്ങിയ നാമങ്ങൾ മല, പാറ, കുന്ന്, കാട് എന്നി വിശേഷണങ്ങൾ ചേർന്നു വരുന്നവയാണ്.
(കടപ്പാട്)

എന്താണ് സാഷ്ടാംഗ പ്രണാമം?

എന്താണ് സാഷ്ടാംഗ പ്രണാമം? എങ്ങിനെയാണ് സ്ത്രീകളും പുരുഷന്മാരും സാഷ്ടാംഗ പ്രണാമം ചെയ്യേണ്ടത് എന്ന് ഈ ചിത്രത്തിലൂടെ മനസ്സിലാക്കാം
കൈകൾ, കാലുകൾ, കാൽമുട്ടുകൾ, നെഞ്ച്, തല, കണ്ണുകൾ, മനസ്സ്, സംസാരം എന്നീ എട്ട് കാര്യങ്ങൾ ഉപയോഗിച്ച് പ്രണമിക്കുന്നതിനെയാണ് സാഷ്ടാംഗ പ്രണാമം എന്ന് വിളിക്കപ്പെടുന്നത് …