ആവണി അവിട്ടം

⭐️

ശ്രീകൃഷ്ണ ജയന്തിക്ക് തൊട്ടു മുൻപ് വരുന്ന പൗര്‍ണ്ണമിനാളാണ് ആവണി അവിട്ടം.

വേദം ഉരുത്തിരിഞ്ഞതാണ് ഉപനിഷത്ത്.

ജന്മാദ്യസ്യ യതോന്വയാദിതരതശ്ചാർ തേഷ്വഭിജ്ഞഃ സ്വരാട് തേനേ ബ്രഹ്മഹൃദായ ആദികവയേ മുഹ്യന്തി യത് സൂരയഃ
(ഭാഗവതം ).

ബ്രഹ്മാവിന്റെ ഹൃദയത്തിൽ ആണ് വേദം പ്രകടമായത്.
ഒരിക്കൽ ബ്രഹ്മാവിന് വേദങ്ങളുടെ സൂക്ഷിപ്പുകാരൻ ഞാനാണെന്ന അഹന്തയുണ്ടായി. ബ്രഹ്മാവിന്റെ അഹങ്കാരം തീർക്കാൻ ഭഗവാൻ രണ്ട് അസുരന്മാരിൽ പ്രേരണ ശക്തിയായി പ്രവർത്തിച്ചു. അസുരന്മാർ ബ്രഹ്മാവിൽ നിന്നും വേദങ്ങള്‍ മോഷ്ടിച്ചു. അഹങ്കാരം തീർന്ന ബ്രഹ്മാവ് വേദത്തെ വീണ്ടെടുക്കാൻ ഭഗവാനെ അഭയം പ്രാപിച്ചു. ഭഗവാൻ ഹയഗ്രീവനായി അവതാരം കൈക്കൊണ്ട് വേദങ്ങള്‍ വീണ്ടെടുത്തു. ആ ദിവസമാണത്രെ ആവണി അവിട്ടം. ഹയഗ്രീവജയന്തി ആയും ഈ ദിനം അറിയപ്പെടുന്നു.

ബ്രാഹ്മണർക്ക് ഏറ്റവും പ്രാധാന്യമേറിയ ദിവസമാണ് ആവണി അവിട്ടം. ആരാണ് ബ്രാഹ്മണൻ? എന്തുകൊണ്ടാണ് ബ്രാഹ്മണന് ഈ ദിവസം പ്രധാനമായത്? എല്ലാവർക്കും ഉള്ളിൽ ആത്മാവായി കുടികൊള്ളുന്നത് ഒരേ ചൈതന്യമാണ് എന്ന സത്യത്തെ ബ്രഹ്മജ്ഞാനത്തിലൂടെ തിരിച്ചറിഞ്ഞ് സർവ്വപ്രപഞ്ചത്തിന്റേയും നന്മയ്ക്കും ക്ഷേമത്തിനുമായി ധർമ്മാനുഷ്ഠാനത്തോടെ നിലകൊള്ളുന്നവനാണ് ബ്രാഹ്മണൻ. പ്രപഞ്ചത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിന് ആധാരമായതേതോ അതാണ് ധര്‍മ്മം. ഈ ധർമ്മ സംരക്ഷണത്തിന് നില കൊള്ളുന്നവനാണ് ബ്രാഹ്മണൻ. ബ്രാഹ്മണർ ധർമ്മ സംരക്ഷണത്തിനായി ആറു കർമ്മങ്ങളെ അനുഷ്ഠിക്കേണ്ടതുണ്ട്. അദ്ധ്യയനം അദ്ധ്യാപനം യജനം യാജനം ദാനം പ്രതിഗ്രഹം. ഈ കർമ്മാനുഷ്ഠാനങ്ങൾക്ക് അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും ച്യുതി സംഭവിച്ചു എങ്കിൽ അതിന് പരിഹാരമായി ബ്രാഹ്മണര്‍ ആവണി അവിട്ടം നാളിൽ പൂണൂല്‍ മാറ്റി പുതിയ പൂണൂല്‍ ധരിക്കുകയും പൂര്‍വ്വ ഋഷിമാരെ സ്മരിച്ച് അര്‍ഘ്യം ചെയ്യുകയും ചെയ്യുന്നു. ഇതിലൂടെ അതുവരെ ഏർപ്പെട്ട കർമ്മച്യുതി ഇല്ലാതാവുന്നു. ഈ ദിവസം വേദോച്ചാരണവും മന്ത്രോച്ചാരണവും നടത്തുന്നത് വളരെ ശുഭകരമാണ്. ബ്രാഹ്മണ യുവാക്കള്‍ വേദ പഠനം തുടങ്ങുന്നതും ആദ്യമായി പൂണൂല്‍ ധരിക്കുന്നതും ഈ ദിവസം തന്നെയാണ്. ഹയഗ്രീവൻ വേദത്തെ വീണ്ടെടുത്ത ഈ ദിനത്തിൽ പൂണൂല്‍ ധരിക്കുന്നതോടെ അകക്കണ്ണ് (വിഞ്ജാനത്തിന്‍റെ കണ്ണ് )തുറക്കുന്നു എന്നാണ് സങ്കല്‍പ്പം.

ഇതെല്ലാം കഴിഞ്ഞു ഗൃഹത്തിലെത്തുമ്പോള്‍ പുരുഷന്മാരെ സ്വീകരിക്കുന്നതാണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആവണി അവിട്ടം. അവരുടെ സന്തോഷത്തിനായി കുളിച്ച് പുതുവസ്ത്രങ്ങളും ആടയാഭരണങ്ങളും അണിഞ്ഞുകൊണ്ട് സന്തോഷത്തോടെ ആരതി ഉഴിഞ്ഞ് പീഢത്തിൽ ഇരുത്തി ഇഡ്ഡലി, ഉഴുന്നു വട, പരിപ്പു വട, നെയ്യപ്പം, ചോറ്, പലതരം കറികള്‍, പായസം ഒക്കെയായി വിഭവസമൃദ്ധമായ ഭക്ഷണം മധുരപലഹാരങ്ങൾ എന്നിവ നൽകിയാൽ സർവ്വൈശ്വര്യങ്ങളും ലഭിക്കും എന്നാണ് വിശ്വാസം.

ലോക നന്മക്കായി പ്രവർത്തിക്കുന്നവരെ പൂജിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നത് ഈശ്വരപൂജക്ക് തുല്യമാണ്. ഈ ദിവസം തന്നെയാണ് രാഖി അഥവാ രക്ഷാബന്ധൻ എന്നും ഒരു സങ്കല്പമുണ്ട്. അതിന്റെ കഥ ഇങ്ങിനെയാണ്. ധർമ്മപുത്രരുടെ രാജസൂയ ദിവസം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ദ്രൗപദി അണിഞ്ഞ അതിവിശിഷ്ടമായ പട്ടുസാരി ആയിരുന്നു. രാജസൂയവേദിയിൽ വച്ച് ശിശുപാലൻ ശ്രീകൃഷഭഗവാനെ അധിക്ഷേപിച്ചപ്പോൾ ഭഗവാൻ തന്റെ സുദർശനചക്രം കൊണ്ട് ശിശുപാലനെ വധിച്ചു. ആ സമയം എങ്ങിനെയോ ചക്രത്തിൽ തട്ടി ശ്രീകൃഷ്ണന്റെ മണിബന്ധത്തിൽ ഒരു മുറിവുണ്ടായി. എല്ലാവരും പരിഭ്രമത്തോടെ മുറിവ് കെട്ടാൻ തുണി അന്വേഷിക്കാൻ തുടങ്ങി. ദ്രൗപദി മറ്റൊന്നും ചിന്തിക്കാതെ തന്‍റെ പട്ടുസാരി വലിച്ചു കീറി മണിബന്ധത്തില്‍ കെട്ടി. ദ്രൌപദിയുടെ കറയറ്റ സ്നേഹവും ഉല്‍ക്കണ്ഠയും കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. ശ്രീകൃഷ്ണ ഭഗവാൻ പിന്നീടുള്ള കാലമത്രയും ദ്രൌപദിയുടെ സർവ്വ സംരക്ഷണവും, സഹോദരനായ തന്റെ ചുമതലയാണെന്ന് പ്രഖ്യാപിച്ചുവത്രേ.

ശ്രീകൃഷ്ണ ഭഗവാന്‍റെ മണിബന്ധത്തില്‍ ദ്രൌപദി കെട്ടിയ ആ സാരിക്കഷ്ണത്തിന്‍റെ പ്രതീകമായീട്ടാണത്രെ ഇന്ന് നമ്മൾ രാഖികെട്ടുന്നത്. വളരെ പവിത്രമായ ഒരു ആചാരമാണ് രക്ഷാബന്ധൻ അഥവാ രാഖി. സഹോദരി രക്ഷാബന്ധന ദിവസം മധുരപലഹാരങ്ങളും, രക്ഷാസൂത്രവും, ദീപവും വച്ച താലവുമായി സഹോദരനെ സമീപിച്ച്, ദീപം ഉഴിഞ്ഞ്, തിലകം ചാർത്തി, മധുരപലഹാരങ്ങൾ നൽകി, ദീർഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാർത്ഥിച്ച് കൈയിൽ വർണനൂലുകളാൽനിർമ്മിച്ച സുന്ദരമായ രക്ഷാസൂത്രം (രാഖി) കെട്ടികൊടുക്കുന്നു. സഹോദരൻ ആജീവാനന്തം അവളെ സംരക്ഷിക്കുമെന്നും പരിപാലിക്കുമെന്നും പ്രതിജ്ഞ ചെയ്യുകയും അതിന്റെ പ്രതീകമായി സഹോദരിക്ക് പാരിതോഷികങ്ങൾ നൽകുകയും ചെയ്യുന്നു.
🌹🌷🌹💐🙏

മന്ത്രങ്ങള്‍

ശക്തിയുടെ ഉറവിടമാണ്‌ മന്ത്രങ്ങള്‍. ശരീയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ മന്ത്രങ്ങള്‍ അത്‌ ഉപയോഗിക്കുന്നവന്‌ വിപരീതഫലം ഉണ്ടാക്കും. താന്ത്രികമന്ത്രങ്ങളെല്ലാം കാലം, ദേശം, ലിംഗം, വര്‍ണ്ണം നക്ഷത്രം എന്നിവയുടെ നിരവധി പൊ‍രുത്തങ്ങള്‍ നോക്കിയാണ്‌ ഗ്രഹിക്കുന്നത്‌. ഒരു മന്ത്രത്തിന്‌ ബീജം, അക്ഷരം, ബീജാക്ഷരം എന്നിങ്ങനെ മൂന്ന്‌ ഭാഗങ്ങളുണ്ട്‌.

മാന്ത്രിക ശക്തിയുള്ള മന്ത്രങ്ങളില്‍ ബീജം മാത്രമേ ഉണ്ടാകു. ‘നമ:ശിവായ’ എന്ന പഞ്ചാക്ഷരീ മന്ത്രത്തില്‍ അക്ഷരങ്ങള്‍ മാത്രമേയുള്ളു. ജപിക്കുന്ന താളവും മന്ത്രങ്ങള്‍ക്ക്‌ വളരെ പ്രധാനമാണ്‌.മന്ത്രങ്ങള്‍ രണ്ടുതരമാണ്‌. വൈദികവും താന്ത്രികവും. ശബ്ദമില്ലാത്തത്‌ എന്നും മന്ത്രത്തിന്‌ വാചിക അര്‍ത്ഥമുണ്ട്‌. മന്ത്രം ജപിക്കുമ്പോള്‍ ബീജാക്ഷരങ്ങള്‍ ഉറക്കെ ഉച്ചരിക്കാന്‍ പാടില്ല. മന്ത്രങ്ങള്‍ ജപിക്കുന്നതിന്‌ മൂന്ന്‌ രീതികളാണ്‌ പറഞ്ഞിട്ടുളളത്‌. മാനസികം അഥവാ മനസുകൊണ്ട്‌ ചൊല്ലേണ്ടത്‌. വാചികം അഥവാ ഉറക്കെ ചെല്ലേണ്ടവ, ഉപാംശു അഥവാ ചുണ്ട്കൊണ്ട്‌ ജപിക്കേണ്ടവ.

മന്ത്രങ്ങളില്‍ കീലകങ്ങള്‍ അഥവാ ആണികള്‍ തറച്ചിട്ടുണ്ടെന്നാണ്‌ വിശ്വാസം. ഈ ആണികള്‍ പുഴുതുമാറ്റി മന്ത്രം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉപയോഗിക്കണമെങ്കില്‍ ഉത്തമനായ ഗുരുവിനെ ആവശ്യമാണ്‌. സാത്വികമായ മനസോടെ മന്ത്രസിദ്ധി സ്വീകരിച്ചിട്ടുള്ളവരെ മാത്രമേ ഗുരുവായി സ്വീകരിക്കാവൂ

പഞ്ചാക്ഷര മന്ത്രം

“ഓം നഃമ ശിവായ”

ഇവിടെ ഓം എന്നതിന്‍റെ അര്ത്ഥം പരമശിവം എന്നാണ്. മറ്റ് അഞ്ചക്ഷരങ്ങളിലും ഈശ്വരന്‍റെ ശക്തി അഞ്ചാണ്. ഈ അഞ്ചു ശക്തികളും പരമേശ്വരന്‍റെ അഞ്ചു മുഖങ്ങള്‍ ആണെന്ന് പറയപ്പെടുന്നു. ഈ മന്ത്രം അറിഞ്ഞു ജപിച്ചാല്‍ ആത്മാക്കള്‍ക്ക് ഭോഗവും മോക്ഷവും പ്രാപിക്കുന്നതാണ്.

