സുബ്രഹ്മണ്യൻ

ഹൈന്ദവവിശ്വാസപ്രകാരം പരമശിവന്റെയും പാർവതിദേവിയുടെയും പുത്രനാണ് സുബ്രമണ്യൻ. ജ്യോതിഷം രചിച്ചത് സുബ്രമണ്യനാണെന്ന് വിശ്വസിക്കപ്പെടുന്നു. മയിലാണ് വാഹനം, കൊടിയടയാളം കോഴി. വേൽ ആയുധവും. പഴന്തമിഴ് കാവ്യങ്ങളിൽ പറയുന്ന ചേയോൻ മുരുകനാണെന്ന് കരുതപ്പെടുന്നു.
മകരമാസത്തിലെ പൂയം.സുബ്രഹ്മണ്യൻ ജനിച്ച നാളായി കരുതപെടുന്നു. ഈ ദിവസങ്ങളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാവടിയാട്ടവും ആഘോഷങ്ങളും നടത്താറുണ്ട്‌ .
ശൂക്രാചാര്യരുടെ ശിഷ്യയായ മായ എന്ന അസുരസ്ത്രീക്ക് കശ്യപമഹർഷിയിൽ ജനിച്ച ശൂരപദ്മൻ, താരകാസുരൻ, സിംഹവക്ത്രൻ എന്നീ അസുരന്മാരെ വധിക്കാനാണ് സുബ്രഹ്മണ്യൻ അവതരിച്ചത്. ശിവപുത്രനു മാത്രമെ തങ്ങളെ വധിക്കാനാകാവൂ എന്ന് വരം നേടിയ അസുരന്മാർ ത്രിലോകങ്ങളും അടക്കിഭരിച്ചു. ദേവന്മാരുടെ അഭ്യർഥന പ്രകാരം ശിവൻ പാർവതിയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ വളരെ കാലമായിട്ടും ശിവപുത്രൻ അവതരിച്ചില്ല. തുടർന്നു ഭഗവാൻ പഞ്ചമുഖരൂപം കൈക്കൊള്ളുകയും ഭഗവാന്റെ അഞ്ചു മുഖങളിൽ നിന്നും അഞ്ചു ദിവ്യജ്യോതിസ്സുകളും പർവതീദേവ്വീയുടെ മുഖത്ത് നിന്നും ഒരു ദിവ്യജ്യോതിസ്സും വരികയും ചെയ്തു. ആ ദിവ്യജ്യോതിസ്സുകളെ അഗ്നിദേവനും,വായൂദേവനും ചേർന്ന് ഗംഗയിൽ നിക്ഷേപിക്കുകയും ചെയ്തു. ഗംഗ ശരവണ പൊയ്കയിൽ എത്തിച്ച ആ ദിവ്യജ്യോതിസ്സുകളിൽ നിന്നും ആറു മുഖങ്ങളോടെ സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു. വിഷ്ണുവിന്റെ നിർദേശപ്രകാരം കാർത്തിക നക്ഷത്രത്തിന്റെ അധിദേവതമാരയ ആറു ദേവിമാർ സുബ്രഹ്മണ്യനെ മുല കൊടുത്ത് വളർത്തുകയും ചെയ്തു. പിന്നീട് ദേവസേനാപതിയായ് അഭിഷേകം ചെയ്യപ്പെട്ട സുബ്രഹ്മണ്യൻ ശൂരപദ്മൻ, താരകാസുരൻ, സിംഹവക്തൻ എന്നീ അസുരന്മാരുമായി യുദ്ധത്തിൽ ഏർപ്പെടുകയും അവരെ വധിക്കുകയും ചെയ്തു.