ശ്രീ മഹാവിഷ്‌ണുവിന്റെ ആഭരണങ്ങളും ആയുധങ്ങളും

അലങ്കാരപ്രിയനായ ശ്രീമഹാവിഷ്‌ണു കണ്‌ഠത്തില്‍ ധരിച്ചിരിക്കുന്ന രത്നമാണ്‌ കൗസ്‌തുഭം. പണ്ട്‌ പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ ഉയര്‍ന്നുവന്നതായിരുന്നു ഈ രത്നം. ശ്രീവത്സം മാറില്‍ ചാര്‍ത്തിയ വിഷ്‌ണുവിനെ ഏവര്‍ക്കുമറിയാം. വിഷ്‌ണുവിന്റെ നെഞ്ചിലുള്ള ഒരടയാളമാണ്‌ ശ്രീവത്സം. ഭൃഗുമഹര്‍ഷി ഒരിക്കല്‍ കോപിഷ്‌ടനായി വിഷ്‌ണുവിന്റെ നെഞ്ചില്‍ ചവിട്ടിയപ്പോള്‍ ഉണ്ടായ അടയാളമാണിത്‌. പ്രകൃതിയെ മുഴുവനും സ്വീകരിച്ച്‌ വിഷ്‌ണു ശ്രീവത്സത്തിന്റെ രൂപത്തില്‍ വിളങ്ങുന്നു. മഹാവിഷ്‌ണു ധരിക്കുന്ന മാലയാണ്‌ വൈജയന്തി. അഞ്ചുരത്നങ്ങള്‍ ഒരുമിച്ച്‌ ചേര്‍ത്ത്‌ നിര്‍മ്മിച്ചിട്ടുള്ള ഈ മാലയ്‌ക്ക് വനമാല എന്നും പേരുണ്ട്‌. പഞ്ചതന്മാത്രകളും, പഞ്ചഭൂതങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. പാഞ്ചജന്യമാണ്‌ വിഷ്‌ണുവിന്റെ ശംഖ്‌. ഇത്‌ വെളുത്ത നിറത്തിലുള്ളതാണ്‌. ഈ ശംഖിന്റെ സ്‌പര്‍ശനശക്‌തി കൊണ്ടുതന്നെ മനുഷ്യന്‍ ജ്‌ഞാനിയായിത്തീരുന്നു. പഞ്ചഭൂതങ്ങളുടെ കാരണമായ താമസാഹങ്കാരത്തെ പാഞ്ചജന്യം എന്ന ശംഖിന്റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു.