ഇതില്‍,

ന:കാരം പൃദ്ധ്വി ബ്രഹ്മ ബീജവും
മകാരം ജലം വിഷ്ണു ബീജവും
ശികാരം തേജസ്സ് രുദ്ര ബീജവും
വകാരം വായു മഹേശ്വര ബീജവും
യകാരം ആകാശം സദാശിവ ബീജവും ആണ്.

ഗായത്രീമന്ത്രം

ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രം ആണു് ഗായത്രീമന്ത്രം. ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നും, ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ്മന്ത്രങ്ങള്‍ ചെയ്യാന്‍ ഒരു സാധകന്‍ അര്‍ഹതയുള്ളവനാകുന്നതുമെന്നുമാണ്‌ വിശ്വാസം.

സവിതാവിനോടുള്ള പ്രാര്‍ത്ഥനയാണ്‌ ഈ മന്ത്രം. സവിതാവ്‌ സൂര്യദേവനാണ്‌. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാര്‍ത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാര്‍ത്ഥനയായതിനാല്‍ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു. ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസ്സിലാണ്‌. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക്‌ ആവേശിച്ചപ്പോള്‍ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേര്‍ ഗായത്രി എന്നായി. ഗായന്തം ത്രായതേ ഇതി ഗായത്രി – ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം.

ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രന്‍ ആണ്.സര്‍വ ശ്രേയസുകള്‍ക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാര്‍ഥനാവിഷയം. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. “ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്” എന്നണ് ഗായത്രി എന്ന ശബ്ദത്തിന് അര്‍ത്ഥം കല്പിച്ചിരിക്കുന്നത്

മന്ത്രം:

ഓം ഭൂര്‍ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്

മന്ത്രാര്‍ത്ഥം :

ഓം – പരബ്രഹ്മത്തെ സുചിപ്പിക്കുന്ന പുണ്യശബ്ദം
ഭൂ – ഭൂമി
ഭുവസ് – അന്തരീക്ഷം
സ്വര്‍ – സ്വര്‍ഗം
തത് – ആ
സവിതുര്‍ – ചൈതന്യം
വരേണ്യം – ശ്രേഷ്ഠമായ
ഭര്‍ഗസ് – ഊര്‍ജപ്രവാഹം
ദേവസ്യ – ദൈവികമായ
ധീമഹി – ഞങ്ങള്‍ ധ്യാനിക്കുന്നു
ധിയോ യോ ന – ബുദ്ധിയെ
പ്രചോദയാത് – പ്രചോദിപ്പിക്കട്ടെ.

മഹാമൃത്യുഞ്ജയ മന്ത്രം

മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്. ഇതു ദിവസവും 108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്. കുറഞ്ഞത്‌ ഒരുതവണയെങ്കിലും ജപിക്കുന്നത്‌ നന്നായിരിക്കും. ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു അതിനാല്‍ത്തന്നെ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം. നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു.

പേരാല്‍, അമൃത്, എള്ള്, കറുക, നെയ്യ്, പാല്‍, പാല്‍പ്പായസം എന്നിവയാണ് മൃത്യുഞ്ജയ ഹോമത്തില്‍ ഹവനം ചെയ്യുന്നത്. സാധാരണ മൃത്യുഞജയ ഹോമത്തില്‍ 144 തവണ വീതമാണ് സപ്ത ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നത്. ഏഴു ദിവസത്തെ മൃത്യുഞ്ജയ ഹോമമായി മഹാമൃത്യുഞ്ജയഹോമം നടത്താറുണ്ട്.രോഗത്തിന്‍റെ അല്ലെങ്കില്‍ ദശാസന്ധിയുടെ കാഠിന്യമനുസരിച്ചായിരിക്കും മഹാമൃത്യുജ്ഞയ ഹോമത്തിന്‍റെ ദൈര്‍ഘ്യവും സപ്ത ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്ന തവണയും നിശ്ചയിക്കുന്നത്.ജാതകന്‍റെ ജന്മ നക്ഷത്രത്തില്‍ മഹാമൃത്യുഞ്ജയ ഹോമം നടത്തുന്നത് അത്യുത്തമമായി ജ്യോതിഷ പണ്ഡിതര്‍ കരുതുന്നു.

മന്ത്രം :

ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്

മന്ത്രാര്‍ത്ഥം :

വെള്ളരിവളളിയില്‍നിന്ന് വെള്ളരിക്ക സ്വയം ഊര്‍ന്നു മാറുന്നതുപോലെമരണത്തിന്‍റെ പിടിയില്‍നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേഎന്‍റെ മരണം സ്വാഭാവികമുള്ളതാക്കിഎന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ.ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.

അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു സ്വയം ഉണങ്ങി ഇല്ലാതാവുന്നു. മനുഷ്യനും മുക്ത്തിയിലെക്കുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാവുന്നതാണ്.

ധന സമ്പാദനത്തിന്.


ധനം നേടാന്‍ നിങ്ങളുടെ പ്രയത്നത്തോടൊപ്പം ഈ ഋഗ്വേദ മന്ത്രത്തെ സിദ്ധി വരുത്തേണ്ടതാണ്. രാവിലെ ഏഴുന്നേറ്റു കുളിച്ചു ശുദ്ധമായ വസ്ത്രം ധരിച്ച് രണ്ടുതിരിയിട്ട്, ഒന്നു കിഴക്കോട്ടും ഒന്നു പടിഞ്ഞാറോട്ടും, വിളക്ക്കത്തിച്ച്‌ ശ്രദ്ധയോടു കൂടി ഈ മന്ത്രം 108 തവണ അര്‍ത്ഥമറിഞ്ഞു ജപിക്കേണ്ടതാണ്

മന്ത്രം :

ഓം നു നോ രാസ്വ സഹസ്രവത്
തോകവത് പുഷ്ടിമദ് വസു
ദ്യുമഗ്നേ സുവീര്യം
വര്‍ഷിഷ്ഠമനുപക്ഷിതം

മന്ത്രാര്‍ത്ഥം :

അല്ലയോ അഗ്നിസ്വരൂപനായ ഈശ്വരാ, ആയിരക്കണക്കിന് ഐശ്വര്യങ്ങളെയും സുന്ദരന്മാരും സുന്ദരികളുമായ മക്കളെ എനിക്ക് നല്‍കിയാലും. സമസ്ത ധന സമൃദ്ധികളും നല്‍കിയാലും. എന്നെ തേജസ്വിയാക്കിയാലും. ശക്തിയുള്ളവനും ക്ഷയിക്കാത്ത ബുദ്ധിയുള്ളവനുമാക്കി എന്നെ മാറ്റിയാലും. ഒരിക്കലും മുട്ടു വരാത്ത ഐശ്വര്യങ്ങള്‍ എന്നില്‍ ചൊരിഞ്ഞാലും.

ദാമ്പത്യ ബന്ധം ശക്തിപ്പെടാന്‍

ഈ മന്ത്രം അഥര്‍വ വേദത്തില്‍ നിന്നുമുള്ളതാണ്

മന്ത്രം :

ഓം യഥേദം ഭൂമ്യാ അധി തൃണം
വാതോ മഥായതി. ഏവാ മഥ്നാമി തേ മനോ
യഥാ മാം കാമിന്യസോ
യഥാ മന്നാപഗാ അസഃ

മന്ത്രാര്‍ത്ഥം :

മന്ദമാരുതന്‍ പുല്‍ക്കൊടിയെ തഴുകുന്നത് പോലെ ഞാന്‍ നിന്‍റെ മനസ്സിനെ തലോടുന്നു. അല്ലയോ പത്നീ നീ എനിക്കെന്നും ഇങ്ങിനെയായിരിക്കട്ടെ. തുണയായിരിക്കട്ടെ. നാം പരസ്പരം ഒരിക്കലും
പിരിയാതിരിക്കട്ടെ. പരസ്പരം ഒന്നായിരിക്കട്ടെ.

നന്ദികേശ_കഥകള്‍

ശിവന്റെ ഭൂതഗണങ്ങളില്‍ പ്രധാനിയാണ് നന്ദികേശന്‍. നന്ദി, നന്ദിപാര്‍ശ്വന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. കശ്യപമഹര്‍ഷിക്ക് കാമധേനുവിലുണ്ടായ പുത്രനാണ് നന്ദിയെന്ന് വായുപുരാണത്തില്‍ പറയുന്നുണ്ട്. ശിവന്റെ വാഹനമായ കാള എന്നനിലയില്‍ സുരഭീപുത്രനായ നന്ദികേശ്വരനും ആരാധ്യനാണ്.

നന്ദി ശിശുവായിരിക്കുമ്പോള്‍ അജ്ഞാതമായ കാരണത്താല്‍ മാതാപിതാക്കളാല്‍ പരിത്യക്തനായി. ഈ ദിവ്യശിശു ശിലാദന്‍ എന്ന മഹര്‍ഷിയുടെ പുത്രനായതെങ്ങനെ എന്ന് ശിവപുരാണത്തില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്: ശാലങ്കായന്റെ പുത്രനായ ശിലാദന്‍ ലൗകിക ജീവിതം നയിച്ചിരുന്ന ഒരു ശിവഭക്തനായിരുന്നു. സന്താന സൗഭാഗ്യമില്ലാതെ ദുഃഖിതനായ അദ്ദേഹം ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. പ്രത്യക്ഷനായ പരമശിവന്‍ പുത്രലബ്ധിയ്ക്കുള്ള അനുഗ്രഹം നല്‍കി. കാലം കുറേക്കഴിഞ്ഞ് ഒരു യാഗം ചെയ്യാനായി നിലമുഴുതപ്പോള്‍ ഒരദ്ഭുതശിശു ദൃശ്യനായി. നാല് കൈകളുള്ള ശിരസ്സില്‍ ജടാമകുടങ്ങളുള്ള ശിശു. ശിലാദന്‍ ആ കുഞ്ഞിനെ വളര്‍ത്തി. ക്രമേണ കുട്ടിക്കു മനുഷ്യരൂപം ലഭിച്ചു. ആയിടെ മിത്രാവരുണന്മാര്‍ ആ വഴി വന്നു. ബാലന്‍ അവരോട് അനുഗ്രഹം അഭ്യര്‍ത്ഥിച്ചു.’നിനക്കെന്തിന് അനുഗ്രഹം? നിന്റെ ആയുസ്സ് അവസാനിക്കാറായല്ലോ’, എന്ന അവരുടെ പ്രവചനം കേട്ട് ദുഃഖിതനായ ബാലന്‍ പണ്ട് അച്ഛന്‍ ചെയ്തതുപോലെ ശിവനെ ഉപാസിച്ചു പ്രത്യക്ഷനാക്കി. ‘ദീര്‍ഘായുസ്സ് നല്‍കണം’ എന്ന് അഭ്യര്‍ത്ഥിച്ചു. ‘ദീര്‍ഘായുസ്സ് മാത്രമല്ല, കൈലാസത്തില്‍ വന്ന്് പുത്രനെപ്പോലെ ഞങ്ങളോടൊപ്പം ജീവിക്കുകയും ചെയ്തുകൊള്ളൂ’ എന്ന് പരമശിവന്‍ അനുഗ്രഹിച്ചു. സന്തുഷ്ടനായ നന്ദികേശന്‍ അച്ഛന്റെ അനുവാദത്തോടെ കൈലാസത്തിലെത്തി ശിവസേവയില്‍ മുഴുകി കാലം കഴിച്ചു.

നന്ദികേശ്വരന്‍ ശിവസേവകനായതിനു പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്. നന്ദിക്ക് രണ്ടു ഗുരുനാഥന്മാരുണ്ടായിരുന്നു ദധീചി മഹര്‍ഷിയും ദക്ഷപ്രജാപതിയും. ദക്ഷശിഷ്യനായ നന്ദി, ഗുരു തന്റെ ആരാധനാമൂര്‍ത്തിയായ ശ്രീപരമേശ്വരനെ മ്ലേച്ഛമായ രീതിയില്‍ ആക്ഷേപിക്കുന്നതു കേട്ടു സഹികെട്ടു. ഒരുനാള്‍ നന്ദി ദക്ഷനെ വിട്ട് കൈലാസത്തിലെത്തി. ശിവനെ അഭയം പ്രാപിച്ചു. കൈലാസത്തില്‍ ഭൂതഗണങ്ങളുടെ നായകനായ ദ്വാരപാലകനായി അംഗീകരിക്കപ്പെട്ട ആ ഭക്തന്‍ അതോടെ ശിവജീവിതത്തിന്റെ ഒരവിഭാജ്യഘടകമായിത്തീര്‍ന്നു. നന്ദിയുടെ അനേകം അദ്ഭുത ചരിതങ്ങള്‍ ശിവപുരാണത്തില്‍ വര്‍ണിക്കുന്നുണ്ട്.

