ഇഷ്ടകാര്യസിദ്ധിക്കായി മുപ്പത്തിമുക്കോടി ദൈവങ്ങളിൽ ആരോട് പ്രാർത്ഥിക്കണമെന്ന് തലപുകഞ്ഞ് ആലോചിക്കേണ്ട.രണ്ടു കയ്യിലും വെണ്ണയുള്ള കണ്ണനോട് പ്രാർത്ഥിച്ചോളു…

ഇഷ്ടകാര്യസിദ്ധിക്കായി മുപ്പത്തിമുക്കോടി ദൈവങ്ങളിൽ ആരോട് പ്രാർത്ഥിക്കണമെന്ന് തലപുകഞ്ഞ് ആലോചിക്കേണ്ട.
രണ്ടു കയ്യിലും വെണ്ണയുള്ള കണ്ണനോട് പ്രാർത്ഥിച്ചോളു… ഫലം ഉറപ്പ്!
കാരണമെന്തെന്നു പറയാം.
ഇരു കൈകളിലും വെണ്ണയുമായ് നിൽക്കുന്ന കണ്ണന് ക്ഷമ എന്ന സാധനം ഇല്ല. എങ്ങനെയെങ്കിലും അത് അകത്താക്കണമെന്ന ഒറ്റ ഉദ്ദേശമെ മൂപ്പർക്കുള്ളു.
ഇനി മറ്റ് ചില ഭാവങ്ങളെ പറ്റി ചിന്തിക്കാം. നാട് മുടിപ്പിക്കുവോളം മഴപെയ്തതു കൊണ്ടാണ് കൃഷ്ണൻ ഗോവർധനം ഉയർത്തി ഗോകുലം കാത്തുരക്ഷിച്ചത്. പാഞ്ചാലിയുടെ മാനം കൗരവ സഭയിൽ നഷ്ടപ്പെട്ടു പോകുമെന്ന ഘട്ടമായപ്പോൾ മാത്രമാണ് കൃഷ്ണൻ ചേലകൊടുത്തു രക്ഷിച്ചത്. ദാരിദ്ര്യത്തിന്റെ നെല്ലിപലക കണ്ട ശേഷമേ സുദാമാവിന് ഐശ്വര്യവും സമൃദ്ധിയും ലഭിച്ചുള്ളൂ. സ്വജനങ്ങളോട് പൊരുതാനാവാതെ അടർക്കളം വിട്ട് പോവുമെന്ന മട്ടായപ്പോളാണ് അർജുനന് ഗീതോപദേശം സിദ്ധിച്ചത്.
എന്തായാലും വെണ്ണക്കണ്ണന്റെ കാര്യത്തിൽ ഒരമാന്തവും ഇല്ല.
നമ്മളെ കളിപ്പിക്കാനോ നമ്മൾ ചോദിക്കുന്നതിലെ ന്യായം പരിശോധിക്കാനോ മൂപ്പർക്ക് സമയം ഇല്ല. വെണ്ണയുണ്ണണമെന്ന് മാത്രമാണ് ചിന്ത.
എന്ത് വേണേലും ചോദിച്ചോളൂ. മുഴുമിപ്പിക്കുന്നതിനു മുന്നേ കണ്ണൻ ‘തഥാസ്തു’ എന്ന് പറഞ്ഞിരിക്കും.
അത് പറഞ്ഞ് തീരുന്നതിനു മുന്നേ വെണ്ണ വായിലും എത്തിയിരിക്കും..

Leave a comment