മഹാവിഷ്‌ണുവിന്റെ വില്ലിന്റെ പേര്‌ ശാര്‍ങ്‌ഗമെന്നാണ്‌. വൈഷ്‌ണവചാപം എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. ഇന്ദ്രിയങ്ങളുടെ രാജസാഹങ്കാരത്തെ ഈ ചാപത്തിന്റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു.
മനസ്സിന്റെ സാത്വികാഹങ്കാരത്തിന്റെ രൂപമാണ്‌ വിഷ്‌ണുവിന്റെ തൃക്കൈയില്‍ തിരിയുന്ന സുദര്‍ശനചക്രം. ഇതിന്‌ വജ്രനാദം എന്നും പേരുണ്ട്‌. ശത്രുസംഹാരത്തിനായി വിഷ്‌ണു ഈ ആയുധം ഉപയോഗിക്കുന്നു. എന്നാല്‍ , തന്റെ ഭക്‌തോത്തമനായ അംബരീഷനുവേണ്ടി, ദുര്‍വ്വാസാവിനെ ഒരു പാഠം പഠിപ്പിക്കുവാനായി ഈ ആയുധം ഉപയോഗിച്ചിട്ടുണ്ട്‌. പണ്ട്‌ സൂര്യനെ കടഞ്ഞു കിട്ടിയ തേജസ്സിനാല്‍ വിശ്വകര്‍മ്മാവ്‌ നിര്‍മ്മിച്ച്‌ വിഷ്‌ണുവിനു നല്‍കിയതാണ്‌ സുദര്‍ശനചക്രം. മദ്ധ്യത്തില്‍ സുഷിരത്തോടും, നാലുവശത്തും ആരത്തോടും കൂടിയതാകുന്നു. പുറകുവശം കത്തിപോലെ മൂര്‍ച്ച കൂടിയതുമാണ്‌. ചൂണ്ടാണി വിരലിലിട്ട്‌ കറക്കി എറിഞ്ഞാണ്‌ മഹാവിഷ്‌ണു സുദര്‍ശനചക്രം പ്രയോഗിക്കുന്നത്‌. സുദര്‍ശനചക്രം ദുഷ്‌ടന്മാര്‍ക്ക്‌ ഭയാനകവും, ശിഷ്‌ടന്മാര്‍ക്ക്‌ ‘സു’ ദര്‍ശനവുമാണ്‌. (മംഗളദര്‍ശനമാണ്‌) കര്‍മ്മേന്ദ്രിയങ്ങളും ജ്‌ഞാനേന്ദ്രിയങ്ങളും വിഷ്‌ണുവിന്‌ അസ്‌ത്രങ്ങളാകുന്നു. മഹാവിഷ്‌ണുവിന്റെ വാളാണ്‌ നന്ദകം. വിദ്യാമയമായ ജ്‌ഞാനത്തോടുകൂടിയ നന്ദകം എന്ന വാളിനെ അവിദ്യയാകുന്ന ഉറയില്‍ ധരിക്കുന്നവനാകുന്നു മഹാവിഷ്‌ണു. സുഗ്രീവന്‍ , മേഘപുഷ്‌പന്‍ , വലാഹലന്‍ , ശൈബ്യന്‍ എന്നീ നാലുകുതിരകളെ പൂട്ടിയ തേരിലാണ്‌ വിഷ്‌ണുവിന്റെ സഞ്ചാരം. ദാരുകനാണ്‌ വിഷ്‌ണുവിന്റെ സാരഥി.

കശ്യപപുത്രനായ ഗരുഡന്‍ , വിഷ്‌ണു സ്‌മരിക്കുന്ന മാത്രയില്‍ അദ്ദേഹത്തിന്റെ മുന്നിലെത്തി വാഹനമായിത്തീരുന്നു. വിഷ്‌ണുവിന്റെ നാല്‌ തൃക്കൈകളിലും ശംഖ്‌, ചക്രം, ഗദ, പങ്കജം ഇവ ധരിച്ചിരിക്കുന്നു. മഹത്തത്വത്തെ വിഷ്‌ണു കൗമോദകിയെന്ന ഗദയുടെ രൂപത്തില്‍ ധരിക്കുന്നു. വിദ്യയും അവിദ്യയും സത്തും, അസത്തും ഭഗവാന്‍ വിഷ്‌ണുവില്‍ത്തന്നെ സ്‌ഥിതി ചെയ്യുന്നു. പുരുഷന്മാരില്‍വച്ച്‌ പരനും ത്രിഗുണാത്മകമായ പ്രകൃതിയും നാലു പാദത്തോടുകൂടിയ ഓംകാരമന്ത്രവും ഭഗവാന്‍ വിഷ്‌ണുതന്നെയാകുന്നു. കാലവും, കാലത്തെ ഹനിക്കുന്നവനും; കാലത്തെ സംവത്സരങ്ങളായും ഋതുക്കളായും അയനങ്ങളായും തരംതിരിക്കുന്നവനും ഭഗവാന്‍ വിഷ്‌ണുതന്നെ.
നാലുവേദങ്ങളും വേദാംഗങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും സംഗീതശാസ്‌ത്രവും, സര്‍വ്വശാസ്‌ത്രങ്ങളും ശബ്‌ദ ബ്രഹ്‌മസ്വരൂപിയായ ഭഗവാന്‍ വിഷ്‌ണുവിന്റെ ശരീരമാകുന്നു. പഞ്ചഭൂതങ്ങളും പഞ്ചതന്മാത്രകളും, മനസ്സും, ഇന്ദ്രിയങ്ങളും എല്ലാംതന്നെ വിഷ്‌ണുവാകുന്നു. ഇങ്ങനെയുള്ള ഭഗവാന്‍ മഹാവിഷ്‌ണു പാലാഴിയില്‍ അനേകം ആടയാഭരണങ്ങളോടും ആയുധങ്ങളോടുംകൂടി ആദിശേഷന്റെ മുകളില്‍ ശയിക്കുന്നു.