ഒരിക്കല്‍ സുരഭിയുടെ സന്താനങ്ങളായ ധേനുക്കള്‍ തങ്ങളുടെ സഹോദരനായ നന്ദിയെ ഒന്നു പരീക്ഷിക്കാന് തുനിഞ്ഞു. അവ തങ്ങളുടെ ക്ഷീരസമൃദ്ധമായ അകിടുകളില്‍ നിന്നും നിരന്തരം പാല്‍ ചുരത്തി കൈലാസഗിരിയെ ഒരു ദുഗ്ധ വാരിധിയാക്കി മാറ്റി. രുദ്രന്‍ തൃക്കണ്ണ് തുറന്ന് അവയെ ഒന്നു നോക്കിയപ്പോള്‍ ആ വെള്ളപ്പശുക്കളെല്ലാം വിചിത്ര വര്‍ണങ്ങളായി. തങ്ങളുടെ നിറം വീണ്ടും വെണ്മയുള്ളതാക്കാന്‍ അവര്‍ വെണ്ണിലാവിന്റെ ഉടമയായ പൂര്‍ണചന്ദ്രനെ ചെന്നുകണ്ടു. ശിവനെ ഇത് കൂടുതല്‍ ക്രുദ്ധനാക്കി. അപ്പോള്‍ കശ്യപ പ്രജാപതി ഇടപെട്ട് പശുക്കളെ നിലയ്ക്കുനിര്‍ത്തി. തന്റെ പ്രിയപുത്രനായ നന്ദികേശ്വരനെ വാഹനമായി സ്വീകരിച്ച് പ്രപഞ്ചം മുഴുവന് സഞ്ചരിച്ച് ഭക്തന്മാരെ രക്ഷിക്കുകയും ദുഷ്ടന്മാരെ ശിക്ഷിക്കുകയും ചെയ്യണമെന്നഭ്യര്‍ഥിച്ചു. ശിവന്‍ അതംഗീകരിച്ചു. അങ്ങനെ ആവശ്യം വരുമ്പോള്‍ ഋഷഭരൂപത്തില്‍ ശിവവാഹനമാകാനും നന്ദികേശ്വരനു ഭാഗ്യം ലഭിച്ചു.

മരുത് പുത്രിയായ സുയശയാണ് നന്ദിയുടെ ധര്‍മപത്‌നി എന്ന് ശിവപുരാണം പാതാളഖണ്ഡം ഏഴാം അധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. നന്ദികേശ്വരന്‍ ജ്ഞാനിയും തപസ്വിയുമായിരുന്നു. മാര്‍ക്കണ്ഡേയ മുനിക്ക് സ്‌കന്ദപുരാണം പറഞ്ഞുകൊടുത്തത് നന്ദിയുടെ പാണ്ഡിത്യത്തിന്റെ മികവിനു തെളിവാണ്. ശിവനെ മാനിക്കാതെ കൈലാസത്തിനു മീതേ പുഷ്പകവിമാനത്തില്‍ കടന്നുപോയ രാവണന്റെ ധിക്കാരം സഹിക്കാതെ വാനരവേഷത്തില്‍ വിമാനയാത്രയ്ക്കു തടസ്സം സൃഷ്ടിച്ച നന്ദിയെ രാവണന്‍ ശപിക്കാനൊരുങ്ങിയപ്പോള്‍ ‘നീ വാനരവംശത്താല്‍ നശിച്ചു പോകട്ടെ’ എന്ന് നന്ദി രാവണനെ ശപിച്ച് അസ്തവീര്യനാക്കിയതായി കഥയുണ്ട്. ശിവക്ഷേത്രങ്ങളില്‍ ശിവനോടൊപ്പം നന്ദികേശ്വരനും പൂജിക്കപ്പെടുന്നു.

കടപ്പാട്

ചിദംബര രഹസ്യം 🪔

ചിദംബര രഹസ്യം 🪔
എട്ടുവര്‍ഷത്തെ ഗവേഷണത്തിനു ശേഷം, പടിഞ്ഞാറന്‍ ശാസ്ത്രഞ്ജന്മാര്‍ നടരാജന്‍റെ കാലിലെ തള്ളവിരല്‍ ഭൂമിയുടെ കാന്തിക രേഖയുടെ മദ്ധ്യത്തിലാണെന്ന് കണ്ടെത്തി.*

തിരുമൂലാര്‍ എന്ന തമിഴ് പണ്ഡിതന്‍ ഇതു അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് തെളിയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ തിരുമന്ദിരം എന്ന ഗ്രന്ഥം ശാസ്ത്ര ലോകത്തിനു അത്ഭുതകരമായ ഒരു വഴികാട്ടിയാണ്. അദ്ദേഹത്തിന്‍റെ പഠനങ്ങള്‍ മനസ്സിലാക്കാന്‍ നമുക്ക് നൂറുകണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരും.

ചിദംബരം ക്ഷേത്രത്തിന്‍റെ പ്രത്യേകതകള്‍:

ചിദംബരം ക്ഷേത്രം ഭൂമിയുടെ കാന്തിക രേഖയുടെ മധ്യത്തിലാണ്‌.

പഞ്ചഭൂത ക്ഷേത്രങ്ങളില്‍, ചിദംബരം ആകാശത്തെയും, കാളഹസ്തി വായുവിനെയും, കാഞ്ചി ഏകാംബരേശ്വര ക്ഷേത്രം ഭൂമിയെയും പ്രതിനിധീകരിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളും ഒരു നേര്‍ രേഖയില്‍ 79 ഡിഗ്രി 41 മിനിറ്റ് ലാണ്. ഇതു തികച്ചും അത്ഭുതകരമാണ്.

ചിദംബരം ക്ഷേത്രത്തിന് ഒൻപത് പ്രവേശന ദ്വാരങ്ങളുണ്ട്. മനുഷ്യ ശരീരത്തിലെ ഒമ്പതു ദ്വാരങ്ങള്‍ പോലെ. ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര പൊതിഞ്ഞിരിക്കുന്നത്‌ 21600 സ്വര്‍ണ്ണ തകിടുകള്‍ കൊണ്ടാണ്. ഇത് മനുഷ്യന്‍ ഓരോ ദിവസവും ചെയ്യുന്ന 21600 ശ്വാസോസ്ച്വാസത്തിന്റെ എണ്ണമാണ് ( 15x 60×24 =21600). ഈ 21600 സ്വര്‍ണ്ണ തകിടുകള്‍ ഗോപുരത്തില്‍ ഉറപ്പിച്ചിരിക്കുന്നത് 72000 സ്വര്‍ണ്ണ ആണികള്‍ കൊണ്ടാണ്. ഇതു മനുഷ്യ ശരീരത്തിലെ ആകെ നാഡികള്‍ക്ക് തുല്യമാണ്.

തിരുമൂലാര്‍ പറയുന്നത് മനുഷ്യന്‍ ശിവലിംഗത്തിന്‍റെ ആകൃതിയെ പ്രതിനിധീകരിക്കുന്നു. അത് ചിദംബരത്തെയും, സദാശിവത്തേയും, ശിവ താണ്ഡവത്തേയും പ്രതിനിധീകരിക്കുന്നു.

പൊന്നമ്പലം അല്പം ഇടത്തേക്ക് ചരിഞ്ഞാണ് വച്ചിരിക്കുന്നത്. ഇതു നമ്മുടെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നു. ഇവിടെ എത്താന്‍, പഞ്ചാക്ഷര പടികള്‍ എന്ന അഞ്ചു പടികള്‍ കയറണം. ശി, വാ, യ, ന, മഃ ആണ് പഞ്ചാക്ഷര മന്ത്രം.

കനക സ്തംഭം സ്ഥാപിച്ചിരിക്കുന്ന നാലു തൂണുകള്‍ നാലു വേദങ്ങളാണ്.

പൊന്നമ്പലത്തില്‍ 28 സ്തംഭങ്ങള്‍ ഉണ്ട്. ഇവ 28 അഹംകളെയും 28വിധം ശൈവ ആരാധനയ്ക്കുള്ള വഴികളെയും പ്രതിനിധീകരിക്കുന്നു. ഈ സ്തംഭങ്ങള്‍ 64+64 തട്ടു തുലാങ്ങളെ താങ്ങിനിര്‍ത്തുന്നു. ഈ തുലാങ്ങള്‍ 64 കലകളാണ്. കുറുകെയുള്ള തുലാങ്ങള്‍ .മനുഷ്യശരീരത്തിലെ രക്തക്കുഴലുകളുടെ എണ്ണത്തിനു തുല്യം.

സ്വര്‍ണ്ണ മേല്‍ക്കൂരയിലെ ഒമ്പതു കലശങ്ങള്‍ നവവിധമായ ശക്തി / ചൈതന്യങ്ങളെ പ്രതിനിധീകരിക്കുന്നു.അര്‍ദ്ധ മണ്ഡപത്തിലെ ആറു സ്തംഭങ്ങള്‍ ആറു ശാസ്ത്രങ്ങളാണ്.

മണ്ഡപത്തിനടുത്തുള്ള 18 സ്തംഭങ്ങള്‍ 18 പുരാണങ്ങളാണ്.

നടരാജനൃത്തത്തെ “പ്രാപഞ്ചിക നൃത്തം” എന്നാണ് പടിഞ്ഞാറന്‍ ശാസ്ത്രഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ഇന്ന് ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ഗവേഷണ നിരീക്ഷണങ്ങള്‍ എല്ലാംതന്നെ ഹൈന്ദവ വിശ്വാസത്തില്‍ ആയിരക്കണക്കിന് വര്‍ഷം മുമ്പേയുണ്ടായിരുന്നു.

കടപ്പാട്

മഹാഭാരതമെന്ന_മഹാസാഗരം

ഗുരുമുഖത്ത് നിന്നും കേട്ട, ക്ലാവ് പിടിക്കാതെ മനസ്സിൽ സൂക്ഷിച്ച ഒരു വാചകം ഓർമ്മവരുന്നു.

“ഒരു ഭാരതീയനായി ശരിക്കും അനുഭവപ്പെടണമെങ്കിൽ അഞ്ചു കാര്യങ്ങൾ പൂർത്തീകരിച്ചിരിക്കണം”.

  1. ഹിമാലയം കാണണം
  2. ഗംഗയിൽ കുളിക്കണം
  3. ഭാഗവതം കേൾക്കണം
  4. മഹാഭാരതം വായിക്കണം
  5. ഭഗവദ്ഗീത പഠിക്കണം

മഹാഭാരതമെന്ന ഇതിഹാസം മനസ്സിരുത്തി വായിക്കുക, പൂർത്തീകരിക്കുക എന്നത് ശ്രമകരമായ ഒരു കാര്യമാണ്. കഥകളും ഉപകഥകളും അതിൽത്തന്നെ വീണ്ടും കഥകളുമായി ഒരു മഹാസാഗരം പോലെ ആഴമേറിയതും പരന്നതുമായ മഹാഭാരതം ലോകത്തിലെ തന്നെ ഏറ്റവും മഹത്തും ബൃഹത്തുമായ കാവ്യമാണ്. ഒരൊറ്റ ഗ്രന്ഥത്തിൻറെ പാരായണത്തിലൂടെ ബ്രഹ്മാണ്ഡത്തിലെ സമസ്ത വിഷയങ്ങളെക്കുറിച്ചുമുള്ള അറിവ് സമ്പാദിക്കാൻ മഹാഭാരത പാരായണം മാത്രം മതി. മാറിമാറിവരുന്ന കാലഘട്ടം ഓരോന്നിന്റെയും പ്രതിഛായകൾ കണ്ണാടിയിൽ എന്ന പോലെ മഹാഭാരതത്തിലും പ്രതിഫലിക്കുന്നു. അതുകൊണ്ടാണ് വ്യാസമഹർഷി തൻ്റെ രചനയുടെ മാഹാത്മ്യത്തെ ഇങ്ങനെ രേഖപ്പെടുത്തിയത്.

“യദിഹസ്തിത ദന്യത്ര യന്നേ ഹാസ്തിന തത്ക്വചിത്” (ഇതിലുള്ളത് മറ്റുപലതിലും കണ്ടേക്കാം. എന്നാൽ ഇതിലില്ലാത്തതു മറ്റൊരിടത്തും കാണില്ല.)

മഹാഭാരതമെന്ന അതിമഹത്തായ വിപുലവും സമഗ്രവുമായ വിജ്ഞാ നസാഗരത്തെ ചുരുങ്ങിയ വാക്കുകൾ മാത്രമുള്ള ഒരു ലേഖനത്തിന്റെ പരിധിയി ലേക്ക് ആവാഹിക്കുക അസാധ്യമാണ്.

