അകവൂർ ചാത്തൻ

അദ്ദേഹം അകവൂർ നമ്പൂരിപ്പാട്ടിലെ ഭൃത്യനായി ആ മനയ്ക്കലാണ് താമസിച്ചിരുന്നത്. അന്നത്തെ അച്ഛൻ നമ്പൂരിപ്പാട്ടിലേക്ക് അനർഹയായ ഒരു സ്ത്രീയിൽ മനസ്സു പ്രവർത്തിക്കയാൽ തത്പാപപരിഹാരാർത്ഥം ഗംഗാസ്നാനം ചെയ്യണമെന്നു തീർച്ചയാക്കി. നമ്പൂരിപ്പാട്ടീന്നു പോയപ്പോൾ ഭൃത്യനായ ചാത്തനെയും കൊണ്ടുപോയി. ചാത്തൻ ഒരു ചുരയ്ക്കായും എടുത്തിട്ടുണ്ടായിരുന്നു. നമ്പൂരിപ്പാട്ടീന്നു സ്നാനം കഴിച്ച തീർത്ഥങ്ങളിലെല്ലാം ചാത്തൻ ഈ ചുരയ്ക്കായും മുക്കി, ചാത്തൻ എങ്ങും സ്നാനം കഴിച്ചുമില്ല. നമ്പൂരിപ്പാട്ടീന്നു തിരിയെ സ്വഭവനത്തിൽ എത്തി, കാലഭൈരവപ്രീതിയും മറ്റും കേമമായിക്കഴിച്ചു പാപമോചനം വന്നു എന്നു വിചാരിച്ച് ഇരിപ്പായി. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം ചാത്തൻ ഈ ചുരയ്ക്കായെടുത്തു കറിയ്ക്കു നുറുക്കിക്കൊടുത്തു.
അതൊരു കയ്പൻ ചുരയ്ക്കയായിരുന്നതിനാൽ കൂട്ടാൻ കയ്പുകൊണ്ടു കൂട്ടാൻ പാടിലായിരുന്നു. കൂട്ടാൻ കയ്ചതിനാൽ നമ്പൂരിപ്പാട്ടീന്ന് അന്തർജനത്തിനെ ദേഷ്യപ്പെട്ടു. “ചാത്തൻ നുറുക്കിത്തന്നതാണ് ഞാൻ വെച്ചത്. കഷണമെന്താണെന്നറിഞ്ഞില്ല. ആ കഷണത്തിന്റെ കയ്പായിരിക്കണം. അല്ലാതെയൊന്നുമല്ല” എന്നന്തർജനം പറഞ്ഞു. നമ്പൂരിപ്പാട്ടീന്ന് ഊണുകഴിഞ്ഞ് പുറത്തുവന്നയുടനെ ചാത്തനെ വിളിച്ച് “കൂട്ടാനിനു നുറുക്കിക്കൊടുത്ത കഷണമെന്തായിരുന്നു” എന്നും “അതു കയ്ക്കുന്നതിന്റെ കാരണമെന്തെന്നും” ചോദിച്ചു. അപ്പോൾ ചാത്തൻ “കൂട്ടാന്റെ കഷണം കയ്ക്കുന്നുണ്ടെങ്കിൽ തിരുമനസ്സിലെ പാപവും തീർന്നിട്ടില്ല. തിരുമേനി സ്നാനം കഴിച്ച പുണ്യതീർത്ഥങ്ങളിലെല്ലാം അടിയൻ ആ കയ്പൻ ചുരയ്ക്കായും മുക്കിയല്ലോ. ആ ചുരയ്ക്കയാണ് കൂട്ടാനിന്നു നുറുക്കിക്കൊടുത്തത്” എന്നു പറഞ്ഞു.