ഗരുഡന്‍

ഗരുഡനെ വിഷ്ണുവിന്റെ വാഹനമായും അംശാവതാരമായും പ്രകീര്‍ത്തിക്കുന്നു. ഗരുഡന്റെ ജനത്തെ സംബന്ധിച്ച്‌ മഹാഭാരത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു. കശ്യപന്റെ രണ്ട്‌ പത്നിമാരായിരുന്നു കദ്രുവും, വിനതയും. അവരുടെ ശുശ്രൂഷയില്‍ സന്തുഷ്ടനായ കശ്യപന്‍ ഇഷ്ടമുള്ള വരം വരിച്ചുകൊള്ളുവാന്‍ പറഞ്ഞു. കദ്രു ആയിരം പുത്രന്മാരെയും, വിനത വീരശൂരപരാക്രമികളായ രണ്ട്‌ പുത്രന്മാരെയും വരിച്ചു. അതനുസരിച്ച്‌ കദ്രു ആയിരം അണ്ഡങ്ങള്‍ക്കും വിനത രണ്ട്‌ അണ്ഡങ്ങള്‍ക്കും ജന്മം നല്‍കി. അഞ്ഞൂറ്‌ വര്‍ഷം കഴിഞ്ഞപ്പോള്‍ കദ്രുവിന്റെ അണ്ഡങ്ങള്‍ വിരിഞ്ഞ്‌ സര്‍പ്പസന്തതികള്‍ ജാതരായി. ഇതുകണ്ട്‌ കുണ്ഠിതയായ വിനത തന്റെ ഒരു അണ്ഡത്തെ പൊട്ടിച്ചുനോക്കി. അതില്‍ നിന്നും പകുതി വളര്‍ച്ചയെത്തിയ ഒരു ശിശു പുറത്തുചാടി. അവസരത്തില്‍ മുട്ട പൊട്ടിച്ചതുകൊണ്ട്‌ കുപിതയായ ശിശു വിനതയോട്‌ ഇപ്രകാരം പറഞ്ഞു. “അത്യാഗ്രഹിയായ സ്ത്രീയേ, അനവസരത്തില്‍ എന്നെ പ്രസവിച്ചതുകൊണ്ട്‌ നീ കദ്രുവിന്റെ ദാസിയായി ഭവിക്കട്ടെ. അഞ്ഞുറുവര്‍ഷം കൂടി കഴിഞ്ഞാല്‍ ശേഷിച്ച മുട്ട വിരിയുകയും വീരശൂരപരാക്രമിയായ അവന്‍ നിന്നെ ദാസ്യതയില്‍ നിന്ന്‌ മോചിപ്പിക്കുകയും ചെയ്യും.” ഇത്രയും പറഞ്ഞ്‌ അരുണന്‍ എന്ന്‌ പേരോടുകൂടിയ ആ ശിശു ആകാശത്തിലേക്ക്‌ പോവുകയും സൂര്യന്റെ തേരാളിയായിതീരുകയും ചെയ്തു.