വ്യാസമഹർഷി തന്റെയും തന്റെ പൂർവികരുടെയും പുത്രപൗത്ര പ്രപൗത്രാദികളുടെയും അനന്തിരവരുടെയും ചരിത്രവും ചെയ്തികളും ആണ് മഹാ ഭാരതത്തിൽ പ്രതിപാദിക്കുന്നത്. പുത്രന്മാരില്ലാതെ അകാലത്തിൽ മരണമടഞ്ഞ രാജാവ് വിചിത്രവീര്യന്റെ വിധവകളിൽ വംശപരമ്പര നിലനിറുത്തുവാനായി സ്വന്തം മാതാവിന്റെ നിർദേശാനുസരണം സന്താനോല്പാദനം നടത്തി വ്യാസമഹർഷി. അങ്ങിനെ ജനിച്ച തന്റെ പുത്രന്മാരായ ധൃതരാഷ്ട്രരുടെയും പാണ്ഡുവിന്റെയും മക്കൾ തമ്മിൽ രാജ്യത്തിനും അധികാരത്തിനും വേണ്ടി തങ്ങളെത്തന്നെയും മക്കളെയും ബന്ധുജനങ്ങളെയും ഗുരുക്കന്മാരെയും സുഹൃത്തുക്കളെയും ഒന്നടങ്കം കുരുതി കൊടുത്ത ഒരു മഹായുദ്ധം നടന്നു. കുരുക്ഷേത്ര യുദ്ധം. അന്നുമുതൽ ഇന്നുവരെ ഓരോരോ രാജ്യത്തും ദേശത്തും വീടുകളിലും മനുഷ്യമനസ്സുകളിലും യുദ്ധങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഭൂമിക്കും സ്വത്തിനും അധികാരത്തിനും വേണ്ടി. സമഗ്രവിഷയങ്ങളും കോർത്തിണക്കിയ മഹാഭാരതമെന്ന മഹാ ഹാരത്തിലെ പതക്കമാണ് കുരുക്ഷേത്ര യുദ്ധം. അതിലേക്കു ഒരു എത്തിനോട്ടം മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ഇന്നത്തെ ഹരിയാന സംസ്ഥാനത്തിലെ കുരുക്ഷേത്ര എന്ന പുണ്യ ഭൂമിയാണ് മഹാഭാരതയുദ്ധത്തിനായി നിശ്ചയിക്കപ്പെട്ടത്. ഇപ്പോഴും ആ സ്ഥലം അതെ പേരിലാണ് അറിയപ്പെടുന്നത്. ആയിരക്കണക്കിന് തീർത്ഥാടകർ ഓരോ ദിവസവും ഇന്നും കുരുക്ഷേത്രയിൽ എത്തി ചേരാറുണ്ട്. സൂര്യഗ്രഹണ ദിവസങ്ങളിൽ ഗ്രഹണാനന്തര സ്നാനത്തിന്നായി അഞ്ചു ലക്ഷത്തിലേറെ ജനങ്ങൾ അവിടെ എത്തിച്ചേർന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ടത്രെ.

ചന്ദ്രവംശത്തിലെ ഹസ്തിനപുരി രാജാവ് ധൃതരാഷ്ട്രർ അന്ധനായതിനാൽ അദ്ദേഹത്തിന്റെ അനുജൻ പാണ്ഡുവാണ് ഭരണം നിർവഹിച്ചിരുന്നത്. പാണ്ഡുവിൻറെ ദേഹവിയോഗത്തിനു ശേഷം ധൃതരാഷ്ട്രപുത്രരായ നൂറ്റൊന്നു പേരടങ്ങുന്ന കൗരവരും അഞ്ചുപേരടങ്ങുന്ന പാണ്ഡവർ എന്നറിയപ്പെടുന്ന പാണ്ഡുപുത്രന്മാരും രാജ്യാധികാരത്തിനുവേണ്ടി തർക്കമായി. രാജനീതിയനുസരിച്ച് എല്ലാറ്റിലും മൂത്തവനായ യുധിഷ്ഠിരനാണ് യുവരാജാവാകാനുള്ള അവകാശമെങ്കിലും ധൃതരാഷ്ട്രപുത്രർ അംഗീകരിച്ചു കൊടുക്കുവാൻ തയ്യാറായില്ല. നികൃഷ്ടവും കുൽസിതവുമായ മാർഗ്ഗത്തിലൂടെ രാജ്യാവകാശം നേടിയെടുക്കാനുള്ള അവരുടെ ശ്രമം കലാശിച്ചത് വൻ ദുരന്തത്തിലാണ്.

കാർത്തിക മാസത്തിൽ (മലയാളത്തിലെ വൃശ്‌ചിക മാസം) വെളുത്ത ത്രയോദശി നാളിലാണ് പതിനെട്ടു ദിവസം നീണ്ടു നിന്ന മഹായുദ്ധം ആരംഭിച്ചത്. ഏഴു അക്ഷൗഹിണികളിലായി ഒരു ലക്ഷത്തിമൂവായിരത്തിതൊണ്ണൂറ് ആനകളും അത്ര തന്നെ രഥങ്ങളും നാല് ലക്ഷത്തി അമ്പത്തിഒന്നായിരത്തി ഇരുനൂറ്റി എഴുപത് കുതിരകളും ഏഴു ലക്ഷത്തി അറുപത്തിഅഞ്ചായിരത്തി നാനൂറ്റമ്പത് കാലാളും പാണ്ഡവപക്ഷത്ത് നിലയുറപ്പിച്ചപ്പോൾ എതിരാളികളായ കൗരവപക്ഷത്ത് പതിനൊന്ന് അക്ഷൗഹിണികളിലായി രണ്ട് ലക്ഷത്തി നാൽപ്പത്തിനായിരത്തി അഞ്ഞൂറ്റിഎഴുപത് ആനകളും അത്ര തന്നെ രഥങ്ങളും ഏഴു ലക്ഷത്തി ഇരുപത്തൊന്നായിരത്തി എഴുനൂറ്റിപ്പത്ത് കുതിരകളും പന്ത്രണ്ട് ലക്ഷത്തിരണ്ടായിരത്തി എണൂറ്റമ്പത് കാലാളും ആണ് നിലയുറപ്പിച്ചത്. എന്നാൽ യുദ്ധം കഴിഞ്ഞപ്പോൾ ജീവനോടെ ബാക്കിയായത് പാണ്ഡവപക്ഷത്ത് പ്രധാനമായും അഞ്ചു പാണ്ഡവരും കൃഷ്ണൻ, സാത്യകി, യുയുൽസു എന്നിവരടക്കം എട്ട് പേരും കൗരവപക്ഷത്ത് അശ്വത്ഥാമാവ്, കൃപാചാര്യർ, കൃതവർമാവ്, വൃഷകേതു എന്നീ നാല് പേരും മാത്രമായിരുന്നു.

അഞ്ചു തലമുറകളിൽപെട്ടവർ മഹാഭാരതയുദ്ധത്തിൽ പങ്കെടുത്തതായി കാണുന്നു. വാൽഹികം എന്ന രാജ്യത്തിലെ രാജാവും ശന്തനുമഹാരാജാവിന്റെ അനുജനും ഭീഷ്മാചാര്യരുടെ ഇളയച്ഛനുമായ ബാൽഹികൻ ആയിരുന്നു അതിൽ ഏറ്റവും പ്രായം കൂടിയ യോദ്ധാവ്.

യുദ്ധത്തിൽ വീരചരമം പ്രാപിച്ച അർജുനപുത്രൻ അഭിമന്യുവിൻറെ വിധവ ഉത്തരയുടെ ഗർഭത്തിലുള്ള കുഞ്ഞിന് നേർക്ക് പോലും ബ്രാഹ്മണനായ അശ്വത്ഥാമാവ് ബ്രഹ്മാസ്ത്ര പ്രയോഗം നടത്തിയിരുന്നു. ഭഗവാൻ കൃഷ്ണൻ തൻറെ പ്രഭാവത്താൽ അസ്ത്രലക്ഷ്യം തടഞ്ഞത് കൊണ്ട് മാത്രമാണ് ആ കുഞ്ഞ് ചാപിള്ളയാവാതെ ജനിക്കാനിടയായത്. ആ കുഞ്ഞാണ് പിന്നീട് രാജ്യാവകാശിയായി മാറിയ പരീക്ഷിത്ത്.

യുദ്ധത്തിൽ വിരാടം, പാഞ്ചാലം, കാശി, മാൽസ്യം, ചേദി, പാണ്ഡ്യം, മഗധം എന്നീ രാജ്യങ്ങൾ പാണ്ഡവപക്ഷത്തും ഹസ്തിനപുരി, അംഗം, സിന്ധ്, അവന്തി, മാഹി ഷ്മതി, ഗാന്ധാരം, മാദ്രം, കാംബോജം, പ്രാഗ്ജ്യോതിഷ, വാൽഹികം എന്നീ രാജ്യങ്ങൾ കൗരവപക്ഷത്തും നിലയുറപ്പിച്ചപ്പോൾ കേകയം, മധുര, ദ്വാരക, വിദർഭ എന്നീ രാജ്യങ്ങൾ അവരുടെ സേനയെ രണ്ടുപേർക്കുമായി വീതിച്ചുകൊടുത്തു.

പതിനെട്ട് ദിവസം നീണ്ടുനിന്ന മഹാഭാരത യുദ്ധത്തിൽ പ്രധാനവീരന്മാരുടെ പതനം എപ്രകാരമായിരുന്നു ?

യുദ്ധത്തിൻറെ_നാൾവഴി

ഒന്നാം നാൾ:
🌹🌹🌹🌹
പാഞ്ചാലരാജാവായ ദ്രുപദൻറെ പുത്രനും പാഞ്ചാലിയുടെ സഹോദരനുമായ ധൃഷ്ടദ്യുമ്നൻ പാണ്ഡവസേനയുടെയും ഭീഷ്മാചാര്യർ കൗരവസേനയുടെയും സർവ്വസൈന്യാധിപന്മാരായി അവരോധിക്കപ്പെടുന്നു.

വിരാടപുത്രന്മാരും അഭിമന്യുവിൻറെ മാതുലരുമായ ഉത്തരനും ശ്വേതനും ആദ്യ ദിവസം തന്നെ വധിക്കപ്പെട്ടു. നകുലസഹോദരന്മാരുടെ മാതുലനും മാദ്രരാജ്യത്തിലെ രാജാവുമായി ശല്യരാലാണ് ഉത്തരൻ വധിക്കപ്പെട്ടത്. ശ്വേതൻ വധിക്കപ്പെട്ടത് ഭീഷ്മരാലും.

രണ്ടാം നാൾ:
🌹🌹🌹🌹🌹
കൗരവസേനക്ക് വേണ്ടി യുദ്ധം ചെയ്യാനെത്തിയ കലിംഗരാജാവും മക്കളും മുഴുവൻ സേനയും ഭീമന്റെ പരാക്രമത്താൽ നശിക്കപ്പെട്ടു.

മൂന്നാം നാൾ:
🌹🌹🌹🌹🌹
പാണ്ഡവസേനയോട് ഏറ്റുമുട്ടാനെത്തിയ ഗാന്ധാരസേനയെ അഭിമന്യുവും സാത്യകിയും കൂടി പൂർണമായും ഇല്ലാതാക്കി.

നാലാം നാൾ:
🌹🌹🌹🌹🌹
ധൃതരാഷ്ട്രരുടെ പതിമൂന്ന് മക്കൾ ഭീമസേനന്റെ കരബലത്തിൽ ഒടുങ്ങി. മാദ്രരാജാവായ ശല്യരുടെ അനുജന്മാരെയും സ്യാലനെയും സർവ്വസൈ ന്യാധിപനായ ധൃഷ്ടദ്യുമ്നൻ കാലപുരിക്ക് അയച്ചു.

അഞ്ചാം നാൾ:
🌹🌹🌹🌹🌹
പാണ്ഡവപക്ഷത്തിനു വേണ്ടി പോരാടിയ വീരനായ സാത്യകിയുടെ പത്ത് പുത്രന്മാരെ ഭീഷ്മരുടെ ഇളയച്ഛൻ ബാൽഹികന്റെ പൗത്രൻ ഭൂരിശ്രവസ്സ് വധിച്ചു.

ആറാം നാൾ:
🌹🌹🌹🌹🌹
ഇരുവശത്തും പടയിൽ നാശങ്ങൾ ഉണ്ടായെങ്കിലും നേതൃനിരയിലുള്ള വീരന്മാരിൽ പ്രധാന നാശങ്ങളൊന്നും സംഭവിച്ചില്ല.

ഏഴാം നാൾ:
🌹🌹🌹🌹
വിരാടരാജാവിൻറെ പുത്രനായ ശംഖൻ ദ്രോണരോട് പൊരുതി വീരചരമം പ്രാപിച്ചു.

എട്ടാം നാൾ:
🌹🌹🌹🌹🌹
ശകുനിപുത്രനായ ഉലൂകനെ, അർജുനന് ഉലൂപിയിൽ ജനിച്ച പുത്രൻ, ഇരാവൻ വധിച്ചു. ശകുനിയുടെ അനുജന്മാരും ഇരാവനാൽ തന്നെ വധിക്കപ്പെട്ടു. ധൃതരാഷ്ട്രരുടെ എട്ടു പുത്രന്മാരെ ഭീമസേനൻ വധിച്ചു.

