നാരായണാ’ എന്ന നാലക്ഷരത്തിന്റെ ശക്‌തി

കന്യാകുബ്‌ജ ദേശത്ത്‌ പുരാതനകാലത്ത്‌ അജാമിളന്‍ എന്ന ഒരു ബ്രാഹ്‌മണന്‍ ജീവിച്ചിരുന്നു. അദ്ദേഹം ഭാര്യയെ ദ്രോഹിക്കുന്നവനും പരസ്‌ത്രീകളുമായി നല്ലതല്ലാത്തബന്ധം പുലര്‍ത്തുന്നവനുമായിരുന്നു. ഭര്‍ത്താവിന്റെ സ്വഭാവദൂഷ്യം കാരണം ഭാര്യ ഉപേക്ഷിച്ചുപോയി. ഭാര്യ പോയതോടെ വേശ്യയായ സ്‌ത്രീയെ കൂടെ താമസിപ്പിച്ച്‌ അജാമിളന്‍ ജീവിച്ചുപോന്നു.ബ്രാഹ്‌മണരുടെ ആചാരങ്ങളും, പൂജകളും ക്ഷേത്രദര്‍ശനവും, വ്രതങ്ങളും എല്ലാം അജാമിളന്‍ ഉപേക്ഷിച്ചു. ചൂതുകളി, മോഷണം ഇവ തൊഴിലാക്കി. കാലം കടന്നുപോകവേ 10 പുത്രന്മാര്‍ അയാള്‍ക്കുണ്ടായി.അജാമിളന്‍ വൃദ്ധനായി. ഏറ്റവും ഇളയ പുത്രനായ നാരായണനോട്‌ അതിരറ്റ വാത്സല്യം അദ്ദേഹത്തിനുണ്ടായിരുന്നു. അജാമിളന്‍ ഭക്ഷണം കഴിക്കുമ്പോള്‍ നാരായണനേയും അടുത്തിരുത്തി ഭക്ഷണം നല്‍കും. ഉറങ്ങുമ്പോള്‍ കൂടെക്കിടത്തി ഉറക്കും. ആ കുട്ടിയോട്‌ അതിരറ്റ വാത്സല്യം കാരണം ഒരുനിമിഷംപോലും പിരിഞ്ഞിരിക്കാറില്ല. നാരായണനെ സ്‌നേഹിച്ച്‌ കാലം കഴിച്ചുകൂട്ടിയ അജാമിളന്‌ തന്റെ മരണസമയം അടുത്തുവന്നത്‌ വ്യസനമുണ്ടാക്കി.
അസുഖം ബാധിച്ച്‌ കിടപ്പിലായ അജാമിളന്‍ നാരായണനെ എപ്പോഴും അരികെ ഇരുത്തും. മരണസമയത്ത്‌ യമകിങ്കരന്മാര്‍ അജാമിളന്റെ ജീവനെ കെട്ടിവലിക്കാന്‍ പാശവുമായിവന്നു. ഈ സമയം മുറ്റത്ത്‌ കളിച്ചുകൊണ്ടിരുന്ന നാരായണനെ അജാമിളന്‍ ഉറക്കെ വിളിച്ചു. ‘നാരായണാ’ എന്ന്‌ ഉറക്കെ മകനെ വിളിച്ചെങ്കിലും കളിക്കുന്ന കുട്ടി വിളി കേട്ടില്ല. പക്ഷേ, സാക്ഷാല്‍ വിഷ്‌ണുഭഗവാന്‍ ആ വിളികേട്ടു. നാല്‌ വിഷ്‌ണു പാര്‍ഷദന്മാര്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അപ്പോഴേക്കും യമദൂതന്മാര്‍ അജാമിളന്റെ ജഡശരീരത്തെ കെട്ടിവലിക്കാന്‍ ആരംഭിച്ചു.
വിഷ്‌ണുപാര്‍ഷദന്മാര്‍ കാലന്റെ പാശത്തില്‍നിന്നും അജാമിളന്റെ ആത്മാവിനെ മോചിപ്പിച്ചു. അപ്പോള്‍ യമദൂതന്മാര്‍ ചോദിച്ചു. നിങ്ങള്‍ ആരാണ്‌? ഞങ്ങള്‍ വിഷ്‌ണുപാര്‍ഷദന്മാരാണ്‌. മഹാവിഷ്‌ണുവിന്റെ ആജ്‌ഞപ്രകാരം ഈ ആത്മാവിനെ വൈകുണ്‌ഠത്തേക്ക്‌ കൊണ്ടുപോകാന്‍ വന്നവരാണ്‌. അന്ത്യകാലത്ത്‌ ‘നാരായണാ’ എന്ന നാലക്ഷരം ഉരുവിട്ടതിനാല്‍ ഇദ്ദേഹത്തിന്റെ സ്‌ഥാനം സ്വര്‍ഗ്ഗത്തിലാണ്‌. യമകിങ്കരന്മാര്‍ക്ക്‌ യാഥാര്‍ത്ഥ്യം മനസ്സിലായി.
അവര്‍ മടങ്ങിപ്പോയി. വിഷ്‌ണുദൂതന്മാര്‍ സ്വര്‍ണ്ണത്തേരില്‍ അജാമിളന്റെ ജീവനുംകൊണ്ട്‌ വൈകുണ്‌ഠത്തിലേക്ക്‌ യാത്രയായി. മരണസമയത്ത്‌ ‘നാരായണ നാമം’ ചൊല്ലിയതോടെ അജാമിളന്റെ എല്ലാ പാപങ്ങള്‍ക്കും പ്രായശ്‌ചിത്തമായി. അദ്ദേഹം മകനെയാണ്‌ മരണസമയത്ത്‌ ‘നാരായണാ’ എന്ന്‌ വിളിച്ചതെങ്കിലും കാരുണ്യമൂര്‍ത്തിയായ ഭഗവാന്‍ അദ്ദേഹത്തിന്റെ ആത്മാവിന്‌ മോക്ഷം കൊടുത്തു.