ഒരു നാള്‍ വൈകുന്നേരം കദ്രുവും വിനതയും കൂടി
ദേവേന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിനെ കാണുകയുണ്ടായി. അതിന്റെ വാല്‍ കറുത്തതാണെന്ന്‌ കദ്രുവും വെളുത്തതാണെന്ന്‌ വിനതയും വാദിച്ചു. അടുത്തദിവസം രാവിലെ അത്‌ പരിശോധിക്കാമെന്നും പരാജയപ്പെടുന്ന ആള്‍ ജയിക്കുന്ന ആളുടെ ദാസിയായി തീരണമെന്നും അവര്‍ തീരുമാനിച്ചു. കദ്രുവിന്റെ നിര്‍ദേശപ്രകാരം ചില നാഗങ്ങള്‍ ഉച്ചൈശ്രവസ്സിന്റെ വാലില്‍ തൂങ്ങിക്കിടക്കുകയും അങ്ങനെ വെളത്തതായ വാല്‍ കറുത്തതായി കാണപ്പെടുകയും ചെയ്തു. പരാജിതയായ വിനിത കദ്രുവിന്റെ ദാസിയായിത്തീര്‍ന്നു. അഞ്ഞൂറുവര്‍ഷം കഴിഞ്ഞപ്പോള്‍ വിനിതയുടെ മുട്ട വിരിഞ്ഞ്‌ ഗരുഡന്‍ ജനിച്ചു. മാതാവിന്റെ ദാസ്യത്വം ഗരുഡന്‌ വലുതായ ദുഃഖമുണ്ടാക്കി. ദേവലോകത്തുചെന്ന്‌ അമൃതംകൊണ്ടുവന്ന്‌ നല്‍കിയാല്‍ വിനതയെ ദാസ്യത്തില്‍നിന്ന്‌ മോചിപ്പിക്കാമെന്ന്‌ കദ്രു പറഞ്ഞു. അതനുസരിച്ച്‌ ഗരുഡന്‍ ദേവന്മാരെ പരാജയപ്പെടുത്തി അമൃതകുംഭത്തെ കൊണ്ടുവന്ന്‌ കദ്രുവിന്‌ നല്‍കി വിനതയെ ദാസ്യത്വത്തില്‍ നിന്ന്‌ മോചിപ്പിച്ചു. അമൃതം ഭക്ഷിക്കുന്നതിനുമുമ്പായി സ്നാനം ചെയ്തുവരാന്‍ കദ്രു സന്തതികളോട്‌ പറഞ്ഞു.

നാഗങ്ങള്‍ സ്നാനത്തിനായി പോയ നേരത്ത്‌ ഇന്ദ്രന്‍
അമൃതകുംഭവുമെടുത്ത്‌ ദേവലോകത്തേക്ക്‌ പോയി. തിരികെയെത്തിയ നാഗങ്ങള്‍ അമൃതം ലഭിക്കാഞ്ഞ്‌ അത്യധികം കുണ്ഠിതരായി. അവര്‍ അമൃതകുംഭം വച്ചിരുന്ന ദര്‍ഭയില്‍ ആര്‍ത്തിയോടുകൂടി നക്കുകയും അതിന്റെ ഫലമായി നാഗങ്ങളുടെ നാക്ക്‌ രണ്ടായിത്തീരുകയും ചെയ്തു. അന്നുമുതല്‍ക്കാണത്രേ, നാഗങ്ങള്‍ ഇരട്ടനാക്കോടുകൂടിയവരായിത്തീര്‍ന്നത്‌. പിന്നെ ഗരുഡന്‍ വിഷ്ണുഭഗവാനെ പ്രസാദിപ്പിച്ച്‌ അദ്ദേഹത്തിന്റെ വാഹനമായി ഭവിച്ചു. പാലാഴിമഥന സമയത്ത്‌ ഗരുഡന്‍ മന്ദര പര്‍വതത്തിന്റെ മുകളില്‍ നിന്നതായി പറയുന്നുണ്ട്‌. ഗരുഡന്റെ നാമധേയവുമായി ബന്ധപ്പെട്ട പുരാണമാണ്‌ ഗരുഡപുരാണം. ഇതില്‍ 19000 ശ്ലോകങ്ങളും 248 അദ്ധ്യായങ്ങളും അടങ്ങിയിരിക്കുന്നു. ഇത്‌ പൂര്‍വഭാഗമെന്നും, ഉത്തരഭാഗമെന്നുമുള്ള രണ്ട്‌ വിഭാഗങ്ങളോട്‌ കൂടിയതാണ്‌. പൂര്‍വഭാഗത്തില്‍ നാനാവിധ വസ്തുതകളെ വിവരിക്കുന്നു. ഉത്തരഭാഗത്ത്‌ മരണാനന്തര ക്രിയ തുടങ്ങിയവയെ വിവരിക്കുന്നു. ഉത്തരഭാഗം പ്രേതകല്‍പം എന്ന നാമധേയത്തിലും അറിയപ്പെടുന്നു. മലപ്പുറം ജില്ലയിലെ തിരൂരിനടുത്തായി ഗരുഡന്‍ മുഖ്യപ്രതിഷ്ഠയായിട്ടുള്ള ഗരുഡന്‍കാവ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. സര്‍പ്പദോഷപരിഹാരത്തിനായിക്കൊണ്ട്‌ ഇവിടെ പ്രത്യേക വഴിപാടുകള്‍ നടത്തുന്നു.