ഒൻപതാം നാൾ:
🌹🌹🌹🌹🌹🌹
അന്ന് മേൽനിരയിൽ കാര്യമായ പതനങ്ങളൊന്നും ഉണ്ടായില്ല. സേനയ്ക്ക് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായി.

പത്താം നാൾ:
🌹🌹🌹🌹🌹
സംഭവബഹുലമായൊരു ദിനം. ശിഖണ്ഡിയെ മുൻനിർത്ത അർജുനൻ ഭീഷ്മരെ വീഴ്ത്തി. സ്വച്ഛന്ദമൃത്യുവായ ഭീഷ്മർ മരണത്തിനു വഴങ്ങാതെ, തന്നെ വീഴ്ത്തിയ ശരകൂടങ്ങളെ തന്നെ ശയ്യയാക്കി കൊണ്ട് ഉത്തരായനം വരെ പോർക്കളത്തിൽ കിടക്കുവാൻ തീരുമാനിച്ചു. ഭീഷ്മപിതാമഹൻറെ ആഗ്രഹാനുസരണം തൂങ്ങികിടന്ന അദ്ദേഹത്തിൻ്റെ ശിരസ്സ് അസ്ത്രങ്ങൾ കൊണ്ട് അർജുനൻ നേരെയാക്കി നിർത്തി. മറ്റൊരു അസ്ത്രം കൊണ്ട് ഭീഷ്മർക്ക് ദാഹജലം വരുത്തിക്കൊടുക്കുകയും ചെയ്യ്തു. സർവ്വസൈന്യാധിപന്റെ പതനം കൗരവപക്ഷത്തെ ശോകമൂകമാക്കി. പാണ്ഡവർക്കും തങ്ങളുടെ വാത്സല്യനിധിയായ പിതാമഹന്റെ പതനം അങ്ങേഅറ്റം ദുഃഖകരമായിരുന്നു.

പതിനൊന്നാം നാൾ:
🌹🌹🌹🌹🌹🌹🌹
ബ്രാഹ്മണനായ ദ്രോണാചാര്യരെ കൗരവപ്പടയുടെ പുതിയ സർവ്വസൈന്യാധിപനായി ദുര്യോധനൻ വാഴിച്ചു. ഭീഷ്മാചാര്യരെ സേനാപതിയാ ക്കിയതിൽ പ്രതിഷേധച്ച് കഴിഞ്ഞ പത്ത് ദിവസവും പടക്കളത്തിലിറങ്ങാതിരുന്ന വില്ലാളിവീരൻ കർണ്ണൻ അന്ന് ആദ്യമായി പടക്കിറങ്ങി. ധർമ്മപുത്രരെ ജീവനോടെ പിടിച്ച് കൊടുക്കാമെന്ന് ദ്രോണാചാര്യർ ദുര്യോധനന് വാക്ക് നൽകി.

പന്ത്രണ്ടാം നാൾ:
🌹🌹🌹🌹🌹🌹
മുൻപ് ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ടിരുന്ന നരകാസുരൻറെ പുത്ര നായ ഭഗദത്തനെ അർജുനൻ വധിച്ചു. ഭഗദത്തപുത്രൻ നകുലനാൽ കൊല്ലപ്പെട്ടു. അന്ന് തന്നെ കർണ്ണപുത്രൻ നകുലനാലും വധിക്കപ്പെട്ടു. ഓരോരോ ദിവസങ്ങളിലും സേനകളിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു കൊണ്ടേയിരുന്നു.

പതിമൂന്നാം നാൾ:
🌹🌹🌹🌹🌹🌹

ഏറേ സംഭവബഹുലമായിരുന്നു അന്നത്തെ യുദ്ധം. അതി ഭീകരമായ യുദ്ധത്തിന് അന്ന് കുരുക്ഷേത്രം സാക്ഷ്യം വഹിച്ചു. ഒട്ടേറെ വീരശൂര പരാക്രമികൾ യമപുരിക്കയക്കപ്പെട്ടു. ദുര്യോധനപുത്രൻ ലക്ഷ്മണൻ ശല്യരുടെ മകൻ രുക്മാധരൻ പിന്നെ ദീർഘലോചനൻ, കുന്ദവേദി, സുഷേണൻ, വാസതിയൻ, ക്രതൻ തുടങ്ങിയ വീരന്മാരും ശല്യരുടെ ഇളയ സഹോദരൻ, അംശകന്റെ പുത്രൻ എന്നിവരും വെറും പതിനാറ് വയസ്സ് മാത്രം പ്രായമുള്ള അഭിമന്യുവിനാൽ കാല പുരിക്കയക്കപെട്ടു. ആർക്കും ഭേദിക്കാനാവാത്ത നിലയിൽ ദ്രോണർ തീർത്ത വ്യൂഹം ഭേദിച്ച് കടന്ന അഭിമന്യു പരാക്രമത്തിൽ അർജുനനെയും നിഷ്പ്രഭമാക്കി. ഭയചകിതരായ കൗരവമുഖ്യർ ചതിയിലൂടെ അഭിമന്യുവിന് കെണിയൊരുക്കുവാൻ തീരുമാനിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. കർണ്ണൻ, ദ്രോണർ മുതലായവരുടെ സഹായത്തോടെ കൗരവസഹോദരി ദുശ്ശളയുടെ ഭർത്താവ് ജയദ്രഥൻ അഭിമന്യുവിന്റെ ശിരസ്സ് തകർത്ത് നിഗ്രഹിച്ചു. പാണ്ഡവപക്ഷത്തിനേറ്റ ആ ദുരന്തത്തിൽ അർജുനൻ ദുഃഖിതനും ക്ഷുഭിതനുമായി . അടുത്തദിവസം സൂര്യാസ്തമയത്തിനു മുൻപായി ജയദ്രഥനെ താൻ വധിക്കുമെന്നും അതിന് സാധിച്ചില്ലെങ്കിൽ അഗ്നിയിൽ സ്വയം ആഹുതിചെയ്തു മരിക്കുമെന്നും ഉഗ്രശപഥം ചെയ്തു.

പതിനാലാം നാൾ:
🌹🌹🌹🌹🌹🌹
ബീഭത്സമായിരുന്നു അന്നത്തെ യുദ്ധം. അന്നാണ് ആദ്യമായി രാത്രിയിലും യുദ്ധം നടന്നത്. ബാൽഹികന്റെ പുത്രൻ സോമദത്തൻ, പൗത്രൻ ഭൂരിശ്രവസ്സ്, പ്രപൗത്രന്മാർ എന്നിവരെല്ലാം സാത്യകിയുടെ അസ്ത്രങ്ങൾക്ക് ഇരയായിത്തീർന്നു. യുദ്ധത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ യോദ്ധാവും ഭീഷ്മരുടെ ഇളയച്ഛനുമായ ബാൽഹികനേ ഭീമസേനൻ വധിച്ചു. വനവാസകാലത്ത് ഭീമന് ഹിഡുംബി എന്ന രാക്ഷസ സ്ത്രീയിൽ ജനിച്ച ഘടോൽകചൻ യുദ്ധത്തിൽ കൊടുംകാറ്റ് പോലെ പോയവഴിയെല്ലാം തകർത്ത് തരിപ്പണമാക്കി.

മുഴുവൻ നേതൃനിരയും അഭിമന്യൂവിന്റെ ഹന്താവായ ജയദ്രഥനെ അർജ്ജുനനിൽ നിന്ന് രക്ഷിക്കുവാനായി വ്യൂഹം ചമച്ച് പൊരുതി. കൗരവപ്പടയിൽ കനത്ത നാശനഷ്ടം ഉണ്ടാക്കിയെങ്കിലും ജയദ്രഥന് സമീപമെത്താൻ അർജുനനായില്ല. സൂര്യനസ്തമിക്കുവാൻ നാഴികകൾ മാത്രം ബാക്കി നിൽക്കേ പാർത്ഥസാരഥിയായ കൃഷ്ണൻ തന്റെ മായാ പ്രഭാവത്താൽ സൂര്യബിംബത്തെ മറച്ചു. സൂര്യനസ്തമിച്ചു എന്ന് കരുതിയ കൗരവർ ജയദ്രഥനെ മുൻനിരയിൽ കൊണ്ടുവന്നു. ഈ സമയം, കൃഷ്ണന്റെ നിർദ്ദേശപ്രാകാരം ജയദ്രഥന്റെ ശിരസ്സ് അർജുനൻ ഒരു ബാണം കൊണ്ട് ഛേദിച്ചു. ജയദ്രഥ ശിരസ്സ് ശരമുനകളിൽ കൊളുത്തിക്കൊണ്ട് സ്യമന്തപഞ്ചകത്തിന്റെ മറുകരയിൽ സന്ധ്യാവന്ദനം നടത്തുകയായിരുന്ന ജയദ്രഥപിതാവ് വൃദ്ധക്ഷത്രന്റെ മടിയിൽ നിക്ഷേപിച്ചു. മകന്റെ ശിരസ്സ് ആര് ഭൂമിയിൽ വീഴ്ത്തുന്നുവോ അയാളുടെ തല പൊട്ടിച്ചിതറിപ്പോകണമെന്നുള്ള വരം പരമശിവനിൽ നിന്ന് സമ്പാദിച്ച വൃദ്ധക്ഷത്രൻ തന്നെ എന്താണ് തന്റെ മടിയിൽ വന്നു വീണതെന്നറിയാതെ, വെപ്രാളത്തിൽ പുത്ര ശിരസ്സ് ഭൂമിയിലേക്കിടുകയും സ്വയം ശിരസ്സ് ഛിന്നഭിന്നമായി മൃതനാവുകയും ചെയ്തു. കൃഷ്ണൻ മായാവലയം നീക്കുകയും സൂര്യബിംബം പശ്ചിമാംബരത്തിൽ തെളിയുകയും ചെയ്തു.

വളരെയധികം നാശനഷ്ടങ്ങളുണ്ടായ ഒരു ദിനമായിരുന്നു അന്ന്. ഹിരണ്വതിയുടെ തീരത്ത് ഒരുക്കിയിരുന്ന ശ്മശാനഭൂമി ശവങ്ങൾ കൊണ്ട് നിറഞ്ഞുകവിഞ്ഞു. ചെന്നായ്ക്കളും കുറുനരികളും ചുടുചോര നുണഞ്ഞു നടന്നു. കഴുകന്മാർ ശ്മാശാനഭൂമിയാകെ വട്ടമിട്ട് പറന്നു. കൂടാരങ്ങൾ അമ്മമാരുടെയും ഭാര്യമാരുടെയും സഹോദരിമാരുടെയും മക്കളുടെയും നിറുത്താത്ത നിലവിളി കൊണ്ട് മുഖരിതമായി.

സൂര്യനസ്തമിച്ചിട്ടും അന്ന് യുദ്ധം മതിയാക്കിയില്ല. പതിവിന് വിപരീ തമായി രാത്രിയിലും യുദ്ധം തുടർന്നു. എരിയുന്ന പന്തങ്ങളുടെ പ്രകാശത്തിൽ പടക്കളം ഭീതിതമായി. രാത്രിയിൽ രാക്ഷസർക്ക് ശക്തി പതിന്മടങ്ങായി വർദ്ധിക്കും. രാക്ഷസവംശജരായ ഘടോൽകചനും കൃമ്മീരപുത്രനായ അലംബുഷനും അതിശക്തമായി പോരാടി. ഒടുവിൽ അലംബുഷൻ വധിക്കപ്പെട്ടു. ഘടോൽകചനും കർണ്ണനും തമ്മിൽ പലതവണ ഏറ്റുമുട്ടി. കൗരവപക്ഷത്തുണ്ടായ നാശത്തിന്റെ തോത് ചെറുതായിരുന്നില്ല. പട മുച്ചൂടും മുടിയുമെന്നായി. ഒടുവിൽ, ഇന്ദ്രദത്തമായ, ഒരിക്കൽ മാത്രം ഉപയോഗിക്കുവാൻ കഴിയുന്ന, അർജുനനെ വധിക്കുവാൻ വേണ്ടി മാത്രം കരുതിവെച്ച അതിശക്തതമായ വേൽ ഘടോൽകചന് നേരെ കർണ്ണന് പ്രയോഗിക്കേണ്ടിവന്നു. ഘടോൽകചൻ വീണു. കൗരവയോദ്ധാക്കളുടെ ഭാഗത്തേക്ക്. ആയിരക്കണക്കിന് യോദ്ധാക്കൾ ഭീമാകാരമായ ആ ശരീരത്തിനടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞ് മരിച്ചു. അതോടെ രാത്രിയുദ്ധം അവസാനിച്ചു.

അർജുനന് പോലും തടുക്കുവാൻ കഴിയാത്ത, കർണ്ണന് ഇന്ദ്രൻ വരമായികൊടുത്ത ആ ആയുധം കർണ്ണനിൽ നിന്ന് ഒഴിവാക്കേണ്ടിയിരുന്നത് ഒരു ആവശ്യമായിരുന്നു. കൃഷ്ണന്റെ മികച്ച പാടവം ഘടോൽകചന് നേരെ ആ വേൽ പ്രയോഗിപ്പിക്കുവാൻ കർണ്ണനെ നിർബന്ധിതനാക്കി.