ഇതു കേട്ടപ്പോൾ ചാത്തൻ തന്നെ പരിഹസിക്കാനായിട്ടാണ് ചുരയ്ക്ക മുക്കിക്കൊണ്ടുവന്നതെന്ന് മനസ്സിലാകയാൽ നമ്പൂരിപ്പാട്ടിലെ കോപം അശേഷം പോയി എന്നു തന്നെയല്ല, വളരെ ലജ്ജയുമുണ്ടായി. തന്റെ പാപം തീർന്നിട്ടില്ലെന്നു സ്വയമേവ നമ്പൂരിപ്പാട്ടീന്നു സമ്മതിച്ചു. “ഇനി പാപം തീരാൻ എന്തുവേണമെന്നു നീ തന്നെ പറഞ്ഞുതരണ”മെന്നു നമ്പൂരിപ്പാട്ടീന്നു പറയുകയാൽ ചാത്തൻ, “തിരുമേനി യാതൊരു സാധനത്തെ ആഗ്രഹിച്ചുവോ അതിന്റെ പ്രതിമ ഇരുമ്പുകൊണ്ടുണ്ടാക്കിച്ച് അതു തീയിലിട്ടു നല്ലപോലെ പഴുപ്പിച്ചെടുത്തു നാട്ടി, അനേകം ജനങ്ങൾ കൂടിനില്ക്കുമ്പോൾ ഇന്ന സംഗതിയുടെ പാപം തീരാനാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് അതിനെ ആലിംഗനം ചെയ്യണം. അല്ലാതെ ഈ പാപം ഒരിക്കലും തീരുന്നതല്ല” എന്നു പറഞ്ഞു. നമ്പൂരിപ്പാട്ടീന്ന് ഇതുകേട്ട് അങ്ങനെതന്നെ ചെയ്യാമെന്നു തീർച്ചപ്പെടുത്തി. പിന്നെ ഇരുമ്പുകൊണ്ട് ഒരാളോളം വലിപ്പത്തിൽ ഒരു സ്ത്രീപ്രതിമയുണ്ടാക്കിച്ചു. ഈ പ്രതിവിധി ഇന്ന ദിവസം ചെയ്കയെന്നു നിശ്ചയിച്ചു മലയാളരാജ്യമൊട്ടുക്കു ഒരു പരസ്യവും പ്രസിദ്ധപ്പെടുത്തി. സമയമായപ്പോഴേക്കും അസംഖ്യം ജനങ്ങൾ അവിടെ വന്നുകൂടി. പ്രതിമയും പഴുപ്പിച്ചു വലിയ കൊടിലുകൾകൊണ്ടും മറ്റും പിടിച്ചു സഭയിൽ നാട്ടിവച്ചു. നമ്പൂരിപ്പാട്ടീന്നു തനിക്കു പാപം സംഭവിക്കാനുള്ള കാരണവും ഇത് അതിന്റെ പരിഹാരമാണെന്നും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് തീക്കട്ടപോലെ ജ്വലിച്ചുകൊണ്ടിരിക്കുന്ന പ്രതിമയെ കെട്ടിപ്പിടിക്കാനായി ഓടിച്ചെന്നു. തൊട്ടുതൊട്ടില്ലെന്നായപ്പോൾ അടുത്തു നിന്നിരുന്ന ചാത്തൻ നമ്പൂരിപ്പാട്ടിലെ തടുത്തുനിറുത്തിക്കൊണ്ട് “ഇത്രയും മതി. ഇപ്പോൾ അവിടുത്തെ പാപമെല്ലാം തീർന്നിരിക്കുന്നു” എന്നു പറഞ്ഞു. അതിനെ അവിടെ കൂടിയിരുന്ന സകലജനങ്ങളും ഐക്യകണ്ഠേന സമ്മതിക്കുകയും ചെയ്തു. ഇതിനാൽ പാപമോചനത്തിനു പശ്ചാത്താപവും മനഃശുദ്ധിയുമാണ് വേണ്ടതെന്നും അതുകൂടാതെ ഗംഗാസ്നാനം മുതലായവ ചെയ്താൽ മതിയാകുന്നതല്ലെന്നും സ്പഷ്ടമാകുന്നുവല്ലോ. നമ്പൂതിരിപ്പാട്ടീന്നു പതിവായി ഏഴരനാഴിക വെളുപ്പാനുള്ളപ്പോൾ കുളിച്ച് ഉച്ചയാകുന്നതുവരെ തേവാരം കഴിക്കുന്നതിന്റെ ഉദ്ദേശമെന്താണെന്ന് ഒരു ദിവസം ചാത്തൻ ചോദിച്ചു. “ഞാൻപരബ്രഹ്മത്തെ സേവിക്കയാണെ”ന്നു നമ്പൂതിരിപ്പാട്ടീന്നു പറഞ്ഞു. “അപ്പോൾ പരബ്രഹ്മം എങ്ങനെയിരിക്കും?” എന്നു ചാത്തൻ ചോദിക്കയാൽ നമ്പൂതിരിപ്പാട്ടീന്നു പരിഹാസമായിട്ടു “നമ്മുടെ മാടൻപോത്തിനെപ്പോലിരിക്കും” എന്നു പറഞ്ഞു. പിന്നെ നമ്പൂതിരിപ്പാട്ടീന്നു കുളിക്കുമ്പോൾ ചാത്തനും പതിവായി കുളിച്ചു പരബ്രഹ്മത്തെ സേവിച്ചു തുടങ്ങി. അങ്ങനെ നാല്പതു ദിവസം കഴിഞ്ഞപ്പോൾ ചാത്തന്റെ ധ്യാനപ്രകാരം മാടൻപോത്തിന്റെ സ്വരൂപത്തിൽ പരബ്രഹ്മം അയാൾക്കു പ്രത്യക്ഷമായി. പിന്നെ സദാ പരബ്രഹ്മം ചാത്തന്റെ കൂടെ നടക്കുകയും അയാൾ പറയുന്ന വേലകൾ ചെയ്കയും തുടങ്ങി. നമ്പൂതിരിപ്പാട്ടീന്ന് ഈ വിവരമൊന്നും അറിഞ്ഞതുമില്ല. അദ്ദേഹത്തിന് ഈ മാടൻപോത്ത് അപ്രത്യക്ഷമായിട്ടാണ് ഇരുന്നതും.
