കുമാരനല്ല ഊര് – കുമാരനല്ലൂര്‍

സുബ്രഹ്മണ്യനു വേണ്ടി നിര്‍മ്മിച്ച അമ്പലം ദേവിയെ കുടിയിരുത്തുകയാലാണ് കുമാരനല്ല ഊര് എന്നര്‍ത്ഥത്തില്‍ കുമാരനെല്ലൂര്‍ പ്രസിദ്ധമായത്. മധുരയിലെ ദേവിയുടെ രത്നഖചിതമായ മൂക്കുത്തി ഒരിക്കല്‍ കാണാതായി. മൂക്കുത്തി കാണാതായപ്പോള്‍ പാണ്ഡ്യരാജാവ് 41 ദിവസത്തിനകം അതു കണ്ടെടുത്തില്ലെങ്കില്‍ ശാന്തിക്കാരനെ കൊന്നു കളയുമെന്ന് കല്‍പിച്ചു. ശാന്തിക്കാരന്‍ ദേവിയെ അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചു. മുപ്പത്തൊമ്പതാം ദിവസമായി. രാത്രി ഉറങ്ങിക്കിടന്ന ശാന്തിക്കാരന്‍ ഒരു സ്വപ്നം കണ്ടു. ആരോ അദ്ദേഹത്തിന്‍റെ കാല്‍ക്കലിരുന്ന് അങ്ങിനി താമസിച്ചാല്‍ ആപത്തുണ്ടാവും. കാവല്‍ക്കാരെല്ലാം നല്ല ഉറക്കമായിരിക്കുന്ന സമയമാണിത്. പുറത്തിറങ്ങി ഓടൂ. എവിടെയെങ്കിലും പോയി രക്ഷപ്പെടൂ. എന്നു പറയുന്നതു കേട്ടു. മൂന്നു തവണ ഇപ്രകാരം ഒരു ശബ്ദം ശാന്തിക്കാരന്‍ കേട്ടു. എന്തായാലും ദേവി അരുളി ചെയ്തതായിരിക്കുമിത്. രക്ഷപ്പെടുക തന്നെ എന്നോര്‍ത്ത് ശാന്തിക്കാരന്‍ പുറപ്പെട്ടപ്പോള്‍ “ഇത്രകാലം എന്നെ സേവിച്ച അങ്ങു പോകുകയാണെങ്കില്‍ ഞാനും വരുന്നു എന്നു പറഞ്ഞു ഒരു സ്ത്രീ രൂപം കൂടെ പോന്നു. അവര്‍ ധരിച്ചിരുന്നു ആഭരണങ്ങളില്‍ നിന്നുള്ള പ്രകാശം മതിയായിരുന്നു ബ്രാഹ്മണന് വഴി കാണാന്‍. നടന്നു തളര്‍ന്ന അയാള്‍ ഒരു വഴിയമ്പലത്തില്‍ കിടന്നു വിശ്രമിച്ചു. പിറ്റേന്നുണര്‍ന്നു നോക്കിയപ്പോഴാണ് അത് കേരളരാജ്യം ഭരിച്ചിരുന്നു ചേരമാന്‍ പെരുമാള്‍ സുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കാന്‍ പണിയിച്ച അമ്പലമാണെന്ന് ബ്രാഹ്മണന് മനസിലായത്. തന്നോടൊപ്പമുണ്ടായിരുന്ന സ്ത്രീരൂപം സര്‍വ്വാലങ്കാര വിഭൂഷിതയായി ശ്രീകോവിലിലെത്തി പീഠത്തില്‍ ഉപവിഷ്ടയായിരിക്കുന്നതാണ് ശാന്തിക്കാരന്‍ കണ്ടത്. കുമാരനായി കുറിച്ചിരുന്ന ഊരില്‍ ദേവീപ്രതിഷ്ഠ നടത്തേണ്ടി വന്നതിനാല്‍ കുമാരനല്ല ഊര് എന്നത് കുമാരനല്ലൂര് എന്നായിത്തീര്‍ന്നെന്നാണ് പുരാവൃത്തം.
ദേവിയോടു കൂടി മധുരയില്‍ നിന്നു വന്ന ശാന്തിക്കാരന്‍റെ വംശജര്‍ ഇപ്പോഴും കുമാനല്ലൂരുണ്ട്. “മധുര’ എന്നാണ് ഇല്ലപ്പേര്. “മധുരനമ്പൂതിരിമാര്‍’ എന്നിവര്‍ അറിയപ്പെടുന്നു.