പതിനഞ്ചം നാൾ:
🌹🌹🌹🌹🌹🌹
കൗരവരുടെ സർവ്വസൈന്യാധിപനായ ദ്രോണരെ പാണ്ഡവരുടെ സേനാപതികൂടിയായ ധൃഷ്ടദ്യുമ്നൻ വധിച്ചത് അന്നായിരുന്നു. ശോകമൂകമായിരുന്നു അന്നെത്തെ സായാഹ്നം.

പതിനാറാം നാൾ:
🌹🌹🌹🌹🌹🌹
കൗരവപക്ഷത്തെ ചിത്രസേനൻ ശ്രുതകർമ്മവിനാലും ചിത്രൻ പ്രതിവിന്ധ്യനാലും വധിക്കപ്പെട്ടു. വംഗരാജാവ് പൗണ്ഡ്രകനെ നകുലൻ യമപുരി ക്കയച്ചു. ത്രിഗർത്തസേനയെ മുഴുവൻ അർജുനൻ ഉന്മൂലനാശം വരുത്തി. കർണ്ണൻ കേകയസേനയെ നാമാവശേഷമാക്കി.

പതിനേഴാം നാൾ:
🌹🌹🌹🌹🌹🌹🌹
കൗരവസഭയിൽ വെച്ച് പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയുകയും മുടിക്കെട്ട് പിടിച്ചുവലിക്കുകയും ചെയ്ത ദുശ്ശാസ്സനൻറെ അന്ത്യം അന്ന് ഭീമസേനന്റെ കൈ കൊണ്ടായിരുന്നു. ഭീമൻ തന്റെ രണ്ട് കൈ കൊണ്ടും ദുശ്ശാസനന്റെ വയർ കീറി കുടൽമാല വലിച്ചെടുത്ത് കഴുത്തിലണിഞ്ഞു. രക്തം പുരണ്ട കൈ കൊണ്ട് പാഞ്ചാലിയുടെ അഴിഞ്ഞുകിടന്ന മുടി കെട്ടിക്കൊടുത്തു. എന്നിട്ടും കലിയടങ്ങാത്ത ഭീമൻ ദുര്യോധനന്റെ മറ്റ് എഴുപത്തിഏഴ് സഹോദരങ്ങളെ തച്ചുടച്ച് കൊന്നു. കൗരവകുലത്തിൽ ഇനി ബാക്കിയുള്ളത് ദുര്യോധനനും സഹോദരി ദുശ്ശളയും മാത്രം.

അർജുനനെ വധിക്കുവാൻവേണ്ടി കരുതിവെച്ച വേൽ ഘടോൽകചന് നേരെ പ്രയോഗിച്ച് നഷ്ടപ്പെടുത്തിയ കർണ്ണൻ അന്ന് അർജുനനാൽ വീരസ്വർഗം പ്രാപിച്ചു.

പതിനെട്ടാം നാൾ:
🌹🌹🌹🌹🌹🌹
കർണ്ണനും നഷ്ടപ്പെട്ടതോടെ അതീവശോഷണം ബാധിച്ച കൗരവപ്പടയുടെ സൈന്യാധിപനായി ശല്യർ നിമയമിതനായി. ശല്യരുടെ പുത്രനെയും കൗരവരുടെ മാതുലൻ ശകുനിയെയും സഹദേവൻ വധിച്ചു. ശല്യരാകട്ടെ യുധി ഷ്ഠിരനാലും വധിക്കപ്പെട്ടു.

ഗദായുദ്ധത്തിൽ അതിപ്രവീണനായ ദുര്യോധനനെ വീഴ്ത്താൻ ഭീമൻ സകല കഴിവും പ്രയോഗിച്ചു. എന്നിട്ടും ദുര്യോധനൻ ഒട്ടും ക്ഷീണിച്ചില്ല. ഒടുവിൽ കൃഷ്ണൻ തന്നെ തുണയായി. ഗദായുദ്ധധത്തിൽ നിയമവിരുദ്ധം ആണെന്നിരിക്കിലും ദുര്യോധനനെ തുട അടിച്ചു തകർത്ത് മാത്രമേ വീഴ്ത്താനാവുകയുള്ളു എന്ന് കൃഷ്ണൻ അടയാളം കാട്ടിക്കൊടുത്തു. ഭീമൻ പലതവണ ശ്രമിച്ചിട്ടും ദുര്യോധനന്റെ തുടക്കടിക്കുവാൻ സാധിച്ചില്ല. ഒടുവിൽ ഭീമസേനൻ ദുര്യോധനന്റെ ഗദാതാഡനം ഒരു തവണ സ്വയം ഏറ്റുവാങ്ങുകയും ആ നിമിഷാർധത്തിൽ ദുര്യോധനന്റെ തുട അടിച്ചുതകർക്കുകയും ചെയ്തു. അർദ്ധപ്രാണനായിത്തീർന്ന കൗരവവീരൻ സ്യമന്ത പഞ്ചകത്തിൽ എത്തുകയും അവിടെ ജലത്തിൽ ഒളിക്കുകയും ചെയ്തു.

ദുര്യോധനന്റെ വീഴ്ചയോടെ കൗരവസേനയിലെ മൂന്നുപേർ മാത്രമവിടെ അവശേഷിച്ചു. അവരുടെ അനുവാദത്തോടുകൂടെ കഴിഞ്ഞ പതിനെട്ട് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചു. എല്ലാവരും അവരവരുടെ ശിബിരങ്ങളിലേക്ക് തിരികെ പോയി. പാണ്ഡവർ അഞ്ചുപേരോടൊപ്പം കൃഷ്ണൻ നദീതീരത്ത് പോയിരുന്നു വിശ്രമിച്ചു.

അന്ന് രാത്രി വീണുകിടക്കുന്ന ദുര്യോധനനെ ചെന്നുകണ്ട് അശ്വത്ഥാമാവ് പാണ്ഡവരെയും അവരുടെ പുത്രന്മാരെയും ദൃഷ്ടദ്യുമ്നനെയും ശേഷിക്കുന്ന എല്ലാവരെയും താൻ വധിക്കാമെന്ന് ഉറപ്പ്കൊടുത്തു. കൃപാചാര്യരുടെ നിർദ്ദേശത്താൽ പടയില്ലാത്ത പടനായകനായി അശ്വത്ഥാമാവ് അവരോധിക്കപ്പെടുകയും ചെയ്യ്തു.

അർധരാത്രി, ക്ഷീണിതരായി ഉറങ്ങിക്കിടക്കുന്ന പാഞ്ചാലിയുടെ അഞ്ചു പുത്രന്മാരെയും ദൃഷ്ടദ്യുമ്നൻ, ശിഖണ്ഡി, സർവ്വദൻ തുടങ്ങിയവരെയും അശ്വത്ഥാമാവ്, രുദ്രനിൽ നിന്നും തനിക്ക് കിട്ടിയ വീരഖഡ്‌ഗം ഉപയോഗിച്ച് വെട്ടി നുറുക്കി. ഒന്ന് ഉച്ചത്തിൽ നിലവിളിക്കാൻ പോലുമാകാതെ അവരൊക്കെ വീരസ്വർഗം പ്രാപിച്ചു. സേനയിൽ ഇനി ഒരാളും അവശേഷിക്കരുത് എന്ന ഉദ്ദേശത്തോടെ അശ്വത്ഥാമാവ് പാളയത്തിന് തീ കൊളുത്തി. പാളയം കത്തിയമർന്നു. വെന്തു വെണ്ണീറായി. പാണ്ഡവർ അഞ്ചുപേരും കൃഷ്ണനോടൊപ്പം വെളിയിലായിരുന്നതിനാൽ അവർ ബാക്കിയായി. അത് അശ്വത്ഥാമാവ് അറിഞ്ഞിരുന്നില്ല.

ദുര്യോധനന്റെ അടുത്ത് ചെന്ന് പാണ്ഡവരെയും സൈന്യത്തെയും സർവനാശം വരുത്തിയെന്ന് ബ്രാഹ്മണനായ അശ്വത്ഥാമാവ് അറിയിച്ചു. ആ സന്തോഷവാർത്ത ശ്രവിച്ച ദുര്യോധനൻ ആശ്വാസത്തോടെ ആന്ത്യശ്വാസം വലിച്ചു. സ്വർഗാരോഹിതനായി.

അഞ്ചുമക്കളെയും സഹോദരന്മാരെയും നഷ്ട്ടപ്പെട്ട പാഞ്ചാലിയെ സമാശ്വസിപ്പിക്കുവാൻ ആർക്കുമായില്ല. ഒടുവിൽ ഈ കടുംകൈക്ക് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ് പുറപ്പെട്ട ഭീമസേനൻ അശ്വത്ഥാമാവിനെ കണ്ടെത്തുകയും ദീർഘനേരം യുദ്ധം ചെയ്യുന്നു… ഭീമനെ വധിക്കുമെന്നഘട്ടത്തിൽ കൃഷ്ണ നിർദേശത്താൽ അർജ്ജുനൻ ബ്രഹ്മാസ്ത്രമയച്ചു. പിന്നീട് ബ്രഹ്മാസ്ത്രം തിരിച്ചെടുക്കാൻ കഴിയാത്ത ആചാര്യപുത്രന് ശിക്ഷയെന്നോണം കൃഷ്ണന്റെ നിർദേശപ്രകാരം ജീവനെടുക്കാതെ ശിരസ്സിൽ ജന്മനാ ഉള്ള ചൂഡാരത്‌നം ചൂഴ്ന്നെടുത്ത് പാഞ്ചാലിക്ക് കാഴ്ചവെക്കുകയും ചെയ്തു.

ശിരസ്സിൽ ആഴത്തിലുണ്ടായിട്ടുള്ളതും ഒരിക്കലും ഉണങ്ങാത്തതുമായ മുറിവുമായി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട ചിരഞ്ജീവിയായ അശ്വത്ഥാമാവ് എന്ന ബ്രാഹ്മണൻ ഇന്നു കൊടുംകാടുകളിൽ അലഞ്ഞുനടക്കുന്നുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.

ഒടുങ്ങാത്ത പകയുടെ ആൾരൂപമാണ് അശ്വത്ഥാമാവ്. നീചഭാവനയും പ്രവൃത്തിയുമുള്ള ഓരോ ആളിലും ഓരോ അശ്വത്ഥാമാവ് “പക” യായി കുടികൊള്ളുന്നു, ഇന്നും.

ഭാരതത്തിലെ മികച്ച ജ്യോതിശാത്രജ്ഞനായിരുന്ന ആര്യഭട്ടൻറെ നിഗമനത്തിൽ ക്രിസ്തുവിന് മുൻപ് 3139 ലാണ് കുരുക്ഷേത്ര യുദ്ധം നടന്നത്. അതായത് ആ മഹായുദ്ധം നടന്നിട്ട് 5150 ലേറെ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ആ യുദ്ധത്തിനൊപ്പം തന്നെ ഭൂമിയിൽ പലവിധ ദുർനിമിത്തങ്ങളും കണ്ടുതുടങ്ങിയിരുന്നു. യുദ്ധം അവസാനിച്ച് മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷം കലിയുഗം ആരംഭിക്കുകയും ചെയ്തു.

നമോസ്തുതേ വ്യാസ, വിശാലബുദ്ധെ !
ഫുല്ലാരവിന്ദായത പത്രനേത്രേ !
യേന ത്വയാ ഭാരത തൈലപൂർണ്ണ :
പ്രജ്വാലിതോ ജ്ഞാനമയ പ്രദീപ :

(വിശാലബുദ്ധിയും വിടർന്ന താമരയുടെ നീണ്ട ദളങ്ങൾ പോലെ മനോജ്ഞമായ നയനങ്ങളോട് കൂടിയവനുമായ വ്യാസമഹർഷേ! അങ്ങേക്ക് നമസ്കാരം! അങ്ങാണല്ലോ, മഹാഭാരതമാകുന്ന എണ്ണ നിറച്ച് ജ്ഞാനരൂപമായ വിളക്ക് പ്രകാശിപ്പിച്ചത്.