അങ്ങനെയിരിക്കുമ്പോൾ നമ്പൂതിരിപ്പാട്ടീന്നു തെക്കേ ദിക്കിലേക്ക് ഒരു യാത്രയുണ്ടായി. ഭാണ്ഡമെടുക്കുന്നതിനു ചാത്തനെയും കൊണ്ടു പോയി. ചാത്തൻ ഭാണ്ഡം മാടൻപോത്തിന്റെ പുറത്തു കെട്ടിയിട്ടു ചുമപ്പിചുകൊണ്ടു നമ്പൂതിരിപ്പാട്ടിലെ കൂടെപ്പോയി. ഓചിറപ്പടനിലം എന്നു പ്രസിദ്ധമായ സ്ഥലത്തുചെന്നപ്പോൾ അവിടെ  ഒരു വിസ്താരം കുറഞ്ഞ വാതുക്കലൂടെ കടന്നുപോകേണ്ടിയിരുന്നു. നമ്പൂതിരിപ്പാട്ടീന്നു മുമ്പേ കടന്നു. പിന്നാലെ ചാത്തനും കടന്നു. മാടൻപോത്തിന്റെ കൊമ്പുകൾ അവിടെ തടഞ്ഞതിനാൽ അതിനു കടക്കാൻ പാടില്ലാതെ അവിടെ നിന്നു. അപ്പോൾ ചാത്തൻ തിരിഞ്ഞുനിന്ന് “ചരിച്ചു കടത്തൂ” എന്നു പറഞ്ഞു. നമ്പൂതിരിപ്പാട്ടീന്ന് ഇതുകേട്ടു തിരിഞ്ഞുനോക്കിയപ്പോൾ മാടൻപോത്തിനെ അദ്ദേഹത്തിനു കാണ്മാൻ പാടില്ലായിരുന്നതിനാൽ “നീ ആരോടാണ് പറയുന്നത്?” എന്നു ചോദിചു. “നമ്മുടെ മാടൻപോത്തിനോട്” എന്നു ചാത്തൻ മറുപടി പറഞ്ഞു.
നമ്പൂതിരിപ്പാട്: മാടൻപോത്തെവിടെ? ഏതു മാടൻപോത്ത്?
ചാത്തൻ: ഇതാ നില്ക്കുന്നു. അവിടുന്നു കാണുന്നില്ലേ? തിരുമനസ്സിലെ കല്പനപ്രകാരം അടിയൻ സേവിച്ചു പ്രത്യക്ഷമാക്കിയ മാടൻപോത്താണിത്.
ഇതുകേട്ടു നമ്പൂതിരിപ്പാട്ടീന്നു ചാത്തനെ തൊട്ടുംകൊണ്ട് നോക്കിയപ്പോൾ മാടൻപോത്തിന്റെ ആകൃതിയിൽ പ്രത്യക്ഷമായിരിക്കുന്ന പരബ്രഹ്മത്തെ കണ്ടു. നമ്പൂതിരിപ്പാട്ടീന്ന് “എന്നെക്കാൾ ഭക്തി നിനക്കുതന്നെയാണ്. അതിനാൽ ഞാൻ നിന്നെയും വന്ദിക്കുന്നു” എന്നു പറഞ്ഞു ചാത്തനെ നമസ്കരിച്ചു. ഉടനെ മാടൻപോത്ത് അവിടെത്തന്നെ ഭൂമിയിൽ താണുപോയി. “അടിയന്റെ മാടൻപോത്തില്ലാതെ അടിയൻ വരികയില്ല” എന്നു പറഞ്ഞു ചാത്തനും അവിടെ ഇരിപ്പായി. “എനിക്കിനി എന്താണ് ഗതി” എന്നു നമ്പൂതിരിപ്പാട്ടീന്നു ചോദിച്ചു. അപ്പോൾ ചാത്തൻ “മേല്പോട്ട് കേറാൻ നൂലുണ്ടലോ. അതുപിടിചു കേറിക്കൊള്ളണം” എന്നു പറഞ്ഞു. അതിന്റെ സാരം വേദംകൊണ്ടു മോക്ഷത്തെ പ്രാപിച്ചു കൊള്ളണമെന്നാണെന്ന് മനസ്സിലാക്കി നമ്പൂതിരിപ്പാട്ടീന്നു ചാത്തനെ വിട്ടു വിഷാദത്തോടുകൂടി പോവുകയും ചെയ്തു. ചാത്തൻ പിന്നെയും കുറഞ്ഞൊരുകാലം പരബ്രഹ്മത്തെയും ധ്യാനിച്ചുകൊണ്ട് അവിടെയിരുന്നു. ഒടുക്കം ആണ്ടുതോറും പതിവുള്ള പടയിൽച്ചേർന്നു മരിച്ചു സായൂജ്യം പ്രാപിക്കയും ചെയ്തു.