ദശാവതാരം— കൽക്കി

മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി എന്നു പറയപ്പെടുന്നു..’കൽക്കി’ എന്ന വാക്കിനർത്ഥം ‘അനശ്വരത’,’വെളുത്ത കുതിര’ എന്നൊക്കെയാണ്. ‘മാലിന്യത്തെ അകറ്റുന്നവൻ’ എന്നർത്ഥമുള്ള ‘കൽക’ എന്ന സംസ്കൃത ധാതുവിൽ നിന്നാണ് കൽക്കി എന്ന വാക്കുണ്ടായതെന്നു കരുതുന്നു.

കലിയുഗാന്ത്യത്തിൽ ഭഗവാൻ മഹാവിഷ്ണു കൽക്കിയെന്ന അവതാരമെടുക്കുമെന്ന് പല പുരാണങ്ങളും പ്രവചിക്കുന്നു.വിഷ്ണുവിൻറെ ഒമ്പതാമത്തെ അവതാരമായ ശ്രീ കൃഷ്ണൻ ഇഹലോകവാസം വെടിഞ്ഞതോടെ കലിയുഗം ആരംഭിച്ചു.കലിയുഗത്തിൽ ധർമ്മം ക്ഷയിക്കുകയും അധർമ്മത്തിന് ഉയർച്ചയുണ്ടാകുകയും ചെയ്യും.മനുഷ്യർ സത്യവും ധർമ്മവും ഉപേക്ഷിച്ച് അധാർമ്മികമായ ജീവിതം നയിക്കും.ഭരണാധികാരികളുടെ ലക്ഷ്യം പണം മാത്രമാകും.ക്ഷാമം,സാംക്രമിക രോഗങ്ങൾ,വരൾച്ച,കൊടുങ്കാറ്റ് എന്നിവയാൽ ജനം കഷ്ടപ്പെടും.അങ്ങനെ കാലദോഷത്തിൻറെ പാരമ്യത്തിൽ ധർമ്മം പുനസ്ഥാപിക്കുവാനായി ഭഗവാൻ വിഷ്ണു ശംഭലം എന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ കൽക്കിയായി ജനിക്കും.ദുഷ്ടൻമാരെ നിഗ്രഹിച്ച് വർണ്ണാശ്രമ ധർമ്മങ്ങളും (ബ്രാഹ്മചര്യം,ഗാർഹസ്ഥ്യം,വാനപ്രസ്ഥം,സംന്യാസം) പുരുഷാർത്ഥങ്ങളും (ധർമ്മം,അർത്ഥം,കാമം,മോക്ഷം) പുനഃസ്ഥാപിക്കും.അതോടെ കലിയുഗം അവസാനിക്കുകയും ധാർമ്മികതയുടെയും പവിത്രതയുടെയും സത്യയുഗം (കൃതയുഗം) ആരംഭിക്കുകയും ചെയ്യും.ഒടുവിൽ അവതാര ലക്ഷ്യം പൂർത്തിയാക്കി കൽക്കി വിഷ്ണുവിൽ ലയിക്കും

ദശാവതാരം— ബലരാമൻ

മഹാവിഷ്ണുവിന്റെ അവതാരമാണ്‌ ബലരാമൻ. ബാലദേവൻ,ബാലഭദ്രൻ,ഹലായുധൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായാണ്‌ പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. വിഷ്ണുഭഗവാന്റെ എട്ടാമത്തെ അവതാരമാണ്‌ ബലരാമൻ. അതിയായ ബലത്തോട്‌ കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോടുകൂടിയവരുമായതുകൊണ്ട്‌ ബലരാമൻ എന്ന പേരുണ്ടായതെന്ന്‌ പറയപ്പെടുന്നു. വൈദീക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായിത്തീരുകയും പൂ‌ർവഭാരതത്തിൽ ദാശരഥീരാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ദ്രനും ബലരാമനും മദ്യപാനികളാണ്‌. ഈ പ്രത്യേകതയാണ്‌ അവരുടെ മൗലികമായ ഏകതയെ സൂചിപ്പിക്കാൻ ചരിത്രകാരന്മാർ ഉപയോഗിക്കുന്നത്. സ്വന്തം കർത്തവ്യം മറന്ന് മദ്യാസക്തനായിരിക്കുന്ന ബലരാമനെ പുരാണങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്.