കുറിപ്പ്: മഹാഭാരതം അതിവിശാലമാണ്. ലക്ഷക്കണക്കിന്‌ വിവരങ്ങളും സംഭവങ്ങളും കാലാതിവര്‍ത്തിയായ ധര്‍മ്മാധര്‍മ്മ വിശകലനങ്ങളും മറ്റ് പലതും സമൃദ്ധമായി അടങ്ങിയതാണ്. അത് വായിക്കുവാനുള്ള താല്പര്യം ചെറുപ്പം മുതലേ ഉണ്ടാവണം. ആ മഹാസാഗരത്തില്‍ നിന്ന്‍ ഒരു കുമ്പിള്‍ കോരിയെടുക്കുക മാത്രമാണിവിടെ…

കടപ്പാട്

വിദ്യാഗോപാലമന്ത്രം

വിദ്യാഗോപാലമന്ത്രം
“കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വജ്ഞ ത്വം പ്രസീദമേ
രമാ രമണ വിശ്വേശാ വിദ്യാമാശു പ്രയച്ഛമേ “
അർത്ഥം:
“പാപനാശിനിയും ലക്ഷ്മീപതിയും ലോകനാഥനും സര്‍വജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് വേഗത്തില്‍ വിദ്യ നല്‍കിയാലും. ” വിദ്യാഭ്യാസപരമായ സകലവിധ പരിഹാരങ്ങള്‍ക്കും ഈ മന്ത്രം ജപിക്കാവുന്നതാണ്.
🙏🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

എന്താണ് പുല

എന്താണ്_പുല ?
🔷🌹🔷🌹🔷🌹🔷🌹🔷🌹
പുനർ ലയിപ്പിക്കുന്നതു ആണ് പുല…
മരണ സമയം ശരീരത്തു നിന്നും, ദശപ്രാണനിൽ ഒൻപതു പ്രാണനും വിട്ടുപോകുന്നു.എന്നാൽ ധനഞ്ജയൻ എന്ന പ്രാണൻ ശരീരത്തിൽ നിന്നും പതിയെ പോകുന്നു. ധനഞ്ജയൻ എന്ന വായു സർവവ്യാപിയാണ്…
ശരീരം അഗ്നിയിൽ ലയിക്കുമ്പോൾ ധനഞ്ജയൻ പുറത്തു വരുന്നു. ധനഞ്ജയൻ എന്ന പ്രാണൻ പിതാവിൽ നിന്നും, മാതാവിന്റെ ഗർഭപാത്രത്തിൽ വച്ച് തന്നെ ശിശുവിലേക്ക് എത്തുന്നു. ശരീരത്തിൽ നിലനിൽക്കുന്ന ധനഞ്ജയൻ ആ വ്യക്തി മരിച്ച ശേഷം ശരീരം നശിക്കുമ്പോൾ പുറത്തെത്തുന്നു…
ഈ ധനഞ്ജയൻ ഒരു വ്യക്തിയുടെ രക്തബന്ധത്തിൽ ഉള്ള എല്ലാ ആളുകളുമായും ബന്ധമുണ്ടാകും. കാരണം പിതാവിൽ നിന്നും നമ്മളിലെത്തുന്ന പ്രാണനാണല്ലോ. അത് ഒരേ പിതാവിൽ നിന്നും ജന്മം എടുത്ത എല്ലാ വ്യക്തികളുടെയും പ്രാണനുമായി ബന്ധപ്പെട്ടിരിക്കും…
രക്ത ബന്ധമുള്ള വ്യക്തി മരിച്ചാൽ അത്‌കൊണ്ടാണ് പുല ആചരിക്കുന്നത്…
മരണ ശേഷം വിട്ടുപോകുന്ന ദശപ്രാണനെയും കർമ്മങ്ങളിലൂടെ ഒന്നിപ്പിക്കുന്നു, പുനർ ലയിപ്പിക്കുന്നു…
മരണം ഉണ്ടായതിനു ശേഷം അന്തരീക്ഷം, ഭൂമി എന്നിവ ശുദ്ധീകരിക്കാൻ വേണ്ടിയാണ് ഹോമങ്ങളും മറ്റും നടത്തുന്നത്. ഈ ഹോമങ്ങളിലും, കർമ്മങ്ങളിലും പങ്കെടുക്കാൻ ശരീരം ശുദ്ധമായിരിക്കുവാൻ ആണ് പുലയുള്ള ആളുകളോട് ദൂര സഞ്ചാരം പാടില്ല, വേറെ വ്യക്തികൾ പുലയുള്ളവരെ തൊടരുത് എന്നൊക്കെ ആചാരമായത്…
“പഞ്ചകോശങ്ങൽ അടങ്ങിയ ശരീരത്തിന് ചിന്തിക്കാനും, സംസാരിക്കാനും, പ്രവർത്തിക്കാനും ഉള്ള കഴിവ് ഉണ്ടാകുന്നത് പ്രാണൻ എന്ന ശക്തി കൊണ്ടാണ്…
ഈ പ്രാണന്റെ വരവ് ജനനവും, പോക്ക് മരണവും ആണ്. ജീവശരീരത്തിൽ പ്രാണൻ, അപാനൻ, ഉദാനൻ, സമാനൻ, വ്യാനൻ എന്നിങ്ങനെ അഞ്ചു മുഖ്യതരം മുഖ പ്രാണനുകളുണ്ട്…
ഇവയ്ക്ക് യഥാക്രമം നാഗൻ, കൂർമ്മൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ എന്നിങ്ങനെ അഞ്ചു പ്രാണനുകളുണ്ട്…
ഇവയെല്ലാംകൂടി ആത്മാവെന്ന കേന്ദ്രചൈതന്യത്തിൽ നിന്നും, പ്രകൃതി നിമിത്തം ആകർഷിക്കപ്പെട്ട് ശരീരരൂപീകരണം നടത്തുന്നു. ഇതാണ് ജനനം…
പിന്നീട്, ഈ പ്രാണനുകൾ ആ ശരീരത്തെ എപ്പോൾ വിട്ടുപോകേണ്ട ഒരവസ്ഥ വരുന്നുവോ അപ്പോൾ മരണം സംഭവിക്കുന്നു…
“മരണ വീട്ടിൽ പോയാൽ കുളിച്ചിട്ടു കയറണ മെന്ന് പറയുന്നതിന്റെ ശാസ്ത്രീയത എന്താണ്?
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മരണവീട്ടിലെ സങ്കടകരമായ ചുറ്റുപാടിലെ എനർജി മുഴുവൻ നെഗറ്റീവാണ്. ഇത് നമ്മുടെ ഓറയിൽ ( ഊർജ്ജശരീരത്തിൽ) കയറിപ്പറ്റിയാൽ പ്രശ്നമാണ് ( ഓറ സ്കാനർ, ലേയ്ച്ചർ ആന്റിന എന്നിവ ഉപയോഗിച്ച് കണ്ടെത്താം) അതുകൊണ്ടാണ് കുളിക്കണമെന്ന്
പറയുന്നത്…
കുളിമ്പോൾ അല്പം ഉപ്പുപൊടി ചേർത്തു കുളിക്കുന്നത് ശരീരത്തിലെ എല്ലാ നെഗറ്റീവിനേയും കളയും …
നേരെ മറിച്ച് സന്തോഷകരമായ ചുറ്റുപാടിൽ നിന്നും വന്നാൽ അന്ന് വീണ്ടും കുളിക്കരുത്… ( ക്ഷേത്രത്തിൽ നിന്നും പോന്നാൽ വീണ്ടും കുളിക്കരുത്)
അതുപോലെ ശരീരം ദഹിപ്പിച്ച സ്ഥലത്ത് നവധാന്യം മുളപ്പിച്ചാൽഅവിടത്തെ നെഗറ്റീവും
ഇല്ലാതാകും…
വാസ്തു ശാസ്ത്രത്തിൽ പറയുന്നു, കൊടിയ ആഭിചാരമുള്ള പറമ്പാണെങ്കിലും അവിടെ 7 പ്രാവശ്യം നവധാന്യങ്ങൾ മുളപ്പിച്ചാൽ ആ ദോഷം പോകുമെന്ന്…
എന്തായാലും 30% എനർജിയുള്ള പറമ്പിൽ
നവധാന്യങ്ങൾ മുളപ്പിച്ചതിനുശേഷം 70% എനർജി വന്നതായി അറിയാവുന്നതാണ്…
വാസ്തവത്തിൽ നമ്മുടെ ഋഷിമാരും, പൂർവ്വികരുംപറഞ്ഞു വച്ച കാര്യങ്ങളുടെ മഹത്വമറിഞ്ഞാൽ നാം അറിയാതേ തന്നെ അവരേ കൈക്കൂപ്പിപ്പോകും!!!🙏
നമ്മളോ??? അടുത്ത തലമുറയേ കാര്യങ്ങൾ പഠിപ്പിക്കാതേ വഴുതി മാറികളിക്കുന്നു. ഇത് പഞ്ചമഹായജ്ഞത്തിലെ ബ്രഹ്മയജ്ഞം ചെയ്യാത്തതിന്റെ കർമ്മ ദോഷമായ്ത്തീരും എന്ന് നാമേവരും ഓർത്താൽനന്ന്!!
മരണ വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ല, മൃതദേഹത്തില്‍ തൊടുന്നതിനു മുന്‍പും കര്‍മ്മശേഷവും ഉടുതുണിയാല്‍ കുളിക്കണം, മരിച്ച് മൂന്ന് മണിക്കൂറിന് മുന്‍പ് (Indroduce of
de vacsination liquid in the dead body ) പച്ച മാവിന്‍ വിറകില്‍ ദഹിപ്പിക്കണം, പച്ചമാംസം കത്തിയാലുണ്ടാവുന്ന അന്തരീക്ഷമലിനീകരണം ഒഴിവായി കിട്ടും…
ശേഷം ബലികാക്കകളെ ക്ഷണിതാക്കളായി കുടിയിരുത്തി, പരിസരത്ത് ബലിയിടുന്നത് ശരീരാവശിഷ്ടങ്ങള്‍ക്ക് കോട്ടം സംഭവിക്കാതിരിക്കാന്‍ ഇഴജന്തുക്കളേയും,നികൃഷ്ട ജീവികളേയും അകറ്റി നിര്‍ത്താനാണ്…
സഞ്ചയനത്തിന് അസ്ഥികള്‍ ചമതയെന്ന ആയുര്‍വേദ വൃക്ഷകൊമ്പുകള്‍ കൊണ്ടുള്ള ചവണയാലേ എടുക്കാവൂ, ശേഷം പരിസരം നവധാന്യങ്ങള്‍ നട്ടുമുളപ്പിച്ചാല്‍ ശരീരം കത്തി അശുദ്ധമായ മണ്ണ് ശുദ്ധമാവും…
ശേഷം പുലവീടല്‍ ചടങ്ങിന് എണ്ണതേച്ച് കുളിച്ച് പഞ്ചഗവ്യം (പശുവിന്റെ പാല്‍, മൂത്രം, തൈര്, നെയ്യ്,വെണ്ണ) കഴിച്ചാല്‍ മരണവീട്ടില്‍ ജീവിച്ചിരിക്കുന്നവരുടെ ശരീരം ശുദ്ധമാവും…
ശേഷം പതിനാറിന് സര്‍വ്വരുമായി സദ്യയുണ്ണുന്നതോടു കൂടി വിശപ്പുമാറിയവന്റെ അനുഗ്രഹത്താല്‍ എല്ലാം മറന്ന് പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കാന്‍ മനസ്സിനെ പ്രാപ്തമാക്കുന്ന psychology കൂടി ഈ ശാസ്ത്രത്തിലുണ്ട്…
നമ്മുടെആചാരങ്ങൾ വളരെ ശ്രേഷ്ഠമാണ് – ശാസ്ത്രീയമാണ്. ഇത് മനസ്സിലാക്കാത്ത കാലത്തോളമാണ് അന്ധവിശ്വാസവും, അനാചാരവുമായി മാറുന്നത്….🙏
🔹🔹🔹🔹🔹🔹🔹
കടപ്പാട്
ഗുരുപരമ്പരകളോട്🙏
🌺💚🌺🔷🌺💜🌺💚🌺💜🌺💚🌺🔷🌺

ഇഷ്ടകാര്യസിദ്ധിക്കായി മുപ്പത്തിമുക്കോടി ദൈവങ്ങളിൽ ആരോട് പ്രാർത്ഥിക്കണമെന്ന് തലപുകഞ്ഞ് ആലോചിക്കേണ്ട.രണ്ടു കയ്യിലും വെണ്ണയുള്ള കണ്ണനോട് പ്രാർത്ഥിച്ചോളു…

ഇഷ്ടകാര്യസിദ്ധിക്കായി മുപ്പത്തിമുക്കോടി ദൈവങ്ങളിൽ ആരോട് പ്രാർത്ഥിക്കണമെന്ന് തലപുകഞ്ഞ് ആലോചിക്കേണ്ട.
രണ്ടു കയ്യിലും വെണ്ണയുള്ള കണ്ണനോട് പ്രാർത്ഥിച്ചോളു… ഫലം ഉറപ്പ്!
കാരണമെന്തെന്നു പറയാം.
ഇരു കൈകളിലും വെണ്ണയുമായ് നിൽക്കുന്ന കണ്ണന് ക്ഷമ എന്ന സാധനം ഇല്ല. എങ്ങനെയെങ്കിലും അത് അകത്താക്കണമെന്ന ഒറ്റ ഉദ്ദേശമെ മൂപ്പർക്കുള്ളു.
ഇനി മറ്റ് ചില ഭാവങ്ങളെ പറ്റി ചിന്തിക്കാം. നാട് മുടിപ്പിക്കുവോളം മഴപെയ്തതു കൊണ്ടാണ് കൃഷ്ണൻ ഗോവർധനം ഉയർത്തി ഗോകുലം കാത്തുരക്ഷിച്ചത്. പാഞ്ചാലിയുടെ മാനം കൗരവ സഭയിൽ നഷ്ടപ്പെട്ടു പോകുമെന്ന ഘട്ടമായപ്പോൾ മാത്രമാണ് കൃഷ്ണൻ ചേലകൊടുത്തു രക്ഷിച്ചത്. ദാരിദ്ര്യത്തിന്റെ നെല്ലിപലക കണ്ട ശേഷമേ സുദാമാവിന് ഐശ്വര്യവും സമൃദ്ധിയും ലഭിച്ചുള്ളൂ. സ്വജനങ്ങളോട് പൊരുതാനാവാതെ അടർക്കളം വിട്ട് പോവുമെന്ന മട്ടായപ്പോളാണ് അർജുനന് ഗീതോപദേശം സിദ്ധിച്ചത്.
എന്തായാലും വെണ്ണക്കണ്ണന്റെ കാര്യത്തിൽ ഒരമാന്തവും ഇല്ല.
നമ്മളെ കളിപ്പിക്കാനോ നമ്മൾ ചോദിക്കുന്നതിലെ ന്യായം പരിശോധിക്കാനോ മൂപ്പർക്ക് സമയം ഇല്ല. വെണ്ണയുണ്ണണമെന്ന് മാത്രമാണ് ചിന്ത.
എന്ത് വേണേലും ചോദിച്ചോളൂ. മുഴുമിപ്പിക്കുന്നതിനു മുന്നേ കണ്ണൻ ‘തഥാസ്തു’ എന്ന് പറഞ്ഞിരിക്കും.
അത് പറഞ്ഞ് തീരുന്നതിനു മുന്നേ വെണ്ണ വായിലും എത്തിയിരിക്കും..