കുമാരനല്ലൂര്‍ തൃക്കാര്‍ത്തിക

തൃക്കാര്‍ത്തിക സര്‍വ്വാഭീഷ്ട പ്രദായിനിയും സര്‍വ്വമംഗളദായികയുമായ കുമാരനല്ലൂര്‍ ഭഗവതിയുടെ തിരുനാള്‍. കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ പത്തു ദിവസത്തെ കാര്‍ത്തിക മഹോത്സവമാണ് കുമാരനല്ലൂര്‍ ദേശത്തെ പ്രധാന ഉത്സവം. ആറാട്ടോടെഉത്സവം സമാപിയ്ക്കും. പള്ളിവേട്ടനാളിലാണ് തൃക്കാര്‍ത്തിക . തൃക്കാര്‍ത്തിക ദിവസം പ്രസാദമൂട്ടും ഉണ്ടായിരിയ്ക്കും. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ താലൂക്കിലെ മഹാക്ഷേത്രങ്ങളിലൊന്നായ പ്രസിദ്ധമായ ദുര്‍ഗാ ദേവി പ്രാസാദമാണ് കുമാരനല്ലൂര്‍ ഭഗവതി ക്ഷേത്രം. കേരളത്തിലെ പഴയ 32 നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നാണിത്.

ശംഖുമുണ്ടിടത്തു വലമേയൊരു ചക്രമുണ്ടു
കാലില്‍ ചിലമ്പു ചില മുത്തുപടം കഴുത്തില്‍
ഓടീട്ടു വന്നു കുടി കൊണ്ട കുമാരനല്ലൂര്‍-
കാര്‍ത്ത്യായനീ ! ശരണമെന്നിത കൈതൊഴുന്നേന്‍

പണ്ട് തുലാത്തിലെ രോഹിണി മുതല്‍ വൃശ്ചികത്തിലെ രോഹിണി വരെ 28 ദിവസമായിരുന്നു ഉത്സവം. വൃശ്ചികത്തില്‍ അവിട്ടം നാളില്‍ തുടങ്ങി കാര്‍ത്തിക ദിനത്തില്‍ പള്ളിവേട്ടയോടെ സമാപിക്കുന്ന ഉത്സവമാണിപ്പോള്‍. എല്ലാ ദിവസവും മീനച്ചിലാറ്റില്‍ ആറാട്ടും. അമ്പലപ്പുഴ രാജാവിന്‍റെ കാണിക്കയായ ഭദ്രദീപത്തില്‍ തിരി തെളിയുമ്പോള്‍ ദുര്‍ഗാ ദേവിയുടെ ഐശ്വര്യ കടാക്ഷങ്ങള്‍ കുമാരനല്ലൂരില്‍ നിറയും.
സുബ്രഹ്മണ്യക്ഷേത്രത്തിനായി നിര്‍മ്മിച്ച അമ്പലം പിന്നീട് ദേവീക്ഷേത്രമായി മാറുകയാണുണ്ടായത്.അതുപോലെ ഉദയ നായകി എന്ന ദേവിയെ പ്രതിഷ്ഠിക്കാന്‍ ഉണ്ടാക്കിയ ഉദയാനപുരം ക്ഷേത്രത്തില്‍ സുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കേണ്ടതായും വന്നു .