മഹാവിഷ്ണുവിന്റെ അവതാരമാകുമ്പോഴും ബലരാമൻ അനന്തന്റെ അവതാരമായി കരുതിപോരുന്നു. ത്രേതായുഗത്തിലെ അനന്തന്റെ അവതാരമായ ലക്ഷ്മണനുശേഷം ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി പിറന്നുവെന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്.

ദശാവതാരം— ശ്രീകൃഷ്ണൻ

മഹാവിഷ്ണുവിന്റെ ഒമ്പതാമത് അവതാരമാണ്‌ ശ്രീകൃഷ്ണന്‍. വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി കാരാഗൃഹത്തിലാണു കൃഷ്ണജനനം. അമ്മാവനായ കംസനെ വധിക്കുന്നത് ദേവകീ പുത്രനായിരിക്കുമെന്ന അശരീരിയാണു അവര്‍ കാരഗൃഹത്തിലടയ്ക്കപ്പെടാന്‍ കാരണം. പക്ഷേ വിധിയുടെ അലംഘനീയതപോലെ കൃഷ്ണന്‍ ഭൂജാതനാകുകയും കംസന്‍ കൊല്ലപ്പെടുകയും ചെയ്തു. കൃഷ്ണന്റെ കൈകളാല്‍ ധാരാളം അസുരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പാണ്ഡവരുടെ ഉറ്റമിത്രമായിരുന്ന കൃഷ്ണന്‍ കുരുക്ഷേത്രയുദ്ധത്തില്‍ പലപ്പോഴും അവരെ അകമഴിഞ്ഞ് സഹായിക്കുകയുണ്ടായി. അര്‍ജ്ജുനനെ യുദ്ധപ്രാപ്തനാക്കുന്നതിനുവേണ്ടി യുദ്ധമുഖത്തു വച്ച് അദ്ദേഹമുപദേശിച്ചതാണു ഭഗവദ് ഗീത. ശ്രീകൃഷ്നനു പതിനാറായിരത്തെട്ട് ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്നാണു പറയപ്പെടുന്നത്. താങ്ങാനാവാത്ത ഭാരത്താല്‍ വശംവദയായ ഭൂമിദേവിയുടെ അഭ്യര്‍ത്ഥനപ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമം പുനസ്ഥാപിക്കാനായാണു ഭഗവാൻ അവതരിച്ചത്

ദശാവതാരം— ശ്രീരാമൻ

വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏഴാമത്തേതാണ് അവതാരമാണ് രാമൻ.ഹിന്ദു ആരാധനാമൂർത്തികളിൽ പ്രധാനിയാണ് രാമൻ. ഏഷ്യയിലും, കിഴക്കേ ഏഷ്യയിലും ഉള്ള പുരാണകാവ്യങ്ങളിൽ രാമൻ പ്രസിദ്ധമാണ്.അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യപുത്രനാണ്‌ രാമൻ. ഹിന്ദുമതത്തിൽ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു. നന്മയുടെ ദൈവമായും ശ്രീരാമനെ കരുതുന്നു. ലക്ഷ്മീദേവിയുടെ അവതാരമായ സീതാദേവിയാണ് പത്നി. ഉത്തമസ്ത്രീയായി സീതയെ കരുതുന്നു. ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരായിരുന്നു രാമന്റെ സഹോദരൻമാർ.