ആരാണ്_കലി

ആരാണ്_കലി..
കലിയെ നാം ഏറ്റവും അടുത്ത് പരിചയപ്പെടുന്നത് ശ്രീമദ് ഭാഗവത മഹാപുരണത്തിലാണ്. യഥാർഥത്തിൽ ഭാഗവത പുരാണത്തിന്റെ പ്രചാരണത്തിനു കാരണം കലിയാണെന്ന് പോലും പറയാം. കലി ആരാണെന്ന് ഉളള അന്വേഷണം ചെന്നവസാനിപ്പിച്ചത് അവസാനം ഇവിടെ.
യുവരാജാവായ പരീക്ഷിത്ത് യാത്രാവേളയിൽ ഇരുമ്പു തൊപ്പിയും കുടില മുഖവുമുളള ഒരു ‘ അപരിചിതനെ ആകസ്മികമായി കണ്ടുമുട്ടുന്നു. അയാള് ഒരു കാളയുടെ നാലാമത്തെ കാൽ ഒടിക്കാൻ ശ്രമിക്കുകയാണ്. കാള വളരെ ദയനീയമായി കരയുകയാണ്. അതിന്റെ മറ്റു മൂന്നു കാലുകള് ഒടിഞ്ഞുപോയിരിക്കുന്നു.
പരീക്ഷിത്ത് അപരിചിതനുമായി വഴക്കായി, യുദ്ധമായി. അവസാനം അപരിചിതൻ അടിയറവു പറയുന്നു. ശേഷം അയാൾ സ്വയം പരിചയപ്പെടുത്തുന്നു. ഞാൻ കലിയെന്നു പേരുളളവനും ഈയുഗത്തിന്റെ അധികാരിയുമാണ്. കലി കാലൊടിക്കാൻ ശ്രമിച്ച കാള ധർമമായിരുന്നു.
ധർമ്മത്തിനു നാലു കാലുകളുണ്ട്: ദയ, ദാനം, ശുചിത്വം, സത്യം. സത്യയുഗത്തിൽ ധർമത്തിന് ഈ നാലു പാദങ്ങളും ഉണ്ടായിരിക്കും. ക്രമേണ മനുഷ്യന്റെ സ്വാർഥത വർധിക്കുന്തോറും ത്രേതായുഗത്തിൽ ദയ ഇല്ലാതാവുകയും ദ്വാപരത്തിൽ ദാനമില്ലാതാവുകയും കലിയിൽ ശുചിത്വം ഇല്ലാതെ പോവുകയും ചെയ്യും. (അതിന്റെ തെളിവായിരിക്കണം നമ്മുടെ ജലാശയങ്ങളും മറ്റും മനുഷ്യന്റെ ദുരഭിമാനത്താൽ മലിനമായിക്കൊണ്ടിരിക്കുന്നത് )
നാലാം കാലായ ‘സത്യ’ത്തെ ഒടിക്കാനാണു കലി ശ്രമിച്ചതെങ്കിലും നടന്നില്ല. അതിനർഥം സത്യമെന്ന ഏകപാദത്തിൽ ധർമം കലിയുഗത്തിൽ നിലകൊളളുമെന്നാണ്. സത്യം പ്രബലതയുടെ രൂപത്തിലായിരിക്കും കലിയുഗത്തിൽ.
കലിയുഗത്തിലെ മനുഷ്യർ ദയയില്ലാത്തവരും ദുർമനസുളളവരും കുടിലഹൃദയമുളളവരുമായിരിക്കും. മനുഷ്യമനസിലെ ധർമത്തിനു ച്യുതി സംഭവിക്കും. ഇക്കാലത്ത് ഗുരുശിഷ്യ ബന്ധത്തിനും ധർമാനുസൃതവിവാഹത്തിനും ദാമ്പത്യത്തിനും ദേവയജ്ഞത്തിനും യാതൊരു മൂല്യവും ഉണ്ടായിരിക്കുകയില്ല.
ബലവാന്മാരായ ആളുകളായിരിക്കും എല്ലാ സമ്പത്തിന്റെയും ഉടമാവകാശം കൈക്കലാക്കുക. ബ്രാഹ്മണർ നിഷിദ്ധ ദ്രവ്യങ്ങളാൽ തോന്നിയ പ്രകാരം പ്രായശ്ചിത്ത കർമങ്ങൾ നടത്തുകയും ചെയ്യും. ധർമാനുഷ്ഠാനങ്ങൾ തോന്നിയ മട്ടിലാകും. കപട സന്യാസിമാർ ധാരാളം ഉണ്ടാകും. ഇവരുടെ പ്രവർത്തനം സുഖലോലുപമായിരിക്കും.
സന്യാസം മറയാക്കി ഇക്കൂട്ടർ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തും. ഭഗവദ്ഗീത മുതലായ പുരാണ പുണ്യഗ്രന്ഥങ്ങളെ വേണ്ട രീതിയിൽ ഉൾക്കൊളളാതെ പ്രഭാഷണങ്ങൾ സംഘടിപ്പിക്കുകയും ജനങ്ങൾ തെറ്റായ സാരാംശം ഉൾക്കൊളളുകയും ചെയ്യും.
സന്യാസം ആഡംബര ജീവിതത്തിനുളള തൊഴിലായി മാറും. ഋഷിപ്രോക്തങ്ങളായ ശാസ്ത്രങ്ങളെ നിഷിദ്ധങ്ങളെന്നും മറ്റും പ്രചാരണം നടത്തുകയും തന്മൂലം ശാസ്ത്രങ്ങൾക്ക് മൂല്യച്യുതി സംഭവിക്കുകയും ചെയ്യും.
കലിയുഗത്തിൽ ഏതെങ്കിലും ഒരുത്തന്റെ വായിൽ നിന്നു വരുന്നതു ശാസ്ത്രമായി ഗണിക്കപ്പെടുമെന്നും ഭൂതപ്രേതാദികളെ പോലും ദേവന്മാരായി ഗണിക്കപ്പെടുമെന്നും ഋഷീശ്വരന്മാർ നൂറ്റാണ്ടുകൾക്കു മുൻപേ മനസ്സിലാക്കിയിരുന്നു.
അതുകൊണ്ടു തന്നെയായിരിക്കണം രഹസ്യശാസ്ത്രങ്ങളെ വരും തലമുറയ്ക്കു കൈമാറാതെ നശിപ്പിച്ചു കളഞ്ഞത് അവനവന് അർഹിക്കുന്നത് അല്ല കയ്യിൽ കിട്ടുന്നതെങ്കിൽ അവൻ സമൂഹത്തിനും ലോകത്തിനും ദോഷം മാത്രമേ ചെയ്യൂ എന്നു നീതിസാരം ഓർമപ്പെടുത്തുന്നു.
ഉപവാസം, തീർഥാടനം, ധനദാനം, തപസ് ഇതിന്റെയൊക്കെ അനുഷ്ഠാനാദികൾ ഓരോരുത്തർക്കും തോന്നിയ വിധത്തിലാകുമെന്നും അതിനൊക്കെ ധർമത്തിന്റെ പരിവേഷം കിട്ടുമെന്നും ആചാര്യന്മാർ സമർഥിച്ചിരിക്കുന്നു.
കലിയുഗത്തിൽ ആളുകൾക്ക് അല്പധനം കൊണ്ടു ധനാഢ്യന്മാരുടെ ഗർവ് ഉണ്ടാകും. തലമുടിയുടെ സൗന്ദര്യം കൊണ്ട് സ്ത്രീകൾക്ക് അഭിമാനം
തോന്നും. സ്വർണം, വസ്ത്രം എന്നിവ കുറഞ്ഞാലും സ്ത്രീകൾ കേശാലങ്കാര തൽപരകൾ ആയിത്തീരും. ഇന്നു കാണുന്ന പേക്കോലങ്ങൾ ഇതിനു തെളിവാണ്.
ധനമില്ലാത്ത ഭർത്താവിനെ സ്ത്രീകൾ സ്തുതിക്കുകയില്ലെന്നും എത്ര നിന്ദ്യനായാലും പണക്കാരൻ ആളുകളുടെ നാഥനാകുമെന്നും സമ്പാദ്യമെല്ലാം വീടു പണിയുന്നതിനു വേണ്ടിയാകുമെന്നും ദാനധർമങ്ങൾ നടത്തുകയില്ലെന്നും ബുദ്ധി ആത്മജ്ഞാനത്തിലല്ലാതെ പണമുണ്ടാക്കാൻ വേണ്ടി മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്നും അതിഥികളെ സൽക്കരിക്കാൻ ആതിഥേയനു വേണ്ടത്ര ശക്തി ഉണ്ടാകുകയില്ലെന്നും ആചാര്യമര്യാദകൾ വേണ്ടവിധം ഉണ്ടാകില്ലെന്നും മുനിശ്രേഷ്ഠന്മാർ നേരത്തേ തന്നെ രേഖപ്പെടുത്തി വച്ചിരുന്നു.
കലിയുഗാവസാനമാകുമ്പോഴേക്കും സ്തീകൾക്ക് 5, 6, 7 വയസുകളിൽ സന്താനങ്ങൾ ഉണ്ടാകുമെന്നും 8, 9, 10 വയസ്സ് പുരുഷനു സന്താനാര്ഹമാകുമെന്നും 12 വയസ്സാകുമ്പോഴേക്കും തലനരയ്ക്കാനും 20 വയസ്സാകുമ്പോഴേക്കുംകാലപുരി പൂകാനും യോഗ്യരാകുമെന്നു ചില ഗ്രന്ഥങ്ങളിൽ പറയുന്നു.
മഴ കുറയുമെന്നും വയലുകൾ നികത്തുമെന്നും ഭക്ഷണസാമഗ്രികൾ സാരയുക്തങ്ങളല്ലാതെയാകുമെന്നുളള പ്രവചനം അക്ഷരാർഥത്തിൽ ശരിയാകുന്നുണ്ട്.
കാമം, ക്രോധം, ഭയം ഈ മൂന്നു വികാരങ്ങളും നൈമിഷാഘാതമുളളവയാണ്. അവയുടെ ചര്ച്ചകളും സംഭവങ്ങളും മാത്രമേ കലിയുഗത്തിൽ പ്രാധാന വാർത്തകളാകൂ. കാമസംബന്ധമായ ചതി, വഞ്ചന, അനാചാരം, തുടങ്ങിയവ, ക്രോധസ്വരൂപമായ കൊല, യുദ്ധം, പക മുതലായവ, ഭയസ്വരൂപങ്ങളായ പ്രകൃതി ക്ഷോഭങ്ങൾ, ഭീഷണി, രോഗം, മരണം, സാമ്പത്തികബാധ്യത, ആത്മഹത്യകൾ എന്നിവയെല്ലാം വർധിക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും അല്പമായ പ്രയത്നത്താൽ ജനങ്ങൾക്കു വളരെ പുണ്യം സമ്പാദിക്കാൻ കഴിയും എന്തെന്നാൽ സത്യയുഗത്തിൽ മഹത്തായ തപസ്സു കൊണ്ട് നേടിയതു കലിയുഗത്തിൽ അല്പമായ സത്പ്രവൃത്തികൾ കൊണ്ടു നേടാൻ കഴിയുമെന്നു സാരം. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ ഇപ്രകാരം പറയുന്നു:
‘‘യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേ തന്നെ മുക്തി വരുത്തുവാൻ”
ഓം നമോ നാരായണ
കടപ്പാട്..