രാമചരിതവും ജീവനവും ധർമ്മത്തിന് ഉദാഹരണമാണ്. ഉത്തമപുരുഷനും പൂർണ്ണ മനുഷ്യനുമായിരുന്നു രാമൻ. ദശരഥൻ കൊടുത്ത ശപഥം മുൻ‌നിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു. പത്നി സീതക്കും അനുജൻ ലക്ഷ്മണനും രാമനെ പിരിഞ്ഞിരിക്കുവാൻ കഴിയാത്തതുകൊണ്ട് പതിന്നാലു വർഷത്തെ വനവാസത്തിന് രാമനൊപ്പം പോകുകയും ചെയ്തു. വനവാസത്തിനിടക്ക് രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണൻ സീതയെ അപഹരിക്കുകയും ചെയ്തു. ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം, സീത ലങ്കയിൽ ഉണ്ടെന്ന് ഹനുമാൻ കണ്ടെത്തുകയും. ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു.

വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും, അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു. അങ്ങനെ അന്തിമഫലമായ ദേശത്തിന്റെ ചക്രവർത്തിയായി, പിന്നീടുള്ള പതിനോരായിരം വർഷം സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും, ന്യായത്തിന്റെയും യുഗമായ രാമരാജ്യ മായി അറിയപ്പെട്ടു.

ദശാവതാരം— പരശുരാമൻ

കേരളോല്പത്തി കഥയിൽ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനിയാണ് പരശുരാമൻ. പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു. ത്രേതായുഗത്തിൽ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്റെ ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. ദക്ഷിണഭാരതത്തിലേക്കുള്ള ആര്യാവർത്തത്തിന്റെ കൈയേറ്റമായിട്ടാണ്‌ പലരും പരശുരാമൻ ദക്ഷിണഭാരതത്തിൽ ബ്രാഹ്മണക്ഷേത്രങ്ങൾ സ്ഥാപിച്ചതിനെ കാണുന്നത്. പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളിൽ രാമൻ വിവാദപുരുഷനാവുന്നു.

ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒരാളുമാണ്‌ പരശു ആയുധമാക്കിയ രാമൻ

ദശാവതാരം— വാമനൻ

ഹൈന്ദവപുരാണങ്ങളനുസരിച്ച് മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്. പ്രഹ്ലാദന്റെ ശാപപ്രകാരം മഹാബലിയെ പാതാളത്തിലേക്കയക്കാൻ അവതരിച്ച “വടു” ആയിരുന്നു വാമനൻ. മഹാവിഷ്ണുവിന്റെ ഒമ്പത് അവതാരങ്ങളിൽ മദ്ധ്യത്തിലേത് എന്നനിലയിൽ ആണ് വാമനാവതാരം ശ്രദ്ധേയമാണ്.

അദിതിയുടേയും കശ്യപന്റെയും പുത്രനായാണ്‌ വാമനൻ ജനിച്ചത്

ദശാവതാരം— നരസിംഹം

മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിം‌ഹം. മഹാവിഷ്ണു കൃതയുഗത്തിൽ നാലവതാരങ്ങൾ എടുത്തു. അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യാകശിപുവിനെ നിഗ്രഹിക്കാനുമായി മഹാവിഷ്ണു നരസിംഹാവതാരം എടുത്തുവെന്നു ഭാഗവതത്തിൽ പറയുന്നുണ്ട്. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് താഴെ പറയുന്ന മട്ടിലേ തന്റെ മരണം ആകാവൂ എന്ന വരം വാങ്ങി.

1.മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്
2.ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്
3.രാവോ പകലോ തന്നെ കൊല്ലരുത്
4.ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത്

ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ അറിയിയ്ക്കുകയും അനന്തരം തൂൺ പിളർന്ന് മഹാവിഷ്ണു നരസിം‌ഹമൂർത്തിയായി അവതരിച്ചു. സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു വധം നടത്തി. ശേഷം ശാന്തനായ നരസിം‌ഹമൂർത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.

ദശാവതാരം— വരാഹം

മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് വരാഹം. വിഷ്ണുപുരാണം, മഹാഭാരതം, വരാഹപുരാണം തുടങ്ങി പ്രാചീന ഗ്രന്ഥങ്ങളിൽ വരാഹത്തെപ്പറ്റിയുള്ള പരാമർശങ്ങൾ കാണപ്പെടുന്നു.

മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. താപസന്മാരെ ദാനവന്മാരാകട്ടെ എന്ന് ശപിച്ചു. ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം.